1990കൾക്കുശേഷം ഇന്ത്യയിലെ കോൺഗ്രസ് സർക്കാർ നടപ്പിലാക്കിയ നവ ഉദാരവൽക്കരണ നയങ്ങൾ ഇന്ത്യൻ കാർഷിക മേഖലയുടെ അടിത്തറ തകർക്കുന്നതായിരുന്നു.തൊണ്ണൂറുകളുടെ ആദ്യപാദത്തിൽ തന്നെ 2,50,000ത്തോളം കർഷകരാണ് ഇന്ത്യയിൽ ആത്മഹത്യ ചെയ്തത്.തുടർന്നുള്ള ദശാബ്ദങ്ങളിലും തെറ്റായ സാമ്പത്തിക നയങ്ങളുടെ ഇരയായി ഇന്ത്യയിലെ കർഷകർ മാറി. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ അധികാരത്തിലേറിയ ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് മാത്രമാണ് കർഷക ആത്മഹത്യാ നിരക്കിൽ കുറവുണ്ടാവാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യപ്പെട്ടത്. കർഷകരുടെ കടം എഴുതിത്തള്ളുകയും പൊതുവായ്പകൾ ലഭ്യമാക്കാനുള്ള വഴികൾ കർഷകർക്ക് തുറന്നുകൊടുക്കുകയും കാർഷികോതഎപന്നങ്ങളുടെ വില പിടിച്ചുനിർത്താനുള്ള നയങ്ങൾ നടപ്പാക്കുകയും ചെയ്തുകൊണ്ടാണ് കർഷകരുടെ ദുരിതങ്ങൾക്കു പരിഹാരം കണ്ടത്. അതോടെ കർഷക ആത്മഹത്യ കുറയാനും തുടങ്ങി. അത് രാജ്യത്തെ കാർഷിക മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെയും കർഷകരുടെയും ജീവിതത്തിൽ സ്വാധീനം ചെലുത്തി. എന്നാൽ ഒന്നാം യുപിഎ സർക്കാരിന് പിന്തുണ നൽകിയിരുന്ന ഇടതു പക്ഷം ചെലുത്തിയ സ്വാധീനം രണ്ടാം യു പി എ സർക്കാരിന്റെ കാലത്ത് ഇല്ലാതായതോടെ കോൺഗ്രസ്സ് അവരുടെ കോർപ്പറേറ്റ് നയങ്ങൾ കൂടുതൽ ശക്തമായി നടപ്പാക്കുകയും കർഷക ആത്മഹത്യാ നിരക്ക് പിന്നെയും കുതിച്ചുയരുകയും ചെയ്തു.2014ൽ ബിജെപി അധികാരത്തിൽ എത്തിയപ്പോൾ കോൺഗ്രസ്സിന്റെ കർഷകവിരുദ്ധ നയങ്ങൾ തന്നെ തുടർന്നു. കഴിഞ്ഞ ഒരു ദശക കാലയളവിൽ മോദി ഭരണം ഇന്ത്യയിലെ സമ്പദ്ഘടനയിൽ സൃഷ്‌ടിച്ച ആഘാതം കർഷകർ അടക്കമുള്ള അടിസ്ഥാന ജന വിഭാഗങ്ങളുടെ ജീവിതത്തെ പൂർണ്ണമായും ദുരിതത്തിലാഴ്ത്തുകയാണ് ചെയ്തത്.കോർപ്പറേറ്റുകൾ മാത്രമാണ് മോദി ഭരണത്തിൽ നേട്ടമുണ്ടാക്കിയത്. ഇന്ത്യയിലെ കർഷകരുടെ അവസ്ഥ നമുക്ക് പരിശോധിക്കാം.NCRB(നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യുറോ) 2023 ഡിസംബർ 3ന് പുറത്തുവിട്ട റിപ്പോർട്ടുപ്രകാരം ഇന്ത്യയിലെ കഴിഞ്ഞ പത്തു വർഷത്തിനിടയിൽ നടന്ന കർഷക ആത്മഹത്യകളുടെ കണക്ക് ഞെട്ടിപ്പിക്കുന്നതാണ്. റിപ്പോർട്ടുപ്രകാരം 2014 മുതൽ 2022 വരെയുള്ള കാലഘട്ടത്തിൽ ഒരു ലക്ഷം കർഷകരാണ് ഇന്ത്യയിൽ ആത്മഹത്യ ചെയ്തത്. 2014മുതൽ 2022 വരെ വർഷത്തിൽ ഓരോ ദിവസവും 30 പേർ ആത്മഹത്യ ചെയ്തു എന്നാണ് കണക്ക്. മോദി സർക്കാർ അധികാരമേറ്റ 2014മെയ് മുതലുള്ള ആദ്യ പാദത്തിൽ 10,281പേരും 2022മുതലുള്ള രണ്ടാം പാദത്തിൽ 11290 പേരും ജീവനൊടുക്കി. കാർഷിക തൊഴിലുകളുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ജനങ്ങൾക്കിടയിൽ ഇതിന്റെ കണക്ക് ഒന്നാം പാദത്തിൽ 4,324 ഉം രണ്ടാം പാദത്തിൽ 6,083മാണ്. അതായത് 41% മാണ് ആത്മഹത്യാ നിരക്കിലെ വർധന.ഇതിൽ 5,472 പേർ പുരുഷന്മാരും 611 പേർ സ്ത്രീകളുമാണ്. കടമുള്ള കർഷകരുടെ എണ്ണത്തിൽ കുറവുണ്ടായി എന്ന് മോദി സർക്കാർ അവകാശപ്പെടുമ്പോൾ കണക്കുകൾ പ്രകാരം ഇന്ത്യയിൽ കടമുള്ള കർഷകരുടെ എണ്ണം 902 ലക്ഷത്തിൽ നിന്നും 930 ലക്ഷമായി ഉയർന്നു. 2013നെ അടിസ്ഥാനമാക്കി പരിശോധിക്കുമ്പോൾ 1.6% വർധന.സംസ്ഥാനങ്ങളെ മൊത്തത്തിൽ പരിശോധിക്കുമ്പോൾ ഏറ്റവുമധികം കർഷക ആത്മഹത്യകൾ ഉണ്ടായത് മഹാരാഷ്ട്രയിലും (4,248) കർണാടകത്തിലുമാണ് (2,392). ഉത്തർ പ്രദേശാണ് ആത്മഹത്യാ നിരക്കിൽ ഏറ്റവും അധികം വർദ്ധനവ് കാണിക്കുന്ന സംസ്ഥാനം.2021നെ അപേക്ഷിച്ച് 42.13% വർദ്ധനവ് ഛത്തീസ്‌ഗഢ് 31.65%വുമായി രണ്ടാം സ്ഥാനത്താണ്. കേരളം 30% കുറവാണ് രേഖപ്പെടുത്തിയത്.
പൊതുനിക്ഷേപങ്ങൾ കുറഞ്ഞതും കോർപ്പറേറ്റുവൽക്കരണവും, മറ്റ് നവ ലിബറൽ നയങ്ങളുമാണ് ഇന്ത്യയിലെ കർഷകരെ ദുരിതത്തിലാഴ്ത്തിയിരിക്കുന്നത്. ♦



