ഭരണഘടന സംരക്ഷിക്കാൻ, ജനാധിപത്യം സംരക്ഷിക്കാൻ, ഫെഡറലിസം സംരക്ഷിക്കാൻ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതിന് ആദ്യമായി ഞാൻ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് നന്ദി രേഖപ്പെടുത്തുന്നു. ഈ സ്ഥലം ഞങ്ങൾക്ക് അപരിചിതമല്ല. ഞങ്ങളുടെ പാർട്ടിയുടെ തുടക്കം തന്നെ ഇവിടെ ജന്തർ മന്ദിറിൽ നിന്നായിരുന്നു. ഞങ്ങളുടെ പാർട്ടിയുടെ ദേശീയ കൺവീനറും പാർട്ടിയുടെ വിപ്ലവകാരിയായ നേതാവുമായ അരവിന്ദ് കെജ്‌രിവാൾ പറഞ്ഞതു പോലെ മുഖ്യമന്ത്രിയായ ശേഷവും ഇവിടെ വരേണ്ടിവരുന്ന അവസ്ഥയും നമുക്ക് ഉണ്ടായിരിക്കുന്നു.
ഇത് ബജറ്റ് തയ്യാറാക്കുന്ന സമയമാണ്. ഞങ്ങൾ ഈ സമയത്തു ഞങ്ങളുടെ ഓഫീസുകളിൽ ഇരുന്ന്, ബജറ്റ് തയ്യാറാക്കുന്നതിൽ വ്യാപൃതരാകേണ്ടിയിരുന്നവരാണ്. എന്നാൽ നമ്മുടെ അവകാശം ചോദിച്ചു വാങ്ങുന്നതിനായി നമുക്ക് ജന്തർ മന്ദിറിൽ വരേണ്ടി വന്നിരിക്കുകയാണ്. രാജ്യത്തെ രക്ഷിക്കാൻ നമ്മളെല്ലാം ഒന്നിച്ച് നിൽക്കേണ്ടത് ആവശ്യമാണ്. പഞ്ചാബ് കർഷക സംസ്ഥാനമാണ്. പഞ്ചാബ് അറിയപ്പെടുന്നത് ഇന്ത്യയുടെ ഭക്ഷ്യ കലവറ എന്നാണ്.
പഞ്ചാബിൽ നിന്ന് ഞങ്ങൾ 182 മെട്രിക് ടൺ അരി ഉത്പാദിപ്പിച്ചു രാജ്യത്തിന് നൽകുന്നു. ഞങ്ങളുടെ റൂറൽ ഡെവലപ്പ്മെന്റ ഫണ്ട് (ആർ ഡി എഫ്) എല്ലാ മാർക്കറ്റുകളും അവയിലേക്ക് എത്താനാവശ്യമായ റോഡുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ 5,500 കോടി രൂപ കേന്ദ്ര സർക്കാർ തടഞ്ഞു വെച്ചിരിക്കുന്നു. അത് അനുവദിച്ചു കിട്ടാനായി ഞങ്ങൾ സുപ്രീം കോടതിയിൽ കയറിയിറങ്ങിക്കൊണ്ടിരിക്കുകയാണ്.
ഞങ്ങളുടെ ഗവർണ്ണർ സാബ് ഞങ്ങൾ വിളിച്ചു ചേർക്കുന്ന നിയമസഭാ സമ്മേളനം ‘നിയമ വിരുദ്ധം’ ആണെന്ന് പറയുന്നു! ഞങ്ങൾക്ക് നിയമസഭാ സമ്മേളനം പാതിവഴിയിൽ നിർത്തി വച്ച് സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നു. ആദ്യ സിറ്റിങ്ങിൽത്തന്നെ സമ്മേളനം നിയമ വിരുദ്ധമല്ല എന്ന് ഗവർണർ കോടതിയെ അറിയിക്കുന്നു. അത് അദ്ദേഹത്തിന് ആദ്യമേ പറയാമായിരുന്നില്ലേ? നിയമസഭാ സമ്മേളനം പാതി വഴിയിൽ നിർത്തിവെക്കുന്ന സാഹചര്യം ഗവർണർ എന്തിനുണ്ടാക്കി?
പഞ്ചാബിൽ ബി ജെ പി നാമമാത്രമാണ്. 117 അംഗ നിയമസഭയിൽ 92 എം എൽ എ മാർ ഞങ്ങളുടേതാണ്. ബി ജെ പി ക്ക് ആകെയുള്ളത് 2 എംഎൽഎമാരാണ്. വേണമെങ്കിൽ നിയമസഭയിൽ ഒരു സ്കൂട്ടറിൽ വരാവുന്ന സംഖ്യ മാത്രം!
എന്നാൽ എവിടെയെല്ലാം ബി ജെ പി പ്രതിപക്ഷസ്ഥാനത്തുപോലും എത്താത്ത നിലയുണ്ടോ അവിടെയെല്ലാം ഗവർണർ പ്രതിപക്ഷമാകാൻ ശ്രമിക്കുന്നു. സർക്കാരിനെതിരെ കത്തെഴുത്തുമായി വരുന്നു. ബി ജെ പി അധികാരത്തിലുള്ള സംസ്ഥാനങ്ങളിലൊന്നും ഈ കത്തെഴുത്ത് ഞാൻ കാണുന്നില്ല. ഗുജറാത്ത് ഗവർണർ എഴുതുന്നുണ്ടോ? ഇല്ല, ഉത്തർ പ്രദേശ് ഗവർണർ എഴുതുന്നുണ്ടോ, ഇല്ല. എന്നാൽ തമിഴ്നാടിന്റെയും കേരളത്തിന്റെയും ഗവർണർമാർ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്?
ബഹുമാനപ്പെട്ട സുപ്രീം കോടതി വിധിന്യായത്തിൽ പറഞ്ഞു ഗവർണർ ‘സെലക്ടഡ്’ ആണ്,ജനാധിപത്യത്തിൽ ‘ഇല്ടഡ്’ ആണ് ഭരിക്കേണ്ടത് എന്ന്. ജനാധിപത്യത്തെ തടസ്സപ്പെടുത്താനോ അതിനുള്ള കല്പനകൾ പുറപ്പെടുവിക്കാനോ നിങ്ങൾക്കധികാരമില്ല. ഏതെങ്കിലും ബില്ല് പിടിച്ചുവെക്കാൻ ഗവർണർക്ക് അധികാരമില്ല. ഒന്നുകിൽ ബിൽ ഒപ്പിടണം, അല്ലെങ്കിൽ സർക്കാരിന് തിരിച്ചയക്കണം. ഇതു രണ്ടുമല്ലെങ്കിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടണം, ഇതാണ് സുപ്രീം കോടതി പറഞ്ഞത്.
ഇതേ ആവശ്യം ഉന്നയിച്ചു തന്നെയാണ് കേരള സർക്കാർ സുപ്രീം കോടതിയിൽ പോയത്. കേരള സർക്കാരിനെ പ്രതിനിധാനം ചെയ്ത അഭിഭാഷകനോടും സുപീം കോടതി അഭ്യർത്ഥിച്ചത് ഇതേ പ്രശ്നത്തിൽ പഞ്ചാബ് സർക്കാർ നൽകിയ കേസിലെ വിധി പഠിക്കണമെന്നും അതേ സമീപനം തന്നെയായിയിരിക്കും കേരളത്തിന്റെ കാര്യത്തിലും കോടതിക്ക് ഉണ്ടാവുകയെന്നുമാണ്. ഓരോ കാര്യത്തിനും സുപ്രീം കോടതിയെ സമീപിക്കേണ്ടി വരുന്നു.
അടുത്തിടെ നമ്മുടെ ജനാധിപത്യത്തിന്റെ അവസ്ഥ ചണ്ഡിഗഢിൽ നമ്മൾക്ക് കാണാൻ കഴിഞ്ഞു. ചണ്ഡിഗഢ് 10 ചതുരശ്ര കിലോമീറ്റർ വരുന്ന ഒരു ചെറിയ നഗരമാണ്. 36 കൗൺസിലർമാരാണ് നഗരസഭയ്ക്കുള്ളത്. അതിൽ 20 പേർ ഇന്ത്യ കൂട്ടായ്മയിൽ നിന്നുള്ളവരാണ്. ബിജെപി മുന്നണിയുടെ 16 പേരാണുള്ളത്, ചണ്ഡിഗഢിൽ നിന്നുള്ള പാർലമെന്റംഗം ഉൾപ്പടെ.
തങ്ങളുടെ 16 കൗൺസിൽ അംഗങ്ങളുടെ വോട്ട് അവർ കൃത്യമായി എണ്ണി. എന്നാൽ ഞങ്ങളുടെ പാർട്ടിയിലെ 8 പേരുടെ വോട്ട് അവർ അസാധുവാക്കി. ഇവർക്ക് വോട്ടുചെയ്യാൻ അറിയില്ലെന്നും ഇവർ തെറ്റായി വോട്ടു ചെയ്‌തെന്നുമായിരുന്നു ആരോപണം! വോട്ടിന്റെ മുദ്ര ശരിയായി പതിഞ്ഞിട്ടില്ല എന്നതായിരുന്നു കാരണമായിപ്പറഞ്ഞത്. അവർ ആദ്യമായി വോട്ടു ചെയ്യുന്നവരായിരുന്നില്ല. എല്ലാ വർഷവും തിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലമാണ്. പ്രിസൈഡിങ് ഓഫീസർ പക്ഷപാതപരമായാണ് തീരുമാനമെടുത്തത്. (മാധ്യമ പ്രതിനിധികൾ ഇവിടെയുണ്ട്, നിങ്ങളുടെ മുതലാളിമാർ അനുവദിക്കുമെങ്കിൽ ഇത് സംപ്രേഷണം ചെയ്യുക).
10 വോട്ടുകളാണ് അങ്ങനെ റദ്ദാക്കപ്പെട്ടത്. അതായത് ഏതാണ്ട് 25% വോട്ടുകളുടെ തട്ടിപ്പ് ! വെറും 36 വോട്ട് എണ്ണിയപ്പോൾ ഇത്രയും തട്ടിപ്പ് നടത്തിയെങ്കിൽ ഇനി മെയ്-, ജൂൺ മാസങ്ങളിൽ 90 കോടി വോട്ടുകൾ എണ്ണുമ്പോൾ ഇവർ എന്തെല്ലാം ആയിരിക്കും ചെയ്യാൻ പോകുന്നത് എന്നാണ് എന്റെ ആശങ്ക.
10 ചതുരശ്ര കിലോമീറ്റർ വരുന്ന ചണ്ഡിഗഢ് നഗരത്തിലെ പരാജയം അവർ അംഗീകരിക്കാൻ തയ്യാറാകുന്നില്ല. ഇനി രാജ്യം മുഴുവൻ അവരെന്തായിരിക്കും ചെയ്യുക?
പഞ്ചാബ് അവകാശങ്ങൾക്കായി ശബ്ദമുയർത്തുകയാണ്. കൃഷിക്കാർ തങ്ങളുടെ അവകാശമായ കുറഞ്ഞ താങ്ങുവില ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയാണ്. ഡൽഹിയിൽ കർഷകർ വന്ന് സമരം നടത്തിയപ്പോൾ, കേന്ദ്രം ഒരു വർഷം അവരുടെ ആവശ്യങ്ങൾ കണ്ടില്ലെന്നു നടിച്ചു. സമരത്തിൽ 750-തോളം കർഷകർക്ക് ജീവൻ നഷ്ടപ്പെട്ടു. എന്നാൽ രാജ്യമൊട്ടാകെയുള്ള കർഷകർ ഇവിടെയെത്തിയപ്പോൾ, ലോകം മുഴുവൻ ശ്രദ്ധിക്കുന്ന സമരമായി അത് മാറി. പെട്ടെന്നൊരു ദിവസം ഒരു സാഹബ് പ്രത്യക്ഷപ്പെട്ടിട്ട് പറയുന്നത്, കർഷക നിയമങ്ങളുടെ സദുദ്ദേശ്യം കർഷകരെ ധരിപ്പിക്കുന്നതിൽ കുറവ് വന്നിരിക്കുന്നു, ഇതിനുള്ള തന്റെ തപസ്യ തുടരും അതുകൊണ്ട് വിവാദമായ കർഷക നിയമങ്ങൾ പിൻവലിക്കുന്നു എന്ന്! നിയമങ്ങൾ പിൻവലിച്ചിട്ട് രണ്ടുവർഷം കഴിയുന്നു. ഇതുവരെ അദ്ദേഹത്തിന്റെ തപസ്യ കഴിഞ്ഞില്ലേ? ഇനിയെങ്കിലും കർഷകർക്ക് കൊടുത്ത ഉറപ്പുകൾ പാലിക്കൂ എന്നാണ് എനിക്ക് പറയുവാനുള്ളത്. കാരണം, കർഷകർ വീണ്ടും സമരത്തിനായി ഡൽഹിയിലേക്ക് വരികയാണ്.
ചിലരെ അട്ടിമറിക്കുന്നു. ചിലരുടെ ഫണ്ട് തടഞ്ഞു വെക്കുന്നു. ചില ഫണ്ടുകൾ തരണമെങ്കിൽ മോദിയുടെ ഫോട്ടോ പ്രദർശിപ്പിക്കണമെന്ന് പറയുന്നു. ഇതെന്ത് നേരമ്പോക്കാണ്? എത്ര ദിവസം ഈ ഫോട്ടോ ഉണ്ടാകുമെന്നാണ് കരുതുന്നത്? മെയ് മാസത്തിൽ എല്ലാം മാറിമറിയുകയാണെങ്കിൽ ആരുടെ ഫോട്ടോ പ്രദർശിപ്പിക്കും ?
എത്ര വെറുപ്പാണ് ഇവർ പ്രകടിപ്പിക്കുന്നത്!!
പഞ്ചാബ് രക്തസാക്ഷികളുടെ സംസ്ഥാനമാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലികഴിച്ചവരിൽ 90% പേരും പഞ്ചാബിൽ നിന്നുള്ളവരാണ്. പഞ്ചാബിലെ മൊത്തം 3,500 ഗ്രാമങ്ങളിൽ രാജ്യത്തിനു വേണ്ടി ജീവൻ വെടിഞ്ഞ രക്തസാക്ഷികളില്ലാത്ത ഒരു ഗ്രാമം പോലുമുണ്ടാകില്ല. രക്തസാക്ഷികളുടെ പ്രതിമയോ സ്മാരകമോ ഇല്ലാത്ത ഒരു ഗ്രാമം പോലുമുണ്ടാകില്ല. സ്വാതന്ത്ര്യ സമരമോ, 1962ലെ യുദ്ധമോ, 1965 ലെയോ 1971 ലെയോ യുദ്ധങ്ങളോ കാർഗിൽ യുദ്ധമോ പോരാട്ടം ഏതുമാകട്ടെ അവയെല്ലാം പഞ്ചാബിന്റെ രക്തസാക്ഷികൾ ഉണ്ട്. പഞ്ചാബിലെ മൂന്നിലൊന്ന് ഗ്രാമങ്ങളും ഏതെങ്കിലും ഒരു ഗുരുവുമായി ബന്ധപ്പെട്ടിരിക്കുന്നു, അവിടെ അവരുടെ പാദമുദ്ര സ്വാധീനം ചെലുത്തുന്നു.
പഞ്ചാബികൾ രാജ്യസ്നേഹികളാണ്, രാജ്യത്തിനു വേണ്ടി പൊരുതിയവരാണ് . എന്നാൽ കേന്ദ്രം പഞ്ചാബിനോട് എന്താണ് ചെയ്യുന്നത്?
ജനുവരി 26 ന് നിശ്ചലദൃശ്യം അവതരിപ്പിക്കാനായി ഞങ്ങൾ മൂന്ന് പ്ലോട്ടുകൾ സമർപ്പിച്ചു. സംസ്ഥാനത്തു നിന്നുള്ള രക്തസാക്ഷികളുടെ ചരിത്രമായിരുന്നു അതിന്റെ തലക്കെട്ട്. ഒന്നാമത്തേത് ഭഗത് സിങ്ങിന്റേതായിരുന്നു. രാജ് ഗുരു, സുഖ് ദേവ്, കർത്താർ സിംഗ് സാരാഭ, മഹാരാജ രഞ്ജിത്ത് സിംഗ്, ജാലിയൻവാലാ ബാഗ് സംഭവം എന്നിവയെല്ലാം ഉണ്ടായിരുന്നു അതിൽ. രണ്ടാമത്തേത്, ആദ്യ വനിതാ സിഖ് പോരാളിയായിരുന്ന മായി ഭാഗോ യെപ്പറ്റിയുള്ളതായിരുന്നു. മൂന്നാമത്തേത്, പഞ്ചാബിന്റെ സംസ്കാരത്തെപ്പറ്റിയുള്ളതായിരുന്നു. അന്നദാനസമ്പ്രദായം, ഫൂൽ-കരി, സംഗീതം, ഭാംഗ്ര (Bhangra) നൃത്തം എന്നിവയായിരുന്നു അതിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഈ വർഷത്തെ ജനുവരി 26 ന്റെ പരേഡിൽ പഞ്ചാബിന്റെ നിശ്ചലദൃശ്യം ഉൾപ്പെടുത്തിയില്ല!
സ്വാതന്ത്ര്യത്തിന്റെ വിജയാഘോഷങ്ങൾ – ആഗസ്ത് 15 നും, ജനുവരി 26 നും പഞ്ചാബിനെ അവഗണിച്ചുകൊണ്ട് ആഘോഷിക്കാൻ കഴിയുമോ? ഇവരാരാണ് ഭഗത് സിങ്ങിനെ തള്ളിപ്പറയാൻ? ഇവരാരാണ് കർത്താർ സിംഗ് സാരാഭയെയും ലാലാ ലജ് പത് റായിയെയും തള്ളിപ്പറയാൻ? ഇവർ രാജ്യത്തിന്റെ മുതലാളി ചമയുകയാണോ? രാജ്യം ഇവരുടെ പൂർവ്വികസ്വത്താണോ?
നമ്മുടെ പൂർവ്വികർ പൊരുതി നേടിയതല്ലേ ഈ രാജ്യം? ഇവിടെ പ്രധാനമന്ത്രിക്കസേരയിൽ ചടഞ്ഞിരുന്ന് ആർക്കും എന്തും വിളിച്ച് പറയാമെന്നു കരുതിയോ? ഇന്നലെ രാജ്യ സഭയിൽ ഫെഡറലിസത്തെപ്പറ്റിയും താൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ യു പി എ സർക്കാർ ബുദ്ധിമുട്ടിച്ചിരുന്നതായും പ്രധാനമന്ത്രി പ്രസംഗിക്കുന്നത് കണ്ടു. ഇപ്പോൾ സംസ്ഥാനങ്ങളെ ആദരിക്കുന്നുണ്ടോ? ഇപ്പോളും നിങ്ങൾ സംസ്ഥാനങ്ങളെ ബുദ്ധിമുട്ടിക്കുക തന്നെയല്ലേ ചെയ്യുന്നത്?
എന്തിനെയും വാചാടോപം കൊണ്ട് നേരിടാമെന്നാണ് മോദി ധരിച്ചിരിക്കുന്നത്. ഇൗ ഞാൻ ഒരിക്കൽ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ ചോദിച്ചിരുന്നു. ഈ ചോദ്യം പ്രധാനമന്ത്രി എന്റെ മുമ്പിൽ ഇരിക്കവേ ഞാൻ മുഖത്തുനോക്കി താഴെ പറയുന്ന കവിത ചൊല്ലിയിട്ടുണ്ട്.
“പതിനഞ്ചു ലക്ഷമെന്നെഴുതുമ്പോൾ
തൂലിക പണിമുടക്കുന്നു!
കള്ളപ്പണത്തെപ്പറ്റി ചിന്തിക്കുമ്പോൾ
പേനയിൽ മഷി വറ്റുന്നു!
മോദി ജീ,
വാചകക്കസർത്തല്ലേ സകലതും?
ഇപ്പോളിതും സംശയം,
സത്യത്തിൽ, ചായയുണ്ടാക്കാനറിയാമോ?” “‘സൂര്യൻ ചെല്ലാത്തിടത്തുപോലും , കവി ചെന്നെത്തുന്നു”എന്നാണു പറയുന്നത്. അരമണിക്കൂറോ, ഒരു മണിക്കൂറോ പ്രസംഗിക്കുന്നതിനേക്കാൾ ഫലപ്രദമാകുന്നു പലപ്പോഴും രണ്ടുവരി കവിത-.
എണ്ണ വിറ്റഴിച്ചു, റെയിൽ വിറ്റഴിച്ചു, എയർപോർട്ട് വിറ്റഴിച്ചു. ഇവിടെ പറയുകയുണ്ടായി, കേരളത്തിലെ വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി നിഷേധിച്ചെന്ന്. പഞ്ചാബിന്റെ മൊഹാലി, അമൃത്-സർ വിമാനത്താവളങ്ങൾക്കും അന്താരാഷ്ട്ര പദവി നിഷേധിക്കുകയാണ്. ലോകം മുഴുവൻ പഞ്ചാബികൾ വസിക്കുന്നുണ്ട്. അവർക്കു ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം വരെ യാത്രചെയ്യുന്നത് ഒഴിവാക്കാൻ കഴിയും. എന്നാൽ കേന്ദ്രം ഇത് നിഷേധിക്കുന്നു. എല്ലാം അവരുടെ ആളുകൾക്കുമാത്രമാണ് ലഭിക്കുന്നത്.
ഞങ്ങളുടെ ജി എസ് ടി, എൻ എച്ച് എം, ആർ ഡി എഫ് എന്നിവയുടെയെല്ലാം പണം പിടിച്ചുവെച്ചിരിക്കുന്നു. എന്നാൽ ഇതുകൊണ്ടൊന്നും അങ്ങനെ നിങ്ങൾക്ക് ഞങ്ങളെ തടയാൻ കഴിയില്ല. നദികൾ അവയുടെ പാത സ്വയം സൃഷ്ടിക്കും.
ഭഗത് സിംഗ് എഴുതിയത് ഇങ്ങനെയാണ് -:
“പ്രണയിക്കുന്നത് ഓരോരുത്തരുടേയും ജന്മാവകാശമാണ്. പിന്നെ എന്തുകൊണ്ട് ഈ ഭൂമിയെ പ്രണയിനിയാക്കിക്കൂടാ ?’’
ഇത്ര പരിത്യാഗികളുടെ കഥയെ നിങ്ങൾ നിരസിക്കുന്നു. നിങ്ങൾ ആരാണ് ഇവരെ നിരസിക്കുവാൻ? ഞാൻ പറഞ്ഞു: ജനുവരി 26 ന് ഞങ്ങളുടെ ദൃശ്യങ്ങൾ നിങ്ങൾ കാണിക്കേണ്ട, ഞങ്ങൾ പഞ്ചാബിൽ ജനങ്ങളെ അത് കാണിച്ചു കൊള്ളാം.
ഇത് പറഞ്ഞപ്പോൾ മുതൽ ഞങ്ങൾക്ക് കേന്ദ്രത്തിന്റെ കത്തു വരാൻ തുടങ്ങി, അടുത്ത മൂന്നു വർഷം തുടർച്ചയായി ആഗസ്ത് 15 നും, ജനുവരി 26 നും പഞ്ചാബിന്റെ നിശ്ചല ദൃശ്യങ്ങൾ കാണിക്കാം എന്ന് ഗാരന്റി നൽകിക്കൊണ്ട്. ഞാൻ ചോദിക്കുന്നു, നിങ്ങൾ അടുത്ത മൂന്നു വർഷത്തിന്റെ ഗാരന്റി വാഗ്ദാനം ചെയ്യുന്നു. അടുത്ത മൂന്നു വർഷം നിങ്ങൾ അവിടെ ഉണ്ടാകുമെന്ന ഗാരന്റി നിങ്ങൾക്കുണ്ടോ?
നിങ്ങൾ ഉണ്ടാകുമോ അവിടെ ആഗസ്ത് 15 വരെ. അരവിന്ദ് കെജ്-രിവാൾ ജി പറഞ്ഞതുപോലെ ആര് എവിടെയുണ്ടാകുമെന്ന് ജനങ്ങൾ ആണ് തീരുമാനിക്കുന്നത്.
ഞങ്ങളുടെ ദേശസ്നേഹം ഹൃദയത്തിലാണ്. എന്നാൽ വെറുപ്പിന്റെ രാഷ്ട്രീയമാണ് അവർ നടപ്പാക്കുന്നത്. ഞങ്ങൾ സ്‌കൂളുകളുടെ, ആശുപത്രികളുടെ, വൈദ്യുതിയുടെ, അടിസ്ഥാനസൗകര്യങ്ങളുടെ രാഷ്ട്രീയമാണ് നടപ്പാക്കുന്നത്.
ഏതാനും വരികൾ ചൊല്ലി ഞാൻ അവസാനിപ്പിക്കുന്നു –
“സമൂഹത്തെ ഗോത്രങ്ങളായി
മുറിക്കരുതേ,
ദൂരങ്ങളെ മൈലുകളായി
മുറിക്കരുതേ,
ഭാരതമെന്ന രാജ്യം,
മഹാനദിയാണ്
ഇതിനെ അരുവികളും തടാകങ്ങളുമായി-
മുറിക്കരുതേ”. ♦