മാർക്സിസ്റ്റ് സിദ്ധാന്തത്തിനും പ്രയോഗത്തിനും ലെനിൻ വലിയ സംഭാവന നൽകിയ ഒരു പ്രധാന മേഖല വിപ്ലവ പാർട്ടിയെക്കുറിച്ചുള്ള സങ്കൽപ്പനമാണ്. റഷ്യൻ വിപ്ലവത്തിന്റെ മുന്നേറ്റത്തിനിടയിൽ സംഘടനയെക്കുറിച്ചുള്ള തന്റെ സിദ്ധാന്തം പ്രയോഗത്തിൽ വരുത്താൻ ലെനിൻ കഠിനമായി പൊരുതി. ജനാധിപത്യ കേന്ദ്രീകരണത്തെ അടിസ്ഥാനമാക്കി കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചത് ലെനിന്റെ അനുപമമായ സംഭാവനയാണ്.
ലെനിനെ സംബന്ധിച്ചിടത്തോളം വിപ്ലവസിദ്ധാന്തത്തിന്റെ അവിഭാജ്യഭാഗമാണ് സംഘടന. ‘‘വിപ്ലവസിദ്ധാന്തം കൂടാതെ വിപ്ലവപ്രസ്ഥാനത്തിന് നിലനിൽക്കാനാവില്ല’’ എന്നാണ് എന്തു ചെയ്യണം? (What Is To Be Done?) എന്ന കൃതിയിൽ ലെനിൻ തറപ്പിച്ച് പറയുന്നത്. 1902ൽ പ്രസിദ്ധീകരിച്ച ഈ കൃതിയിൽ അനുയോജ്യമായ സംഘടനയിലൂടെ മാത്രമേ വിപ്ലവസിദ്ധാന്തത്തിന് വിപ്ലവപ്രസ്ഥാനമായി മാറാൻ കഴിയൂവെന്ന് വിശദമായി ലെനിൻ പ്രതിപാദിച്ചിട്ടുണ്ട്. ലെനിന്റെ അഭിപ്രായത്തിൽ, ‘‘അധികാരത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ തൊഴിലാളിവർഗത്തിന് സംഘടനയല്ലാതെ മറ്റൊരു ആയുധവുമില്ല.’’
1900ത്തിനും 1906നും ഇടയ്ക്ക് ഒരു വിപ്ലവപാർട്ടിക്ക് അനുയോജ്യമായ സംഘടനാ സംവിധാനം രൂപപ്പെടുത്താനും വികസിപ്പിക്കാനുമായി ലെനിൻ റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടിയ്ക്കുള്ളിൽ (ആർഎസ്ഡിഎൽപി) പോരാട്ടം നടത്തി. ആ കാലത്ത് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ആയിരുന്നു തൊഴിലാളി വർഗത്തിന്റെ പാർട്ടി. ഇതാദ്യം രൂപീകരിക്കപ്പെട്ടത് ജർമനിയിലായിരുന്നു; പിന്നീട് യൂറോപ്പിലെ തൊഴിലാളിവർഗ പാർട്ടികളെല്ലാം ഈ മാതൃക പിന്തുടർന്നു. ആർഎസ്ഡിഎൽപി പിന്നീട് ബോൾഷെവിക്കുകൾ എന്നും മെൻഷെവിക്കുകൾ എന്നും രണ്ടായി പിളർന്നു; ആ ഭിന്നിപ്പിനിടയാക്കിയ ഘടകങ്ങളിലൊന്ന് സംഘടന ഏതു രീതിയിലായിരിക്കണമെന്നും പാർട്ടി മെമ്പർഷിപ്പ് എങ്ങനെയുള്ളതായിരിക്കണമെന്നും സംബന്ധിച്ചായിരുന്നു.
വർഗബോധം
സംഘടനയെ സംബന്ധിച്ചുള്ള ലെനിന്റെ സങ്കൽപ്പനം ക്രമേണ ബോൾഷെവിക് പാർട്ടി സംഘടനയിൽ പ്രകടമാക്കപ്പെട്ടു. റഷ്യയിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിനുള്ളിൽ ലെനിന് ആദ്യം പൊരുതേണ്ടതായിവന്നത് ഇക്കണോമിസ്റ്റുകളുമായിട്ടായിരുന്നു (സാമ്പത്തിക സമരമാത്രവാദികൾ); ഇവർ ചിന്തിച്ചത് പാർട്ടി സംഘടിപ്പിക്കുന്നതിന് സാമ്പത്തിക സമരങ്ങളും ട്രേഡ് യൂണിയൻ സമരങ്ങളും മാത്രം മതിയെന്നാണ്. തൊഴിലാളിവർഗ സമരങ്ങൾ സ്വയംഭൂവായി ഉണ്ടാകുമെന്ന് വിശ്വസിച്ചിരുന്ന സാമ്പത്തിക സമര മാത്രവാദത്തിനെതിരെ ലെനിൻ പൊരുതി. സാമ്പത്തികസമരങ്ങൾ (ഇതാണ് ട്രേഡ് യൂണിയൻ സമരങ്ങളും) ചൂഷണത്തോടും തൊഴിൽ സാഹചര്യങ്ങളോടുമുള്ള തൊഴിലാളികളുടെ പ്രാഥമികമായ പ്രതികരണത്തിൽ നിന്നാണ് ഉയർന്നുവരുന്നത്. സ്വയംഭൂവായി ഉണ്ടാകുന്ന ഇത്തരം സമരങ്ങൾക്ക് ട്രേഡ് യൂണിയൻ ബോധം വികസിപ്പിക്കാൻ മാത്രമേ കഴിയൂ. ലെനിൻ എഴുതി: ‘‘എല്ലാ രാജ്യങ്ങളുടെയും ചരിത്രം വെളിപ്പെടുത്തുന്നത് തൊഴിലാളിവർഗം സ്വന്തം നിലയിൽ മാത്രം നടത്തുന്ന പരിശ്രമങ്ങൾക്ക് ട്രേഡ് യൂണിയൻ ബോധം വികസിപ്പിക്കാൻ മാത്രമേ കഴിയൂ.’’ ഇത് ‘ഭ്രൂണാവസ്ഥയിലുള്ള’ ബോധം മാത്രമാണ്. വീണ്ടും അദ്ദേഹം പ്രസ്താവിക്കുന്നു: ‘‘വിപ്ലവകാരികൾ നയിക്കുന്ന കരുത്തുറ്റ ഒരു സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന സമരമാണെങ്കിൽ, മാത്രമേ തൊഴിലാളിവർഗത്തിന്റെ സ്വമേധയായുള്ള സമരം ‘യഥാർഥ വർഗസമര’മാകുകയുള്ളൂ.
വർഗബോധം എന്ന വിഷയത്തെക്കുറിച്ച് ലെനിൻ മുന്നോട്ടുവയ്ക്കുന്ന ആശയം സോഷ്യലിസ്റ്റുബോധം അഥവാ വർഗബോധം വികസിച്ചുവരുന്നത് ‘‘പുറമേ നിന്നു’’(From without) മാത്രമാണ് എന്നതാണ്. കമ്യൂണിസ്റ്റു മാനിഫെസ്റ്റോയിലെ പ്രസ്താവനയ്ക്കാണ് ലെനിൻ ഉൗന്നൽ നൽകുന്നത്. ‘‘ഓരോ വർഗസമരവും രാഷ്ട്രീയ സമരം കൂടിയാണ്.’’ മാർക്സിസത്തിന്റെ അടിസ്ഥാനത്തിൽ സംഘടിപ്പിക്കപ്പെട്ട ഒരു പാർട്ടിയായിരിക്കും ‘‘പുറമേ നിന്നുള്ള’’ ഏജൻസി; ഈ ഏജൻസി തൊഴിലാളികൾക്കിടയിൽ വർഗബോധം സൃഷ്ടിക്കാൻ പ്രാപ്തമായിരിക്കും.
തൊഴിലാളിവർഗത്തിന്റെ മുന്നണിപ്പട
ലെനിനെ സംബന്ധിച്ചിടത്തോളം, തൊഴിലാളിവർഗത്തിന്റെ പാർട്ടിയായിരിക്കെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിക്ക് ഒരിക്കലും ഓരോരുത്തരുടെയും ബോധനിലവാരവും പ്രതിബദ്ധതയും കണക്കിലെടുക്കാതെ എല്ലാവർക്കും കടന്നുവരാവുന്ന ഒരു സംഘടനയാവാൻ കഴിയില്ല. ‘മുന്നണിപ്പട’ (Vanguard) എന്ന ഒരു സങ്കൽപ്പനത്തിന് അദ്ദേഹം രൂപം നൽകി– അതായത് തൊഴിലാളിവർഗത്തിലെ ഏറ്റവും മുന്നിൽ നിൽക്കുന്ന, ഏറ്റവുമധികം പുരോഗതി പ്രാപിച്ച വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന പാർട്ടി. ഇതിന് ഏറ്റവുമധികം ബോധനിലവാരമുള്ളവരും ഉശിരന്മാരുമായ തൊഴിലാളികളെ പാർട്ടി അംഗങ്ങളെന്ന നിലയിൽ തെരഞ്ഞെടുക്കേണ്ടതുണ്ട്; തുടർന്ന് അവർ സംഘടനകളുടെ ഒരു ശൃംഖലയിലൂടെ തൊഴിലാളികൾക്കും ബഹുജനങ്ങൾക്കാകെയുമിടയിൽ പൊതുവിൽ പ്രവർത്തിക്കും.
പ്രൊഫഷണൽ വിപ്ലവകാരികളുടെ (വിപ്ലവം തൊഴിലാക്കിയവരുടെ) ഒരു സംഘടനയ്ക്കായി അദ്ദേഹം ആഹ്വാനം ചെയ്തു. ‘‘വിപ്ലവകാരികളുടെ സംഘടന പ്രഥമവും പ്രധാനവുമായി വിപ്ലവപ്രവർത്തനം തങ്ങളുടെ തൊഴിലായി കണക്കാക്കുന്ന ആളുകൾ ഉൾപ്പെടുന്നവരായിരിക്കണം.’’
പ്രൊഫഷണൽ വിപ്ലവകാരികൾ ഉൾപ്പെടുന്ന മുന്നണിപ്പട സാഹചര്യങ്ങളുടെ സമ്മർദംമൂലം അനിവാര്യമായിരിക്കുന്നു എന്നാണ് ലെനിൻ പറയുന്നത്. 1905ലെ വിപ്ലവം നടന്നു കഴിഞ്ഞ ഉടൻ തന്നെ, ഉശിരന്മാരും വർഗബോധമുള്ളവരുമായ ആയിരക്കണക്കിന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള അളവറ്റ സാധ്യത ലെനിൻ കണ്ടു. വിപ്ലവസമരം സോഷ്യൽ ഡെമോക്രാറ്റിക് ബോധനിലവാരമുള്ള തൊഴിലാളികളെ സൃഷ്ടിക്കുന്നതായി ലെനിൻ നിരീക്ഷിച്ചു. പിൽക്കാലത്ത് വികസിച്ചുവന്ന ബോൾഷെവിക് പാർട്ടിയിൽ വിവിധ തലങ്ങളിൽ പ്രൊഫഷണൽ വിപ്ലവകാരികളുടെ കാതലായ ഒരു വിഭാഗത്തിനൊപ്പം മുഴുവൻ സമയപ്രവർത്തകരല്ലാത്ത തൊഴിലാളിവർഗത്തിൽപെട്ട അംഗങ്ങളുടെ വർധിച്ചുവരുന്ന നിരയും ഉൾപ്പെട്ടു.
മുന്നണിപ്പട എന്ന ആശയത്തിന്റെ അർഥം തൊഴിലാളികളിലെ ഏറ്റവുമധികം പുരോഗമിച്ച, മുൻനിരയിലെത്തിയ വിഭാഗമാണ് പാർട്ടിയിൽ ഉൾപ്പെടേണ്ടത് എന്നാണ്. എന്നാൽ, ‘‘മുന്നണിപ്പോരാളിയുടെ പങ്ക് പൂർണമായും നിറവേറ്റുന്നതിന് ഏറ്റവുമധികം പുരോഗമിച്ച സിദ്ധാന്തം വഴികാട്ടിയായുള്ള ഒരു പാർട്ടിക്കുമാത്രമേ കഴിയൂ.’’ (ലെനിൻ സമാഹൃതകൃതികൾ, വോള്യം 5. പേജ് 370) എന്നും ലെനിൻ വ്യക്തമാക്കിയിട്ടുണ്ട്.
‘‘ഓരോ രാജ്യത്തെയും തൊഴിലാളിവർഗപാർട്ടികളിലെ ഏറ്റവുമധികം പുരോഗമിച്ചവരും നിശ്ചയദാർഢ്യമുള്ളവരുമായവർ എന്നും സെെദ്ധാന്തികമായി, മൊത്തം തൊഴിലാളിവർഗ വിഭാഗത്തിനെക്കാളുപരിയായി തൊഴിലാളിവർഗ വിഭാഗത്തിന്റെ മുന്നോട്ടേയ്ക്കുള്ള ഗതിക്രമം, അവസ്ഥ, ആത്യന്തികമായി കെെവരിക്കേണ്ട പൊതുവായ ഫലങ്ങൾ എന്നിവയെക്കുറിച്ചെല്ലാമുള്ള വ്യക്തമായ ധാരണയുള്ളവരുമായിരിക്കുമെന്നു’’മാണ് കമ്യൂണിസ്റ്റു മാനിഫെസ്റ്റോയിൽ കമ്യൂണിസ്റ്റുകാരെ സംബന്ധിച്ച് നൽകിയിട്ടുള്ള നിർവചനം.
ചരിത്രപ്രധാനമായ മാനിഫെസ്റ്റോയിൽ മാർക്സും എംഗത്സും നടത്തിയ ഈ വിശദീകരണത്തിന്റെ സാക്ഷാത്കാരമാണ് മുന്നണിപ്പടയുടെ പാർട്ടി എന്ന ലെനിന്റെ സങ്കൽപ്പനം. വെെരുദ്ധ്യാത്മകമായ ഒരു സമീപനം അടങ്ങിയിട്ടുള്ളതാണ് മുന്നണിപ്പട–തൊഴിലാളിവർഗ രാഷ്ട്രീയബോധം ഉള്ളിൽനിറഞ്ഞിട്ടുള്ള തെരഞ്ഞെടുക്കപ്പെട്ടവർ ഉൾക്കൊള്ളുന്ന സംഘടനയാണത്; അതേസമയം തന്നെ തൊഴിലാളിവർഗത്തെ മാത്രമല്ല സമൂഹത്തിലെ മർദിതരായ എല്ലാ വിഭാഗത്തെയും പിന്തുണയ്ക്കുന്നതിനായി പ്രവർത്തിക്കുകയും എല്ലാ വിഭാഗത്തിന്റെയും വഴികാട്ടിയായിരിക്കുകയും ചെയ്യുന്നത് ഈ മുന്നണിപ്പടയാണ്.
ഇത്തരമൊരു മുന്നണിപ്പടയ്ക്കു മാത്രമേ വിവിധ ഭാഗങ്ങളായി വേർതിരിക്കപ്പെട്ടിട്ടുള്ള തൊഴിലാളിവർഗ വിഭാഗങ്ങളെ ഏകോപിപ്പിക്കാനും അവയ്ക്ക് തൊഴിലാളിവർഗബോധം പകർന്നു നൽകാനും കഴിയൂ. അതുമാത്രമല്ല, വിപ്ലവപ്രസ്ഥാനത്തിൽ അതിനെ പിന്തുണയ്ക്കുന്ന വർഗങ്ങളെയും വിഭാഗങ്ങളെയുമാകെ അണിനിരത്താനും അവയിലെ പുരോഗമിച്ച വിഭാഗങ്ങളെ മുന്നണിപ്പടയായ പാർട്ടിയിലേക്ക് പിന്നെയും കൊണ്ടുവരാനും മുന്നണിപ്പടയായ പാർട്ടി ആവശ്യമാണ്.
കേന്ദ്രീകരണം
മുന്നണിപ്പടയുടെ പാർട്ടി കേന്ദ്രീകൃതമായിരിക്കണം. അതായത് മുകളറ്റംമുതൽ താഴെയറ്റംവരെ പാർട്ടിക്ക് കേന്ദ്രീകൃതമായ രീതിയിൽ, ഒരൊറ്റ രീതിയിൽ പ്രവർത്തിക്കാൻ കഴിയണം. കേന്ദ്രീകൃതമായ പാർട്ടിയെ ലെനിൻ വിഭാവനം ചെയ്തത് സാറിസ്റ്റ് സേ-്വച്ഛാധിപത്യകാലത്ത് ഒളിവിൽ പ്രവർത്തിക്കുമ്പോഴുള്ള സാഹചര്യങ്ങളെ നേരിടാൻവേണ്ടിയോ പൊലീസ് അടിച്ചമർത്തലുകളെ നേരിടാൻ വേണ്ടിയോ മാത്രമായിരുന്നില്ല; മറിച്ച് പ്രധാനമായും കേന്ദ്രീകൃതമായ രാഷ്ട്രീയ നേതൃത്വത്തിൻ കീഴിൽ രാഷ്ട്രീയമായി ഒറ്റക്കെട്ടായ ഒരു പാർട്ടി സാധ്യമാക്കുന്നതിനുവേണ്ടി കൂടിയായിരുന്നു. രാഷ്ട്രീയവും സംഘടനാപരവുമായ കേന്ദ്രീകരണം കെെവരിക്കുന്നതിന് പ്രാദേശിക പ്രസിദ്ധീകരണങ്ങൾക്കുപകരം അഖില റഷ്യ അടിസ്ഥാനത്തിലുള്ള ഒരു പത്രത്തിന്റെ ആവശ്യകതയെക്കുറിച്ച് ലെനിൻ ഊന്നിപ്പറഞ്ഞു. ലെനിൻ വിശദീകരിച്ചത് ഇങ്ങനെയാണ്: ‘‘ഒരു പത്രം കൂട്ടായ ഒരു പ്രചാരകനും കൂട്ടായ ഒരു പ്രക്ഷോഭകാരിയും മാത്രമല്ല, അത് കൂട്ടായ ഒരു സംഘാടകനും കൂടിയാണ്.’’
ലെനിനെ സംബന്ധിച്ചിടത്തോളം, കേന്ദ്രീകൃതമായ എല്ലാ വിഭവങ്ങളോടും കൂടിയ മുതലാളിത്ത ഭരണകൂടത്തിന്റെ ശക്തിയെ നേരിടുന്നതിന് കേന്ദ്രീകൃതമായ ഒരു പാർട്ടി തികച്ചും അനിവാര്യമാണ്.
ഉൾപ്പാർട്ടി ജനാധിപത്യം
പാർട്ടിയുടെ എല്ലാ തലങ്ങളിലും കേന്ദ്രീകരണത്തിന്റെ തത്വത്തെ ജനാധിപത്യത്തിന്റെ പ്രയോഗവുമായി കൂട്ടിയോജിപ്പിക്കേണ്ടതുണ്ട്. എന്നാൽ, എന്തുചെയ്യണം? എന്ന കൃതി രചിക്കുന്ന സമയത്ത് ഭരണകൂടത്തിന്റെ അടിച്ചമർത്തൽ വളരെ ഉയർന്ന അളവിലായിരുന്നതിനാൽ ഉൾപ്പാർട്ടി ജനാധിപത്യം പ്രയോഗത്തിൽ വരുത്തുന്നത് സാധ്യമായിരുന്നില്ല; എല്ലാ തലങ്ങളിലുമുള്ള കമ്മിറ്റികളിലേക്ക് തിരഞ്ഞെടുപ്പും സാധ്യമായിരുന്നില്ല; അതിനാൽ കേന്ദ്രീകരണതത്വം അന്ന് മേൽക്കെെ നേടി.
എന്നാൽ, 1905ലെ വിപ്ലവത്തിനുശേഷം, വലിയ തോതിൽ രാഷ്ട്രീയ സ്വാതന്ത്ര്യം ഉണ്ടായിരുന്നപ്പോൾ എല്ലാ തലങ്ങളിലെയും പാർട്ടി കമ്മിറ്റികളുടെ രൂപീകരണത്തിൽ തിരഞ്ഞെടുപ്പിന്റെ തത്വം നടപ്പിലാക്കണമെന്ന് ലെനിൻ ആഹ്വാനം ചെയ്തു. സെൻട്രൽ കമ്മിറ്റിയുടെ അധികാരങ്ങൾ, കീഴ്-കമ്മിറ്റികൾക്ക് വലിയ അളവിൽ സ്വയം ഭരണാധികാരം ലഭിക്കുന്ന തരത്തിൽ കുറയ്ക്കപ്പെട്ടു. 1906ൽ ആർഎസ്ഡിഎൽപിയുടെ 4–ാം കോൺഗ്രസിന്റെ കാലത്ത് ജനാധിപത്യ കേന്ദ്രീകരണ തത്വം എല്ലാവരും അംഗീകരിക്കുന്ന സ്ഥിതി വരുകയും പാർട്ടിയുടെ ചട്ടങ്ങളിൽ അതുൾപ്പെടുത്തുകയും ചെയ്തു. ജനാധിപത്യകേന്ദ്രീകരണം എന്നാൽ അർഥം പാർട്ടി കമ്മിറ്റികൾക്കുള്ളിൽ വിപുലമായ ചർച്ചകൾ നടക്കണമെന്നാണ്; എന്നാൽ ഒരു തീരുമാനത്തിലെത്തിക്കഴിഞ്ഞാൽ ഒറ്റക്കെട്ടായി അത് നടപ്പാക്കുകയും വേണം.
പാർട്ടി സംഘടനയെ സംബന്ധിച്ച ലെനിനിസ്റ്റ് സങ്കൽപ്പനം, സിദ്ധാന്തത്തെയും പ്രയോഗത്തെയും സംബന്ധിച്ച ഊർജസ്വലമായ ഉൾപ്പാർട്ടി സംവാദങ്ങളെയും ചർച്ചകളെയും നിയന്ത്രിക്കുകയും ഒഴിവാക്കുകയും ചെയ്യുന്നതല്ല. മറിച്ച്, വിപുലമായ സംവാദങ്ങൾക്കും ചർച്ചകൾക്കുമുള്ള സാധ്യത തുറന്നിടുന്നതാണത്; എന്നാൽ കേന്ദ്രീകൃതമായ ഒരു രാഷ്ട്രീയ ലെെനിനെ അടിസ്ഥാനമാക്കി പ്രവർത്തനത്തിൽ ഐക്യം ഉണ്ടായിരിക്കണമെന്നാണ് അത് നിർദേശിക്കുന്നത്.
ജനാധിപത്യകേന്ദ്രീകരണം
സംഘടനയെക്കുറിച്ചുള്ള ലെനിനിസ്റ്റ് സിദ്ധാന്തത്തിന്റെ ആറ്റിക്കുറുക്കിയ രൂപമാണ് ജനാധിപത്യകേന്ദ്രീകരണം. വിപ്ലവ പാർട്ടി പ്രവർത്തിക്കുന്ന മൂർത്തമായ സാഹചര്യത്തിൽ പ്രാബല്യത്തിലാക്കേണ്ട കേന്ദ്രീകരണവും ജനാധിപത്യവും സംയോജിപ്പിക്കപ്പെട്ട ചട്ടക്കൂടാണത്.
ജനാധിപത്യകേന്ദ്രീകരണം എന്ന വിഷയത്തിന്റെ ഉൾക്കാമ്പ് കേവലം പാർട്ടിയുടെ സംഘടനാസംവിധാനം മാത്രമല്ല, മറിച്ച് കമ്യൂണിസ്റ്റ് പാർട്ടിയുടെ അടിസ്ഥാനപരമായ പങ്കാണത്. മുതലാളിത്ത സംവിധാനത്തിനുള്ളിൽനിന്നുതന്നെ പ്രവർത്തിക്കുകയെന്ന കാഴ്ചപ്പാടുള്ള സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടികളെ സംബന്ധിച്ചിടത്തോളം വിപ്ലവസംഘടനയുടെ ആവശ്യംതന്നെ ഉദിക്കുന്നില്ല. അതിനാൽ അവരെ സംബന്ധിച്ചിടത്തോളം ജനാധിപത്യകേന്ദ്രീകരണമെന്നത് എതിർക്കപ്പെടേണ്ടതാണ്. മുതലാളിത്തത്തെയും ഭരണവർഗ വ്യവസ്ഥയെയും അട്ടിമറിക്കാനും തൽസ്ഥാനത്ത് ക്രമേണ സോഷ്യലിസ്റ്റ് വ്യവസ്ഥ സ്ഥാപിക്കാനുംവേണ്ടി പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റു പാർട്ടിയെ സംബന്ധിച്ചിടത്തോളം, ശക്തമായ ഭരണകൂടത്തിനും മേധാവിത്വം പുലർത്തുന്ന ഭരണവർഗങ്ങൾക്കും എതിരായി രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും സംഘടനാപരമായും പോരാട്ടം നടത്തുന്നതിന് സജ്ജമായിട്ടുള്ള ഒന്നായിരിക്കണം പാർട്ടി സംഘടന. അത്തരമൊരു പാർട്ടി സംഘടനയ്ക്ക് അതെത്രത്തോളം സ്ഥിരവും കാലദെെർഘ്യമുള്ളതുമാണെങ്കിലും, പാർലമെന്ററി ജനാധിപത്യസംവിധാനത്തിൽ തിരഞ്ഞെടുപ്പുകളെ നേരിടാൻ വേണ്ടിമാത്രം സജ്ജീകരിക്കപ്പെട്ടതായിരിക്കാൻ കഴിയില്ല; അല്ലാത്തപക്ഷം ബൂർഷ്വാ ഭരണകൂടത്തിന്റെ അധീശാധിപത്യ ചട്ടക്കൂടിനുള്ളിൽ ലഭ്യമായ ജനാധിപത്യാവകാശങ്ങളും സ്ഥാപനങ്ങളും ഉപയോഗപ്പെടുത്തുന്നതിലും പ്രയോഗിക്കുന്നതിലും മാത്രം ഏർപ്പെടാനേ അതിനു കഴിയൂ. നിർണായകമായ പ്രശ്നം തൊഴിലാളിവർഗത്തെയും വിപ്ലവ ബഹുജന പ്രസ്ഥാനത്തെയും സംഘടിപ്പിക്കാനും നയിക്കാനും സജ്ജമായിട്ടുള്ളതാണോ പാർട്ടി എന്നതാണ്.
പാർട്ടിയെ സംബന്ധിച്ച ലെനിന്റെ സങ്കൽപ്പനം ഇത്തരത്തിലുള്ള ഒരു വിപ്ലവ ബഹുജനപ്രസ്ഥാനം സജ്ജീകരിക്കാനും വികസിപ്പിക്കാനും കഴിയുന്ന ഒരു സംഘടന കെട്ടിപ്പടുക്കുകയെന്നതാണ്. ഇതിനായിട്ടാണ് തൊഴിലാളിവർഗത്തിലെ ഏറ്റവും പുരോഗതി പ്രാപിച്ച വിഭാഗങ്ങളെ പാർട്ടിയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞത്; അത്തരം വിഭാഗങ്ങളെ മാത്രമാണ് രാഷ്ട്രീയബോധമുള്ളവരാക്കാനും ആ നിലയിൽ മുന്നണിപ്പടയിൽ ഉൾപ്പെടുത്താനും കഴിയുന്നത്. ഇത്തരത്തിലുള്ള സംഘടനയെ വർഗസമരത്തിലൂടെയും ബഹുജന പ്രസ്ഥാനങ്ങളിലൂടെയും ഉരുക്കുപോലെ ഉറപ്പുള്ളതാക്കുകയും ഏതു സാഹചര്യത്തിലും – നിയമവിധേയമായും അർധനിയമവിധേയമായും നിയമവിരുദ്ധമായും– പ്രവർത്തിക്കാൻ കഴിവുറ്റതാക്കുകയും വേണം. നിലവിലുള്ള സാഹചര്യത്തിനനുസരിച്ച് സമരരൂപങ്ങൾ മാറ്റാൻ കഴിയുന്ന സംഘടനയെ യാണ് രാഷ്ട്രീയം അനിവാര്യമാക്കുന്നത്. ഇതിന് കേന്ദ്രീകൃതമായ ഒരു പാർട്ടിയാണ് ആവശ്യം. മാർക്സിസത്തെയും വർഗസമരത്തെയും ആധാരമാക്കിയ ഒരു പാർട്ടിയെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുയോജ്യമായ സംഘടനാതത്വം ജനാധിപത്യകേന്ദ്രീകരണമാണ്. വർഗസമരം കൂട്ടായ ഒരു പ്രവർത്തനമാണ്. ജനാധിപത്യകേന്ദ്രീകരണം കൂട്ടായി തീരുമാനമെടുക്കുന്നതിനെയും കൂട്ടായ പ്രവർത്തനത്തെയും പ്രോത്സാഹിപ്പിക്കുന്നു; ചിന്തിക്കാനുള്ള സ്വാതന്ത്ര്യം അതനുവദിക്കുന്നു; പ്രവർത്തനത്തിൽ ഐക്യം അതിന് അനിവാര്യമാണ്.
പല കമ്യൂണിസ്റ്റ് പാർട്ടികളും ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ പ്രവർത്തിച്ചത് വിപ്ലവാത്മകമല്ലാത്ത സാഹചര്യത്തിലാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ രണ്ട് പതിറ്റാണ്ടിലും സാഹചര്യം ഏറെക്കുറെ ഇതുതന്നെയാണ്. എന്നാൽ ഇതിൽ അധികം പാർട്ടികളും അതിജീവിച്ചത് അവ ജനാധിപത്യകേന്ദ്രീകരണത്തെ അവലംബിച്ചതുകൊണ്ടാണ്. പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ എന്തെല്ലാം പിശകുകളും പോരായ്മകളുമുണ്ടെങ്കിലും ജനാധിപത്യകേന്ദ്രീകരണമാണ് ഒരു വിപ്ലവ പാർട്ടി എന്ന നിലയിലുള്ള സാധ്യതയോടുകൂടി അവയെ സജീവമായി നിലനിർത്തിയത്. എവിടെയെല്ലാം ആ പാർട്ടികൾ ജനാധിപത്യകേന്ദ്രീകരണത്തെ കെെവെടിഞ്ഞുവോ അവിടെയെല്ലാം അവ കമ്യൂണിസ്റ്റു പാർട്ടികൾ അല്ലാതായി മാറുകയോ ശിഥിലമായിപ്പോവുകയോ ചെയ്തിട്ടുണ്ട്. ഇതിന്റെ ഉത്തമദൃഷ്ടാന്തമാണ് 1980കളുടെ തുടക്കംവരെ സോഷ്യലിസ്റ്റ് രാജ്യങ്ങൾക്കു പുറത്തുള്ള ഏറ്റവും വലിയ പാർട്ടി ആയിരുന്ന ഇറ്റാലിയൻ കമ്യൂണിസ്റ്റു പാർട്ടി. എന്നാൽ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കും വളരെ മുൻപേതന്നെ അത് ആദ്യം ജനാധിപത്യകേന്ദ്രീകരണത്തെ കെെവെടിയുകയും പിന്നീട് മാർക്സിസത്തെത്തന്നെ ഉപേക്ഷിക്കുകയും ചെയ്തുകൊണ്ട് ആ പാർട്ടി സ്വയം നാശത്തിലേക്കുള്ള (ലിക്വിഡേഷൻ) പ്രയാണം ആരംഭിച്ചിരുന്നു.
ഇരുപതാം നൂറ്റാണ്ടിലെ വിപ്ലവങ്ങളുടെ ചരിത്രപരമായ അനുഭവം സംഘടനയെ സംബന്ധിച്ച ലെനിന്റെ സിദ്ധാന്തത്തിന്റെയും വിപ്ലവം നടത്തുന്നതിൽ ജനാധിപത്യകേന്ദ്രീകരണത്തിന്റെ പ്രയോഗത്തിന്റെയും സാധുതയെ സ്ഥിരീകരിക്കുന്നു.
1964 ൽ രൂപീകരിക്കപ്പെട്ടപ്പോൾ തന്നെ സിപിഐ എം അതിന്റെ തന്ത്രപരമായ രേഖ–പാർട്ടി പരിപാടി– അംഗീകരിച്ചു. അതിനോടൊപ്പംതന്നെ, ജനാധിപത്യ കേന്ദ്രീകരണത്തിന്റെ അടിസ്ഥാനത്തിൽ പാർട്ടി സംഘടനയെ പുനഃസംഘടിപ്പിക്കുകയെന്ന കടമയും ഏറ്റെടുത്തു. അവിഭക്ത പാർട്ടിയിലെ റിവിഷനിസം ജനാധിപത്യ കേന്ദ്രീകരണമെന്ന സംഘടനാതത്വത്തെ നശിപ്പിച്ചതിനാലാണ് ഇത് അനിവാര്യമായത്. ഇപ്പോഴും നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഒരു കടമയാണിത്. ഇന്ത്യയിൽ നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന സമൂർത്ത സാഹചര്യങ്ങളിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിന്റെ അനുഭവം, ജനാധിപത്യ കേന്ദ്രീകരണത്തെ അടിസ്ഥാനമാക്കി പാർട്ടി കെട്ടിപ്പടുക്കുന്നതിനുള്ള പോരാട്ടം തുടരേണ്ടതിന്റെ അനിവാര്യതയെയാണ് വെളിപ്പെടുത്തുന്നത്. ♦