Friday, November 22, 2024

ad

Homeസംസ്ഥാനങ്ങളിലൂടെയുപിയിൽ ആശാ വർക്കർമാരുടെ പ്രക്ഷോഭം

യുപിയിൽ ആശാ വർക്കർമാരുടെ പ്രക്ഷോഭം

കെ ആർ മായ

പ്രതിമാസം നിശ്ചിത വേതനം, സാമൂഹ്യസുരക്ഷ, തൊഴിലാളി എന്ന നിലയ്‌ക്കുള്ള അടിസ്ഥാന അവകാശങ്ങൾ എന്നിവയെല്ലാം ആവശ്യപ്പെട്ടുകൊണ്ട്‌ ലക്‌നൗവിൽ ആശ വർക്കർമാർ നടത്തിയ ത്രിദിന പണിമുടക്ക്‌ ആദിത്യനാഥ്‌ സർക്കാരിന്‌ ശക്തമായ താക്കീതായി. സമരം ഇവിടംകൊണ്ട്‌ അവസാനിക്കുന്നില്ലെന്നും ദീർഘനാളായി തങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾ ഇനിയും നടപ്പാക്കുന്നില്ലെങ്കിൽ വരുംനാളുകളിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന മുന്നറിയിപ്പോടെയാണ്‌ ആശ പ്രവർത്തകർ സമരം അവസാനിപ്പിച്ചത്‌.

യുപിയിൽ ആദിത്യനാഥിന്റെ ഭരണത്തിൻ കീഴിൽ ഏറെ അവഗണന നേരിടുകയാണ്‌ ആശ വർക്കർമാർ. അവർക്ക്‌ നിശ്ചിത പ്രതിമാസവേതനമല്ല. ചെയ്യുന്ന ജോലിക്കനുസരിച്ച്‌ പ്രതിഫലം മാത്രമാണുള്ളത്‌. മാസം തുച്ഛമായ 2000 രൂപ മാത്രമാണ്‌ അവർക്ക്‌ ലഭിക്കുന്നത്‌. ജോലിചെയ്യുന്നതിനനുസരിച്ച്‌ കിട്ടുന്ന ഇസന്റീവ്‌ ആകട്ടെ പോയിന്റ്‌ സമ്പ്രദായത്തിലായതിനാൽ രാപകലില്ലാതെ പണിയെടുത്താലും അതും തുച്ഛമാണ്‌. അവധി, പ്രോവിഡന്റ്‌ ഫണ്ട്‌, ഗ്രാറ്റുവിറ്റി, പെൻഷൻ, ഇൻഷുറൻസ്‌, പ്രസവാനുകൂല്യങ്ങൾ, സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങൾ തുടങ്ങി അവശ്യം വേണ്ട ആനുകൂല്യങ്ങളൊന്നും തന്നെ ഇവർക്കില്ല. തൊഴിലാളിയായി പോലും അംഗീകരിച്ചിട്ടില്ല. ഇവയെല്ലാം ഉന്നയിച്ച്‌ ആശ വർക്കർമാർ നിരന്തരം പ്രക്ഷോഭങ്ങൾ നടത്തിവരികയാണ്‌. അതിന്റെ തുടർച്ചയാണ്‌ യുപിയിലെ ത്രിദിന പണിമുടക്കും. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ യുപിയിൽ ആശ വർക്കർമാർ കൂടുതൽ ദുരിതത്തിലാണ്‌. തികഞ്ഞ അവഗണനയാണ്‌ അവർ നേരിടുന്നത്‌. പ്രതിമാസം 1000 രൂപ അലവൻസ്‌ പ്രഖ്യാപിച്ചെങ്കിലും അത്‌ ഇതുവരെ നൽകിയിട്ടില്ല. ഇപ്പോൾ കിട്ടുന്ന 2000 രൂപകൊണ്ട്‌ എങ്ങനെ വീടു പുലർത്തുമെന്ന്‌ ഇവർ ചോദിക്കുന്നു. ഗത്യന്തരമില്ലാതെയാണ്‌ തെരുവിലിറങ്ങാൻ ഇവർ നിർബന്ധിതമായത്‌.

ജോലി സ്ഥിരപ്പെടുത്തുക, 26000 രൂപയിൽ കുറയാത്ത സ്ഥിരവേതനം, അടിസ്ഥാന ആനുകൂല്യങ്ങൾ നടപ്പാക്കുക തുടങ്ങി മുദ്രാവാക്യങ്ങളാണ്‌ ലക്‌നൗവിലെ ഇക്കോ ഗാർഡൻ ഗ്രൗണ്ടിൽ ഉയർന്നുകേട്ടത്‌. ഉത്തർപ്രദേശ്‌ ആശാ വർക്കേഴ്‌സ്‌ യൂണിയന്റെ നേതൃത്വത്തിൽ നടന്ന ഈ ത്രിദിന പണിമുടക്ക്‌ ആദിത്യനാഥ്‌ സർക്കാരിനുള്ള ശക്തമായ താക്കീതായി മാറി.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three − 2 =

Most Popular