ഷാവോ ഡിങ്കി: സ്വത്വരാഷ്ട്രീയത്തെയും ബഹുസാംസ്കാരവാദത്തെയും (Multicultarilism) താങ്കൾ എങ്ങനെയാണ് മനസ്സിലാക്കുന്നത്?
ഗബ്രിയേൽ റോക്ക്ഹിൽ: ബൂർഷ്വാപ്രത്യയശാസ്ത്രത്തിന്റെ സ്വഭാവഘടനയെ സുദീർഘമായി നിർണ്ണയിച്ചിരുന്ന സംസ്കാരവാദത്തിന്റെയും സത്താവാദത്തിന്റെയും സമകാലികമായ ആവിഷ്ക്കാരങ്ങളിലൊന്നാണ് സ്വത്വരാഷ്ട്രീയം. സ്വത്വരാഷ്ട്രീയവുമായി ഉൾച്ചേർന്നുനിൽക്കുന്ന ബഹുസംസ്കാരവാദത്തിന്റെ കാര്യവും സമാനമാണ്. മുതലാളിത്തത്തിന്റെ ഭൗതിക ചരിത്രത്തിന്റെ അനന്തരഫലമായി ഉരുവംകൊള്ളുന്ന സാമൂഹികവും സാമ്പത്തികവുമായ ബന്ധതലങ്ങളെ സ്വാഭാവികവത്ക്കരിക്കുകയാണ് ഇവയുടെ ലക്ഷ്യം. യഥാർത്ഥത്തിൽ വംശീയവും ദേശീയവും ലൈംഗികവും ലിംഗപരവുമായ വിവിധ സ്വത്വരൂപങ്ങങ്ങൾ ചരിത്രപരമായ നിർമ്മിതികളാണ്.
കാലക്രമത്തിനനുസരിച്ച് അത് മാറിക്കൊണ്ടിരിക്കുകയും ചെയ്യും. അതോടൊപ്പംതന്നെ സവിശേഷമായ ഭൗതികശക്തികളുടെ ഉൽപ്പന്നങ്ങൾ കൂടിയാണവ. എന്നാൽ ബൂർഷ്വാ പ്രത്യയശാസ്ത്രമാകട്ടെ ഇവയെ സ്വാഭാവികവത്ക്കരിക്കുകയാണ് ചെയ്യുന്നത്. രാഷ്ട്രീയമണ്ഡലത്തിന്റെ ഒരിക്കലും മാറ്റമില്ലാത്തതും ചോദ്യംചെയ്യാനാവാത്തതുമായ അടിത്തറയായി അവയെ സ്ഥാനപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള സത്താവാദങ്ങൾ പ്രസ്തുത സ്വത്വരൂപങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന ഭൗതികശക്തികളെ മറച്ചുപിടിക്കുകയാണ് ചെയ്യുന്നത്. അതോടൊപ്പം ഇത്തരം സ്വത്വരൂപങ്ങൾക്ക് ചുറ്റിലും അരങ്ങേറിക്കൊണ്ടിരിക്കുന്ന വർഗ്ഗസമരത്തെ അവ്യക്തമാക്കിത്തീർക്കുകയും ചെയ്യുന്നു. ഇത് ഭരണവർഗ്ഗത്തെയും അതിന്റെ മാനേജർമാരെയുമാണ് ആന്ത്യന്തികമായി സഹായിക്കുന്നത്. എന്തുകൊണ്ടെന്നാൽ, അപകോളനിവൽക്കരണത്തോടും ഭൗതികവാദത്തിന്റെ അടിത്തറയിലൂന്നിയ വംശീയവിരുദ്ധവും പുരുഷാധിപത്യവിരുദ്ധവുമായ പോരാട്ടങ്ങളോടും അവയിൽനിന്നും ഉയർന്നുവരുന്ന സക്രിയമായ ആവശ്യങ്ങളോടും പ്രതികരിക്കേണ്ട ബാധ്യതയിൽനിന്നും ഇത് ഭരണവർഗ്ഗത്തെയും അതിന്റെ മാനേജർമാരെയും ഒഴിച്ചുനിർത്തുന്നു. കോളനിവൽക്കരണത്തിന്റെയും വംശീയതയുടെയും ലിംഗഭേദങ്ങളുടെയും ചൂഷണാത്മകമായ ഭൗതിക അടിത്തറയെ ഒരിക്കലും അഭിസംബോധന ചെയ്യാത്തതുകൊണ്ടുതന്നെ തികച്ചും യഥാർത്ഥമായ പ്രശ്നങ്ങൾക്ക് വളരെ തെറ്റായ പരിഹാരങ്ങൾ മാത്രം നിർദ്ദേശിക്കുന്ന തലത്തിലേയ്ക്ക് സ്വത്വരാഷ്ട്രീയം മറിഞ്ഞുവീഴുകയും ചെയ്യുന്നു.
സത്താവാദവിരുദ്ധമായ സ്വത്വരാഷ്ട്രീയത്തിന്റെ വക്താക്കളാണെന്ന് സ്വയം പ്രഖ്യാപിക്കുന്ന ജൂഡിത് ബട്ലർ ഉൾപ്പെടെയുള്ള ചിന്തകർക്കും സ്വത്വരാഷ്ടീയത്തെക്കുറിക്കുന്ന മേൽപ്പറഞ്ഞ ബൂർഷ്വാപ്രത്യയശാസ്ത്രത്തിൽ നിന്നും അടിസ്ഥാനപരമായി വിടുതി നേടാൻ കഴിഞ്ഞിട്ടില്ല. വ്യവഹാരാത്മകമായ നിർമ്മിതി എന്ന നിലയിൽ വ്യക്തികൾക്കും വ്യക്തികളുടെ ഗ്രൂപ്പുകൾക്കും ചോദ്യം ചെയ്യാവുന്ന വിധത്തിലും പരിഷ്ക്കരിക്കാവുന്ന വിധത്തിലും സ്വത്വരാഷ്ട്രീയത്തിന്റെ ചില സങ്കൽപ്പനങ്ങളെ അപനിർമ്മിക്കാനുള്ള ചില പാഴ്ശ്രമങ്ങൾ ഇത്തരം ചിന്തകർ നടത്തുന്നുണ്ട്. എന്നാൽ, കൂട്ടായ വർഗ്ഗസമരത്തിന്റെ (collective class struggle ) മുഖ്യമായ ഇടങ്ങളായി ഇത്തരം സ്വത്വരൂപങ്ങളെ ഉൽപ്പാദിപ്പിക്കുകയും നിലനിറുത്തുകയും ചെയ്യുന്ന മുതലാളിത്ത സാമൂഹ്യബന്ധങ്ങളുടെ ചരിത്രത്തെ സംബന്ധിക്കുന്ന ഭൗതികവാദപരവും വൈരുദ്ധ്യാത്മകവുമായ ഒരു വിശകലന പരിപ്രേക്ഷ്യത്തെ മുന്നോട്ടുവയ്ക്കാൻ അപനിർമ്മാണത്തെ ആശയവാദപരമായി ഉപയോഗിക്കുന്ന ഇത്തരം ചിന്തകർക്ക് കഴിഞ്ഞിട്ടുമില്ല. ഇത്തരത്തിലുള്ള സാമൂഹ്യബന്ധരൂപങ്ങളെ പരിവർത്തിപ്പിക്കുന്നതിനും മാറ്റിമറിക്കുന്നതിനും വേണ്ടി യഥാർത്ഥത്തിൽ നിലനിന്ന സോഷ്യലിസത്തിന്റെ നേതൃത്വത്തിൽ അരങ്ങേറിയിരുന്ന കൂട്ടായ പോരാട്ടത്തിന്റെ അഗാധമായ ചരിത്രവുമായി ഒരുതരത്തിലും ഇടപെടാനും ഈ ചിന്തകർ തയ്യാറാകുന്നില്ല. അതിനുപകരം, ലിംഗപരവും ലൈംഗികവുമായ ബന്ധതലങ്ങളെ വ്യവഹാരാത്മകമായി വിശകലനം ചെയ്യുന്നതിനുവേണ്ടി അപനിർമ്മാണത്തെയും ചരിത്രവിരുദ്ധമായ ഫുക്കോയിയൻ വംശാവലിസിദ്ധാന്തത്തെയുമാണ് അവർ ആശ്രയിക്കുന്നത്. ഇതിലൂടെ ഒരു ലിബറൽ ബഹുത്വത്തെയാണ് (liberal pluralism) അവർ ലക്ഷ്യം വെയ്ക്കുന്നത്. അങ്ങനെ വർഗ്ഗസമരം സ്ഥാനഭ്രഷ്ടമാക്കപ്പെടുകയും ആ സ്ഥാനത്തേയ്ക്ക് ചില തൽപരവിഭാഗങ്ങളുടെ താൽപ്പര്യങ്ങൾ ഇടംപിടിക്കുകയും ചെയ്യുന്നു.
നേരെമറിച്ച്, മാർക്സിസ്റ്റ് പാരമ്പര്യത്തിന് വർഗസമരത്തെ അതിന്റെ ബഹുത്വത്തിൽ ( class struggle in the plural ) മനസ്സിലാക്കിയതിന്റെ അഗാധവും സമ്പന്നവുമായ ഒരു ചരിത്രമുണ്ട്. പ്രമുഖ ഇറ്റാലിയൻ കമ്യൂണിസ്റ്റും മാർക്സിസ്റ്റ് ചരിത്രകാരനുമായ ഡൊമിനിക്കോ ലൊസർഡോയുടെ (Domenico Losurdo)”വർഗ്ഗസമരം: രാഷ്ട്രീയവും ദാർശനികവുമായ ചരിത്രം” എന്ന ഉജ്ജ്വലമായ ഗ്രന്ഥം ഇത് അടിവരയിടുന്നുണ്ട്. ലിംഗഭേദങ്ങൾ, രാഷ്ട്രങ്ങൾ, വംശങ്ങൾ, സാമ്പത്തിക വർഗ്ഗങ്ങൾ എന്നിവ തമ്മിലുള്ള ബന്ധതലങ്ങൾക്കിടയിൽ അരങ്ങേറുന്ന പോരാട്ടങ്ങൾ കൂടി വർഗ്ഗസമരത്തിൽ ഉൾപ്പെടുന്നു എന്നാണ് ഇതിനർത്ഥം. വ്യത്യസ്ത ലൈംഗികതകളും (sexualities) ഇതിൽ ഉൾപ്പെടും. എന്തുകൊണ്ടെന്നാൽ ഈ വിഭാഗങ്ങളെല്ലാം മുതലാളിത്തത്തിൻ കീഴിൽ വളരെ നിർദ്ദിഷ്ടമായ ശ്രേണീബന്ധിതരൂപങ്ങൾ കൈക്കൊണ്ടുകൊണ്ടാണ് നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം ശ്രേണീകൃതമായ വിഭാഗങ്ങളുടെയും ബന്ധഘടനകളുടെയും ആവിർഭാവത്തെയും ആവിഷ്ക്കാരങ്ങളെയും ചരിത്രപരമായി മനസ്സിലാക്കാനും അവയെ വിപ്ലവകരമായി പരിവർത്തിപ്പിക്കാനുമാണ് മാർക്സിസ്റ്റ് പാരമ്പര്യം എക്കാലവും പോരാടിയിട്ടുള്ളത്. സ്ത്രീകൾക്കുമേൽ അടിച്ചേൽപ്പിക്കപ്പെട്ടിട്ടുള്ള ഗാർഹിക അടിമത്തത്തിനെതിരായ സുദീർഘമായ പോരാട്ടത്തിൽ നമുക്കത് കാണാൻ കഴിയും. വിവിധ രാഷ്ട്രങ്ങളെയും അവിടങ്ങളിലെ വംശീയജനവിഭാഗങ്ങളെയും സാമ്രാജ്യത്വം കീഴടക്കുന്നതിനെതിരെ അരങ്ങേറിയ പോരാട്ടങ്ങളിലും ഇത് കാണാൻ കഴിയും.ഈയൊരു ചരിത്രത്തിന് തീർച്ചയായും അതിന്റേതായ ഉയർച്ചതാഴ്ച്ചകളും ഉണ്ടായിട്ടുണ്ട്.മാർക്സിസത്തിന്റെ ചില ധാരകൾക്ക്, പ്രത്യേകിച്ചും രണ്ടാം ഇന്റർനാഷണലിന്റെ ഘട്ടത്തിലെ മാർക്സിസത്തിന് ബൂർഷ്വാ പ്രത്യയശാസ്‌ത്രത്തിന്റെ ഘടകങ്ങളുടെ സ്വാധീനമുണ്ടായിരുന്നു എന്ന വസ്തുതയും നിലനിൽക്കുന്നുണ്ട്. ഇത്തരം ചില പരിമിതികൾ ഉണ്ടായിരുന്നെങ്കിലും, ഡൊമിനിക്കോ ലൊസർഡോയെപ്പോലുള്ള ചരിത്രപണ്ഡിതന്മാർ അഗാധമായ പാണ്ഡിത്യത്തോടെ ചൂണ്ടിക്കാണിക്കുന്ന ഒരു വസ്തുതയുണ്ട്. പുരുഷാധിപത്യത്തെയും സാമ്രാജ്യത്വ അധീശത്വത്തെയും വംശീയതയെയും മറികടക്കാനുള്ള വർഗസമരങ്ങളുടെ മുന്നണിപ്പോരാളികളായി എക്കാലത്തും പ്രവർത്തിച്ചത് കമ്മ്യൂണിസ്റ്റുകാർ ആയിരുന്നു എന്ന അനിഷേധ്യമായ വസ്തുതയാണത്. മുതലാളിത്ത സാമൂഹികബന്ധങ്ങങ്ങളുടെ അടിവേരുകളിലേയ്ക്ക് ആഴ്ന്നിറങ്ങിക്കൊണ്ടായിരുന്നു ഇത്തരം പ്രശ്നങ്ങളുടെ കാര്യകാരണങ്ങളെ കമ്യൂണിസ്റ്റുകാർ അഭിസംബോധന ചെയ്തതെന്നും കാണേണ്ടതുണ്ട്.
സ്വത്വരാഷ്ട്രീയം വികസിതമായിത്തീർന്നത് പ്രധാനപ്പെട്ട സാമ്രാജ്യത്വരാഷ്ട്രങ്ങൾക്ക് ഉള്ളിലായിരുന്നു. പ്രത്യേകിച്ചും അമേരിക്കൻ ഐക്യനാടുകളിൽ. സ്വത്വരാഷ്ട്രീയം അതിന്റെ ആരംഭം മുതലേ പരിശ്രമിച്ചിരുന്നത് കമ്മ്യൂണിസ്റ്റുകാരുടെ ഈ പോരാട്ടചരിത്രത്തെ മറച്ചുപിടിക്കാനും കുഴിച്ചുമൂടാനുമായിരുന്നു.
സ്വത്വരാഷ്ട്രീയക്കാർ മുന്നോട്ടുവയ്ക്കുന്നത് നവീനമായിട്ടുള്ള ഒരു റാഡിക്കൽ ബോധമാണെന്ന് സ്വയം സ്ഥാപിക്കലായിരുന്നു ഇതിനുപിന്നിലുള്ള ലക്ഷ്യം. കമ്യൂണിസ്റ്റുകാർക്ക് സ്ത്രീപ്രശ്നത്തെയും ദേശീയ / വംശീയ പ്രശ്നത്തെയും അഭിസംബോധന ചെയ്യാനുള്ള ശേഷിയില്ലെന്ന് സ്ഥാപിക്കലായിരുന്നു ലക്ഷ്യം. ഇത്തരം പ്രശ്നമണ്ഡലങ്ങളെ ഏറ്റവും ആദ്യമായി അഭിസംബോധന ചെയ്യുന്നത് തങ്ങളാണെന്ന് വരുത്തിത്തീർക്കാൻ ഏറെ ധാർഷ്ട്യത്തോടെയും യുക്തിരഹിതമായും സ്വത്വരാഷ്ട്രീയത്തിന്റെ സൈദ്ധാന്തികർ പണിപ്പെട്ടുകൊണ്ടിരുന്നു. ഇതിലൂടെ അസഭ്യവും ന്യൂനികരണസ്വഭാവമുള്ളതുമായ മാർക്സിസ്റ്റുകളുടെ (vulgar reductionist Marxists) സാമ്പത്തികനിർണ്ണയവാദത്തെ തങ്ങൾ അതിവർത്തിച്ചതായി സ്വത്വരാഷ്ടീയ സൈദ്ധാന്തികർ വാദിക്കുകയും ചെയ്തു. എന്നാൽ, ഇത്തരം പ്രശ്നമണ്ഡലങ്ങളെ വർഗ്ഗസമരത്തിന്റെ പോരാട്ടവേദികളായി കാണുന്നതിനുപകരം, വർഗ്ഗസമരത്തെത്തന്നെ വെട്ടിപ്പിളർക്കുന്ന ഒരായുധമാക്കി സ്വത്വരാഷ്ട്രീയത്തെ അവർ പരുവപ്പെടുത്തിയെടുക്കുകയായിരുന്നു. അവരുടെ വിശലകനത്തിലേയ്ക്ക് എപ്പോഴെങ്കിലും വർഗ്ഗത്തെ പരിഗണിച്ചാൽ തന്നെ അതിനെയവർ ഘടനാപരമായ സ്വത്തുടമാബന്ധത്തിന്റെ (a structural property relation)തലത്തിൽ നിന്നും കേവല വ്യക്തിസ്വത്വത്തിലേയ്ക്ക് ചുരുക്കിക്കെട്ടും. അതുകൊണ്ടുതന്നെ അവർ മുന്നോട്ടുവയ്ക്കുന്ന പരിഹാരനിർദ്ദേശങ്ങളും തൊലിപ്പുറമേ (epiphenomenal) ഉള്ളതായിരിക്കും. അതായത്, നിലനിൽക്കുന്ന സാമൂഹിക സാമ്പത്തികക്രമത്തിന്റെ സോഷ്യലിസ്റ്റ് പരിവർത്തനത്തിലൂടെ, ഗാർഹിക അടിമത്തത്തിന്റെയും വംശീയമായ അതിചൂഷണത്തിന്റെയും തൊഴിൽബന്ധങ്ങളെ വിപ്ലവാത്മകമായി മറികടക്കുന്നതിനുപകരം, പ്രാതിനിധ്യത്തിന്റെയും പ്രതീകാത്മകതയുടെയും വിഷയങ്ങളിലാണ് സ്വത്വരാഷ്ട്രീയം ശ്രദ്ധകേന്ദ്രീകരിക്കുന്നത്. അതുകൊണ്ടുതന്നെ, ഗൗരവമേറിയതും സുസ്ഥിരവുമായ ഒരു സാമൂഹ്യമാറ്റത്തെ നയിക്കാനുള്ളശേഷി സ്വത്വരാഷ്ടീയത്തിനില്ല.കാരണം പ്രശ്നമണ്ഡലങ്ങളുടെ കാര്യകാരണങ്ങളുടെ യഥാർത്ഥ വേരുകളിലേയ്ക്ക് സ്വത്വരാഷ്ട്രീയം ഒരിക്കലും എത്തപ്പെടുന്നില്ല. അഡോൾഫ് റീഡ് ജൂനിയർ എന്ന ചിന്തകൻ സൂചിപ്പിട്ടുള്ളതുപോലെ, രാഷ്ട്രങ്ങൾ തമ്മിലുള്ള സാമ്രാജ്യത്വാധിഷ്ഠിത ബന്ധങ്ങൾ ഉൾപ്പെടെ നിലവിലുള്ള സർവ്വവിധ വർഗ്ഗബന്ധങ്ങളും നിലനിൽക്കുന്നതിൽ സ്വത്വരാഷ്ട്രീയക്കാർ സമ്പൂർണ്ണ സന്തുഷ്ടരാണ്. അതോടൊപ്പം ഇതുകൂടി ഞാൻ കൂട്ടിച്ചേർക്കുന്നു – -ഭരണവർഗ്ഗകേന്ദ്രങ്ങളിലും പ്രൊഫഷണൽ മാനേജീരിയൽ തലത്തിലും അടിച്ചമർത്തപ്പെട്ട ഗ്രൂപ്പുകൾക്ക് ചില പ്രാതിനിധ്യങ്ങൾ കിട്ടിയാൽ മാത്രം മതി അവർ സന്തുഷ്ടരായിക്കൊള്ളും.
പാശ്ചാത്യ ഇടതുപക്ഷത്തിനുള്ളിൽ നിന്നും വർഗ്ഗരാഷ്ട്രീയത്തെയും വർഗ്ഗവിശകലനത്തെയും സ്ഥാനഭ്രഷ്ടമാക്കുന്നതിൽ സ്വത്വരാഷ്ട്രീയത്തിന് അതിനിർണ്ണായകമായ പങ്കാണുണ്ടായിരുന്നത്.പാശ്ചാത്യ ഇടതുപക്ഷത്തെ സവിശേഷമായ ഓരോ സ്വത്വപ്രശ്നത്തെക്കുറിച്ചും പരസ്പരം തർക്കിക്കുന്ന വ്യാജമായ സംവാദങ്ങളിലേയ്ക്ക് സ്വത്വരാഷ്ട്രീയം വലിച്ചിഴയ്ക്കുകയും ചെയ്തു.
അതിലൂടെ ഇടതുപക്ഷത്തെത്തന്നെ പരസ്പരം പിളർക്കുകയും ചെയ്തു. ഒരു പൊതുശത്രുവിനെതിരായ വർഗ ഐക്യത്തിൽ അണിചേരുന്നതിനുപകരം, അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും അടിച്ചമർത്തപ്പെട്ടവരെയും അവരവരുടെ പ്രത്യേകമായ ലിംഗഭേദങ്ങളുടെയും ലൈംഗികതാല്പര്യങ്ങളുടെയും വംശങ്ങളുടെയും രാഷ്ട്രങ്ങളുടെയും മതഗ്രൂപ്പുകളുടെയും അടിസ്ഥാനത്തിൽ സ്വയം ചിന്തിക്കാനും പ്രവർത്തിക്കാനുമായിന്നു സ്വത്വരാഷ്ട്രീയം പ്രേരിപ്പിച്ചുകൊണ്ടിരുന്നത്. ഇങ്ങനെയായിരുന്നു തൊഴിലാളി വർഗത്തെയും അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളെയും പരസ്പരം വിവിധ ഗ്രൂപ്പുകളായി സ്വത്വരാഷ്ട്രീയം വിഘടിപ്പിച്ചുകൊണ്ടിരുന്നത്. ഈയൊർത്ഥത്തിൽ, സ്വത്വരാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രത്തെ ആഴത്തിൽ പരിശോധിക്കുമ്പോൾ അത് കൃത്യമായ ഒരു വർഗ്ഗരാഷ്ട്രീയത്തെ മുന്നോട്ടുവയ്ക്കുന്നുണ്ടെന്ന് മനസ്സിലാക്കാൻ കഴിയും. ആ വർഗ്ഗരാഷ്ട്രീയമെന്നത് ലോകത്തെ തൊഴിലാളികളും അടിച്ചമർത്തപ്പെട്ടവരുമായ ജനവിഭാഗങ്ങളെ പരസ്പരം വിഭജിച്ചും വിഘടിപ്പിച്ചും കൂടുതൽ എളുപ്പത്തിൽ അവരെ അടക്കിഭരിക്കാൻ ലക്ഷ്യമിടുന്നള്ള ബൂർഷ്വാസിയുടെ രാഷ്ട്രീയമാണ്. അതായത് ബൂർഷ്വാസിയുടെ വർഗ്ഗരാഷ്ട്രീയത്തെയാണ് സൂക്ഷ്മാർത്ഥത്തിൽ സ്വത്വരാഷ്ട്രീയം പിന്താങ്ങുകയും മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യുന്നത്. ഇതിൽ അത്ഭുതത്തിന് വകയില്ല.കാരണം, സാമ്രാജ്യത്വ കേന്ദ്രങ്ങളിലെ (the imperial core) പ്രൊഫഷണൽ മാനേജീരിയൽ വർഗ്ഗം പയറ്റിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയമാണിത്. അതോടൊപ്പം വർഗ്ഗവിശകലനത്തെ കയ്യൊഴിയുന്ന സ്വത്വരാഷ്ട്രീയം വലതുപക്ഷരാഷ്ട്രീയത്തിനും ഫാസിസ്റ്റ് മുന്നേറ്റങ്ങൾക്കും ഏറ്റവും അയോജ്യമായ ഒന്നാണെന്നും കാണേണ്ടതുണ്ട്.
അവസാനമായി ഇത്രയും കാര്യങ്ങൾ കൂടി സൂചിപ്പിക്കാനുണ്ട്.മുമ്പ് യൂറോപ്യൻ ഇടതുപക്ഷത്തിനുള്ളിൽ നിന്നും മഹാനായ വി.ഐ.ലെനിൻ കൃത്യമായി രോഗനിർണ്ണയം നടത്തി കണ്ടെത്തിയ സാമൂഹ്യമായ മുൻവിധികളിലും (social chauvinism) നവഇടതുപക്ഷത്തിന്റെ സൈദ്ധാന്തികധാരയ്ക്കുള്ളിലും സ്വത്വരാഷ്ട്രീയത്തിന്റെ സമകാലിക വേരുകൾ കണ്ടെത്താനാകും. യഥാർത്ഥത്തിൽ ഈ സ്വത്വരാഷ്ട്രീയമെന്നത് സാമ്രാജ്യത്വത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യയശാസ്ത്ര ഉപകരണങ്ങളിൽ ഒന്നാണ്.അധിനിവേശങ്ങൾക്കായി സാമ്രാജ്യത്വം ലക്ഷ്യം വെയ്ക്കുന്ന രാജ്യങ്ങളിൽ മതപരവും വംശീയവും ദേശീയവും ലിംഗപരവുമായ സംഘർഷങ്ങളെ സാമ്രാജ്യത്വം ഊട്ടിവളർത്തുന്നു. ഇതിലൂടെ ആ രാജ്യങ്ങൾക്കുള്ളിൽ പരസ്പര വിഭജനത്തിന്റെയും ശിഥിലതയുടെയും അന്തരീക്ഷം സൃഷ്ടിച്ചെടുക്കുകയും അതിലൂടെ ആ രാജ്യങ്ങളെ കീഴടക്കുകയും ചെയ്യുന്നു. ഇങ്ങനെ വിഭജിച്ച് കീഴടക്കുക എന്നത് സാമ്രാജ്യത്വത്തിന്റെ പ്രധാനപ്പെട്ട തന്ത്രങ്ങളിൽ ഒന്നാണ്. ഈ സാമ്രാജ്യത്വതന്ത്രത്തിന് ഏറ്റവും അനുഗുണമായി വർത്തിക്കുന്നതാകട്ടെ സ്വത്വരാഷ്ട്രീയമാണ്.
സാമ്രാജ്യത്വത്തിന്റെ അസ്ഥിരീകരണ പ്രചാരവേലകൾക്കും സാമ്രാജ്യത്വ ഇടപെടലുകൾക്കും അധിനിവേശങ്ങൾക്കും നേരിട്ടുള്ള സാധൂകരണം ചമച്ചുകൊണ്ടാണ് സ്വത്വരാഷ്ട്രീയം നിലനിന്നിട്ടുള്ളത്. ഒരു ഘട്ടത്തിൽ അത് അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ വിമോചനമെന്ന ആശയത്തെ മുന്നോട്ടുവയ്ക്കും. ക്യൂബയുടെ കാര്യം വരുമ്പോൾ “വിവേചനം അനുഭവിക്കുന്ന “കറുത്തവരുടെ പ്രശ്നത്തെയായിരിക്കും സാമ്രാജ്യത്വം ഉയർത്തിവിടുന്നത്. ലാറ്റിനമേരിക്കയിലാകട്ടെ തദ്ദേശിയവാദവും വ്യാജമായ “പാരിസ്ഥിതികവാദ”വും ഉയർത്തുന്ന സ്ഥാനാർത്ഥികളെ തെരഞ്ഞെടുപ്പിൽ പിന്തുണച്ചുകൊണ്ടായിരിക്കും സാമ്രാജ്യത്വം തന്ത്രങ്ങൾ മെനയുന്നത്. ചൈനയിലാകട്ടെ അവിടത്തെ വംശീയ ന്യനപക്ഷങ്ങളുടെ “സംരക്ഷകർ’ എന്ന നിലയിലായിരിക്കും സാമ്രാജ്യത്വം രംഗത്തുവരുന്നത്. അല്ലെങ്കിൽ ഇതുപോലുള്ള മറ്റ് നിരവധി സ്വത്വകേന്ദ്രീകൃത പ്രചാരണസന്നാഹങ്ങളെയായിരിക്കും അവർ കൂടുതലായി ആശ്രയിക്കുന്നത്. ഇതിലൂടെയൊക്കെ തങ്ങളാണ് അടിച്ചമർത്തപ്പെടുന്ന വിവിധ സ്വത്വരൂപങ്ങളുടെ സംരക്ഷകരെന്ന ഒരു പ്രതീതിയാഥർത്യത്തെ സാമ്രാജ്യത്വം സൃഷ്ടിച്ചെടുക്കുകയും അതിലൂടെ സാമ്രാജ്യത്വാധിനിവേശത്തെ സാധൂകരിച്ചെടുക്കുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന ഭൗതികയാഥാർത്യത്തിൽ ഊന്നിയ വർഗ്ഗസമരവും സ്വത്വങ്ങളെ കേന്ദ്രീകരിച്ചുള്ള തികച്ചും പ്രതീകാത്മകമായ രാഷ്ട്രീയവും തമ്മിലുള്ള വിടവ് എത്രമാത്രം വലുതാണെന്ന് ഇതിലൂടെ നമുക്ക് വ്യക്തമായി മനസിലാക്കാൻ കഴിയും. സ്വത്വങ്ങളെ കേന്ദ്രീകരിച്ചുള്ളതും യാഥാർത്ഥ്യത്തിലൂന്നാത്തതുമായ പ്രതീകാത്മകമായ ഇത്തരം സ്വത്വരാഷ്ട്രീയമാകട്ടെ എല്ലായ്‌പ്പോഴും സാമ്രാജ്യത്വത്തിന്റെ താൽപ്പര്യങ്ങൾക്കനുഗുണമായ മറകൾ തീർക്കുകയാണ് ചെയ്തിട്ടുള്ളത്. ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നതും അതാണ്. ഈയൊരുവിധത്തിൽ പരിശോധിക്കുമ്പോഴും, സ്വത്വരാഷ്ട്രീയം ആത്യന്തികമായി മുന്നോട്ടുവയ്ക്കുന്നത് കൃത്യമായ ഒരു വർഗ്ഗരാഷ്രീയമാണെന്ന് കൂടുതൽ തെളിയുന്നുണ്ട്. ആ വർഗ്ഗരാഷ്ട്രീമെന്നത് സാമ്രാജ്യത്വഭരണവർഗ്ഗങ്ങളെ സേവിക്കുന്ന വർഗ്ഗരാഷ്ട്രീയമാണ്. ♦