പുതിയ കേരളത്തിന്റെ സാധ്യതകളും ശേഷിയും ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തിനായുള്ള വിശദമായ പദ്ധതിരേഖയാണ് 2024-–25 ലെ കേരള ബജറ്റ്. ലോകമാകെയും രാജ്യത്തും സംസ്ഥാനത്തിനുള്ളിലും കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി സംഭവിച്ച മാറ്റങ്ങളെ നിരീക്ഷിക്കുകയും അതിനനുസൃതമായി പുതിയ വികസന പന്ഥാവ് രൂപപ്പെടുത്തുകയും ചെയ്യുക എന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. കാല്‍ നൂറ്റാണ്ടിനുള്ളില്‍ ലോകത്തിലെ ഏതൊരു വികസിത രാജ്യത്തിനും സമാനമായ ജീവിത നിലവാരത്തിലേക്കും അടിസ്ഥാന സൗകര്യ വികസനത്തിലേക്കും കേരളത്തെ എത്തിക്കുക എന്ന ലക്ഷ്യമാണ് ഇടതുമുന്നണിയ്ക്കുള്ളത്. ഇതിലേക്കായി ശാസ്ത്ര സാങ്കേതിക വിദ്യയിലെ നേട്ടങ്ങളെ ഉപയോഗപ്പെടുത്തി സാമ്പത്തിക ഉല്‍പ്പാദനം ശക്തിപ്പെടുത്തുകയും അതിലൂടെ വിജ്ഞാന സമ്പദ് വ്യവസ്ഥയെ സംസ്ഥാനത്തിന്റെ പ്രധാനപ്പെട്ട ഉല്‍പ്പാദന രംഗമാക്കി മാറ്റുകയും ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ നാം ആവിഷ്കരിച്ചിട്ടുണ്ട്. അതിന്റെ ഗുണഫലങ്ങള്‍ കണ്ടുവരികയാണ്. ഉന്നത വിദ്യാഭ്യാസ – ഗവേഷണ –ഉല്‍പ്പന്ന നിര്‍മ്മാണ മേഖലകളില്‍ മുന്നോട്ടു പോകാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. രാജ്യത്തെ തന്നെ പ്രധാനപ്പെട്ട ഗവേഷണ കേന്ദ്രങ്ങളും സംരംഭക സ്ഥാപനങ്ങളും സംസ്ഥാനത്ത് സ്ഥാപിക്കാന്‍ നമുക്ക് കഴിഞ്ഞു. അടിസ്ഥാന മേഖലകളിലും ക്ഷേമരംഗത്തും രാജ്യത്തെ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നതിനൊപ്പമാണ് പുതിയ കാലത്തെ അഭിസംബോധന ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളേറ്റെടുക്കുന്നത് എന്നതും എടുത്തുപറയേണ്ട കാര്യമാണ്. ആരോഗ്യം, വിദ്യാഭ്യാസം, സഹകരണം, തദ്ദേശ സ്വയംഭരണം, പൊതുവിതരണം, കൃഷി തുടങ്ങി വിവിധ മേഖലകളില്‍ രാജ്യത്തെ തന്നെ ഏറ്റവും മികച്ച ഭരണ മാതൃകകളും വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും സംസ്ഥാനം വിജയകരകമായി ആവിഷ്കരിച്ചിട്ടുണ്ട്. കേന്ദ്ര ഗവണ്‍മെന്റും ദേശീയ അന്തര്‍ദേശീയ ഏജന്‍സികളും പുറത്തു വിടുന്ന വിവിധ റിപ്പോര്‍ട്ടുകളിലും കണക്കുകളിലും മിക്കവാറും രംഗങ്ങളിലെല്ലാം തന്നെ കേരളം ഒന്നാം സ്ഥാനത്താണ്. ഈ മികവുറ്റ നില തുടരാനും കൂടുതല്‍ മുന്നോട്ട് കേരളത്തെ നയിക്കാനും പ്രതിജ്ഞാബദ്ധമായ ഒരു ഗവണ്‍മെന്റിന്റെ നയരേഖയാണ് ഈ ബജറ്റ്.
ചരിത്രത്തിലെ ഏറ്റവും വലിയ കേന്ദ്ര അവഗണന
കേരളത്തിന്റെ ഈ മുന്നോട്ടുപോക്കിന് ഏറ്റവും വലിയ പ്രതിബന്ധമായി നില്‍ക്കുന്നത് കേന്ദ്ര അവഗണനയാണ്. വികസന പദ്ധതികള്‍ അനുവദിക്കുന്നതിലും അര്‍ഹമായ നികുതി വിഹിതം സംസ്ഥാനത്തിന് നല്‍കുന്നതിലും കേന്ദ്രം വലിയ അവഗണന കാട്ടുന്നു. സംസ്ഥാനത്തുനിന്ന് പിരിച്ചുകൊണ്ടു പോകുന്ന കേന്ദ്ര നികുതിയിലെ അര്‍ഹമായ സംസ്ഥാന വിഹിതം വെട്ടിക്കുറയ്ക്കുന്നു. പത്താം ധനകാര്യ കമ്മീഷന്റെ കാലത്ത് ഡിവിസിബിള്‍ പൂളില്‍ നിന്നും 3.87 ശതമാനം നികുതി വിഹിതം സംസ്ഥാനത്തിന് ലഭിച്ചിരുന്നുവെങ്കില്‍ പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ കാലത്ത് അത് 1.925 ശതമാനമായി വെട്ടിക്കുറച്ചു. ഇതിലൂടെ ഇരുപതിനായിരത്തോളം കോടി രൂപയുടെ നഷ്ടമാണ് സര്‍ക്കാരിന് പ്രതിവര്‍ഷം ഉണ്ടാകുന്നത്.
ജി.എസ്.ടി. നടപ്പിലാക്കിയതിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ക്കുണ്ടായ വരുമാന നഷ്ടം പരിഹരിക്കാനായി ഏര്‍പ്പെടുത്തിയ ജി.എസ്.ടി. നഷ്ടപരിഹാരം 2022 ജൂണില്‍ അവസാനിപ്പിച്ചു. ബി.ജെ.പി. ഭരിക്കുന്നതുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍, കോവിഡിന്റേതുള്‍പ്പെടെയുള്ള പശ്ചാത്തലത്തില്‍ ഇത് ദീര്‍ഘിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചിരുന്നു. അത് പരിഗണിക്കാന്‍ കേന്ദ്രം തയ്യാറായില്ല. സംസ്ഥാന ഖജനാവിന് പുറത്തു നിന്ന് പണം സമാഹരിച്ച് പ്രവര്‍ത്തിക്കുന്ന കിഫ്ബിയുടെയും പെന്‍ഷന്‍ കമ്പനിയുടെയും ബാധ്യതകളെ സംസ്ഥാനത്തിന്റെ പൊതുകടമായി കണ്ട് സംസ്ഥാന കടപരിധിയില്‍ അത് കുറവ് ചെയ്യുന്ന നിലയുണ്ടായി. സംസ്ഥാനത്തിന്റെ പബ്ലിക് അക്കൗണ്ടും കടപരിധിയില്‍ കുറവ് ചെയ്തതോടെ പതിനായിക്കണക്കിന് കോടി രൂപയുടെ വെട്ടിക്കുറവാണ് സംസ്ഥാനത്തിന്റെ ആകെ വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്. സംസ്ഥാന വരുമാനത്തില്‍ ഒരു വര്‍ഷം 57,000 കോടി രൂപയുടെ കുറവുണ്ടാകുമ്പോള്‍ സംഭവിക്കുന്ന സാമ്പത്തിക ഞെരുക്കമാണ് സംസ്ഥാനത്തിനുള്ളത്. ഇതിനെ നേരിടാന്‍ നമുക്ക് കഴിയുക സംസ്ഥാന വരുമാനം വര്‍ദ്ധിപ്പിച്ചുകൊണ്ടാണ്. 2020-–21 –ല്‍ നമ്മുടെ തനത് നികുതി വരുമാനം 47,661 കോടി രൂപയായിരുന്നു. 2021–-22 –ല്‍ അത് 58,341 കോടി രൂപയായും 2022–-23 –ല്‍ 71,968 കോടി രൂപയായും വര്‍ധിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം ഇത് 78,000 കോടി രൂപയിലധികമാകുമെന്നാണ് പ്രതിക്ഷിക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം 2020–-21 –നെ അപേക്ഷിച്ച് തനത് നികുതി വരുമാനം ഇരട്ടിയാകുമെന്നത് നിസ്തര്‍ക്കമാണ്. നികുതി വരുമാനത്തില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോഴും അര്‍ഹമായ കേന്ദ്ര വിഹിതം നിഷേധിക്കപ്പെടുന്നതിന്റെ ഭാഗമായുള്ള സാമ്പത്തിക ബുദ്ധിമുട്ട് സംസ്ഥാനത്ത് രൂപപ്പെടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
കേരളത്തിന് 100-ല്‍ 21 രൂപ
യു.പിയ്ക്ക് 46 രൂപ, ബീഹാറിന് 70 രൂപ
ഏറ്റവും ഒടുവില്‍ പുറത്തു വന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്റ്റേറ്റ് ഫിനാന്‍സസ് റിപ്പോര്‍ട്ട് പ്രകാരം 2021-–23 വര്‍ഷങ്ങളിലെ കണക്കനുസരിച്ച് 65 രൂപ സംസ്ഥാനങ്ങള്‍ പിരിച്ചെടുത്താല്‍ 35 രൂപ കേന്ദ്രം നൽകും എന്നതാണ് ദേശീയ ശരാശരി. എന്നാല്‍ 79 രൂപ കേരളം പിരിച്ചെടുക്കുമ്പോള്‍ കേന്ദ്രം 21 രൂപയേ തരുന്നുള്ളൂ എന്നതാണ് വസ്തുത. അതായത് സംസ്ഥന വരുമാനത്തില്‍ 100 രൂപയില്‍ 21 രൂപ മാത്രമാണ് കേന്ദ്രത്തിന്റെ സംഭാവന. ഉത്തര്‍പ്രദേശിന് 100-ല്‍ 46 രൂപ കേന്ദ്രം നല്‍കുന്നു. ബീഹാറിനാകട്ടെ 100-ല്‍ 70 രൂപയാണ് കേന്ദ്രം നല്‍കുന്നത്. ഈ അനീതിയെയാണ് നാം ചൂണ്ടിക്കാട്ടുന്നത്.
കേരളം എന്ന സൂര്യോദയ
സമ്പദ് വ്യവസ്ഥ
കേരളം വികസനത്തിന്റെ സൂര്യോദയമേഖലയാണ് എന്നു പറഞ്ഞുകൊണ്ടാണ് ബജറ്റ് പ്രസംഗം ആരംഭിച്ചത്. എന്താണ് സൂര്യോദയ മേഖലകളെന്ന് ചിലര്‍ക്കെങ്കിലും സംശയമുണ്ടാകാം. വികസനത്തിന്റെ അനന്ത സാധ്യതകളുള്ള, ശാസ്ത്ര സാങ്കേതിക പുരോഗതിയുടെ സഹായത്തോടെ മുന്നേറാന്‍ കഴിയുന്ന ചലനാത്മകമായ മേഖലകളാണവ. കേരളത്തിന്റെ ഉത്പാദന മേഖലകളെല്ലാം ഇത്തരത്തില്‍ ചലനാത്മകവും ഡിമാന്റ് ഉള്ളവയുമാണ്. അതുകൊണ്ടു തന്നെ പ്രതീക്ഷാ നിര്‍ഭരമായ ഒരു സമ്പദ്‌വ്യവസ്ഥയാണ് നമ്മുടേതെന്ന് നിസ്സംശയം പറയാന്‍ കഴിയും. വിഴിഞ്ഞം തുറമുഖം, ടൂറിസം, ആരോഗ്യം, വ്യവസായം തുടങ്ങിയ മേഖലകളിലെല്ലാം വളര്‍ച്ചയുടെ അനന്ത സാധ്യതകള്‍ നമുക്കുണ്ട്. വിജ്ഞാന സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ കഴിയുംവിധം ഐ.ടി.-, വ്യവസായ,- ഉന്നതവിദ്യാഭ്യാസ മേഖലകളില്‍ക്കൂടി കുതിച്ചുചാട്ടമുണ്ടാക്കാനായാല്‍ അത് വലിയ നേട്ടത്തിന് വഴിവയ്ക്കും.
വിഴിഞ്ഞം: ഭാവി കേരളത്തിന്റെ വികസന കവാടം
വിഴിഞ്ഞം തുറമുഖം ഭാവി കേരളത്തിന്റെ വികസന കവാടമാണ്. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ പാതയില്‍ സ്ഥിതി ചെയ്യുന്ന വിഴിഞ്ഞത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു വാണിജ്യകേന്ദ്രമാക്കി മാറ്റാന്‍ കഴിയും. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖ നഗരങ്ങളിലൊന്നാക്കി വിഴിഞ്ഞത്തെ മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുകയാണ്. സ്വകാര്യമേഖലയെക്കൂടി പങ്കാളികളാക്കി വലിയ വികസനം സാധ്യമാക്കാന്‍ സര്‍ക്കാര്‍ ബജറ്റില്‍ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. വികസന പദ്ധതികള്‍ക്കായി സ്ഥലം വിട്ടു നല്‍കുന്നവര്‍ക്ക് നഷ്ടപരിഹാരം കൂടാതെ പദ്ധതികളുടെ പ്രവര്‍ത്തന ലാഭത്തിന്റെ ഒരു വിഹിതം കൂടി ലഭിക്കുന്ന ലാന്റ് പൂളിംഗ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ നാം ആലോചിക്കുകയാണ്. മത്സ്യത്തൊഴിലാളികള്‍ ഉൾ്പെടെയുള്ള പ്രാദേശിക ജനവിഭാഗങ്ങള്‍ക്കുകൂടി വിഴിഞ്ഞം പദ്ധതിയുടെ പ്രയോജനം ലഭ്യമാകുന്ന തരത്തിലുള്ള പദ്ധതികളും ബജറ്റിലുണ്ട്. വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെയുള്ള ഔട്ടര്‍ റിംഗ് റോഡിന്റെയും വികസന ഇടനാഴിയുടെയും സമയബന്ധിതമായ നിര്‍മ്മാണം സര്‍ക്കാര്‍ ഉറപ്പാക്കും.
1970-കളുടെ അവസാനത്തില്‍ ചൈനയില്‍ രൂപംകൊടുത്ത ഡവലപ്പമെന്റ് സോണ്‍ എന്ന ആശയം കേരളത്തിന് മാതൃകയാക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കുകയാണ്. തുറമുഖങ്ങള്‍ വഴി കയറ്റുമതി വര്‍ധിപ്പിച്ച് ഉല്‍പ്പാദന മേഖലയില്‍ വന്‍ കുതിച്ചുചാട്ടം നടത്തി ചൈന കൈവരിച്ച നേട്ടം വിഴിഞ്ഞം തുറമുഖം വഴി നമുക്കും കൈവരിക്കാനാകും. ഇതിനായി പ്രത്യേക ഡവലപ്പ്മെന്റ് സോണുകള്‍ (SDZ) സൃഷ്ടിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കും.
ടൂറിസം, കെയര്‍ ഇക്കണോമി:
സാധ്യതകളുടെ പുതിയകാലം
ടൂറിസം, ആരോഗ്യ പരിപാലനം, ഗവേഷണം തുടങ്ങിയ മേഖലകളില്‍ സംസ്ഥാനത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തും. ഇക്കോടൂറിസം കേന്ദ്രങ്ങള്‍ കൂടുതല്‍ വികസിപ്പിക്കുകയും തദ്ദേശ വിദേശ ടൂറിസ്റ്റുകളെ കൂടുതലായി ആകര്‍ഷിക്കാന്‍ കഴിയുന്ന നിലയില്‍ ടൂറിസം മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കുകയും ചെയ്യും. ഇതിനായി സ്വകാര്യ മൂലധന നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കും. വന്‍കിട കണ്‍വെന്‍ഷന്‍ സെന്ററുകള്‍ സംസ്ഥാനത്ത് സ്ഥാപിക്കുക വഴി ലോകത്തിലെ പ്രധാനപ്പെട്ട ഇവന്റുകള്‍ക്ക് കേരളം വേദിയാകാനുള്ള സാധ്യത പരിശോധിക്കും. കേരളത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ കെയര്‍ സെന്ററുകള്‍ക്ക് വലിയ സാധ്യതയാണുള്ളത്. ലോകത്തിന്റെ കെയര്‍ ക്യാപ്പിറ്റലാക്കി കേരളത്തെ മാറ്റാന്‍ കഴിയും. തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ലോകമെമ്പാടുമുള്ള മുതിര്‍ന്ന പൗരര്‍ക്കും രോഗികള്‍ക്കും ചികിത്സയും ആരോഗ്യ പരിചരണവും നല്‍കാന്‍ കഴിഞ്ഞാല്‍ അത് വലിയൊരു സാമ്പത്തിക മേഖലയുടെ സൃഷ്ടിക്ക് വഴിതെളിക്കും. ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള കെയര്‍ സെന്ററുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കും.
ഉന്നതവിദ്യാഭ്യാസവും ഗവേഷണവും
ഡിജിറ്റല്‍ സര്‍വ്വകലാശാലയും സാങ്കേതിക സര്‍വ്വകലാശാലയും ഉള്‍പ്പെടെ കേരളത്തിലെ സര്‍വ്വകലാശാലകളില്‍ നടക്കുന്ന മുന്നേറ്റത്തിന് എല്ലാവിധ പിന്‍തുണയും സര്‍ക്കാര്‍ നല്‍കിവരികയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ ബജറ്റില്‍ നല്‍കിയിട്ടുണ്ട്. ഗ്രാഫീന്‍, ന്യൂട്രാസ്യൂട്ടിക്കല്‍സ്, മൈക്രോ ബയോം തുടങ്ങിയ മേഖലകളിലെ ഗവേഷണ സ്ഥാപനങ്ങള്‍, സയന്‍സ് പാര്‍ക്കുകള്‍, സ്കില്‍ പാര്‍ക്കുകള്‍, ഐ.ടി ഇടനാഴികള്‍, വ്യവസായ ഇടനാഴികള്‍, ഗിഫ്റ്റ് സിറ്റി തുടങ്ങിയവയെല്ലാം ഈ മേഖലയില്‍ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കും.
മൂലധന നിക്ഷേപവും അടിസ്ഥാന സൗകര്യ വികസനവും
സര്‍ക്കാര്‍, സ്വകാര്യ മേഖല, സര്‍ക്കാര്‍-–സ്വകാര്യ പങ്കാളിത്തം എന്നിങ്ങനെ വിവിധ മേഖലകളില്‍ കൂടുതല്‍ മൂലധന നിക്ഷേപമുണ്ടാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരളത്തിന്റെ ഏറ്റവും വലിയ കരുത്തായ പ്രവാസി മേഖലയെ നാടിന്റെ വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെടുത്താനുള്ള പദ്ധതികളും രൂപീകരിക്കും. പ്രവാസി മൂലധന നിക്ഷേപത്തിലൂടെ വിവിധ മേഖലകളില്‍ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കാനാകും. നിക്ഷേപകര്‍ക്ക് പലിശയിളവ് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കും. ഇത്തരത്തില്‍ സ്വകാര്യ നിക്ഷേപങ്ങളുടെ പിന്തുണയോടെ വിവിധ മേഖലകളില്‍ കൂടുതല്‍ മികവ് കൈവരക്കാന്‍ നമുക്ക് കഴിയും. കേന്ദ്രം ഏര്‍പ്പെടുത്തുന്ന സാമ്പത്തിക ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍, കാലവിളംബമില്ലാതെ വികസന ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ നമുക്ക് അവലംബിക്കാന്‍ കഴിയുന്ന മാതൃകകള്‍ ഇവയൊക്കെയാണ്.
ലോകത്തെ മാറ്റങ്ങള്‍ക്കൊപ്പം കേരളത്തിനും സഞ്ചരിക്കാന്‍ കഴിയുന്നു എന്ന് ഗവൺമെന്റ് ഉറപ്പുവരുത്തും. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും അനുഭവ നേട്ടങ്ങള്‍ മാത്രമല്ല, സാമ്പത്തിക നേട്ടങ്ങളുടെ വിഹിതവും നമുക്ക് നേടാനാകണം. അതിന് ഗവേഷണവും അനുബന്ധ ഉല്‍പ്പാദനവും പ്രോത്സാഹിപ്പിക്കപ്പെടണം. ഉല്‍പ്പാദന ശാലകള്‍ സ്ഥാപിക്കപ്പെടണം. അതിന് വലിയ അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കണം. അതിലൂടെ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ കരുത്ത് നേടണം. ആ സമ്പദ് വ്യവസ്ഥയില്‍ സര്‍വ്വര്‍ക്കും ക്ഷേമവും, സര്‍വ്വതോമുഖമായ വികസനവും ഉറപ്പുവരുത്താനാകും. ഈ ലക്ഷ്യം കൈവരിക്കാനുള്ള വിശദമായ നയരേഖയായി ഈ ബജറ്റിന് മാറാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഭാവി കേരളത്തെ നിര്‍ണ്ണയിക്കാന്‍ കഴിയുന്ന അതി പ്രധാനമായ മേഖലകളില്‍ നടത്തേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങളും ബജറ്റിലുണ്ട്. നവ കേരള സൃഷ്ടിക്ക് ഇവ ചവിട്ടുപടികളാകുമെന്ന ശുഭപ്രതീക്ഷയാണുള്ളത്. ♦