കഥാപാത്രങ്ങൾ: അയ്യപ്പൻ, വാവർ
ഒരേവേഷം, ഒരേനിറം, ഒത്തപൊക്കം, ഒരേ പ്രായം
ആരംഭം: വേദിക്ക് മദ്ധ്യത്തെ ഉയർന്ന തലത്തിൽ അയ്യപ്പനും വാവരും കൂടി ചെസ്സ് കളിക്കുകയാണ്.
ആവേശകരവും രസകരവുമായ കളി.
ഇടയ്ക്കിടെ കളിയുടെ രസം വർദ്ധിച്ച് ചില ആഹ്ളാദ ശബ്ദങ്ങൾ കേൾക്കാം.
അല്പനേരം കളി തുടരുന്നു.
നീണ്ട, വളരെ നീണ്ട കനത്ത നിശ്ശബ്ദത.
കളി തീരുന്നു.
വാവർ: കളി നിർത്താം.
അയ്യപ്പൻ: നിർത്തി!
വാവർ:നല്ലരസകരമായ കളി .
അയ്യപ്പൻ: ജയവും പരാജയവുമില്ലാത്ത കളി .
വാവർ: ജയിക്കുന്നെങ്കിൽ അയ്യപ്പൻ തന്നെ ജയിക്കണം.
അയ്യപ്പൻ: അല്ലാ….. വാവര് .
വാവർ: നമ്മള് രണ്ടാളും തോൽക്കാൻ പാടില്ല.
അയ്യപ്പൻ: തോല്പിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്.
വാവർ: നമ്മൾ തോല്ക്കില്ല ഉറപ്പാ.
അയ്യപ്പൻ: എനിക്ക് സ്നേഹിക്കാനേ അറിയൂ.
വാവർ: എനിക്കും!
അയ്യപ്പൻ: ഈ സ്നേഹ ബന്ധം ഭൂമിയുള്ള കാലത്തോളം നിലനിൽക്കട്ടെ.
വാവർ: മനുഷ്യരുള്ള കാലത്തോളം നിലനിൽക്കും.
അയ്യപ്പൻ: മരിച്ചാലും നമ്മുടെ സ്നേഹം നിലനിൽക്കണം.
വാവർ: നിനക്ക് കാവലായി നിന്റെ തൊട്ടു മുന്നിൽ തന്നെ ഞാനുണ്ടാവും.
അയ്യപ്പൻ: എന്നെ കാണാനെത്തുന്നവർ നിന്നെ കണ്ടശേഷമേ എന്റെ അരികിലെത്തു.
വാവർ: നിന്റെ മനസ്സെത്ര വലുതാണ്?
അയ്യപ്പൻ: നമ്മുടെ മനസ്സുകളുടെ വലിപ്പം ഒരു അളവുകോലിനും അളക്കാനാവില്ല.
വാവർ: പരസ്പരം പോരിനായി മനസ്സു കറുത്തുജീവിക്കുന്നവർ നമ്മളെകണ്ടുപഠിക്കട്ടെ.
അയ്യപ്പൻ: സ്നേഹത്തിന്റെ സൗഹാർദത്തിന്റെ വെളിച്ചമാണ് നമ്മൾ.
വാവർ: ഈ വെളിച്ചം എല്ലാ മനുഷ്യമനസ്സുകളിലും നിറയട്ടെ.
അയ്യപ്പൻ: അതെ .മനുഷ്യൻ മനുഷ്യനെ തിരിച്ചറിയട്ടെ.
വാവർ: മനുഷ്യസ്നേഹം പുലരട്ടെ.
(അയ്യപ്പനും വാവരും നിറഞ്ഞ സ്നേഹത്തോടെ ആലിംഗനം ചെയ്യുന്നു.
അരങ്ങാകെ നിലാവെളിച്ചം.
സ്നേഹഗാനം അരങ്ങിലാകെ നിറഞ്ഞ് കാണികൾക്കിടയിലേക്ക് അവരുടെ മനസ്സിനുള്ളിലേക്ക് ഒഴുകുന്നു. ♦