Saturday, May 4, 2024

ad

Homeകവര്‍സ്റ്റോറിസാധാരണക്കാർക്ക് 
ക്ഷേമവും നീതിയും നിഷേധിക്കുന്ന കേന്ദ്ര ബജറ്റ്

സാധാരണക്കാർക്ക് 
ക്ഷേമവും നീതിയും നിഷേധിക്കുന്ന കേന്ദ്ര ബജറ്റ്

പിണറായി വിജയൻ

കേരളത്തിനും രാജ്യത്തെ ദരിദ്ര ജനവിഭാഗങ്ങൾക്കും ഒരുപോലെ നിരാശ പകരുന്ന ഒന്നാണ് പുതിയ കേന്ദ്ര ബജറ്റ്. ബിജെപി സർക്കാരിന്റെ കോർപറേറ്റ് പ്രീണനത്തിന്റേയും ജനവിരുദ്ധതയുടേയും മറ്റൊരുദാഹരണം കൂടിയായി അതു മാറുന്നു.ഫെഡറിലസത്തിന്റെ മഹത്തായ തത്വങ്ങളെ തകർക്കുന്ന വിവേചനപരമായ അവരുടെ ജനാധിപത്യവിരുദ്ധ നയവും ഈ ബജറ്റിൽ ശക്തമായി പ്രതിഫലിക്കുന്നു.

കേരളത്തിന്റെ താൽപര്യങ്ങളെ അശേഷം പരിഗണിക്കാത്ത കേന്ദ്ര ബജറ്റിൽ റബ്ബർ ഉൾപ്പെടെയുള്ളവയുടെ ഇറക്കുമതിച്ചുങ്കം ഉയർത്തി ആഭ്യന്തര റബ്ബർ കൃഷിയെ പരിരക്ഷിക്കണമെന്ന ആവശ്യം പാടെ തിരസ്കരിക്കപ്പെട്ടു. കേരളത്തിന്റെ നെൽ കൃഷി, കേരകൃഷി, സുഗന്ധവ്യഞ്ജന കൃഷി തുടങ്ങിവയ്ക്ക് പ്രത്യേക പരിഗണന കിട്ടിയിട്ടില്ല. എയിംസ് പോലുള്ള പുതിയ സ്ഥാപനങ്ങളില്ല. പുതിയ തീവണ്ടികളില്ല, റെയിൽ സർവ്വേകളില്ല, ശബരിപാത പോലുള്ളവയില്ല, പാത ഇരട്ടിപ്പിക്കലുകളുമില്ല. ഇത്തരത്തിലുള്ള കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളൊന്നും ബജറ്റിൽ പരിഗണിച്ചിട്ടുള്ളതായി കാണാനില്ല.

2047 ൽ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുമെന്നു പറയുന്ന ബജറ്റ്, ഈ വഴിക്കുള്ള ഏതു നീക്കത്തിനും അനിവാര്യമായത് സംസ്ഥാനങ്ങളെ ശാക്തീകരിക്കുകയാണെന്ന അടിസ്ഥാന തത്വം തന്നെ മറന്നിരിക്കുന്നു. മേഖലാപരമായ അസന്തുലിതാവസ്ഥ വർദ്ധിപ്പിക്കുന്നതും സംസ്ഥാന താൽപര്യങ്ങളെ നിഹനിക്കുന്നതും പണപ്പെരുപ്പം ശക്തിപ്പെടുത്തുന്നതും ജനങ്ങളെ പാപ്പരീകരിക്കുന്നതുമാണ് ബജറ്റും അതിലെ സാമ്പത്തിക സമീപനങ്ങളും. സംസ്ഥാനങ്ങളുടെ കടമെടുപ്പു പരിധി വർദ്ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ അംഗീകരിക്കുന്നില്ല. മൂലധന ചെലവുകൾക്കായി സംസ്ഥാനങ്ങൾക്കു പൊതുവിൽ ലഭ്യമാക്കുന്ന വായ്പയുടെ അളവ് കുറച്ചിരിക്കുകയാണ്.

കഴിഞ്ഞ വർഷം നീക്കിവെച്ചതിനെ അപേക്ഷിച്ച് കുറച്ചു മാത്രമേ പല മേഖലകളിലും കേന്ദ്ര സർക്കാർ ചിലവഴിച്ചിട്ടുള്ളു എന്ന് വ്യക്തമാക്കുന്നതാണ് റിവൈസ്ഡ് ബജറ്റ് എസ്റ്റിമേറ്റ്‌സ്. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികക്ഷേമം, പട്ടികജാതി – – പട്ടികവർഗ്ഗ വികസനം തുടങ്ങിയവയുടെ ഒക്കെ കാര്യത്തിൽ ഇതാണ് അവസ്ഥ. വളം, ഭക്ഷ്യധാന്യം, തൊഴിലുറപ്പ്, തുടങ്ങിയവയ്ക്കായുള്ള ചെലവാക്കൽ കുറച്ചിരിക്കുകയാണ്. തൊഴിൽ വർദ്ധിപ്പിക്കൽ എന്ന വാഗ്ദാനം ഉപേക്ഷിച്ച മട്ടാണ്. സ്വയം തൊഴിലിന് കോർപ്പസ് ഫണ്ട് എന്നതിൽ ഇതാണു തെളിയുന്നത്.

ഇലക്ഷൻ വർഷമായിട്ടുകൂടി രാജ്യത്തെ സാധാരണക്കാരുടെയോ കേരളത്തിന്റെയോ ആവശ്യങ്ങൾ കേന്ദ്ര ബജറ്റിൽ പരിഗണിക്കപ്പെട്ടിട്ടില്ല എന്നതിൽ നിന്നുതന്നെ ഇന്നാട്ടിലെ പാവപ്പെട്ടവരോടും നമ്മുടെ സംസ്ഥാനത്തോടും എന്തു സമീപനമാണ് ബി ജെ പി സർക്കാർ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത് എന്നത് കൂടുതൽ വ്യക്തമായിരിക്കുകയാണ്.

രാജ്യത്തെ സാധാരണക്കാരെ ബാധിക്കുന്ന ഏറ്റവും പ്രധാന പ്രശ്നങ്ങളെ പരിഗണിക്കാൻ കേന്ദ്ര സർക്കാർ ഇനിയും തയ്യാറല്ല എന്ന് ഈ ബജറ്റ് തെളിയിക്കുന്നു. ദാരിദ്ര്യവും അസമത്വവും തൊഴിലില്ലായ്മയും എക്കാലത്തേക്കാളും രൂക്ഷമായ ഈ ഘട്ടത്തിലും അവ മറികടക്കാൻ ശ്രമിക്കുന്നതിനു പകരം ആ പ്രശ്നങ്ങൾ പ്രസക്തമേയല്ല എന്ന നിലാപാടാണ് എടുത്തിരിക്കുന്നത്. പകരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. അതിനായി ദാരിദ്ര്യ രേഖ പുനർനിർവചിച്ച് ദരിദ്രരുടെ എണ്ണം കുറച്ചു കാട്ടുന്നു. ഈ ബജറ്റ് പ്രസംഗത്തിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രസ്താവിച്ചത് പ്രകാരം ദരിദ്രരുടെ എണ്ണത്തിൽ 25 കോടിയുടെ കുറവാണുണ്ടായിരിക്കുന്നത്. എന്നാൽ, ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ള ജനങ്ങളുടെ എണ്ണം കണക്കാക്കാൻ അടിസ്ഥാനമാക്കിയിരുന്ന നാഷണൽ സാമ്പിൾ സർവേ ഓഫീസ് രാജ്യത്ത് മുഴുവനും നടത്തുന്ന ശാസ്ത്രീയമായ വിവരശേഖരണത്തിന്റ റിപ്പോർട്ട് ഇതുവരെ പുറത്തു വിട്ടിട്ടില്ല. പകരം ദരിദ്രരേയും ദാരിദ്ര്യരേഖയെയും നിതി ആയോഗിനെ ഉപയോഗിച്ച് പുനർനിർവചിക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്. പുതിയ മാനദണ്ഡം അനുസരിച്ച് ബാങ്ക് അക്കൗണ്ട്, കുടിവെള്ളം, സ്വന്തമായി കക്കൂസ് എന്നീ മൂന്ന് സൂചിക ഉണ്ടെങ്കിൽ ആ വ്യക്തിയും കുടുംബവും ദാരിദ്ര്യത്തിൽനിന്ന്‌ മുക്തമായതായി കണക്കാക്കാമത്രേ!

2022ൽ ഇന്ത്യയിലെ കുടുംബങ്ങളിലെ സമ്പാദ്യം കഴിഞ്ഞ 60 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയെന്ന് റിസർവ് ബാങ്ക് തന്നെ റിപ്പോർട്ട് ചെയ്യുന്ന ഈ ഘട്ടത്തിലാണ് ദരിദ്രരുടെ എണ്ണം കുറഞ്ഞെന്ന് കേന്ദ്ര സർക്കാർ പറയുന്നത്. ഇന്ത്യയിലെ കുടുംബങ്ങളുടെ ഇപ്പോഴത്തെ കടബാധ്യത നിരക്ക് സ്വാതന്ത്ര്യത്തിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണെന്നും റിസർവ് ബാങ്ക് പറയുന്നു. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ പൂർണ്ണമായും അവഗണിച്ചും ജനരോഷത്തിൽ നിന്നും രക്ഷപ്പെടാൻ ഇത്തരം പൊടിക്കൈ കാണിച്ചുമാണ് ബിജെപി സർക്കാർ മുന്നോട്ടു പോകുന്നത്. ബജറ്റ് പ്രസംഗത്തിലെ ഏറിയ സമയവും ചെലവഴിച്ചത് വരുന്ന അഞ്ചു വർഷത്തെക്കുറിച്ചുള്ള മോഹനവാഗ്ദാനങ്ങൾ നൽകാനും ഭരണനേട്ടങ്ങളെന്ന പേരിൽ തെറ്റിദ്ധാരണാജനകമായ അവകാശവാദങ്ങൾ നിരത്താനുമാണ്. വരുന്ന ലോക്-സഭ തിരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ പ്രചരണത്തിനുള്ള അവസരമായി ബജറ്റ് പ്രസംഗത്തെ ഉപയോഗിക്കുകയാണ് ചെയ്തത്.

മോദി സർക്കാർ പിന്തുടരുന്ന പരിപൂർണ്ണമായ കോർപറേറ്റ്‌, സ്വകാര്യവൽക്കരണ അജൻഡ ശക്തിപ്പെടുത്തുന്നതോടെ രാജ്യം നിലവിൽ നേരിടുന്ന പ്രതിസന്ധികൾ കൂടുതൽ രൂക്ഷമാകും. പൊതുസംവിധാനങ്ങളെ തകർത്ത് സർക്കാർ സേവനങ്ങളും പൊതുസ്വത്തും സ്വകാര്യമേഖലയ്ക്ക് തീറെഴുതുന്ന നയം കൂടുതൽ ശക്തമാവുകയാണ്. റോഡുകളും തുറമുഖങ്ങളും വിമാനത്താവളങ്ങളും ഏതാനും അതിസമ്പന്നരുടെ കൈകളിലാവുകയാണ്. ചങ്ങാത്ത മുതലാളിത്തത്തിന്റെ ദുരയും മനുഷ്യത്വഹീനതയുമാണ് കേന്ദ്ര സർക്കാരിനെ നയിക്കുന്നതെന്ന യാഥാർത്ഥ്യത്തിനു ബജറ്റ് അടിവരയിടുന്നു.

രണ്ടു ഡോളറോ അതിൽ കുറവോ മാത്രം ഒരു ദിവസം ചെലവഴിക്കാൻ സാധിക്കുന്ന രാജ്യത്തെ ദരിദ്രരുടെ എണ്ണം മഹാമാരിയ്ക്ക് ശേഷം ഒരു വർഷം കൊണ്ട് 6 കോടിയിൽ നിന്നും 13.4 കോടിയായി ഉയർന്നു. തൊഴിലുള്ള ഇന്ത്യക്കാരുടെ എണ്ണം 2013-ൽ 44 കോടിയായിരുന്നെങ്കിൽ 2021 ആയപ്പോളേയ്കും അത് 38 കോടിയായി കുറഞ്ഞു. അതേ സമയം തൊഴിലെടുക്കാൻ സാധ്യമായ പ്രായമുള്ളവരുടെ എണ്ണം 79 കോടിയിൽ നിന്നും 106 കോടിയായി ഉയരുകയും ചെയ്തു. തൊഴിലെടുക്കുന്നവരിൽ സ്ത്രീകളുടെ ശതമാനം 2013-ൽ 36 ശതമാനം ആയിരുന്നെങ്കിൽ 2021 ആയപ്പോളേയ്ക്കും അത് 9.24 ശതമാനം ആയി തകർന്നു വീണു. ഗ്ലോബൽ ഹംഗർ ഇൻഡക്സിൽ 121 രാജ്യങ്ങളിൽ 107-ആം സ്ഥാനത്താണ് ഇന്ത്യ. അഫ്ഗാനിസ്ഥാൻ ഒഴികെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഏറ്റവും മോശം സ്ഥാനത്താണ് നമ്മൾ. ലോകത്ത് പോഷക അഭാവം നേരിടുന്ന 82.8 കോടി ആളുകളിൽ 22.43 കോടി മനുഷ്യരും ഇന്ത്യയിലാണ്.

എന്നിട്ടും ഈ ബജറ്റിൽ കാർഷികമേഖലയ്ക്ക്‌ പ്രോത്സാഹനം നൽകുന്ന പദ്ധതികളോ കടാശ്വാസമോ മറ്റ്‌ ഇളവുകളോ ഇല്ല. കർഷകർക്ക്‌ പിഎം കിസാൻ സമ്മാൻ നിധിയിൽനിന്നുള്ള സഹായം വർധിപ്പിച്ചില്ല എന്നു മാത്രമല്ല രാസവള, ഭക്ഷ്യ സബ്‌സിഡികൾക്കുള്ള വിഹിതം കുറയ്-ക്കുകയും ചെയ്തു. രാജ്യമാകെ നടന്നു വരുന്ന കർഷക പ്രക്ഷോഭങ്ങളിൽ ഉയരുന്ന ആവശ്യങ്ങൾ ബധിരകർണ്ണങ്ങളിലാണ് പതിക്കുന്നതെന്ന് ബജറ്റ് വ്യക്തമാക്കുന്നു. കർഷകരെ കൂടുതൽ ദരിദ്രവൽക്കരിക്കുന്ന കേന്ദ്ര സർക്കാർ കോർപ്പറേറ്റുകൾക്ക് കാർഷികമേഖലയെ ചൂഷണം ചെയ്യാനുള്ള അവസരമാണൊരുക്കുന്നത്. 95 ലക്ഷം പേർക്ക്‌ തൊഴിൽ നൽകുമെന്നുള്ള പ്രഖ്യാപനമല്ലാതെ വളരുന്ന തൊഴിലില്ലായ്മയെ പിടിച്ചു നിർത്താൻ ആവശ്യമായ കാര്യങ്ങളൊന്നും ബജറ്റ് ഉൾക്കൊള്ളുന്നില്ല. അസംഘടിത മേഖലയെപ്പറ്റിയും അതിലെ തൊഴിലാളികളെപ്പറ്റിയും അവരുടെ ക്ഷേമത്തെപ്പറ്റിയും ബജറ്റിൽ ഒരു പരാമർശവുമില്ല. ഇത്തരത്തിൽ സാധാരണക്കാർക്ക് അവകാശപ്പെട്ട നീതിയേയും ക്ഷേമത്തേയും കാറ്റിൽ പറത്തുന്ന കേന്ദ്ര ബജറ്റിനെതിരെയും ബിജെപി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരേയും ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്. അക്കാര്യത്തിൽ ജനാധിപത്യവിശ്വാസികൾ ഒന്നാകെ ഒറ്റക്കെട്ടായി നിൽക്കണം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nineteen + 14 =

Most Popular