കേരളത്തിന്റെ സമ്പദ് വ്യവസ്ഥ തുടര്‍ച്ചയായ രണ്ടാംവര്‍ഷവും ശക്തമായ വളര്‍ച്ച രേഖപ്പെടുത്തി. ത്വരിത കണക്കുകള്‍ അനുസരിച്ച്, 2011–12 ലെ സ്ഥിരവിലയില്‍ 2022–-23ലെ മൊത്തം സംസ്ഥാന ആഭ്യന്തര ഉല്‍പ്പാദനം (ജിഎസ്ഡിപി) 6.6 ശതമാനം വളര്‍ച്ചയാണ് നേടിയത് ത്. ഇക്കാലയളവില്‍ ആളോഹരി വരുമാനത്തിലും വലിയ പുരോഗതി കൈവരിച്ചു. 2021-–22 ല്‍ കൈവരിച്ച ഉയര്‍ന്ന വളര്‍ച്ചയ്ക്ക് കാരണം സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ഉത്തേജക പാക്കേജുകളാണ്.
നവകേരള സൃഷ്ടിക്കായുള്ള സര്‍ക്കാരിന്റെ നയപരമായ ഇടപെടലിന്റെ പ്രതിഫലനമാണ് സംസ്ഥാനത്തിനു ലഭിക്കുന്ന അംഗീകാരങ്ങള്‍. നിതി ആയോഗിന്റെ ബഹുമുഖ ദാരിദ്ര്യ സൂചിക 2023 അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ദാരിദ്ര്യ നിരക്കുള്ള സംസ്ഥാനമാണ് കേരളം. നിതി ആയോഗിന്റെ സുസ്ഥിര വികസന സൂചിക, മാനവവികസന സൂചിക, സ്റ്റേറ്റ് ഹെല്‍ത്ത് ഇന്‍ഡെക്സ് എന്നിവയിലും കേരളം ഒന്നാംസ്ഥാനത്തു നില്‍ക്കുന്നു. നാഷണല്‍ അര്‍ബന്‍ ലൈവ് ലിഹുഡ് മിഷന്‍ നടപ്പിലാക്കുന്നതില്‍ ആറുവര്‍ഷമായി തുടര്‍ച്ചയായി കേരളം മുന്‍നിരയിലാണ്.
കേന്ദ്ര സര്‍ക്കാരിന്റെ സമീപനം കാരണം സംസ്ഥാനം ധന ഞെരുക്കം അനുഭവിക്കുകയാണ്. സംസ്ഥാനത്തിനുള്ള വിഹിതക്കൈമാറ്റത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ജി.എസ്.ടി നഷ്ടപരിഹാരം നിര്‍ത്തലാക്കിയത്, റവന്യൂക്കമ്മി ഗ്രാന്റ് ഇല്ലാതാക്കിയത്, കടപരിധി കുറച്ചത്, കിഫ്ബി പോലുള്ളവയുടെ കടമെടുപ്പ് സംസ്ഥാനത്തിന്റെ കടപരിധിയില്‍പ്പെടുത്തിയത്, കേന്ദ്രാവിഷ്കൃത പദ്ധതിക്കുള്ള കേന്ദ്രവിഹിതത്തിലെ കുറവ്, ധനകാര്യ കമ്മീഷന്‍ കെെമാറുന്ന തുകയിലെ കുറവ് എന്നിവയെല്ലാം സംസ്ഥാനത്തിന്റെ ധനകാര്യ രംഗത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ഈ പ്രതിസന്ധികള്‍ക്കിടയിലും ജനക്ഷേമത്തിലും സാമൂഹ്യനീതിയിലും ലിംഗസമത്വത്തിലും മതനിരപേക്ഷതയിലും ഊന്നിയുള്ള വളര്‍ച്ചയിലൂടെ ഒരു നവകേരളം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. ആ ശ്രമത്തിന്റെ ശുഭസൂചകങ്ങള്‍ സാമ്പത്തിക അവലോകനം 2023 വരച്ചുകാട്ടുന്നുണ്ട്.
2021 – 22 ല്‍ റവന്യൂക്കമ്മി ജിഡിപിയുടെ 2.23 ശതമാനമായിരുന്നത് 2022-–23 ല്‍ 0.88 ശതമാനമായി കുറച്ചുകൊണ്ടുവരാനും ഇതേകാലയളവിലെ ധനക്കമ്മി 3.99 ശതമാനത്തില്‍ നിന്നും 2.44 ശതമാനമായി കുറയ്ക്കാനും സര്‍ക്കാരിനു സാധിച്ചു. അതേപോലെ തന്നെ സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം 2021-–22 ല്‍ 12.69 ശതമാനമായിരുന്നത് 2022 – 23 ല്‍ 23.36 ശതമാനമായി വര്‍ധിച്ചു. സംസ്ഥാനത്തിന്റെ പൊതുകടം 2021 – 22 ല്‍ ജിഡിപി അനുപാതത്തിന്റെ 23.54 ശതമാനമായിരുന്നത് 2022 – 23 ല്‍ 22.75 ശതമാനമായി കുറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ചെലവ് നിയന്ത്രിക്കുന്നതിനും വളരെയധികം ശ്രദ്ധചെലുത്തുന്നുണ്ട്.
വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭം കൈവരിച്ചത്, പച്ചക്കറി, തേങ്ങ, നെല്ല്, തേയില, റബര്‍, ഏലം, കാപ്പി എന്നിവയുടെ ഉല്‍പ്പാദന വര്‍ധനവ്, കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ വ്യാപാരം, മത്സ്യ, ക്ഷീരമേഖലകളിലെ പുരോഗതി, കടലോരജീവിതവുമായി ബന്ധപ്പെട്ട “പുനർഗേഹം”, “ശുചിത്വ സാഗരം” പദ്ധതികള്‍, കടല്‍ത്തീര സംരംക്ഷണ നടപടികള്‍, സഹകരണ മേഖലയിലെ വ്യത്യസ്തങ്ങളായ ഇടപെടലുകള്‍, ദുരനന്തനിവാരണ ഉദ്യമങ്ങള്‍ എന്നീ മേഖലകളിലെ വളര്‍ച്ചയും പുരോഗതിയും സാമ്പത്തിക അവലോകനം വിശദമാക്കുന്നുണ്ട്. സംസ്ഥാന സർക്കാർ 2022–-23 നെ “സംരംഭങ്ങളുടെ വർഷമായി” പ്രഖ്യാപിക്കുകയും 250 ദിവസങ്ങൾക്കുള്ളിൽ ഒരു ലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിക്കുകയും 13,474.52 കോടി രൂപയുടെ നിക്ഷേപവുമായി 2,14,564 സംരംഭങ്ങൾ രൂപീകരിക്കുകയും 4,56,913 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.
സ്കൂള്‍ കെട്ടിടങ്ങൾ, ഹൈടെക് ക്ലാസ് മുറികൾ, ഹൈടെക് ലാബുകൾ എന്നിവ നിര്‍മ്മിക്കുകയും സൗജന്യ യൂണിഫോം, ഉച്ചഭക്ഷണം, യാത്രാ ധനസഹായം, ഹോസ്റ്റൽ സൗകര്യം, വിനോദയാത്രാ സഹായം എന്നിങ്ങനെ നിരവധി സൗകര്യങ്ങൾ പൊതുവിദ്യാഭ്യാസ മേഖലയില്‍ ഒരുക്കുന്നുമുണ്ട്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനം, വ്യവസായത്തിനും സംരംഭകർക്കും സാങ്കേതികവിദ്യാ കൈമാറ്റം, ഫാക്കൽറ്റി പരിശീലനം, ആഗോള അക്കാദമിക് കമ്യൂണിറ്റിയുമായി സഹകരണം തുടങ്ങിയവ സംസ്ഥാനത്തെ ഒരു വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റുന്നതിനായി പരിപാടികള്‍ നടപ്പിലാക്കി. കൂടാതെ “വിശപ്പ് രഹിത ക്യാമ്പസ്” പോലുള്ള പരിപാടികൾ നടപ്പിലാക്കുന്നു.
പൊതുജനാരോഗ്യ രംഗത്ത് എല്ലാവർക്കും പ്രാപ്യമായതും തുല്യവും താങ്ങാനാവുന്നതും ഗുണമേന്മയുള്ളതുമായ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനും ശ്രമിക്കുന്നു. ആരോഗ്യ സൂചകങ്ങളുടെ കാര്യത്തിൽ കേരളം ഒന്നാം സ്ഥാനത്താണ്. സംസ്ഥാനത്തെ ശിശുമരണനിരക്ക് 1000ന് 6 ആണ്, അതേസമയം അഖിലേന്ത്യാ അനുപാതം 1000ന് 28 ആണ്. സംസ്ഥാനങ്ങളില്‍ ഏറ്റവും കുറവ് മാതൃമരണ നിരക്ക് (19) കേരളത്തിലാണ്; ദേശീയ തലത്തിൽ ഇത് 97 ആണ്. കേരളത്തിലെ ആയുർദൈർഘ്യം 75 വർഷമാണ്, ദേശീയ ആയുർദൈർഘ്യം 70 വയസ്സാണ്. 886 കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളിൽ 644 പിഎച്ച്‌സികൾ എഫ്എച്ച്‌സികളായി വികസിപ്പിച്ചിട്ടുണ്ട്. ഇതിനുപുറമെ, 49 കമ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്ററുകളാക്കി. ഇ- ഹെൽത്ത് പ്രോജക്ടിന് കീഴിൽ 2,59,55,998 ആളുകളുടെ ഡാറ്റാബേസ് ശേഖരിക്കുകയും ഇലക്ട്രോണിക് റെക്കോർഡുകളായി സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
പഠനമുറികള്‍, ഉന്നതി ഓവര്‍സീസ് സ്കോളര്‍ഷിപ്പ്, നൈപുണ്യ പരിശീലന പരിപാടി, സ്വയംതൊഴില്‍ സബ്സിഡി തുടങ്ങിയ അനേകം പദ്ധതികള്‍ പട്ടികജാതി വിഭാഗങ്ങള്‍ക്കായി നല്‍കിവരുന്നു. 2022-–23 ല്‍ 1,316 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കായി 1,639.78 ഏക്കര്‍ ഭൂമി വിതരണം ചെയ്തു. ഭൂരിപക്ഷം അധിവാസകേന്ദ്രങ്ങളും വൈദ്യുതീകരിച്ചു. പട്ടികവര്‍ഗ്ഗ കുട്ടികള്‍ക്ക് പഠന മികവ് കൈവരിക്കുന്നതിനായി കമ്യൂണിറ്റി സ്റ്റഡി സെന്ററുകള്‍ സ്ഥാപിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മൊത്തം പ്ലാന്‍ ഫണ്ടിന്റെ 27.19 ശതമാനം നല്‍കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പുതിയ സംരംഭങ്ങള്‍ സ്ഥാപിച്ച് പ്രാദേശിക സാമ്പത്തിക വികസനത്തിലും സർക്കാർ ഇടപെട്ടു. ലൈഫ് മിഷനിലൂടെ 3,54,712 വീടുകള്‍ നിര്‍മ്മിച്ചുനല്‍കി. നഗര, ഗ്രാമ തൊഴിലുറപ്പു പദ്ധതി വിജയകരമായി നടപ്പിലാക്കുന്നു. സംസ്ഥാനത്ത് അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിനുള്ള നടപടികള്‍ പ്രാദേശിക സര്‍ക്കാരുകള്‍ സ്വീകരിച്ചുവരുന്നു.
2016 മുതലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ഭരണകാലത്ത് സംസ്ഥാനരൂപീകരണത്തിനുശേഷം നാളിതുവരെ അനുഭവിച്ചിട്ടില്ലാത്ത പ്രതിസന്ധികള്‍ നേരിട്ടു. ഓഖി, പ്രളയം, മണ്ണിടിച്ചില്‍ തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍, നിപ്പ, കോവിഡ് എന്നീ രോഗങ്ങള്‍ ഇവയെല്ലാം സമ്പദ്ഘടനയെ നേരിട്ടു ബാധിച്ചിട്ടുള്ളവയാണ്. അതേസമയം കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്തിന് ന്യായമായി ലഭിക്കേണ്ടുന്ന വിഹിതത്തിലെ കുറവും ഇപ്പോള്‍ നേരിടുന്നു. ഈ കടുത്ത വിഭവ പ്രതിസന്ധിക്കിടയിലും ശുഭപ്രതീക്ഷ നല്‍കുന്ന പുരോഗതിയാണ് സംസ്ഥാനം ആര്‍ജ്ജിച്ചതെന്ന് സാമ്പത്തിക അവോലകനം 2023 വ്യക്തമാക്കുന്നു. ♦