അതിദാരിദ്ര്യനിർമാർജനം
♦ നിതി ആയോഗ് പ്രസിദ്ധീകരിച്ച ബഹുമുഖ ദാരിദ്ര്യ സൂചിക (മൾട്ടി ഡൈമെൻഷണൽ പോവർട്ടി ഇൻഡക്സ്)-യിൽ 2019-–2021-ൽ കേരളം ഒരിക്കൽക്കൂടി (ദാരിദ്ര്യ സൂചിക കേവലം 0.55%) രാജ്യത്തെ അതിദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമായി ഉയർന്നിട്ടുണ്ടെങ്കിലും, 2025 നവംബർ 1-ഓടുകൂടി രാജ്യത്തെ ആദ്യത്തെ അതിദാരിദ്ര്യരഹിത സംസ്ഥാനമായി മാറ്റാനുള്ള പ്രതിബദ്ധത എന്റെ സർക്കാർ ദൃഢനിശ്ചയത്തോടെ തുടരുന്നതാണ്. കണ്ടെത്തിയിട്ടുള്ള 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽനിന്നും ഉയർത്തിക്കൊണ്ടുവരുന്നതിനുള്ള സൂക്ഷ്മ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. അതിദാരിദ്ര്യനിർമാർജന പദ്ധതിയുടെ ഒന്നാംഘട്ടം അവസാനിച്ച് 2023 നവംബറിൽ ഈ കുടുംബങ്ങളിൽ 47.89ശതമാനം അതിദാരിദ്ര്യത്തിൽനിന്നും മുക്തമായിട്ടുണ്ട്.
പുനർഗേഹം പദ്ധതി
♦ വേലിയേറ്റ മേഖലയിലെ 50 മീറ്ററിനുള്ളിൽ അധിവസിക്കുന്ന മുഴുവൻ കുടുംബങ്ങളെയും മാറ്റി പാർപ്പിച്ചുകൊണ്ട് പുനരധിവസിപ്പിക്കുന്നതിനുള്ള അഭിമാനാർഹ സംരംഭമായ പുനർഗേഹം പദ്ധതി എന്റെ സർക്കാർ നടപ്പിലാക്കി വരികയാണ്. 3917 കുടുംബങ്ങളെ ഇതിനകം വിജയകരമായി മാറ്റി പാർപ്പിച്ചിട്ടുള്ളതും ഇവരെ 3527 വീടുകളിലും 390 ഫ്ലാറ്റുകളിലുമായി താമസിപ്പിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.
മാലിന്യമുക്ത സംസ്ഥാനം
♦ ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിന്റെ ഭാഗമായി സമൂലമായ ഒരു ശുചിത്വ-–ശുചീകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകുന്നു; ഇതിന്റെ ഭാഗമായി എന്റെ സർക്കാർ ശാസ്ത്രീയമായ മാലിന്യസംസ്കരണത്തിനുള്ള ഒരു സംവിധാനം സംസ്ഥാനത്ത് അതിവേഗം രൂപംപ്രാപിച്ചു വരുന്നുമുണ്ട്. മാലിന്യസംസ്കരണ മേഖലയിൽ ഹരിത കർമ്മ സേനവഴി സ്ത്രീകൾക്കായി 36,000 തൊഴിൽ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. സർക്കാർ 2024 മാർച്ചിൽ സംസ്ഥാനത്തെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായുള്ള അശ്രാന്ത പരിശ്രമത്തിലാണ്.
അഡ്വാൻസ്ഡ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്
♦ ആരോഗ്യ രംഗത്ത് അഞ്ചു വർഷംകൊണ്ട് 265 കോടി രൂപയുടെ നിക്ഷേപമുള്ള അഡ്വാൻസ്ഡ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് (ഐ.എ.വി) ഉൾപ്പെടെയുള്ള പദ്ധതികൾക്ക് എന്റെ സർക്കാർ തുടക്കം കുറിച്ചിട്ടുണ്ട്. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് വൈറൽ റിസർച്ചിലും രോഗ നിർണ്ണയത്തിലും നിപ്പ പ്രതിരോധിക്കുന്നതിനുള്ള മെണോക്ലോണൽ ആന്റിബോഡികളുടെ ഗവേഷണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. മൈക്രോബയോട്ടയിലെയും ന്യൂട്രീഷൻ ഫാർമസ്യൂട്ടിക്കൽ സയൻസിലെയും ഇന്റർഡിസിപ്ലിനറി ഗവേഷണം മെച്ചപ്പെടുത്തുന്നതിനും വാണിജ്യവത്കരിക്കുന്നതിനുമായി സെന്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോ ബയോം (CoEM)ഉും സെന്റർ ഓഫ് എക്സലൻസ് ഇൻ ന്യൂട്രാസ്യൂട്ടിക്കൽസും 2023-ൽ സ്ഥാപിതമായിട്ടുണ്ട്.
നിശ്ശബ്ദ വ്യവസായ വിപ്ലവം
♦ 2022–-23-ൽ തുടക്കം കുറിച്ച് സംരംഭകവർഷം പദ്ധതി സംസ്ഥാനത്തിനകത്ത് ഒരു നിശ്ശബ്ദ വ്യവസായ വിപ്ലവത്തിന് തിരികൊളുത്തുകയുണ്ടായി. പ്രസ്തുത പദ്ധതിയുടെ 2023-–24-ലും പ്രതിഫലിക്കുന്ന തുടർച്ചയായ ഉജ്ജ്വലവിജയം കേരളം വ്യവസായസൗഹൃദമല്ലായെന്ന മിഥ്യാധാരണകളെ ഇല്ലാതാക്കുന്നതാണ്. കേരളത്തിലെ പ്രഥമ സ്വകാര്യ വ്യവസായ പാർക്കിന്റെ ഉദ്ഘാടനം സംസ്ഥാനത്തെ വ്യവസായവത്കരണത്തിൽ ഒരു പുതിയ യുഗത്തിന്റെ നാന്ദി കുറിക്കുന്നതായിരിക്കും. സവിശേഷമായ 2022-ലെ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ടിൽ ഏഷ്യയിൽ ഏറ്റവും ഉന്നതസ്ഥാനവും ലോകത്ത് നാലാം സ്ഥാനവും നേടിക്കൊണ്ട് സംസ്ഥാനം ഗ്ലോബൽ സ്റ്റാർട്ടപ്പ് ഭൂപടത്തിൽ സുപ്രധാന നാഴികക്കല്ല് കൈവരിച്ചിട്ടുണ്ട്.
15-–ാം ധനകാര്യ കമ്മീഷനിൽ
കേന്ദ്ര വിഹിതം പകുതിയായി കുറഞ്ഞു
♦ കാലാകാലങ്ങളിലുള്ള ധനകാര്യ കമ്മീഷനു കളുടെ അവാർഡുകളിൽ വരുന്ന സ്ഥായിയായ കുറവ് നിർബന്ധമായും ശ്രദ്ധ പിടിച്ചുപറ്റേണ്ട ഒരു വസ്തുതയാണ്. ധനകാര്യ കമ്മീഷന്റെ കാലയളവിൽ (1995-–2000) കേന്ദ്രസർക്കാരിൽ നിന്നുള്ള നികുതി വിഹിതം 3.88 ശതമാനമെന്നതിൽ നിന്നും 15–ാം ധനകാര്യ കമ്മീഷന്റെ കാലയളവിൽ (2021-–2026) കേവലം 1.92 ശതമാനമായി കുറഞ്ഞിട്ടുണ്ട് എന്നതിന് കേരളം സാക്ഷ്യം വഹിക്കുന്നുണ്ട്.
തനത് നികുതി വരുമാനം വർദ്ധിച്ചു
♦ എന്റെ സർക്കാർ 2022-–23-ൽ തനത് നികുതി വരുമാനം 71,968 കോടി രൂപയായി വിജയകരമായ നിലയിലേക്ക് ഉയർത്തിക്കൊണ്ട് മുൻവർഷത്തെ അപേക്ഷിച്ച് ഏകദേശം 13,600 കോടി രൂപയുടെ അല്ലെങ്കിൽ 23.4 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് റവന്യൂ വരുമാന സമാഹരണ പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനമാണ് കേരളം.
കുട്ടികൾക്ക് യഥാർത്ഥ ചരിത്രം പഠിക്കാം
♦ ദേശീയ സംസ്ഥാന തലങ്ങളിൽ പാഠ്യപദ്ധതി പരിഷ്കരണങ്ങൾ പുരോഗമിക്കവേ, 6 മുതൽ 12 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽനിന്ന് ചില ഭാഗങ്ങൾ NCERT നീക്കം ചെയ്തിട്ടുണ്ട്. NCERT നീക്കംചെയ്ത പ്രധാന ഭാഗങ്ങളിൽ, മുഗൾ ചരിത്രവും ഇന്ത്യയുടെ വിഭജനവും, മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വം, പഞ്ചവത്സര പദ്ധതി, അടിയന്തരാവസ്ഥ, ഇന്ത്യയിലെ ജനകീയ പോരാട്ടങ്ങൾ, ഇന്ത്യയിലെ സാമൂഹിക വ്യവസ്ഥിതികളും ജാതി സമ്പ്രദായവും എന്നിവ ഉൾപ്പെടുന്നതാണ്. ആയതിനാൽ, കുട്ടികളിൽ ചരിത്രപരവും സാമൂഹ്യവുമായ അവബോധം ഉറപ്പാക്കുന്നതിനായി ഹ്യുമാനിറ്റീസിൽ കേരളം കൂടുതൽ പാഠപുസ്തകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നാല് വിഷയങ്ങളിൽ, കൂടുതലായി ആറ് പാഠപുസ്തകങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
സ്കോളർഷിപ്പ് വർദ്ധിപ്പിച്ചു
♦ നടപ്പുവർഷകാലയളവിൽ, എഡ്യൂക്കേഷണൽ അസിസ്റ്റൻസ് ആൻഡ് സ്കോളർഷിപ്പ് സ്കീംസും ഒ.ബി.സി വിദ്യാർത്ഥികൾക്കായുള്ള ഓവർസീസ് സ്കോളർഷിപ്പ് സ്കീമും വഴി മൊത്തം 1,73,982 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകളും ഗ്രാന്റുകളും നൽകിയിട്ടുണ്ട്. എന്റെ സർക്കാർ 2023-–2024 കാലയളവിൽ 35,000-ൽപരം എസ്.സി വിദ്യാർത്ഥികൾക്ക് ലംപ്സം ഗ്രാന്റും, 11,619 എസ്.സി. വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പന്റും, 2.5 ലക്ഷത്തിൽപരം എസ്.സി. വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായവും, 10,834 എസ്.സി വിദ്യാർത്ഥികൾക്ക് പ്രത്യേക ഇൻസെന്റീവും, 6,334 എസ്.സി. വിദ്യാർത്ഥികൾക്ക് അയ്യങ്കാളി സ്കോളർഷിപ്പും വിതരണം ചെയ്തിട്ടുണ്ട്. മൊത്തം അതിക്രമ കേസുകളിൽ 140 എണ്ണത്തിൽ ഇരയായ പട്ടികജാതിക്കാർക്ക് സഹായം അനുവദിച്ചിട്ടുണ്ട്.
എസ്.സി വിഭാഗത്തിലെ
ഭിന്നശേഷിക്കാർക്ക് കൂടുതൽ ആനുകൂല്യം
♦ എന്റെ സർക്കാർ എസ്.സി വിഭാഗങ്ങളിൽ ഉൾപ്പെട്ട 85,000-ൽപരം ഭിന്നശേഷിക്കാരുടെ സാമൂഹിക, സാമ്പത്തിക ശാക്തീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ‘ഏബിൾ കേരള’ നടപ്പിലാക്കാൻ ലക്ഷ്യമിടുന്നു. എസ്.സി. കുടുംബങ്ങളെ ബിസിനസ്സ് ഭവനങ്ങളും ഉൽപാദന കേന്ദ്രങ്ങളുമാക്കി മാറ്റുന്നതിനായി ‘വരുമാനവീട്’ നടപ്പിലാക്കിയിട്ടുണ്ട്. മറ്റൊരു പ്രോഗ്രാമായ “ഹെൽപ് ഔവർ പീപ്പിൾ ഇൻ എമർജെൻസി’’ (HOPE) മാതാപിതാക്കൾ ഇല്ലാത്ത 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസവും മാനസികവുമായ പിന്തുണ നൽകുന്നതിന് ലക്ഷ്യമിടുന്നു.
വ്യവസായം, ഐടി മേഖലകളിൽ
തൊഴിലവസരങ്ങൾ വർദ്ധിപ്പിച്ചു
♦ 2022-–2023-ൽ, സംരംഭക വർഷം സ്കീമിന്റെ ഭാഗമായി, 1,39,840-ൽ അധികം സംരംഭങ്ങൾ ഒരു വർഷത്തിനിടയിൽ തന്നെ സ്ഥാപിക്കപ്പെടുകയും, സമ്പദ–്-വ്യവസ്ഥയിലേക്ക് അതിശയിപ്പിക്കുമാറ് 8422 കോടി രൂപ സന്നിവേശിപ്പിക്കപ്പെടുകയും, 3,00,051- ലധികം ആളുകൾക്ക് ലാഭകരമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്തു. 2021 മുതൽക്ക് 13,092 കോടി രൂപ മുതൽമുടക്കോടെ 2,01,846 സംരംഭങ്ങൾ സംസ്ഥാനത്ത് സ്ഥാപിക്കപ്പെടുകയും 4,53,966 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ വളർച്ചാ സാധ്യതയുള്ള സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങളുടെ വളർച്ച പ്രാപ്യമാക്കുന്നതിനുവേണ്ടി ഒരു വിശേഷാൽ സ്കെയിൽ- – അപ്പ് പാക്കേജ് (മിഷൻ 1000) ആരംഭിച്ചിട്ടുണ്ട്.
നിർമ്മാണ – വ്യവസായ മേഖലകൾ
നല്ല വളർച്ചയിൽ
♦ 2018-–19 മുതൽ 2022-–23 വരെയുള്ള കേരളത്തിലെ നിക്ഷേപവും വളർച്ചയും വികസനവും സംബന്ധിച്ച് എം എസ് എം ഇ എക്സ്പോർട്ട് പ്രൊമോഷൻ നടത്തിയ പഠനത്തിൽ, 2021-–22 സാമ്പത്തിക വർഷത്തെ വ്യാവസായിക വളർച്ചാനിരക്ക് 17.3 ശതമാനമാണ്. നിർമ്മാണ മേഖലയിലെ വളർച്ചാനിരക്കായ 18.9ശതമാനം എന്നത് ദേശീയതല വളർച്ചയായ 18.16 ശതമാനത്തേക്കാളും അല്പം കൂടുതലാണ്. റിപ്പോർട്ടു പ്രകാരം, 2018–-19 മുതൽ 2022-–23വരെ 91,575 കോടി രൂപ മൂല്യമുള്ള പുതിയ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിക്കുകയും, 33,815 കോടി രൂപ മൂല്യമുള്ള പദ്ധതികൾ പൂർത്തീകരിക്കുകയും ചെയ്തു.
മേക്ക് ഇൻ കേരള
♦ 1000 കോടി മുതൽമുടക്കോടെ ‘മേക്ക് ഇൻ കേരള’ സംരംഭം ഉയർന്ന വളർച്ചാസാദ്ധ്യതകളുള്ള 22 മേഖലകളിലുടനീളം നിക്ഷേപം, നവീകരണം, ഉൽപ്പാദനം, തൊഴിൽ സൃഷ്ടിക്കൽ എന്നിവ വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് 18 വ്യത്യസ്ത ഇൻസെന്റീവുകൾക്ക് വ്യവസ്ഥ ചെയ്യുന്നു. K-–SWIFT, കേരള സെൻട്രൽ ഇൻസ്പെക്ഷൻ സിസ്റ്റം (K-–CIS), ‘മീറ്റ് ദി ഇൻവെസ്റ്റർ പ്രോജക്ട് ‘ മുതലായ മുൻനിര നടപടികളിലൂടെ നവീകരണത്തിന്റെയും ബിസിനസ്സ് ഉത്കൃഷ്ടതയുടെയും അഭിവൃദ്ധി പ്രാപിക്കുന്ന സമ്പന്നമായ ഒരു കേന്ദ്രമെന്ന നിലയിൽ കേരളം ഇന്ന് മികച്ച സ്ഥാനത്തെത്തിയിരിക്കുന്നു.
ടൂറിസത്തിന്റെ വളർച്ച
♦ കേരളത്തിന്റെ വിനോദസഞ്ചാര മേഖല കോവിഡിനുശേഷം, കോവിഡിനു മുമ്പുള്ളതിനെക്കാളും 21.12ശതമാനം വർദ്ധനവ് കാണിച്ചു; 2023-ന്റെ ആദ്യ മൂന്നു പാദങ്ങളിൽ, എക്കാലത്തേയും ഉയർന്ന 1,59,68,616 എന്ന ആഭ്യന്തരവരവോടു കൂടി ശ്രദ്ധേയമായ തിരിച്ചുവരവിന് സാക്ഷ്യം വഹിച്ചു. 2022-ലെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ വിദേശ വിനോദ സഞ്ചാരികളുടെ ഈ കാലയളവിലെ സന്ദർശനവും 116.25 ശതമാനത്തോളം കുതിച്ചുയർന്നിട്ടുണ്ട്. 2023 നവംബർ 16-ൽ വിജയകരമായി നടത്തിയ ടൂറിസം ഇൻവെസ്റ്റേഴ്സ് മീറ്റിൽ വെളിവാക്കപ്പെട്ട പ്രകാരം, എന്റെ സർക്കാരിന്റെ നേതൃത്വത്തിൽ ഒരു മുഖ്യ നിക്ഷേപ കേന്ദ്രം എന്ന പദവി, കേരളം ഉറപ്പിച്ചു. ഈ പരിപാടി ഏകദേശം 15,126 കോടി രൂപ മൂല്യമുള്ള ഓഫറുകൾ നേടിയെടുക്കുകയും ചെയ്തു.
ഉദ്യോഗാർത്ഥികളുടെ വിവരങ്ങൾ
ഡിജിറ്റെെസ് ചെയ്തു
♦ പുരോഗമനോന്മുഖമായ ഒരു നീക്കത്തിലൂടെ എന്റെ സർക്കാർ 26 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളുടെ വിവരങ്ങൾ ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്. ഇത് ഉദ്യോഗാർത്ഥികൾക്ക് തടസ്സമില്ലാത്ത ഓൺലൈൻ സേവനങ്ങൾ നല്കുന്നതിന് ഇ-–എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പോർട്ടൽ രൂപീകരിക്കുന്നതിന് വഴിതെളിക്കുകയും ചെയ്തു. കൂടാതെ പ്രവാസി രജിസ്ട്രേഷനുമാത്രമായി ഒരു സമർപ്പിത വെർച്വൽ പ്രവാസി എംപ്ലോയ്-മെന്റ് എക്സ്ചേഞ്ച് സമീപകാലത്ത് ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടുണ്ട്. എന്റെ സർക്കാർ കേരളത്തിലെ തൊഴിൽരഹിതരായ യുവജനങ്ങൾക്ക് സ്വകാര്യമേഖലയിലെ ജോലിസാധ്യതകൾ പ്രയോജനപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ തൊഴിൽദാതാക്കളെ ഒഴിവുകൾ അറിയിക്കാനും തൊഴിലന്വേഷകർക്ക് അവരുടെ യോഗ്യതയുടെയും അഭിരുചിയുടെയും താൽപ്പര്യമുള്ള മേഖലയുടെയും അടിസ്ഥാനത്തിൽ അവ പ്രയോജനപ്പെടുത്തുന്നതിനുമായി ഒരു സ്വകാര്യ തൊഴിൽ പോർട്ടൽ വികസിപ്പിക്കുന്നുണ്ട്.
സോഫ്റ്റ്-വെയർ കയറ്റുമതിയിൽ കുതിപ്പ്
2022–-23-ൽ കേരളത്തിലെ ഐ.ടി പാർക്കുകളുടെ അതായത്, ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർ പാർക്ക് എന്നിവയുടെ സോഫ്റ്റുവെയർ കയറ്റുമതി വരുമാനത്തിൽ ഗണ്യമായ മുന്നേറ്റം കാഴ്ചവച്ച് മതിപ്പുളവാക്കുന്ന രീതിയിൽ 20,921 കോടി രൂപയിൽ എത്തിയിട്ടുണ്ട്. ഇന്ന് ഐ.ടി. പാർക്കുകൾ 2.1 കോടി ചതുരശ്ര അടി ബിൽറ്റ് അപ്പ് സ്പേസ് പ്രദാനം ചെയ്യുന്നതോടൊപ്പം മറ്റൊരു 60 ലക്ഷം ചതുരശ്ര അടി അടുത്ത മൂന്നു വർഷത്തിൽ കൂട്ടിച്ചേർക്കാൻ ഉദ്ദേശിക്കുന്നു.
‘ഇനി ഞാൻ ഒഴുകട്ടെ’
♦ നവകേരള മിഷന്റെ ‘ഇനി ഞാൻ ഒഴുകട്ടെ’ (Let me flow) പ്രചാരണത്തിലൂടെ 2619 കി.മീ. നീർച്ചാലുകൾ പുന:രുജ്ജീവിപ്പിക്കടുകയും, 2,702 കുളങ്ങൾ വീണ്ടെടുക്കുകയും, 4,282 കുളങ്ങളും 14,642 കിണറുകളും പുതുതായി നിർമ്മിക്കുകയും 7362 കിണറുകൾ റീചാർജ്ജ് ചെയ്യുകയും ചെയ്തു. 441 സ്ഥിര തടയണകളും 44,106 താൽക്കാലിക തടയണകളും നിർമ്മിച്ചിട്ടുണ്ട്. നീർച്ചാലുകളുടെ പാർശ്വഭിത്തി സംരക്ഷിക്കുന്നതിന് 36 ലക്ഷത്തിലധികം ചതുരശ്ര അടി കയർ ഭൂവസ്ത്രം വിരിച്ചിട്ടുണ്ട്.
പ്രകൃതി വിഭവങ്ങൾ,
വനവും വന്യജീവിയും, പരിസ്ഥിതിയും
ദുരന്തനിവാരണവും
♦ എന്റെ സർക്കാർ ബഹു. സുപ്രീം കോടതിയിൽനിന്നും അനുകൂല വിധിന്യായം സമ്പാദിച്ച്, അതുവഴി എക്കോസെൻസിറ്റീവ് സോണുകളിൽ (ബഫർ സോണുകൾ) നിന്നും വാസയോഗ്യമായ സ്ഥലങ്ങളെ ഒഴിവാക്കിയും, നവകിരണം പദ്ധതിയിൻ കീഴിൽ 93.6 കോടി രൂപ നൽകി പട്ടികവർഗ്ഗത്തിൽ ഉൾപ്പെടാത്ത 780 കുടുംബങ്ങളെ വനമേഖലയിൽനിന്നും മാറ്റി പാർപ്പിച്ചുകൊണ്ടും ഈ സോണുകളുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിന്നിരുന്ന ആശങ്കകളെ വിജയകരമായി പരിഹരിച്ചു. എന്റെ സർക്കാർ ഇന്ത്യയിൽ ആദ്യമായി വനത്തെ ആശ്രയിച്ച് കഴിയുന്ന 500 ഗോത്രവർഗ്ഗ യുവജനങ്ങളെ സ്പെഷ്യൽ റിക്രൂട്ട്മെന്റുവഴി പി.എസ്.സി മുഖേന ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായി നിയമിക്കുകയും വന സൗഹൃദസദസ്സ് എന്ന കർമ്മ പരിപാടിവഴി ലഭിച്ച 4797 പരാതികളിൽ 4311 എണ്ണം പരിഹരിക്കുകയും മനുഷ്യ – വന്യജീവി സംഘർഷങ്ങളുടെ ഇരകൾക്ക് നഷ്ടപരിഹാരം നൽകുകയും ചെയ്തു.
വിജിലൻസ് വകുപ്പ് കാര്യക്ഷമം
♦ 2023-ൽ വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോ അഭിനന്ദനാർഹമായ രീതിയിൽ ആകെ 1724 മിന്നൽ പരിശോധനകൾ നടത്തി. വിജിലൻസ് വകുപ്പിന്റെ ചരിത്രത്തിൽ ഏറ്റവും ഉയർന്നതെന്ന് രേഖപ്പെടുത്തിയ 55 ട്രാപ്പ് കേസുകളുടെ നിർവ്വഹണം ശ്രദ്ധേയമായ നേട്ടമാണ്. ഫോറൻസിക് സയൻസ് ലബോറട്ടറികളിൽ ഒരു സമർപ്പിത ഡോക്യുമെന്റ് ഡിവിഷൻ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നു. ഇത് അന്വേഷണങ്ങൾക്ക് ആവശ്യമായ നിർണ്ണായക സാമ്പിൾ വിശകലനം ത്വരിതപ്പെടുത്തും.
ജുഡീഷ്യറിയുടെ നവീകരണം
♦ ജുഡീഷ്യറിയെ നവീകരിക്കാനുള്ള എന്റെ സർക്കാരിന്റെ ശ്രമങ്ങൾ കടലാസുരഹിത കോടതികൾ, ഡിക്രി ജനറേഷൻ വെബ് ആപ്ലിക്കേഷൻ, ജാമ്യാപേക്ഷകളിലും റിട്ട് അപ്പീലുകളിലും മെഷീൻ സ്ക്രൂട്ടണി (Machine Scrutiny), അടിയന്തര മെമ്മോകൾ സ്വയമേവ പ്രോസസ്സ് ചെയ്യൽ, കേസ് ഫയലുകളുടെ ലിസ്റ്റിംഗ്, ഇ-ഫയലിംഗിനായുള്ള മൊബൈൽ ആപ്ലിക്കേഷൻ എന്നിവ ആരംഭിച്ചതിലൂടെ പ്രകടമാണ്. ഇന്റർ-ഓപ്പറബിൾ ക്രിമിനൽ ജസ്റ്റിസ് സിസ്റ്റം (ICJS) വിവിധ സംവിധാനങ്ങൾക്കിടയിൽ തടസ്സരഹിത വിവരകൈമാറ്റം സുഗമമാക്കുന്നു. നടപ്പിലാക്കിവരുന്ന മാതൃകാ ഡിജിറ്റൽ കോടതിമുറികളും കടലാസുരഹിത കോടതി സംവിധാനവും ഉപയോഗിച്ച് കോടതി മുറികളിലെ നൂതന സംവിധാനങ്ങളുടെ സംയോജനം നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. അടൂരിൽ കുടുംബകോടതി, നെയ്യാറ്റിൻകരയിൽ ഒരു അഡീഷണൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി, നെടുമങ്ങാട് പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) ആക്ടിനു കീഴിലുള്ള കുറ്റങ്ങൾക്ക് നെടുമങ്ങാട് സ്ഥാപിക്കപ്പെട്ട സ്പെഷ്യൽ കോടതി പോലുള്ള പുതിയ നീതിന്യായ സംവിധാനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
രണ്ട് വർഷത്തിനുള്ളിൽ
1,21,604 പട്ടയങ്ങൾ വിതരണം ചെയ്തു
♦ ‘‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാവർക്കും സ്മാർട്ട് സേവനങ്ങൾ’’ എന്നതാണ് എന്റെ സർക്കാർ ലക്ഷ്യമിടുന്നത്. പട്ടയം സംബന്ധിച്ച പ്രശ്നങ്ങൾ കണ്ടെത്തുന്നതിന് എല്ലാ നിയോജകമണ്ഡലങ്ങളിലും പട്ടയ അസംബ്ലികളും കണ്ടെത്തിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പട്ടയ അദാലത്തുകളും സംഘടിപ്പിച്ച് അർഹരായ ഭൂരഹിതർക്ക് ഭൂമി നല്കുന്നതിന് പട്ടയ മിഷൻ ആരംഭിച്ചു. രണ്ട് വർഷത്തിനുള്ളിൽ 1,21,604 പട്ടയങ്ങൾ വിതരണം ചെയ്തു എന്നത് ശ്രദ്ധേയമാണ്. ഇന്ത്യയിൽ ഭൂപരിഷ്കരണം നടപ്പിലാക്കിയ ആദ്യ സംസ്ഥാനമായ കേരളം, ഭൂപരിധി വ്യവസ്ഥകളുടെ ലംഘനങ്ങൾ തടയുന്നതിനായി യുണീക് തണ്ടപ്പേർ സമ്പ്രദായത്തിനു തുടക്കമിടുകയാണ്. മേഖലാടിസ്ഥാനത്തിൽ പുതുതായി രൂപീകരിച്ച നാല് താലൂക്ക് ലാൻഡ് ബോർഡുകൾ കഴിഞ്ഞ 7 മാസത്തിനുള്ളിൽ 762 ഏക്കർ മിച്ചഭൂമി സെറ്റിൽ ചെയ്തിട്ടുണ്ട്.
വംശഹത്യയെ അപലപിക്കുന്നു
♦ എന്റെ സർക്കാർ വംശഹത്യ എന്ന കുറ്റകൃത്യത്തേയും മനുഷ്യരാശിക്കെതിരെയുള്ള എല്ലാ കുറ്റകൃത്യങ്ങളേയും അസന്ദിഗ്ധമായി അപലപിക്കുന്നു; മരണപരമ്പരയുടേയും നശീകരണത്തിന്റേയും അവ ഉളവാക്കുന്ന നിരാശയുടേയും അന്ത്യം കാണുന്നതിന് ആഗ്രഹിക്കുന്നു. സമാധാനവും പ്രത്യാശയും മനുഷ്യ ജീവനോട് അചഞ്ചലമായ ആദരവുമുളള ഒരു ലോകത്തിനു വേണ്ടിയുളള അഭിലാഷമാണ് നാം മുറുകെപിടിക്കുന്നത്.
ഭരണഘടനയെയും മൂല്യങ്ങളെയും
കാത്തുസൂക്ഷിക്കണം
♦ നമ്മുടെ മഹത്തായ പൈതൃകം കെട്ടിടങ്ങളിലോ സ്മാരകങ്ങളിലോ അല്ലെന്നും, മറിച്ച്, ജനാധിപത്യം, മതനിരപേക്ഷത, ഫെഡറലിസം, സാമൂഹ്യനീതി എന്നീ കാലാതീത മൂല്യങ്ങളോടും ഇന്ത്യൻ ഭരണഘടനയുടെ വിലമതിക്കാനാകാത്ത പൈതൃകത്തോടും നാം കാണിക്കുന്ന ബഹുമാനത്തിലും പരിഗണയിലുമാണെന്നും നമുക്ക് ഓർക്കാം. ഇക്കാലമത്രയും നമ്മുടെ രാഷ്ട്രത്തെ സംഘടിതവും ശക്തവുമായി നിലനിർത്തിയത് സഹകരണ ഫെഡറലിസത്തിന്റെ അന്ത:സത്തയാണ്. ഈ അന്ത:സത്തയ്ക്ക് ശോഷണം സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. ♦