Friday, November 22, 2024

ad

Homeരാജ്യങ്ങളിലൂടെപാരീസ്‌ വളഞ്ഞ്‌ കർഷകർ

പാരീസ്‌ വളഞ്ഞ്‌ കർഷകർ

ആര്യ ജിനദേവൻ

2014 ജനുവരി 29ന്‌ ഫ്രാൻസിൽ നടന്നത്‌ അതിശക്തമായ കർഷകപ്രക്ഷോഭം തന്നെയാണ്‌. ആയിരക്കണക്കിനു കർഷകരാണ്‌ ട്രാക്ടറും മറ്റുമായി തലസ്ഥാനനഗരിയായ പാരീസ്‌ വളഞ്ഞത്‌; പാരീസിലെ 30 മുതൽ 40 കിലോമീറ്ററോളം റോഡാണ്‌ കർഷകർ ഉപരോധിച്ചത്‌. കർഷകരുടെ ശക്തമായ ഈ പ്രക്ഷോഭം മക്രോണിന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ച്‌ ഗവൺമെന്റിനെതിരെ മാത്രമുള്ളതായിരുന്നില്ല, മറിച്ച്‌ യൂറോപ്യൻ യൂണിയന്റെ നാശം വിതയ്‌ക്കുന്ന ചട്ടങ്ങൾക്കെതിരെ കൂടിയുള്ളതായിരുന്നു.

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ കാർഷികോത്‌പാദനം ഏറ്റവും കൂടുതലുള്ള രാജ്യമാണ്‌ ഫ്രാൻസ്‌. എന്നാൽ ചെലവും വരുമാനവും തമ്മിലുള്ള ഹാനികരമായ അന്തരവും ഗുണകരമല്ലാത്ത മത്സരവുംമൂലം 2023 ഒക്‌ടോബർ മുതൽ ഫ്രാൻസിലെ കർഷകർ സമരങ്ങൾ നടത്തിവരികയാണ്‌. ഉക്രൈൻ യുദ്ധത്തിൽ ഉക്രൈനെ പിന്തുണയ്‌ക്കുന്നതിന്റെ ഭാഗമായി യൂറോപ്യൻ യൂണിയനിലെ എല്ലാ രാജ്യങ്ങളും ഉക്രൈനിൽനിന്നും താരിഫ്‌ രഹിതമായ ധാന്യ ഇറക്കുമതി നടത്തണമെന്ന യൂണിയന്റെ നിർദേശത്തിൽ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ പലതിലും കർഷകർ അസംതൃപ്‌തരാണ്‌; പോരാട്ടമല്ലാതെ അവർക്കു മുന്നിൽ മറ്റു മാർഗമില്ലാതായിരിക്കുന്നു. ഫ്രാൻസിലെ കർഷകരെപോലെ തന്നെ ബെൽജിയത്തിലും മെച്ചപ്പെട്ട തറവിലയും മറ്റു സേവനങ്ങളും ആവശ്യപ്പെട്ട്‌ കർഷകർ സമരരംഗത്താണ്‌.

നിലവിൽ നാഷണൽ ഫെഡറേഷൻ ഓഫ്‌ ഫാർമേഴ്‌സ്‌, യങ്ങ്‌ ഫാർമേഴ്‌സ്‌ തുടങ്ങിയ ഫെഡറേഷനുകളുടെ നേതൃത്വത്തിൽ ജനുവരി 29ന്‌ നടന്ന കർഷക പ്രക്ഷോഭത്തിൽ ഫ്രാൻസിലെ കർഷകർ ഉയർത്തുന്ന പ്രധാന ഡിമാന്റുകൾ ഇവയാണ്‌:‐

1. കാർകോൽപന്നങ്ങൾക്ക്‌ ന്യായമായ വില
2. കർഷകരുടെ ട്രാക്ടറുകളും മറ്റ്‌ വാഹനങ്ങളും പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ ഡീസലിനുള്ള സബ്‌സിഡി തുടർന്നും നൽകുക
3. യൂറോപ്യൻ യൂണിയൻ മുന്നോട്ടുവച്ചിട്ടുള്ള പൊതു കാർഷികനയവും ഗ്രീൻ ഡീലും നിർദേശിക്കുന്ന മൊത്തത്തിൽ സങ്കീർണമായ പാരിസ്ഥിതിക നിയന്ത്രണങ്ങൾ ലളിതമാക്കുക
4. ജൈവ കർഷകർക്ക്‌ സാന്പത്തികസഹായം അനുവദിക്കുക
ഈ ഫെഡറേഷനുകളെക്കൂടാതെ പെസന്റ്‌ കോൺഫെഡറേഷൻ, റൂറൽ കോ‐ഓർഡിനേഷൻ, മൂവ്‌മെന്റ്‌ ഫോർ ദ ഡിഫെൻസ്‌ ഓഫ്‌ ഫാമിലി ഫാർമേഴ്‌സ്‌ (MODEF) ഉൾപ്പെടെയുള്ള യൂണിയനുകളും കാർഷികോൽപന്നങ്ങൾക്ക്‌ കൃത്യമായ തറവില, കമ്പോള നിയന്ത്രണം, സ്വതന്ത്ര വ്യാപാര കരാറുകളുടെ റദ്ദാക്കൽ എന്നീ ഡിമാന്റുകളുയർത്തിക്കൊണ്ട്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ സമരങ്ങൾ സംഘടിപ്പിച്ചുവരികയാണ്‌.

ഇന്ധനത്തിനും വൈദ്യുതിക്കും വളങ്ങൾക്കും നൽകേണ്ടിവരുന്ന അമിതവില, യൂറോപ്യൻ യൂണിയൻ ഒത്താശയിൽ മക്രോൺ ഗവൺമെന്റ്‌ ഭക്ഷ്യ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിലൂടെയുണ്ടാകുന്ന കമ്പോളമത്സരം തദ്ദേശീയ കർഷകരുടെ ഉത്‌പന്നങ്ങൾക്ക്‌ വിലകുറയ്‌ക്കുന്നത്‌ തുടങ്ങിയ പ്രശ്‌നങ്ങളും കർഷകർ നേരിടുന്നുണ്ട്‌. വെള്ളപ്പൊക്കം, വരൾച്ച, കാട്ടുതീ തുടങ്ങിയ കാലാവാവസ്ഥാ പ്രതിസന്ധി സംബന്ധമായ ദുരന്തങ്ങളും ഫ്രാൻസിലെ കർഷകരുടെ മാത്രമല്ല, യൂറോപ്പിലാകെ കർഷകരുടെ നിലനിൽപിനെ ബാധിക്കുന്നു. മക്രോൺ ഗവൺമെന്റിന്റെ പെൻഷൻ പരിഷ്‌കരണം, കുടിയേറ്റവിരുദ്ധ നിയമം, ചെലവുചുരുക്കൽ നയം എന്നിവ ഫ്രാൻസിലെ ജനങ്ങളിൽ അസംതൃപ്‌തിയും കടുത്ത രോഷവും സൃഷ്ടിച്ചിരിക്കുന്നു. ഇപ്പോൾ കർഷകവിരുദ്ധ സമീപനം ജനങ്ങളുടെ രോഷം കൂടുതൽ ആളിക്കത്തിച്ചിരിക്കുകയാണ്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

13 + eleven =

Most Popular