Sunday, April 28, 2024

ad

Homeപുസ്തകംഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ ഉപകരണമായി മാറുന്ന സിനിമ‌‌

ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ ഉപകരണമായി മാറുന്ന സിനിമ‌‌

പി ടി രാഹേഷ്‌

യപ്രിയമായ ഒരു കമ്പോളമാണ് സിനിമാ വ്യവസായം. സാമൂഹികാവസ്ഥകളേയും പരിണാമങ്ങളേയും നിർമ്മിക്കാനും സ്വാധീനിക്കാനും ശേഷിയുള്ള സിനിമയെന്ന വ്യവസായവും കലയും സംബന്ധിച്ച പഠനവും അവലോകനവും ഇന്നത്തെ സാഹചര്യത്തിൽ വളരെ പ്രാധാന്യമുള്ളതാണ്. ഓരോ നാടിന്റെയും സാമൂഹിക ചരിത്രം കൂടി ആഴത്തിൽ ഉൾച്ചേർന്നതാണ് സിനിമ. സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ഇന്ത്യൻ സിനിമ കഴിഞ്ഞ ഏഴരപ്പതിറ്റാണ്ട് രാജ്യം കടന്നു പോന്ന വഴികളിലൂടെ കൂടിയാണ് സഞ്ചരിച്ചത്. ഇന്ത്യൻ സിനിമ മുന്നോട്ടുവെച്ച പുരോഗമനപരതയും, മാനവികതയും നിർദയം കയ്യൊഴിഞ്ഞ് ചുവടുമാറുന്നതെങ്ങനെയെന്ന് വിളിച്ചു പറയാനാണ് ‘സിനിമയും ദേശീയതും’ എന്ന പുസ്തകം ശ്രമിക്കുന്നത്. ഇതോടൊപ്പം വാണിജ്യവൽക്കരിക്കപ്പെടുകയും വർഗ്ഗീയവൽക്കരിക്കപ്പെടുകയും ചെയ്യുന്ന ചലച്ചിത്ര സ്ഥാപനങ്ങളെയും, ദേശീയ പുരസ്‌കാരങ്ങളേയും തുറന്നുകാണിക്കുകയും ചെയ്യുന്നു. ഇന്ത്യൻ സിനിമയുടെ സമ്പന്നമായ ചരിത്രവും അപകടരമായ വർത്തമാനവും സംബന്ധിച്ച തുറന്നെഴുത്തുകളാണ് ഇവിടെ പ്രശസ്ത ചലച്ചിത്ര നിരൂപകനായ ജി.പി.രാമചന്ദ്രൻ എഡിറ്റു ചെയ്തു ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നെഹ്റുവിന്റെ സാംസ്‌കാരിക വീക്ഷണം ഇന്ത്യൻ സിനിമയെ ഔന്നത്യങ്ങളിലെത്തിക്കുന്ന കാലത്തെക്കുറിച്ചും, ചലച്ചിത്ര മേഖലയുടെ ഉന്നമനത്തിനായി സ്ഥാപിക്കപ്പെട്ട സ്ഥാപനങ്ങളെക്കുറിച്ചും ജി.പി.രാമചന്ദ്രൻ സൂചിപ്പിക്കുന്നത് ഇന്നത്തെ ഇന്ത്യൻ സിനിമയുടെ ദിശാ മാറ്റത്തെ കൃത്യതയോടെ മനസ്സിലാക്കാൻ നമ്മെ സഹായിക്കും. ഇതോടൊപ്പം തന്നെ പ്രബുദ്ധകേരളത്തിന്റെ രൂപീകരണത്തിൽ സിനിമ വഹിച്ച പങ്കും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യൻ സിനിമ അതിന്റെ ശൈശവദശയിൽ പുരാണകഥകൾ പറഞ്ഞപ്പോൾ മലയാള സിനിമ ആദ്യചിത്രമായ ‘വിഗതകുമാരനി’ലും ആദ്യ ശബ്ദചിത്രമായ ‘ബാലനി’ലും സാമൂഹികപ്രസക്തമായ പ്രമേയങ്ങളാണ് അവതരിപ്പിച്ചത്. കാണിയെ സ്വപ്നസ്വർഗ്ഗങ്ങളിലേക്ക് നയിക്കാൻ ഉതകുന്ന മാധ്യമമായിട്ടും, തുടക്കംമുതൽ മണ്ണിലുറച്ചു നിന്ന മലയാള സിനിമയുടെ ചരിത്രവും ഇവിടെ വായിച്ചെടുക്കാനാവും. പക്ഷേ ഇന്ത്യയിലെമ്പാടും, മലയാള സിനിമയിലും പുരോഗമനമുഖത്തിന് മങ്ങലേൽപ്പിച്ച കാഴ്ചയാണ് സിനിമയുടെ എൺപതുകളിലെ ചരിത്രം. രാമക്ഷേത്രത്തിനായുള്ള രഥയാത്രയും, ബാബറി മസ്ജിദിന്റെ തകർച്ചയും ദേശീയതലത്തിൽ ഹിന്ദുത്വത്തിന് ശക്തി പകർന്നപ്പോൾ സിനിമ പിന്തിരിഞ്ഞു നടക്കാൻ തുടങ്ങി. ദളിത്, മുസ്ലിം, സ്ത്രീവിരുദ്ധ ഉള്ളടക്കത്തിൽ മുന്നോട്ടുപോയ സിനിമ മതേതര മൂല്യങ്ങൾക്ക് ആഴത്തിലുള്ള പോറലാണ് ഏൽപ്പിച്ചത്. എന്നാൽ 2011ൽ ആരംഭിച്ച ന്യൂ ജനറേഷൻ തരംഗത്തോടെ പുതിയ പ്രമേയങ്ങളും ആവിഷ്കരണ രീതികളുമായി മലയാള സിനിമ നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ ശ്രമിച്ചപ്പോൾ നവ ഇന്ത്യൻ സിനിമ ഭരണകൂടത്തിന്റെ പ്രചാരവേല ഏറ്റെടുത്തുകൊണ്ട് തീവ്രദേശീയതാവാദം പ്രസരിപ്പിക്കുന്നതിനാണ് ശ്രമിക്കുന്നത് എന്ന്‌ കാണാനാവും. യുദ്ധോത്സുകമായ രാജ്യസ്നേഹവും, പുരാതനകാലത്തിൽ അഭിരമിക്കാനുള്ള വ്യഗ്രതയും ഇന്നത്തെ ഇന്ത്യൻ സിനിമയിലാകെ കാണാനാവും.

രാമായണം സീരിയലായി ഇന്ത്യയിലാകെ അവതരിപ്പിക്കപ്പെട്ടതിലൂടെ സംഘപരിവാറിന്റെ ഹൈന്ദവ രാഷ്ട്രീയ പരിപാടിക്ക് അടിത്തറയിടുകയായിരുന്നു എന്നു നമുക്കറിയാം. അതോടൊപ്പം തന്നെ കൃത്രിമ ദേശീയതയുടെ നിർമ്മാണത്തിന്റെ ഭാഗമായി ധാരാളം സിനിമകൾ ഇന്ത്യയിൽ റിലീസ് ചെയ്തു. ഇപ്പോൾ സങ്കുചിത ദേശീയതയെ മുറുകെപ്പുണരുന്ന വിപുലമായ പ്രൊജക്ടുകളാണ് സിനിമാ വ്യവസായമേഖലയിൽ ഉൽപ്പാദിപ്പിക്കുന്നത്. ഇന്ത്യൻ ദേശീയതയുടെ വക്താക്കളാകാനുള്ള സംഘപരിവാർ പരിശ്രമങ്ങളുടെ സമാന്തരമായി നടക്കുന്ന ഈ ബോക്സ് ഓഫീസ് ഹിറ്റുകളുടെ സാംസ്കാരിക നിർമ്മാണത്തെക്കുറിച്ചാണ് പുസ്തകം സൂക്ഷ്‌മമായി സംസാരിക്കുന്നത്. ബോളിവുഡിനൊപ്പം മലയാള സിനിമയും ന്യൂനപക്ഷ വിരുദ്ധ പൊതുബോധ നിർമ്മിതിയിലെങ്ങനെ പങ്കാളിയായെന്ന് കെ.പി.ജയകുമാറിന്റെ തീവ്രദേശീയതയുടെ ചലച്ചിത്ര പാഠങ്ങൾ പറയുന്നുണ്ട്. തീവ്രവാദിയും, അധോലോക നായകൻമാരുമായി അവതരിക്കുന്ന മുസ്ലീം കഥാപാത്രങ്ങൾ മലയാള സിനിമയിലും ധാരാളമായി കാണാനാവും. കള്ളക്കടത്തുകാരനായിരിക്കുമ്പോൾ പരമേശ്വരൻ ‘ഉസ്താദാ’യി മാറുന്ന ബിംബ‐പ്രതിബിംബങ്ങളിലൂടെ കൊണ്ടുവരുന്ന വരേണ്യ ദേശീയതയുടേയും, ദേശവിരുദ്ധതയുടേയും ഉടൽനിലകൾ ആവിഷ്‌കരിക്കുകയാണ് ‘ഉസ്താദ്’. ഇത്തരത്തിൽ തിന്മയുടെ ഉടലടയാളമായി ഒരു വിഭാഗത്തെ അവതരിപ്പിക്കുകയും, ചിത്രീകരിക്കുകയും ചെയ്യുന്ന സിനിമകളിലൂടെ നമുക്കിവിടെ സഞ്ചരിക്കാനാവും. നാം കണ്ട സിനിമകൾ ഹിന്ദു ദേശീയതയിലേക്ക് അൽപ്പം ചെരിഞ്ഞ വഴിയായി മാറിയതെങ്ങനെയെന്ന് ഇതിലൂടെ തിരിച്ചറിയാനാവും. മുസ്ലിം വിരുദ്ധ പൊതുബോധം നമുക്കിടയിലെങ്ങനെ പ്രവർത്തിക്കുവെന്നതിന്റെ കാരണം കണ്ടെത്താനും ഇതിലൂടെയാവും. അതോടൊപ്പം ആദിപുരിഷിലെ പ്രഭാസ് നായകനായ രാമൻ മതരാജ്യവാദത്തിൻ്റെ പതാക പാറിക്കുമെന്ന പ്രതീക്ഷ പങ്കു വെക്കുന്നതും രാമക്ഷേത്ര നിർമ്മാണവും കൂട്ടിവായിക്കുന്നതിലൂടെ നമ്മുടെ ദ്യശ്യബോധത്തിൽ ഫാസിസം നടത്തുന്ന കലാദർശനത്തെ ആഴത്തിൽ മനസ്സിലാക്കാനുമാവും.

ബോളിവുഡിനെ മയക്കുമരുന്നിന്റെ സാമ്രാജ്യമായി ചിത്രീകരിക്കുന്നതും മുസ്ലീം വിരുദ്ധതയുടെ ഭാഗമായാണ്. വിവാദങ്ങളും അറസ്റ്റുകളും വഴി ഇത്തരത്തിലൊരു നിർമ്മിത പൊതുബോധം സൃഷ്ടിച്ചെടുത്തിട്ടുണ്ട്. ഇന്ത്യൻ സിനിമയിൽ ബോളിവുഡിന് പുറത്ത് നിർമ്മിക്കുകയും രാജ്യമാകെ വിതരണം ചെയ്യുകയും ചെയ്യുന്ന സിനിമകൾ മഹാവിജയം നേടുന്നതും, ബോളിവുഡിന്റെ പ്രതാപം നഷ്ടപ്പെട്ടുവെന്ന പ്രതീതി ഈ പശ്ചാത്തലത്തിലാണ് ഉരുത്തിരിഞ്ഞു വരുന്നതെന്നും നാം തിരിച്ചറിയണം. തെന്നിന്ത്യൻ സിനിമകൾ വാണിജ്യ വിജയം നേടുന്നതിനുള്ള കാരണങ്ങൾ വ്യക്തമായി പുസ്തകം വിശദീകരികരിക്കുന്നുണ്ട്. ‘ബാഹുബലി’, ‘പുഷ്പ ദ റൈസിംഗ്’, ‘ആർ.ആർ.ആർ’, ‘കെ.ജി.എഫ് ചാപ്റ്റർ 1,2′, എന്നീ സിനിമകൾ കോടികളാണ് നേടിയത്. അമർ ചിത്രകഥകളിലെ അന്വേഷണ ഗവേഷണങ്ങളിലൂടെയാണ് തന്റെ സിനിമകൾ വികസിച്ചു വന്നതെന്ന് സംവിധായകൻ രാജമൗലി പറയുന്നുണ്ട്. ഒരു സൂപ്പർ ഹീറോയുടെ നിർമ്മിതിക്കൊപ്പം പുരാണവും ഇതിഹാസവും, ഐതിഹ്യങ്ങളും വിശ്വാസങ്ങളുമുള്ള കഥാസമുദ്രമായത് മാറുമ്പോൾ ചരിത്രപരതയെയും ഇന്ത്യൻ രാഷ്ട്രീയ സങ്കീർണ്ണതകളെയും നിരാകരിക്കുന്ന ഒരു ഹിന്ദുത്വ പ്രചരണ പരിപാടിയായാണത് രൂപപ്പെടുന്നത്. ഇത്തരം സിനിമയിലെമ്പാടുമുള്ള അസംബന്ധ ജടിലമായ കഥാതന്തുവും, ആർഭാട ബഹുലമായ അവതരണവും സ്യഷ്ടിക്കുന്ന മഹാഹ്ലാദപരത വിമർശനത്തിനുള്ള സാഹചര്യം പോലുമില്ലാതാക്കുന്നതിനുള്ള ഒരു കുതന്ത്രമാണ്.

ഹിന്ദു പുരാണാഖ്യാനങ്ങളിലൂടെയാണ് ആരംഭിച്ചതെങ്കിലും നല്ലൊരു പരിധിവരെ മതേതരമായി നിലകൊണ്ട ഇന്ത്യൻ മുഖ്യധാരാ സിനിമ അതേപടി ഇനിയുള്ള കലുഷിതകാലത്ത് നിലനിൽക്കാൻ പോകുന്നില്ലെന്ന വ്യക്തമായ അടയാളവാക്യമാണ് ‘ബാഹുബലി’കൾ നമ്മോട് പറയുന്നത്. അതിന്റെ തുടർച്ചയായി വന്ന ഇത്തരത്തിലുള്ള സിനിമകളും ഉൽക്കണ്ഠാകുലമായ ഈ യാഥാർത്ഥ്യത്തെ അടിവരയിടുന്നതാണ്. പ്രാദേശിക സംസ്കാരങ്ങളെയും, ഭാഷകളെയും ഒരേസമയം ഉൾക്കൊള്ളിക്കുകയും നിരാകരിക്കുകയും ചെയ്യുന്ന ദ്വൈതഭാവമാണ് ഇവിടെയെല്ലാം പയറ്റപ്പെടുന്നത്. ഇന്ത്യൻ ചരിത്രത്തെയും സ്വാതന്ത്ര്യസമരത്തെയും തെറ്റായി പ്രചരിപ്പിക്കുന്നതിനുള്ള മാധ്യമമായി സിനിമയെ ഇവിടെ ഉപയോഗപ്പെടുത്തുകയാണ്. ‘ആർ.ആർ.ആർ’ സിനിമയിൽ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെയും നൈസാമിനെതിരെയും പോരാടിയ കോമുറം ഭീം എന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട സ്വാതന്ത്ര്യസമരസേനാനിയുടെ ചരിത്രം കീഴ്മേൽ മറിക്കുന്നത് കാണാനാവും. ആദിവാസി വിഭാഗങ്ങളെ ഒന്നുമറിയാത്തവരായി ചിത്രീകരിക്കുകയും, ഉജ്വലനായ സ്വാതന്ത്ര്യസമരസേനാനിയെ സവർണ കുലജാതനായ നായകന്റെ മുന്നിൽ വംശീയ ജാതിവിവേചനത്തിന് വിധേയനാക്കുകയും ചെയ്യുന്നു. ഇതോടൊപ്പം തന്നെ നായക കഥാപാത്രത്തെ ശ്രീരാമനായി ചിത്രീകരിക്കുകയും ദൈവമാക്കി മാറ്റുകയും ചെയ്യുന്നു. സിനിമയുടെ ക്ലൈമാക്സ് രംഗം ഇപ്പോൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. രാമക്ഷേത്ര ഉദ്ഘാടന സമയത്ത് പ്രചരിപ്പിക്കാൻ കഴിയാവുന്ന വിധത്തിലുള്ള ഒരു വീഡിയോ മുൻകൂട്ടി തയ്യാറാക്കുക എന്നതായിരുന്നു ഇതിലൂടെ ലക്ഷ്യം വെച്ചത് എന്ന് സ്വാഭാവികമായും ഇതു കാണുമ്പോൾ സംശയിച്ചു പോകും. ഇതുപോലെ ‘കെജിഎഫ്’ സിനിമകളിലെ സ്വർണ്ണഖനിയിലുള്ള തൊഴിലാളി നേതാവിന്റെ കഥയെ ചരിത്രവിരുദ്ധമായി അവതരിപ്പിച്ചതും നാം കണ്ടു. അടിമത്വവും തടവറയ്ക്ക് സമാനമായ ജീവിതവും നയിച്ച തൊഴിലാളികളുടെ ആത്മാഭിമാന പോരാട്ടത്തിന് നേതൃത്വം നൽകിയ കമ്മ്യൂണിസ്റ്റുകാരനായ നേതാവിന്റെ കഥയാണ് ഇവിടെ തിരുത്തിയെഴുതിയത്. ഇങ്ങനെ പുതിയ തെന്നിന്ത്യൻ ഹിറ്റ് ചിത്രങ്ങളെല്ലാം തന്നെ ഏകാത്മകത, ഹിന്ദുത്വപരമായ ദേശീയത, ജാതിഘടന, വിഷമയമായ ആണത്തം, അനിയന്ത്രിതമായ അക്രമപരമ്പര എന്നിവയിൽ അടിസ്ഥാനമൂന്നുന്നത് കൃത്യമായി നമുക്ക് മനസ്സിലാക്കാനാവും. ഇങ്ങനെ പുതിയ ഒരു ദേശീയതയെ നിർമ്മിച്ചെടുക്കാൻ സിനിമകളെ ഉപയോഗപ്പെടുത്തുന്ന ചരിത്രത്തിന്റെയും വർത്തമാനത്തിന്റെയും രാഷ്ട്രീയത്തെക്കുറിച്ചുള്ള പഠനത്തിലാണ് ഈ പുസ്തകം നമ്മളെ സഹായിക്കുന്നത്.

ഇന്ത്യൻ സിനിമകളുടെ ആദ്യഘട്ടത്തിനുശേഷം അപൂർവമായി മാത്രമാണ് ചരിത്രപുരാണ സിനിമകൾ ജനശ്രദ്ധ നേടിയിരുന്നത്. എന്നാൽ എൺപതുകളുടെ അവസാനം വന്ന രാമായണം, മഹാഭാരതം മെഗാ സീരിയലുകൾ ഇന്ത്യയുടെ ടെലിവിഷൻ രംഗത്ത് വലിയ മാറ്റം ഉണ്ടാക്കി. ഇന്ത്യൻ സമൂഹത്തിന്റെ വലിയ തോതിലുള്ള ഹിന്ദുവത്ക്കരണം ആരംഭിക്കുന്നത് ഇക്കാലത്താണ്. ഇന്ത്യക്ക് ഉണ്ടായിരുന്നു എന്ന് സ്വയം പ്രഖ്യാപിക്കുന്ന സുവർണ്ണ ഭൂതകാലത്തിൽ അഭിരമിക്കൽ, അമിതമായ ദേശീയ ബോധം, ന്യൂനപക്ഷ വിഭാഗങ്ങളുടെ അപരദൃശ്യവൽക്കരണങ്ങൾ എന്നിവയൊക്കെ ഈ കാലം വിത്തിട്ടു. ടെലിവിഷനോടുള്ള മത്സരത്തിൽ പിടിച്ചുനിൽക്കാൻ സ്വാഭാവികമായും സിനിമയും ഇതേ പാത പിന്തുടരാൻ തുടങ്ങുകയും ചെയ്തു. ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട ചരിത്ര സിനിമകൾ കാഴ്ചക്കാരിൽ പുതിയൊരു ചരിത്രബോധം നിർമ്മിക്കുകയോ നിലനിൽക്കുന്ന ഔദ്യോഗിക ചരിത്രത്തെ മറ്റൊരു ചരിത്രഭാഷ്യത്താൽ പുനഃപ്രതിഷ്ഠിക്കുകയോ ചെയ്യുകയാണ്. ഒരുകാലത്ത് അമർചിത്രകഥകൾ നിർവഹിച്ചിരുന്ന അതേ സാമൂഹ്യ ദൗത്യമാണ് ഈ സിനിമകൾ നിർവഹിക്കുന്നത്. വീരസവർക്കർ എന്ന ബാലരമ അമർചിത്രകഥ വായിച്ച്‌ സവർക്കറെ ധീര ദേശാഭിമാനിയായി കണ്ടിരുന്ന ഒരു കുട്ടിക്കാലത്തിൽ നിന്ന് നിരന്തര വായനയിലൂടെ ശരിയായ ധാരണയിലേക്ക് എത്തുന്ന സംഗീത ചേനംപുല്ലി, ഗാന്ധിജിയുടെ മരണത്തിൽ അടക്കമുള്ള പങ്കിനെപ്പറ്റി ആ ചിത്രകഥ എങ്ങനെ മൗനം പാലിച്ചു എന്നതുപോലെ പല കാര്യങ്ങളിലും സമകാലിക ചരിത്രസിനിമകൾ മൗനംപാലിക്കുകയും മറ്റു ചിലപ്പോൾ യാഥാർത്ഥ്യത്തെ വെല്ലുവിളിക്കുന്ന നുണക്കഥകൾ പൊലിപ്പിക്കുകയും ചെയ്യുന്നതിനെ സമർത്ഥമായി പുസ്തകത്തിൽ തുറന്നു കാണിക്കുന്നുണ്ട്. ഊതിവീർപ്പിച്ച ദേശീയബോധത്തിന്റെ വിൽപ്പനക്കാർ നാടുവാഴുന്ന കാലത്ത് അതിനുതകുന്ന ചരിത്ര പുരുഷന്മാരുടെ പുനർനിർമ്മാണമാണ് സിനിമയിലൂടെ സാധ്യമാക്കുന്നത്. ഹിന്ദുബിംബങ്ങളായ കഥാപാത്രങ്ങളിലൂടെ ഭാരതത്തിന് സമ്പത്ത്സമൃദ്ധമായ ഒരു സുവർണ്ണകാലം ഉണ്ടായിരുന്നു എന്നും, മറ്റു മതസ്ഥരുടെ കടന്നുവരവാണ് ഇന്ത്യയെ ഇന്നു കാണുന്ന അവസ്ഥയിൽ എത്തിച്ചത് എന്നുമുള്ള സംഘപരിവാർ ആശയത്തെ ഈ സിനിമകൾ മിക്കതും പിന്തുണയ്ക്കുന്നതായി കാണാനാവും. അമാനുഷിക ശക്തിയുള്ള നായകൻ, അസാധ്യമായ ശക്തിപ്രകടനങ്ങൾ, അതിഭീമമായ കോട്ടകൊത്തളങ്ങൾ, കൂറ്റൻ പ്രതിമകൾ, ആഡംബരം ധ്വനിപ്പിക്കുന്ന വസ്ത്രാഭരണങ്ങൾ, ആയിരക്കണക്കിന് വരുന്ന ജനക്കൂട്ടത്തിന്റെ സാന്നിധ്യം തുടങ്ങിയ ദൃശ്യബിംബങ്ങളിലൂടെ ഹിന്ദുത്വ രാഷ്ട്രീയത്തെ ഈ സിനിമകൾ വിദഗ്ധമായി കാഴ്ചക്കാരനിലേക്ക് എത്തിക്കുന്നു. ഇതോടൊപ്പം മൂടുപടം, സിന്ദൂരം, ചാരിത്ര്യം, ദേവീവൽക്കരണം തുടങ്ങിയ പാരമ്പര്യമൂല്യങ്ങളിൽ സ്ത്രീയെയും അവതരിപ്പിക്കുന്നു. ഹിറ്റ്ലർ ജർമ്മനിയിൽ സിനിമയെ ഉപയോഗിച്ചത് യുദ്ധത്തിൽ നിന്നും അനുബന്ധ ദുരിതങ്ങളിൽ നിന്നും അരക്ഷിതാവസ്ഥയിൽ നിന്നും ജനങ്ങളുടെ ശ്രദ്ധതിരിക്കാനായിരുന്നുവെങ്കിൽ, ഇവിടെ സാമൂഹിക സുരക്ഷാ സംവിധാനങ്ങൾ അപ്രത്യക്ഷമാകുന്ന, തൊഴിലില്ലായ്മ പെരുകുന്ന ഇന്ത്യയിൽ ബിഗ് ബജറ്റ് മാസ് സിനിമകൾ, നിലനിൽക്കുന്ന സാമൂഹ്യ സാഹചര്യങ്ങളിൽ നിന്നുള്ള ശ്രദ്ധതിരിക്കാനും ഹിന്ദുത്വ രാഷ്ട്രീയത്തിന് അനുകൂലമായ വ്യവസ്ഥ രൂപപ്പെടുന്നതിനുമാണ് സഹായിക്കുന്നത്. കോവിഡ് കാലത്ത് നഷ്ടപ്പെട്ട തൊഴിലും രൂപപ്പെട്ട അരക്ഷിതാവസ്ഥയും മറക്കാനുള്ള മരുന്നു കൂടിയാണ് ഇത്തരം സിനിമകൾ. സിനിമയോളം നല്ല മയക്കുമരുന്ന് വേറേതുണ്ട് എന്നു കൂടിയാണ് ഇവിടെ ചോദിക്കുന്നത്. നാളത്തെ തലമുറ ചരിത്രത്തെ മനസ്സിലാക്കുന്നത് ‘ഒഴിവാക്കപ്പെടുന്ന യഥാർത്ഥ ചരിത്രത്രത്തെ റദ്ദുചെയ്ത് പോപ്പുലർ സിനിമ ആഖ്യാനങ്ങളിലൂടെ ദേശാഭിമാനത്തിന്റെ മസിലുപെരുപ്പിച്ച കഥാപാത്രങ്ങൾ പുനർ നിർമ്മിക്കുന്ന കാഴ്ചകളിലൂടെയാവും’ എന്നതാണ് ഇതിലെ അപകടം.

അഭിനേതാക്കളെ പൊതുജനങ്ങൾ ഇഷ്ടപ്പെടുമ്പോഴാണ് അവർ വിജയിക്കുന്നത്. ജനങ്ങൾക്ക് അവർ ചെയ്യുന്ന കഥാപാത്രങ്ങൾ വഴി അഭിനേതാക്കളോട് ഒരു ബന്ധം ഉണ്ടായിവരുമ്പോഴാണ് തൊഴിലിൽ അവർ വളർച്ച വ്യാപിക്കുകയും മുന്നേറുകയും ചെയ്യുന്നത്. അതിൽനിന്ന് തടയുന്നതിന് അവരുടെ തൊഴിൽ മേഖല ഇല്ലാതാക്കുന്നതിന്, ഉപദ്രവിക്കുന്നതിന് അപകീർത്തിപ്പെടുത്തുന്നതിന് രാജ്യവിരുദ്ധരാക്കി മാറ്റുന്നതിന് സംഘപരിവാർ നടത്തുന്ന ശ്രമങ്ങളെ ബോളിവുഡ് താരം സ്വര ഭാസ്കറിന്റെ അനുഭവക്കുറിപ്പിലൂടെ വായിച്ചെടുക്കാനും ഈ പുസ്തകം നമ്മളെ സഹായിക്കുന്നുണ്ട്. കലാകാരന്മാർ ചുറ്റുപാടും സംഭവിക്കുന്നതിനോട് പ്രതികരിക്കുമ്പോൾ അവരെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന സംഘപരിവാർ ഭീകരതയെ സ്വര ഭാസ്കറിന്റെ ജീവിതാനുഭവത്തിലൂടെ നമുക്ക് മനസ്സിലാക്കാനാവും. ചിന്താശേഷിയും ബോധ്യങ്ങളുമായി ജീവിക്കുക എന്നത് അസാധ്യമായ ഒരു അവസ്ഥയിലേക്ക് നമ്മുടെ രാജ്യം എത്തിച്ചേർന്നിരിക്കുന്നു എന്നാണ് സ്വര ഭാസ്കർ നമ്മോട് പറയുന്നത്. ഇതോടൊപ്പം സിനിമാ ബഹിഷ്കരണം എന്ന, സിനിമയ്ക്കെതിരായുള്ള ദുരുദ്ദേശ്യത്തോടെയുള്ള ആഹ്വാനങ്ങളെ സംബന്ധിച്ചും പുസ്തകം സൂചിപ്പിക്കുന്നുണ്ട്. ഭരണകൂട സെൻസർഷിപ്പിന്റെ കത്രികയെക്കുറിച്ചും, സിനിമ നിരസിക്കാനുള്ള പൊതുബോധ നിർമ്മിതിയെക്കുറിച്ചും മനസ്സിലാക്കുമ്പോഴാണ് പ്രേക്ഷകന്റെ സിനിമ നിരസിക്കാനുള്ള അവകാശം ജനാധിപത്യപരമാണെന്ന വാദത്തിലെ ശരികേട് നമുക്ക് തിരിച്ചറിയാനാവുക. സിനിമ റിലീസ് ചെയ്ത ശേഷം നിരസിക്കുന്നതും, സിനിമ കാണുന്നതിനു മുമ്പുതന്നെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്നതും തമ്മിലുള്ള വ്യത്യാസവും മനസ്സിലാക്കാനും പുസ്തകം സഹായിക്കും.

ഒരു പതിറ്റാണ്ടിലേറെയായി തങ്ങളുടേതായ രീതിയിൽ പ്രത്യേകിച്ചും ഒ.ടി.ടി ഫ്ലാറ്റ്ഫോമുകൾ സജീവമായ ശേഷം ഇന്ത്യൻ സിനിമ ചരിത്രം തിരുത്തിയെഴുതുന്ന പുതുതലമുറ മലയാള സിനിമകളെ കുറിച്ചും, ജാത്യാഹങ്കാരത്തിനെതിരെ നിലകൊള്ളുന്ന തമിഴ് സിനിമയിലെ ഇടിമുഴക്കത്തെക്കുറിച്ചുമാണ് പുസ്തകം പിന്നീട് സംസാരിക്കുന്നത്. ജാതിയെക്കുറിച്ച് സംസാരിക്കാതെ, സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വത്തെക്കുറിച്ചും അടിച്ചമർത്തലുകളെപ്പറ്റിയും പറയാനാകില്ലെന്ന് തിരിച്ചറിഞ്ഞ സിനിമാ പ്രവർത്തകനായ പാ രഞ്ജിത്തിന്റെ കടന്നുവരവോടെയാണ് തമിഴ് സിനിമയിൽ ദളിത് നായകനും നായികയ്ക്കും കയ്യടിക്കാൻ പ്രാപ്തമാക്കുന്ന വിപ്ലവത്തിന് വഴിയൊരുങ്ങിയത്. വിവേചനത്തിന്റെയും വെറുപ്പിന്റെയും പ്രത്യയശാസ്ത്രമാണ് ജാതി എന്ന് ഉറക്കെ വിളിച്ചുപറയാൻ തമിഴ് സിനിമകൾക്ക് കഴിഞ്ഞു. സമൂഹത്തിന്റെ മാറ്റത്തിന് തിരുത്തലുകൾ ആവശ്യമാണെന്നും, അതിനായുള്ള ശ്രമങ്ങൾ അനിവാര്യമാണെന്നും അടിവരയിടുന്ന ഇത്തരം സിനിമകൾ ഇന്ത്യൻ സമൂഹത്തെയാകെ ഹിന്ദുത്വവൽക്കരിക്കാനും, സവർണ്ണഭൂതകാലത്തിലേക്ക് കൈപിടിച്ചു നടത്താനും ശ്രമിക്കുന്ന ബിഗ് ബജറ്റ് സിനിമകൾക്കുള്ള ബദൽ കൂടിയാണ്. ‘നച്ചത്തിറം നഗർഗിറത്’, ‘കബാലി’, ‘സർപ്പാട്ട പരമ്പരൈ’ തുടങ്ങിയ സിനിമകൾ സമൂഹത്തിന്റെ കണ്ണുതുറപ്പിക്കുന്ന സിനിമകളാണ്. ‘ജയ് ഭീം’ സിനിമയിൽ ചരിത്രത്തിന്റെ കൊടിയടയാളങ്ങളൊന്നും മായ്ച്ചുകളയാനുള്ള ശ്രമം നടക്കുന്നില്ല എന്നത് ചരിത്രവിരുദ്ധമായ സിനിമകൾ സൃഷ്ടിക്കപ്പെടുന്ന കാലത്ത് ശ്രദ്ധേയമായ ഒരു കാര്യമാണ്. സിനിമയിലെ ചന്ദ്രു എന്ന സിപിഐഎം പ്രവർത്തകനും സഹയാത്രികനുമായ അഡ്വക്കേറ്റിനേയും, അദ്ദേഹത്തോടൊപ്പം നീതിക്കുവേണ്ടി പോരാടിയ പ്രവർത്തകരെയെല്ലാം വളച്ചൊടിക്കാതെ സിനിമയിൽ നമുക്ക് കാണാനാവും. അതോടൊപ്പം പാൻ ഇന്ത്യൻ ഹിറ്റായി മാറിയ ‘പൊന്നിയൻ സെൽവൻ’ എന്ന മാസ് ചിത്രം ഹിന്ദുസാമ്രാജ്യത്വത്തെ ചിത്രീകരിക്കാൻ നടത്തുന്ന ശ്രമത്തെയും കാണാതിരിക്കരുത്. ചോളയെ ഒരു ഹിന്ദു രാജാവായി ചിത്രീകരിച്ചു കൊണ്ട് ചോള പാരമ്പര്യം സ്വന്തമാക്കാനുള്ള ബിജെപി ശ്രമമാണിത്. ദേശീയ ഹിന്ദുബിംബമായി തമിഴ് ദേശീയതയിൽ നിന്നും ഒരാളെ ഉയർത്തിക്കാട്ടാൻ വേണ്ടിയുള്ള പെടാപ്പാടിന്റെ ഭാഗമായാണിത്. ഇങ്ങനെ പ്രാദേശികതയിൽ നിന്നും ഹിന്ദുത്വ രാഷ്ട്രനിർമ്മിതിക്കായുള്ള വേരുകൾ കണ്ടെത്തുകയും, അവ ഇന്ത്യയൊട്ടാകെ പ്രചരിപ്പിക്കാനുള്ള മാധ്യമമായി സിനിമയെ തിരഞ്ഞെടുക്കുകയും ചെയ്യുന്ന നിരവധി ഉദാഹരണങ്ങളെ ഇവിടെ നമുക്ക് വായിച്ചെടുക്കാനാവും. അതിലൊന്നാണ് കാന്താര സിനിമയിലൂടെയുള്ള അപനിർമ്മാണം.

സിനിമയ്ക്ക് അകത്തും പുറത്തും തങ്ങളുടെ രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാനുള്ള പദ്ധതികൾ കൃത്യമായിത്തന്നെ സംഘപരിവാർ മെനഞ്ഞതിന്റെ ചരിത്രം കൂടിയാണ് ഈ പുസ്തകം. ചരിത്രത്തെ ഹിന്ദുത്വവൽക്കരിക്കാൻ ലക്ഷ്യമിട്ടിട്ടുള്ള ബൃഹത് പദ്ധതികളുടെ ചുവടുപിടിച്ച് ധാരാളം ചിത്രങ്ങൾ ബോളിവുഡിൽ അടുത്തകാലത്തായി ഇങ്ങനെ പിറവിയെടുത്തിട്ടുണ്ട്. ധീരരായ ഹിന്ദു രാജാക്കന്മാരുടെയും, അവരുടെ കൃത്രിമമായി സൃഷ്ടിച്ചെടുത്ത വിരേതിഹാസ ചരിത്രത്തിന്റെയും കഥകൾ തിരശ്ശീലയെ തീവ്ര ഹൈന്ദവ വികാരത്താൽ മയക്കിയ ഒരു അവസ്ഥയാണ് ഇന്നുള്ളത്. ചരിത്രത്തിന്റെ കാവിവൽക്കരണത്തോടൊപ്പം തന്നെ നരേന്ദ്രമോദിയുടെ ധീരമായ നടപടികളെ വാഴ്ത്തിപ്പാടുന്ന ‘ഉറി’ പോലുള്ള ചിത്രങ്ങളും യാദൃച്ഛികമായി സംഭവിച്ചതല്ല. ഹിന്ദുത്വ പ്രചരണത്തോടൊപ്പം ദളിത്, ന്യൂനപക്ഷ, മുസ്ലിം വിരുദ്ധ സിനിമകളും ഇതോടൊപ്പം തന്നെ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. കാശ്മീർ ഫയൽസ് അത്തരത്തിൽ സംഘപരിവാറിനു വേണ്ടി നിർമ്മിക്കപ്പെട്ട ഒരു സിനിമയാണ്. യഥാർത്ഥ പ്രശ്നത്തെ മറച്ചുവെച്ചുകൊണ്ട് യഥാർത്ഥ രാഷ്ട്രീയ സാഹചര്യങ്ങളെ പൂർണ്ണമായും റദ്ദു ചെയ്യാനുള്ള ശ്രമമാണ് ‘കാശ്മീർ ഫയൽസ്’ നടത്തുന്നത്. സിനിമ പോലൊരു മാധ്യമത്തെ തങ്ങൾക്ക് അനുകൂലമായി പ്രത്യയശാസ്ത്രപരമായി നിർവചിച്ചടുക്കാനുള്ള വലിയ പദ്ധതിയാണ് സംഘപരിവാർ ഇതിലൂടെ നടത്തുന്നത്.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ യാതൊരു പങ്കുമില്ലാത്ത ഹിന്ദുത്വവാദികൾ കൃത്രിമമായി കെട്ടിച്ചമച്ച ചരിത്രത്തിലൂടെ രാജ്യത്തിന്റെ അവകാശം നേടിയെടുക്കാനുള്ള നിരവധിയായ ശ്രമങ്ങൾ നടത്തുന്നതിന്റെ ഭാഗമായാണ് സിനിമയിലും അവർ ഇടപെടുന്നത്. സിനിമയുടെ ബഹുജനസ്വഭാവത്തെ തന്ത്രപരമായി ഉപയോഗിക്കുകയും ഹിന്ദുത്വത്തിന് അനുകൂലമായ മനുഷ്യമനസ്സുകളെയും സമൂഹത്തെയും സൃഷ്ടിക്കുന്നതിൽ വിജയിക്കുകയും ചെയ്യുന്നുണ്ട്. സംഘപരിവാർ രൂപപ്പെടുത്തുന്ന ദേശീയതയ്ക്ക് അനുകൂലമായ പൊതുസമൂഹത്തെ രൂപീകരിക്കുന്നതിന് സിനിമ എന്ന കലാരൂപം ഉപയോഗിക്കപ്പെടുന്നത് തിരിച്ചറിയാനും, സംഘപരിവാറിന്റെ ഇത്രയും ശ്രമങ്ങളെ തുറന്നുകാണിക്കാനും നമ്മളെ സഹായിക്കുന്നതാണ് ഈ പുസ്തകം. പാഠപുസ്തകങ്ങൾ തിരുത്തിയെഴുതി സംഘപരിവാറിന് അനുകൂലമായ സിലബസ്സുകൾ നിറക്കുമ്പോൾ, ഇതിനു സമാനമായി സിനിമയിലും തിരക്കഥയിൽ കൈകടത്തലുകൾ നടക്കുന്നുണ്ട്. സിനിമ കാണുകയും, ആഘോഷിക്കുകയും ചെയ്യുന്നതിനോടൊപ്പം കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾക്കിടയിലൂടെ കടത്തിവിടുന്ന കാവിരാഷ്ട്രീയത്തെ കൃത്യമായി മനസ്സിലാക്കാനും ക്രിയാത്മകമായി പ്രതിരോധിക്കാനും ഈ പുസ്തകം നമ്മളെ സഹായിക്കും എന്നുറപ്പാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × one =

Most Popular