Monday, July 22, 2024

ad

Homeകവര്‍സ്റ്റോറിപ്രവാസം ഉയർത്തുന്ന സമസ്യകൾ

പ്രവാസം ഉയർത്തുന്ന സമസ്യകൾ

ഡോ. കെ എൻ ഹരിലാൽ

ടുജീവിതം എന്ന സിനിമയിലെയും നോവലിലെയും മറക്കാനാവാത്ത ഒരു രംഗത്തിൽനിന്നു തുടങ്ങാം. മരുഭൂമിയുടെ കൊടുംഭീകരതയിൽനിന്നും രക്ഷപ്പെട്ടുവന്ന നജീബ് ജയിലിലാവുന്നു. കേസിൽനിന്ന് ഒളിച്ചോടിപ്പോന്ന നജീബിനെപ്പോലെയുള്ള കുടിയേറ്റ തൊഴിലാളികളെ അനേ-്വഷിച്ചു തിരിച്ചുപിടിക്കാൻ ജയിൽ സന്ദർശിക്കുന്ന അറബികൾക്കുമുന്നിൽ അവരെ പ്രദർശിപ്പിക്കുന്നതാണ് രംഗം. നജീബിനെ അടിമയാക്കി വച്ചിരുന്ന ക്രൂരനായ കാട്ടറബി ജയിലിലെത്തുകയും അയാളെ തിരിച്ചറിയുകയും ചെയ്യുന്നുണ്ടെങ്കിലും ശരിയായ രേഖകളില്ലാത്തതിനാലാവാം നജീബിനെ ഉപേക്ഷിച്ചുപോവുകയാണ് ചെയ്യുന്നത്. വായനക്കാരെ അഥവാ കാഴ്ചക്കാരെ ആകാംക്ഷയുടെ കൊടുമുടിയിൽ എത്തിക്കുന്ന ഈ രംഗം ആർക്കും പെട്ടെന്നു മറക്കാനാവില്ല. നോവലിലും സിനിമയിലും പ്രസ്തുത രംഗം അത്ര ഹൃദയസ്പൃക്കായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. നജീബിനോടു തോന്നുന്ന അനുകമ്പയുടെ സ്വാധീനത്തിൽനിന്നും പുറത്തു കടക്കുമ്പോഴാണ് പുതിയൊരു നടുക്കം നമ്മുടെ മനസ്സിനെ കീഴടക്കുന്നത്. നജീബ് എന്ന വ്യക്തി മാത്രമാണ് രക്ഷപ്പട്ടിരിക്കുന്നത്. രക്ഷപ്പെടാനാവാത്ത പ്രവാസത്തിലെ ദുരിതക്കയത്തിൽ പെട്ടുപോയവരുടെ എണ്ണം എത്രയധികമായിരിക്കും? എന്നു മാത്രമല്ല പ്രവാസത്തിൽ സമാനമായ അനുഭവങ്ങൾ ഇപ്പോഴും തുടരുകയാവില്ലേ? ആടുജീവിതം യഥാർഥത്തിൽ അവസാനിച്ചിട്ടില്ല. ആടുജീവിതങ്ങൾ തുടരാതിരിക്കാൻ ലോകമനസ്സാക്ഷി ഉണരണം. മാതൃരാജ്യത്തെയും ആതിഥേയരാജ്യത്തെയും ഗവൺമെന്റു കളും അന്താരാഷ്ട്ര സ്ഥാപനങ്ങളും ഉണർന്നു പ്രവർത്തിക്കണം. അവരെ അതിനു പ്രേരിപ്പിക്കാൻ ലോകമെമ്പാടും വലിയ ബഹുജന മുന്നേറ്റം ഉണ്ടാവണം.

പ്രവാസത്തിലെ വിഷമവൃത്തം
ആളുകൾ പ്രവാസ ജീവിതം തെരഞ്ഞെടുക്കാം. അവരെ പ്രേരിപ്പിക്കുന്ന നാട്ടിലെ സാഹചര്യം, പുറത്തേക്കു കടക്കാൻ അവലംബിക്കുന്ന മാർഗങ്ങൾ, അതിനുവേണ്ടി വരുന്ന ചെലവ്, ഏജൻസികളുടെ വിശ്വാസ്യതയില്ലായ്മയും കബളിപ്പിക്കലും, വിദേശത്ത് എത്തിപ്പെട്ടാൽ അവിടെ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ, നാട്ടിലും മറുനാട്ടിലും പ്രവാസികൾക്ക് അനുഭവപ്പെടുന്ന അനാഥത്വം, അധികാരികളുടെ നിസ്സംഗത, പൗരവകാശം എന്നല്ല മനുഷ്യാവകാശങ്ങൾപോലും നിഷേധിക്കപ്പെടുന്ന സാഹചര്യം, കൂലിമോഷണം, നാട്ടിലെ ബന്ധുജനങ്ങളുടെ നിസ്സഹായവസ്ഥയും കണ്ണുനീരും, തിരിച്ചുവരവിലെ പ്രശ്നങ്ങൾ, പുനരധിവാസം, വാർധക്യകാല സംരക്ഷണം തുടങ്ങി സാധാരണ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ഒരു ഓർമപ്പെടുത്തലായി ആടുജീവിതം എന്ന നോവലും സിനിമയും മാറി.

മേൽപറഞ്ഞ വിഷയങ്ങളുടെ പ്രാധാന്യം എല്ലാവർക്കും അറിയാമെങ്കിലും അവ വേണ്ടത്ര ഗൗരവത്തിൽ ചർച്ച ചെയ്യുന്നതിനോ പരിഹാരം അനേ-്വഷിക്കുന്നതിനോ ഒന്നിനും ബാധ്യതപ്പെട്ട ദേശീയ സർക്കാരോ ആതിഥേയ രാജ്യങ്ങളോ ബന്ധപ്പെട്ട അന്താരാഷ്ട്ര സ്ഥാപനങ്ങളോ തയ്യാറാവുന്നില്ല എന്ന യാഥാർഥ്യം അവശേഷിക്കുന്നു. എന്തുകൊണ്ടാണ് പ്രവാസികളുടെ ക്ഷേമം ഉറപ്പുവരുത്താൻ ബാധ്യതപ്പെട്ടവർ മാറിനിൽക്കുന്നത്? അതിലേക്കു വരാം.

പ്രവാസം നാനാവിധം
പ്രവാസമാസകലം പ്രശ്നസങ്കീർണവും ദുരിതക്കയവും ദുഃഖമായവുമാണെന്നുള്ള ധാരണ ശരിയല്ല. പ്രവാസത്തിനു സ്വാഗതാർഹവും പ്രതീക്ഷ വളർത്തുന്നതുമായ മറ്റു മുഖങ്ങളുണ്ട്. പ്രവാസത്തെ അപ്രത്യക്ഷമാവാൻ പോകുന്ന ഒരു പ്രതിഭാസമായി കാണാനാവില്ല. നേരെമറിച്ച് പ്രവാസം ആധുനികലോകത്ത് കൂടുതൽ ശക്തമായി തുടരാനാണ് സാധ്യത. തൊഴിൽകമ്പോളങ്ങളുടെ ഭൂമിശാസ്ത്രപരമായ അതിർത്തികൾ കൂടുതൽ ഉദാരമാക്കപ്പെടാനാണ് പോകുന്നത്. സാധനങ്ങളും സേവനങ്ങളും മൂലധനവും ദേശീയ അതിർത്തികൾ വിട്ടു പ്രവർത്തിക്കുന്ന ഉദാരവത്കരണത്തിന്റെ കാലത്ത് അധ്വാനശക്തി മാത്രം രാജ്യാതിർത്തിക്കുള്ളിൽ ഒതുങ്ങും എന്നു കരുതാനാവില്ല. ലോകരാജ്യങ്ങൾക്കിടയിൽ തൊഴിലാളികളുടെ ലഭ്യതയും തൊഴിലവസരങ്ങളുടെ ലഭ്യതയും തമ്മിലുള്ള പൊരുത്തമില്ലായ്മ മൂർച്ഛിക്കാനാണ് സാധ്യത. വികസിത രാജ്യങ്ങളിൽ ജനസംഖ്യാവളർച്ച കുറയുകയും തൊഴിലാളികളുടെ ക്ഷാമം കൂടുതലായി അനുഭവപ്പെടുകയും ചെയ്തു. ആതുരസേവനം ഉൾപ്പെടെയുള്ള ഒട്ടേറെ മേഖലകളിൽ ഇപ്പോൾ തന്നെ വികസിത രാജ്യങ്ങളിൽ തൊഴിലവസരങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതൽ ആകർഷകമായ ഇത്തരം തൊഴിലവസരങ്ങൾ കേരളീയർ കൂടുതലായി ഉപയോഗിച്ചുവരുന്നുണ്ട്. കേരളത്തിൽനിന്നുള്ള പ്രവാസികളിൽ ശാസ്ത്ര–സാങ്കേതിക വിദഗ്ധർ, പ്രൊഫഷണലുകൾ, മാധ്യമപ്രവർത്തകർ, സവിശേഷമായ നെെപുണ്യമുള്ളവർ തുടങ്ങി മെച്ചപ്പെട്ട പ്രതിഫലം ലഭിക്കുന്നവരുടെ അനുപാതം വർധിക്കുകയാണ്. കേരള മെെഗ്രേഷൻ സർവേകൾ കാണിക്കുന്ന മറ്റൊരു പ്രവണത നമ്മുടെ പ്രവാസികൾക്കിടയിൽ വികസിത പാശ്ചാത്യരാജ്യങ്ങളിലേക്കു കുടിയേറുന്നവരുടെ അനുപാതം വർധിക്കുന്നു എന്നതാണ്. ഗൾഫ് രാജ്യങ്ങളിൽനിന്നു വ്യത്യസ്തമായി പാശ്ചാത്യരാജ്യങ്ങളിൽ പൗരത്വം സ്വീകരിച്ച് അവിടെ സ്ഥിരതാമസമാക്കുന്ന കേരളീയരുടെ എണ്ണവും വർധിക്കുകയാണ്-.

ശ്രദ്ധേയമായ മറ്റൊരു കാര്യം കേരളത്തിൽനിന്നുള്ള പ്രവാസികളിൽ ചെറുതും വലുതുമായ ഒട്ടേറെ സംരംഭകരും തൊഴിൽദാതാക്കളും ഉണ്ടെന്നതാണ്. ഇന്ത്യയിലും നിരവധിപുറം രാജ്യങ്ങളിലും പ്രവർത്തിക്കുന്ന സംരംഭ ശൃംഖലകൾ നടത്തുന്ന കേരളീയരും ഉണ്ട്. യഥാർഥത്തിൽ കേരളത്തിൽനിന്നുള്ള മൂലധനം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും ശക്തവും വളരുന്നതുമായ സാന്നിധ്യമാണ്. ബഹുസ്ഥല അഥവാ ബഹുരാഷ്ട്ര ജീവനം നയിക്കുന്നവരുടെ സാന്നിധ്യവും കണക്കിലെടുക്കപ്പെടണം. ഒട്ടേറെപ്പേർ നാട്ടിലും വിദേശത്തും ഒരുപോലെ സാമൂഹ്യജീവിതത്തിൽ ഇടപെടുകയും ബിസിനസു നടത്തുകയും പണിയെടുക്കുകയും ചെയ്യുന്നുണ്ട്. യാത്ര പഴയതിനേക്കാൾ എളുപ്പമായതും കേരളത്തിലെ എല്ലാ പ്രദേശങ്ങളിൽനിന്നും അന്തർദേശീയ വിമാനത്താവളങ്ങളിലേക്ക് എളുപ്പം എത്താൻ കഴിയുമെന്നതും ഇത്തരം ഉഭയജീവിതം നയിക്കാൻ സഹായകമാണ്. സാങ്കേതികവിദ്യയുടെ വളർച്ച കാരണം കേരളത്തിൽ ഇരുന്ന് വിദേശ ഇടപാടുകാർക്കുവേണ്ടി പണിയെടുക്കുന്നവർ ധാരാളമാണ്. അങ്ങനെയുള്ളവരിൽ പലർക്കും ഇടയ്ക്കിടെ വിദേശത്തു പോകേണ്ടതായും വരും. എന്നു മാത്രമല്ല ഇപ്പോൾ പല വികസിത രാജ്യങ്ങളും വിദേശരാജ്യങ്ങളിലെ തൊഴിലാളികൾക്ക് അവർ ഏറ്റെടുക്കുന്ന പണികൾ ചെയ്ത് തിരിച്ചുപോകത്തക്ക നിലയിലുള്ള ഹ്രസ്വകാല വിസകൾ നൽകുന്നുമുണ്ട്. ഇതിനെല്ലാം പുറമേയാണ് ഇന്ത്യയിൽനിന്നുള്ള വിദ്യാർഥികളുടെ കുടിയേറ്റം. കേരളത്തിൽനിന്നും വിദ്യാർഥി കുടിയേറ്റം ധാരാളമായി നടക്കുന്നുണ്ട്.

ചുരുക്കത്തിൽ പ്രവാസത്തിന്റെ വെെവിധ്യവും സങ്കീർണതകളും കണക്കിലെടുത്തുകൊണ്ടു മാത്രമേ ബന്ധപ്പെട്ട നയസമീപനങ്ങൾ കരുപ്പിടിപ്പിക്കാനാവൂ. പ്രവാസികളുടെ കാര്യത്തിൽ ഇടപെടുന്നതിനു പ്രാദേശിക സമൂഹങ്ങൾക്കും സംസ്ഥാന സർക്കാരുകൾക്കും വലിയ പരിമിതിയുണ്ടെന്നു നാം മനസ്സിലാക്കണം. പ്രധാനപ്പെട്ട മുൻകെെ ഉണ്ടാവേണ്ടത് പ്രവാസികളുടെ മാതൃരാജ്യത്തെ ദേശീയ ഗവൺമെന്റുകളുടെ ഭാഗത്തുനിന്നാണ്. ദേശരാഷ്ട്രങ്ങളുടെ ഭരണകൂടങ്ങൾക്കു മാത്രമേ ആതിഥേയ രാജ്യങ്ങളുടെ മുന്നിൽ പ്രവാസികളുടെ പ്രശ്നം ഉന്നയിക്കാനും ചർച്ച ചെയ്ത് ധാരണയിൽ എത്താനും കരാറുകളിൽ ഏർപ്പെടാനും കഴിയൂ. ദേശീയ സർക്കാരുകൾക്കു തന്നെയാണ് അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ വിഷയം ഉന്നയിച്ച് അന്തർദേശീയ കരാറുകളും മറ്റും നടപ്പാക്കാൻ മുൻകെെയെടുക്കാനാവുക. ഇക്കാര്യത്തിൽ തീർച്ചയായും ആതിഥേയ രാജ്യങ്ങൾക്കും സാർവദേശീയ സ്ഥാപനങ്ങൾക്കും വലിയ ഉത്തരവാദിത്തമുണ്ട്. എന്തെല്ലാം കാര്യങ്ങളിൽ വളരെ കർശനമായി നടപ്പിലാക്കുന്ന അന്താരാഷ്ട്ര കരാറുകളും നിയമങ്ങളും ഉണ്ട്? ലോകവ്യാപാരം, ബൗദ്ധിക സ്വത്തവകാശം, വിദേശമൂലധന നിക്ഷേപം തുടങ്ങിയവയുടെ മേഖലയിൽ വിവിധങ്ങളായ സാർവദേശീയ ഉടമ്പടികൾ നിലനിൽക്കുന്നുണ്ട്. എന്നു മാത്രമല്ല അവയൊക്കെ നടപ്പിലാക്കുന്നതിനുള്ള സ്ഥാപന സംവിധാനങ്ങളുമുണ്ട്. എന്തുകൊണ്ട് കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നം മാത്രം അവഗണനയുടെ പരകോടിയിൽ ശേഷിക്കുന്നു എന്നതാണ് ചോദ്യം.

പ്രവാസത്തോടുള്ള അവഗണനയുടെ അർഥശാസ്ത്രം
അന്തർദേശീയ തൊഴിൽ കമ്പോളത്തിൽ ഏർപ്പെടുന്നത് പ്രധാനമായും തൊഴിലന്വേഷകരും, തൊഴിൽ ദാതാക്കളും അവർക്കിടയിൽ പ്രവർത്തിക്കുന്ന നാനാജാതി ഇടനിലക്കാരുമാണ്. തൊഴിലനേ-്വഷകർ അസംഘടിതരായ തൊഴിലാളികളാണ്. അവർക്കു തൊഴിൽ ദാതാക്കളെ പറ്റിയോ ഇടനിലക്കാരെ സംബന്ധിച്ചോ ശരിയായ വിവരങ്ങൾ പലപ്പോഴും ലഭ്യമല്ല. ഈ അജ്ഞതയാണ് അഥവാ അപൂർണമായ അറിവാണ് തൊഴിലാളികളുടെ കബളിപ്പിക്കലിനും ചൂഷണത്തിനും കൂലിമോഷണത്തിനും മറ്റും കാരണമാവുന്നത്. ഇടനിലക്കാരെയും തൊഴിലുടമകളെയും സംബന്ധിച്ച ശരിയായ വിവരങ്ങൾ ശേഖരിക്കുന്നതിനും തൊഴിലനേ-്വഷകർക്കു കെെമാറുന്നതിനും അവരെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽനിന്നു വിലക്കുന്നതിനും നിലവിൽ സംവിധാനങ്ങളില്ല. തൊഴിലുടമകൾ അവരവരുടെ രാജ്യങ്ങളിലെ തൊഴിലാളികളെ കബളിപ്പിക്കുന്ന നില സ്വീകരിച്ചാൽ അവരെ നിയന്ത്രിക്കുന്നതിനും ശിക്ഷിക്കുന്നതിനും ഭരണകൂടം ഇടപെടും. എന്നാൽ കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തിൽ വളരെ ഉദാസീനമായ സമീപനമാണ് ആതിഥേയ രാജ്യങ്ങളിലെ സർക്കാരുകൾ സ്വീകരിക്കുന്നത്. ഇന്ത്യയിലെ ദേശീയ സർക്കാരാവട്ടെ നാട്ടിലെ ഇടനിലക്കാരെ നിലയ്ക്കു നിർത്തുന്നതിനോ വിദേശത്തു തങ്ങളുടെ പൗരരോട് അനീതി പ്രവർത്തിക്കുന്ന തൊഴിൽദാതാക്കളുടെ പ്രശ്നം ആതിഥേയരാജ്യത്തെ സർക്കാരിനോടോ, അന്തർദേശീയ വേദികളിലോ ഉന്നയിച്ച് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനോ മുൻകെെ എടുക്കുന്നില്ല. മാതൃരാജ്യത്തെ സർക്കാരുകൾക്ക് താൽപ്പര്യം പ്രവാസിതൊഴിലാളികൾ നാട്ടിലേക്ക് അയയ്ക്കുന്ന വിദേശനാണയമാണ്. ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസിപ്പണം ലഭിക്കുന്ന രാജ്യമാണ്. കുടിയേറ്റ തൊഴിലാളികൾ വിദേശത്ത് സമ്പാദിക്കുന്ന ഓരോ ഡോളറും കൃത്യമായി നാട്ടിലേക്കയക്കും എന്ന് ദേശീയ സർക്കാരിനു ഉറപ്പുണ്ട്. ഇന്ത്യയിലെ മുതലാളിത്ത വ്യവസ്ഥയുടെയും മൂലധന ഉടമകളുടെയും നിലനിൽപ്പിനു വിദേശനാണയലഭ്യത പരമപ്രധാനമാണ്. ആ ലക്ഷ്യം മുൻനിർത്താനാണ് ഭരണകൂടം പ്രവാസത്തെ പ്രോത്സാഹിപ്പിക്കുന്നത്. പ്രവാസി തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പാക്കിയില്ലെങ്കിലും വിദേശനാണയവരവിന് വിഘ്നം ഉണ്ടാവില്ല എന്ന ഉറപ്പാണ് സർക്കാരിന്റെ നിസ്സംഗതയ്ക്ക് കാരണം. എന്നാൽ, രാജ്യത്തേക്കു വിദേശനാണയം കൊണ്ടുവരുന്ന കയറ്റുമതിക്കാർക്കും വിദേശമൂലധന ഉടമകൾക്കും ഉദാരമായ ആനുകൂല്യങ്ങളും ഉത്തേജനവും നൽകാൻ ഭരണകൂടം തയ്യാറാവുന്നു. കയറ്റുമതിക്കാരും വിദേശമൂലധന ഉടമകളും ശക്തരും സംഘടിതരും ആണെന്നതു മാത്രമല്ല അവരെ സഹായിച്ചില്ലെങ്കിൽ വിദേശനാണയ വരവു കുറയും എന്ന ആശങ്കയും അനുകൂലമായ നിലപാട് സ്വീകരിക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നുണ്ട്.

ആതിഥേയ രാജ്യങ്ങളുടെ താൽപ്പര്യം അവരുടെ സംരംഭങ്ങൾക്കു ഏറ്റവും കുറഞ്ഞ കൂലിയ്ക്ക് പണിയെടുക്കാൻ തൊഴിലാളികളെ ലഭ്യമാക്കുക എന്നതാണ്. അവിടങ്ങളിലെ തൊഴിലുടമകൾക്കു കൂലിച്ചെലവ് എത്ര മാത്രം കുറയുന്നോ ആത്രമാത്രം കൂടുതൽ ലാഭം ലഭിക്കും. ഇക്കാര്യത്തിൽ ബഹുരാഷ്ട്ര മൂലധനം സ്വീകരിക്കുന്ന രാജ്യം കൂലി കുറവുള്ള പ്രദേശങ്ങളിലേക്കും വ്യവസായം പറിച്ചുനടുകയോ കുറഞ്ഞ കൂലിയ്ക്ക് പണിയെടുക്കാൻ തയ്യാറാവുന്ന പ്രവസികളെക്കൊണ്ടും പണിയെടുപ്പിക്കുകയോ ആണ്.

രണ്ടായാലും മൂലധനത്തിന്റെ താൽപര്യം സംരക്ഷിയ്ക്കപ്പെടും. കുടിയേറ്റ തൊഴിലാളികളുടെ കൂലി എത്ര മാത്രം കുറയ്ക്കും? അവരെ ജോലിക്ക് എടുക്കുമ്പോൾ കൃത്യവും സുതാര്യവുമായ കരാറുകൾ വെയ്ക്കേണ്ടതല്ലേ? കൂലിയും കരാർ പ്രകാരം അംഗീകരിക്കപ്പെട്ട ആനുകൂല്യങ്ങളും നൽകുന്നു എന്ന് ഉറപ്പാക്കേണ്ടതല്ലേ? കൂലി മോഷണം നടത്തുന്ന തൊഴിലുടമകളേയും ഇടനിലക്കാരേയും മാതൃകാപരമായി ശിക്ഷിയ്ക്കേണ്ടതല്ലേ? തൊഴിലാളികളുടെ വാർധക്യകാലരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ തൊഴിലുടമകൾക്കും, ആതിഥേയ സർക്കാരുകൾക്കും ഉത്തരവാദിത്വമില്ലേ? ഏത് പരിഷ്കൃത സമൂഹവും ഇത്തരം കാര്യങ്ങൾ അംഗീകരിക്കും. പ്രവാസികളുടെ സ്വന്തം മാതൃരാജ്യങ്ങൾ ഇൗ പ്രശ്നങ്ങൾ ഉന്നയിച്ചാൽ ആതിഥേയ സർക്കാരുകൾ ഉദാരമായ സമീപനം സ്വീകരിക്കാൻ നിർബന്ധിതരാവും. ഐക്യരാഷ്ട്ര സംഘടനയും ലോകതൊഴിൽ സംഘടനയും മറ്റും അനുകൂല നിലപാടു സ്വീകരിക്കും. പക്ഷേ, അതിനു ആത്മാർത്ഥമായ നിലപാടു സ്വീകരിക്കാൻ ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങൾ മുന്നോട്ടുവരണം. ഇന്ത്യ വലിയ ലോകശക്തിയാണെന്ന അവകാശവാദം തെളിയിക്കേണ്ടത് രാജ്യത്തെ പൗരരെ രക്ഷിക്കാൻ അതിന്റെ ശക്തി ഉപയോഗിച്ചുകൊണ്ടാണ്. യഥാർത്ഥത്തിൽ ഇന്ത്യ ഉറച്ച നിലപാടു സ്വീകരിച്ചാൽ തൊഴിൽ ശക്തി കയറ്റുമതി ചെയ്യുന്ന മറ്റു മൂന്നാംലോക രാജ്യങ്ങൾ ഇന്ത്യയ്ക്കു പുറകിൽ അണിനിരക്കും എന്ന കാര്യത്തിൽ സംശയമില്ല. ശ്രീലങ്ക, പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ, ഫിലിപ്പെെൻസ്, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങൾ ഇക്കാര്യത്തിൽ സഹകരിക്കും എന്നു വേണം കരുതാൻ. അതിനു പ്രവാസികളായ പൗരരുടെ രക്ഷ ഇന്ത്യയുടെ മുൻഗണനയായി മാറണം. രാജ്യത്തിന്റെ മനുഷ്യവിഭവശേഷിയുടെ ശരിയായ ഉപയോഗം അനുസരിച്ച് ഇന്ത്യാ സർക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായാൽ ഇക്കാര്യത്തിൽ വലിയ പുരോഗതി ഉണ്ടാക്കാൻ കഴിയും.

പ്രവാസികളുടെ പ്രാതിനിധ്യം
പ്രവാസികൾ സ്വന്തം രാജ്യത്തും വിദേശത്തും അനാഥരാണ് എന്നു പറയാറുണ്ട്. പ്രവാസലോകത്ത് അവർക്കു പൗരാവകാശങ്ങൾ നിഷിദ്ധമാണ്. ട്രേഡ് യൂണിയനുകൾ ഉണ്ടാക്കാനോ സംഘടിച്ച് അവകാശങ്ങൾ ചോദിക്കാനോ അവകാശമില്ല. പൗരരായ തൊഴിലാളികൾക്കു ലഭ്യമാകുന്ന കൂലിയും മറ്റാനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നതിന്റെ പശ്ചാത്തലം ഇതാണ്. അത്തരം ചൂഷണത്തിന്റെ അങ്ങേ തലയ്ക്കലാണ് നജീബിന്റേതുപോലെയുള്ള ആടുജീവിതങ്ങൾ നാം കാണുന്നത്. സിനിമയുടെ പശ്ചാത്തലത്തിൽ നടന്ന ചർച്ചകളിൽ അത്തരം നിരവധി അനുഭവങ്ങൾ പുറത്തുവന്നു. സമാനമായ അനുഭവം ആവർത്തിക്കുന്നതായും വ്യക്തമായി. വിദേശത്ത് അനുഭവപ്പെടുന്നതിനു സമാനമായ അനാഥത്വം പ്രവാസികൾ യഥാർത്ഥത്തിൽ സ്വന്തം രാജ്യത്തും നേരിടുന്നുണ്ട്. ഒരർത്ഥത്തിൽ നോക്കിയാൽ സ്വന്തം രാജ്യത്ത് പൗരരാണെന്ന പരിഗണന ലഭിയ്ക്കാത്തതിന്റെ തുടർച്ചയാണ് വിദേശത്തും പ്രവാസികൾ അനുഭവിക്കുന്ന അനാഥത്വം. മാതൃരാജ്യം പൗരരെന്ന പരിഗണന നൽകുന്നുണ്ടെങ്കിൽ വിദേശത്തെ കൊടും ചൂഷണത്തിനും, കമ്പളിപ്പിക്കലിനും, അടിമത്തത്തിനും എതിരെ മാതൃരാജ്യം ശക്തമായി പ്രതികരിക്കേണ്ടതാണല്ലോ? ഇന്ത്യൻ എംബസികൾ ആ നിലയ്ക്കുള്ള ഉയർന്ന പരിഗണന പ്രവാസികളോടു കാണിക്കുന്നില്ല എന്നതാണ് സത്യം.

പ്രവാസികൾക്ക് സ്വന്തം രാജ്യത്തെ ജനാധിപത്യ – രാഷ്ട്രീയ പ്രക്രിയയിൽ സജീവമായി പങ്കെടുക്കാനും അഭിപ്രായം പറയാനും അവസരം കിട്ടാറില്ല. തിരഞ്ഞെടുപ്പിൽ നാട്ടിൽ വന്നു വോട്ടു ചെയ്യാൻ അവസരമുണ്ടെങ്കിലും പ്രവാസികൾ എന്ന നിലയിലുള്ള പ്രാതിനിധ്യം ലഭിക്കുന്നില്ല. നാട്ടിലെ നിയോജകമണ്ഡലത്തിന്റെ പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതുകൊണ്ട് പ്രവാസികളുടെ പ്രാതിനിധ്യം പൂർണമാകുന്നില്ല. പ്രവാസികളായ പൗരർക്ക് അവരുടെ പ്രതിനിധികളെ നിയമസഭകളിലേക്കും ലോക്-സഭയിലേക്കും തിരഞ്ഞെടുക്കാൻ കഴിയണം. പ്രവാസി പൗരരുടേതായ നിയോജകമണ്ഡലങ്ങൾ ഉണ്ടാവണം. തൽക്കാലം അതിനു കഴിയുന്നില്ലെങ്കിൽ പ്രവാസികൾ കൂടുതലുള്ള പ്രദേശങ്ങളിൽ നിന്നും നോമിനേറ്റു ചെയ്യുന്ന അംഗങ്ങളെങ്കിലും നിയമനിർമാണവേദികളിൽ ഉണ്ടാവണം. പ്രവാസികൾക്കു പ്രാതിനിധ്യം നൽകാൻ പല രാജ്യങ്ങളിലും ഇത്തരം സംവിധാനങ്ങൾ ഇപ്പോൾ നിലവിലുണ്ട്. പ്രവാസികളുടെ പ്രാതിനിധ്യം ഇപ്രകാരം ഉറപ്പാക്കുന്നതോടുകൂടി അവരുടെ പ്രശ്നങ്ങളിൽ ദേശീയ സർക്കാർ ഫലപ്രദമായി ഇടപെടാൻ നിർബന്ധിക്കപ്പെടുന്ന സ്ഥിതിയുണ്ടാവും. ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസികളുള്ള ഏറ്റവും കൂടുതൽ പ്രവാസിപ്പണം ലഭിക്കുന്ന ഒരു രാജ്യം എന്ന നിലയിൽ ഇന്ത്യ ഇക്കാര്യത്തിൽ മാതൃക കാണിക്കണം.

ലോക കേരള സഭ
പ്രവാസികളുടെ ജനാധിപത്യ അവകാശങ്ങളും പ്രാതിനിധ്യത്തിന്റെ പ്രശ്നവും കെെകാര്യം ചെയ്യാനുള്ള കേരളത്തിന്റെ മുൻകയ്യായി വേണം ലോക കേരള സഭയെ കാണാൻ. കേരളം അതിന്റെ അതിർത്തികൾ പിന്നിട്ടു ലോകമെമ്പാടും വളർന്നു പന്തലിച്ചിരിക്കുന്നു എന്ന തിരിച്ചറിവാണ് ലോക കേരളസഭയുടെ രൂപീകരണത്തിനു സംസ്ഥാന സർക്കാരിനെ പ്രേരിപ്പിച്ചത്. ലോക കേരളത്തിന് ഒരു പൊതുവേദി എന്ന ആശയമാണ് ലോക കേരളസഭയുടെ രൂപീകരണത്തോടുകൂടി യാഥാർത്ഥ്യമായത്. ആടുജീവിതം എന്ന നോവൽ രചിച്ച ബെന്യാമിനും നജീബെന്ന ഷുക്കൂറും ആദ്യ ലോക കേരള സഭയിൽ അംഗങ്ങളായി എന്നത് യാദൃച്ഛികമല്ല. ദുരിതമനുഭവിക്കുന്ന പ്രവാസികളുടെ രക്ഷ മാത്രമല്ല തീർച്ചയായും ലോക കേരള സഭ ലഭ്യമാക്കുന്നത്. അതിനോടൊപ്പം വിശ്വം മുഴുവൻ വളരുന്ന കേരളീയരുടെ ഒരുമിച്ചുള്ള വളർച്ചയും ഐക്യവുമാണ്. ഇതേ കാഴ്ചപ്പാട് യഥാർഥത്തിൽ ദേശീയാടിസ്ഥാനത്തിലും പ്രസക്തമാണ്. ഇന്ത്യയുടെ അതിർത്തികൾക്കുള്ളിൽ മാത്രമല്ല ഇന്ന് ഇന്ത്യയെ അറിയേണ്ടത്. ഇന്ത്യ പ്രദേശാതീതമായി വളർന്നിരിക്കുന്നു എന്ന തിരിച്ചറിവ് ദേശീയ നേതൃത്വത്തിനു ഉണ്ടാവണം. ഇന്ത്യയ്ക്കു പുറത്തും അകത്തുമുള്ള ഇന്ത്യാക്കാരെ ഒരുമിച്ചു കൊണ്ടുവരാനുള്ള ദീർഘദൃഷ്ടിയാണ് വേണ്ടത്. അതിനു തീർച്ചയായും വിഭജനത്തിന്റെ രാഷ്ട്രീയം പൂർണമായും ഉപേക്ഷിയ്ക്കേണ്ടിവരും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 − seven =

Most Popular