Tuesday, May 28, 2024

ad

Homeഇക്കണോമിക് നോട്ടുബുക്ക്ആർതർ ലൂയിസും ചൈനീസ് മോഡലും: സാമ്പത്തിക മാതൃകകളുടെ പരിമിതികൾ

ആർതർ ലൂയിസും ചൈനീസ് മോഡലും: സാമ്പത്തിക മാതൃകകളുടെ പരിമിതികൾ

കെ എസ് രഞ്ജിത്ത്

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌ ‐ 26

ൺപതുകൾക്ക് ശേഷം ചൈന കൈവരിച്ച അഭൂതപൂർവമായ സാമ്പത്തികവളർച്ച ലോകമെമ്പാടുമുള്ള സാമ്പത്തികവിദഗ്‌ധർ സൂക്ഷ്മപഠനങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ട്. എങ്ങനെയാണ് ചൈന ഈ നേട്ടം കൈവരിച്ചതെന്നും അത് നിലനിർത്താൻ തുടർന്നും അവർക്കാകുമോയെന്നതും സംബന്ധിച്ചുള്ള എണ്ണമറ്റ പഠനങ്ങളാണ് നടന്നിട്ടുള്ളത്. ചൈനീസ് സമ്പദ്‌വ്യവസ്ഥയിലെ ചെറിയ പരിണാമങ്ങൾ പോലും സാമ്പത്തികശാസ്ത്ര പഠനകേന്ദ്രങ്ങളിൽ അതീവ ഗൗരവത്തോടെ ചർച്ച ചെയ്യപ്പെടാറുണ്ട്. ലോകത്തിന്റെ നിർമാണ ഫാക്ടറി ആയ ചൈനയിലെ തീരദേശത്തെ വ്യവസായികമേഖലകളിൽ തൊഴിലാളികളുടെ ക്ഷാമം നേരിടുന്നു എന്ന വാർത്ത സാമ്പത്തികലോകത്ത് ചർച്ചയാകുന്നത് ഇങ്ങനെയാണ്. യഥാർത്ഥ വേതനത്തിൽ വലിയ വർദ്ധനയും, കാർഷികമേഖലകളിൽ ആധിക്യമുള്ള തൊഴിലാളികളുടെ എണ്ണത്തിൽ കുറവും ഉണ്ടാകുന്നു എന്ന വസ്തുതയും ഇതിനോടനുബന്ധിച്ച് ചർച്ചയായി. ഈ അവസ്ഥ തുടരുകയാണെങ്കിൽ ലോകത്തെ ഏറ്റവും വലിയ കയറ്റുമതി കേന്ദ്രം എന്ന സ്ഥാനം ചൈനയ്ക്ക് നഷ്ടപ്പെട്ടേക്കാമെന്നും അത് ചൈനയ്ക്ക് ഇന്നുള്ള സാമ്പത്തികസ്ഥാനം നഷ്ടപ്പെടുത്തുമെന്നുമൊക്കെ ചർച്ചകൾ നടന്നു.

ഇത്തരമൊരു പശ്ചാത്തലത്തിൽ, സാമ്പത്തികശാസ്ത്രത്തിനുള്ള 1979ലെ നോബൽ പുരസ്കാരം ലഭിച്ച ആർതർ ലൂയിസിന്റെ സിദ്ധാന്തങ്ങൾ ഉപയോഗപ്പെടുത്തി ചൈനയിലെ സാമ്പത്തിക ചലനങ്ങളെ മനസ്സിലാക്കുവാനുള്ള ശ്രമങ്ങൾ നടന്നു.അതേസമയം ഇതിനോടുള്ള വിയോജിപ്പുകളും, അടിസ്ഥാനപരമായി തന്നെ ലൂയിസ് മാതൃകയെ സംബന്ധിച്ചുള്ള വിമർശനങ്ങളും മുഖ്യധാരാ സാമ്പത്തിക ശാസ്ത്രത്തിൽ നിന്നുള്ളവർക്കിടയിലും മാർക്സിസ്റ്റ് വീക്ഷണമുള്ള സാമ്പത്തികശാസ്ത്രകാരരും ഉയർത്തി. ആധുനിക അർത്ഥശാസ്ത്ര (Political Economy) ചരിത്രത്തിലെ, വിശേഷിച്ച് വികസനവുമായി ബന്ധപ്പെട്ട സാമ്പത്തികശാസ്ത്രമേഖലയിലെ (Developmental Economics) സുപ്രധാനമായ ഈ ചർച്ചയെക്കുറിച്ചാണ് ഈ കുറിപ്പ്.

മുഖ്യധാരയിൽപെട്ട ഡെവലപ്മെന്റൽ ഇക്കണോമിക്സിലെ ഏറ്റവും പ്രധാനപ്പെട്ട പ്രബന്ധങ്ങളിലൊന്നായി കരുതുന്ന ഒന്നാണ് ആർതർ ലൂയിസിന്റെ “Economic Development with Unlimited Supplies of Labour’ അഥവാ ഉറവിടം വറ്റാത്ത തൊഴിൽ ശക്തിയുടെ പ്രദാനത്തിലൂടെയുള്ള സാമ്പത്തികവികസനം. ഈ പ്രബന്ധത്തിലൂടെ Dual sector Economic Model എന്ന ആശയം ലൂയിസ് മുന്നോട്ടു വെച്ചു. ഒരു രാജ്യത്തിന്റെ സാമ്പത്തികമേഖലയെ തികച്ചും വ്യത്യസ്ത സ്വഭാവമുള്ള രണ്ടു മേഖലകളാക്കി – ദ്രുതഗതിയിൽ മുതലാളിത്ത വികസനം നടക്കുന്ന നഗരപ്രദേശങ്ങളും വളരെ താഴ്ന്ന സാമ്പത്തിക അവസ്ഥയിലുള്ള പരമ്പരാഗതമായ കാർഷിക മേഖലയായും തിരിക്കാമെന്നും, ഈ രണ്ടു മേഖലകളിലെയും കൂലിയിലെ അന്തരം മൂലം, പിന്നോക്കപ്രദേശങ്ങളിലെ അധിക തൊഴിൽശക്തി മുതലാളിത്ത വികസനം നടക്കുന്ന മേഖലയിലേക്ക് പ്രവഹിക്കുമെന്നുമാണ് ലൂയിസിന്റെ സിദ്ധാന്തം.

കൃഷിക്കാർ, ചെറുകിട കച്ചവടക്കാർ, ചെറുതും താൽക്കാലികവുമായ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർ, തൊഴിൽരംഗത്തേക്ക് പുതുതായെത്തുന്ന സ്ത്രീകൾ തുടങ്ങിയവരാണ് മുതലാളിത്തേതരമായ മേഖലകളിൽ നിന്നും നഗരങ്ങളിലേക്ക് കടന്നുവരുന്നവർ. ഒരു ഘട്ടം കഴിയുമ്പോൾ തൊഴിൽശക്തി പ്രദാനംചെയ്യാനുള്ള ശേഷി പരമ്പരാഗത മേഖലയ്ക്ക് നഷ്ടപ്പെട്ടു തുടങ്ങും, ഇത് വേതനനിരക്കുകൾ ഉയർത്തും, നഗരകേന്ദ്രിതമായ വികസനമാതൃകയെ പിന്നോക്കം പിടിക്കും. സാമ്പത്തികവളർച്ചയുടെ വേഗത്തെ കുറയ്ക്കും. ഇത്തരമൊരു തിരിച്ചുപോകൽ അവസ്ഥയെ Looyisian Turning point എന്ന് വിളിക്കും. ചൈന സമാനമായ ഒരു അവസ്ഥയിലാണ് എന്നായിരുന്നു ലൂയിസിന്റെ സിദ്ധാന്തം ചൈനീസ് സാമ്പത്തിക വളർച്ചയിൽ പ്രയോഗിക്കാൻ ശ്രമിച്ചവരുടെ വാദം.

ആഗോളവൽകൃതമായ ഇന്നത്തെ ലോകത്ത് ഇതുണ്ടാക്കുന്ന മാറ്റങ്ങൾ വളരെ വലുതായിരിക്കും എന്ന നിഗമനം പലരും ഉയർത്തി. ഏറ്റവും ചെലവ് കുറഞ്ഞ തൊഴിൽ ശക്തി തേടി അലയുന്ന മൂലധനം, കുറഞ്ഞ വിലയ്ക്ക് തൊഴിൽശക്തി ലഭ്യമായ ഇടങ്ങൾ തേടും. ഇത് ചൈനയിലെ വൻകിട കോർപറേഷനുകളെ ദോഷകരമായി ബാധിക്കും. വ്യവസായിക വേതന നിരക്കുകൾ ആഗോളമായിത്തന്നെ ഉയരും, മൂലധനത്തിന് തൊഴിൽ ശക്തിയുടെ മേലുള്ള പിടി അയയും, നിയോ ലിബറൽ വ്യവസ്ഥയെത്തന്നെ ഇത് തകിടംമറിച്ചേക്കാം. എന്നിങ്ങനെ പലവിധത്തിലുള്ള ചർച്ചകൾ നടന്നു.

1978ൽ, സാമ്പത്തിക പരിഷ്കാരങ്ങൾ തുടങ്ങുന്നതിനു മുൻപ് ചൈനയിൽ, 70.5 ശതമാനം പേരും പ്രാഥമിക മേഖലയിലും, 17.3 ശതമാനം പേർ ദ്വിതീയ മേഖലയിലും, 12.2 ശതമാനം ത്രിതീയ മേഖലയിലുമാണ് പണിയെടുത്തിരുന്നത്. 2010 ആയപ്പോഴേക്കും 36.7 ശതമാനമായി പ്രാഥമികമേഖലയിൽ പണിയെടുക്കുന്നവരുടെ എണ്ണം കുറഞ്ഞു. 28.7 ശതമാനമായി ദ്വിതീയ മേഖലയിലും, 24.6 ശതമാനമായി ത്രിതീയ മേഖലയിലും പണിയെടുക്കുന്നവരുടെ എണ്ണം ഉയർന്നു.

1978ൽ 401 ദശലക്ഷം ആൾക്കാരാണ് ചൈനയിൽ തൊഴിലെടുത്തിരുന്നത്. ഇതിൽ 95.14 ദശലക്ഷം പേർ നഗരങ്ങളിലും 306.38 ദശലക്ഷംപേർ ഗ്രാമപ്രദേശങ്ങളിലുമായിരുന്നു. 2010ൽ പണിയെടുക്കുന്നവരുടെ എണ്ണം 761.05 ദശലക്ഷമായും. നഗരങ്ങളിൽ പണിയെടുക്കുന്നവരുടെ എണ്ണം 346.87ഉം ഗ്രാമങ്ങളിലേത് 414.18 ദശലക്ഷം ആയി ഉയർന്നു.

1949‐-56 കാലഘട്ടത്തിൽ തന്നെ ഏതാണ്ട് 20 ദശലക്ഷം ആൾക്കാർ ചൈനയിലെ ഉൾനാടുകളിൽനിന്ന് തൊഴിൽ തേടി നഗരങ്ങളിലേക്കെത്തിയിരുന്നു. ഇത് സൃഷ്ടിച്ച നിരവധി പ്രശ്ങ്ങൾ നഗരങ്ങളിലെത്തുന്നവർക്കുള്ള പാർപ്പിട സൗകര്യങ്ങളും മറ്റ് പശ്ചാത്തലസൗകര്യങ്ങളും ഒരുക്കുക, ഭക്ഷ്യ സബ്സിഡികൾ ഉറപ്പാക്കുക – അക്കാലത്തെ ചൈനീസ് ഭരണകൂടം നേരിട്ടിരുന്നു. ഇതിനായി ഹുക്കാവു (hukou) എന്നൊരു സമ്പ്രദായം ചൈന ആവിഷ്‌കരിച്ചു. തൊഴിലും മറ്റ് ആനുകൂല്യങ്ങളും ലഭിക്കണമെങ്കിൽ, ഇതുമായി ബന്ധപ്പെട്ട് കുടിയേറ്റ സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കി. ഗ്രാമീണമേഖലകളിൽ നിന്ന് നഗരങ്ങളിലേക്കുള്ള അനിയന്ത്രിതമായ കുടിയേറ്റത്തെ ഒരു പരിധിവരെ നിയന്ത്രിക്കാൻ ഇതുവഴി അന്ന് കഴിഞ്ഞു. 1984ൽ ഹുക്കാവു സമ്പ്രദായം ലഘൂകരിച്ചു. നഗരകേന്ദ്രിതമായി ദ്രുതഗതിയിൽ വളരുന്ന ചൈനയ്ക്ക് കൂടുതൽ തൊഴിൽശക്തി ആവശ്യമായിരുന്നു. ഇതേത്തുടർന്ന് നഗരങ്ങളിലേക്കുള്ള ശക്തമായ കുടിയേറ്റം വീണ്ടുമുണ്ടായി. 10 വർഷത്തിനുള്ളിൽ 60 ദശലക്ഷം പേർ നഗരങ്ങളിലേക്ക് കുടിയേറി. 2006 വരെ പ്രതിവർഷം 14 ശതമാനമെന്ന നിലയിൽ കുടിയേറ്റം വർധിച്ചു. സ്ഥാപനപരമായ ഘടകങ്ങൾ തൊഴിൽശക്തിയുടെ ചലനത്തെ എങ്ങിനെ ബാധിക്കുന്നുവെന്ന് ഇത് കാട്ടിത്തരുന്നു. ലൂയിസ് മോഡലിന്റെ ഒരു പരിമിതിയായി ഇതിനെ കണക്കാക്കാം. യഥാർത്ഥ ലോകത്തുനിന്നും പലപ്പോഴും ഏറെ അകലെയായിരിക്കും സാമ്പത്തിക മാതൃകകളെ അടിസ്ഥാനമാക്കിയുള്ള വിശകലനങ്ങൾ.

ലൂയിസ് മോഡലിന്റെ പരിമിതികൾ ചർച്ച ചെയ്യുന്ന പഠനങ്ങൾ ഗുസ്താവ് റാനിസും ജോൺ ഫെയ്നും ചേർന്ന് 1961ൽ നടത്തി. ഗ്രാമങ്ങളിൽനിന്നും നഗരങ്ങളിലേക്കുള്ള കുടിയേറ്റത്തെ, വേതന നിരക്കുകളിൽ വരുന്ന മാറ്റങ്ങളനുസരിച്ച് പല ഘട്ടങ്ങളായി തിരിച്ച്‌ യാഥാർഥ്യത്തോട് കൂടുതൽ അടുപ്പിക്കാൻ ഇവരുടെ പഠനങ്ങൾക്ക് കഴിഞ്ഞു. 2013ൽ ഗാരി ഫീൽഡ്സും യാങ് സോങ്ങും നടത്തിയ പഠനം വ്യക്തമാക്കുന്നത് ലൂയിസ് മാതൃകപ്രകാരമുള്ള വേതനനിരക്കുകളിലെ മാറ്റങ്ങൾ ചൈനയിൽ സംഭവിച്ചിട്ടില്ല എന്നാണ്. നഗരങ്ങളിലെ വേതനനിരക്കുകൾ മാറ്റമില്ലാതെ തുടരുകയും അതേസമയം ഗ്രാമീണമേഖലയിലെ വേതനനിരക്കുകൾ വർധിക്കുകയും ചെയ്യുന്ന അവസ്ഥ ചൈനയിൽ സംഭവിച്ചിട്ടില്ല എന്നാണ്. ഒരേസമയം ഗ്രാമ നഗര വേതനങ്ങൾ ചൈനയിൽ വളർന്നു കൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളത്. നഗരങ്ങളിലെ വർധനയുടെ തോത് അല്പം വേഗത്തിലാണെന്ന് മാത്രം.

ചൈനയിലെ വികസന മാതൃകയെ വിശദീകരിക്കുന്നതിൽ ലൂയിസ് മാതൃകയ്ക്കുള്ള ഗുരുതരമായ പരിമിതി ഇത് തുറന്നുകാട്ടുന്നു. മുൻപ് സൂചിപ്പിച്ചതുപോലെ നഗരങ്ങളിലെ ഉയർന്ന ജീവിതച്ചെലവ് അവിടേക്കുള്ള കുടിയേറ്റത്തെ തടയുന്ന ഒരു ഘടകമാണ്. നഗരങ്ങളിലെ തൊഴിലാളികൾക്ക് ഹുക്കാവു സമ്പ്രദായം ഉറപ്പുനൽകുന്ന ആരോഗ്യസുരക്ഷ, പെൻഷൻ, വിദ്യാഭ്യാസാനുകൂല്യങ്ങൾ തുടങ്ങിയ സാമൂഹികക്ഷേമ സൗകര്യങ്ങൾ ഗ്രാമങ്ങളിൽ നിന്നും എത്തുന്നവർക്ക് ലഭിക്കുന്നില്ല. ഇതു കൂടാതെ സാമൂഹികമായ മറ്റ് നിരവധി പ്രതികൂല ഘടകങ്ങളും, കുടുംബജീവിതം തുടങ്ങി, കുടിയേറ്റ പ്രവണതകളെ തടയുന്നു. രാജ്യത്തിനുള്ളിൽ നടക്കുന്ന കുടിയേറ്റങ്ങളെ സംബന്ധിച്ച് മാത്രമല്ല അന്താരാഷ്ട്ര തൊഴിൽ കമ്പോളത്തിലേക്കുള്ള കുടിയേറ്റങ്ങളെ സംബന്ധിച്ചും ഇത് ബാധകമാണ്.

വികസനമെന്നാൽ സാമ്പത്തിക വളർച്ച മാത്രമാണ് എന്ന മുതലാളിത്ത സങ്കല്പത്തിന്റെ ചട്ടക്കൂടിനുള്ളിൽ പരിമിതപ്പെട്ടുപോയി എന്നതാണ് ലൂയിസ് മോഡലിന്റെ ഏറ്റവും പ്രധാന പരിമിതി. കുടിയേറ്റവും വികസനവുമായി ബന്ധപ്പെട്ട മറ്റ് സാമൂഹിക ഘടകങ്ങളെ അത് അവഗണിച്ചു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three + seventeen =

Most Popular