Sunday, July 14, 2024

ad

Homeലേഖനങ്ങൾജനാധിപത്യത്തെ ചോരയിൽ മുക്കിക്കൊല്ലലും പരമോന്നത കോടതിയുടെ ധാർമ്മിക രോഷവും

ജനാധിപത്യത്തെ ചോരയിൽ മുക്കിക്കൊല്ലലും പരമോന്നത കോടതിയുടെ ധാർമ്മിക രോഷവും

അഡ്വ. ജി സുഗുണൻ

പ്രത്യേക രീതിയിലുള്ള ഒരു ഭരണക്രമമായിട്ടാണ് സാധാരണ ജനങ്ങൾ ജനാധിപത്യത്തെ മനസ്സിലാക്കുന്നത്. എന്നാൽ രാഷ്ട്രീയ സിദ്ധാന്തത്തെ സംബന്ധിച്ചിടത്തോളം ജനാധിപത്യം ഒരു പ്രതേ്യ കതരം ഭരണക്രമം മാത്രമല്ല; ജനാധിപത്യം എന്നത് ഒരേസമയം ഒരു രാഷ്ട്രീയ പദവിയും നൈതിക സങ്കല്പനവും സാമൂഹ്യ പരിസ്ഥിതിയുമാകുന്നു. പ്രൊഫ. ഡെലിസിൽ ബേൺസിന്റെ അഭിപ്രായത്തിൽ സാമൂഹിക പരിസ്ഥിതിയിലും രാഷ്ട്രീയ സംഘാടനത്തിലും ജനാധിപത്യം ദൃശ്യമാകുന്നു. മാത്രമല്ല സമൂഹ ജീവിതത്തിന്റെ ഏതു രൂപാന്തരത്തിലും ജനാധിപത്യത്തിന്റെ സാന്നിധ്യം ഉണ്ടാകാവുന്നതാണ്. സാമൂഹ്യ ജീവിതം, മതം, വ്യവസായം, രാഷ്ട്രതന്ത്രം, സമ്പത്ത് വ്യവസ്ഥ എന്നിവയെ പരാമർശിക്കുമ്പോഴും ജനാധിപത്യം എന്ന സങ്കൽപ്പനത്തിൽ വലിയ പ്രസക്തിയുണ്ട്. ചുരുക്കത്തിൽ രാഷ്ട്രത്തിന്റെ രൂപം ഭരണക്രമം, സാമൂഹികവ്യവസ്ഥ എന്നീ നിലകളിലും സർവ്വോപരി ഒരു ജീവിതരീതി എന്ന നിലയിലും ജനാധിപത്യം എന്ന പദത്തിന് അർത്ഥം ഉണ്ട്.

മേൽപ്പറഞ്ഞ വിശദീകരണങ്ങളിൽ നിന്ന് നമുക്ക് മനസ്സിലാകുന്നത് വ്യത്യസ്തങ്ങളായ മൂന്ന് അർത്ഥങ്ങളെങ്കിലും ദ്യോതിപ്പിക്കുന്ന ഒരു പദമാണ് അത് എന്നാണ്‌. ഭരണക്രമം, രാഷ്ട്രത്തിന്റെ രൂപം, പ്രതേ്യക തരത്തിലുള്ള ജീവിതരീതി എന്നിവാണ് ആ മൂന്ന് അർത്ഥങ്ങൾ. ആധുനിക ദശയിൽ ജനാധിപത്യം എന്ന പദത്തിന്റെ അർത്ഥ വ്യാപ്തി സാമ്പത്തിക മേഖലയിലേക്കും കടന്നുകയറിയിട്ടുണ്ടെന്നത് ഒരു വസ്തുതയാണ്. സാമ്പത്തിക ജനാധിപത്യം എന്ന സങ്കൽപനം തന്നെ അപ്രകാരം രൂപമെടുത്തതാണ്.

ജനാധിപത്യത്തിന്റെ മൗലികമായ അർത്ഥം ജനങ്ങളുടെ ശക്തി എന്നതാണ്. ഡൊമോക്രാറ്റിയ എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ജനാധിപത്യം എന്ന അർത്ഥമുള്ള ഡൊമോക്രസിയെന്ന വാക്ക് ഉടലെടുത്തത്. ‘ഡൊമോക്രാറ്റിയ’ എന്ന പദം ഡെമോസ് (demos) = ജനങ്ങൾ, ക്രാറ്റിയ (kratia) = ശക്തി എന്നീ രണ്ടു പദങ്ങളുടെ സംയോഗ ഫലമാണ്. രാഷ്ട്രത്തിന്റെ അധികാരശക്തി സമൂഹത്തിന്റെ മൊത്തം കൈകളിൽ നിക്ഷിപ്തമായിരിക്കുക എന്നതാണ് ഒരു ഭരണക്രമം എന്ന നിലയ്ക്ക് ജനാധിപത്യം എന്ന പദത്തിന്റെ അർത്ഥം. ജനങ്ങൾ സർവ്വവിധ അധികാരങ്ങളും ഉള്ളവരായിരിക്കുന്ന പ്രതേ്യക തരം രാഷ്ട്രം എന്നതാണ് രാഷ്ട്രത്തിന്റെ രൂപം എന്ന നിലയ്ക്ക് ജനാധിപത്യം കൊണ്ട് അർത്ഥമാക്കുന്നത്. സ്വാതന്ത്ര്യം, മാനുഷിക മൂല്യങ്ങൾ എന്നിവയെ മാനിക്കുക എന്നത്രേ ഒരു ജീവിത രീതി എന്ന നിലയ്ക്ക് ജനാധിപത്യം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു സാമൂഹിക തത്വശാസ്ത്രം എന്ന നിലയ്ക്ക് ജനാധിപത്യം സ്വാതന്ത്ര്യത്തിന്റെയും, സമത്വത്തിന്റെയും നിയമങ്ങൾ ഉൾക്കൊള്ളുന്നു.

നമ്മുടെ രാജ്യത്ത് ജനാധിപത്യം നിരന്തരമായി ചവിട്ടിമെതിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ജനാധിപത്യ ധ്വംസനങ്ങൾ നിത്യസംഭവങ്ങളാണ്. ഇതിൽ ഏറ്റവും ഒടുവിലത്തെ നഗ്നമായ ജനാധിപത്യ കൊലയാണ് ചണ്ഡിഗഢിൽ ഉണ്ടായിരിക്കുന്നത്. ചണ്ഡിഗഢ്‌ മേയർ തിരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടി ജനാധിപത്യത്തെ അരുംകൊല ചെയ്ത പ്രിസൈഡിംഗ് ഓഫീസറെ പ്രോസിക്യൂട്ട് ചെയ്യാൻ സുപ്രിം കോടതി നിർദ്ദേശിച്ചിരിക്കുകയാണ്. മേയർ തിരെഞ്ഞെടുപ്പിൽ കോൺഗ്രസ്സ്‐ ആം അദ്മി സംഖ്യത്തിന്റെ എട്ട് വോട്ടുകൾ അസാധുവാക്കുകയും, ബിജെപി സ്ഥാനാർത്ഥി മനോജ് സൊങ്കറിനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ഈ തിരഞ്ഞെടുപ്പ് സ്റ്റേചെയ്യണമെന്ന ഹർജിയിലാണ് സുപ്രീംകോടതിയുടെ കടുത്ത നടപടി ഉണ്ടായിരിക്കുന്നത്.

പ്രിസൈഡിംഗ് ഓഫീസറുടേത് ജനാധിപത്യത്തെ പരിഹസിക്കുന്ന നടപടിയാണ്. ബാലറ്റ് പേപ്പറിൽ മാറ്റങ്ങൾ വരുത്തി അട്ടിമറി നടത്തുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇങ്ങനെയാണോ തിരെഞ്ഞെടുപ്പ് നടത്തേണ്ടത് എന്ന് ചീഫ് ജസ്റ്റിസ്സ് ഡി.വൈ.ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ചണ്ഡിഗഢ്‌ ഭരണകൂടത്തിന് ഉൾപ്പെടെ ഉടൻ നോട്ടീസ് അയക്കണം. അടുത്ത ദിവസം നിശ്ചയിച്ചിരിക്കുന്ന ചണ്ഡിഗഢ്‌ മുനിസിപ്പൽ കോർപ്പറേഷൻ യോഗം മാറ്റിവെയ്ക്കാൻ കോടതി നിർദ്ദേശം നൽകി.

സ്റ്റേ ആവശ്യപ്പെട്ട് ആംഅദ്മി കൗൺസിലറും, മേയർ സ്ഥാനാർത്ഥിയുമായിരുന്ന കുൽദീപ് കുമാർ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. മേയർ തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തില്ലെങ്കിലും ഈ തിരെഞ്ഞെടുപ്പിൽ നടന്ന ജനാധിപത്യ ധ്വംസനം കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. തിരെഞ്ഞെടുപ്പ് നടപടികളുടെ ദൃശ്യങ്ങൾ കണ്ട കോടതി പ്രിസൈഡിംഗ് ഓഫീസറുടെ പെരുമാറ്റം കണ്ട് അമ്പരന്നു. ക്യാമറയിലേക്ക് നോക്കിയ ശേഷം കുറ്റവാളിയെപ്പോലെ എന്തിനാണ് ഉദേ്യാഗസ്ഥൻ ഓടിയൊളിച്ചതെന്ന് കോടതി ചോദിച്ചു. പരമോന്നത കോടതി എല്ലാ നിരീക്ഷിക്കുന്നുണ്ട് എന്ന്‌ ആ ഉന്നത ഉദേ്യാഗസ്ഥനെ അറിയിക്കുവാനും ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു.

മേയർ തിരഞ്ഞെടുപ്പിലെ ബാലറ്റ് പേപ്പറുകളും മറ്റു മുഴുവൻ രേഖകളും പഞ്ചാബ്‐ഹരിയാന ഹൈക്കോടതി രജിട്രാർ ജനറലിന് കൈമാറാൻ കോടതി ചണ്ഡിഗഢ്‌ ഭരണകൂടത്തിന് നിർദ്ദേശം നൽകി. വീഡിയോ ദൃശ്യങ്ങൾ സൂക്ഷിച്ചു വെയ്ക്കണം. 8 ആംഅദ്മി‐കോൺഗ്രസ്സ് കൗൺസിലറുമാരുടെ ബാലറ്റ് പേപ്പറുകൾ അസാധുവാക്കണമെന്ന ലക്ഷ്യത്തോടെ പ്രസൈഡിംഗ് ഓഫീസർ മനഃപൂർവ്വം രൂപമാറ്റം നൽകിയെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ അഭിഷേക് മനുസിംഗ്വി ആരോപിച്ചു. വീഡിയോ ദൃശ്യങ്ങളിൽ ഒരു വശം മാത്രമാണ് ഉള്ളതെന്നും എല്ലാ രേഖകളും പരിശോധിച്ച് തീരുമാനം എടുക്കണമെന്നും സോളിസിറ്റർ ജനറൽ തുഷാർമേത്ത ആവശ്യപ്പെട്ടു.

ചണ്ഡിഗഢ് മേയർ തിരഞ്ഞെടുപ്പിൽ വരണാധികാരി ബാലറ്റ് പേപ്പറിൽ കൃത്രിമം കാണിക്കുന്ന പുതിയ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. വരണാധികാരിയായ അനിൽ മസീഹ് ബാലറ്റ് പേപ്പറിൽ എഴുതുന്നതിന്റെ സി.സി.ടിവി ദൃശ്യമാണ് പുറത്തുവന്നത് ഇതിനിടയിൽ അയാൾ സി.സി.ടിവിയിലേക്ക് നോക്കുന്നത് ഈ ദൃശ്യങ്ങളിൽ കാണാം. ഒട്ടേറെ പ്രതിപക്ഷ നേതാക്കൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചു.

ജനാധിപത്യത്തെ കശാപ്പു ചെയ്യാൻ അനുവദിക്കില്ലായെന്ന സുപ്രീം കോടതിയുടെ പരാമർശം അപൂർവ്വങ്ങളിൽ അപൂർവ്വമായി ചരിത്രം രേഖപ്പെടുത്തുമെന്ന കാര്യത്തിൽ സംശയമില്ല. ചണ്ഡിഗഢ്‌ കൗൺസിൽ തിരഞ്ഞെടുപ്പ് ജനാധിപത്യത്തെ നഗ്നമായി അവഹേളിക്കുന്നതു കണ്ട് ഞെട്ടിപ്പോയി എന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്‌ പറഞ്ഞത്. ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയുടെ ചിത്രമാണ് ചണ്ഡിഗഢിൽ കാണാൻ കഴിയുന്നത്. ഭരണകക്ഷിയും പ്രതിപക്ഷവും എല്ലാം ഒത്തുചേർന്ന് പൂർവ്വികരിൽ നിന്ന് ഏറ്റുവാങ്ങിയ നിലവിലുള്ള നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കേണ്ടിയിരിക്കുന്നു. ജനാധിപത്യത്തിന് ഏൽക്കുന്ന മൂല്യച്യുതി രാജ്യത്തിനു നേരെയുള്ള വലിയ വെല്ലുവിളിയാണ്.

ധാർമ്മികത എന്ന വാക്കിന്റെ മൂല്യം നഷ്ടപ്പെടുന്നു എന്നു തോന്നിപ്പിക്കും വിധമാണ് ചണ്ഡിഗഢ്‌ മേയർ തിരഞ്ഞെടുപ്പിലെ നഗ്നമായ ക്രമക്കേടുകൾ നടന്നിരിക്കുന്നത്. ജനാധിപത്യത്തെ നോക്കുകുത്തിയാക്കുന്ന അധാർമ്മികതയുടെ അധികാരക്കളി മുൻപൊന്നും കേൾക്കാത്തവിധം രാഷ്ട്രീയത്തെ മലിനമാക്കുന്നതാണ് സമീപകാലത്തായി രാജ്യം കണ്ടുപോരുന്നത്. ഏത് വരണാധികാരിയും പുലർത്തേണ്ട ധാർമ്മികതയിലും, നിഷ്പക്ഷതയിലും നിഴൽ വീഴ്ത്തുന്നതാണ് ചണ്ഡിഗഢിലെ സംഭവം.

ജനങ്ങളുടെ അവസാന ആശ്രയമാണ് രാജ്യത്തെ നീതിന്യായ സംവിധാനം. ജനാധിപത്യത്തിന് ആഘാതം ഏൽക്കുന്ന ഘട്ടങ്ങളിൽ ജനങ്ങൾ ഉറ്റുനോക്കുന്നത് രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീംകോടതിയെ തന്നെയാണ്. സുതാര്യമായ തിരഞ്ഞെടുപ്പ് നടത്താൻ നിയുക്തനായ പ്രിസൈഡിംഗ് ഓഫീസർ തന്നെ അതിനെ അട്ടിമറിക്കുന്ന സ്ഥിതിവിശേഷം ജനാധിപത്യ സംവിധാനത്തെ തകർക്കുമെന്നുള്ള കാര്യത്തിൽ സംശയമില്ല.

പരിമിതമായ തോതിൽ എങ്കിലും നമ്മുടെ രാജ്യത്ത് നിലവിലുള്ള ജനാധിപത്യ സംവിധാനം നിലനിന്നേ മതിയാകൂ. ജനാധിപത്യത്തിൽ ജനങ്ങളാണ് ഭരണം നിയന്ത്രിക്കുന്നതും സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്നതും. രാഷ്ട്രീയ ചിന്തകനായ ബ്രൈസ് പ്രഭു പറഞ്ഞിട്ടുള്ളത് “”ഒരു വർഗ്ഗത്തിലോ വിഭിന്ന വർഗ്ഗങ്ങളിലോ ആയിട്ടല്ലാതെ സമൂഹത്തിലെ അംഗങ്ങളെ ആകെക്കൂടി രാഷ്ട്രത്തിന്റെ ഭരണധികാരം നിക്ഷിപ്തമായിരിക്കുന്ന ഒരു ഭരണ ക്രമമാണ് ജനാധിപത്യം”. നിർഭാഗ്യവശാൽ നമ്മുടെ രാജ്യം മതാധിപത്യത്തിലേക്ക് നീങ്ങുകയും, മഹാഭൂരിപക്ഷത്തിന്റെ താൽപര്യങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്യാൻ തുടങ്ങിയിരിക്കുന്നു. തിരഞ്ഞെടുപ്പുകൾ ഇക്കൂട്ടർ പ്രഹസനമാക്കിമാറ്റാൻ തുടങ്ങിയതിന്റെ ദൃഷ്ടാന്തം തന്നെയാണ് ചണ്ഡിഗഢ്‌ മേയർ തിരഞ്ഞെടുപ്പും.

ജനാധിപത്യത്തെ സംബന്ധിച്ച് എബ്രഹാം ലിങ്കൺ പറഞ്ഞിട്ടുള്ളത് “”ജനങ്ങൾക്കുവേണ്ടി, ജനങ്ങളാൽ നടത്തപ്പെടുന്ന ജനങ്ങളുടെ ഭരണമത്രെ ജനാധിപത്യ” മെന്നാണ് എന്നാൽ നമ്മുടെ രാജ്യത്തെ ജനാധിപത്യം ശക്തമായ മതാധിപത്യത്തിന്റെ മുന്നിൽ മുട്ടുമടക്കുകയാണ്. ജനാധിപത്യം ഫലത്തിൽ മതാധിപത്യമായി ഇവിടെ മാറുകയും ചെയ്യുന്നു.

നമ്മുടെ രാജ്യത്തെ ജനാധിപത്യത്തിനു നേരെ വ്യാപകമായി കൊലക്കത്തി ഉയരുകയാണ്. ജനാധിപത്യത്തെ ചോരയിൽ മുക്കിക്കൊല്ലാൻ ജനാധിപത്യ വിരുദ്ധർക്ക് യാതൊരു പ്രയാസവും തോന്നുകയില്ല. ചണ്ഡിഗഢ്‌ മേയർ തിരഞ്ഞെടുപ്പിലെ ജനാധിപത്യത്തെ ചുട്ടെരിക്കൽ ഇന്ത്യൻ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന കാര്യത്തിൽ സംശയമില്ല. അതിശക്തമായ പ്രതിക്ഷേധാഗ്നി രാജ്യത്തെ ജനകോടികളിൽ നിന്ന് ഇക്കാര്യത്തിൽ ഉയർന്നുവരികതന്നെ ചെയ്യും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × five =

Most Popular