കേന്ദ്ര ബജറ്റിൽ റെയിൽവേയ്ക്ക് 2,52,000 കോടി രൂപയാണ് ധനമന്ത്രി നിർമലസീതാരാമൻ വകയിരുത്തിയിരിക്കുന്നത്. അതിൽ കേരളത്തിനു നീക്കിവച്ചിരിക്കുന്നത് കേവലം 2744 കോടി രൂപയാണ്. അതിൽ തന്നെ തുറവൂർ– അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കലിന് നീക്കി വച്ചിരിക്കുന്ന 500 കോടി രൂപ എസ്റ്റിമേറ്റിന് റെയിൽവേ അനുമതി നൽകാത്തതിനാൽ പണം ചെലവഴിക്കാനാവില്ല. ഫലത്തിൽ 2244 കോടി രൂപയേ കേരളത്തിനുള്ളൂ.
മറ്റു പല സംസ്ഥാനങ്ങൾക്കും പ്രത്യേകിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് വാരിക്കോരി പണം നൽകുന്ന സ്ഥാനത്താണ് കേരളത്തോട് ഇത്ര ക്രൂരമായ അവഗണന. റെയിൽവേ ബജറ്റിൽ സംസ്ഥാനങ്ങൾക്കനുവദിച്ച തുക പരിശോധിക്കുമ്പോഴാണ് കേരളത്തോടുള്ള അവഗണനയുടെ യഥാർഥ ചിത്രം വെളിവാകുന്നത്.
റെയിൽവേ വിഹിതവും സംസ്ഥാനങ്ങളും
ഉത്തർപ്രദേശ് | – 19,575 കോടി രൂപ |
മഹാരാഷ്ട്ര | – 15,554 കോടി രൂപ |
മധ്യപ്രദേശ് | – 15,143 കോടി രൂപ |
പശ്ചിമബംഗാൾ | – 13,810 കോടി രൂപ |
ഒഡീഷ | – 10,536 കോടി രൂപ |
വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ | – 10,369 കോടി രൂപ |
ബിഹാർ | – 10,032 കോടി രൂപ |
രാജസ്താൻ | – 9,782 കോടി രൂപ |
ആന്ധ്രാപ്രദേശ് | – 9,138 കോടി രൂപ |
ഗുജറാത്ത് | – 8,587 കോടി രൂപ |
കർണാടകം | – 7,524 കോടി രൂപ |
ജാർഖണ്ഡ് | – 7,234 കോടി രൂപ |
ഛത്തീസ്ഗഢ് | – 6,896 കോടി രൂപ |
തമിഴ്നാട് | – 6,331 കോടി രൂപ |
ഉത്തരാഖണ്ഡ് | – 5,120 കോടി രൂപ |
തെലങ്കാന | – 5,071 കോടി രൂപ |
പഞ്ചാബ് | – 4933 കോടി രൂപ |
ജമ്മു–കാശ്മീർ | – 3,677 കോടി രൂപ |
ഹരിയാന | – 2,861 കോടി രൂപ |
കേരളം | – 2,744 കോടി രൂപ |
ഹിമാചൽപ്രദേശ് | – 2,681 കോടി രൂപ |
ഡൽഹി | – 2,577 കോടി രൂപ |
ഇന്ത്യൻ റെയിൽവേ സ്വകാര്യവത്കരണ പാതയിൽ
2014ൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനുശേഷമാണ് റെയിൽവേ സ്വകാര്യവൽക്കരണം പ്രധാന അജൻഡയായി മാറിയത്. 2015ൽ പ്രത്യേക റെയിൽവേ ബജറ്റ് വേണ്ടെന്നുവച്ചു. 2017ൽ 400 റെയിൽവേ സ്റ്റേഷനുകൾ സ്വകാര്യവൽക്കരിക്കുന്നതിനുള്ള നിർദ്ദേശം റെയിൽവെ മന്ത്രി മുന്നോട്ടുവച്ചു. ടിക്കറ്റ് റിസർവേഷനും ടൂറിസത്തിനും മറ്റുമായി രൂപീകരിച്ച കമ്പനിയിൽ സ്വകാര്യ പങ്കാളിത്തം അനുവദിച്ചു. റെയിൽവേ ആശുപത്രികൾ, സ്കൂളുകൾ എന്നിവ സ്വകാര്യവൽക്കരിച്ചു. 16 റെയിൽവേ ഫാക്ടറികൾ സ്വതന്ത്ര യൂണിറ്റുകളാക്കി. 2025 ആകുമ്പോൾ 500 പാസഞ്ചർ ട്രെയിനുകളും 30 ശതമാനം ചരക്കു ട്രെയിനുകളും സ്വകാര്യ മേഖലയ്ക്കു കൈമാറും എന്ന് സർക്കാർ നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്. 2031 ആകുമ്പോഴേക്കും ഇന്ത്യൻ റെയിൽവേ ചരക്കുകടത്തു മേഖലയിൽ നിന്നും പൂർണ്ണമായും പിൻവാങ്ങും.
റെയിൽവേയുടെ ട്രാക്ക്, സിഗ്‌നലിംഗ്, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയവ ഇന്ത്യൻ റെയിൽവേയുടെ ഉടമസ്ഥതയിൽ തുടരും. പക്ഷേ, അവ ഉപയോഗപ്പെടുത്തി ട്രെയിനുകൾ ഓടിക്കുക സ്വകാര്യ കമ്പനികളായിരിക്കും. അവർക്ക് ഇഷ്ടമുള്ള സ്രോതസ്സിൽ നിന്ന് എഞ്ചിനുകളും കോച്ചുകളും വാങ്ങാൻ അവകാശമുണ്ടാകും. അതിൽ ജോലിയെടുക്കുന്നവർ സ്വകാര്യ ജീവനക്കാരാവും.
പശ്ചാത്തലസൗകര്യങ്ങളുടെ കാര്യത്തിലും സ്വകാര്യവൽക്കരണം ഊർജ്ജിതമായി നടത്താനാണ് മോദി സർക്കാർ ലക്ഷ്യമിടുന്നത്. പക്ഷേ, അതു നടത്തുന്നത് പശ്ചാത്തലസൗകര്യങ്ങൾ പാട്ടത്തിനു കൊടുക്കുന്നുവെന്ന ഭാവത്തിലാണ്. ഇതിനെയാണ് മോണിറ്റൈസേഷൻ എന്നുപറയുന്നത്. നാഷണൽ റെയിൽവേ പ്ലാനിൽ റെയിൽവേ ആസ്‌തികളുടെ മോണിറ്റൈസേഷനു വലിയ പ്രാധാന്യമാണു നൽകിയിട്ടുള്ളത്. ഡെഡിക്കേറ്റഡ് ഫ്രെയിറ്റ് കോറിഡോർ, റെയിൽവേ സ്റ്റേഷനുകൾ, റെയിൽവേ ഭൂമി (ഇതു നാല് ലക്ഷം ഏക്കറിലേറെ വരും), കൊങ്കൺ റെയിൽവേ തുടങ്ങിയവ പാട്ടത്തിനു കൊടുക്കുന്നതിനുള്ള നടപടികൾ സമയബന്ധിതമായി ആവിഷ്കരിക്കും. ആറ് ലക്ഷം കോടി രൂപ ഇങ്ങനെ സമാഹരിക്കാനാണ് ബിജെപി സർക്കാർ ഇദ്ദേശിക്കുന്നത്.
ഇന്ത്യൻ റെയിൽവേയുടെ സമ്പൂർണ നാശമായിരിക്കും ഇതിന്റെ ഫലം. പശ്ചാത്തലസൗകര്യങ്ങളുടെ ഗുണനിലവാരത്തിൽ ഉണ്ടാകുന്ന തകർച്ച ഇന്ത്യയിലെ റെയിൽവേ വികസനത്തെ അട്ടിമറിക്കും എന്ന കാര്യത്തിൽ സംശയമില്ല. ♦