Friday, November 22, 2024

ad

Homeലേഖനങ്ങൾതൊഴിലുറപ്പുപദ്ധതിയിലും കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധത

തൊഴിലുറപ്പുപദ്ധതിയിലും കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധത

ഡോ. പി എസ്‌ ശ്രീകല

ദേശീയ തൊഴിലുറപ്പുപദ്ധതിയിൽ ആധാർ അടിസ്ഥാനമാക്കിയുള്ള വേതനവിതരണ രീതി ജനുവരി ഒന്നുമുതൽ നിലവിൽ വന്നിരിക്കുകയാണ്. കേന്ദ്രസർക്കാരിന്റെ ഗ്രാമീണ വികസന മന്ത്രാലയമാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്. ആധാർ അധിഷ്ഠിത വേതനവിതരണം നിർബന്ധിതമാക്കരുത് എന്ന തൊഴിലാളി സംഘടനകളുടെ നിവേദനങ്ങളെത്തുടർന്ന്, ഈ രീതി നടപ്പിലാക്കുന്നത് കേന്ദ്രസർക്കാർ അഞ്ചുതവണ നീട്ടിവച്ചിരുന്നു.

തൊഴിലുറപ്പു പദ്ധതിയിൽ രണ്ടുതരം വേതനവിതരണരീതികളാണ് നിലവിലുള്ളത്. ഒന്ന്, തൊഴിലാളിയുടെ പേര്, ബാങ്കിന്റെ പേര്, ബാങ്ക് അക്കൗണ്ട് നമ്പർ, ഐ എഫ് എസ് സി കോഡ് എന്നീ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വേതനം ട്രാൻസ്ഫർ ചെയ്യുന്ന രീതിയാണ്. ഇത് താരതമ്യേന എളുപ്പമുള്ള സംവിധാനമാണ്. മറ്റൊന്ന്, ആധാറിനെ അടിസ്ഥാനമാക്കിയുള്ളത്. ഇതിൽ, ഒന്നാമതായി, ആധാർ വിവരങ്ങൾ തൊഴിൽ കാർഡുമായി ബന്ധിപ്പിക്കണം. തൊഴിൽ കാർഡിലെയും ആധാർ കാർഡിലെയും വിവരങ്ങൾ, പേരിന്റെ സ്പെല്ലിങ് ഉൾപ്പെടെ യോജിക്കുന്നുവെങ്കിൽ മാത്രമേ ഈ ബന്ധിപ്പിക്കൽ സാധ്യമാവൂ. രണ്ടാമത്, ആധാർ കാർഡിലെ വിവരങ്ങൾ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണം. മൂന്നാമതായി, നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ തയ്യാറാക്കിയിട്ടുള്ള സോഫ്‌റ്റ്‌വെയറിന്റെ അടിസ്ഥാനത്തിൽ, ബാങ്ക് അക്കൗണ്ടുള്ള ബ്രാഞ്ചിന് ആധാർ വിവരങ്ങൾ കണ്ടെത്താൻ കഴിയണം. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് വേതനം ട്രാൻസ്‌ഫർ ചെയ്യുന്നത്. ഇതിൽ ഏതെങ്കിലുമൊരു പ്രക്രിയയിൽ പോരായ്മ സംഭവിച്ചാൽ തൊഴിലാളിക്ക് വേതനം ലഭിക്കുകയില്ല.

അതായത്, തൊഴിലുറപ്പു പദ്ധതിയിൽ ജോലി ചെയ്തതിന്റെ കൂലി ലഭിക്കണമെങ്കിൽ മേല്പറഞ്ഞ വിധത്തിലുള്ള സാങ്കേതികത്വങ്ങളിലൂടെ തൊഴിലാളിക്ക് കടന്നുപോകേണ്ടിവരും. ഇക്കാര്യത്തിൽ പരിചയമോ അറിവോ ഇല്ലാത്ത തൊഴിലാളിക്ക് കയ്യിൽനിന്ന് പണം ചെലവാക്കിക്കൊണ്ടായിരിക്കും, ഈ പ്രക്രിയകൾ സാങ്കേതിക ജ്ഞാനം ഉള്ള മറ്റാരുടെയെങ്കിലും സഹായത്തോടെ പൂർത്തിയാക്കാൻ കഴിയുക.

തൊഴിൽ കാർഡിന്റെ ദുരുപയോഗം തടയാനും വേതനവിതരണത്തിലെ കാലതാമസം ഒഴിവാക്കാനും ഈ രീതി സഹായകമാകുമെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം. ഒരു തൊഴിലാളിക്ക് ഒന്നിലധികം തൊഴിൽ കാർഡ് ഉണ്ടെങ്കിൽ അത് ഒഴിവാക്കുന്നതിന് ശാസ്ത്രീയമായ ഒരു മാർഗ്ഗവും ഇപ്പോൾ നിലവിലില്ല. വിവിധ സർക്കാർ ഏജൻസികൾ ഉൾപ്പെട്ടുകൊണ്ടാണ് ഒരു തൊഴിലാളിയുടെ വിവരങ്ങൾ തയാറാക്കുന്നത് എന്നതുകൊണ്ടുതന്നെ, സ്പെല്ലിങ് അടക്കമുള്ള കാര്യങ്ങളിൽ തെറ്റുകൾ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ, അത്തരം കാര്യങ്ങൾ പരിഗണിക്കാതെയും പരിഹരിക്കാതെയും ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മേൽ കേന്ദ്രസർക്കാരിന്റെ സമ്മർദ്ദം വർദ്ധിക്കുകയാണ്. അതുകാരണം, വ്യാപകമായി തൊഴിൽ കാർഡ് റദ്ദാക്കൽ നടപടിയുമായി ഉദ്യോഗസ്ഥർ മുന്നോട്ടുപോകുകയാണ്. പാവപ്പെട്ട തൊഴിലാളികൾക്ക് ലഭിക്കുന്ന തുച്ഛമായ വേതനം പോലും നിരാകരിക്കുക എന്ന ജനവിരുദ്ധത മാത്രമാണ് ഇതിലൂടെ യാഥാർഥ്യമാകുന്നത്.

ആധാർ അടിസ്ഥാനമാക്കിയുള്ള വേതനവിതരണത്തിലൂടെ കേവലം മൂന്ന് ശതമാനം വ്യത്യാസം മാത്രമാണ് സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുള്ളതെന്ന് ലിബ് ടെക്ക് ഇന്ത്യ എന്ന ഗവേഷണസ്ഥാപനത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. അതായത്, ബാങ്ക് അക്കൗണ്ട് അടിസ്ഥാനമാക്കിയുള്ള വേതനവിതരണരീതിയെക്കാൾ ആധാർ അടിസ്ഥാനമാക്കിയുള്ള വേതനവിതരണരീതിക്ക് മൂന്ന് ശതമാനം വേഗത കൂടുതലുണ്ട്. ആധാർ അധിഷ്ഠിത വേതനവിതരണരീതി കേന്ദ്രസർക്കാർ കൊട്ടിഘോഷിക്കുന്നതുപോലെ ഫലപ്രദമല്ല എന്നർത്ഥം. മാത്രമല്ല,ശാസ്ത്രീയമായ സ്ഥിതിവിവരക്കണക്ക് പ്രകാരം, നിർണ്ണായകമെന്ന് പറയാവുന്ന ഒന്നല്ല, മേല്പറഞ്ഞ മൂന്ന് ശതമാനം വേഗത. അതേസമയം, ഏഴു കോടി തൊഴിലാളികളുടെ ജോബ് കാർഡാണ് കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ റദ്ദാക്കപ്പെട്ടത്. കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക റിപ്പോർട്ട് അനുസരിച്ച്, 2024 ജനുവരി 11 വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ, 25.6 കോടി തൊഴിലാളികളിൽ 16.9 കോടി പേർക്ക് മാത്രമേ ആധാർ അടിസ്ഥാനമാക്കിയുള്ള വേതനവിതരണത്തിലൂടെ വേതനം ലഭിക്കാൻ അർഹതയുള്ളൂ.!

ആധാർ അടിസ്ഥാനമാക്കിയുള്ള വേതനവിതരണത്തിൽ, ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുന്ന വേതനം തിരസ്കരിക്കുന്ന പ്രവണതയും കുറഞ്ഞിട്ടുണ്ടെന്നാണ് കേന്ദ്രസർക്കാരിന്റെ മറ്റൊരു വാദം. എന്നാൽ, ഇതിലും ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിലുള്ള കണക്കുകൾ ലഭ്യമല്ല. തെറ്റായ പ്രചാരണമാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് എന്ന് വ്യക്തം.

ഫലപ്രദമായ വേതനവിതരണത്തിനു ഏറ്റവും അനിവാര്യമായുള്ളത് ഫണ്ടിന്റെ ലഭ്യതയാണ്. 2023 ന്റെ ആദ്യപകുതിയിൽ തൊഴിലുറപ്പു പദ്ധതിക്ക് ആവശ്യമായ ഫണ്ടിൽ 6,146 കോടി രൂപയുടെ കുറവുണ്ടായി. അതേസമയം, 2023‐-24ലെ ബജറ്റിൽ, 60000 കോടി രൂപയാണ് തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്രസർക്കാർ വകയിരുത്തിയത്. 2022‐-23ൽ ഇത് 89,000 കോടിയായിരുന്നു എന്നുകാണേണ്ടതുണ്ട്. കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ സമീപനമാണ് ഇവിടെ വ്യക്തമാകുന്നത്. നൂറുദിവസം ജോലി ചെയ്യുന്നവർക്ക് കേവലം 17 ദിവസത്തെ വേതനം നല്കാൻ മാത്രമേ ഈ തുക തികയുകയുള്ളൂ.!

കേന്ദ്രസർക്കാർ പദ്ധതിയാണ് ദേശീയ തൊഴിലുറപ്പ് പദ്ധതി. ഇതിൽ 75% ഫണ്ട് കേന്ദ്രസർക്കാരും 25% ഫണ്ട് സംസ്ഥാനസർക്കാറുകളും ചെലവഴിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, സംസ്ഥാനങ്ങൾക്കുള്ള വിഹിതം കൃത്യമായി നല്കാൻ കേന്ദ്രസർക്കാർ തയാറാകുന്നില്ല. എല്ലാ സംസ്ഥാനങ്ങളിലും ഒരുപോലെയല്ല വേതനനിരക്ക് എന്നതും കാണണം. കേരളത്തിൽ പ്രതിദിനം ഇത് 333 രൂപയായിരിക്കെ, ഏറ്റവും കുറഞ്ഞ നിരക്ക് 221 രൂപയാണ്(മധ്യപ്രദേശ്). അതുതന്നെയും സംസ്ഥാനങ്ങൾക്ക് കൃത്യമായി വിതരണം ചെയ്യാൻ കഴിയുന്നില്ല. 18 സംസ്ഥാനങ്ങൾക്കായി 6366 കോടി രൂപ തൊഴിലുറപ്പു പദ്ധതിക്കായി കേന്ദ്രം നൽകാനുണ്ട്. കേരളത്തിന് ഈ ഇനത്തിൽ കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കേണ്ടത് 5194.67 ലക്ഷം രൂപയാണ്. കേന്ദ്രസർക്കാരിന്റെ ഗ്രാമീണവികസനമന്ത്രലയം 2023 ഡിസംബർ 6നു പ്രസിദ്ധീകരിച്ച കണക്കാണിത്. ഇതേ റിപ്പോർട്ട് പ്രകാരം ഗുജറാത്തിനു കേന്ദ്രസർക്കാർ നൽകാനുള്ളത് കേവലം 66 .94 ലക്ഷം രൂപ മാത്രമാണ്.!

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

16 − 2 =

Most Popular