പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യകാലത്താണ് മാര്‍ക്സും എംഗല്‍സും മാര്‍ക്സിസം എന്ന ശാസ്ത്രത്തെ വികസിപ്പിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യകാലം വരെ വളര്‍ന്ന മൂന്ന് പ്രധാനപ്പെട്ട ചിന്താധാരകളെ വികസിപ്പിച്ചെടുത്ത് പൂര്‍ണ്ണരൂപത്തിലെത്തിച്ചതാണ് മാര്‍ക്സിസം. കാറല്‍ മാര്‍ക്സിനെപ്പറ്റി ലെനിന്‍ 1913ല്‍ എഴുതിയ ലേഖനത്തില്‍ മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തിന്റെ വികാസത്തെപ്പറ്റി വിവരിക്കുന്നത് ഇപ്രകാരമാണ്: ‘‘പത്തൊമ്പതാം നൂറ്റാണ്ടില്‍ നിലവിലിരുന്ന മൂന്ന് പ്രധാന ചിന്താപ്രവാഹങ്ങളെ പ്രതിനിധാനം ചെയ്തുകൊണ്ട് മനുഷ്യ സമുദായത്തിലെ ഏറ്റവും വളര്‍ച്ച പ്രാപിച്ച മൂന്ന് രാജ്യങ്ങള്‍ അക്കാലത്തുണ്ടായിരുന്നു. – ജര്‍മ്മനി, ഇംഗ്ലണ്ട്, ഫ്രാന്‍സ് എന്നിവ. ജര്‍മ്മനിയിലെ ക്ലാസിക്കല്‍ തത്വശാസ്ത്രത്തെയും, ഇംഗ്ലണ്ടിലെ ക്ലാസിക്കല്‍ അര്‍ത്ഥശാസ്ത്രത്തെയും, ഫ്രാന്‍സില്‍ പൊതുവിലുണ്ടായിരുന്ന വിപ്ലവ സിദ്ധാന്തങ്ങളടക്കമുള്ള ഫ്രഞ്ച് സോഷ്യലിസത്തെയും കൂടുതല്‍ വളര്‍ത്തിയെടുത്ത് പൂര്‍ണ്ണ രൂപത്തിലെത്തിച്ച ഒരു അത്ഭുത പ്രതിഭാശാലിയായിരുന്നു മാര്‍ക്സ്. അന്യാദൃശമായവിധം ഉള്‍പ്പൊരുത്തമുള്ളതും ഏകീകൃതവുമെന്ന് എതിരാളികള്‍പോലും അംഗീകരിക്കുന്ന മാര്‍ക്സിന്റെ വീക്ഷണങ്ങളുടെ ആകെ തുകയാണല്ലോ ആധുനിക ഭൗതികവാദവും ആധുനിക ശാസ്ത്രീയ സോഷ്യലിസവും. ലോകത്തിലെ എല്ലാ പരിഷ്കൃത രാജ്യങ്ങളിലുമുള്ള തൊഴിലാളി വര്‍ഗ്ഗത്തിന്റെ സിദ്ധാന്തവും, പ്രവര്‍ത്തന പരിപാടിയുമാണ് അത്”. (പേജ് 9, തെരഞ്ഞെത്ത കൃതികള്‍, ലെനിന്‍)
മറ്റേതൊരു ശാസ്-ത്രത്തെയുംപോലെ മാര്‍ക്സിസത്തെയും തുടര്‍ച്ചയായി വികസിപ്പിക്കേണ്ട ഒരു ശാസ്ത്രമായിട്ടാണ് ലെനിന്‍ കണ്ടത്. ‘‘മാര്‍ക്സിന്റെ സിദ്ധാന്തം സമ്പൂര്‍ണ്ണമാണെന്നോ അലംഘനീയമാണെന്നോ ഞങ്ങള്‍ കരുതുന്നില്ല. മറിച്ച് ആ ശാസ്ത്രത്തിന് തറക്കല്ല് പാകുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും കാലത്തിനൊത്ത് നീങ്ങണമെന്നുണ്ടെങ്കില്‍ സോഷ്യലിസ്റ്റുകള്‍ ആ ശാസ്ത്രത്തെ എല്ലാ വശങ്ങളിലേക്കും വികസിപ്പിക്കേണ്ടതാണെന്നും ഞങ്ങള്‍ക്ക് ബോധ്യമുണ്ട്”. (പേജ് 211, 212 –വോള്യം 4 ലെനിന്‍ സമാഹൃത കൃതികള്‍)
മാര്‍ക്സിന്റെയും, എംഗല്‍സിന്റെയും കാഴ്ചപ്പാടുകളെ ഉള്‍ക്കൊണ്ട് അവയെ എല്ലാ വശങ്ങളിലേക്കും വികസിപ്പിക്കുകയാണ് ലെനിന്‍ ചെയ്തത്. ഈ വിഷയം ‘ഒരു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പുകള്‍’ എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗത്ത് എങ്ങനെ ഇ.എം.എസ് വിവരിക്കുന്നുവെന്ന് പരിശോധിക്കാം. ഈ ഭാഗം സഖാവ് ഇ.എം.എസ് എഴുതിയത് 1996 ജനുവരിയിലായിരുന്നു. 1998 മാര്‍ച്ച് 19നാണ് ഇ.എം.എസ് നിര്യാതനായത്. ‘‘ലെനിന്‍ ചൂണ്ടിക്കാണിച്ചതുപോലെ മാര്‍ക്സിന്റെയും എംഗല്‍സിന്റെയും കൃതികള്‍ ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത വേദപുസ്തകങ്ങളല്ല. മുതലാളിത്തത്തില്‍ നിന്ന് കമ്യൂണിസത്തിലേക്കുള്ള പരിവര്‍ത്തനത്തിന്റെ വ്യക്തമായ ചിത്രം നല്‍കുന്ന കൃതികളല്ല അവ. കമ്യൂണിസത്തിലേക്കുള്ള പരിവര്‍ത്തനം അനിവാര്യമാണെന്ന് സ്ഥാപിക്കുന്നതോടൊപ്പം കമ്യൂണിസത്തിലേക്കുള്ള പരിവര്‍ത്തനത്തിന്റെ ഒരു അവ്യക്ത ചിത്രം വരച്ചുകാട്ടുകയേ മാര്‍ക്സും എംഗല്‍സും ചെയ്തിരുന്നുള്ളൂ. മാര്‍ക്സിന്റെയും എംഗല്‍സിന്റെയും ഉപദേശ നിര്‍ദ്ദേശങ്ങള്‍ അക്ഷരംപ്രതി നടപ്പിലാക്കുന്ന മാര്‍ക്സ് –എംഗല്‍സ് ശിഷ്യനായിരുന്നില്ല ലെനിനെന്നര്‍ത്ഥം”. (പേജ് 222, 223)
ലെനിന്‍ പറഞ്ഞ കാര്യങ്ങള്‍ പച്ചയായ ഭാഷയില്‍ വിവരിക്കുകയാണ് ഇ.എം.എസ് ചെയ്തത്. മുതലാളിത്തത്തില്‍ നിന്നും കമ്യൂണിസത്തിലേക്കുള്ള പരിവര്‍ത്തനം അനിവാര്യമാണെന്ന് സ്ഥാപിക്കുന്നതോടൊപ്പം കമ്യൂണിസത്തിലേക്കുള്ള പരിവര്‍ത്തനത്തിന്റെ ഒരു അവ്യക്ത ചിത്രം വരച്ചുകാട്ടാന്‍ മാത്രമാണ് മാര്‍ക്സിനും എംഗല്‍സിനും കഴിഞ്ഞത്. മാര്‍ക്സിന്റെയും എംഗല്‍സിന്റെയും കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊണ്ട് അവയെ കാലത്തിനും സ്ഥിതിഗതികള്‍ക്കും അനുസരിച്ച് വികസിപ്പിക്കാനാണ് ലെനിന്‍ ശ്രമിച്ചത്. ഉരുവിടാനുള്ള മന്ത്രമായല്ല മാര്‍ക്സിസത്തെ ലെനിന്‍ കണ്ടത്. മാര്‍ക്സിസത്തെ നിരന്തരം വികസിപ്പിച്ചാല്‍ മാത്രമേ ഇന്നത്തെ സ്ഥിതിഗതികളെ വിജയകരമായി നേരിടാനുള്ള കടമകള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയൂ. മുതലാളിത്തത്തില്‍ നിന്ന് കമ്യൂണിസത്തിലേക്കുള്ള പരിവര്‍ത്തനത്തിന്റെ മാര്‍ക്സും എംഗല്‍സും വരച്ചുകാട്ടിയ അവ്യക്ത ചിത്രത്തെ കൂടുതല്‍ വ്യക്തമാക്കാന്‍ ആദ്യമായി വിജയകരമായി ശ്രമിച്ചത് ലെനിനായിരുന്നു. മുതലാളിത്തത്തിന്റെ പുതിയ ഘട്ടമെന്ന നിലയ്ക്ക് കുത്തക മുതലാളിത്തത്തിന്റെയും, സാമ്രജ്യത്വത്തിന്റെയും വളര്‍ച്ചയയെ യും ലെനിന്‍ വിവരിച്ചു.
1927 സെപ്തംബര്‍ 9ന് സ്റ്റാലിന്‍ ആദ്യത്തെ അമേരിക്കന്‍ തൊഴിലാളി പ്രതിനിധി സംഘവുമായി നടത്തിയ അഭിമുഖ സംഭാഷണത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. അമേരിക്കന്‍ പ്രതിനിധി സംഘം സ്റ്റാലിനോട് ചോദിച്ച ഒന്നാമത്തെ ചോദ്യം ലെനിനും കമ്യൂണിസ്റ്റ് പാര്‍ട്ടിയും പ്രായോഗികമായി മാര്‍ക്സിസത്തില്‍ എന്ത് പുതിയ തത്വങ്ങളാണ് കൂട്ടിച്ചേര്‍ത്തത് എന്നായിരുന്നു. അതിന് സ്റ്റാലിന്റെ മറുപടി ഇപ്രകാരമായിരുന്നു: ‘‘ലെനിന്‍ തന്റെ പ്രവര്‍ത്തനത്തിന് പൂര്‍ണ്ണമായും അടിസ്ഥാനമാക്കിയത് മാര്‍ക്സിസ്റ്റ് തത്വങ്ങളായിരുന്നു. പക്ഷേ, മാര്‍ക്സിന്റെയും എംഗല്‍സിന്റെയും സിദ്ധാന്തങ്ങള്‍ വെറുതെയങ്ങ് നടപ്പിലാക്കുക മാത്രമല്ല അദ്ദേഹം ചെയ്തത്. ആ സിദ്ധാന്തങ്ങള്‍ അദ്ദേഹം തുടര്‍ച്ചയായി മുന്നോട്ടുകൊണ്ടുപോയി. എന്താണതിന്റെ അര്‍ത്ഥം? അതിന്റെയര്‍ത്ഥം വികസനത്തിന്റെ പുതിയ സാഹചര്യങ്ങള്‍ക്കും മുതലാളിത്തത്തിന്റെ പുതിയ ഘട്ടത്തിനും അതായത് സാമ്രാജ്യത്വത്തിനും അനുയോജ്യമായി മാര്‍ക്സിന്റെ സിദ്ധാന്തങ്ങളെ അദ്ദേഹം വികസിപ്പിച്ചു എന്നാണ്. വര്‍ഗ്ഗ സമരത്തിന്റെ പുതിയ സാഹചര്യങ്ങളില്‍ മാര്‍ക്സിന്റെ പ്രബോധനങ്ങളെ വികസിപ്പിക്കുന്നതിലൂടെ സാമ്രാജ്യത്വത്തിനുമുമ്പുള്ള കാലഘട്ടത്തില്‍ മാര്‍ക്സും, എംഗല്‍സും സൃഷ്ടിച്ചവയില്‍ നിന്ന് വ്യത്യസ്തമായി ചിലതുകൂടി മാര്‍ക്സിസത്തിന്റെ പൊതുഭണ്ഡാകാരങ്ങളിലേക്ക് ലെനിന്‍ സംഭാവന ചെയ്തുവെന്നാണ് അതിന്റെ അര്‍ത്ഥം. അതേസമയം മാര്‍ക്സിസത്തിന്റെ ഭണ്ഡാകാരത്തിലേക്കുള്ള ലെനിന്റെ ഈ പുതിയ സംഭാവന പൂര്‍ണ്ണമായും മാര്‍ക്സും എംഗല്‍സും ആവിഷ്കരിച്ച തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു താനും. ഈ അര്‍ത്ഥത്തിലാണ് ഞങ്ങള്‍ ലെനിനിസത്തെ സാമ്രാജ്യത്വത്തിന്റെയും, തൊഴിലാളി വര്‍ഗ്ഗ വിപ്ലവങ്ങളുടെയും യുഗത്തിലെ മാര്‍ക്സിസമെന്ന് പറയുന്നത്”. (പേജ് 25, 26 തെരഞ്ഞെടുത്ത കൃതികള്‍ – സ്റ്റാലിന്‍)
മാര്‍ക്സിന്റെയും എംഗല്‍സിന്റെയും വിശകലനങ്ങളെയും നിഗമനങ്ങളേയും സ്വയം ഉള്‍ക്കൊണ്ട് അവയെ അനന്തരകാലത്തേക്കും, സ്വന്തം രാജ്യത്തിലേക്കും വ്യാപിപ്പിക്കുവാന്‍ വികസിപ്പിക്കുകയാണ് ലെനിന്‍ ചെയ്തത്. എല്ലാ രാജ്യങ്ങളിലേയും മുതലാളിത്തത്തില്‍ നിന്ന് കമ്യൂണിസത്തിലേക്കുള്ള വിപ്ലവം ഒരുമിച്ച് നടക്കുമെന്നാണ് മാര്‍ക്സും, എംഗല്‍സും കരുതിയിരുന്നത്. ഈ കാഴ്ചപ്പാട് ‘കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ’യിലും ‘കമ്യൂണിസത്തിന്റെ അടിസ്ഥാന തത്വങ്ങള്‍’ എന്ന എംഗല്‍സിന്റെ പ്രബന്ധത്തിലും കാണാം. ഇതിനും പുറമെ മുതലാളിത്ത വളര്‍ച്ച അതിന്റെ പരമകാഷ്ഠയിലെത്തുമ്പോഴാണ് തൊഴിലാളി വര്‍ഗ്ഗ വിപ്ലവം നടക്കുകയെന്നും മാര്‍ക്സും എംഗല്‍സും കരുതിയിരുന്നു. എന്നാല്‍ മനുഷ്യ ചരിത്രത്തിലെ ആദ്യത്തെ വിജയകരമായ സോഷ്യലിസ്റ്റ് വിപ്ലവം നടന്നത് ഒരു രാജ്യത്ത് മാത്രമായിരുന്നു– റഷ്യയില്‍. റഷ്യന്‍ വിപ്ലവം മറ്റ് മുതലാളിത്ത രാജ്യങ്ങളോടൊപ്പമല്ലായിരുന്നു നടന്നത്. റഷ്യയാവട്ടെ, മുതലാളിത്ത വളര്‍ച്ച പൂര്‍ണ്ണമാകാത്ത രാജ്യവുമായിരുന്നു. ഒറ്റ രാജ്യത്ത് മാത്രമായി വിപ്ലവം നടന്നതിന്റെ കാരണവും ലെനിന്‍ വ്യക്തമാക്കി. മുതലാളിത്ത വളര്‍ച്ചയുടെ കാര്യത്തില്‍ റഷ്യ പിറകിലാണെങ്കിലും നാട് ഭരിക്കുന്ന ബൂര്‍ഷ്വാ – ഭൂപ്രഭു ഭരണവര്‍ഗ്ഗത്തിന്റെ സര്‍വ്വതോമുഖമായ പ്രതിസന്ധി മറ്റു രാജ്യങ്ങളിലുണ്ടായിരുന്നതിനേക്കാള്‍ റഷ്യയില്‍ അതികഠിനമായിരുന്നു. അതുകൊണ്ടാണ് റഷ്യന്‍ തൊഴിലാളി വര്‍ഗ്ഗത്തിന് ബൂര്‍ഷ്വാ – ഭൂപ്രഭു മേധാവിത്വത്തിലുള്ള റഷ്യയിലെ അധികാരം പിടിച്ചെടുക്കാന്‍ കഴിഞ്ഞത്. അധികാരത്തിലെത്താന്‍ കഴിഞ്ഞതുകൊണ്ട് റഷ്യന്‍ തൊഴിലാളി വര്‍ഗ്ഗത്തിന് സോഷ്യലിസ്റ്റ് സമൂഹത്തിന്റെ നിര്‍മ്മാണം ആരംഭിക്കാനും കഴിഞ്ഞു. മാര്‍ക്സിന്റെയും എംഗല്‍സിന്റെയും ധാരണകളില്‍ ലെനിന്‍ വരുത്തിയ മാറ്റത്തെപ്പറ്റി ‘ഒരു ഇന്ത്യന്‍ കമ്യൂണിസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പുകള്‍’ എന്ന പുസ്തകത്തില്‍ ഇ.എം.എസ് വിവരിക്കുന്നത് എന്തെന്ന് നോക്കാം:‘‘കുത്തക മുതലാളിത്തത്തിന്റെ അല്ലെങ്കില്‍ സാമ്രാജ്യത്വത്തിന്റെ ഉത്ഭവത്തോടുകൂടി മൂര്‍ച്ഛിച്ചുവന്ന വൈരുദ്ധ്യങ്ങള്‍ നിമിത്തം റഷ്യന്‍ ഭരണവര്‍ഗ്ഗം അങ്ങേയറ്റം ദുര്‍ബലമായിരിക്കുക മാത്രമല്ല, ആ ദൗര്‍ബല്യമുപയോഗിച്ച് സ്വയം അധികാരത്തിലെത്താന്‍ കഴിവുള്ള തൊഴിലാളി വര്‍ഗ്ഗം ഉയര്‍ന്നുവരിക കൂടി ചെയ്ത ഒരു രാജ്യമാണ് റഷ്യയെന്നും അതുകൊണ്ട് മറ്റേതൊരു രാജ്യത്തേക്കാളും സുഗമമായി അധികാരത്തിലെത്താന്‍ റഷ്യന്‍ തൊഴിലാളി വര്‍ഗ്ഗത്തിന് കഴിയുമെന്നും ലെനിന്റെ വിശകലനം തെളിയിച്ചു. അങ്ങനെ അധികാരം കൈവശപ്പെടുത്താന്‍ കഴിയുന്ന സ്ഥിതിയുളവാകുമ്പോള്‍ റിവിഷനിസ്റ്റുകാരെപ്പോലെ അറച്ചുനില്‍ക്കാതെ അധികാരം പിടിച്ചെടുക്കുകയും, സോഷ്യലിസ്റ്റ് സമൂഹ നിര്‍മാണം തുടങ്ങുകയും ചെയ്യണമെന്ന നിഗമനത്തില്‍ ലെനിന്‍ ചെന്നെത്തി”. (പേജ് 223, ഒരു ഇന്ത്യന്‍ കമ്യൂണിസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ – ഇ.എം.എസ്)
അധികാരം പിടിച്ചെടുത്ത് അതുപയോഗിച്ച് സോഷ്യലിസ്റ്റ് സമൂഹ നിര്‍മ്മാണം എങ്ങനെ തുടങ്ങണമെന്ന കാര്യത്തിലും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ മാര്‍ക്സിനും എംഗല്‍സിനും നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ ഇത് സംബന്ധിച്ച് വളരെ പൊതുവായ ചില കാര്യങ്ങള്‍ മാത്രമാണ് വിവരിച്ചിട്ടുള്ളത്. ഓരോ രാജ്യത്തുമെടുക്കേണ്ട നടപടികള്‍ അതത് രാജ്യത്തെ സ്ഥിതിവിശേഷമനുസരിച്ചായിരിക്കും. റഷ്യയില്‍ തൊഴിലാളിവർഗം അധികാരം ഏറ്റെടുത്തതോടെ മൂന്ന് പ്രധാനപ്പെട്ട നടപടികള്‍ ലെനിന്റെ നേതൃത്വത്തില്‍ സ്വീകരിക്കുകയുണ്ടായി. ഒന്ന്, കര്‍ഷക ജനവിഭാഗത്തിന്റെ വിപ്ലവകരമായ കഴിവുകള്‍ അഴിച്ചുവിടുന്നതിന് വന്‍കിട ഭൂപ്രഭുക്കളുടെ സ്വത്തുക്കളെല്ലാം പിടിച്ചെടുത്ത് ഭൂരഹിതരായ കര്‍ഷക ജനവിഭാഗങ്ങള്‍ക്ക് വിതരണം ചെയ്തു. ഇത് റഷ്യയിലെ തൊഴിലാളി വര്‍ഗ്ഗത്തിന്റെയും, കര്‍ഷക ജനതയുടെയും വിപ്ലവ സഖ്യമുറപ്പിക്കുന്നതിന് സഹായിച്ചു. രണ്ട്, സാമ്രാജ്യത്വ യുദ്ധത്തില്‍ പങ്കാളിയായിരുന്ന റഷ്യയിലെ ഭരണ വര്‍ഗ്ഗങ്ങളെയും, അവരുടെ ശിങ്കിടികളായ പരിഷ്കരണ വാദികളെയും വെല്ലുവിളിച്ചുകൊണ്ട് റഷ്യ യുദ്ധത്തില്‍ നിന്ന് പിന്മാറി. ഇതും തൊഴിലാളി – കര്‍ഷക സമരസഖ്യത്തെ ശക്തിപ്പെടുത്തി. മൂന്ന്, സാര്‍ ഭരണത്തിൻകീഴിൽ ഞെരുങ്ങിക്കഴിഞ്ഞിരുന്ന ദേശീയ ജനവിഭാഗങ്ങള്‍ക്ക് സ്വാതന്ത്ര്യം അനുവദിച്ചു. ഇത് റഷ്യക്കാരും മറ്റു ദേശീയ ജനവിഭാഗങ്ങളും തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്തി. ലെനിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച ഈ നടപടികള്‍ തൊഴിലാളി വര്‍ഗ്ഗവും കര്‍ഷക ജനതയും തമ്മിലും, വിവിധ ദേശീയ ജനവിഭാഗങ്ങള്‍ തമ്മിലും വിപ്ലവകരമായ ഐക്യം കെട്ടിപ്പടുക്കുന്നതിനിടയാക്കി. സാമ്രാജ്യത്വ ശക്തികള്‍ നടത്തിയ ഇടങ്കോലിടല്‍ യുദ്ധത്തെയും, റഷ്യയിലെ പിന്തിരിപ്പന്‍ ശക്തികള്‍ അഴിച്ചുവിട്ട ആഭ്യന്തര യുദ്ധത്തെയും തൊഴിലാളി വര്‍ഗ്ഗ ഭരണകൂടത്തിന് നേരിടേണ്ടിവന്നു. ഇതിനെ നേരിടുന്നതിന് ‘യുദ്ധകാല കമ്യൂണിസ’മെന്ന സമരതന്ത്രം ലെനിന്‍ ആവിഷ്കരിച്ചു. സോഷ്യലിസ്റ്റ് സമൂഹ നിര്‍മ്മാണത്തിനുള്ള വര്‍ഗ്ഗസമരത്തിന്റെ ഒരു രൂപമായിരുന്നു ഇത്. വര്‍ഗ്ഗ സമരമെന്നത് വിരുദ്ധ വര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളാണ്. ഈ ഏറ്റുമുട്ടലുകള്‍ക്ക് രണ്ട് ഘട്ടങ്ങളുണ്ട്. ഒന്ന്, കയറിയടിക്കുന്നതിന്റെ ഘട്ടം. രണ്ട്, താല്‍ക്കാലികമായി പിന്‍വാങ്ങുന്നതിന്റെ ഘട്ടം. ഇതിലാദ്യത്തെ ഘട്ടമായിരുന്നു യുദ്ധകാല കമ്യൂണിസം. രണ്ടാമത്തെ ഘട്ടമാണ് പുത്തന്‍ സാമ്പത്തിക നയത്തിന്റെ കാലം.
കയറിയടിക്കുന്ന കാലഘട്ടത്തിലെ യുദ്ധകാല കമ്യൂണിസമെന്ന സമീപനം സോഷ്യലിസം പൂര്‍ണ്ണമായി നടപ്പാക്കുന്നതിനുള്ള നടപടികള്‍ ഒരു വിട്ടുവീഴ്ചയുമില്ലാതെ നടപ്പാക്കുന്ന രീതിയായിരുന്നു. അന്ന് മിച്ചധാന്യം മുഴുവന്‍ ഭരണകൂടം കൃഷിക്കാരില്‍ നിന്ന് ഏറ്റെടുത്തു. വ്യവസായ – വ്യാപാര മേഖലകളിലെ മുതലാളിമാര്‍ക്കെതിരെ കര്‍ക്കശമായ നടപടികള്‍ സ്വീകരിച്ചു. എന്നാല്‍ പുത്തന്‍ സാമ്പത്തിക നയത്തിന്റെ കാലത്ത് കര്‍ഷകര്‍ക്കും റഷ്യന്‍ മുതലാളിമാര്‍ക്കും മാത്രമല്ല, വിദേശീയ മുതലാളിമാര്‍ക്കും സൗജന്യങ്ങളനുവദിച്ചു. യുദ്ധകാലത്തെ തുടര്‍ന്നുള്ള സമാധാനകാലത്ത് സമ്പദ്-വ്യവസ്ഥയെ നേരെയാക്കാന്‍ മറ്റുമാര്‍ഗ്ഗങ്ങളൊന്നുമില്ലായിരുന്നു. ഇക്കാര്യത്തില്‍ 1920 ഡിസംബര്‍ 22– 29 തീയതികളില്‍ ചേര്‍ന്ന സോവിയറ്റുകളുടെ എട്ടാം അഖില റഷ്യന്‍ കോണ്‍ഗ്രസില്‍ ലെനിന്‍ നടത്തിയ പ്രഭാഷണം ശ്രദ്ധേയമാണ്. അമേരിക്ക, ജപ്പാന്‍, ബ്രിട്ടന്‍, ജര്‍മ്മനി മുതലായ വികസിത മുതലാളിത്ത രാജ്യങ്ങളിലെ കുത്തക മുതലാളിമാര്‍ക്ക് റഷ്യയില്‍ വന്ന് വ്യവസായങ്ങളിലും, കൃഷിയിലും മറ്റു സാമ്പത്തിക സംരംഭങ്ങളിലും മുതല്‍മുടക്കാനുള്ള അവകാശം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ടുള്ളതാണ് ആ പ്രഭാഷണം. അതിന് രണ്ട് ലക്ഷ്യങ്ങളുണ്ടായിരുന്നു. ഇക്കാര്യത്തെപ്പറ്റി ഇ.എം.എസ് ‘മാര്‍ക്സ്, എംഗല്‍സ്, ലെനിന്‍ വിചാരപ്രപഞ്ചം : ഒരു മുഖവുര’ എന്ന പുസ്തകത്തില്‍ വിവരിക്കുന്നതെന്താണെന്ന് നോക്കാം: ‘‘ഒന്നാമത്, സാമ്പത്തികമായി പിന്നണിയില്‍ കിടക്കുന്ന സോവിയറ്റ് റഷ്യക്ക് വികസനത്തിനാവശ്യമായ സഹായങ്ങള്‍ സാമ്പത്തികമായും, സാങ്കേതികമായും നേടുക. അത് ചെയ്യാതെ സോവിയറ്റ് റഷ്യയില്‍ സോഷ്യലിസത്തിലേക്ക് നീങ്ങുന്ന ഒരു സാമ്പത്തിക സംവിധാനം രൂപപ്പെടുത്താന്‍ കഴിയില്ല. രണ്ടാമത്, റഷ്യയിലെ വിശാലമായ കമ്പോളം സ്വന്തം ആവശ്യത്തിനുപയോഗപ്പെടുത്താന്‍ വിവിധ മുതലാളിത്ത കോയ്മകള്‍ തമ്മിലുള്ള മത്സരം ഉപയോഗിച്ച് അവയുടെ സോവിയറ്റ് വിരോധത്തിന് മൂര്‍ച്ച കുറയ്-ക്കുക. സാര്‍വ്വദേശീയ സമൂഹത്തില്‍ സോവിയറ്റ് റഷ്യക്ക് അധികമധികം സമുന്നത സ്ഥാനം നേടുക. അങ്ങനെ സോവിയറ്റ് റഷ്യയെ സാമ്പത്തികമായും രാഷ്ടീയനയതലത്തിലുള്ള ബന്ധത്തിലും നല്ല നിലയിലെത്തിക്കാന്‍ സഹായിക്കുന്ന ഒരു നയസമീപനമാണിത്. ഈ നയസമീപനം സോവിയറ്റുകളുടെ കോണ്‍ഗ്രസില്‍ വിശദീകരിക്കുമ്പോള്‍ അമേരിക്കയിലെ ഒരു കുത്തക മുതലാളിയുമായി താന്‍ നടത്തിയ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ ലെനിന്‍ നല്‍കുന്നു. സോവിയറ്റ് റഷ്യയെ ചൂഷണം ചെയ്യാനാണ് ആ മുതലാളി വരുന്നതെന്ന് ലെനിന് നന്നായിഅറിയാം. എന്നാല്‍ സ്വന്തം ലാഭത്തിനുവേണ്ടി സോവിയറ്റ് റഷ്യയിലേക്ക് കടന്നുവരുന്ന ആ മുതലാളിയെ ഉപയോഗിച്ച് സോവിയറ്റ് റഷ്യയുടെ പുരോഗതി സുഗമമാക്കാന്‍ മാത്രമല്ല, വികസിത മുതലാളിത്ത ലോകത്തിലാകെ നടമാടിയ സോവിയറ്റ് വിരോധത്തിന്റെ മൂര്‍ച്ച കുറയ്ക്കാനും കഴിയുമെന്ന് സോവിയറ്റുകളുടെ കോണ്‍ഗ്രസില്‍ ലെനിന്‍ നടത്തിയ പ്രഭാഷണം വ്യക്തമാക്കി. ഇതിന്റെ വികസിത രൂപമാണ് പിന്നീട് ലെനിന്റെ നേതൃത്വത്തില്‍ ആവിഷ്കരിച്ചതും ഇനി വിവരിക്കാന്‍ പോകുന്നതുമായ സോവിയറ്റ് റഷ്യയുടെ പുത്തന്‍ സാമ്പത്തിക നയം”. (പേജ് 376, 377)
തുടര്‍ന്ന് സ്റ്റേറ്റ് മുതലാളിത്തം കെട്ടിപ്പടുക്കുകയെന്ന പരിപാടി ലെനിന്‍ നടപ്പാക്കാന്‍ തുടങ്ങി. കെട്ടിപ്പടുക്കുന്ന സമൂഹം സോഷ്യലിസത്തിന്റേതല്ല മുതലാളിത്തത്തിന്റേതാണ്. എന്നാല്‍ ഭരണകൂടത്തിന്റെ വര്‍ഗ്ഗ സ്വഭാവം സോഷ്യലിസത്തിന്റേതാണ്. തൊഴിലാളിവര്‍ഗ്ഗ ഭരണകൂടത്തിന്റെ കര്‍ശനമായ നിയന്ത്രണത്തിലാണ് വിദേശീയ മുതലാളിമാരും നാടന്‍ മുതലാളിമാരും റഷ്യക്കാരായ കൃഷിക്കാരും മുതലാളിത്തം കെട്ടിപ്പടുക്കുന്നത്. ഇത് യുദ്ധകാല കമ്യൂണിസത്തില്‍ നിന്നുള്ള തിരിച്ചുപോക്കാണെങ്കിലും കെട്ടിപ്പടുക്കുന്ന സമ്പദ്-വ്യവസ്ഥ തൊഴിലാളി വര്‍ഗ്ഗ ഭരണകൂടത്തിന്റെ കര്‍ക്കശമായ നിയന്ത്രണത്തിലാണ്. സ്റ്റേറ്റ് മുതലാളിത്തം കെട്ടിപ്പടുത്താല്‍ അതില്‍ നിന്ന് പൂര്‍ണ്ണവും യഥാര്‍ത്ഥവുമായ സോഷ്യലിസത്തിലേക്ക് മുന്നേറാന്‍ കഴിയുമെന്നും ലെനിന്‍ വ്യക്തമാക്കി. യുദ്ധകാല കമ്യൂണിസത്തില്‍ നിന്നും സ്റ്റേറ്റ് മുതലാളിത്തത്തിലേക്കുള്ള തിരിച്ചുപോക്ക് സ്റ്റേറ്റ് മുതലാളിത്തത്തില്‍ നിന്നും സോഷ്യലിസത്തിലേക്കുള്ള മുന്നേറ്റത്തിന്റെ ആദ്യപടിയാണെന്ന് കാണാം. താറുമാറായി കിടക്കുന്ന റഷ്യയുടെ സമ്പദ്-വ്യവസ്ഥയെ രക്ഷിക്കാന്‍ സാമ്പത്തികോല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് തൊഴിലാളി വര്‍ഗ്ഗ ഭരണകൂടത്തിന്റെ കീഴില്‍ സ്റ്റേറ്റ് മുതലാളിത്തം കെട്ടിപ്പടുക്കാതെ മറ്റു മാര്‍ഗ്ഗങ്ങളില്ല. സാമ്പത്തികോല്‍പ്പാദനം വര്‍ദ്ധിപ്പിക്കാതെ സോഷ്യലിസം കെട്ടിപ്പടുക്കാനുമാവില്ല. ഈ യാഥാര്‍ത്ഥ്യം സോവിയറ്റ് റഷ്യയിലെ തൊഴിലാളി വര്‍ഗ്ഗത്തെയും, ജന സമൂഹത്തെയും പഠിപ്പിക്കുന്നതിനുവേണ്ടിയാണ് ‘പുത്തന്‍ സാമ്പത്തിക നയ’ത്തെ ഉപയോഗിച്ചത്. ഈ വിഷയത്തെപ്പറ്റിയാണ് 1921 ഒക്ടോബര്‍ 29 മുതല്‍ 31 വരെ തിയ്യതികളില്‍ റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏഴാമത് മോസ്കോ ഗൂബെര്‍ണിയ സമ്മേളനത്തില്‍ ലെനിന്‍ നടത്തിയ പ്രഭാഷണത്തില്‍ വിവരിച്ചത്. ഇതിനെ സംബന്ധിച്ച് ‘ഒരു ഇന്ത്യന്‍ കമ്യൂണിസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പുകള്‍’ എന്ന പുസ്തകത്തില്‍ ഇ.എം.എസ് ഇങ്ങനെ വിവരിക്കുന്നു: ‘‘ഈ കാഴ്ചപ്പാട് അവതരിപ്പിക്കുന്നതിന് ലെനിനെ പ്രേരിപ്പിച്ച മുഖ്യപരിഗണന സോവിയറ്റ് യൂണിയന്റെ പിന്നാക്കാവസ്ഥയായിരുന്നു. തൊഴിലാളി വര്‍ഗ്ഗ ഭരണകൂടം നിലവില്‍ വന്നു എന്നയര്‍ത്ഥത്തില്‍ മറ്റു രാജ്യങ്ങളുടെ മുന്‍പന്തിയിലെത്തിയിരുന്ന സോവിയറ്റ് യൂണിയന്‍ സാമൂഹികമായും, സാംസ്കാരികമായും, സാമ്പത്തികമായും മുതലാളിത്ത രാജ്യങ്ങളുടെ പിന്നിലാണ്. ഈ പിന്നാക്കനില അവസാനിപ്പിക്കുന്നതിനാണ് ശക്തമായ തൊഴിലാളി വര്‍ഗ്ഗ ഭരണകൂടത്തിന്റെ കര്‍ശനമായ നിയന്ത്രണത്തില്‍ സാമ്പത്തിക പുരോഗതിയുണ്ടാക്കാന്‍ സഹായകമായ പുത്തന്‍ സാമ്പത്തിക നയം ലെനിന്‍ ആവിഷ്കരിച്ചത്. സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ പിന്നാക്കനില അവസാനിപ്പിക്കാതെ രാഷ്ട്രീയ നടപടികളിലുടെ മാത്രം സോവിയറ്റ് യൂണിയന് പുരോഗമിക്കാന്‍ കഴിയുകയില്ലെന്നായിരുന്നു ലെനിന്റെ വിലയിരുത്തൽ”. (പേജ് 224).
ഭരണം നടത്തുമ്പോള്‍ നിരവധി പ്രശ്നങ്ങളുയര്‍ന്നുവരാം. നിരവധി അഭിപ്രായങ്ങള്‍ വിവിധ കോണുകളില്‍ നിന്നും വരാം. വിപ്ലവവിരുദ്ധമായ അഭിപ്രായങ്ങളെയും നിര്‍ദ്ദേശങ്ങളെയും ആശയപരമായും രാഷ്ട്രീയമായും എതിര്‍ത്ത് തോല്‍പ്പിക്കണം. എതിര്‍ത്ത് തോല്‍പ്പിക്കുന്നതിന്റെ പേരില്‍ ഭരണകൂടത്തിനകത്തും രാജ്യത്താകെയും അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കുന്ന സമീപനം അംഗീകരിക്കാനാവില്ല. തൊഴിലാളി വര്‍ഗ്ഗ ഭരണകൂടത്തിന്റെ നേതൃപരമായ പങ്കിനെ നിഷേധിക്കാതെയും വിവിധ തലങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്ന വ്യത്യസ്താഭിപ്രായങ്ങളെ അടിച്ചമര്‍ത്താതെയും ജനാധിപത്യ കേന്ദ്രീകരണത്തിലൂടെ പാര്‍ട്ടിയിലെയും, ഭരണകൂടത്തിലെയും ഐക്യം നിലനിര്‍ത്തണമെന്ന് ലെനിന്‍ ചൂണ്ടിക്കാട്ടി.
അന്നത്തെ റഷ്യയിലെ സവിശേഷ പരിതഃസ്ഥിതിയെ നേരിടാനാണ് ലെനിന്‍ ഈ സമീപനങ്ങളെടുക്കാന്‍ തയ്യാറായതെങ്കിലും ഈ സമീപനങ്ങള്‍ക്ക് ആഗോള പ്രസക്തിയുണ്ട്. സോവിയറ്റ് റഷ്യക്കുപുറമെ വിപ്ലവം നടക്കാന്‍ പോകുന്ന രാജ്യങ്ങളിലും തൊഴിലാളി വര്‍ഗ്ഗ ഭരണകൂടത്തെ ഉപയോഗപ്പെടുത്തി സാമ്പത്തിക രംഗത്ത് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ കഴിയണം. വികസിത മുതലാളിത്ത രാജ്യങ്ങളോടൊപ്പം സാമ്പത്തിക ഉല്‍പ്പാദനത്തിന്റെ മേഖലകളില്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ മുതലാളിത്ത ലോകവും സോഷ്യലിസ്റ്റ് ലോകവും തമ്മിലുള്ള മത്സരത്തില്‍ സോഷ്യലിസ്റ്റ് ലോകത്തിന് ജയം നേടാന്‍ കഴിയൂ. ഈ പ്രശ്നം മാര്‍ക്സിന്റെയും എംഗല്‍സിന്റെയും കാലത്ത് ഉയര്‍ന്നുവന്നിരുന്നില്ല. സോഷ്യലിസത്തിനുവേണ്ടിയുള്ള സമരം അന്ന് സങ്കല്‍പ്പ ലോകത്ത് മാത്രമായിരുന്നു. അത് യാഥാര്‍ത്ഥ്യത്തിലേക്ക് കടന്നത് 1917þല്‍ റഷ്യയിലായിരുന്നു. ആദ്യകാലത്ത് അവിടെയും സാമ്രാജ്യത്വ കടന്നാക്രമണങ്ങളില്‍ നിന്നും, ആഭ്യന്തര യുദ്ധത്തില്‍ നിന്നും തൊഴിലാളി വര്‍ഗ്ഗ ഭരണകൂടത്തെ രക്ഷിക്കലായിരുന്നു മുഖ്യ ലക്ഷ്യം. സാമ്രാജ്യത്വ യുദ്ധത്തിലും ആഭ്യന്തര യുദ്ധത്തിലും തൊഴിലാളി വര്‍ഗ്ഗ ഭരണകൂടത്തിന് വിജയം നേടാന്‍ കഴിഞ്ഞപ്പോള്‍ മാത്രമാണ് സോഷ്യലിസ്റ്റ് സമൂഹ നിര്‍മ്മാണം ഒരു സജീവ പ്രശ്നമായി ഉയര്‍ന്നുവന്നത്. അതുകൊണ്ടാണ് റഷ്യയില്‍ ‘പുത്തന്‍ സാമ്പത്തിക നയം’ രൂപപ്പെടാന്‍ 1921 വരെ കാത്തിരിക്കേണ്ടി വന്നത്. ലെനിന്‍ ആവിഷ്കരിച്ച ഈ കാഴ്ചപ്പാട് പ്രാവര്‍ത്തികമാക്കുന്നതിനാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരണത്തിലെത്തിയ രാജ്യങ്ങളില്‍ ശ്രമം നടക്കുന്നത്. ഇന്ന് ചൈനയും വിയറ്റ്നാമും മറ്റ് സോഷ്യലിസ്റ്റ് രാജ്യങ്ങളും തങ്ങളുടെ രാജ്യത്ത് സാമ്പത്തിക വളര്‍ച്ച നേടി സോഷ്യലിസം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നത് ലെനിന്‍ ആവിഷ്കരിച്ച ഈ കാഴ്ചപ്പാട് ഉള്‍ക്കൊണ്ടാണ്.
എന്റെ ലേഖനത്തില്‍ മാര്‍ക്സിസം വികസിപ്പിക്കുന്നതിന് ലെനിന്‍ നടത്തിയ എല്ലാ പരിശ്രമങ്ങളേയും വിവരിച്ചിട്ടില്ല. വിശേഷിച്ചും മാര്‍ക്സിയന്‍ തത്വശാസ്ത്രം വികസിപ്പിക്കുന്നതില്‍ ലെനിന്‍ നല്‍കിയ സംഭാവനകള്‍. അവയെല്ലാം പിന്നീടൊരു സന്ദര്‍ഭത്തിലാകാമെന്നാണ് ഞാന്‍ കരുതുന്നത്. ഒരു കാര്യം കൂടി വിവരിച്ച് ഈ ലേഖനം അവസാനിപ്പിക്കാം: കമ്യൂണിസ്റ്റ് പാര്‍ട്ടി മുമ്പ് സ്വീകരിച്ച നിലപാടുകളില്‍ ഇന്നത്തെ സാഹചര്യമനുസരിച്ച് എന്തെങ്കിലും വ്യതിയാനം വരുത്തിയാല്‍ പാര്‍ട്ടി മാര്‍ക്സിസ്റ്റ് നിലപാട് ഉപേക്ഷിച്ചതായി ചിലര്‍ വിമര്‍ശിക്കാറുണ്ട്. അതുപോലെ മാര്‍ക്സിന്റെയും എംഗല്‍സിന്റെയും ലെനിന്റെയും, മൗസേ ദൊങ്ങിന്റെയും ഇ.എം.എസിന്റെയും കൃതികളില്‍ നിന്നും ഏതെങ്കിലും ഖണ്ഡികയോ, വാചകമോ അവ പരാമര്‍ശിച്ച സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി ഉദ്ധരിച്ച് സമകാലിക സംഭവ വികാസങ്ങളെ വ്യാഖ്യാനിക്കാന്‍ പലരും ശ്രമിക്കാറുണ്ട്. ഈ വിഷയത്തെപ്പറ്റി ‘മാര്‍ക്സ് –എംഗല്‍സ് þ ലെനിന്‍ വിചാര പ്രപഞ്ചം; ഒരു മുഖവുര’ എന്ന പുസ്തകത്തില്‍ ഇ.എം.എസ് ചര്‍ച്ച ചെയ്ത കാര്യം നമുക്ക് വഴികാട്ടിയാകണം. ‘‘ഈ പശ്ചാത്തലത്തില്‍ വേണം മാര്‍ക്സിന്റെയും, ഏംഗല്‍സിന്റെയും, ലെനിന്റെയും കൃതികളെ സമീപിക്കാന്‍. ‘ബുദ്ധിജീവി’കള്‍ എന്നവകാശപ്പെടുന്ന പലരും ചെയ്യാറുള്ളതുപോലെ മാര്‍ക്സിന്റെയും എംഗല്‍സിന്റെയും, ലെനിന്റെയും കൃതികളില്‍ നിന്ന് ഏതെങ്കിലുമൊരു ഖണ്ഡിക അല്ലെങ്കില്‍ ഏതെങ്കിലുമൊരു വാചകം ഉദ്ധരിച്ച് സമകാലീന സംഭവങ്ങളെ വ്യാഖ്യാനിക്കാന്‍ പുറപ്പെടുന്നതിന് യാതൊരു അര്‍ത്ഥവുമില്ല. എന്തുകൊണ്ടെന്നാല്‍ അവരുടെ ഓരോ കൃതിയും എതിരാളികളുമായുള്ള ഏറ്റുമുട്ടലില്‍ രൂപപ്പെട്ടതാണ്. ആ ഏറ്റുമുട്ടലിന്റെ മൂര്‍ത്ത സാഹചര്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് അവരുടെ നിരീക്ഷണങ്ങളെ യാന്ത്രികമായി വ്യാഖ്യാനിക്കുന്നവര്‍ മറ്റെന്തായാലും മാര്‍ക്സിസ്റ്റുകാരല്ല. എന്തുകൊണ്ടെന്നാല്‍ പ്രായോഗിക പ്രശ്നങ്ങളുടെ പരിശോധനകളില്‍ നിന്നാണ് സിദ്ധാന്തം രൂപപ്പെടുന്നത്. പ്രായോഗിക പ്രശ്നങ്ങളാവട്ടെ മാര്‍ക്സിന്റെയും എംഗല്‍സിന്റെയും ലെനിന്റെയും കാലത്തുണ്ടായിരുന്നതില്‍ നിന്ന് വളരെയേറെ വ്യത്യസ്തമാണ്. ഇന്നത്തേത്. അതുകൊണ്ട് മാര്‍ക്സും എംഗല്‍സും ലെനിനും വളര്‍ത്തിയെടുത്ത പ്രായോഗിക പ്രശ്ന പരിശോധനാ രീതി ഇന്ന് നാം നേരിടുന്ന പ്രായോഗിക പ്രശ്ന പരിശോധനയില്‍ ഉപയോഗിക്കുകയാണ് മാര്‍ക്സിസം – ലെനിനിസം” (പേജ് 233). ♦