കേരളസമൂഹത്തില്‍ പകുതിയിലധികം വരുന്ന ജനസംഖ്യ സ്ത്രീകളുടേതാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം എല്ലാ മേഖലകളിലും മുന്നിട്ടു നില്‍ക്കുന്നതിനു പിന്നിലുള്ള ഒരു കാരണം കേരളത്തില്‍ സ്ത്രീകള്‍ക്കു ലഭിക്കുന്ന തുല്യ അവകാശങ്ങളും അവസരങ്ങളുമാണ്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസ,-സാമൂഹിക, -സാമ്പത്തികാവസ്ഥകള്‍ വളരെയധികം മെച്ചപ്പെട്ടതാണ്. നമ്മുടെ നവോത്ഥാന പ്രസ്ഥാനങ്ങളും തൊഴിലാളി മുന്നേറ്റങ്ങളുമെല്ലാം കേരളത്തിലെ സ്ത്രീകളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതിന് കാരണമായിട്ടുണ്ട്. ഒന്നാം ഇ എം എസ് സര്‍ക്കാരിന്റെ കാലംമുതലുള്ള ഇടതുപക്ഷ സര്‍ക്കാരുകള്‍ നടപ്പാക്കിയ സ്ത്രീസൗഹൃദ നയങ്ങളും അതിനു വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
കേരളത്തിലെ സ്ത്രീകളുടെ ശാക്തീകരണം സാധ്യമാക്കിയ ഏറ്റവും പ്രധാനപ്പെട്ട ഘടകം വിദ്യാഭ്യാസമാണ്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഏറ്റവും ഉയര്‍ന്ന സാക്ഷരതാ നിരക്ക് തുടര്‍ച്ചയായി രേഖപ്പെടുത്തിയ സംസ്ഥാനമാണ് കേരളം. പൊതുവിദ്യാഭ്യാസത്തില്‍ എത്രയോ കാലം മുമ്പുതന്നെ ലിംഗസമത്വം കൈവരിച്ച നാടാണ് നമ്മുടേത്.
സാങ്കേതിക വിദ്യാഭ്യാസ മേഖലയിലൊഴികെ മറ്റെല്ലാ മേഖലകളിലും പെണ്‍കുട്ടികളുടെ എണ്ണം ആണ്‍കുട്ടികളുടേതിനെക്കാള്‍ കൂടുതലാണ്. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോഴ്സുകളില്‍ 64 ശതമാനവും മെഡിക്കല്‍, അനുബന്ധ ശാസ്ത്രങ്ങളില്‍ 81 ശതമാനവും പ്രവേശനം നേടുന്നത് പെണ്‍കുട്ടികളാണ്. പ്രൊഫഷണല്‍ യോഗ്യത, ഉന്നതവിദ്യാഭ്യാസം എന്നിവ നേടിയവരുടെ പട്ടികയിലും കേരളത്തിലെ സ്ത്രീകള്‍ തന്നെയാണ് മുന്നില്‍.
എല്ലാക്കാലത്തും ഇതായിരുന്നില്ല കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ. ഒരുകാലത്ത് മറക്കുടയ്ക്കുള്ളിലെ മഹാനരകത്തില്‍ കഴിഞ്ഞിരുന്ന സ്ത്രീകളെ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കും, അവിടെ നിന്ന് തൊഴിലിടങ്ങളിലേക്കും അതിനൊക്കെ മുമ്പ് പാടങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ പള്ളിക്കൂടങ്ങളിലേക്കും ഒക്കെ നയിച്ചതിനു പിന്നില്‍ പ്രക്ഷോഭങ്ങളുടെ ഒരു വലിയ ചരിത്രം തന്നെയുണ്ട്. ഒരുകാലത്ത് വിദ്യാഭ്യാസത്തിനോ, തൊഴിലിനോ ഉള്ള അവകാശമില്ലാതെ, വീടിനുള്ളില്‍പോലും ആരാലും ഗൗനിക്കപ്പെടാതെ, അടിമസമാനമായി കഴിഞ്ഞിരുന്ന മലയാളി സ്ത്രീ ഇന്ന് ലോകത്തെമ്പാടും വ്യത്യസ്ത മേഖലകളില്‍ നേതൃപരമായ സേവനങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്.
ഇരുപതാം നൂറ്റാണ്ടിലെ ആദ്യ പകുതിയില്‍ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേക്ക് പുരുഷനും സ്ത്രീയും ഒന്നിച്ചാണ് എടുത്തുചാടിയത്. അത്തരം സമരങ്ങളിലെ പങ്കാളിത്തത്തിന്റെ ഫലമായി മര്‍ദ്ദനവും ജയില്‍വാസവും അനുഭവിച്ച സ്ത്രീകളുടെ വലിയൊരു നിര കേരളത്തിലുണ്ട്. പൊതുപ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കെടുക്കാത്ത സ്ത്രീകളെയടക്കം സ്വാധീനിച്ച സാമൂഹ്യ, രാഷ്ട്രീയ പ്രക്രിയകള്‍ കേരള നവോത്ഥാനത്തിന്റെ ഉജ്ജ്വലമായ ഏടുകളാണ്.
ഈ കാലഘട്ടത്തില്‍ തന്നെയാണ് സ്ത്രീ വിദ്യാഭ്യാസത്തെക്കുറിച്ചും സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ പൊതുസമൂഹത്തില്‍ ശക്തമാകുന്നത്. വിദ്യാഭ്യാസത്തിനും തൊഴിലെടുക്കാനുള്ള അവകാശത്തിനും പൊതുസമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കാനും ശ്രമിച്ച സ്ത്രീകള്‍ക്ക് തീവ്രമായ ആക്ഷേപങ്ങള്‍ നേരിടേണ്ടി വന്നു. എങ്കിലും അതിനെയെല്ലാം നേരിട്ടുകൊണ്ട് വനിതാ മാസികകള്‍ പ്രസിദ്ധീകരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സ്ത്രീകള്‍ കഴിവ് തെളിയിച്ചു.
സവര്‍ണ്ണ, അവര്‍ണ്ണ വ്യത്യാസമില്ലാതെ, ജാത്യാചാരങ്ങളുടെ പേരില്‍ നരകതുല്യ ജീവിതം നയിച്ചിരുന്ന കേരളത്തിലെ സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിച്ചത് നമ്മുടെ നവോത്ഥാന പ്രസ്ഥാനങ്ങളും അവയെ തുടര്‍ന്നുവന്ന പുരോഗമന പ്രസ്ഥാനങ്ങളുമാണ്. ചാന്നാര്‍ ലഹളയും കല്ലുമാല സമരവും ഘോഷാബഹിഷ്കരണവും മറക്കുട ബഹിഷ്കരണവുമെല്ലാം ആ മാറ്റത്തിനു വഴിവെച്ച നാഴികക്കല്ലുകളാണ്. സമൂഹത്തിന്റെയാകെ വിമോചനത്തിനു ഒഴിച്ചുകൂടാനാവാത്തതാണ് സ്ത്രീകളുടെ വിമോചനം എന്ന കാഴ്ചപ്പാട് ഏതാണ്ട് ഒരു നൂറ്റാണ്ടിനുമപ്പുറം നമ്മള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു.
കേരളത്തില്‍ നടന്ന സാമൂഹിക, രാഷ്ട്രീയ മുന്നേറ്റങ്ങളുടെ ഫലമായി നമ്മുടെ സ്ത്രീകള്‍ ധാരാളമായി പൊതുരംഗത്തും ഔദ്യോഗികരംഗത്തും സാന്നിധ്യമറിയിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാ അസംബ്ലിയില്‍ 3 മലയാളി വനിതകള്‍ അംഗങ്ങളായിരുന്നു. അമ്മു സ്വാമിനാഥന്‍, ആനി മസ്ക്രീന്‍, ദാക്ഷായണി വേലായുധന്‍ എന്നിവരായിരുന്നു അവര്‍. ആദ്യ ലോക്-സഭയിലെ വനിതാ എം പിമാരില്‍ ഒരാള്‍ മലയാളിയായ ആനി മസ്ക്രീന്‍ ആയിരുന്നു. ആദ്യ കേരള നിയമസഭയില്‍ ഭൂപരിഷ്കരണ ബില്ല് അവതരിപ്പിച്ചത് ഒരു വനിതയായിരുന്നു, സ. കെ ആര്‍ ഗൗരിയമ്മ. ലോകത്തിലെ ആദ്യത്തെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന സ്ത്രീശാക്തീകരണ പരിപാടി നടപ്പാക്കപ്പെട്ട നാടാണിത്. ഈ നിലകളിലൊക്കെ സ്ത്രീ മുന്നേറ്റങ്ങളുടെയും ശാക്തീകരണത്തിന്റെയും സമൃദ്ധമായ ചരിത്രമുള്ള ഒരു നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നത്.
സാമൂഹിക-സാമ്പത്തിക ബന്ധങ്ങള്‍ അഴിച്ചുപണിതുകൊണ്ടു മാത്രമേ ലിംഗനീതിയിലധിഷ്ഠിതമായ സാമൂഹ്യക്രമം സൃഷ്ടിക്കുന്നതിനും അതുവഴി സ്ത്രീ-–പുരുഷ സമത്വം യാഥാര്‍ത്ഥ്യമാക്കുന്നതിനും സാധിക്കൂ. ഈ സമീപനം ഉള്‍ക്കൊണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരും പിന്നീട് അധികാരത്തില്‍ വന്നിട്ടുള്ള ഇടതു പുരോഗമന സര്‍ക്കാരുകളും നടത്തിവന്നിട്ടുള്ളത്. അതിന്റെ ഫലമായി ഒട്ടേറെ മാറ്റങ്ങളാണ് കേരളീയ സ്ത്രീജീവിതത്തിലുണ്ടായിട്ടുള്ളത്.
വികസന പ്രവര്‍ത്തനങ്ങളുടെ നേട്ടം എല്ലാവര്‍ക്കും ലഭിക്കുന്ന വിധത്തില്‍ നീതിപൂര്‍വമായ പുനര്‍വിന്യാസം ഉറപ്പാക്കുക എന്ന സമീപനമാണ് ഇടതുപക്ഷ സര്‍ക്കാരുകൾ സ്വീകരിച്ചത്. ഇതിന്റെ ഫലമായി വികസന പ്രവര്‍ത്തനങ്ങളുടെയും ക്ഷേമ പ്രവര്‍ത്തനങ്ങളുടെയും ഗുണഭോക്താവെന്ന നിലയില്‍ രാജ്യത്തെ തങ്ങളുടെ സഹജീവികളേക്കാൾ മെച്ചപ്പെട്ട ജീവിതഗുണനിലവാരം എത്തിപ്പിടിക്കാന്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് അവസരം ലഭിച്ചു.
1987 ലെ നായനാര്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ സമ്പൂര്‍ണ്ണ സാക്ഷരതാ പ്രസ്ഥാനം അക്ഷരാഭ്യാസത്തിന്റെ പുതിയ അറിവുകളിലേക്ക് സ്ത്രീകളെ നയിക്കുക മാത്രമല്ല ചെയ്തത്; പതിനായിരക്കണക്കിന് സ്ത്രീകളെ സാക്ഷരതാ പ്രസ്ഥാനമെന്ന ബൃഹത്തായ ജനകീയ പ്രസ്ഥാനത്തിന്റെ ഭാഗമായി മാറ്റുകയും ചെയ്തു. 1996 ല്‍ നടപ്പാക്കിയ ജനകീയാസൂത്രണ പ്രക്രിയ അധികാരവികേന്ദ്രീകരണം സാധ്യമാക്കിയതിലൂടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്ക് പ്രാദേശിക വികസനത്തില്‍ സംഭാവന ചെയ്യാന്‍ കഴിയുന്ന പരിസരം ഒരുക്കി.
2010 ല്‍ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അമ്പത് ശതമാനം വനിതാ സംവരണം നടപ്പാക്കി. അങ്ങനെ ചെയ്ത ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അതോടെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിലേക്കുള്ള സ്ത്രീ പ്രവേശത്തിന്റെ പുത്തന്‍ കുതിപ്പിന് സാഹചര്യമൊരുങ്ങി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവികളില്‍ പകുതിയും സ്ത്രീകള്‍ക്കായി സംവരണം ചെയ്ത ഏക സംസ്ഥാനമാണ് കേരളം.
സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യംവെച്ച് ആരംഭിച്ച കുടുംബശ്രീ ഇന്നു ലോകത്തിനു തന്നെ മാതൃകയാണ്. മൂന്ന് ലക്ഷത്തോളം അയല്‍ക്കൂട്ടങ്ങളും 45.85 ലക്ഷം അംഗങ്ങളുമുള്ള കുടുംബശ്രീ ലോകത്തെ ഏറ്റവും വലിയ സ്ത്രീശാക്തീകരണ പ്രസ്ഥാനമായി വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു. സ്ത്രീകളുടെ സാമ്പത്തിക, സാമൂഹിക ശാക്തീകരണത്തിനായി ആവിഷ്കരിച്ച വിവിധ പദ്ധതികളിലൂടെ സ്വയംപര്യാപ്തമായ വലിയൊരു സ്ത്രീസമൂഹത്തെ സൃഷ്ടിക്കുവാന്‍ കുടുംബശ്രീ പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. കാല്‍നൂറ്റാണ്ട് പിന്നിട്ട കുടുംബശ്രീ ഇന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന വികസന ഏജന്‍സിയായി മാറിയിരിക്കുന്നു.
നവകേരളം സ്ത്രീപക്ഷമായിരിക്കണം എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ഏഴര വര്‍ഷക്കാലത്തിലേറെയായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഈ കാഴ്ചപ്പാടോടെ സ്ത്രീസുരക്ഷയിലും സ്ത്രീശാക്തീകരണത്തിലും മാതൃകാപരമായ നിരവധി ഇടപെടലുകളാണ് സർക്കാർ നടത്തിയിട്ടുള്ളത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക വകുപ്പ് ആരംഭിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറിയത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്.
സ്ത്രീകള്‍ക്കായുള്ള ജെന്‍ഡര്‍ ബജറ്റിംഗ് രാജ്യത്ത് ആദ്യമായി നടപ്പിലാക്കിയത് 1997 ല്‍ കേരളത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലാണ്. 2008 ല്‍ സംസ്ഥാന സര്‍ക്കാര്‍ ആദ്യമായി ജെന്‍ഡര്‍ ബജറ്റ് നടപ്പിലാക്കി. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും പഞ്ചായത്തുകള്‍ സ്ത്രീകള്‍ക്കായി പ്രത്യേക വനിതാ ഘടക പദ്ധതി നടപ്പാക്കുന്നില്ല. പേരിനു മാത്രം ജെന്‍ഡര്‍ ബജറ്റിങ് നടപ്പാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റുകള്‍ പരിശോധിച്ചാല്‍ ഒരിക്കല്‍പോലും ആകെ ബജറ്റിന്റെ ആറു ശതമാനം തുക വകയിരുത്തിയിട്ടില്ല.
കേരളത്തില്‍ ജെന്‍ഡര്‍ ബജറ്റ് ഈ വര്‍ഷത്തെ ആകെ ബജറ്റിന്റെ 21.5 ശതമാനമാണ്. ഇതു ചരിത്രപരമാണ്. 2017-–18 മുതല്‍ എല്ലാ വര്‍ഷവും സംസ്ഥാന ബജറ്റിനൊപ്പം വാര്‍ഷിക ജെന്‍ഡര്‍ ബജറ്റും അവതരിപ്പിച്ചു വരുന്നുണ്ട്. കഴിഞ്ഞ ഏഴു വര്‍ഷമായി തുടര്‍ച്ചയായ വര്‍ദ്ധനവാണ് സ്ത്രീകള്‍ക്കായുള്ള പദ്ധതി വിഹിതത്തില്‍ വരുത്തുന്നത്. ഇതിനൊക്കെ പുറമെ പൊലീസ് സേനയിലേക്ക് സ്ത്രീകളുടെ പ്രത്യേക റിക്രൂട്ടിങ് യാഥാര്‍ത്ഥ്യമാക്കിയതും പ്രത്യേക സ്ത്രീ ബറ്റാലിയന്‍ രൂപീകരിച്ചതും സ്ത്രീകളുടെ സാമൂഹിക, -സാമ്പത്തിക-, സാംസ്കാരിക വിവരങ്ങള്‍ ഉള്‍പ്പെടുത്തി കേരള വിമന്‍ പോര്‍ട്ടല്‍ ആരംഭിച്ചതുമൊക്കെ ഇക്കാര്യത്തിൽ സർക്കാർ നൽകുന്ന ഊന്നലിന് അടിവരയിടുന്നു.
ഗാര്‍ഹിക പീഡന നിരോധനം, സ്ത്രീധന നിരോധനം തുടങ്ങിയ നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ മുന്‍പന്തിയിലാണ് കേരളം. സ്ത്രീകള്‍ക്ക് സുരക്ഷിതമായ ജോലിസ്ഥലം ഉറപ്പാക്കുന്നതിലും കേരളം മാതൃകാപരമായി മുന്നേറിയിരിക്കുന്നു. എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അവ പരിഹരിക്കുന്നതിനായി ഇവയെ ഉപയോഗപ്പെടുത്തുന്നു എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അതിന് പലരും തയ്യാറാകുന്നില്ല എന്നത് ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്.
കോളേജ്, യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ, പ്രസവാവധി അനുവദിച്ചുകൊണ്ട് കേരളം രാജ്യത്തിനു മാതൃകയായി. രാജ്യത്ത് ആദ്യമായി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വനിതാ ജീവനക്കാര്‍ക്കു കൂടി മെറ്റേണിറ്റി ബെനഫിറ്റ് നല്‍കിയും കേരളം മാതൃകയായി. നിയമപ്രകാരം അവര്‍ക്ക് 26 ആഴ്ചത്തെ പ്രസവാവധിക്ക് അര്‍ഹതയുണ്ട്. പ്രസവാവധിയുടെ കാലയളവില്‍ മുഴുവന്‍ ശമ്പള ആനുകൂല്യങ്ങളും ചികിത്സാ ചെലവുകള്‍ക്കായി 3,500 രൂപ ഒറ്റത്തവണ ഗ്രാന്റും ലഭിക്കും. പ്രസവം, മാരക രോഗബാധ എന്നിവയ്ക്കു ശേഷം തിരികെ തൊഴിലിടങ്ങളിലേക്ക് മടങ്ങുന്ന സ്ത്രീകള്‍ക്ക് തൊഴില്‍ അന്തരീക്ഷവുമായി പൊരുത്തപ്പെടുന്നതിന് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറുണ്ട്. ഇത് പരിഹരിക്കുന്നതിന് സഹായകരമായ കൈത്താങ്ങ് നടപടികള്‍ വ്യാപിപ്പിക്കേണ്ടതുണ്ട്.
സാമ്പത്തികമായ സ്വാതന്ത്ര്യം കൈവരിച്ചാല്‍ മാത്രമേ സ്ത്രീകള്‍ക്ക് സാമൂഹിക മുന്നേറ്റം കൈവരിക്കാന്‍ കഴിയൂ. അതിന് ഏറെ ആവശ്യം തൊഴില്‍ നേടുക എന്നതാണ്. 20 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച നോളജ് എക്കോണമി മിഷന്‍ വഴി സ്ത്രീകള്‍ക്കായി പ്രത്യേക തൊഴില്‍ മേളകളും നൈപുണ്യ പരിശീലന ക്ലാസുകളും നടപ്പാക്കിവരുന്നുണ്ട്. നഴ്സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിദേശത്തേക്ക് കുടിയേറാനുള്ള മികച്ച അവസരങ്ങള്‍ നോര്‍ക്കയിലൂടെയും ഒഡെപെക്കിലൂടെയും ഒരുക്കുന്നുണ്ട്.
വര്‍ക്ക് ഫ്രം ഹോം, വര്‍ക്ക് നിയര്‍ ഹോം പോലെയുള്ള തൊഴില്‍ സാധ്യതകള്‍ നമ്മുടെ സ്ത്രീകള്‍ക്ക് ഏറ്റവുമനുയോജ്യമായവയാണ്. അവ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. അതിനുവേണ്ട പിന്തുണ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. വര്‍ക്ക് നിയര്‍ ഹോം സെന്ററുകള്‍ക്കു പുറമെ സംസ്ഥാനത്തെമ്പാടും ഒരു ലക്ഷത്തോളം വര്‍ക്ക് സീറ്റുകള്‍ തയ്യാറാക്കിയും ലോകത്താകെ മാറിക്കൊണ്ടിരിക്കുന്ന തൊഴില്‍ വിപണിയുടെ സാധ്യതകളെ കേരളത്തില്‍ ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. നിശ്ചയമായും അവയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ സ്ത്രീസമൂഹം തന്നെയായിരിക്കും.
സംരംഭക രംഗത്തേക്ക് സ്ത്രീകള്‍ കടന്നുവരുന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. ഒരു വര്‍ഷംകൊണ്ട് ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കാനായി ആവിഷ്കരിച്ച പദ്ധതിയില്‍ ഒരു വര്‍ഷംകൊണ്ട് 1,39,000 ത്തിലധികം സംരംഭങ്ങളാരംഭിക്കാന്‍ നമുക്കു കഴിഞ്ഞു. തീര്‍ച്ചയായും അഭിമാനകരമായ നേട്ടമാണിത്. അതില്‍ 43,000 ത്തിലധികം സംരംഭങ്ങള്‍ സ്ത്രീകളുടേതായിരുന്നു. അതായത്, കേരളത്തില്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ച സ്റ്റാര്‍ട്ടപ്പുകളില്‍ നാല്പത് ശതമാനം സ്ത്രീ സംരംഭകരുടേതാണ്. ആകെയുള്ള എണ്ണായിരം കോടി രൂപയുടെ നിക്ഷേപത്തില്‍ ആയിരത്തി അഞ്ഞൂറ് കോടിയിലധികം രൂപയും വനിതാ സംരംഭകരുടേതായിരുന്നു.
നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്റ്റാര്‍ട്ടപ്പ് നയം രൂപീകരിച്ച് മുന്നോട്ടുപോവുകയാണ് സംസ്ഥാന സര്‍ക്കാര്‍. അതില്‍ത്തന്നെ വനിതാ സംരംഭകരുടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക പിന്തുണ നല്‍കുന്നുണ്ട്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പ്രൊഡക്റ്റൈസേഷന്‍ ഗ്രാന്റിന് 9 വനിതാ സംരംഭകരുടെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ അര്‍ഹമായി. ഒരു കോടിയിലേറെ രൂപയാണ് ഗ്രാന്റായി അനുവദിച്ചത്. അതിനു പുറമെ സോഫ്റ്റ് ലോണായി ഇവര്‍ക്ക് 6 ശതമാനം പലിശ നിരക്കില്‍ 15 ലക്ഷം രൂപ വീതം ലഭ്യമാക്കുകയും ചെയ്യും. വിമന്‍സ് സ്റ്റാര്‍ട്ടപ്പ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിമന്‍സ് സ്റ്റാര്‍ട്ടപ്പ് സമ്മിറ്റ് സംഘടിപ്പിക്കുകയുണ്ടായി. 500 ലേറെ പ്രതിനിധികള്‍ പങ്കെടുത്ത പരിപാടിയില്‍ നൂറിലേറെ ഉത്പന്നങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.
സര്‍ക്കാരിന്റെ നേട്ടങ്ങളും ക്രിയാത്മകമായ നയ ഇടപെടലുകളും ഉണ്ടായിരുന്നിട്ടും, സ്ത്രീശാക്തീകരണത്തിന്റെയും വികസനത്തിന്റെയും മേഖലയില്‍ ചില വെല്ലുവിളികള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. തൊഴില്‍ പങ്കാളിത്ത നിരക്കിലും, തൊഴില്‍ പങ്കാളിത്ത അനുപാതത്തിലും നിലനില്‍ക്കുന്ന ലിംഗ അസമത്വം പരിഹരിക്കേണ്ടതുണ്ട്. അതിന് കൂട്ടായ ഇടപെടലുകള്‍ ആവശ്യമാണ്.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളാണ് മറ്റൊരു വിഷയം. അവയ്ക്ക് എത്രയും വേഗം അറുതിവരുത്തേണ്ടതുണ്ട്. വേഗത്തിലുള്ള വിചാരണയിലൂടെ കേസിന്റെ തീര്‍പ്പുകല്‍പ്പിക്കല്‍, അക്രമങ്ങള്‍ കൈകാര്യം ചെയ്യാന്‍ കര്‍ശനമായ പ്രോട്ടോക്കോള്‍ സ്ഥാപിക്കല്‍, തൊഴിലിടങ്ങളിലെ പീഡന പരാതികളില്‍ സമയബന്ധിതമായി നടപടിയെടുക്കല്‍ തുടങ്ങിയവ വേണ്ടതുണ്ട്.
അടുത്ത കാലം വരെ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതില്‍ മാത്രമാണ് ഊന്നല്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇനി മുതല്‍ തൊഴില്‍ശക്തിയില്‍ പങ്കാളികളാകേണ്ടതിന്റെ ആവശ്യകതകൂടി അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. തൊഴിലിടങ്ങള്‍ സ്ത്രീകള്‍ക്ക് അനുകൂലമാക്കേണ്ടതുമുണ്ട്. അതിനായി ജോലി സ്ഥലങ്ങളില്‍ ജൻഡർ ഓഡിറ്റിങ്, നടത്തുകയും തുല്യ വേതനം ഉറപ്പുവരുത്തുകയും ചെയ്യണം. കരിയര്‍ മുന്നേറ്റത്തിനുള്ള വഴികളുണ്ടോ എന്നതും തുല്യ അവസരങ്ങളുണ്ടോ എന്നതും പരിശോധിക്കണം.
വിജ്ഞാനത്തിന്റെയും സാങ്കേതികവിദ്യയുടെയും അടിത്തറയില്‍ നവകേരളത്തിലേക്ക് നടത്തുന്ന വികസനകുതിപ്പില്‍ തുല്യനീതിയും ലിംഗതുല്യതയും ഉറപ്പുവരുത്തണമെന്നാണ് കാണുന്നത്. ഇത്തരമൊരു ആധുനിക സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കേരളത്തിലെ സ്ത്രീകളെ കൊണ്ടുവരാന്‍ സഹായകരമാകുന്ന നിരവധി അനുകൂല ഘടകങ്ങള്‍ ഇന്ന് നമുക്കുണ്ട്. രാജ്യത്തെ ഏറ്റവും മെച്ചപ്പെട്ട ഉന്നതവിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ നിലവാരം, തൊഴില്‍ വൈദഗ്ധ്യത്തിനും മെച്ചപ്പെട്ട തൊഴിലിനും വേണ്ടിയുള്ള പെണ്‍കുട്ടികളുടെ താല്പര്യം, രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ ഉയര്‍ന്ന സ്ത്രീ പ്രാതിനിധ്യം, കുടുംബശ്രീയിൽ ഉള്‍പ്പെടെ വികസന, -ക്ഷേമ പ്രവര്‍ത്തനങ്ങളിലെ വര്‍ദ്ധിച്ച സ്ത്രീപങ്കാളിത്തം തുടങ്ങി അനുകൂല സാഹചര്യങ്ങളെ പ്രയോജനപ്പെടുത്തിക്കൊണ്ട് നവകേരളത്തിലേക്കുള്ള മുന്നേറ്റം സാധ്യമാക്കണം. ♦