Friday, November 22, 2024

ad

Homeരാജ്യങ്ങളിലൂടെഅമേരിക്കയിൽ ദശലക്ഷക്കണക്കിന്‌ സ്‌ത്രീകൾക്ക്‌ ആരോഗ്യപരിരക്ഷയില്ല

അമേരിക്കയിൽ ദശലക്ഷക്കണക്കിന്‌ സ്‌ത്രീകൾക്ക്‌ ആരോഗ്യപരിരക്ഷയില്ല

ഷിഫ്‌ന ശരത്‌

മേരിക്കയിലെ സ്‌ത്രീകളുടെ ആരോഗ്യപരിരക്ഷ, പ്രത്യേകിച്ചും ഗർഭസംബന്ധമായ ആരോഗ്യപരിരക്ഷ ദയനീയമായ അവസ്ഥയിലാണ്‌; സമീപകാല പഠനങ്ങളും കണക്കുകളും അത്‌ കൃത്യമായി സൂചിപ്പിക്കുന്നു. സെന്റർ ഫോർ ഹെൽത്ത്‌ കെയർ ക്വാളിറ്റി ആന്റ്‌ പേമെന്റ്‌ റിഫോർമിന്റെ കണക്കനുസരിച്ച്‌, അമേരിക്കയിലെ ആശുപത്രികളിൽ 55 ശതമാനവും പ്രസവസംബന്ധമായ സേവനങ്ങൾ ലഭ്യമാക്കുന്നില്ല. എന്നുവെച്ചാൽ ലോകത്തിലെ ഏറ്റവും വലിയ വികസിത രാജ്യമെന്ന്‌ സ്വയം വാഴ്‌ത്തുപാട്ടുകൾ നടത്തുന്ന അമേരിക്കയിൽ സ്‌ത്രീകൾക്ക്‌ പ്രസവത്തിനായി അനുബന്ധ സേവനം ലഭിക്കുന്ന ആശുപത്രിയിലെത്താൻ മണിക്കൂറുകൾ യാത്രചെയ്യണം എന്നർഥം. അതിൽതന്നെ ഗ്രാമങ്ങളിലെ സ്‌ത്രീകളും നഗരങ്ങളിലെ സ്‌ത്രീകളും നേരിടുന്നത്‌ വലിയ രീതിയിലുള്ള അന്തരമാണ്‌. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ, ഗ്രാമീണമേഖലകളിലെ കറുത്ത വംശജരായ സ്‌ത്രീകൾ നേരിടുന്നത്‌ വലിയ അന്തരമാണ്‌. സെന്റർ ഫോർ ഹെൽത്ത്‌ ജേണലിസം (CHJ) സംഘടിപ്പിച്ച വെബിനാറിൽ ചൂണ്ടിക്കാണിക്കപ്പെട്ടത്‌ ഗ്രാമങ്ങളിൽ ഗർഭസംബന്ധമായ പ്രശ്‌നങ്ങൾമൂലം മരണപ്പെടുന്ന വെളുത്ത വംശജരായ സ്‌ത്രീകളെ അപേക്ഷിച്ച്‌ കറുത്ത വംശജരായ സ്‌ത്രീകളുടെ എണ്ണം മൂന്നിരട്ടിയാണ്‌.

നഗരപ്രദേശങ്ങൾക്ക്‌ പുറത്ത്‌ ജീവിക്കുന്ന മിക്ക ഗർഭിണികൾക്കും മെച്ചപ്പെട്ട ഒബ്‌സ്റ്റെട്രിക്‌സ്‌/ഗൈനക്കോളജി ഡിപ്പാർട്ട്‌മെന്റുകൾ സമീപത്തെ ആശുപത്രികളിൽ ലഭിക്കുന്നില്ല; അമേരിക്കയിലെ ഏകദേശം രണ്ട്‌ ദശലക്ഷം സ്‌ത്രീകൾക്ക്‌ ഇതുസംബന്ധമായ എന്തെങ്കിലുമൊരു സേവനം ലഭിക്കണമെങ്കിൽ കുറഞ്ഞത്‌ 40 കിലോമീറ്ററെങ്കിലും യാത്ര ചെയ്യണമെന്നത്‌ ഞെട്ടിപ്പിക്കുന്ന വസ്‌തുതയാണ്‌.

ഗർഭസംബന്ധമായ സേവനങ്ങൾ ലേബർ റൂമുകളിലോ വാർഡുകളിലോ മാത്രം നൽകിയാൽ പോരാ, മറിച്ച്‌ പ്രസവത്തിനു മുമ്പും ശേഷവും കൃത്യമായ പരിശോധനകളും ആവശ്യമായ ചികിത്സയും ലഭിക്കേണ്ടത്‌ അമ്മയുടെയും കുഞ്ഞിന്റെയും മുന്നോട്ടുള്ള ജീവിതത്തിന് അത്യന്താപേക്ഷിതമാണ്‌. ഗൈനക്കോളജിസ്റ്റിനെ കാണിക്കാൻ രണ്ടു മണിക്കൂർ ദൂരം സഞ്ചരിക്കേണ്ടിവരുന്നത്‌, ഒട്ടേറെ സ്‌ത്രീകൾക്ക്‌ ആശുപത്രികളിലേക്ക്‌ പോകാനാവാത്ത സാഹചര്യം സംജാതമാക്കുന്നു. ഇത്‌ ദീർഘകാല ആരോഗ്യപ്രശ്‌നങ്ങൾ അമ്മയ്‌ക്കും കുഞ്ഞിനുമുണ്ടാക്കുകയും ചെയ്യുന്നുണ്ട്‌.

പോയവർഷം അവസാനം വന്ന, സെന്റേഴ്‌സ്‌ ഫോർ ഡിസീസ്‌ കൺട്രോൾ റിപ്പോർട്ട്‌ ചെയ്യുന്നത്‌ പ്രകാരം അമേരിക്കയിലെ ശിശുമരണനിരക്ക്‌ 2022ലേതിനേക്കാൾ 3 ശതമാനം കണ്ട്‌ വർധിച്ചിരിക്കുന്നു എന്നാണ്‌. ഒപ്പംതന്നെ കുഞ്ഞുങ്ങളിലെ കൺജെനിറ്റൽ സിഫിലിസിന്റെ കാര്യത്തിലും വലിയ വർധനവ്‌ കാണിക്കുന്നു; അതായത്‌, പത്തുവർഷം മുൻപ്‌ പറഞ്ഞ കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ പത്തിരട്ടി വർധനവാണ്‌ കുരുന്നുകളിലെ സിഫിലിസ് രോഗത്തിന്റെ കാര്യത്തിൽ അമേരിക്കയിൽ ഉണ്ടായിട്ടുള്ളത്‌. ഇവയിൽ 90 ശതമാനം കേസുകളും പ്രസവത്തിനു മുന്പാണ്‌ കണ്ടെത്തുന്നത്‌ എങ്കിലും സിഫിലിസ്‌ ബാധിതരായ 40 ശതമാനം ഗർഭിണികൾക്കും കൃത്യമായ ചികിത്സ ലഭിക്കുന്നില്ല എന്നതാണ്‌ വസ്‌തുത. ഇത്തരത്തിൽ അമേരിക്കയിലെ ആരോഗ്യരംഗം, പ്രത്യേകിച്ചും ഗൈനക്കോളജി വിഭാഗം തികച്ചും ദയനീയമായ അവസ്ഥയിലാണ്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

12 − 8 =

Most Popular