ധനമന്ത്രി നിർമലാ സീതാരാമൻ 2024 –25 ലേക്കുള്ള ഇടക്കാല ബജറ്റ് അവതരിപ്പിക്കാൻ എഴുന്നേൽക്കുന്നതിനുമുൻപുതന്നെ അത് എന്തിലാണ് ഊന്നുന്നത് എന്നതിനെക്കുറിച്ചുള്ള വ്യക്തമായ സൂചന ഉണ്ടായിരുന്നു. വോട്ട് ഓൺ അക്കൗണ്ടിനപ്പുറം മറ്റൊന്നുമാകില്ലെന്ന് ആദ്യമേ തന്നെ വ്യക്തമായിരുന്നു; ‘‘തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗവൺമെന്റ് ഇടക്കാല ബജറ്റാണ് അവതരിപ്പിക്കുന്നത്’’ എന്ന് പ്രധാനമന്ത്രി മോദി തന്നെ പരസ്യമായി പ്രഖ്യാപിച്ചതാണല്ലോ. തിരഞ്ഞെടുപ്പിൽ തങ്ങൾ തന്നെ വിജയിക്കുമെന്ന് ഉറപ്പായതുപോലെ അദ്ദേഹം ഇങ്ങനെ തുടർന്നു : ‘‘പുതിയ ഗവൺമെന്റ് നിലവിൽ വരുമ്പോൾ ഞങ്ങൾ സമ്പൂർണ ബജറ്റ് കൊണ്ടുവരും’’.
ഇതിനിടയ്ക്കുതന്നെ, ‘‘ഇന്ത്യൻ സമ്പദ്ഘടന: ഒരവലോകനം’’ എന്ന നിരുപദ്രവകരമായ ശീർഷകത്തിൽ ഒരു ‘ഇടക്കാല സാമ്പത്തിക സർവെ’യും അവതരിപ്പിച്ചു; ഇതിൽ സ്വാതന്ത്ര്യാനന്തരമുണ്ടായ സാമ്പത്തിക വികാസത്തെക്കുറിച്ചാണ് പരാമർശിക്കുന്നത്; ഈ മൊത്തം കാലഘട്ടത്തെ മോദി ഗവൺമെന്റിന് മുൻപും പിൻപും എന്ന് രണ്ട് ഘട്ടങ്ങളായി തിരിക്കുന്നു.തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ലഘുലേഖയുടെ മട്ടാണ് അതിനുള്ളത്; തന്റെ ഗവൺമെന്റിന്റെ മികവിനെ ക്കുറിച്ചുള്ളപ്രധാനമന്ത്രിയുടെ വിലയിരുത്തൽ ഇതിനു മേമ്പൊടിയായി ചേർത്തിട്ടുണ്ട്, ഈ രേഖ അവസാനിപ്പിക്കുന്നത് 2014 മുതൽ 2024 വരെയുള്ള 10 വർഷക്കാലം ‘‘പരിവർത്തനാത്മക വളർച്ച’’യുടെ ഘട്ടമാണെന്ന നിഗമനത്തോടെയാണ്.ആ പരിവർത്തനാത്മക ദശകത്തിന് തൊട്ടുമുൻപുള്ള വളരെ ശ്രദ്ധേയമായതോ വളരെ വലിയ വളർച്ചയുണ്ടായതോപോലുമായ കാലഘട്ടങ്ങളെ വേണ്ടത്ര മികവില്ലാത്തതായാണ് അടയാളപ്പെടുത്തിയിരിക്കുന്നത്; ഇത്തരത്തിലുള്ള വളർച്ച ഘടനാപരമായ വെല്ലുവിളികൾക്ക് പരിഹാരം കാണാനാവാത്തതോ ബാങ്കിങ് മേഖലയെ തകർത്ത അസന്തുലിതമായ വായ്പാ വളർച്ച(credit boom)യുടെ ഫലമായുണ്ടായതോ ആണെന്നും വിശേഷിപ്പിക്കുന്നുണ്ട്.
വെറുമൊരു മംഗളപത്രം!
ഇതാണ് പശ്ചാത്തലമെന്നിരിക്കെ, കഴിഞ്ഞ 10 വർഷക്കാലത്ത് അധികാരത്തിലിരുന്ന രണ്ട് ഗവൺമെന്റുകളുടെ വാഴ്ത്തുപാട്ടുകൾ അവതരിപ്പിക്കുന്നതാവും ബജറ്റ് എന്ന് പ്രതീക്ഷിച്ചതുതന്നെയാണ്. വർഷങ്ങളായി ബജറ്റ് പ്രസംഗത്തിന്റെ ആദ്യഭാഗം (Part A) മുൻപ് അംഗീകരിച്ചതും ഇനി അംഗീകരിക്കാൻ പോകുന്നതുമായ നയങ്ങളെക്കുറിച്ചുള്ള വിവരണമാണ്; ഇതിൽ മിക്കതും വിഭവസമാഹരണവുമായോ വീതം വയ്ക്കലുമായോ ഒന്നും കാര്യമായ ബന്ധമുള്ളതുമല്ല; എന്നാൽ ഇവയൊക്കെയാണ് ശരിക്കും പരിഗണിക്കപ്പെടേണ്ട കാര്യങ്ങൾ. ‘‘ക്ഷേമ’’ പദ്ധതികളിൽ ഊന്നുന്നുവെന്ന് ഉദ്ഘോഷിക്കുന്ന ഈ വർഷത്തെ ഇടക്കാല ബജറ്റിലും കാര്യങ്ങൾ ഇങ്ങനെയൊക്കെത്തന്നെയാണ്. പ്രധാനമന്ത്രിയുടെ പേരിൽ അറിയപ്പെടുന്ന പാർപ്പിടം മുതൽ ഭക്ഷണം വരെയുള്ളവയാണ് ഈ ‘‘ക്ഷേമ’’ പദ്ധതികൾ. മുൻപ് ബിജെപി ഇതര സംസ്ഥാന സർക്കാരുകൾ ഇത്തരം പദ്ധതികൾ നടപ്പാക്കിയപ്പോൾ പ്രധാനമന്ത്രി തന്നെ അത്തരം സംസ്ഥാനങ്ങളിൽ ‘‘രവ്ദി’’ (മധുരമുള്ള സമ്മാനം) സംസ്കാരമെന്നു പറഞ്ഞ് ആക്ഷേപിക്കുകയും തള്ളിക്കളയുകയും ചെയ്തതാണ് എന്നതും ഇക്കൂട്ടത്തിൽ നാം കാണേണ്ടതാണ്.
ഇടക്കാല ബജറ്റ് വെറുമൊരു വോട്ട് ഓൺ അക്കൗണ്ട് ആയിരിക്കെ ബജറ്റ് പ്രസംഗത്തിന്റെ രണ്ടാം ഭാഗം (പാർട്ട് ബി) കാലാകാലങ്ങളിൽ പുതുക്കപ്പെട്ട ധനക്കമ്മിയും ജിഡിപിയും തമ്മിലുള്ള അനുപാതം കൈവരിച്ചത് സംബന്ധിച്ച പ്രഖ്യാപനത്തിനൊപ്പം ഗവൺമെന്റ് പശ്ചാത്തല വികസനത്തിനും ക്ഷേമത്തിനുമുള്ള ചെലവുകൾ വർധിപ്പിച്ചതിന്റെയും പ്രഖ്യാപനമാണ്. ഈ സാഹചര്യത്തിൽ വിശദമായ ബജറ്റ് രേഖകളിൽ നിന്നും ഇപ്പോഴത്തെ ധനകാര്യ വർഷത്തെ (വരുംവർഷത്തെയല്ല), അതായത് 2023 –24ലെ, കേന്ദ്രഗവൺമെന്റിന്റെ ഫിസ്‌ക്കൽ പെർഫോമൻസ് വിലയിരുത്താൻ കഴിയും. ആ അഭ്യാസംപോലും അത്ര അനായാസം നടത്താനാവില്ല; കാരണം അടുത്തകാലത്തായി നടപ്പാക്കി വരുന്നതുപോലെ ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കുന്നതിന്റെ അർഥം, തന്നാണ്ടിലെ ‘‘പുതുക്കിയ എസ്റ്റിമേറ്റ്’’ ആ ധനകാര്യ വർഷത്തിലെ പല കാര്യങ്ങളിലും അവസാന പാദത്തിലെ സ്ഥിതിയെ മാർച്ച് 31 ലേക്ക് പ്രൊജക്ട്ചെയ്ത് ഉൾപ്പെടുത്തുകയേ സാധ്യമാകൂ.
കൂടുതൽ വെളിച്ചം പകരുന്ന
സിജിഎ ഡാറ്റ
നമ്മുടെ കൈവശമുള്ള ഒരേയൊരു യഥാർഥ കണക്ക്, കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് (CGA) നൽകിയിട്ടുള്ള 2023 – 24 വർഷത്തെ ആദ്യ മൂന്നു പാദങ്ങളിലെ വിവിധ പ്രധാന അക്കൗണ്ട് ഹെഡ്ഡുകൾ പ്രകാരമുള്ള യഥാർഥ ചെലവുകളുടെ എസ്റ്റിമേറ്റുകൾ മാത്രമാണ്; ബജറ്റിൽ നൽകിയിട്ടുള്ള ഒരു വർഷത്തെ മൊത്തം എസ്റ്റിമേറ്റുകളുമായി അതിനെ താരതമ്യം ചെയ്യാവുന്നതാണ്. ഇത് ചില മേഖലകളിലെ പല കാര്യങ്ങളും വെളിപ്പെടുത്തുന്നതാണ്. ഉദാഹരണത്തിന്, നാം ഗ്രാമവികസന വകുപ്പിനായുള്ള എസ്റ്റിമേറ്റുകളുടെ കാര്യമെടുക്കുകയാണെങ്കിൽ ( ഈ വകുപ്പിനുകീഴിലാണല്ലോ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വരുന്നത്) 2023 – 24 ലേക്കുള്ള 1,57,545 കോടി രൂപയെന്ന, ബജറ്റ് പ്രകാരം ആസൂത്രണം ചെയ്യപ്പെട്ട ചെലവിനത്തെ പുതുക്കിയ എസ്റ്റിമേറ്റുപ്രകാരം 1,71,069 കോടി രൂപയായി ഉയർത്തിക്കാണിച്ചിരിക്കുകയാണ്. ആസൂത്രണം ചെയ്യപ്പെട്ട ചെലവിനവുമായി താരതമ്യപ്പെടുത്തുമ്പോൾ ശ്രദ്ധേയമായ ഒരു ഉയർച്ചയാണ് ഇത് സൂചിപ്പിക്കുന്നത്; എന്നാൽ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് മതിയായ ഫണ്ട് വകയിരുത്തിയിട്ടില്ലയെന്നും കൂലി കുടിശ്ശികയായിരിക്കുകയാണെന്നും തൊഴിൽ കാർഡ് കൈവശമുള്ള പലരും, കൂലി നൽകുന്നതിനെ ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്നതിനാൽ ഒഴിവാക്കപ്പെടുകയാണെന്നുമുള്ളതാണ് യാഥാർഥ്യം.
എന്നാൽ പുതുക്കിയ ചെലവുകളും ആസൂത്രണം ചെയ്യപ്പെട്ട ചെലവുകളും തമ്മിലുള്ള താരതമ്യം യഥാർഥത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന കാര്യം തുറന്നു കാണിക്കുന്നു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കോവിഡ് – 19 വർഷത്തെ, അതായത് 2020 –21ലെ യഥാർത്ഥ ചെലവ് 1,11,170 കോടി രൂപയായിരുന്നു. 2021– 22ലെ ചെലവ് 98,468 കോടി രൂപയായി കുറഞ്ഞു.2022–23ൽ അത് 90,806 കോടി രൂപയായി പിന്നെയും ഇടിഞ്ഞു. 2023 –24 ലേക്ക് ഈ പരിപാടിക്കുള്ള പുതുക്കിയ എസ്റ്റിമേറ്റ് അതിലും കുറവായ 86,000 കോടി രൂപയാണ്. ഈ കണക്കുകളൊന്നും മോദി ഗവൺമെന്റിന്റെ ദരിദ്രാനുകൂല നിലപാടിനെക്കുറിച്ചുള്ള വാചകമടിയുമായി പൊരുത്തപ്പെടുന്നതല്ല. രസകരമായൊരു കാര്യം 2023 ഡിസംബർ വരെയുള്ള ഗ്രാമ വികസന വകുപ്പിന്റെ ചെലവ് 1,07,912 കോടി രൂപ മാത്രമാണെന്നാണ് സിജിഎ റിപ്പോർട്ടിൽ പറയുന്നത്. അതായത്, പുതുക്കിയ എസ്റ്റിമേറ്റിൽ മൊത്തം പ്രൊജക്ട് ചെയ്യപ്പെട്ടിട്ടുള്ള തുകയുടെ 63% മാത്രം! അതായത് ധനകാര്യ വർഷത്തേക്കുള്ള എസ്റ്റിമേറ്റ് പ്രകാരമുള്ള ചെലവിന്റെ മൂന്നിലൊന്നിലേറെ തുക ആ വർഷത്തെ അവസാന പാദത്തിൽ ചെലവഴിക്കണമെന്നർഥം.
ധനകാര്യ വർഷത്തേക്കാകെയുള്ള പുതുക്കിയ ചെലവും 2023 ഡിസംബർ വരെയുള്ള യഥാർഥ ചെലവും തമ്മിലുള്ള വ്യത്യാസം കാർഷികകാര്യ– കർഷക ക്ഷേമ വകുപ്പിന്റെ കാര്യത്തിൽ ഇതിലും വലുതാണ്. ഈ വകുപ്പാണ് ഏറെ കൊട്ടിഘോഷിക്കപ്പെട്ടിട്ടുള്ള പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പി എം – കിസാൻ) പ്രകാരമുള്ള പണം കൈമാറ്റം നടത്തുന്നത്. ഈ ഡിപ്പാർട്ടുമെന്റിനായി 2023 – 24 ലേക്ക് ആസൂത്രണം ചെയ്യപ്പെട്ട ചെലവിനം 1,15,532 കോടി രൂപയും പുതുക്കിയ ചെലവ് പ്രൊജക്ട് ചെയ്യുന്നത് 1,16,789 കോടി രൂപയുമാണ്. ഡിസംബർ വരെയുള്ള യഥാർഥ ചെലവ് 70,797 കോടി രൂപയെന്നാണ് സിജിഎ റിപ്പോർട്ടു ചെയ്യുന്നത്; അതായത്, പുതുക്കിയ എസ്റ്റിമേറ്റിന്റെ 61 ശതമാനം മാത്രം. പി എം കിസാൻ പദ്ധതി പ്രകാരമുള്ള ചെലവഴിക്കൽ മാത്രം 2021– 22ൽ 66,825 കോടി രൂപയായിരുന്നത് 2022–23ൽ 58,254 കോടി രൂപയായും കുറഞ്ഞു; അത് 2023 – 24ൽ 60,000 കോടി രൂപയാകുമെന്നാണ് പ്രൊജക്ട് ചെയ്തിരിക്കുന്നത്.
ഡിസംബർ വരെയുള്ള യഥാർഥ ചെലവും ബജറ്റിലെ പുതുക്കിയ എസ്റ്റിമേറ്റും തമ്മിലുള്ള ഇത്തരം വ്യത്യാസങ്ങളെ രണ്ടുവിധത്തിൽ വ്യാഖ്യാനിക്കാനാവും. ഒന്നുകിൽ കർഷകർക്കും ഗ്രാമീണ തൊഴിലാളികൾക്കുമായി ഗവൺമെന്റ് വലിയ സാമ്പത്തിക പിന്തുണ നൽകുകയാണെന്ന ധനമന്ത്രിയുടെ അവകാശവാദം യാഥാർഥ്യമാക്കാൻ പുതുക്കിയ എസ്റ്റിമേറ്റ് അവർ വർദ്ധിപ്പിക്കുകയാണ്. അല്ലെങ്കിൽ, ഡിസംബർ വരെ ചെലവഴിക്കലിൽ മെല്ലെപ്പോക്ക് ആയിരുന്നെങ്കിലും തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപിക്ക് കൂടുതൽ വോട്ട് സമാഹരിക്കാൻ കഴിയുമെന്ന് അവർ കരുതുന്ന മേഖലകളിൽ കൂടുതൽ ചെലവിടുമെന്നാണർഥം. തിരഞ്ഞെടുപ്പ് കാലമായതുകൊണ്ട് മുൻപു പറഞ്ഞത് ഒരു സാധ്യതയാണ്. എന്നാൽ ഇതേവരെയുള്ള പ്രവണത കാണിക്കുന്നത്, പ്രത്യേകിച്ചും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ ചെലവിടൽ കാണിക്കുന്നത്, യഥാർഥ വകയിരുത്തലിനുപകരം വാചകമടി മതിയെന്ന് സർക്കാർ കരുതുന്നു എന്നാണ്. അതുപോലെ, 80 കോടി ആളുകൾക്ക് സൗജന്യ റേഷൻ എന്നത് ദേശീയ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമുള്ള ഭക്ഷ്യ സഹായം നൽകലിന്റെ വിപുലീകരണം മാത്രമായിരിക്കുന്നു. 2020 – 21ൽ മൊത്തം നൽകിയ ഭക്ഷ്യ സബ്സിഡി 5,41,330 കോടി രൂപയായിരുന്നത് 2021 –22ൽ 2,86,060 കോടി രൂപയായി കുത്തനെ ഇടിഞ്ഞു; 2023 – 24ൽ ഇത് 2,87,194 കോടി രൂപയാണെന്നാണ് പ്രൊജക്ട് ചെയ്തിരിക്കുന്നത്.
എസ്റ്റിമേറ്റുകളും പ്രൊജക്ഷനുകളും
സ്ഥൂല സാമ്പത്തിക തലത്തിൽ, ബജറ്റ് അവകാശപ്പെടുന്നത് 2023 – 24ൽ വായ്പയല്ലാതുള്ള വരവിനങ്ങൾ നേരത്തെ കണക്കാക്കിയിരുന്നതിന് ഏറെക്കുറെ സമാനമായി നിർത്താൻ കേന്ദ്രസർക്കാരിന് ഉറപ്പാക്കാനായി എന്നാണ്.ഇത് സാധ്യമാക്കിയത് നികുതി വരുമാനത്തെ സംബന്ധിച്ച ബജറ്റിലെ പ്രതീക്ഷകൾ നിറവേറ്റാൻ സർക്കാരിനു കഴിഞ്ഞതിനാലാണെന്നും ബജറ്റിൽ പറഞ്ഞതിനേക്കാൾ നികുതിയിതര വരുമാനം 25 ശതമാനം വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായുമാണ്. ഡിവിഡന്റുകളിൽനിന്നും ആദായത്തിൽനിന്നുമുള്ള വരുമാനത്തിൽ നല്ല വർദ്ധനവുണ്ടാകുമെന്ന വിശദീകരണം, 2022 – 23ൽ 99,913 കോടി രൂപയായിരുന്നത് 2023 –24ൽ 1,54,401 കോടി രൂപയായി ഉയരുമെന്ന പ്രതീക്ഷയിലാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും ദേശസാൽകൃത ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഡിവിഡന്റ് /മിച്ചം ഇനത്തിലുള്ള വരവ് ആസൂത്രണം ചെയ്യപ്പെട്ടിരുന്ന 48,000 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം യഥാർഥ വരവ് ആ സംഖ്യയുടെ ഇരട്ടിയിലധികം, അതായത് 1,04,407 കോടി രൂപ വരുമെന്ന പ്രതീക്ഷയെ അടിസ്ഥാനമാക്കിയാണ്; ഇത് പ്രധാനമായും സെൻട്രൽ ബാങ്കിൽ നിന്നുമുള്ള പണം കെെമാറ്റം മൂലമാണ്. പലവക മൂലധനവരവിലെ പ്രൊജക്ട് ചെയ്യപ്പെട്ട കുറവ് പരിഹരിക്കുന്നതിനുമപ്പുറം ഓഹരി വിറ്റഴിക്കലിൽനിന്നുള്ള വരുമാനം 61,000 കോടി രൂപയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നത് 30,000 കോടി രൂപയായി വരവിലുണ്ടായ കുറവാണ്. 30,000 കോടി രൂപ തന്നെ ലഭിച്ചു കഴിഞ്ഞതാണോയെന്ന കാര്യം വ്യക്തമല്ല; കാരണം സിജിഎ കണക്കുപ്രകാരം ‘‘മറ്റു വായ്പേതര മൂലധന വരവുകൾ’’ – ഓഹരി വിറ്റഴിക്കലിൽ നിന്നുള്ളത് ഉൾപ്പെടെ – ഡിസംബറിനകം ലഭിച്ചത് 10,000 കോടി രൂപയിൽ അൽപം അധികം മാത്രമാണ്.
ഈ തരത്തിലുള്ള എസ്റ്റിമേറ്റുകളും പ്രൊജക്ഷനുകളുമാണ് കണക്കുകൂട്ടിയതനുസരിച്ചുതന്നെ മൊത്തം ചെലവ് ഉറപ്പാക്കിയപ്പോൾ പോലും ധനക്കമ്മി ജിഡിപിയുടെ 5.8% ത്തിൽ നിർത്താൻ തനിക്ക് കഴിഞ്ഞുവെന്ന അവകാശവാദമുന്നയിക്കാൻ ധനമന്ത്രിയെസഹായിച്ചത്; കണക്കാക്കിയിരുന്നതിലും ചെറിയൊരു കുറവുണ്ടാക്കാനും കഴിഞ്ഞു. സർക്കാരിന്റെ മുൻകരുതൽ കൊണ്ടു ധനവിപണിയെ പ്രീതിപ്പെടുത്താനുമായി എന്നും അവകാശപ്പെടാം. ധനമന്ത്രി പ്രതീക്ഷിക്കുന്നതുപോലെ വോട്ടർമാർ എൻഡിഎക്ക് ‘‘വമ്പിച്ച വിജയം’’ ഉറപ്പാക്കുമോയെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. ♦