Thursday, November 21, 2024

ad

Homeകവര്‍സ്റ്റോറിദുരിതത്തിലായ കാർഷിക 
മേഖലയ്ക്കും അവഗണന

ദുരിതത്തിലായ കാർഷിക 
മേഖലയ്ക്കും അവഗണന

പ്രൊഫ. ആർ രാംകുമാർ

നമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിൽ ഏറെയും ഊന്നൽ നൽകിയത് കഴിഞ്ഞ പത്ത് വർഷക്കാലത്തെ ബിജെപി ഗവൺമെന്റിന്റെ നേട്ടങ്ങളെക്കുറിച്ചുള്ള വാഴ്ത്തലുകൾക്കാണ്; അടുത്ത വർഷം എന്തൊക്കെയാണ് പുതിയ ചെലവിനങ്ങളായി അവതരിപ്പിക്കാൻ പോകുന്നത് എന്നത് വ്യക്തമാകുന്നുമില്ല. അതേ കാരണത്താൽ തന്നെ ബജറ്റിനെ സംബന്ധിച്ച ചർച്ചകളാകെ ഒരേയൊരു ചോദ്യത്തിൽ കുടുങ്ങിക്കിടക്കുകയാണ്–: കഴിഞ്ഞ ഒരു ദശകക്കാലത്തെ സർക്കാർ നയങ്ങൾ മൂലം ദുരിതത്തിലാണ്ട കാർഷികമേഖലയിലെ ദുരിതങ്ങൾക്ക് ശമനമായോ അതോ രൂക്ഷമായോ?

വരുമാനവും ലാഭക്ഷമതയും
എല്ലാ ഔദ്യോഗിക ഡാറ്റയും സൂചിപ്പിക്കുന്നത് കാർഷികമേഖലയിലെ ദുരിതങ്ങൾ രൂക്ഷമായതായാണ്. ഒന്നാമത്, കാർഷികവിലകളിൽ വളരെ വലിയ കുറവുണ്ടാകുന്നത് കർഷകരുടെ വരുമാനത്തിൽ ഇടിവുണ്ടാക്കുന്നു. കാർഷികമേഖലയിലും അനുബന്ധമേഖലകളിലുമുള്ള സെക്ടറൽ നാണയച്ചുരുക്കം (“Sectoral deflactor – – നിലവിലെ വിലകളിലും സ്ഥിര വിലകളിലും കൂട്ടിച്ചേർക്കപ്പെട്ട മൊത്തം മൂല്യത്തിന്റെ വളർച്ചാ നിരക്കിലുള്ള വ്യത്യാസം) 2013–14ൽ 9.4 ശതമാനമായിരുന്നത് 2019–20ൽ 5 ശതമാനമായും 2023–24ൽ 3.7 ശതമാനമായും കുറഞ്ഞു.

രണ്ടാമത്, കമ്പോളത്തിൽ കാർഷികവിലകളുടെ സ്തംഭനം അഥവാ വില ഇടിവിന് പരിഹാരമായി താങ്ങുവിലയിൽ വർധനവുണ്ടാകുന്നില്ല. പ്രധാന ഭക്ഷ്യധാന്യവിലകളെ സംബന്ധിച്ചിടത്തോളം 2003–04നും 2013–14നുമിടയ്ക്ക് താങ്ങുവിലയിൽ പ്രതിവർഷം ശരാശരി 8–9 ശതമാനത്തിന്റെ വർധനവാണുണ്ടായത്; എന്നാൽ 2013–14നും 2023–24നുമിടയ്ക്ക് ഇത് 5 ശതമാനം മാത്രമായി കുറഞ്ഞു. കർഷകരുടെ പക്ഷത്തും ചില്ലറ വിൽപ്പനക്കാരുടെ പക്ഷത്തും നിന്ന് ഒരേപോലെ വില നിയന്ത്രിക്കുന്നതിന് ഫലപ്രദമായി കമ്പോളത്തിൽ ഇടപെടുന്നതിനുള്ള ഗവൺമെന്റിന്റെ ശേഷിയെ താങ്ങുവില വേണ്ടത്ര വർധിപ്പിക്കാത്തത് പ്രതികൂലമായി ബാധിച്ചു.

മൂന്നാമത്, 2015നും 2022നുമിടയ്ക്ക് കർഷകരുടെ യഥാർഥ വരുമാനം ഇരട്ടിയാക്കുമെന്ന ഒരു വാഗ്ദാനം നൽകപ്പെട്ടിട്ടുണ്ട്. എന്നാൽ സമീപകാലത്തായി ഈ വിഷയം നയചർച്ചകളിൽ നിന്നും മാധ്യമസംവാദങ്ങളിൽനിന്നും അപ്രത്യക്ഷമായിരിക്കുന്നതായാണ് കാണുന്നത്. വാസ്തവത്തിൽ കൃഷിയിൽനിന്ന് കാർഷിക കുടുംബങ്ങൾക്ക് ലഭിക്കുന്ന വരുമാനം 2012–13നും 2018–19നും ഇടയ്ക്ക് 1.4 ശതമാനം കണ്ട് ഇടിഞ്ഞു. കൃഷിയിൽനിന്നുള്ള വരുമാനം ഇടിഞ്ഞത് കാർഷിക വിലകൾ കുറഞ്ഞതുകൊണ്ടോ, വില സ്തംഭനം ഉണ്ടായതുകൊണ്ടോ മാത്രമല്ല, മറിച്ച് കൃഷിക്കാവശ്യമായ ഇൻപുട്ടുകളുടെ വിശിഷ്യാ രാസവളങ്ങളുടെ വിലകൾ കുത്തനെ ഉയർന്നതുകൊണ്ടു കൂടിയാണ്.

നാലാമത്, 2011–12നും 2018–19നുമിടയ്ക്ക് ഗ്രാമീണതൊഴിലില്ലായ്മ വർധിച്ചു. ഗ്രാമീണ പുരുഷനെ സംബന്ധിച്ചിടത്തോളം ഈ ഉയർച്ച 1.7 ശതമാനത്തിൽനിന്ന് 5.6 ശതമാനത്തിലേക്കായിരുന്നു. ഗ്രാമീണ സ്ത്രീകളെ സംബന്ധിച്ചിടത്തോളം 1.7 ശതമാനത്തിൽ നിന്ന് 3.5 ശതമാനത്തിലേക്കായിരുന്നു. 2018–19നുശേഷം ഗ്രാമീണ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു; എങ്കിലും അതിന്റെ നില 2011–12ലെ തൊഴിലില്ലായ്മനിരക്കിനക്കാൾ അധികമായിരുന്നു. ഇതിലും പ്രധാനപ്പെട്ട കാര്യം ഗ്രാമീണ തൊഴിലില്ലായ്മയിലെ കുറവിനെ തുടർന്ന് മൊത്തം സ്ത്രീത്തൊഴിലാളികളിൽ സ്വയം തൊഴിൽ ചെയ്യുന്ന സ്ത്രീകൾ വർധിച്ചുവെന്നതാണ്. ഗ്രാമീണമേഖലയിലെ വർധനവിൽ അധികവും ഉണ്ടായത് കാർഷികരംഗത്തായിരുന്നു. ചുരുക്കത്തിൽ, കാർഷിക വിലകൾ വർധിക്കാതിരിക്കുകയും കാർഷിക വരുമാനം ഇടിയുകയും ചെയ്തിരുന്ന കാലത്ത് കാർഷികേതര മേഖലകളിൽ നിന്നുള്ള തൊഴിൽരഹിതരുടെ ഒരു തള്ളിക്കയറ്റം കാർഷികമേഖലയിൽ ഉണ്ടായി.

അഞ്ചാമത്, ഗ്രാമീണ ഇന്ത്യയിലെ യഥാർഥകൂലി 2016–17നുശേഷം ഒരിക്കലും വർധിച്ചിട്ടേയില്ല; 2020–21നുശേഷം അത് കുറഞ്ഞിട്ടുപോലുമുണ്ട്, പ്രത്യേകിച്ച് കാർഷികതൊഴിൽ വിപണിയിലേക്കുള്ള തള്ളിക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ. ഗ്രാമീണമേഖലയിലെ കാർഷികകൂലിയെ സംബന്ധിച്ചും കാർഷികേതര കൂലിയെ സംബന്ധിച്ചും ഈ പ്രവണതകൾ യാഥാർഥ്യമാണ്. പേരിനു മാത്രമുള്ള എല്ലാ കൂലി വർധനയും നാണയപ്പെരുപ്പം മൂലം പാടേ ഇല്ലാതാക്കപ്പെട്ടു.

അവസാനമായി, കാർഷികമേഖലയിലെ പൊതുനിക്ഷേപം പൊതുവിലും കാർഷികഗവേഷണവും വ്യാപനവും പോലെയുള്ള പ്രത്യേക മണ്ഡലങ്ങളിലും കഴിഞ്ഞ പതിറ്റാണ്ടിൽ തുടർച്ചയായി മാന്ദ്യാവസ്ഥയിലായിരുന്നു; ചിലപ്പോഴെല്ലാം അതിൽ ഇടിവുണ്ടാവുകയും ചെയ്തിരുന്നു. തൽഫലമായി കൃഷിയിലും അനുബന്ധമേഖലകളിലും മൂലധന നിക്ഷേപം വർധിച്ചില്ല. കാർഷികമേഖലയ്ക്കായി നൽകപ്പെട്ടിരുന്ന ദീർഘകാല ബാങ്ക് വായ്പകളിൽ ഏറെയും കോർപറേറ്റുകൾക്കും കാർഷിക വ്യാപാര സ്ഥാപനങ്ങൾക്കുമുള്ള ഹ്രസ്വകാല വായ്പകളായി വഴിതിരിച്ചുവിടപ്പെട്ടു.

അങ്ങനെ മോദി ഗവൺമെന്റിന്റെ പത്തുവർഷക്കാലവും ഗ്രാമീണ ഇന്ത്യയിലെ വരുമാനവും ലാഭക്ഷമതയും കടുത്ത പ്രയാസം നേരിടുകയായിരുന്നുവെന്ന് വ്യക്തമാണ്.

കാര്യങ്ങൾ ശുഭകരമാണെന്ന് വരുത്തിത്തീർക്കൽ
എന്നിട്ടും, ധനമന്ത്രിയുടെ റിപ്പോർട്ടും ബജറ്റ് പ്രസംഗവും പൂർണമായും വ്യത്യസ്തമായ ഒരു ചിത്രം വരച്ചിടാനാണ് ശ്രമിക്കുന്നത്. അവയിൽ കാർഷികോൽപ്പാദന വർധനയെ സംബന്ധിച്ച് തന്നിഷ്ടം പോലെ തെരഞ്ഞുപിടിച്ച് കണ്ടെടുത്ത കേവല സംഖ്യകളെയാണ് ഉദ്ധരിക്കുന്നത്. എന്നാൽ, എല്ലാ മുഖ്യവിളകളുടെയും ഉൽപ്പാദനത്തിന്റെ ഇൻഡെക്സ് നമ്പരുകൾ 2003–04നും 2010–11നുമിടയ്ക്ക് പ്രതിവർഷം 3.8 ശതമാനം കണ്ട് വളരുകയായിരുന്നുവെന്നും 2011–12നും 2022–23നുമിടയ്ക്ക് ഇത് പ്രതിവർഷം 2.7 ശതമാനം മാത്രമായിരുന്നുവെന്നുമുള്ള വസ്തുതയെ അവഗണിക്കുകയാണ് അവയിൽ. ആദായത്തിന്റെ ഇൻഡെക്സ് നമ്പർ നാം കണക്കിലെടുക്കുകയാണെങ്കിൽ, ഈ ഇടിവ് കൂടുതൽ രൂക്ഷമായിരുന്നു, കുത്തനെയുള്ളതായിരുന്നു: പ്രതിവർഷം 3.3 ശതമാനമായിരുന്നത് പ്രതിവർഷം 1.6 ശതമാനമായാണ് ഇടിഞ്ഞത്. ചുരുക്കത്തിൽ മഹാമാരിയുടെ കാലത്ത് കാർഷിക വളർച്ചയിൽ അവിചാരിതമായുണ്ടായ ഒരു കുതിപ്പ് 2010കളുടെ തുടക്കം മുതൽ കാർഷിക വളർച്ചയിലുണ്ടായ ദീർഘകാല ഇടിവ് മാറ്റിയെടുക്കാൻ പര്യാപ്തമായതായിരുന്നില്ല.

2024–25ലെ ബജറ്റ് എസ്റ്റിമേറ്റും ആത്മവിശ്വാസമുണ്ടാക്കുന്നതല്ല. കാർഷിക രംഗത്തെ വളർച്ചയിലെ ഇടിവ് ഗണ്യമായ വിധം മാറ്റിയെടുക്കാൻ ബജറ്റിൽ പദ്ധതിയൊന്നും തന്നെയില്ല– ക്ഷേമനടപടികളിലൂടെയോ നിക്ഷേപ പരിപാടികളിലൂടെയോ ഇതിൽ മാറ്റം വരുത്താൻ ബജറ്റിൽ ഒരു നിർദേശവുമില്ല.

2024–25ൽ കൃഷിയിലെയും അനുബന്ധ മേഖലകളിലെയും പ്രധാനപ്പെട്ട അക്കൗണ്ട് ഹെഡ്ഡുകളും ഫ്ളാഗ് ഷിപ്പ് പദ്ധതികളും കടുത്ത വെട്ടിക്കുറവ് നേരിടുകയാണ്. രാസവള സബ്സിഡി 2023–24ൽ 1.9 ലക്ഷം കോടി രൂപയായിരുന്നത് 2024–25 ൽ 1.6 ലക്ഷം കോടി രൂപയായി കുറച്ചു. ഭക്ഷ്യ സബ്സിഡി 2023–24ൽ 2.1 ലക്ഷം കോടി രൂപയായിരുന്നത് 2024–25ൽ 2 ലക്ഷം കോടി രൂപയായി കുറച്ചു. പ്രധാൻമന്ത്രി ഗ്രാമ ഡസക് യോജനയ്ക്കായുള്ള വകയിരുത്തൽ 2023–24ൽ 17,000 കോടി രൂപയായിരുന്നത് 2024–25ൽ 12,000 കോടി രൂപയായി കുറയ്ക്കപ്പെട്ടു. 2022–23ൽ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്കായി ചെലവഴിക്കപ്പെട്ടത് 90,000 കോടി രൂപയായിരുന്നെങ്കിൽ 2024–25ലെ വകയിരുത്തൽ 86,000 കോടി രൂപ മാത്രമാണ്. പിഎം കിസാൻ പദ്ധതി പ്രകാരമുള്ള പണം കെെമാറ്റം 2019ൽ അത് തുടങ്ങിയപ്പോൾ എത്രയായിരുന്നോ അത്രയും തന്നെയേ ഇപ്പോഴുമുള്ളൂ; പണം കെെമാറ്റത്തിലെ യഥാർഥ മൂല്യത്തിൽ ഇതുമൂലം കുറവുണ്ടാകുന്നു.

മത്സ്യമേഖലയിലെ നീല വിപ്ലവത്തെക്കുറിച്ച് ബജറ്റ് പ്രസംഗത്തിൽ വളരെയേറെ പറയുന്നുണ്ട്. എന്നാൽ ആ മേഖലയ്ക്കായുള്ള ബജറ്റ് വകയിരുത്തലിൽ 134 കോടി രൂപയുടെ വർധനവ് മാത്രമാണ്. മൃഗസംരക്ഷണ–ക്ഷീര വികസന വകുപ്പിനായുള്ള ബജറ്റ് വകയിരുത്തൽ 2023–24നും 2024–25നുമിടയിൽ 193 കോടി രൂപ മാത്രമേ വർധിച്ചിട്ടുള്ളൂ.

ദീർഘകാലമായി നിലനിന്നിരുന്ന തളർച്ചയിൽനിന്നുള്ള കാർഷിക വളർച്ചയുടെ പുനരുജ്ജീവനത്തിന് ഭാവനാപൂർണമായ നയപരമായ മാറ്റങ്ങളും നിർണായകമായ നയനടപടികളും ആവശ്യമാണ്. എന്നാൽ ഇടക്കാല ബജറ്റിൽ അത്തരം പദ്ധതികളുടെയോ അതിനുള്ള ആലോചനയുടെ പോലുമോ ഒരു സൂചനയുമില്ല.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × two =

Most Popular