പൂർണ്ണമായും വർഗീയവും ജനദ്രോഹകരവുമായ നയസമീപനങ്ങൾമാത്രം കെെക്കൊണ്ടുവരുന്ന മോദി ഗവൺമെന്റ് രാജ്യത്തെ കുരുന്നുകളോടും കടുത്ത അവഗണനയാണ് കാണിക്കുന്നത്. കുട്ടികൾ നാളെയുടെ വാഗ്ദാനങ്ങളാണ്. രാജ്യത്തിന്റെ സുശോഭിതമായ ഭാവിയെ ആലേഖനം ചെയ്യേണ്ടവരാണവർ. അതിനുതകുംവിധം അവരെ പാകപ്പെടുത്തിയെടുക്കേണ്ടത് സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും കടമയാണ്. എന്നാൽ മോദി ഗവൺമെന്റ് കെെക്കൊള്ളുന്ന സാമ്പത്തിക – രാഷ്ട്രീയ നയങ്ങൾ സൃഷ്ടിച്ചിട്ടുള്ള പരിതാപകരമായ ജീവിത പശ്ചാത്തലത്തിൽ പല രക്ഷിതാക്കൾക്കും മക്കളുടെ പഠിപ്പടക്കം നിർത്തേണ്ട അവസ്ഥയുണ്ടാകുന്നു; ഇത്തരത്തിൽ വിദ്യാഭ്യാസം നിർത്തലാക്കപ്പെടുന്ന കുട്ടികളിൽ അധികവും എന്തെങ്കിലുമൊക്കെ തൊഴിൽ ചെയ്യാൻ നിർബന്ധിതരാകുന്നു. ലോക്-ഡൗൺ സ്ഥിതിഗതികളെ കൂടുതൽ വഷളാക്കി. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിലെ സ്ഥിതിയാണിത്. എന്തുതന്നെയായാലും കുരുന്നുകളോടുള്ള ‘മോദി ഗ്യാരണ്ടി’ എന്താണെന്ന് അറിയണമെങ്കിൽ അതിന് കേന്ദ്ര ബജറ്റിൽ കുട്ടികളുടെ സംരക്ഷണത്തിനായുള്ള പദ്ധതികൾക്കുള്ള വകയിരുത്തലിൽ വരുത്തിയിട്ടുള്ള വെട്ടിച്ചുരുക്കൽമാത്രം നോക്കിയാൽ മതി.
നാഷണൽ ചെെൽഡ് ലേബർ പ്രൊജക്ട്: ഈ പദ്ധതിക്കായി കേന്ദ്ര ബജറ്റിൽ ആദ്യം 120 കോടി രൂപ വകയിരുത്തിയിരുന്നത് 2021–22 ലേക്കുള്ള പുതുക്കിയ ബജറ്റിൽ കേവലം 30 കോടി രൂപയാക്കി മോദി സർക്കാർ വെട്ടിച്ചുരുക്കി. 2022–23 ൽ അത് 30 കോടിയായിതന്നെ നിലനിർത്തി. 2023–24ലെ ബജറ്റിൽ 20 കോടി രൂപയാക്കി വീണ്ടും വെട്ടിചുരുക്കി. 2024–25ലെ ഇടക്കാല ബജറ്റിൽ ഇത് കേവലം 6 കോടി രൂപയായി കുറച്ചുകൊണ്ട് മോദി സർക്കാർ ചരിത്രം സൃഷ്ടിച്ചു.
ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂൾ: പട്ടികവർഗ വിഭാഗത്തിൽപെട്ട വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഏറെ ഗുണപ്രദവും അവശ്യവുമായിരുന്ന ഒരു പദ്ധതിയാണിത്. ഈ പദ്ധതിയ്ക്ക് 2021 –22ൽ ബജറ്റ് എസ്റ്റിമേറ്റിൽ 1418 കോടി രൂപയായിരുന്നത് പുതുക്കിയ എസ്റ്റിമേറ്റിൽ 1057 കോടി രൂപയായി മോദി സർക്കാർ വെട്ടിക്കുറച്ചു. ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ ഏറെയും ദളിത് – ആദിവാസി വിഭാഗത്തിൽ ഉൾപ്പെടുന്നവരാണ‍്.
ശ്രേഷ്-ഠ റസിഡൻഷ്യൽ എഡ്യൂക്കേഷൻ സ്കീം: ഹെെസ്കൂൾ വിദ്യാർത്ഥികളിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കുള്ള ഈ സ്കീമിന്റെ ബജറ്റ് വകയിരുത്തലിൽ മോദി സർക്കാർ അഭൂതപൂർവമായ വെട്ടിച്ചുരുക്കലാണ് വരുത്തിയത്. 2021–22 ലെ ബജറ്റിൽ ഈ സ്കീമിനുള്ള വകയിരുത്തൽ 200 കോടി രൂപയിൽനിന്നും 63 കോടി രൂപയായി മോദി സർക്കാർ വെട്ടിച്ചുരുക്കി.
ശ്രേയാസ് സ്കീം: പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് നൽകുന്ന പദ്ധതിയാണിത്. 2021–22 ൽ ഈ പദ്ധതിക്കുള്ള വകയിരുത്തൽ ബജറ്റ് എസ്റ്റിമേറ്റിലെ 450 കോടി രൂപയിൽനിന്നും പുതുക്കിയ എസ്റ്റിമേറ്റിൽ 260 കോടി രൂപയാക്കി കേന്ദ്ര ഗവൺമെന്റ് വെട്ടിച്ചുരുക്കി. 2022 – 23ൽ ഈ തുക വീണ്ടും 80 കോടി രൂപയായി കുറച്ചു.
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ: പ്രധാനമന്ത്രി മോദിതന്നെ 2015 ജനുവരിയിൽ ഹരിയാനയിലെ പാനിപത്തിൽവെച്ച് പ്രഖ്യാപിച്ച ‘വമ്പൻ’ പദ്ധതിയായിരുന്നു ബേട്ടി ബച്ചാവോ ബേട്ടി പഠാവോ. സ്ത്രീശാക്തീകരണവും പെൺകുട്ടികളുടെ വിദ്യാഭ്യാസവുമാണ് ലക്ഷ്യമായി മുന്നോട്ടുവെച്ചിരുന്നത്. അതുകൊണ്ടുതന്നെ മാധ്യമങ്ങളും കേന്ദ്ര സർക്കാരും വലിയ പ്രചാരണമാണ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയത്. 2020–21ൽ 220 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചത്. എന്നാൽ സെന്റർ ഫോർ ബജറ്റ് ആന്റ് ഗവേണൻസ് അക്കൗണ്ടിന്റെ റിപ്പോർട്ടുപ്രകാരം, പ്രസ്തുത വർഷം പദ്ധതിക്കായി കേന്ദ്ര സർക്കാർ ചെലവഴിച്ചത് 61 കോടി രൂപ മാത്രമാണ്.
മുസ്ലീം ന്യൂനപക്ഷങ്ങളുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ സംബന്ധിച്ച് പഠനം നടത്തിയ സച്ചാർ കമ്മിറ്റിയുടെ ശുപാർശപ്രകാരം നടപ്പാക്കിയിരുന്ന മൗലാന ആസാദ് നാഷണൽ സ്കോളർഷിപ്പ് സ്കീം 2022–23 മുതൽ മോദി ഗവൺമെന്റ് നിർത്തലാക്കി. വിവിധ മന്ത്രിസഭകളുടെയും വകുപ്പുകളുടെയും കീഴിൽ കുട്ടികൾക്കായുള്ള പദ്ധതിക്കായി ചെലവഴിച്ച മൊത്തം തുകയുടെ ശതമാനക്കണക്ക് അറിയാൻ പട്ടിക 1 നോക്കുക.
| സാമ്പത്തിക വർഷം | തുക (ബജറ്റ് എസ്‌റ്റിമേറ്റിൽ |
| 2019-20 | 2.99% |
| 2021-22 | 2.46% |
| 2022-23 | 2.35% |
പട്ടിക നോക്കിയാൽ ഈ രംഗത്ത് മോദി സർക്കാർ ബജറ്റ് എസ്റ്റിമേറ്റിൽ പടിപടിയായി വരുത്തിയിരിക്കുന്ന കുറവ് വ്യക്തമാകും. രാജ്യത്തെ ജനസംഖ്യയുടെ 26 ശതമാനവും 18 വയസ്സിൽ താഴെയുള്ളവരാണ്. മൊത്തത്തിൽ പരിമിതമായ വകയിരുത്തലിൽ വീണ്ടും വീണ്ടും വരുത്തുന്ന ഈ വെട്ടികുറയ്ക്കലുകൾ ഇന്ത്യയിലെ ഭാവി തലമുറയോടുള്ള, കുരുന്നുകളോടുള്ള, അവരുടെ വിദ്യാഭ്യാസത്തോടുള്ള മോദി സർക്കാരിന്റെ അവഗണനയാണ് വെളിപ്പെടുത്തുന്നത്. ♦



