ഇന്ത്യയിലെ ആകെ ജനസംഖ്യ ആയിരമാണെന്ന് കരുതുക. അതിൽ ഒരു ശതമാനം പേർ അതായത് 10 പേർ അതിസമ്പന്നരും ഒമ്പത് ശതമാനം പേർ അതായത് 90 പേർ സമ്പന്നരും തൊണ്ണൂറ് ശതമാനം പേർ അതായത് 900 പേർ ദരിദ്രരും ആണെന്നും കരുതുക. 2014 ൽ അതിസമ്പന്നരുടെ വരുമാനം ഒരാൾക്ക് ശരാശരി 1 കോടി രൂപ വീതം 10 കോടിയും സമ്പന്നരുടേത് ഒരാൾക്ക് ശരാശരി 10 ലക്ഷം വീതം 9 കോടിയും ദരിദ്രരുടേത് ശരാശരി ഒരാൾക്ക് 1000 രൂപ വീതം 9 ലക്ഷവും ആയിരുന്നു. അതായത് അന്ന് ഇന്ത്യയുടെ ജിഡിപി 19 കോടി 9 ലക്ഷം രൂപയാണ്. ആളോഹരി വരുമാനം 1,99,000 രൂപയാണ്. ദരിദ്രന്റെ വരുമാനം 1,000 രൂപയാണെന്നിരിക്കിലും ആളോഹരി നോക്കുമ്പോൾ 1,99,000 രൂപയാണ്.
2020 ൽ അതിസമ്പന്നരുടെ വരുമാനം 20 മടങ്ങ് വർധിച്ചു. അതായത് 200 കോടി രൂപയായി. സമ്പന്നരുടേത് 10 മടങ്ങ് വർധിച്ചു. അതായത് 90 കോടിയായി. ദരിദ്രരുടേത് അഞ്ച് മടങ്ങ് വർധിച്ചു. മൊത്തത്തിൽ ദരിദ്രരുടെ വരുമാനം 45 ലക്ഷം രൂപയായി.അപ്പോൾ ഇന്ത്യയുടെ ജിഡിപി 290 കോടി 45 ലക്ഷം രൂപയായി വർധിച്ചു. ആളോഹരി വരുമാനം 29,04,500 രൂപയായും വർധിച്ചു. ആളോഹരി വരുമാനം വലിയ തോതിൽ വർധിച്ചു എങ്കിലും ദരിദ്രന്റെ വരുമാനത്തിൽ ഉണ്ടായ വർധനവ് 4000 രൂപ മാത്രമാണ്. ജനസംഖ്യ കൂടുതലുള്ള ഒരു രാജ്യം എന്ന നിലയിൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ജിഡിപിയിലുണ്ടായ വർധനവ് വലുതാണെന്ന് കാണാനാവും. എന്നാൽ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരന്റെ വരുമാനത്തിൽ ആറ് വർഷം കൊണ്ട് ഉണ്ടായ വർധനവ് 4000 രൂപ മാത്രമാണ്. വിലക്കയറ്റത്തിന്റെ ശതമാനം കൂടെ കണക്കിലെടുത്താൽ വലിയ വർധനവൊന്നും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്ന് കാണാനാവും.
അദാനിക്ക് ഈ കാലയളവിൽ ഉണ്ടായ വരുമാനവർധനവ് 23 മടങ്ങാണ്. 2013ൽ 0.5 ലക്ഷം കോടി രൂപയായിരുന്നത് 11.44 ലക്ഷം കോടി രൂപയായി 2022 ൽ വർധിച്ചു. 2021-–22ൽ പ്രതിദിനം അദാനിയുടെ വരുമാന വർധനവ് 1,600 കോടി രൂപയാണ്. അതായത് നമ്മൾ നേരത്തെ ചൂണ്ടിക്കാണിച്ചതിനേക്കാൾ ഒക്കെ കൂടുതലാണ്. അതുണ്ടാക്കിയതാവട്ടെ ഓഹരി വിപണിയിൽ കള്ളക്കളി കളിച്ചിട്ടാണ്. കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായുടെ മകന്റെ വരുമാനം 2014-–15 ൽ 50,000 രൂപയായിരുന്നത് 2015–-16 ൽ 80 കോടിയിലേറെയായി വർധിച്ചു. ജിഡിപി വർധനകൊണ്ടോ ആളോഹരി വരുമാന വർധന കൊണ്ടോ ജനങ്ങളുടെ ജീവിത നിലവാരം ഉയരുകയില്ല എന്നാണ് ഇത് കാണിക്കുന്നത്. ♦