പലസ്‌തീൻ അഭയാർഥികൾക്കായി ദുരിതാശ്വാസപ്രവർത്തനങ്ങൾക്കുള്ള ഐക്യരാഷ്‌ട്രസഭാ ഏജൻസിക്കുനേരെയും ഇസ്രയേലും പാശ്ചാത്യ സാമ്രാജ്യത്വശക്തികളും ആക്രമണം അഴിച്ചുവിടുകയാണ്. ഈ ഏജൻസിയുടെ മുഖ്യ ഫണ്ട് ദാതാക്കളായ അമേരിക്കയും ജർമനിയുമുൾപ്പെടെ 13 രാജ്യങ്ങൾ അതിനു നൽകിയിരുന്ന ഫണ്ട് സസ്‌പെൻഡ് ചെയ്‌തിരിക്കുകയാണ്. ഈ തീരുമാനത്തിൽ എത്തിയ സമയംതന്നെ ഈ സഹായം ഏറ്റവും കൂടുതൽ ആവശ്യമുള്ള ഒന്നായിരുന്നു. ആ തീരുമാനം നടപ്പാക്കിയതിലെ വേഗതയും തീവ്രതയും കൂടി നോക്കുമ്പോൾ ഗാസയിലെ വംശഹത്യയിൽ സാമ്രാജ്യത്വശക്തികൾക്കുള്ള പങ്ക് തെളിഞ്ഞുവരുന്നു.
ഒക്ടോബർ 7ന്റെ അൽ അഖ്‌സ ഫ്ലഡ് ഓപ്പറേഷനിൽ പലസ്‌തീൻകാർക്കൊപ്പം ഒരു ഡസനോളം യുഎൻ ദുരിതാശ്വാസ ഏജൻസി ഉദ്യോഗസ്ഥരും ഉണ്ടായിരുന്നുവെന്ന ഇസ്രയേലിന്റെ ആരോപണത്തെ തുടർന്നാണ് അമേരിക്കയും ജർമനിയും മറ്റും ഈ ഏജൻസിക്കുള്ള ഫണ്ട് മരവിപ്പിച്ചത്. ഇസ്രയേലിന്റെ ആരോപണം ശരിയാണോയെന്ന പരിശോധന പോലും നടത്താതെയാണ് അമേരിക്കയും കൂട്ടരും ദുരിതാശ്വാസ ഫണ്ട് നിഷേധിക്കുന്നത്.
19 ലക്ഷം പലസ്‌തീൻകാരാണ് ഇപ്പോൾ ഇസ്രയേൽ നടത്തുന്ന വംശഹത്യയുടെ ഫലമായി അഭയാർഥികളാക്കപ്പെട്ടത്. അവർക്ക് വേണ്ട ഭക്ഷണം, വെള്ളം, തലചായ്‌ക്കാനൊരിടം, മരുന്നുകൾ എന്നിവയ്‌ക്കെല്ലാം ഭാരിച്ച ചെലവ് വേണ്ടിവരുമെന്നിരിക്കെയാണ് മനുഷ്യത്വരഹിതമായ വിധം അമേരിക്കയും മറ്റും ദുരിതാശ്വാസത്തിനുള്ള തുക നിഷേധിക്കുന്നത്. ഭക്ഷണവും വെള്ളവും മരുന്നും കിട്ടാതെ അഭയാർഥികളുടെ ജീവനെടുങ്ങിയാൽ തങ്ങളുടെ വംശഹത്യ അജൻഡ എളുപ്പം നടപ്പാക്കാനാകുമെന്ന പ്രതീക്ഷയായിരിക്കും സാമ്രാജ്യത്വശക്തികൾക്കുള്ളത്. ♦