Monday, May 13, 2024

ad

Homeവിപ്ലവപ്പാതയിലെ ആദ്യപഥികര്‍ട്രേഡ്‌ യൂണിയൻ രംഗത്തെ അതികായൻ

ട്രേഡ്‌ യൂണിയൻ രംഗത്തെ അതികായൻ

കെ ബാലകൃഷ്‌ണൻ

വിപ്ലവപാതയിലെ ആദ്യ പഥികർ ‐ 20

കേരളരാഷ്ട്രീയത്തിലെ ഏറ്റവും സമുന്നതനേതാവായിരുന്നിട്ടും ഇടക്കാലത്തെ വഴിമാറിനടപ്പോ വിട്ടുപോക്കോ കാരണം ചരിത്രത്തിൽ അർഹിക്കുംവിധം അടയാളപ്പെടുത്തപ്പെടുകയോ വേണ്ടവിധം ഓർമിക്കപ്പെടുകയോ ചെയ്യാത്ത വ്യക്തിത്വമാണ്‌‐ കെ.പി.ഗോപാലൻ. എന്നാൽ വിപ്ലവപ്പാതയിൽ ത്യാഗനിർഭരമായ പ്രവർത്തനത്തിലൂടെ മലബാറിൽ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന് ഉറച്ച അടിത്തറ പാകിയവരിൽ പ്രധാനിയാണ് കെ.പി. കണ്ണൂർ നഗരത്തിൽ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെയും കമ്യൂണിസത്തിന്റെയും ദേശീയപ്രസ്ഥാനത്തിന്റെയും പ്രതീകമായിരുന്നു അദ്ദേഹം. മലബാർ ജില്ല വിഭജിക്കുമ്പോൾ വടക്കേ മലബാർ കണ്ണൂർ കേന്ദ്രീകരിച്ചുള്ള ജില്ലയാക്കുന്നതിന് നേതൃത്വം നൽകിയതും അദ്ദേഹമത്രേ.

കണ്ണൂർ നഗരത്തോട് ചേർന്ന പുതിയാപ്പറമ്പിൽ കൊറ്റിയത്ത് കല്യാണിയുടെയും മാങ്കീൽ കണ്ണന്റെയും മകനായി 1908ലാണ് ഗോപാലൻ ജനിച്ചത്. സാമ്പത്തികമായി തരക്കേടില്ലാത്ത ചുറ്റുപാട്. ഭൂസ്വത്തും കള്ളുഷാപ്പ് കോൺട്രാക്ടുമെല്ലാമുള്ള കുടുംബം. ചിറക്കൽ രാജാസ് സ്കൂളിൽനിന്ന് പ്രൈമറി വിദ്യാഭ്യാസവും കണ്ണൂർ മുനിസിപ്പൽ സ്കൂളിൽനിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസവും നല്ലനിലയിൽ പൂർത്തിയാക്കിയ ഗോപാലനെ ഉന്നതവിദ്യാഭ്യാസത്തിനയച്ച് ഉദ്യോഗസ്ഥനാക്കാനാണ് രക്ഷിതാക്കൾ ആഗ്രഹിച്ചത്. എന്നാൽ അയിത്തവിരുദ്ധപ്രവർത്തനത്തിലും അന്ധവിശ്വാസത്തിനെതിരായ പ്രവർത്തനത്തിലുമെല്ലാമായിരുന്നു ഗോപാലന്റെ താല്പര്യം. സവർണാധിപത്യത്തിനെതിരെ സ്വന്തംനിലയ്ക്കുള്ള ചില പ്രവർത്തനങ്ങൾ നടത്തിയത് നാട്ടിൽ വലിയ ചർച്ചയായി. രാജകുടുംബത്തിലുള്ളവരും ബ്രാഹ്മണരുമെല്ലാം നടന്നുപോകുമ്പോൾ അവരെ ഉരുമ്മിനടന്ന് പ്രകോപിപ്പിക്കുകയൊക്കെ ശീലമായിരുന്നു. അശുദ്ധമായെന്ന് ആക്രോശിച്ച് അവർ കുളിക്കാൻപോകും. കുടുമ മുറിച്ചുകൊണ്ട്് ആചാരബദ്ധതയിൽനിന്ന് പുറത്തുകടന്ന കെ.പി, ആര്യബന്ധു പി.കെ.ബാപ്പുവടക്കമുളള സാമൂഹ്യപരിഷ്കർത്താക്കളുടെ വഴിയേ നടന്നു. ശ്രീനാരായണധർമപരിപാലനയോഗത്തിന്റെ കണ്ണൂരിലെ പ്രധാന സംഘാടകനായി. സ്കൂൾ വിദ്യാർഥിയായിരിക്കെത്തന്നെ ഇത്തരം പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ കെ.പി. കണ്ണൂർ നഗരത്തിലെ പ്രധാന ഫുട്ബോൾ കളിക്കാരനുമായിരുന്നു. മുനിസിപ്പൽ സ്കൂൾ ടീമിന്റെ ക്യാപ്റ്റൻ.

ഇങ്ങനെ നഗരത്തിൽ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനത്തിലും യുക്തിവാദപ്രചരണത്തിലുമെല്ലാം മുഴുകിനിൽക്കെയാണ് കെ.പി. ദേശീയപ്രസ്ഥാനത്തിലേക്കാകർഷിക്കപ്പെടുന്നത്. 1928ൽ നടന്ന റെയിൽവേ സമരമാണ് കെ.പി.യെ പ്രത്യക്ഷ രാഷ്ട്രീയത്തിൽ ആദ്യം സക്രിയമാക്കിയത്. ദക്ഷിണേന്ത്യയിലെ തൊഴിലാളിവർഗ ചരിത്രത്തിലെ നാഴികക്കല്ലാണ് സൗത്ത് ഇന്ത്യൻ റെയിൽവേ സമരം. താഴ്ന്ന തട്ടിലുള്ള ജീവനക്കാരുടെ വേതനം കൂട്ടുക, പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുക, റണ്ണിങ്ങ് സ്റ്റാഫിന്റെ പ്രയാസങ്ങൾ പരിഹരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ഭീഷണിയെയും മർദന്ത്തെയുമെല്ലാം അവഗണിച്ച് കണ്ണൂരിലും തൊഴിലാളികൾ പണിമുടക്കി. അവർക്ക് സഹായമെത്തിക്കാൻ പുറത്ത് വലിയൊരു ബഹുജനപ്രസ്ഥാനമൊന്നും അന്നില്ലായിരുന്നു. ദേശീയപ്രസ്ഥാനത്തിന്റെ പ്രവർത്തനം ചെറിയതോതിലുണ്ടായിരുന്നെങ്കിലും തൊഴിലാളിസമരത്തെ സഹായിക്കുന്നതിനുള്ള മാനസികാവസ്ഥയിലേക്ക് വളർന്ന പ്രവർത്തകർ കുറവായിരുന്നു. ആ ഘട്ടത്തിലാണ് കെ.പി.ഗോപാലൻ സമരസഹായ പ്രസ്ഥാനവുമായി രംഗത്തെത്തിയത്. ജാതിവിരുദ്ധ പ്രസ്ഥാനം, യുക്തിവാദപ്രസ്ഥാനം എന്നിവയിലൂടെ തനിക്ക് നേടാൻ കഴിഞ്ഞ ജനപിന്തുണ ഉപയോഗപ്പെടുത്തുകയായിരുന്നു കെ.പി. റെയിൽവേ സമരത്തോടെയാണ് മറ്റു പല പ്രദേശങ്ങളിലുമെന്നപോലെ കണ്ണൂരിലും ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ പിറവി. കണ്ണൂരിൽ അതിന് നെടുനായകത്വം വഹിച്ചതാവട്ടെ കെ.പി.ഗോപാലനും.

1930 ഏപ്രിലിൽ നടന്ന ഉപ്പ് സത്യാഗ്രഹജാഥയിലെ ഒരംഗമായിരുന്നു കെ.പി. വീട്ടിൽ അറിയിക്കാതെയാണ് ഉപ്പ് സത്യാഗ്രഹജാഥയിൽ പങ്കെടുക്കാൻ അപേക്ഷിച്ചതും പോയതും. കോഴിക്കോട്ടുപോയദിവസം രാത്രി വീട്ടിലെത്താതിരുന്നതിനാൽ പിറ്റേന്ന് കാലത്ത് കെ.പി.യുടെ അച്ഛനും മറ്റൊരു ബന്ധുവും കോഴിക്കോട്ടേക്ക് പോയി. ലഭിച്ച വിവരമനുസരിച്ച് ഉപ്പുസത്യാഗ്രഹത്തിന്റെ ഓഫീസായി പ്രവർത്തിച്ച വേർക്കോട്ട് ഹൗസിൽ അവർ എത്തി. എന്നാൽ ഗോപാലൻ പിതാവിനൊപ്പം പോകാൻ തയ്യാറായില്ല. ഉപ്പ്‌ സത്യാഗ്രഹജാഥയിൽ പങ്കെടുത്ത്, പയ്യന്നൂർ ഉളിയത്ത് കടവിൽ ഉപ്പുകുറുക്കിയശേഷം മറ്റ് പല കേന്ദ്രങ്ങളിലേക്കും ആ സമരം വ്യാപിപ്പിക്കുന്ന പ്രവർത്തനത്തിൽ മുഴുകുകയായിരുന്നു കെ.പി. 1930 മെയ് രണ്ടാം വാരം രാമന്തളി കടപ്പുറത്ത് ഉപ്പ് കുറുക്കലിന് നേതൃത്വം നൽകിയ കെ.പി.യെ പൊലീസ് അറസ്റ്റു ചെയ്തു. ആറുമാസത്തേക്ക് ശിക്ഷിച്ച കെ.പി.യെ ആദ്യം കണ്ണൂർ ജയിലിലാണടച്ചത്. ആ ആദ്യ ജയിലനുഭവത്തെക്കുറിച്ച്് കെ.പി. അനുസ്മരിച്ചതിങ്ങനെ, ‘‘കേളപ്പൻ, അബ്ദുറഹ്മാൻ സാഹിബ്, മൊയാരം, എൽ.എസ്.പ്രഭു, മാധവനാർ, ആർ.വി.ശർമ, കൃഷ്ണസ്വാമി അയ്യർ, കൃഷ്ണപിള്ള എന്നിവരോടൊപ്പം ഞാനും കഠിനാധ്വാനം ചെയ്യേണ്ടിവന്നു. ഒരുദിവസം നൂറ് നാളികേരത്തിന്റെ ചകരി അടിച്ചു ശരിപ്പെടുത്തിക്കൊടുക്കണം. കൗപീനം മാത്രമേ ഞങ്ങൾക്ക് ഉടുക്കാൻ അനുവാദമുള്ളൂ. ജയിലിലെ പുഴുനിറഞ്ഞ ഭക്ഷണം ഒരു പ്രാവശ്യം കഴിച്ചാൽ ആർക്കും കക്കൂസ് വിട്ടിറങ്ങേണ്ടിവരില്ല. സകല ചരാചരങ്ങളുമടങ്ങുന്നതായിരുന്നു കറി. രാഷ്ട്രീയത്തടവുകാർക്ക് തേക്കാൻ എണ്ണ നൽകിയില്ല. കുളി ശരിക്കില്ല. ഇതിനെല്ലാം പുറമെ ആംഗ്ലോ ഇന്ത്യൻ ‘ബ്ലഡി ഫൂൾ’ വിളിയും തെറിയും കേൾക്കണം. ഈ ധിക്കാരത്തെ ഞങ്ങൾ ചോദ്യംചെയ്തിരുന്നു’’.

ജയിലിലെ പീഡനത്തിൽ പ്രതിഷേധമുയർത്തിയതിനെ തുടർന്ന് കെ.പി.യടക്കമുള്ള രാഷ്ട്രീയ തടവുകാരെ ആദ്യം മദിരാശി ജയിലിലേക്കും പിന്നീട് ബെല്ലാരി ജയിലിലേക്കും മാറ്റി. ഓരോ സ്ഥലത്തും പീഡനം കുറയുകയല്ല, കൂടുകയായിരുന്നു. ആറു മാസത്തെ തടവുശിക്ഷ കഴിഞ്ഞശേഷം കെ.പി. കോൺഗ്രസ് സംഘടിപ്പിക്കാനായി വയനാടൻമേഖലയിലേക്ക് യാത്രയായി. വയനാട്ടിൽ ഏതാനും മാസത്തെ പ്രവർത്തനത്തിനുശേഷം തിരിച്ചെത്തിയപ്പോഴേക്കും മദ്യഷാപ്പ് പിക്കറ്റിങ്ങ് സമരമായി. സ്വന്തം പിതാവും ബന്ധുക്കളുമാണ് ചിറക്കൽ‐ പള്ളിക്കുന്ന് മേഖലയിലെ കള്ളുഷാപ്പുകളുടെ നടത്തിപ്പുകാരെന്നത് കെ.പി.ക്ക് പ്രശ്നമായില്ല. പിക്കറ്റിങ്ങിന് നേതൃത്വം നൽകിക്കൊണ്ട് ബന്ധുക്കളായ നടത്തിപ്പുകാരുടെ കള്ളഭിഷേകത്തിനും ആക്രമണത്തിനും ഇരയായി. വീട്ടിലും ബന്ധുക്കളുടെയിടയിലും ഒറ്റപ്പെടുന്നതിനാണിതിടയാക്കിയത്. ഇതൊന്നും പക്ഷേ കെ.പി. എന്ന വിപ്ലവകാരിയെ ബാധിച്ചതേയില്ല.

ക്ഷേത്രങ്ങളിൽ അവർണർക്കും ആരാധനാസ്വാതന്ത്ര്യം നൽകണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്താൻ കെ.പി.സി.സി. തീരുമാനിച്ചപ്പോൾ ഒരുമാസത്തെ പ്രചാരണം നടത്താനും തീരുമാനിച്ചിരുന്നു. ആ കാമ്പയിന് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ രൂപീകരിച്ച കമ്മിറ്റിയിൽ കെ.പി.അംഗമായിരുന്നു. കാസർകോട് മുതൽ തൃശൂർവരെയുള്ള കേന്ദ്രങ്ങളിൽ പ്രചരണത്തിനും ഗുരുവായൂർ സത്യാഗ്രഹ ഫണ്ട്് പിരിവിനുമായി കെ.പി. പര്യടനം നടത്തി. തൃശൂരിൽ കെ.പി.യുടെ നേതൃത്വത്തിൽ നടത്തിയ പ്രചരണയോഗത്തിൽ ഇ.എം.എസ്. സംബന്ധിക്കുകയുണ്ടായി. സംഘത്തിന് നൽകിയ സ്വീകരണത്തിൽ ഇ.എം.എസും പങ്കെടുത്തു. പിന്നീടാണ് ഇം.എം.എസ്. രാഷ്ട്രീയത്തിൽ സജീവമാകുന്നത്‐ആത്മകഥയിൽ ഇക്കാര്യം ഇ.എം.എസ്. അനുസ്മരിച്ചിട്ടുണ്ട്.

ലണ്ടനിൽ നടന്ന വട്ടമേശസമ്മേളനം പരാജയപ്പെട്ടതിനെ തുടർന്ന് 1932 ജനുവരിയിൽ രണ്ടാം നിയമലംഘനപ്രസ്ഥാനം ആരംഭിച്ചു. ജനുവരി നാലിന് മഹാത്മജിയെ അറസ്റ്റ് ചെയ്തു. ഇതിൽ പ്രതിഷേധിച്ച് അടുത്തദിവസം നാടെങ്ങും ഹർത്താലും യോഗങ്ങളും നടന്നു. കണ്ണൂർ നഗരത്തിൽ ഹർത്താൽ ആഹ്വാനം ചെയ്യുകയും മുനിസിപ്പൽ സ്കൂളിൽ ക്ലാസെടുക്കാതെ അടയ്ക്കുകയും ചെയ്തു. വൈകിട്ട് നഗരത്തിൽ പൊതുയോഗം തീരുമാനിച്ചു. എന്നാൽ വി.എം.വിഷ്ണു നമ്പീശൻ, കയപ്രത്ത് കുഞ്ഞപ്പ നമ്പ്യാർ, സാമുവൽ ആറോൺ, കെ.പി.ഗോപാലൻ, കെ.പി.ആർ.ഗോപാലൻ തുടങ്ങി 18 പേർക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചു. അവർക്ക്‌ പുറത്തിറങ്ങുന്നതിന് നിരോധനമേർപ്പെടുത്തി. എന്നാൽ നിരോധനം ലംഘിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. വിളക്കുംതറ മൈതാനത്ത് നിരോധനം ലംഘിച്ച് പൊതുയോഗം നടത്തി. വിഷ്ണു നമ്പീശൻ, കുഞ്ഞപ്പ നമ്പ്യാർ, കെ.പി.ഗോപാലൻ തുടങ്ങിയവരെ അറസ്റ്റ് ചെയ്തു. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് കേരളീയൻ, ഭാരതീയൻ എന്ന രണ്ടു പേരുകളുണ്ടായത്. അക്കാര്യം ഭാരതീയനെക്കുറിച്ചുള്ള അധ്യായത്തിൽ വിശദീകരിച്ചിട്ടുണ്ട്. നിരോധനം ലംഘിച്ച് വിളക്കുംതറ മൈതാനത്ത് പ്രസംഗിച്ചതിന് ഭാരതീയന് രണ്ട് വർഷത്തെയും കേരളീയനും കെ.പി.ക്കും ഒമ്പത് മാസത്തെയും തടവായിരുന്നു ശിക്ഷ. കണ്ണൂർ ജയിലിൽ അക്കാലത്ത് ലാഹോർ ഗൂഢാലോചന കേസിലെ പ്രതികളും ബംഗാളിലെ തീവ്രവാദി ഗ്രൂപ്പായ അനുശീലൻ സമിതിയുടെ പ്രവർത്തകരുമുണ്ടായിരുന്നു. ഭാരതീയനും കേരളീയനും കെ.പി.യും എ.വി.കുഞ്ഞമ്പുവുമടക്കമുള്ളവർ അവരുടെ സ്വാധീനവലയത്തിലായി. അവരിൽനിന്ന് ലഭിച്ച ക്ലാസുകളും ലഘുലേഖകളും സ്വാതന്ത്ര്യസമരത്തിന് കൂടുതൽ തീവ്രമായ ഉള്ളടക്കം വേണമെന്ന നിലപാടിലേക്കെത്തിച്ചു. അനുശീലൻസമിതിയുടെ അംഗങ്ങളായി രഹസ്യമായി അവർ ചേർന്നു. ജയിൽമോചിതരായശേഷം നണിയൂരിൽ ഭാരതീയന്റെ വീട്ടിൽ ഇവർ ഇടയ്ക്കിടെ സമ്മേളിച്ച് തീവ്രവാദപ്രവർത്തനങ്ങൾ പ്ലാൻ ചെയ്തു. ലഘുലേഖകൾ തയ്യാറാക്കി വിതരണത്തിനൊരുങ്ങി. ബംഗാളിലെ ഭീകരപ്രസ്ഥാനത്തിന്റെ മോഡലിൽ ഭീകരാക്രമണം നടത്തി ഞെട്ടിക്കുകയെന്നതും ഈ സംഘത്തിന്റെ ആലോചനയിലുണ്ടായിരുന്നു. അതിനായി ആയുധം വാങ്ങാൻ കൊൽക്കത്തയിലേക്ക് പോകാൻ നിയോഗിച്ചത് കെ.പി.യെയാണ്. അനുശീലൻസമിതിയുടെ കേരളശാഖ കെ.പി.യുടെ നേതൃത്വത്തിലാണ് രൂപീകരിച്ചത്. അതിൽ കൃഷ്ണപിളളയും കേരളീയനുമെല്ലാം അംഗങ്ങളായിരുന്നു. അനുശീലൻസമിതിയുടെ പോസ്റ്റർ ഒട്ടിക്കുന്നതിനിടയിൽ കോഴിക്കോട്ടുവെച്ച് കൃഷ്ണപിള്ളയും കെ.പി.യും പൊലീസിന്റെ പിടിയിലായെങ്കിലും ബലപ്രയോഗത്തിലൂടെ രക്ഷപ്പെട്ടു. ഭീകരസംഘടനയുണ്ടാക്കുന്നതിനുളള നീക്കം അപക്വമാണെന്ന് അതിവേഗം ബോധ്യപ്പെട്ടതിനെത്തുടർന്ന് പദ്ധതികൾ ഉപേക്ഷിക്കുകയായിരുന്നു. നോട്ടീസുകൾ നശിപ്പിച്ചു.

ജയിലിൽ അനുശീലൻ സമിതിയുടെ സ്വാധീനവലയത്തിലായിരുന്ന സമയത്ത് ജതീന്ദ്രദാസിനെക്കുറിച്ചുള്ള ജയ്ദേവ് കപൂറിന്റെ ഡയറിക്കുറിപ്പുകൾ കെ.പി. ഒരു നോട്ടുബുക്കിൽ പകർത്തിയെടുത്തിരുന്നു. ജതീന്ദ്രദാസിന്റെ നിരാഹാരസമരത്തിന്റെ ഹൃദയസ്പൃക്കായ വിവരണമായിരുന്നു ആ ഡയറി. സ്വാതന്ത്ര്യസമരസേനാനികളെ കുറ്റവാളികളായല്ല, രാഷ്ട്രീയ തടവുകാരായാണ് കാണേണ്ടതെന്ന് ആവശ്യപ്പെട്ട് നിരാഹാരമാരംഭിച്ച ജതീന്ദ്രദാസ് 63‐ാം ദിവസമാണ് മരിച്ചത്. ആ രക്തസാക്ഷിത്വത്തിന്റെ കഥ പകർത്തിയെടുത്തത് അഡ്വ.കെ.കെ.നായരെക്കൊണ്ട് വിവർത്തനം ചെയ്യിച്ച് പ്രസിദ്ധപ്പെടുത്തുകയുംചെയ്തു കെ.പി. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷന്റെ നേതാവായിരുന്നു ജതീന്ദ്രദാസ്.

1933 ഓഗസ്റ്റിൽ കെ.പി.യുടെ നേതൃത്വത്തിൽ കണ്ണൂരിൽ വിദേശവസ്ത്ര ബഹിഷ്കരണ സമരം നടന്നു. പിക്കറ്റിങ്ങിന് നേതൃത്വം നൽകിയ കെ.പി.യെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. നാലുമാസത്തെ തടവും പിഴയടക്കാഞ്ഞതിനാൽ ഒരു മാസത്തെ അധിക തടവും. ജയിൽമോചിതനായെത്തിയശേഷം കെ.പി. ഇടപെട്ടത് കേരളാ യൂത്ത് ലീഗ് രൂപീകരിക്കുന്നതിനാണ്. ദേശീയതലത്തിൽ പ്രവർത്തിച്ചിരുന്ന ഭാരത് യുവക് സംഘത്തിന്റെ കേരള ശാഖ കേരള യുവക്സംഘം എന്ന പേരിൽ രൂപീകരിച്ചപ്പോൾ പ്രവർത്തകസമിതി അംഗമായിരുന്നു കെ.പി. ഇ.സി കുഞ്ഞിക്കണ്ണൻ നമ്പ്യാരായിരുന്നു സെക്രട്ടറി. സംഘടനയുടെ നേതൃത്വത്തിൽ 1932 നവംബർ 27ന് കണ്ണൂരിൽവെച്ച് കേരള യുവജനസമ്മേളനം നടന്നു. സമ്മേളനം 144‐ാം വകുപ്പുപ്രകാരം നിരോധിച്ച് ഉത്തരവുണ്ടായെങ്കിലും അതിരാവിലെ ആറ് മണിക്ക് എ.കെ.ജി.യുടെയും കെ.പി.യുടെയും നേതൃത്വത്തിൽ കൺവെൻഷൻ നടന്നു. ചുകപ്പ് യൂണിഫോം ധരിച്ച്് യോഗത്തിൽ പങ്കെടുത്ത പ്രതിനിധികൾ നിരോധനം ലംഘിച്ച് നഗരത്തിൽ പ്രകടനം നടത്തി. പ്രകടനം പൊലീസ് അടിച്ചുപിരിക്കുകയും 16 പേരെ അറസ്റ്റു ചെയ്ത് കേസെടുക്കുകയും ചെയ്തു. യുവജനങ്ങളുടെ ഇടയിലുള്ള പ്രവർത്തനം കുറേക്കൂടി സക്രിയമാക്കുന്നതിന്റെ ഭാഗമായി കെ.പി.ഗോപാലന്റെ നേതൃത്വത്തിൽ കേരളാ യൂത്ത് ലീഗ് എന്ന സംഘടനയ്‌ക്ക് രൂപംനൽകി. കോഴിക്കോട്ടുമുതൽ പയ്യന്നൂർവരെയുള്ള മേഖലയിലെ നൂറിൽപരംപേർ പങ്കെടുത്ത യോഗം കുന്തക്കാരൻ രാഘവൻ പ്രസിഡന്റും എച്ച്. മഞ്ചുനാഥറാവു വൈസ് പ്രസിഡന്റും കെ.പി.ഗോപാലൻ, എ.എം.ഭരതൻ എന്നിവർ സെക്രട്ടറിയുമായി യൂത്ത് ലീഗ് രൂപീകരിച്ചു. എ.കെ.ജി.യും സി.കെ.ഗോവിന്ദൻ നായരും സർദാർ ചന്ദ്രോത്തും ഇ.സി.കുഞ്ഞിക്കണ്ണൻ നമ്പ്യാരുമെല്ലാം പ്രവർത്തകസമിതി അംഗങ്ങൾ.

അനുശീലൻ സമിതിയുടെ ഭാഗമായി തീവ്രവാദപ്രവർത്തനം നടത്തുന്നതിന് തീരുമാനിച്ചിരുന്ന കെ.പി.യും കെ.പി.ആറും കേരളീയനും ഭാരതീയനുമടക്കമുള്ളവർ പിന്നീട് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്ന് നേരത്തെ സൂചിപ്പിച്ചു. ഭാരതീയമന്ദിരം കേന്ദ്രീകരിച്ചായിരുന്നു അക്കാലത്തെ അവരുടെ പ്രവർത്തനമെന്നും സൂചിപ്പിച്ചു. തീവ്രവാദപാത അതിവേഗം ഉപേക്ഷിച്ച അവരാണ് 1935‐ൽ കർഷകസംഘം രൂപീകരിച്ചത്. പാട്ടത്തിൽ പത്മനാഭന്റെ അധ്യക്ഷതയിൽ ഭാരതീയമന്ദിരത്തിൽ ചേർന്ന യോഗത്തിൽ ഭാരതീയൻ പ്രസിഡന്റും കേരളീയൻ സെക്രട്ടറിയുമായ കർഷകസംഘം.. അതിന്റെ വിശദാംശങ്ങൾ ഭാരതീയനെയും കേരളീയനെയുംകുറിച്ചുള്ള അധ്യായങ്ങളിൽ എഴുതിയിരുന്നു.

കേരളത്തിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിക്കുന്നതിൽ കൃഷ്ണപിള്ള, ഇ.എം.എസ്. എന്നിവരോടൊപ്പം കെ.പി. നേതൃത്വപരമായ പങ്കുവഹിച്ചു. 1934 മെയ് 12ന് കോഴിക്കോട്ട് നടന്ന രൂപീകരണസമ്മേളനത്തിൽ സംസ്ഥാന പ്രവർത്തകസമിതി അംഗമായി കെ.പി. തിരഞ്ഞെടുക്കപ്പെട്ടു. ദേശീയ സമ്മേളനത്തിൽ പ്രതിനിധിയുമായിരുന്നു. സംസ്ഥാന സമ്മേളനത്തിൽ രാഷ്ട്രീയപ്രമേയങ്ങൾ അവതരിപ്പിച്ചത് കെ.പി.യായിരുന്നു. കെ.പി.സി.സി.യുടെ സെക്രട്ടറിയായി കെ.പി.ഗോപാലൻ രണ്ടുതവണ പ്രവർത്തിച്ചിട്ടുണ്ട്. 1935 മാർച്ച് 18ന് കോഴിക്കോട് മാതൃഭൂമിയിൽ ചേർന്ന കെ.പി.സി.സി.യോഗം എം.പി.ഗോവിന്ദമേനോനുപകരം എ.കെ.ജി.യെ പ്രസിഡന്റായി തിരഞ്ഞെടുത്തു. ഇ.എം.എസിനും സി.കെ.ഗോവിന്ദൻനായർക്കും പകരം കെ.പി.ഗോപാലൻ, പി.കൃഷ്ണപണിക്കർ എന്നിവരെ സെക്രട്ടറിമാരായും. എന്നാൽ ആ വർഷം മെയ് അവസാനത്തോടെതന്നെ ആ സ്ഥാനം ഒഴിയുകയായിരുന്നു. കോഴിക്കോട്ടു ചേർന്ന ഏഴാം സംസ്ഥാന സമ്മേളനത്തിൽ വലതുപക്ഷത്തിന് നേതൃത്വത്തിൽ മേൽക്കൈ വന്ന സാഹചര്യത്തിലാണ് കെ.പി. സെക്രട്ടറി സ്ഥാനത്തുനിന്ന്‌ ഒഴിവായത്. പ്രവർത്തകസമിതിയിൽ തുടർന്നു.

പിന്നീട് കോൺഗ്രസ് സോഷ്യലിസ്റ്റ്‌ പാർട്ടിയുടെ പ്രവർത്തനത്തിൽ പൂർണസമയം വ്യാപൃതനാവുകയായിരുന്നു. എ.കെ.ജി.യുടെ നേതൃത്വത്തിൽ നടന്ന പട്ടിണിജാഥയെ തുടർന്ന് താലൂക്കടിസ്ഥാനത്തിലും പട്ടിണിജാഥകൾ നടന്നു. കെ.പി. നേതൃത്വം നൽകിയ ചിറക്കൽ താലൂക്ക് ജാഥ തടയാൻ സർക്കാർ നിരോധനം കൊണ്ടുവന്നു. കെ.പി.യടക്കമുള്ളവർക്ക് നല്ലനടപ്പ് ശിക്ഷ വിധിച്ചു. ജാമ്യം കെട്ടിവെക്കാൻ ആവശ്യപ്പെട്ടു. ജാമ്യം കെട്ടിവെക്കാൻ തയ്യാറാവാത്തതിനെ തുടർന്ന് കെ.പി.യെ ഒരു വർഷത്തെ തടവിന് ശിക്ഷിച്ച് ജയിലിലടച്ചു.

1928ൽ ദക്ഷിണേന്ത്യൻ റെയിൽവേ സമരത്തെ സഹായിച്ചുകൊണ്ട് രാഷ്്ട്രീയരംഗപ്രവേശംചെയ്ത കെ.പി.ഗോപാലൻ മലബാറിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവാണ്. 1930ലെ നിയമലംഘന പ്രസ്ഥാനത്തോടെയാണ് മലബാറിൽ ബഹുജനസംഘടനകളുടെ ഉദയം. 1931‐33 കാലത്താണ് മലബാറിൽ നിരവധി ട്രേഡ് യൂണിയനുകൾ രൂപപ്പെട്ടത്. കണ്ണൂരിൽ ഉത്തരമലബാർ തൊഴിലാളി യൂണിയൻ രൂപീകരിക്കാൻ നേതൃത്വം നൽകിയ കെ.പി. തലശ്ശേരിയിൽ സി.എച്ച്.കണാരന്റെയും മറ്റും നേതൃത്വത്തിൽ മുനിസിപ്പൽ തൊഴിലാളി യൂണിയനും ബീഡി തൊഴിലാളി യൂണിയനും സംഘടിപ്പിക്കാൻ സഹായിച്ചു. കോഴിക്കോട്ടെ സ്പിന്നിങ്ങ് മിൽ, മരമില്ലുകൾ അടക്കമുള്ള സ്ഥാപനങ്ങളിൽ ട്രേഡ് യൂണിയൻ പ്രസ്ഥാനം കെട്ടിപ്പടുക്കാൻ കൃഷ്ണപിള്ളയും എ.കെ.ജി.യും കെ.പി.ഗോപാലനും അവിടെ ക്യാമ്പ് ചെയ്യുകയായിരുന്നു. തൊഴിൽസമയവും കൂലിയും വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് നടന്ന ഐതിഹാസിക സമരങ്ങൾക്ക് ഇവർ നേതൃത്വം നൽകി. 1935 ജനുവരി 27‐ന് ചെറുവണ്ണൂർ മലബാർ ടൈൽ വർക്സിനടുത്ത്‌ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് കെ.പി.ഗോപാലൻ നിരാഹാരമാരംഭിച്ചു. കേരളത്തിലെ തൊഴിലാളിവർഗചരിത്രത്തിലെ ഉജ്ജ്വലമായ ഒരധ്യായത്തിന്റെ തുടക്കമായിരുന്നു അത്. കൃഷ്ണപിള്ളയും ഭാരതീയനും കേരളീയനും എൻ.സി.ശേഖറും പി.നാരായണൻ നായരും ഇ.എം.എസ്സും എ.കെ.ജി.യുമെല്ലാം നേരിട്ട് പങ്കെടുത്തുകൊണ്ടുള്ള സമരം.. ഫെബ്രുവരി ആറിന് അവകാശങ്ങൾ നേടിക്കൊണ്ടാണ് സമരത്തിന് തിരശ്ശീല വീണത്. തുടർന്ന് ഫറോക്കിലെ ഓട്ടുതൊഴിലാളികളെ സംഘടിപ്പിച്ച് അവകാശസമരം നടത്തുന്നതിലും കണ്ണൂരിലും തലശ്ശേരിയിലും ബീഡി‐ മുനിസിപ്പൽ തൊഴിലാളികളെ സംഘടിപ്പിച്ച് സമരം നടത്തുന്നതിലും കെ.പി. നേതൃത്വം നൽകി. 1940‐ലെ ഐതിഹാസികമായ ആറോൺമിൽ സമരത്തിന്റെയും നേതൃത്വത്തിൽ കെ.പി.യുണ്ടായിരുന്നു. വടക്കേ മലബാറിലെ ഏറ്റവും പ്രധാനപ്പെട്ട ആദ്യ യൂണിയനുകളിലൊന്നായ കണ്ണൂർ ബീഡി തൊഴിലാളി യൂണിയൻ കെ.പി.യുടെയും മറ്റും നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. പോത്തേരി മാധവൻ വക്കീൽ പ്രസിഡന്റും സി.കണ്ണൻ സെക്രട്ടറിയും. മാധവൻ വക്കീൽ നിയമസഭാംഗമായതിനെ തുടർന്ന് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോൾ കൃഷ്ണപിള്ളയായി പ്രസിഡന്റ് രണ്ട് വർഷത്തിനകം കൃഷ്ണപിള്ളയ്്ക്ക്് ഒഴിയേണ്ടിവന്നപ്പോൾ കെ.പി.യായി പ്രസിഡന്റ്.

കേരളത്തിലെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടിയായി രൂപപ്പെടുന്നതിന്റെ ആദ്യ സമ്മേളനം 1939 ഡിസംബർ അവസാനം പിണറായി പാറപ്രത്ത് നടന്നു. ആ സമ്മേളനത്തിൽ കെ.പി.ഗോപാലനായിരുന്നു അധ്യക്ഷൻ. കൃഷ്ണപിള്ളയും ഇ.എം.എസും പ്രധാന പ്രാസംഗികർ. ആ സമ്മേളനത്തിനുശേഷം രണ്ടാഴ്ച കഴിഞ്ഞാണ് പാർട്ടിയുടെ യോഗം പറശ്ശിനിക്കടവിൽ ചേർന്ന് കൃഷ്ണപിള്ളയെ സെക്രട്ടറിയായി തിരഞ്ഞെടുക്കുന്നതും ചുമതലകൾ നിശ്ചയിക്കുന്നതും. കെ.പി. ഗോപാലൻ, കെ.ദാമോദരൻ, മഞ്ചുനാഥറാവു, പി.നാരായണൻ നായർ എന്നിവർ തൽക്കാലം കെ.പി.സി.സിയിൽതന്നെ തുടരണമെന്നും യോഗം തീരുമാനിച്ചു. അങ്ങനെ തുടർന്നതുകൊണ്ടാണ് 1940 സെപ്റ്റംബർ 15ന്റെ മർദനപ്രതിഷേധദിനാചരണത്തിന് ആഹ്വാനം ചെയ്യാൻ കെ.പി.സി.സി.ക്ക് സാധിച്ചത്. ഈ ഘട്ടത്തിൽ വീണ്ടുമൊരിടവേളയിൽ കെ.പി.സി.സി. സെക്രട്ടറിയായി കെ.പി.ക്ക് പ്രവർത്തിക്കേണ്ടിവന്നു.

1939 മധ്യത്തിലാണ് കണ്ണൂരിലെ തോട്ടിത്തൊഴിലാളികളെ കെ.പി.യും സി.കണ്ണനും തായത്ത് രാഘവനും ചേർന്ന് സംഘടിപ്പിച്ചത്. വീടുകളിൽനിന്ന് പാട്ടകളിൽ മലം ശേഖരിച്ച് തലച്ചുമടായി കിലോമീറ്ററുകൾ അകലെ കൊണ്ടുപോയി നിക്ഷേപിക്കുന്ന തൊഴിലാളികൾ. അഭിജാതരെന്നവകാശപ്പെടുന്ന നാഗരികർ അവരുടെ അടുത്തുകൂടി പോകാൻപോലും മടിച്ചു. ആ തൊഴിലാളികളെയാണ് കെ.പി.യും സി. കണ്ണനും തായത്ത് രാഘവനും ചേർന്ന് സംഘടിപ്പിച്ചത്. 1939ലെ മെയ് ദിനത്തിൽ ആ തൊഴിലാളികൾ ജോലിക്ക് പോയില്ല. അവർ മെയ്ദിന റാലിയിൽ പങ്കെടുത്തു. തൊഴിലാളികളെ ഒറ്റ ദിവസത്തേക്ക്‌ പിരിച്ചുവിട്ട് അവരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച് വീണ്ടും തൊഴിലിന് നിയോഗിക്കുന്ന സമീപനമാണ് അധികൃതർ സ്വീകരിച്ചത്. ഇതിനെതിരെ അതിശക്തമായ സമരത്തിന് സംഘടന നേതൃത്വം നൽകി. അതിന്റെ പേരിൽ കെ.പി.യെ അറസ്റ്റ് ചെയ്ത് വീണ്ടും ജയിലിലടച്ചു. മൂന്നുമാസത്തെ ശിക്ഷ.

തോട്ടിത്തൊഴിലാളികൾക്കുവേണ്ടി നടത്തിയ സമരത്തെ തുടർന്ന് മൂന്നുമാസത്തെ തടവിന് ശിക്ഷിക്കപ്പെട്ട കെ.പി.ക്ക്‌ വീണ്ടും കണ്ണൂർ ജയിലിൽ ചകരി തല്ലൽതന്നെയായിരുന്നു ജോലി. ആ ശിക്ഷാകാലാവധികഴിഞ്ഞ് വന്നശേഷമാണ് വീണ്ടും കോൺഗ്രസ് നേതൃത്വത്തിൽ പ്രവർത്തിക്കേണ്ടിവന്നത്. അബ്ദുറഹിമാൻ സാഹിബ് അറസ്റ്റിലായതിനെ തുടർന്ന് പകരം കെ.പി.സി.സി. പ്രസിഡന്റായി കെ.ടി.കുഞ്ഞിരാമൻ നമ്പ്യാരെ തിരഞ്ഞെടുത്തു. സെക്രട്ടറിയായി വീണ്ടുമൊരിക്കൽക്കൂടി കെ.പി. ഗോപാലനും. എന്നാൽ ഏതാനും ആഴ്ചകൾക്കിടയിൽ കെ.പി. വീണ്ടും അറസ്റ്റിലായി. പകരം കെ.പി.സി.സി. സെക്രട്ടറിയായി കെ.ദാമോദരനെ നിയോഗിച്ചു. 1940 ഓഗസ്റ്റിൽ അറസ്റ്റുചെയ്ത കെ.പി.യെ അദ്ദേഹത്തിന് നേത്രരോഗവും മറ്റും ഗുരുതരമായതിനെ തുടർന്ന് 1945‐ൽ, അതായത് അഞ്ച് വർഷത്തിന് ശേഷമാണ് പരോളിലെങ്കിലും വിട്ടത്. കെ.പി.ഗോപാലനെ മോചിപ്പിക്കുന്നതിന് നിയമപരമായി ഇടപെടൽ നടത്തുന്നതിന് വി.ആർ.കൃഷ്ണയ്യർ പ്രസിഡന്റും അഡ്വ.ശങ്കരയ്യർ സെക്രട്ടറിയുമായി ഡിഫൻസ് കമ്മിറ്റി പ്രവർത്തിച്ചിരുന്നു.

1946ൽ മദിരാശി അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മലബാറിൽനിന്ന് കമ്മ്യൂണിസ്റ്റ് സ്ഥാനാർഥികളായി മത്സരിക്കാൻ തീരുമാനിച്ചത് ചിറക്കൽ‐ കെ.പി.ഗോപാലൻ, തലശ്ശേരി‐ സി.എച്ച്.കണാരൻ, കോഴിക്കോട്‐ എ.കെ.ജി., മലപ്പുറം‐ ഇ.എം.എസ്. മലപ്പുറം ദ്വയാംഗ മണ്ഡലമായതിനാൽ അവിടെ ഇ.കണ്ണനും സ്ഥാനാർഥി. ആ തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് സ്ഥാനാർഥികളാരും ജയിച്ചില്ല. എന്നാൽ ആ തിരഞ്ഞെടുപ്പിന്റെ പ്രചാരണം പാർട്ടിയുടെ അടിത്തറയുറപ്പിക്കുന്നതിൽ ഏറെ സഹായകമായി. ചിറക്കൽ മണ്ഡലത്തിൽ അതായത് കണ്ണൂർമേഖലയിൽ കെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായാണ് ആദ്യമായി കേരളത്തിൽ മൈക്കു സെറ്റ് ഉപയോഗിച്ചത്. പാർട്ടി കേരളഘടകം വാങ്ങിയ മൈക്ക് ബോംബെയിൽനിന്ന് കൊണ്ടുവന്നപ്പോൾ പി.കെ.കുഞ്ഞനന്തൻനായരാണ് അതിന്റെ ഓപ്പറേറ്ററായി പ്രവർത്തിച്ചത്.പിന്നീട് 1948‐ൽ തിരുവിതാംകൂർ തിരഞ്ഞെടുപ്പിൽ ടി.വി.തോമസ്, കെ.ആർ.ഗൗരി തുടങ്ങിയവർക്കുവേണ്ടിയും മൈക്ക് ഉപയോഗിച്ചു. കടുത്ത മർദനങ്ങളും തിരസ്കാരങ്ങളും നേരിട്ടാണ് പാർട്ടിയുടെ പ്രചാരണം നടന്നത്. കണ്ണൂരിലെ തൊഴിലാളിവർഗത്തിന്റെ ആദ്യസംഘാടകനായ കെ.പി.ക്കുവേണ്ടി തൊഴിലാളികൾ പിരിവെടുത്ത് കാറു വാങ്ങിയിരുന്നു. ആ കാറിലാണ് സ്ഥാനാർഥിയും നേതാക്കളും സഞ്ചരിച്ചത്. ചരിത്രം സൃഷ്ടിച്ച ആ തിരഞ്ഞെടുപ്പിൽ കെ.പി.ഗോപാലൻ കോൺഗ്രസ് സ്ഥാനാർഥിയായ മാണിക്കോത്ത് കുമാരനോട് പരാജയപ്പെട്ടു. 7782 വോട്ടിനാണ് പരാജയം. കെ.പി.ക്ക് 22880 വോട്ട്‐44 ശതമാനം വോട്ട്. ഏറ്റവും കുറച്ച് വോട്ട് ലഭിച്ചത് മലപ്പുറത്ത് മത്സരിച്ച ഇ.എം.എസ്സിനാണ്. ആകെ ഏഴു ശതമാനം മാത്രം. കോൺഗ്രസ് സ്ഥാനാർഥികൾക്ക് മലബാറിൽ ആകെ 143242 വോട്ടു കിട്ടയപ്പോൾ എല്ലാ കമ്യൂണിസ്റ്റ് സ്ഥാനാർഥികൾക്കുംകൂടി കിട്ടിയത് 54196 വോട്ടു മാത്രമാണ്. അതായത് കെ.പി.ക്ക് ചിറക്കൽ മണ്ഡലത്തിൽ ലഭിച്ച വോട്ടാണ് പ്രധാന പങ്കെന്നർഥം. വോട്ട് കുറവായിരുന്നെങ്കിലും പാർട്ടിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു വോട്ടിങ്ങ്‌ നില.

തിരഞ്ഞെടുപ്പ് പരാജയത്തെ ഫലത്തിൽ വിജയമായാണ് കമ്യൂണിസ്റ്റ് പാർട്ടി കണ്ടത്. പാർട്ടിയുടെ ജനകീയാടിത്തറ പ്രത്യക്ഷമാക്കാൻ സാധിച്ചുവെന്ന ധാരണ. പരാജയത്തിൽ അല്പം പോലും പതറാതെ പാർട്ടിക്കും ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾക്കും കെ.പി. നേതൃത്വം നൽകി. നെയ്‌ത്തുതൊഴിലാളികളുടെയും ഈർച്ചമിൽ തൊഴിലാളികളുടെയുമെല്ലാം സമരം വളർത്തിയെടുക്കുന്നതിനാണ് തുടർന്നുളള കാലം കെ.പി. വിനിയോഗിച്ചത്. എന്നാൽ അത് ചെറിയൊരു ഇടവേള മാത്രമായിരുന്നു. 1946 ഡിസംബർ 20ന് കരിവള്ളൂരിലും ഡിസംബർ 30ന്‌ കാവുമ്പായിയിലും കർഷകരുടെ ഉജ്ജ്വല പ്രതിഷേധം അലയടിച്ചു. കരിവള്ളൂർ, കാവുമ്പായി ചെറുത്തുനിൽപ്പിനെ തുടർന്ന് പാർട്ടി നേതാക്കളെയാകെ ജയിലിലടയ്ക്കാൻ നീക്കം തുടങ്ങി. കോൺഗ്രസ് നേതൃത്വത്തിലുള്ള മദ്രാസ് സർക്കാർ കരുതൽ തടങ്കലിന് നിയമം കൊണ്ടുവന്നു. ഓർഡിനൻസ് പുറപ്പെടുവിച്ച 1947 ജനുവരി 23ന് തന്നെ കെ.പി.യെ വീടുവളഞ്ഞ് അറസ്റ്റ് ചെയ്തു. സ്വാതന്ത്ര്യദിനം പ്രമാണിച്ച് കെ.പി.യും ഇ.എം.എസ്സുമടക്കമുള്ള 198 തടവുകാരെ വെല്ലൂർ ജയിലിൽനിന്ന് മോചിപ്പിച്ചു. നാട്ടിൽ തിരിച്ചെത്തിയ കെ.പി. കണ്ണൂരിലെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് നേതൃത്വം നൽകി.

പിന്നീട് മലബാർ മേഖലയിലെ ട്രേഡ് യൂണിയൻ പ്രവർത്തനവുമായി മുമ്പോട്ടുപോകവെയാണ് കൽക്കത്ത തീസീസനെ തുടർന്നുള്ള നിരോധനം. തളിപ്പറമ്പ് കാസർക്കോട് മേഖലയിൽ ഒളിവിൽ കഴിഞ്ഞ കെ.പി.ക്ക് ഗുരുതരമായ അസുഖം ബാധിച്ചതിനെ തുടർന്ന് മൈസൂരുവിലെ ആശുപത്രിയിലെത്തിച്ചു. മൈസൂരുവിൽ കഴിയുന്ന കാലത്ത് 1948 സെപ്തംബർ മധ്യേ വീണ്ടും അറസ്റ്റിലായി. വെല്ലൂർ, കടലൂർ ജയിലുകളിലായി മൂന്നു വർഷം കൂടി ജയിലിൽ. അതായത് ആകെ 11 വർഷത്തിലേറെ ജയിലിൽ. കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളിൽ ഏറ്റവും കൂടുതൽക്കാലം ജയിലിൽ കഴിഞ്ഞത് അറാക്കൽ കുഞ്ഞിരാമനാണ്, തൊട്ടുപുറകെ കെ.പി.യും 11 വർഷത്തോളം ജയിലിൽ.

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

19 − 8 =

Most Popular