പ്രശസ്ത ഹംഗേറിയൻ മാർക്സിസ്റ്റും History and Class Consciousness (ചരിത്രവും വർഗബോധവും) എന്ന കൃതിയുടെ കർത്താവുമായ ജേ-്യാർജ് ലൂക്കാച്ച് ലെനിനെ വിശേഷിപ്പിക്കുന്നത്, ‘‘മാർക്സിനു സമാനനായ ഒരേയൊരു സെെദ്ധാന്തികൻ ആയിരിക്കെത്തന്നെ തൊഴിലാളിവർഗത്തിന്റെ മോചനത്തിനായുള്ള പോരാട്ടത്തിലൂടെ സൃഷ്ടിക്കപ്പെട്ട ഉൽപ്പന്നവുമാണ് അദ്ദേഹം’’ എന്നാണ്. ഈ വർഷം നാം ലെനിന്റെ ചരമശതാബ്ദി ആചരിക്കുകയാണ്; അദ്ദേഹം സിദ്ധാന്തത്തിന്റെയും പ്രയോഗത്തിന്റെയും പ്രക്ഷോഭത്തിന്റെയും സംഘടനയുടെയും അത്യപൂർവമായ ഒരു സംയോജനമാണ്. നിശ്ചയമായും അദ്ദേഹത്തിന്റെ പരമപ്രധാനമായ നേട്ടം ലോകത്തിലെ ആദ്യത്തെ വിജയകരമായ സോഷ്യലിസ്റ്റ് വിപ്ലവത്തെ നയിച്ചതും എല്ലാ ശത്രുക്കളിൽനിന്നും അതിനെ കാത്തുരക്ഷിച്ചതും ഈ കടമ നിറവേറ്റാനായി കമ്യൂണിസ്റ്റു പാർട്ടിയെ കെട്ടിപ്പടുത്തതുമാണ്.
മാർക്സിസത്തിന് ലെനിൻ നൽകിയ മൗലികമായ നിരവധി സെെദ്ധാന്തിക സംഭാവനകളുടെ കൂട്ടത്തിൽ പ്രാധാന്യമേറിയ ഒന്നാണ് സോഷ്യലിസ്റ്റ് വിപ്ലവത്തിന് തൊഴിലാളി–കർഷക സഖ്യം എന്ന അദ്ദേഹത്തിന്റെ സങ്കൽപ്പനം. അദ്ദേഹം ഈ സങ്കൽപ്പനം സെെദ്ധാന്തികമായി അവതരിപ്പിക്കുക മാത്രമായിരുന്നില്ല, മറിച്ച് റഷ്യയിൽ ഒക‍്ടോബർ വിപ്ലവത്തിന്റെ വിജയത്തിനായി അത് സാക്ഷാത്കരിക്കാൻ പ്രായോഗികമായ പ്രവർത്തനത്തിലേർപ്പെടുകയും ചെയ്തു; സോഷ്യലിസം കെട്ടിപ്പടുക്കുന്നതിനായി അദ്ദേഹം ഈ സഖ്യത്തെ നിലനിർത്തുകയും ചെയ്തു.
ഈ സങ്കൽപ്പനത്തിന്റെ ഉരുത്തിരിയൽ
മാർക്സും എംഗത്സും തങ്ങളുടെ സമ്പന്നമായ കൃതികളിൽ മുഖ്യമായും ശ്രദ്ധ കേന്ദ്രീകരിച്ചത്, അക്കാലത്തെ യൂറോപ്പിലെ വ്യവസായികമായി താരതമേ-്യന വികസിതമായ മുതലാളിത്ത രാജ്യങ്ങളിലെ തൊഴിലാളിവർഗത്തിൽ മാത്രമായിരുന്നു. മുതലാളിത്തത്തിൽ നിന്ന് സോഷ്യലിസത്തിലേക്കുള്ള അടിസ്ഥാനപരമായ സാമൂഹിക പരിവർത്തനത്തിനുള്ള സമരത്തിന്റെ നേതൃസ്ഥാനം തൊഴിലാളിവർഗത്തിനായിരിക്കും എന്നും അവർ പ്രഖ്യാപിച്ചു. നിശ്ചയമായും അവർ കർഷകജനവിഭാഗങ്ങളിലെ വിവിധ മണ്ഡലങ്ങളിലുള്ളവരുടെ അനുകൂലവും പ്രതികൂലവുമായ വശങ്ങളെയാകെ കണക്കിലെടുത്തിരുന്നു.
1871ലെ ഐതിഹാസികമായ പാരീസ് കമ്യൂണിന്റെ അനുഭവം വെളിപ്പെടുത്തുന്നത്, അതിന്റെ പരാജയത്തിനിടയാക്കിയ മുഖ്യകാരണങ്ങളിലൊന്ന് തൊഴിലാളിവർഗത്തിന്റെ നേതൃത്വത്തിലായിരുന്ന കമ്യൂണിനെതിരായി കർഷകജനതയുടെ പിന്തുണ ആർജിക്കാൻ ഫ്രഞ്ച് ബൂർഷ്വാസിക്ക് കഴിഞ്ഞുവെന്നതാണ്. ഈ പിന്തുണ നേടിയെടുത്തത് ബൂർഷ്വാ സ്വത്തിനുനേരെയുള്ള തൊഴിലാളിവർഗത്തിന്റെ ആക്രമണം കർഷക സ്വത്തിനുനേരെയുള്ള ആക്രമണമായി തിരിയുമെന്ന ഭീതി സൃഷ്ടിച്ചുകൊണ്ടാണ്.
എന്നാൽ, കർഷകജനതയുടെ അനുകൂല സാധ്യതകളെക്കുറിച്ച് മാർക്സിനും എംഗത്സിനും കൃത്യമായ ബോധ്യമുണ്ടായിരുന്നു. 1856 ഏപ്രിൽ 16ന് എംഗത്സിന് എഴുതിയ ഒരു കത്തിൽ മാർക്സ് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്; അദ്ദേഹം പറയുന്നു, ‘‘കർഷകയുദ്ധത്തിന്റെ ഏറെക്കുറെ രണ്ടാം പതിപ്പ് തൊഴിലാളിവർഗ വിപ്ലവത്തിന് പിന്തുണയെ ആശ്രയിച്ചിരിക്കും ജർമനിയിലെ കാര്യങ്ങളാകെ. അങ്ങനെയാകുമ്പോൾ കാര്യങ്ങൾ ബഹുവിശേഷമാകും…’’ തുടക്കത്തിൽതന്നെ ലെനിൻ ഈ നിരീക്ഷണത്തെ ഗൗരവപൂർവം പരിഗണിച്ചിരുന്നു. വീണ്ടും അദ്ദേഹം തന്റെ ജീവിതാന്ത്യത്തോടടുത്ത് എഴുതിയ അവസാന ലേഖനങ്ങളിലൊന്നിൽ ഇക്കാര്യം ആവർത്തിച്ചിട്ടുമുണ്ട്; 1923 മെയ് 30 ന് ഈ ലേഖനം നമ്മുടെ വിപ്ലവം എന്ന പേരിൽ പ്രാവ്ദയിൽ പ്രസിദ്ധീകരിച്ചു.
ചെറുപ്പത്തിൽതന്നെ, 1896ൽ തന്റെ 26 –ാമത്തെ വയസ്സിൽ ലെനിൻ The Development of Capitalism in Russia (റഷ്യയിൽ മുതലാളിത്തത്തിന്റെ വികാസം) എന്ന ഗ്രന്ഥം എഴുതി. ആ ഗ്രന്ഥത്തിൽ അദ്ദേഹം തൊഴിലാളിവർഗത്തിന്റെയും കർഷകജനതയുടെയും വിപ്ലവസാധ്യതകളെക്കുറിച്ച് അടിവരയിട്ട് രേഖപ്പെടുത്തി. 1901 ൽ തന്നെ The Workers Party and the Peasantry (തൊഴിലാളികളുടെ പാർട്ടിയും കർഷകജനതയും) എന്ന ലേഖനത്തിൽ തൊഴിലാളിവർഗ സമരങ്ങളുടെ വിപ്ലവലക്ഷ്യത്തെക്കുറിച്ച് ലെനിൻ പറയുന്നുണ്ട്; തുടർന്ന് അദ്ദേഹം ഇങ്ങനെ എഴുതി– ‘‘ദശലക്ഷക്കണക്കിന് കർഷകജനതയ്ക്കിടയിൽ വർഗസമരത്തിന്റെയും രാഷ്ട്രീയബോധത്തിന്റെയും വിത്തുവിതയ്ക്കാതെ ഈ ലക്ഷ്യം എങ്ങനെ കെെവരിക്കാൻ കഴിയും? ഈ വിത്തുവിതയ്ക്കൽ അസാധ്യമായ കാര്യമാണെന്ന് ഒരാളും പറയില്ല. ആയിരം വഴികളിലൂടെ അത് ഇതിനകം തന്നെ നടന്നു കഴിഞ്ഞിട്ടുണ്ട്. അത് നമ്മുടെ ശ്രദ്ധയിൽപെടുകയോ സ്വാധീനവലയത്തിലാകുകയോ ചെയ്തില്ലെന്നു മാത്രം.’’ 1903ൽ To the Rural Poor (നാട്ടിൻപുറത്തെ പട്ടിണിപാവങ്ങളോട്) എന്ന കൃതിയിൽ ലെനിൻ ഈ വിഷയം കൂടുതൽ വിപുലമായി വിശദീകരിക്കുന്നുണ്ട്; ഇപ്പോഴും ഈ കൃതിയുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല.
തൊഴിലാളി–കർഷകസഖ്യത്തിന്റെ ഇരട്ടലക്ഷ്യം
സാറിസ്റ്റ് വാഴ്ച അടിച്ചമർത്തിയ 1905ലെ ഒന്നാം റഷ്യൻ വിപ്ലവം വിലപ്പെട്ട പാഠങ്ങളാണ് നൽകിയത്. അപ്പോഴാണ് ബോൾഷെവിക് പാർട്ടി ‘‘തൊഴിലാളിവർഗത്തിന്റെയും കർഷകജനസാമാന്യത്തിന്റെയും വിപ്ലവപരമായ ജനാധിപത്യ സർവാധിപത്യം’’എന്ന മുദ്രാവാക്യം ഉയർത്തിയത്. മാർക്സിസത്തിനു നൽകിയ വിലപ്പെട്ട ഒരു സംഭാവനയായിരുന്നു ഇത്; മാർക്സിസത്തെ സമ്പുഷ്ടമാക്കുകയായിരുന്നു.
മൂർത്തമായ സാഹചര്യങ്ങളെ മൂർത്തമായി വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ലെനിൻ മുന്നോട്ടുവച്ച പുതിയ മുദ്രാവാക്യത്തെ സംബന്ധിച്ചുള്ള വാദഗതിയും അടിസ്ഥാനപരമായ വിശകലനവും ചുവടെ ചേർക്കുന്നു. ആദ്യകാല മുതലാളിത്തവും പിൽക്കാല മുതലാളിത്തവും തമ്മിൽ വളരെ വലിയ വ്യത്യാസമുണ്ട്. ആദ്യകാല മുതലാളിത്തത്തെ പ്രതിനിധീകരിച്ച ബൂർഷ്വാസി നയിച്ച 1789ലെ ഫ്രഞ്ച് വിപ്ലവം ഫ്യൂഡലിസത്തെ തകർക്കുകയും ഫ്യൂഡൽ എസ്റ്റേറ്റുകളുടെ കെെവശമുണ്ടായിരുന്ന ഭൂമി പിടിച്ചെടുത്ത് കർഷകർക്കിടയിൽ പുനർവിതരണം നടത്തുകയും ചെയ്തു. എന്നാൽ പിൽക്കാല മുതലാളിത്തത്തിലെ ബൂർഷ്വാസി ആദ്യകാലത്തുണ്ടായിരുന്ന ആവേശവും ഊർജസ്വലതയുമെല്ലാം കെെവെടിഞ്ഞു; ഫ്യൂഡലിസത്തിന് കനത്ത ആഘാതമേൽപ്പിക്കാനുള്ള ശേഷി അതിനില്ലാതായി; വാസ്തവത്തിൽ അത് ഫ്യൂഡൽ വ്യവസ്ഥയുമായി സന്ധി ചെയ്യാനാണ് ശ്രമിച്ചത്; കർഷകജനതയുടെ ജനാധിപത്യാഭിലാഷങ്ങൾ ഫ്യൂഡലിസത്തിന് ആശങ്കയുണ്ടാക്കിയിരുന്നു; ബൂർഷ്വാസിക്കാകട്ടെ, ഉയർന്നുവന്നുകൊണ്ടിരുന്ന തൊഴിലാളിവർഗത്തിൽനിന്നുള്ള ഭീഷണിയും നേരിടേണ്ടതുണ്ടായിരുന്നു. തങ്ങൾ ഫ്യൂഡൽ സ്വത്തിനെ കടന്നാക്രമിക്കുകയാണെങ്കിൽ അധ്വാനിക്കുന്ന ജനത ബൂർഷ്വാസ്വത്തിനെ കടന്നാക്രമിക്കുന്ന അവസ്ഥയ്ക്ക് അതിടയാക്കുമെന്ന ഭയത്തിലായിരുന്നു ബൂർഷ്വാസി.
ഇത്തരമൊരു സാഹചര്യത്തിലായിരുന്നു തൊഴിലാളിവർഗത്താൽ നയിക്കപ്പെടുന്ന തൊഴിലാളി–കർഷക ഐക്യം എന്ന സങ്കൽപ്പനം ലെനിൻ മുന്നോട്ടുച്ചത്; അത് (ഫ്യൂഡൽവിരുദ്ധ) ജനാധിപത്യവിപ്ലവം പൂർത്തീകരിക്കുമെന്നു മാത്രമല്ല, തുടർന്ന് (മുതലാളിത്ത വിരുദ്ധ) സോഷ്യലിസ്റ്റ് വിപ്ലവത്തിലേക്ക് മുന്നേറുകയും ചെയ്യും. അങ്ങനെയാണ് 1905ൽ എഴുതിയ Two Tactics of Social Democracy in the Democratic Revolution (ജനാധിപത്യവിപ്ലവത്തിൽ സോഷ്യൽ ഡെമോക്രസിയുടെ രണ്ട് അടവുകൾ) എന്ന പ്രശസ്ത കൃതിയിൽ ചുവടെ ചേർക്കുന്ന നിഗമനത്തിലെത്തിയത്: ലെനിൻ ‘‘തൊഴിലാളിവർഗം ജനാധിപത്യവിപ്ലവത്തെ പൂർണതയിലെത്തിക്കണം; അതിനായി ഫ്യൂഡൽ രാജവാഴ്ചയുടെ ചെറുത്തുനിൽപ്പിനെ ബലം പ്രയോഗിച്ച് തകർക്കാനും ബൂർഷ്വാസിയുടെ ചാഞ്ചാട്ടത്തെ സ്തംഭിപ്പിക്കാനുംവേണ്ടി തൊഴിലാളിവർഗം കർഷകജനസാമാന്യവുമായി സഖ്യമുണ്ടാക്കണം. തൊഴിലാളിവർഗം സോഷ്യലിസ്റ്റ് വിപ്ലവം സാക്ഷാത്കരിക്കണം; അതിന് ജനങ്ങൾക്കിടയിലെ അർധതൊഴിലാളിവർഗ വിഭാഗങ്ങളുമായി അത് കൂട്ടുകെട്ടുണ്ടാക്കണം; അങ്ങനെ ബലം പ്രയോഗിച്ച് ബൂർഷ്വാസിയുടെ ചെറുത്തുനിൽപ്പിനെ തകർക്കുകയും കർഷകജനതയുടെയും പെറ്റീ ബൂർഷ്വാസിയുടെയും ചാഞ്ചാട്ടത്തെ സ്തംഭിപ്പിക്കുകയും ചെയ്യണം.’’
തൊഴിലാളി–കർഷക സഖ്യത്തെ ശക്തിപ്പെടുത്തുകയെന്ന കാതലായ തത്വത്തെ അടിസ്ഥാനമാക്കി ലെനിനും ബോൾഷെവിക് പാർട്ടിയും ഒക്ടോബർ വിപ്ലവം വരെയും, ബോൾഷെവിക് പാർട്ടി അധികാരത്തിലെത്തിയശേഷം പ്രത്യേകിച്ചും സ്ഥിരമായി നിരവധി ഉൗർജസ്വലമായ നയനിലപാടുകളും പ്രായോഗിക നടപടികളും സ്വീകരിച്ചു.
റഷ്യൻ വിപ്ലവത്തിൽ ഈ വിഭാഗങ്ങളെയാകെ അണിനിരത്തിയ ക്ലാസിക് മുദ്രാവാക്യം തന്നെ –‘‘സമാധാനം, ഭൂമി, ഭക്ഷണം’’ എന്നതായിരുന്നു. ഇത് ഈ ഐക്യത്തെ പ്രതിഫലിപ്പിക്കുന്നു. തൊഴിലാളികളുടെയും കർഷകരുടെയും പട്ടാളക്കാരുടെയും സോവിയറ്റുകൾ തിരഞ്ഞെടുക്കപ്പെട്ടു; അവരുടെ ഡെപ്യൂട്ടികൾ സമ്മേളനങ്ങളിൽ പങ്കെടുക്കാൻ ഒന്നിച്ചുവന്നു. Better Fewer, But Better (കുറച്ചായാലും മതി; പക്ഷേ നന്നായിരിക്കണം) എന്ന ശീർഷകത്തിൽ 1923 മാർച്ച് രണ്ടിന് അദ്ദേഹം അവസാനമായി എഴുതിയ ലേഖനം കെെകാര്യം ചെയ്യുന്നത് തൊഴിലാളികളുടെയും കർഷകരുടെയും പരിശോധന (Inspection) എന്ന കടമയെക്കുറിച്ചാണ്; അതിൽ ലെനിൻ ഇങ്ങനെ എഴുതി: ‘‘തൊഴിലാളികളുടെ കെെവശം കർഷകരുടെ നേതൃത്വം നിലനിർത്തുന്ന ഒരു ഭരണകൂടം കെട്ടിപ്പടുക്കുന്നതിന് നാം ശ്രമിക്കണം; അത്തരമൊരു സംവിധാനത്തിൽ കർഷകരുടെ ആത്മവിശ്വാസം നിലനിർത്തുകയും വേണം; നമ്മുടെ സാമൂഹ്യബന്ധങ്ങളിൽ നിന്ന് ധാരാളിത്തത്തിന്റെ ഓരോ കണികയെയും ഇല്ലാതാക്കുന്ന വിധത്തിലായിരിക്കണം നമ്മുടെ മഹത്തായ സമ്പദ്ഘടന.’’
സാമ്രാജ്യത്വവും പുതിയ വെല്ലുവിളികളും
സാമ്രാജ്യത്വം എന്ന പേരിൽ 1916ൽ എഴുതിയ പുസ്തകത്തിൽ ലെനിൻ ഉജ്വലമായ ഒരു വിശകലനം നടത്തിയിട്ടുണ്ട്. ഇന്ന്, ഒരു നൂറ്റാണ്ടിലേറെ കഴിയുമ്പോഴും സാമ്രാജ്യത്വത്തിന്റെ അടിസ്ഥാനസ്വഭാവമായി ലെനിൻ ആ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ള കാര്യങ്ങൾ – അതിന്റെ ചൂഷണം, കൊള്ള, അസമത്വങ്ങൾ, യുദ്ധങ്ങൾ, നശീകരണം– കൂടുതൽ തീവ്രമായിരിക്കുകയാണ്. അന്താരാഷ്ട്ര ധനമൂലധനം കലിതുള്ളി നിൽക്കുകയാണ്. യുദ്ധങ്ങളിലും ക്ഷാമങ്ങളിലുമായി ദശലക്ഷക്കണക്കിനാളുകൾ കൊല്ലപ്പെടുകയാണ്. ആഗോളതാപനവും പാരിസ്ഥിതികനാശവുംമൂലം ഈ ഭൂഗോളംതന്നെ വലിയ അപകടത്തിലായിരിക്കുകയാണ്.
ലെനിൻ ആദ്യമായി മുന്നോട്ടുവച്ച തൊഴിലാളി– കർഷകസഖ്യം എന്ന സിദ്ധാന്തവും അതിന്റെ പ്രയോഗവും റഷ്യയിൽ മാത്രമല്ല വിജയകരമായ സോഷ്യലിസ്റ്റ് വിപ്ലവത്തിനിടയാക്കിയത്, മറിച്ച് ചെെനയിലും വിയത്-നാമിലും കൊറിയയിലും ക്യൂബയിലും അത് വിപ്ലവങ്ങളുടെ വിജയത്തിന് വഴിതെളിച്ചു. ഈ ഓരോ രാജ്യത്തും വിജയിച്ച വിപ്ലവശക്തികൾക്ക് ബൂർഷ്വാ-–ഭൂപ്രഭു ഭരണവർഗങ്ങൾക്കെതിരെ മാത്രമല്ല, അവയ്ക്ക് സമ്പൂർണമായും പിന്തുണ നൽകിയിരുന്ന സാമ്രാജ്യത്വത്തിനെതിരെയും പൊരുതേണ്ടതായി വന്നിരുന്നു.
സാമ്രാജ്യത്വ ആഗോളവൽക്കരണത്തിന്റെയും നവലിബറലിസത്തിന്റെയും ഈ പുതിയ കാലഘട്ടത്തിൽ, നവ–ഫാസിസ്റ്റ്, സങ്കുചിത ദേശീയവാദ, വർഗീയ, വംശീയ പ്രവണതകൾ അവയുടെ വൃത്തികെട്ട തലകൾ ഉയർത്തുന്ന ഈ കാലഘട്ടത്തിൽ, ഓരോ രാജ്യത്തും തൊഴിലാളി–കർഷകഐക്യം ഊട്ടിയുറപ്പിക്കേണ്ടതിന്റെയും ശക്തിപ്പെടുത്തേണ്ടതിന്റെയും നിർണായകമായ പ്രാധാന്യം ക്രമാതീതമായി വർധിച്ചിരിക്കുകയാണ്. കാരണം, ഫ്യൂഡലിസത്തിനും അതിന്റെ അവശിഷ്ടങ്ങൾക്കുംപുറമെ, തൊഴിലാളിവർഗത്തിനും കർഷകജനതയ്ക്കും നവലിബറലിസത്തിന്റെയും അതിന് അകമ്പടിയായി വരുന്ന തിന്മകളുടെയും കൂടുതൽ വലിയ കടന്നാക്രമണത്തെയാണ് ഇന്ന് നേരിടേണ്ടതായി വരുന്നത്. ഉത്പാദനപ്രക്രിയ നിർവഹിക്കുകയും ചെയ്യുന്ന ഈ രണ്ട് വർഗങ്ങളുടെ കൂടുതൽ വലിയ ഐക്യംകൊണ്ടു മാത്രമേ ഇതിനു തിരിച്ചടി നൽകാനാവൂ.
ഇതിനെക്കുറിച്ച് പ്രഭാത് പട്നായക് എഴുതിയത് ഇങ്ങനെയാണ്: ‘‘മൂന്നാം ലോകരാജ്യങ്ങളിലേറെയുമുള്ള വിപ്ലവത്തിന്റെ സാധ്യത നിർണായകമായും ആശ്രയിച്ചിരിക്കുന്നത് തൊഴിലാളി–കർഷകസഖ്യം വിജയകരമായി കെട്ടിപ്പടുക്കുന്നതിലാണ്. ഇത്തരമൊരു സഖ്യത്തിന്റെ അഭാവത്തിൽ മുതലാളിത്തത്തെ വിജയകരമായി കടപുഴക്കിയെറിയാൻ കഴിയില്ല; ഇത്തരമൊരു സഖ്യം കൂടാതെ ഒക്ടോബർ വിപ്ലവം തന്നെ വിജയിപ്പിക്കാൻ കഴിയുമായിരുന്നില്ല എന്നതുപോലെയാണിതും.
‘‘ഇന്ന് ഇത്തരമൊരു സഖ്യത്തിന്റെ ആവശ്യകത ഉയർന്നുവരുന്നത് ഫ്യൂഡൽവിരുദ്ധ ജനാധിപത്യവിപ്ലവം പൂർത്തീകരിക്കുന്നതിനുവേണ്ടി മാത്രമല്ല, മറിച്ച് അതിരൂക്ഷമായ കാർഷികപ്രതിസന്ധിയെ തരണം ചെയ്യുന്നതിനും പൊതുവെ മൂന്നാം ലോക രാജ്യങ്ങളിൽ ഏറെയും സമകാലിക ആഗോളവൽക്കരണം അഴിച്ചുവിട്ട ചെറുകിട ഉൽപ്പാദക പ്രതിസന്ധി തരണം ചെയ്യുന്നതിനും കൂടിയാണ്. ചെറുകിട ഉൽപ്പാദനത്തിനു നൽകിയിരുന്ന ഭരണകൂട പിന്തുണയെ അത് ഇല്ലാതാക്കിയിരിക്കുകയാണ്; കോളനി വാഴ്ചയെ തുടർന്ന് അധികാരത്തിലേറിയ, സാമ്പത്തിക കാര്യങ്ങളിൽ ഇടപെടൽ നടത്തിയിരുന്ന സർക്കാരുകൾ കോളനി വാഴ്ചയ്ക്കെതിരായ പോരാട്ടത്തിന്റെ കാലത്ത് നൽകിയിരുന്ന വാഗ്ദാനങ്ങൾ പാലിക്കാനായാണ് ചെറുകിട ഉൽപ്പാദകർക്ക് പിന്തുണ നൽകിയത്; എന്നാൽ ഇന്ന് ആഗോളതലത്തിൽ ചലിച്ചുകൊണ്ടിരിക്കുന്ന വൻകിട മൂലധനത്തിന്റെ കെെയേറ്റങ്ങൾക്കും ലോക കമ്പോളത്തിലെ വില വൃതിയാനങ്ങളിലെ അവസ്ഥാന്തരങ്ങൾക്കും ഈ ചെറുകിട ഉൽപ്പാദനമേഖലയെ തുറന്നുകൊടുത്തിരിക്കുകയാണ്.
‘‘ഈ രാജ്യങ്ങളിലെ സമ്പദ്ഘടനകളുടെ മുതലാളിത്തമേഖലകളിൽ തൊഴിലാളികളുടെ ഡിമാൻഡിലെ വളർച്ച ദയനീയമായവിധം അപര്യാപ്തമായിരിക്കുകയും തൊഴിൽസേനയുടെ സ്വാഭാവിക വളർച്ചപോലും വളരെ കുറവായിരിക്കുകയും ചെയ്യുമ്പോൾ, ചെറുകിട ഉൽപ്പാദനത്തിനുമേലുള്ള വൻകിട മൂലധനത്തിന്റെ ഈ കെെയേറ്റം ദശലക്ഷക്കണക്കായ അധ്വാനിക്കുന്ന ജനതയുടെ ദുരിതങ്ങൾ അതിരൂക്ഷമാക്കിയിരിക്കുന്നു; മുതലാളിത്തമേഖലയ്ക്കുള്ളിൽ തന്നെ പണിയെടുക്കുന്ന തൊഴിലാളികൾക്കുൾപ്പെടെ ഈ ദുരിതങ്ങൾ അതിരൂക്ഷമായിരിക്കുകയാണ്. ഉദാഹരണത്തിന് ഇന്ത്യയിൽ കഴിഞ്ഞ മൂന്ന് ദശകത്തിനിടയിൽ നാല് ലക്ഷത്തിലധികം കർഷകരാണ് ആത്മഹത്യ ചെയ്തത്.’’
ഇന്ത്യയിലെ സമീപകാല
പരിശ്രമങ്ങൾ
2000ത്തിൽ കാലോചിതമാക്കിയ സിപിഐ എം പരിപാടിയുടെ ഖണ്ഡിക 7.6ൽ പറയുന്നു: ‘‘ജനകീയ ജനാധിപത്യമുന്നണിയുടെ അടിത്തറയും കാതലും തൊഴിലാളിവർഗത്തിന്റെയും കർഷകജനതയുടെയും ദൃഢമായ കൂട്ടുകെട്ടാണ്. ദേശീയ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും ആഴത്തിലുള്ള ജനാധിപത്യപരിവർത്തനങ്ങൾ നേടിയെടുക്കുന്നതിനും സമഗ്രമായ സാമൂഹ്യപുരോഗതി ഉറപ്പാക്കുന്നതിനും ഈ കൂട്ടുകെട്ടാണ് ഏറ്റവും പ്രധാനപ്പെട്ട ശക്തി. വിപ്ലവം നടത്തുന്നതിൽ മറ്റു വർഗങ്ങളുടെ പങ്ക് നിർണായകമായും ആശ്രയിച്ചിരിക്കുന്നത് തൊഴിലാളി–കർഷകസഖ്യത്തിന്റെ ശക്തിയെയും സ്ഥിരതയെയുമാണ്.’’
ഇന്ത്യയിലെ തൊഴിലാളി– കർഷക ഐക്യം നമ്മുടെ സാമ്രാജ്യത്വവിരുദ്ധ– സ്വാതന്ത്ര്യസമരത്തിലെ വിവിധ മഹനീയ ദൃഷ്ടാന്തങ്ങളിലും ഒപ്പം തൊഴിലാളിവർഗത്തിന്റെയും കർഷകജനതയുടെയും ആദ്യകാല ഐതിഹാസിക സമരങ്ങളിലും പ്രകടമാകുന്നുണ്ട്. സമീപകാലത്ത്, 2018 മുതൽ 2023 വരെ സിഐടിയുവും എഐകെഎസും അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയനും സംയുക്തമായി നടത്തിയ വമ്പിച്ച രാജ്യവ്യാപക പ്രക്ഷോഭങ്ങളിലൂടെ ഈ ദിശയിലുള്ള ബോധപൂർവമായ പരിശ്രമങ്ങൾ നടത്തിയിട്ടുണ്ട്. വെറുക്കപ്പെട്ട മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ 2020–21 ൽ രാജ്യവ്യാപകമായി നടത്തിയ ഐതിഹാസികവും വിജയകരവുമായ, ഒരു വർഷം നീണ്ടുനിന്ന കർഷകസമരത്തിൽ വളരെയേറെ ശ്രദ്ധേയമായ മുന്നേറ്റമാണ് കെെവരിച്ചത്. ആ സമരത്തിന് നേതൃത്വം നൽകിയത് സംയുക്ത കിസാൻ മോർച്ച (SKM)യാണ്; കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ അതിന് പരിപൂർണ പിന്തുണയാണ് ലഭിച്ചത്. അതേപോലെതന്നെ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടന്ന ദേശവ്യാപക പണിമുടക്കുകൾക്ക് എസ് കെ എമ്മിന്റെ സമ്പൂർണ പിന്തുണയും ലഭിച്ചു. ഈ രണ്ട് വർഗകൂട്ടുകെട്ടുകളുടെയും സംയുക്ത സമരങ്ങൾ 2024ലും തുടരുകയാണ്.
എന്നാൽ, ഇതെല്ലാംതന്നെ വളരെ ചെറിയ ഒരു തുടക്കം മാത്രമാണ്. ഇന്ത്യയിലെ ഇപ്പോഴത്തെ കോർപറേറ്റ്–വർഗീയ–മനുവാദി–സേ-്വച്ഛാധിപത്യ–ആർഎസ്എസ്–ബിജെപി ഗവൺമെന്റിനെ പരാജയപ്പെടുത്തുകയെന്ന അടിയന്തര ലക്ഷ്യം നേടുന്നതിന് കൂടുതൽ വ്യാപകവും തീവ്രവുമായ, പ്രക്ഷോഭപരവും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ നടപടികൾ കെെക്കൊള്ളേണ്ടതാണ്. ലെനിൻ സ്വപ്നംകണ്ടതുപോലെ തൊഴിലാളി–കർഷകസഖ്യം കെട്ടിപ്പടുക്കുന്നതിന് ഇന്ത്യയിലെ ഇടതു ജനാധിപത്യശക്തികൾ കൂടുതൽ വലിയ പരിശ്രമങ്ങളിൽ ഏർപ്പെടേണ്ടതുണ്ട്; നമ്മുടെ രാജ്യത്ത് ശരിക്കുമുള്ള വിപ്ലവപരമായ സാമൂഹിക പരിവർത്തനം യാഥാർഥ്യമാക്കുന്നതിൽ വിജയം വരിക്കാൻ അങ്ങനെ മാത്രമേ കഴിയൂ. ♦