ഈ രാജ്യത്തിന് ഇതും കാണേണ്ടി വന്നിരിക്കുന്നു. ജന്തർ മന്ദിര്‍ അറിയപ്പെടുന്നത് സംസ്ഥാനങ്ങളില്‍ അനീതി നേരിടുന്ന പൗരന്മാര്‍ ഡൽഹിയിൽ വന്ന്, നീതിക്കായി സമരം ചെയ്യുന്ന വേദിയായാണ്.
എന്നാല്‍ ഇന്ന് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് തന്റെ ജോലികള്‍ക്ക് അവധി കൊടുത്ത് ഇവിടെ ഡല്‍ഹിയില്‍ ജന്തർ മന്ദിറില്‍ വന്ന് കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ ധര്‍ണ്ണ നടത്തേണ്ടി വന്നിരിക്കുന്നു. ഇതും ഈ രാജ്യത്തിന് കാണേണ്ടിവന്നിരിക്കുന്നു.
ഇന്ന്, രാജ്യത്തെ ഏതാണ്ട് പകുതി സംസ്ഥാനങ്ങളിലും പ്രതിപക്ഷപാര്‍ട്ടികളാണ് ഭരിക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ വസിക്കുന്ന ഏതാണ്ട് 70 കോടി ജനങ്ങളെ ഈ പ്രതിപക്ഷ സര്‍ക്കാരുകള്‍ പ്രതിനിധാനം ചെയ്യുന്നു– അതായത് രാജ്യത്തെ ജനസംഖ്യയിൽ പകുതിപ്പേരെ.
ഇന്ന് എനിക്ക് തോന്നുന്നത് കേന്ദ്രം പ്രതിപക്ഷ സര്‍ക്കാരുകളോട് പാക്കിസ്താനോടെന്നപോലെ ഒരു തരം യുദ്ധം തന്നെ പ്രഖ്യാപിച്ചിരിക്കുന്നു എന്നാണ്. എനിക്ക് ചോദിക്കാനുള്ളത് നിങ്ങള്‍ ഈ 70 കോടി ജനങ്ങളെ ഈ രാജ്യത്തെ നിവാസികളായി കാണുന്നില്ലേ എന്നാണ്. നിങ്ങള്‍ തമിഴ്നാട്ടിലെ, കേരളത്തിലെ, കര്‍ണ്ണാടകത്തിലെ, പഞ്ചാബിലെ, ഡല്‍ഹിയിലെ, പശ്ചിമബംഗാളിലെ ജനങ്ങളെ സ്വന്തം രാജ്യത്തെ ജനങ്ങളായി കരുതുന്നില്ലേ? ഇവര്‍ പുറത്തുനിന്നുള്ളവരാണോ? ഇവരും ഇവിടുത്തെ പൗരര്‍ തന്നെയല്ലേ?
ഈ 70 കോടി ജനങ്ങളാണ് ഈ പ്രതിപക്ഷപ്പാര്‍ട്ടികളെ വോട്ടു ചെയ്ത് അധികാരത്തിൽ എത്തിച്ചത്. സംസ്ഥാന സര്‍ക്കാരുകളുടെ അധികാരങ്ങള്‍ എന്തെല്ലാം ആണെന്ന് നമ്മുടെ ഭരണഘടനയില്‍ എഴിതിയിട്ടുണ്ട്. ഉദാഹരണത്തിന്, വിദ്യാഭ്യാസം, ആരോഗ്യം എന്നിവ സംസ്ഥാന സര്‍ക്കാരുകളുടെ അധികാരപരിധിയിൽ വരുന്നു.
എന്നാല്‍ നിങ്ങള്‍ ഞങ്ങളെ ഞങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ അനുവദിക്കുന്നില്ല. എല്ലാ പ്രതിപക്ഷസംസ്ഥാനങ്ങളെയും ദ്രോഹിക്കുവാന്‍ കേന്ദ്രം സര്‍വ്വ കുതന്ത്രങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണ്.
പ്രധാനമായും മൂന്നു രീതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളെ സമ്മര്‍ദ്ദത്തിലാക്കുവാന്‍ ശ്രമിക്കുന്നത്.
ഒന്നാമതായി, കേന്ദ്രസര്‍ക്കാര്‍ നീതിപൂര്‍വ്വമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട സംസ്ഥാന സര്‍ക്കാരുകളുടെ അവകാശമായ ഫണ്ടുകള്‍ നല്‍കുന്നില്ല. രണ്ടാമത്, ഗവര്‍ണ്ണര്‍മാര്‍, ലഫ്. ഗവര്‍ണ്ണര്‍മാര്‍ എന്നിവരിലൂടെ സംസ്ഥാന സര്‍ക്കാരുകളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്നു. മൂന്നാമത്, അന്വേഷണ ഏജന്‍സികളെ സംസ്ഥാനങ്ങളിലേക്കയച്ച് തോന്നിയവരെയെല്ലാം അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നു.
ഇവിടെ പിണറായി വിജയന്‍സാബ് ഉണ്ട്, പഞ്ചാബ് മുഖ്യമന്ത്രിയുണ്ട്, ഡല്‍ഹി മുഖ്യമന്ത്രിയായ ഞാന്‍ ഉണ്ട്, മറ്റു പല സംസ്ഥാനങ്ങളില്‍ നിന്നുമുള്ള മന്ത്രിമാരും വന്നിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് നീതിപൂര്‍വ്വമായി അവകാശപ്പെട്ട ഫണ്ട് കേന്ദ്രം നിഷേധിക്കുന്നു എന്ന പ്രശ്നം ഞങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്.
ജനങ്ങള്‍ക്ക് അവകാശപ്പെട്ട ഫണ്ട് നല്‍കിയില്ലെങ്കില്‍ സംസ്ഥാനങ്ങള്‍ എങ്ങനെ മുന്നോട്ടു പോകും? സംസ്ഥാന സര്‍ക്കാര്‍ എങ്ങനെ മുന്നോട്ടുപോകും? കേരളത്തിന്റേതാകട്ടെ, തമിഴ്നാടിന്റേതാകട്ടെ, സര്‍ക്കാരുകള്‍ എങ്ങനെ പ്രവര്‍ത്തിക്കും?
ഞങ്ങള്‍ ഇവിടെ ഭിക്ഷ യാചിക്കാന്‍ വന്നതല്ല. വിജയന്‍ സാബ് ഇവിടെ അദ്ദേഹത്തിന്റെ സ്വന്തക്കാര്‍ക്കോ, കുടുംബാംഗങ്ങൾക്കോ വേണ്ടി ധന സഹായം ചോദിച്ചു വന്നതല്ല, സ്വന്തം ഭാര്യക്കോ കുട്ടികള്‍ക്കോ പണം നല്‍കാന്‍ ആവശ്യപ്പെട്ടു വന്നതല്ല. കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശപ്പെട്ട പണം കേന്ദ്രത്തോടാവശ്യപ്പെട്ടാണ് അദ്ദേഹം വന്നിരിക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രി തന്റെ സംസ്ഥാനത്തെ മൂന്നു കോടി ജനങ്ങള്‍ക്കവകാശപ്പെട്ട ഫണ്ട് ആവശ്യപ്പെട്ടാണെത്തിയിരിക്കുന്നത്. ഞാന്‍ ഡല്‍ഹിയിലെ രണ്ടു കോടി ജനങ്ങള്‍ക്കവകാശപ്പെട്ട പണം നല്‍കണമെന്നാവശ്യപ്പെട്ടാണെത്തിയിരിക്കുന്നത്.
ഭരണഘടനയില്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ വ്യക്തമായിപ്പറഞ്ഞിട്ടുണ്ട്. ഏതു ഫണ്ട് എവിടെ ചെലവഴിക്കണം, എത്ര ചെലവഴിക്കണം എങ്ങനെ ചെലവഴിക്കണം എന്നെല്ലാം കൃത്യമായിപ്പറഞ്ഞിട്ടുണ്ട്. ഫിനാന്‍സ് കമ്മീഷന്‍ രൂപീകരണവും ഭരണഘടനയിൽ പറഞ്ഞ പ്രകാരമാണ്.
നികുതിപ്പണത്തിന്റെ എത്ര വിഹിതം കേന്ദ്രസർക്കാരിന് അവകാശപ്പെട്ടതാണെന്നും എത്ര പണം സംസ്ഥാനങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും ഫിനാന്‍സ് കമ്മീഷന്‍ തീരുമാനിക്കും. നികുതിപ്പണത്തിന്റെ ഈ വിഹിതം ജനങ്ങളുടെ അവകാശമാണ് – കേരളത്തിലെ, തമിഴ്നാട്ടിലെ, പശ്ചിമബംഗാളിലെ, ഡല്‍ഹിയിലെ ജനങ്ങളുടെ അവകാശമാണ്. ഈ അവകാശം നിങ്ങള്‍ക്കെങ്ങനെ കവര്‍ന്നെടുക്കാന്‍ കഴിയും?
നിങ്ങള്‍ ഞങ്ങള്‍ക്കവകാശപ്പെട്ട ഈ വിഹിതം തന്നില്ലെങ്കില്‍ ഞങ്ങള്‍ റോഡുകള്‍ എങ്ങനെ പണിയും? വൈദ്യുതിയെങ്ങനെ നല്‍കും? ജനങ്ങളുടെ ക്ഷേമവും വികസനവും എങ്ങനെയുറപ്പാക്കും? ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള അവകാശം കേന്ദ്രത്തിനുണ്ടോ?
ഞാന്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ബാനര്‍ നോക്കുകയായിരുന്നു. കേരളത്തിന് ലഭിക്കേണ്ട 8,400 കോടി രൂപ കേന്ദ്രസർക്കാർ തടഞ്ഞു വെച്ചിരിക്കുന്നതായികാണുന്നു. പഞ്ചാബിന്റെയും 8,000 കോടി രൂപ തടഞ്ഞു വെച്ചിരിക്കുകയാണ്.
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് പഞ്ചാബ് സര്‍ക്കാര്‍ റൂറല്‍ ഡെവലപ്പ്മെന്‍റ് ഫണ്ട് (ആര്‍ ഡി എഫ്) ഇനത്തിൽ സംസ്ഥാന സർക്കാരിന് കേന്ദ്രം നൽകാനുള്ള, കേന്ദ്രം തടഞ്ഞു വെച്ചിട്ടുള്ള 5,500 കോടി രൂപ കേന്ദ്രം നല്‍കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പോയി. അടുത്തയാഴ്ച കേസ് എടുക്കാമെന്ന് സുപ്രീം കോടതി അറിയിച്ചപ്പോള്‍ കേന്ദ്രം പറയുന്നു പ്രശ്നം പരിഗണിക്കാമെന്ന്! ഇങ്ങനെ ഓരോ അവകാശത്തിനും ഞങ്ങള്‍ സുപ്രീം കോടതിയില്‍ പോകണമെന്നാണോ കേന്ദ്രം പറയുന്നത്?
ഇതെന്തു മര്യാദകേടാണ്? നിങ്ങൾ എന്തുകൊണ്ട് നിങ്ങളുടെ ഉത്തരവാദിത്തം നിർവഹിക്കുന്നില്ല? തങ്ങൾക്കവകാശപ്പെട്ട ഓരോ വിഹിതത്തിനും സംസ്ഥാനങ്ങൾ സുപ്രീം കോടതിയിൽ പോകണോ? സുപ്രീം കോടതിയിൽ കേസുകളുടെ ബാഹുല്യമുണ്ട് , മറ്റ് അനേകം ഉത്തരവാദിത്തങ്ങൾ സുപ്രീം കോടതിക്ക് നിർവ്വഹിക്കാനുണ്ട്. ഞങ്ങൾ ഫണ്ട് കിട്ടുവാനായി ജന്തർ മന്ദിറിൽ വന്നു സമരം ചെയ്യണോ?
ബ്രിട്ടീഷുകാരെ വെല്ലുന്ന ചൂഷണം
ഡൽഹിയിലെ ജനങ്ങൾ പ്രതിവർഷം 2 ലക്ഷം കോടി രൂപ ഇൻകം ടാക്സ് ആയി കേന്ദ്രസർക്കാരിന് നൽകുന്നു. പകരം കേന്ദ്ര സർക്കാർ ഡൽഹിയ്ക്ക് ഞങ്ങൾക്കവകാശപ്പെട്ട വിഹിതമായി ഒരുവർഷം നൽകുന്നത് കേവലം 325 കോടി രൂപ മാത്രമാണ്. ഇംഗ്ളീഷുകാർ പോലും അവരുടെ ഭരണത്തിൽ സംസ്ഥാനങ്ങളെ ഇത്ര ചൂഷണം ചെയ്തിട്ടുണ്ടാകുകയില്ല!
കേന്ദ്രസർക്കാർ ഗവർണർമാരെയും ലഫ്. ഗവർണർമാരെയും ഉപയോഗിച്ച് സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനത്തിൽ പ്രതിബന്ധം സൃഷ്ടിക്കുന്നു. സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ടതെന്തെല്ലാം ആണെന്ന് ഭരണഘടനയിൽ കൃത്യമായി എഴുതിയിട്ടുണ്ട്. ഈ വിഷയങ്ങളിലും ഗവർണർമാർ കൈ കടത്തുന്നു.
അടുത്തിടെ പഞ്ചാബ് സർക്കാരിനുണ്ടായ അനുഭവം പറയാം: സംസ്ഥാനസർക്കാർ ബജറ്റ് സെഷൻ വിളിക്കുന്നതിനായി ഫയൽ ഗവർണ്ണർക്ക് അയച്ചു. ഗവർണ്ണർ ബജറ്റ് സമ്മേളനം വിളിക്കുന്നതിനുള്ള അനുമതി നിഷേധിച്ചു.
ചിന്തിക്കൂ, തിരഞ്ഞെടുക്കപ്പെട്ട പൂർണ്ണ സംസ്ഥാനപദവിയുള്ള സർക്കാരിന്റെ കാബിനെറ്റ് തീരുമാന പ്രകാരം അടുത്ത വർഷത്തെ ബജറ്റ് പാസ്സാക്കുന്നതിനായി ഒരു തീയതി നിശ്ചയിച്ച് സെഷൻ വിളിച്ചു ചേർക്കാനായി പറയുന്നു. ഗവർണ്ണർ ബജറ്റ് സെഷൻ വിളീക്കുവാൻ അനുമതി നൽകിയില്ല, അവസാനം സംസ്ഥാനസർക്കാരിന് ബജറ്റ് സെഷന് അനുമതി ലഭിക്കുവാൻ സുപ്രീം കോടതിയിൽ പോകേണ്ടിവന്നു. ഗവർണ്ണർക്ക് സുപ്രീം കോടതിയുടെ കടുത്ത ശാസനയും ഏറ്റുവാങ്ങേണ്ടി വന്നു . ഇത്തരത്തിൽ സുപ്രീം കോടതിയുടെ ശാസന ഏറ്റുവാങ്ങുന്നത് ഇപ്പോൾ ഒരു പതിവായിരിക്കുന്നു. എന്നിട്ടും അവർക്ക് ഒരു മാറ്റവും ഇല്ല.
ഡൽഹിയിൽ ലെഫ്.ഗവർണർ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് തുടർച്ചയായി തടസ്സം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകും.
സംസ്ഥാനസർക്കാരുകളെ സമ്മർദ്ദത്തിലാക്കുന്നതിനുള്ള മൂന്നാമത്തെ മാർഗ്ഗമാണ് കേന്ദ്ര ഏജൻസികൾ.
ഈ രാജ്യത്തു നിയമവാഴ്ചയുണ്ടായിരുന്നു. മുൻകാലങ്ങളിൽ കുറ്റം ചെയ്യുന്നവരാണ് ശിക്ഷിക്കപ്പെട്ടിരുന്നത് . എന്നാൽ ഇന്ന് തോന്നുന്നതുപോലെ ആളുകളെ അറസ്റ്റ് ചെയ്തു ജയിലിലാക്കുന്നു. മുൻപ് കുറ്റം ആരോപിക്കപ്പെടുന്നവർ, വിചാരണയ്ക്കുശേഷം കുറ്റം ചെയ്തതായി തെളിഞ്ഞാൽ ആണ് ജയിലിൽ പോയിരുന്നത്. എന്നാൽ ആരെ ജയിലിലാക്കണമെന്ന് ഇന്ന് ആദ്യമേ മോദി സർക്കാർ തീരുമാനിക്കുന്നു. പിന്നെ അയാളെ പിടിച്ചു ജയിലിലാക്കുന്നു. അതിനു ശേഷം അയാളിൽ എന്ത് കുറ്റം ചുമത്തണമെന്ന് തീരുമാനിക്കുന്നു! അതിനു ശേഷമാണ് കേസ് എടുക്കുന്നത്. വിചാരണ കഴിയുംവരെ അയാൾ നിർദ്ദോഷിയാണെന്നു സ്ഥാപിക്കപ്പെടുന്നതു വരെ അയാളെ തടവിലിടുന്നു!
നമ്മുടെ നാട്ടിൽ ഒരു കേസിന്റെ നടപടിക്രമങ്ങൾ പൂർത്തിയാകാൻ പലപ്പോഴും 10 മുതൽ 15 വർഷം വരെ എടുക്കാറുണ്ട്. അതായത് 15 വർഷം ഒരു കുറ്റവും ചെയ്യാതെ സർക്കാരിന് ആരെ വേണമെങ്കിലും ഇപ്പോൾ ജയിലിലാക്കാം!
ഇപ്പോൾ കൊണ്ടുവന്നി ട്ടുള്ള പി എം എൽ എ നിയമത്തിലും പറഞ്ഞിട്ടുള്ളത് ജയിലിലാക്കിയ വ്യക്തിയെ വിചാരണപൂർത്തിയാകും വരെ, അയാൾ കുറ്റ വിമുക്തനാകും വരെ തടവിൽ വെയ്ക്കാം എന്നാണ്. ഇത് അപകടകരമായ പ്രവണതയാണ്.
ഇപ്പോൾ ഹേമന്ത് സോറനെ (ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി) ഇവർ ജയിലിലാക്കിയിരിക്കുന്നു. ഇതുവരെ അദ്ദേഹം എന്തെങ്കിലും കുറ്റം ചെയ്തതായി തെളിയിക്കപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ വിചാരണ കഴിഞ്ഞിട്ടില്ല. വിചാരണ തുടങ്ങിയിട്ട് പോലുമില്ല! അന്വേഷണം നടക്കുന്നതേയുള്ളൂ. ഇനി വിചാരണ 15 വർഷം തുടർന്നാൽ ഹേമന്ത് സോറൻ 15 വർഷവും ജയിലിൽ കിടക്കട്ടെ എന്നാണോ?
നാളെ സമാനമായ രീതിയിൽ എന്നെ പിടിച്ചു ജയിലിലിടാം, വിജയൻ സാബിനെ ജയിലിലിട്ടേക്കാം , സ്റ്റാലിൻ സാബിനെ പിടിച്ചു ജയിലിലിട്ടേക്കാം , സിദ്ധരാമയ്യ സാബിനെ ജയിലിലിട്ടേക്കാം, സുഖ്‌വിന്ദറിനെയും മറ്റാരെയും പിടിച്ചു ജയിലിലിടാം. അങ്ങനെ സർക്കാരുകളെ അട്ടിമറിക്കാം.
ഹേമന്ത് സോറൻ സാബിനെ ജയിലിലിട്ട ശേഷമുള്ള 48 മണിക്കൂർ ഇവർ ജെ എം എമ്മിനെ പിളർത്തി സംസ്ഥാന ഭരണം അട്ടിമറിക്കാനുള്ള ശ്രമം നടത്തുകയായിരുന്നു. ഇവരുടെ മുൻപിൽ പിളരാതെ, മുട്ട് മടക്കാതെ പിടിച്ചു നിന്ന ജെ എം എമ്മിന്റെ മഹത്വത്തെ മാനിക്കുന്നു.
കേന്ദ്ര സർക്കാർ ഇനിയും ആരെയും പിടിച്ചു ജയിലിൽ ഇടും. പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരിനെ താഴെയിറക്കും, തങ്ങളുടെ പുതിയ സർക്കാരിനെ പ്രതിഷ്‌ഠിക്കും.
അവർ പറയുന്നു കെജ്-രിവാൾ അഴിമതിക്കാരനാണെന്ന് ! ഞാൻ ഡൽഹിയിൽ വൈദ്യുതിയുടെ വിലകുറച്ചു, സൗജന്യമാക്കി അതുകൊണ്ട് ഞാൻ അഴിമതിക്കാരനായി! മധ്യ പ്രദേശ്, ഗുജറാത്ത്, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് വൈദ്യുതിക്ക് ഏറ്റവും ഉയർന്ന വില ഈടാക്കുന്നത്. പറയൂ ആരാണ് അഴിമതിക്കാരൻ ? വൈദ്യുതി സൗജന്യമാക്കിയ ആൾ ആണോ അഴിമതിക്കാരൻ, അതോ വൈദ്യുതിക്ക് ഏറ്റവും അധികം വിലയീടാക്കുന്നവരോ അഴിമതിക്കാർ?
ഡൽഹിയിൽ സർക്കാർ ആശുപത്രികളിൽ ഞാൻ എല്ലാ ചികിത്സകളും സൗജന്യമാക്കി. പാവപ്പെട്ടവരോ, പണക്കാരോ ആരുമാകട്ടെ, ചികിത്സയും മരുന്നുകളുമെല്ലാം സൗജന്യമാക്കി. മധ്യ പ്രദേശ്, ഗുജറാത്ത്, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്ക് ഉയർന്ന തുകയീടാക്കുന്നു. ഞാൻ ചോദിക്കുന്നൂ, ജനങ്ങൾക്ക് സൗജന്യമായി ചികിത്സ നൽകുന്നവരാണോ കള്ളന്മാർ അതോ ചികിത്സയ്ക്കായി ഉയർന്ന തുക ചുമത്തുന്നവരാണോ? ആരുടെ മേലും കേന്ദ്രം കള്ളം ആരോപിക്കുന്നു.
ഇത്തരുണത്തിൽ രാജ്യത്തിന്റെ സ്ഥിതി വളരെ മോശമാണ്. ഈ അവസരത്തിൽ, ഇത്തരത്തിൽ എല്ലാവരെയും ഒരുമിപ്പിച്ച് ഒരു പ്രതിഷേധം സംഘടിപ്പിച്ചതിൽ വിജയൻ സാബിനെ ഞാൻ അഭിനന്ദിക്കുന്നു.
എനിക്ക് ബി ജെ പിക്കാരോട് പറയാനുള്ളത് ഇത്രമാത്രം, സമയചക്രം ചലിച്ചുകൊണ്ടിരിക്കും. നിങ്ങൾ അഹങ്കരിക്കുന്നത് നിർത്തു. നാളെ സമയചക്രം മുന്നോട്ടുപോകുമ്പോൾ ഞങ്ങൾ ഇരിക്കുന്നിടത്ത് നിങ്ങളും നിങ്ങൾ ഇരിക്കുന്നിടത്ത് ഞങ്ങളും ആയേക്കാം. അന്ന് ഈ നിയമങ്ങൾ നിങ്ങളെയും പിന്തുടരുമെന്നും നിങ്ങളെയും അകത്താക്കും എന്നും ഓർക്കുക. ♦