Friday, November 22, 2024

ad

Homeഇലക്‌ഷൻ കാമ്പയിൻമേക്ക് ഇൻ ഇന്ത്യ
വാചകമടിയും 
യാഥാർത്ഥ്യവും

മേക്ക് ഇൻ ഇന്ത്യ
വാചകമടിയും 
യാഥാർത്ഥ്യവും

ആര്യ ജിനദേവൻ

രാജ്യത്തെ ഉൽപാദനമേഖല ശക്തിപ്പെടുത്തുകയും അന്താരാഷ്ട്ര ബിസിനസ് സ്ഥാപനങ്ങളെ ഉൽപ്പാദനം നടത്തുന്നതിനായി ഇന്ത്യയിൽ കൊണ്ടുവരുകയും ചെയ്യുന്നതിനുവേണ്ടി എന്നു പറഞ്ഞ് ഒന്നാം മോദി സർക്കാർ 2014ൽ കൊട്ടിഘോഷിച്ചുകൊണ്ടുവന്ന പദ്ധതിയാണ് ‘മേക്ക് ഇൻ ഇന്ത്യ’. 11 കോടി രൂപ പ്രതിഫലമായി കൊടുത്ത് അമേരിക്കൻ കമ്പനിയെക്കൊണ്ട് ചെയ്യിപ്പിച്ച ‘‘മുന്നോട്ടുകുതിക്കുന്ന സിംഹ’’ത്തിന്റെ ലോഗോയൊക്കെ വെച്ച് 2014 സെപ്തംബറിൽ മോദി അവതരിപ്പിച്ച ‘മേക്ക് ഇൻ ഇന്ത്യ’ വാസ്തവത്തിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന പദ്ധതിയായിരുന്നു. മേക്ക് ഇൻ ഇന്ത്യയുടെ വെബ്സെെറ്റിൽ ഗവൺമെന്റ് പറഞ്ഞതിങ്ങനെയാണ്: ‘‘2025 ഓടെ ജിഡിപിയിൽ നിർമാണ മേഖലയുടെ സംഭാവന നിലവിലെ 16 ശതമാനത്തിൽനിന്നും 25 ശതമാനത്തിലേക്ക് ഉയർത്തുവാൻ ഇത് ലക്ഷ്യംവെക്കുന്നു’’. എന്നിട്ടെന്തുണ്ടായി എന്നു നോക്കാം.

2014ൽ ജിഡിപിയിലെ നിർമാണ ഓഹരി (Manufacturing share) 16 ശതമാനമായിരുന്നല്ലോ. ലോക ബാങ്കിന്റെ ഡാറ്റയനുസരിച്ച് 2019ൽ ജിഡിപിയിലെ നിർമാണ ഓഹരി ഈ 16 ശതമാനത്തിൽനിന്നും 13.6 ശതമാനത്തിലേക്ക് ഇടിഞ്ഞു. 2020ൽ ഇത് വീണ്ടും കൂപ്പുകുത്തി. അതേസമയം ഇക്കാലയളവിൽതന്നെ ബംഗ്ലാദേശിൽ ജിഡിപിയിലെ നിർമാണ ഓഹരി 16 ശതമാനത്തിൽനിന്നും 19 ശതമാനമായി വർധിച്ചു; വിയത്-നാമിൽ ഇത് 13 ശതമാനത്തിൽനിന്നും 16 ശതമാനത്തിലേക്ക് ഉയർന്നു. അപ്പോൾ നിർമാണ ഓഹരി വർധിപ്പിക്കുകയെന്നത് സാധ്യമായിരുന്നു; പക്ഷേ അതിന് വാചകക്കസർത്തും പ്രഖ്യാപനവും മാത്രം പോരാ, ഉയർന്ന ചിന്താശേഷിയും പ്രതിബദ്ധതയും വേണം. മോദിക്കും അദ്ദേഹത്തിന്റെ സർക്കാരിനും ഇല്ലാത്തതും അതുതന്നെ.

മേക്ക് ഇൻ ഇന്ത്യ പ്രഖ്യാപനം നടത്തി ആറുവർഷംകൊണ്ട് ജിഡിപിയിലെ വ്യാവസായിക ഓഹരി രണ്ടു ദശകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തി. 2021 മെയ് മാസം നടത്തപ്പെട്ട പഠനത്തിൽ വ്യക്തമായത്, 2016 മുതലിങ്ങോട്ടുള്ള അഞ്ചു വർഷങ്ങളിൽ നിർമാണ മേഖലയിലെ തൊഴിലുകളുടെ എണ്ണം നേർപകുതിയായി, അതായത് 5.1 കോടിയിൽനിന്നും 2.7 കോടിയിലേക്ക്, ഇടിഞ്ഞിരിക്കുന്നു എന്നാണ്. 2022 ആകുമ്പോഴേക്കും മോദി ഗവൺമെന്റ് നിർമാണമേഖലയിലെ വളർച്ചാനിരക്ക് ഇരട്ടിയാക്കുമെന്നായിരുന്നല്ലോ നിതി ആയോഗിന്റെ രേഖയിൽ (2018) പറഞ്ഞിരുന്നത്. ഇന്ത്യയിലെ നിർമാണ മേഖലയുടെ 50 ശതമാനവും ഓട്ടോ മൊബെെൽ രംഗത്തുനിന്നായിരുന്നല്ലോ. മോദിക്കാലത്ത് നമ്മുടെ രാജ്യത്തെ ഓട്ടോമൊബെെൽ വ്യവസായരംഗത്ത് എന്തു സംഭവിച്ചുവെന്ന് നമുക്ക് നോക്കാം.

ഇന്ത്യയിലെ യാത്രാ വാഹനങ്ങളുടെ ആഭ്യന്തര വിൽപ്പന 2016–17ൽ 30 ലക്ഷം യൂണിറ്റായിരുന്നതിൽ നിന്ന് 2019–20ൽ 27 ലക്ഷം യൂണിറ്റായി കുറഞ്ഞു. ഇത് കോവിഡ് മഹാമാരിക്കു മുൻപുള്ള കണക്കാണ്. 2020ൽ ഈ ഇടിവ് വീണ്ടും വർധിക്കുകയും വിൽപ്പന മൊത്തത്തിൽ തകരുകയും ചെയ്തു. അന്ന് ധനമന്ത്രി പറഞ്ഞത്, ആളുകളുടെ ഉപഭോക്തൃ ശീലത്തിൽ മാറ്റം വന്നതും പിന്നെ പ്രധാനമായും യൂബർ/ഒല തുടങ്ങിയ ആപ്പുകളുടെ കടന്നുവരവുമാണ് യാത്രാവാഹനങ്ങളുടെ ആഭ്യന്തര വിപണിയെ തകർത്തത് എന്നുമാണ്. എന്നാൽ ഓട്ടോമൊബെെൽ വിൽപ്പനരംഗത്ത് വൻ വളർച്ചയുള്ള രാജ്യങ്ങളെയൊന്നും ഇത്തരം യാത്രാസേവന ആപ്പുകൾ ബാധിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ഉദാഹരണത്തിന്, ലോകത്തിലെ ഏറ്റവും ശക്തമായ ഓട്ടോമൊബെെൽ കമ്പോളമുള്ള അമേരിക്കയിൽ ഇതേ കാലയളവി, അതായത് 2016ൽ 1.6 കോടിയായിരുന്ന യാത്രാ വാഹന വിൽപ്പന 2019ൽ 1.7 കോടിയായി വർധിച്ചു. 2009ൽ അമേരിക്കയിൽ യൂബർ ആപ്പ് നിലവിൽവരുമ്പോൾ അവരുടെ ഓട്ടോമൊബെെൽ വിൽപ്പന ഒരു കോടി മാത്രമായിരുന്നു. ഇന്ത്യയിൽ വാണിജ്യ വാഹനങ്ങളുടെ വിൽപ്പനയുടെ കാര്യത്തിൽ 2017ൽ 8 ലക്ഷം യൂണിറ്റായിരുന്നത് 2019ൽ 7 ലക്ഷവും 2021ൽ 5 ലക്ഷവുമായി ഇടിഞ്ഞു. ഇരുചക്ര വാഹനങ്ങളുടെ വിൽപ്പന 2017ൽ 2 കോടിയായിരുന്നത് 2019ൽ 1.7 കോടിയായും 2021ൽ 1.5 കോടിയായും ഇടിഞ്ഞു. ഇവിടങ്ങളിലെല്ലാം മോദി സർക്കാർ നടത്തുന്ന യൂബർ/ഒല ആഖ്യാനം തികച്ചും അടിസ്ഥാനരഹിതമാണ്. ഓട്ടോ മൊബെെൽ വ്യവസായരംഗത്ത് 2019 ലെ ആഭ്യന്തര വിൽപ്പന 2014–15ൽ എത്രയായിരുന്നോ അതിൽനിന്നും വലിയ മാറ്റമില്ലാതെ തുടരുകയാണ്. 2020–21 ൽ അത് കുത്തനെ ഇടിഞ്ഞു. അതായത് ഇടത്തരം വിഭാഗങ്ങളുടെ ഉപഭോഗത്തെ ആശ്രയിച്ചുനിന്നിരുന്ന ഈ വ്യവസായ മേഖല മോദിയുടെ ‘‘മേക്ക് ഇൻ ഇന്ത്യ’’ കാലത്ത് തകർന്നടിഞ്ഞിരിക്കുന്നു.

മോദി ഗവൺമെന്റ് വലിയ പ്രതീക്ഷയും വമ്പൻ പ്രഖ്യാപനവുമൊക്കെ നടത്തിയ, ഒടുവിൽ തകർന്നടിഞ്ഞുപോയ മറ്റൊരു മേഖലയാണ് കയറ്റുമതി. 2018ലെ നിതി ആയോഗിന്റെ രേഖയിൽ പറഞ്ഞത്, 2022–23ൽ കയറ്റുമതി 80000 കോടി ഡോളർ ആക്കി വർധിപ്പിക്കുമെന്നായിരുന്നു. നിർമിത ചരക്കുകളുടെ ഉൽപാദനത്തിലും കയറ്റുമതിയിലും കേന്ദ്രീകരിച്ചുകൊണ്ട് അത് നടപ്പാക്കുമെന്നും പറഞ്ഞിരുന്നു. മോദി അധികാരമേറുന്നതിനു 2 മാസം മുൻപ് 2014 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ചരക്കുകളുടെ കയറ്റുമതി 31200 കോടി ഡോളറായിരുന്നു. തൊട്ടടുത്ത വർഷം കയറ്റുമതി 31000 കോടി ഡോളറായി കുറഞ്ഞു. 2015–16ൽ അത് വീണ്ടും 26000 കോടി ഡോളറായി ഇടിഞ്ഞു. 2019–20ൽ അത് 2014 ലെ കയറ്റുമതി നിരക്കിനു തത്തുല്യമായി ചെറുതായൊന്ന് ഉയർന്ന് 31400 കോടി ഡോളറിലെത്തിയെങ്കിലും 2020–21ൽ കയറ്റുമതി വീണ്ടും 29000 കോടി ഡോളറായി ഇടിഞ്ഞു. ഇവിടെ സൂചിപ്പിച്ചത് ഏതാനും ചില മേഖലകൾ മാത്രമാണ്. ഗാർമെന്റ്, ടെക്സ‍്റ്റെെൽസ് തുടങ്ങി മറ്റ് വ്യാവസായികോൽപാദന മേഖലകളിലെയെല്ലാം സ്ഥിതി ഇതുതന്നെയാണ്. അപ്പോൾ ഇതാണ് മോദി കൊട്ടിഘോഷിക്കുന്ന ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ യഥാർത്ഥ മുഖം!
അവലംബം: ആകാർ പട്ടേൽ എഴുതിയ ‘‘Price of the Modi Years’’ എന്ന പുസ്തകം

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

7 + eighteen =

Most Popular