Tuesday, December 3, 2024

ad

Homeഇക്കണോമിക് നോട്ടുബുക്ക്ചൈനയിലെ ഗ്രാമ നഗര സംരംഭങ്ങൾ

ചൈനയിലെ ഗ്രാമ നഗര സംരംഭങ്ങൾ

കെ എസ് രഞ്ജിത്ത്

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌ ‐ 25

ഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിൽ ചൈനയിലുണ്ടായ സാമ്പത്തിക വളർച്ച വിസ്മയകരമാണ്. ലോക സാമ്പത്തിക ചരിത്രത്തിൽ ഇതിനു സമാനതകളില്ല. 1980കളുടെ ആരംഭത്തിൽ വളരെ താഴ്ന്ന നിലയിലായിരുന്നു ചൈനീസ് സമ്പദ്‌വ്യവസ്ഥ സ്ഥിതിചെയ്തിരുന്നത്. പുതിയ സാമ്പത്തിക പരീക്ഷണങ്ങൾക്ക് ചൈന തുടക്കമിടുന്നത് ഈ സമയത്താണ്. ഇങ്ങനെ സാമ്പത്തിക പിന്നോക്കാവസ്ഥയിൽ കിടന്ന ഒരു രാജ്യം ഏതാനും പതിറ്റാണ്ടുകൾ കൊണ്ട് ലോകത്തെ ഏറ്റവും സുപ്രധാന സാമ്പത്തിക ശക്തിയായതും, ആഗോള ഉല്പാദനവ്യവസ്ഥയുടെ കേന്ദ്രമായി മാറുന്നതും, ലോകത്തിന്റെയാകെ നിർമാണശാലയായി മാറിത്തീരുന്നതും പതിറ്റാണ്ടുകൾക്കുള്ളിലാണ്. ആഗോള ഉല്പാദന ശൃംഖലയിൽ ഏറ്റവും നിർണായകപ്രാധാന്യമുള്ള രാജ്യം ഇന്ന് ചൈനയാണ്. ഇലക്ട്രോണിക് ഉപഭോക്തൃ ഉത്പന്നങ്ങളുടെയും നിർമാണ സാമഗ്രികളുടെയും മോട്ടോർ വാഹന നിർമാണ സാമഗ്രികളുടെയും എല്ലാം കാര്യത്തിൽ ഇതാണ് സ്ഥിതി.

സാമ്പത്തികരംഗത്തുണ്ടായ ഈ വളർച്ച ചൈനയിലെ 140 കോടിയിലധികം വരുന്ന ജനങ്ങളുടെ ജീവിതനിലവാരത്തിലുണ്ടാക്കിയ മാറ്റം വമ്പിച്ചതാണ്. ലോകജനസംഖ്യയുടെ ഏതാണ്ട് അഞ്ചിലൊന്ന് ജനങ്ങൾ ചൈനയിലാണ് ജീവിക്കുന്നത് എന്ന വസ്തുത കൂടി ഇവിടെ കണക്കിലെടുക്കേണ്ടതുണ്ട്. വലിയ ജീവിതനിലവാരം നിലനിൽക്കുന്ന ഒട്ടുമിക്ക യൂറോപ്യൻ രാജ്യങ്ങളും വളരെക്കുറഞ്ഞ ജനസഖ്യമാത്രമുള്ളവയാണെന്നു കൂടി ഓർക്കുമ്പോഴാണ് മാനവ വികസന സൂചികകളിൽ ചൈന കൈവരിച്ച ഈ മുന്നേറ്റത്തിന്റെ മാറ്റ് കൂടുന്നത്. (ഏറ്റവുമുയർന്ന ജീവിതനിലവാരമുള്ള സ്കാൻഡിനേവിയൻ രാജ്യങ്ങളിലെ ഏറ്റവും വലിയ രാജ്യമായ സ്വീഡനിലെ ജനസംഖ്യ ഒരു കോടിമാത്രമാണ്, മറ്റൊരു യൂറോപ്യൻ രാജ്യമായ ലക്സംബർഗിലേത് 5 ലക്ഷം മാത്രമാണ് !!) ചൈനയിൽ ദാരിദ്ര്യരേഖയ്ക്ക് താഴെകഴിയുന്ന ജനങ്ങളുടെ ശതമാനം 1981ൽ 73.5 ശതമാനം ആയിരുന്നത് 2005 ആയപ്പോഴേയ്ക്ക് 8.1 ശതമാനമായി കുറഞ്ഞു. കാൽ നൂറ്റാണ്ടിനിടയിൽ 50 കോടിയിലധികം വരുന്ന ജനങ്ങളാണ് ഭൗതികസാഹചര്യങ്ങളിൽ ഇത്തരത്തിലൊരു മുന്നേറ്റം നടത്തിയത്. 1980കളുടെ തുടക്കത്തിൽ ഇന്ത്യയും ചൈനയും ഏതാണ്ടെല്ലാ സാമ്പത്തിക സൂചികകളുടെ കാര്യത്തിലും ഒരേ നിലവാരത്തിലായിരുന്നു. ഏതാണ്ട് ഒരേ കാലയളവിൽ, സാമ്പത്തികരംഗത്ത് ഭരണകൂടത്തിന്റെ നിയന്ത്രണങ്ങൾ നിലനിർത്തിക്കൊണ്ടു പുത്തൻ പരീക്ഷണങ്ങൾ നടത്തിയ ചൈനയും ആഗോളമൂലധനത്തിനു കേവലമായി വാതായനങ്ങൾ തുറന്നു കൊടുത്ത ഇന്ത്യയും എത്തിച്ചേർന്നത് എത്ര വിഭിന്നമായ തലങ്ങളിലാണ് എന്നത് വിശദമായി പരിശോധിക്കപ്പെടേണ്ടതാണ്.

തൊണ്ണൂറുകളുടെ തുടക്കത്തിൽ ചൈനയ്ക്ക് കൈവരിക്കാൻ കഴിഞ്ഞ സാമ്പത്തിക മുന്നേറ്റങ്ങൾ ദശകങ്ങളോളം തുടർച്ചയായി നിലനിർത്തുവാൻ കഴിയുമെന്ന് സാമ്പത്തികവിദഗ്‌ദരും തന്നെ തുടക്കത്തിൽ വിശ്വസിച്ചിരുന്നില്ല. സമ്പദ്‌വ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തിക്കൊണ്ടുപോവുക എന്നതുമാത്രമല്ല വെല്ലുവിളി, കമ്പോളത്തിന്റെ സങ്കേതങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ത്വരിത സാമ്പത്തിക വളർച്ച കൈവരിക്കുന്ന നടപടികൾ സ്വീകരിക്കുന്നത് ചൈനയുടെ രാഷ്ട്രീയ വ്യവസ്ഥയെത്തന്നെ അട്ടിമറിക്കുമെന്നും പാശ്ചാത്യ പണ്ഡിതർ പലരും വിധിയെഴുതി. പക്ഷേ സമ്പദ്‌വ്യസ്ഥയ്ക്കൊപ്പം രാഷ്ട്രീയഘടനയും അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും അവിടെ കൂടുതൽ ദൃഢമാകുന്ന കാഴ്ചയാണ് ലോകം കണ്ടത്. ഇത് ചൈനയ്ക്ക് സാധ്യമായത് എന്തുകൊണ്ടാണ്? ചൈനയുടെ വികസന മാതൃകകളിൽ വളരെ തനതായ സവിശേഷതകൾ എന്തെങ്കിലുമുണ്ടോ? സാമ്പത്തിക പരിണാമത്തിന്റെ ഈ കാലയളവിൽ ഏകമുഖമായ സമീപനങ്ങളാണോ ചൈന കൈക്കൊണ്ടിരുന്നത്? ഇങ്ങനെ ഇത് സംബന്ധിച്ച ചോദ്യങ്ങൾ നിരവധിയാണ്. സാമ്പത്തികമായ പുതിയ യുഗത്തിലേക്ക് ചുവടുവെച്ച ചൈനയുടെ സാമ്പത്തിക പരിഷ്കരണങ്ങളുടെ ആദ്യഘട്ടത്തിൽ നിർണായക പങ്കുവഹിച്ച സ്ഥാപനങ്ങളാണ് ടൗൺ ആൻഡ് വില്ലേജ് എന്റർപ്രൈസസ് (Town and Village Enterprises) അഥവാ ടിവിഇകൾ. പ്രാദേശിക ഭരണകൂടങ്ങളുടെ നിയന്ത്രണത്തിലുള്ള ഈ വ്യാവസായിക സംരംഭങ്ങൾ ചൈനയുടെ സാമ്പത്തിക പരിണാമത്തിൽ വഹിച്ച പങ്ക് എന്തായിരുന്നു എന്ന പരിശോധനയാണ് ഇവിടെ നടത്തുവാൻ ശ്രമിക്കുന്നത്.

എൺപതുകൾക്കുശേഷം ചൈന നടപ്പിലാക്കിയത് ഏകമുഖമായ സാമ്പത്തിക തന്ത്രങ്ങളായിരുന്നില്ല എന്നതാണ് ഏറ്റവും സുപ്രധാനമായ കാര്യം. അത് പല ഘട്ടങ്ങൾ അടങ്ങിയതായിരുന്നു. ഓരോ ചുവടുവെയ്പും വളരെ സൂക്ഷ്മതയോടെ നടത്തിയതായിരുന്നു. കാൽ ചവിട്ടുന്ന കല്ലുകളെ വളരെ ശ്രദ്ധാപൂർവം മനസിലാക്കിവേണം ഒരു നദി മുറിച്ചുകടക്കേണ്ടത് എന്ന പഴമൊഴി അക്ഷരാർത്ഥത്തിൽ നടപ്പാക്കിക്കൊണ്ടാണ് അവർ മുന്നോട്ടു പോയത്. പ്രതിസന്ധികളിൽ അകപ്പെട്ടപ്പോഴും ഭൂതകാലത്തെ പഴിപറയാതെ അന്നുണ്ടാക്കിയ നേട്ടങ്ങളെ ഉൾക്കൊണ്ടുകൊണ്ടും തിരുത്തേണ്ടത് തിരുത്തിയുമാണ് അവർ മുന്നേറിയത്. വിപ്ലവാനന്തര കമ്മ്യൂണിസ്റ്റ് ഭരണകൂടം ഊന്നൽ കൊടുത്ത സാർവത്രികമായ വിദ്യാഭ്യാസത്തിന്റെയും ആരോഗ്യരക്ഷാ സൗകര്യങ്ങളടക്കമുള്ള സാമൂഹിക സുരക്ഷാ പദ്ധതികളുടെയും ഗുണഭോക്താക്കളായ വലിയൊരു ജനവിഭാഗമാണ് എൺപതുകളിലെ സാമ്പത്തിക പരീക്ഷണങ്ങൾ സാധ്യമാക്കിയത്. ചൈനയിലെങ്ങും വ്യാപിച്ചുകിടന്നിരുന്ന താഴേത്തട്ടുവരെ ശക്തമായ പ്രാദേശിക ജനാധിപത്യ സ്ഥാപനങ്ങളും അധികാരവികേന്ദ്രീകരണവുമാണ് ആദ്യഘട്ടത്തിൽ നടപ്പിലാക്കിയ പരിഷ്‌കാരങ്ങൾക്ക് തുണയായത് എന്നതാണ് മറ്റൊരു സുപ്രധാന വസ്തുത. പ്രാദേശിക ഭരണസമിതികളുടെ കീഴിലുള്ള ഗ്രാമ-നഗര വ്യവസായ സംരംഭങ്ങൾ ഇതിൽ വഹിച്ച പങ്ക് സുപ്രധാനമാണ്.

ആദ്യഘട്ടത്തിൽ ചൈന നടപ്പിലാക്കിയ പരിഷ്കാരങ്ങൾ മുഖ്യമായും ഊന്നൽ നൽകിയത് അവിടെ ഏറ്റവും സമ്പന്നമായി ലഭ്യമായിരുന്ന മനുഷ്യവിഭവശേഷിയെ ഉപയോഗിപ്പെടുത്തിക്കൊണ്ടുള്ള, സാങ്കേതികവിദ്യാപ്രധാനമല്ലാത്ത, തൊഴിൽ ശക്തിക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള, സാമ്പത്തിക തന്ത്രങ്ങളായിരുന്നു (Labour Intensive Economic Startegies എന്ന് മുഖ്യധാരാ സാമ്പത്തികശാസ്ത്രം ഇതിനെ വിളിക്കുന്നു). ഐഎംഎഫ് കുറിപ്പടിയുമായി സാമ്പത്തിക പരിഷ്കാരങ്ങൾ സമീപകാലത്ത് നടപ്പിലാക്കിയ മറ്റു രാജ്യങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ സമീപനമായിരുന്നു ഇത്. അന്താരാഷ്ട്ര നാണയ നിധി രൂപകൽപന ചെയ്ത, സാമ്രാജ്യത്വ താല്പര്യങ്ങൾക്കുതകുന്ന, മൂലധന കേന്ദ്രീകൃതമായ വികസന തന്ത്രമല്ല ആദ്യഘട്ടത്തിൽ ചൈന സ്വീകരിച്ചത്. ധനമൂലധനത്തിനു വാതിൽ തുറന്നുകൊടുക്കുകയും അതുപയോഗിച്ചു ഇറക്കുമതി ചെയ്യുന്ന വൻകിട യന്ത്രവൽക്കരണങ്ങളിലേക്കു പോകുന്നതിനു പകരം ആദ്യഘട്ടത്തിൽ ചൈന ശ്രമിച്ചത് അവിടെ ഏറ്റവും കൂടുതൽ ലഭ്യമായ ഗുണമേന്മയുള്ള സാമ്പത്തിക ഘടകം – മനുഷ്യ വിഭവ ശേഷി- ഉപയോഗപ്പെടുത്തിയുള്ള ഉല്പാദന സമ്പ്രദായത്തിന് ഊന്നൽ നൽകുക എന്നതായിരുന്നു. ഇതിന് അവർ പ്രാദേശിക ഭരണസമിതികളുടെ നിയന്ത്രണത്തിൽ രൂപവൽക്കരിച്ച ഗ്രാമ-നഗര വ്യവസായ സംരംഭങ്ങളെ (TVE) ഉപയോഗപ്പെടുത്തി.ഇവ നമ്മുടെ നാട്ടിലെ സഹകരണ സംഘങ്ങളുടെ മാതൃക ഏതാണ്ട് പിന്തുടരുന്നവയായിരുന്നു. പലതും പ്രാദേശിക കമ്മ്യൂണിസ്റ്റു ഘടകങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നവ കൂടിയായിരുന്നു. ഇത്തരം രാഷ്ട്രീയ പരിരക്ഷകളുള്ളപ്പോഴും ഈ സ്ഥാപനങ്ങൾ കാര്യക്ഷമമായും ഉല്പാദനക്ഷമമായും നടക്കും എന്ന കാര്യം ചൈനീസ് ഭരണകൂടം ഉറപ്പു വരുത്തിയിരുന്നു. എന്നാൽ 1990കളുടെ അവസാനം സാങ്കേതിക വിദ്യാപ്രധാനമായ, മൂലധനകേന്ദ്രിതമായ രീതിയിലേക്ക് ചൈന വികസന തന്ത്രങ്ങൾ മാറ്റി. പ്രാദേശിക ഭരണകൂടങ്ങളുടെ കീഴിലുള്ള ഗ്രാമ നഗര വ്യവസായ സംരംഭങ്ങൾക്ക് ആദ്യഘട്ടത്തിലുണ്ടായിരുന്ന പ്രാധാന്യം നഷ്ടപ്പെട്ടു.

ചൈന നടപ്പിലാക്കിയ വികസന തന്ത്രങ്ങളെ പൊതുവെ ഇങ്ങനെ ചുരുക്കി കാണാം.

1. മനുഷ്യ വിഭവശേഷിയ്ക്ക് ഊന്നൽ കൊടുത്തുകൊടുള്ള ആദ്യഘട്ടം. ഇതിനായി മനുഷ്യവിഭവശേഷി വർധനവിനായി വന്പിച്ച നിക്ഷേപം നടത്തുക. വിപ്ലവാനന്തര ഭരണകൂടങ്ങൾ ഇതിനായി നടത്തിയ പരിശ്രമങ്ങളുടെ ഗുണഫലം പൂർണമായി ഉപയോഗപ്പെടുത്തുക.

2. സമ്പദ്‌വ്യവസ്ഥ വികസിക്കുന്നതിനനുസൃതമായി കമ്പോളത്തിന്റെ സങ്കേതങ്ങൾക്ക് നിയന്ത്രിത വളർച്ച അനുവദിക്കുക.

3. കുടുംബകേന്ദ്രിതമായ സംരംഭകത്വം അനുവദിക്കുക. അതോടൊപ്പം പ്രാദേശിക ഭരണസമിതികളുടെ നേതൃത്വത്തിലുള്ള സംരംഭങ്ങൾ (TVE ) ആരംഭിക്കുക.

4. താഴേത്തട്ടിൽ വൻതോതിലുള്ള അധികാരവികേന്ദ്രീകരണം നടപ്പിലാക്കുക. ധനപരമായ അധികാരങ്ങൾ പ്രാദേശിക ഭരണ സമിതികൾക്ക് വലിയ അളവിൽ നൽകുക. ആഭ്യന്തര വരുമാനത്തിന്റെ ഏതാണ്ട് 40 ശതമാനവും കൈകാര്യം ചെയ്തിരുന്നത് പ്രാദേശിക ഭരണകൂടങ്ങളായിരുന്നു.

5. മനുഷ്യവിഭവ ശേഷിയിൽ വൻതോതിൽ നിക്ഷേപം നടത്തുക. എല്ലവരെയും സാക്ഷരരാക്കുകയും മികച്ച വിദ്യാഭ്യാസം നേടാനുള്ള അവസരം എല്ലാവർക്കും ഉറപ്പുവരുത്തുകയും ചെയ്യുക. മനുഷ്യവിഭവശേഷിയിൽ നൽകിയ ഈ ഊന്നലാണ് ലോകത്തിന്റെയാകെ നിർമാണശാലയായി ചൈനയെ മാറ്റിത്തീർത്ത പ്രധാന ഘടകം.

ചൈന തങ്ങളുടേതായ വികസന തന്ത്രങ്ങൾ മെനഞ്ഞെടുത്തത് നിരന്തര പരീക്ഷങ്ങളിലൂടെയും അതിൽ നിന്നു കിട്ടുന്ന അനുഭവ പഠനങ്ങളിലൂടെയുമായിരുന്നു. എവിടെ നിന്നെങ്കിലും ഇറക്കുമതി ചെയ്ത ആശയങ്ങളായിരുന്നില്ല അവരെ നയിച്ചത്. ചൈനീസ് സമൂഹത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ഭരണകൂടത്തിനുമുള്ള സ്വാധീനം വെട്ടിച്ചുരുക്കാനുള്ള നീക്കങ്ങൾ ഒരു ഘട്ടത്തിലും അവർ നടത്തിയിരുന്നുമില്ല. ആ സ്വാധീനത്തിന്റെ കരുത്തിലാണ് അവർ വിശ്വസിച്ചത്, എല്ലാ പരീക്ഷണങ്ങളും നടത്തിയത്. ഗ്രാമ-നഗര വ്യവസായ സംരംഭങ്ങളും ഇത്തരമൊരു വലിയ പരീക്ഷണമായിരുന്നു.

മൗ സെ ദൊങ്ങിന്റെ കാലം മുതൽക്കേ ഗ്രാമീണമേഖലകളിലെ ചെറുകിട വ്യവസായസംരംഭങ്ങൾ ചൈനയിൽ സജീവമായിരുന്നു. 1965ൽ 1,22,000 ചെറുകിട സംരംഭങ്ങൾ ഗ്രാമീണ മേഖലയിൽ നിലവിലുണ്ടായിരുന്നു. ഇത് 1970ൽ 4,47000 ആയി വർദ്ധിച്ചു. എന്നാൽ ചില പ്രത്യേക വ്യാവസായിക കാർഷിക മേഖലകളിലായി – ഇരുമ്പ്, സ്റ്റീൽ, വളങ്ങൾ, കാർഷിക മേഖലയിലാവശ്യമായ ഉപകരണങ്ങൾ, ജല വൈദ്യുത പദ്ധതികൾ തുടങ്ങി – ഇവയുടെ പ്രവർത്തനം പരിമിതപ്പെടുത്തിയിരുന്നു. ചൈനയിലെ സാമ്പത്തിക പരിഷ്കാരങ്ങൾ തുടങ്ങിയതിനു ശേഷമാണ് ഇവയുടെ വളർച്ചയിൽ കാര്യമായ കുതിപ്പുണ്ടാകുന്നത്. 1985 ആയപ്പോഴേക്കും TVE കളുടെ എണ്ണം 12 ദശലക്ഷമായി ഉയർന്നു. വ്യവസായിക ഉല്പാദനത്തിൽ ഇവയുടെ പങ്ക് 1970ൽ കേവലം 3 ശതമാനമായിരുന്നത് 1990ൽ 30 ശതമാനമായി ഉയർന്നു. ചൈനീസ് സമ്പദ്‌വ്യവസ്ഥയെ ചലിപ്പിക്കുന്ന ഏറ്റവും സുപ്രധാന ഘടകമായി ഇവയുടെ പ്രവർത്തനം മാറി. 1978ൽ 28 ദശലക്ഷം പേർക്ക് തൊഴിൽ നൽകിയിരുന്ന സ്ഥാനത്ത് 1996ൽ 135 ദശലക്ഷം പേർക്ക് തൊഴിൽ നൽകുന്ന കേന്ദ്രങ്ങളായി ഇവ മാറി. 1978ൽ 48 ദശലക്ഷം യുവാൻ വരുന്ന ഉല്പന്നങ്ങൾ നിർമിച്ചിരുന്ന സ്ഥാനത്ത് 1992ൽ 1.8 ലക്ഷം കോടി ഉല്പന്നങ്ങൾ നിർമിക്കുന്ന സ്ഥാപനങ്ങളായി ഇവ മാറി. ശ്രദ്ധേയമായ ഒരു കാര്യം, മനുഷ്യാധ്വാനത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഉല്പാദനരീതിയായിരുന്നു അവ അവലംബിച്ചിരുന്നത് എന്നതാണ്. സാമ്പത്തിക പരിഷ്‌കാരത്തിന്റെ ആദ്യ ദശകങ്ങളിൽ ചൈന അവലംബിച്ച വികസന തന്ത്രങ്ങളുമായി ചേർന്നു പോകുന്ന ഒന്നായിരുന്നു ഇത്.

പ്രാദേശികമായ കൂട്ടായ്മകളുടെ നിയന്ത്രണത്തിലും ഉടമസ്ഥതിയിലുമായിരുന്നു മഹാഭൂരിപക്ഷം TVEകളും. സർക്കാരിൽ നിന്നും പ്രത്യേക അനുമതി വാങ്ങി TVE കളായി മാറിയ സ്വകാര്യ സംരംഭങ്ങളും ചുരുക്കമായി ഉണ്ടായിരുന്നു. ജനകീയ കൂട്ടായ്മകൾ എന്ന സങ്കൽപം വിപ്ലവാനന്തര ചൈനയിൽ പല സന്ദർഭങ്ങളിലും ഉയർന്നുവന്നിട്ടുള്ള ആശയമാണ്. 1984ൽ ചൈനീസ് കൃഷിവകുപ്പ് മന്ത്രാലയം TVEകളുടെ ഉടമസ്ഥത സംബന്ധിച്ച് നിർവചിക്കുന്നത് ഇപ്രകാരമാണ്. ടൗൺഷിപ്പുകളും വില്ലേജുകളും സ്പോൺസർ ചെയ്യുന്ന സംരംഭങ്ങൾ, കൃഷിക്കാർ അഥവാ മറ്റുരീതിയിലുള്ള കൂട്ടായ്മകൾ, അതുമല്ലെങ്കിൽ വ്യക്തികൾ നേതൃത്വം നൽകുന്നവ, ഇവയെല്ലാം TVEകളുടെ കൂട്ടത്തിൽ പെടുത്താം. പല സംരംഭങ്ങളും പ്രാദേശിക ഭരണകൂടങ്ങൾ ഏറ്റെടുത്തു നടുത്തുന്നവയായിരുന്നു. സ്റ്റേറ്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളവയായിരുന്നില്ല ഈ സംരംഭങ്ങൾ എന്നതാണ് ഏറ്റവും സുപ്രധാനമായ സംഗതി. കമ്പോളവ്യവസ്ഥയ്ക്കുമേൽ ചൈനീസ് ഭരണകൂടം നേരിട്ടുള്ള നിയന്ത്രണങ്ങൾ ചെലുത്തിയിരുന്നപ്പോഴും ആ ഘടനയ്ക്കുള്ളിൽ സ്വകാര്യ പങ്കാളിത്തവും കമ്പോളനിയമങ്ങൾ ബാധകമായ പ്രവർത്തനശൈലിയും കൊണ്ടുവരിക എന്നതായിരുന്നു TVEകളെ സംബന്ധിച്ചുള്ള കാഴ്ചപ്പാട്. പ്രാദേശികവികസനത്തിനുള്ള ഫണ്ടുകൾ കണ്ടെത്താൻ TVEകൾ പ്രാദേശിക ഭരണകൂടങ്ങളെ സഹായിച്ചു.

TVEകളുടെ കയറ്റുമതി, 1995ൽ

Industry Export-output ratio Export Value million US$ FDI- total capital ratio
Toy manufacturing 0.70 579 0.54
Computer Manufacturing 0.65 193 0.54
Apparel manufacturing 0.54 3146 0.36
Sport articles manufacturing 0.54 100 0.39
Leather products manufacturing 0.52 1320 0.41
Watch & clock manufacturing 0.51 91 0.55
Other electric equipment 0.50 63 0.73
Feather products manufacturing 0.47 243 0.28
Hat manufacturing 0.46 29 0.33
Electronic appliances manufacturing 0.44 93 0.67
Knitted products manufacturing 0.41 833 0.33
Footwear manufacturing 0.39 170 0.32
Plastic shoes manufacturing 0.39 61 0.44
Office machines manufacturing 0.36 13 0.40
Electronic parts manufacturing 0.34 276 0.44
Textile manufacturing 0.22 4484 0.17

1978‐89 കാലയളവിലാണ് TVEകൾ വൻവളർച്ച കൈവരിച്ചത്. എന്നാൽ അതിനു ശേഷം പുതിയ രൂപത്തിലുള്ള വ്യവസായ സംരംഭങ്ങൾ ശക്തമായതോടെ TVEകളുടെ വ്യാപനം നിലച്ചു. പലതും സ്വകാര്യ സംരംഭങ്ങളായി പരിണമിച്ചു. 1980കൾക്ക് ശേഷമുണ്ടായ ധനമേഖലയിലെ വികേന്ദ്രീകരണം പ്രാദേശിക ഭരണകൂടങ്ങളെ കൂടുതൽ ശക്തമാക്കി. ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് വലിയ പ്രോത്സാഹനവും അല്ലാത്തവ മറ്റു രീതിയിലുള്ള മാറ്റങ്ങൾക്ക് വിധേയമാക്കപ്പെടുകയും ചെയ്തു . സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ കൈവെക്കാതിരുന്ന മേഖലകളിലാണ് ആദ്യഘട്ടത്തിൽ TVEകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. അക്കാലത്ത് മറ്റു സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള മത്സരം ഗണ്യമായി കുറവായതിനാലും ബാങ്കുകളിൽ നിന്നുള്ള സഹായം ഗണ്യമായി ലഭിച്ചതിനാലും വളരെ ശക്തമായ നിലയിലേക്ക് പരിണമിക്കാൻ ഇവയ്ക്കു കഴിഞ്ഞു. എന്നാൽ 1990കളുടെ മധ്യത്തിനുശേഷം ലാഭകരമായി മുന്നോട്ടുപോകാൻ കഴിയാത്ത TVEകൾ പ്രതിസന്ധിയിലേക്ക് നീങ്ങി.

കമ്പോള നിയമങ്ങളനുസരിച്ച് പ്രവർത്തിക്കുന്നു എന്നതായിരുന്നു മറ്റു പൊതുമേഖലാ സ്ഥാപനങ്ങളെ അപേക്ഷിച്ച് TVEകൾക്കുള്ള വ്യത്യാസം. കമ്പോള വിലയനുസരിച്ച് അസംസ്‌കൃതവസ്തുക്കൾ വാങ്ങുകയും ഉത്പന്നങ്ങൾ വിൽക്കുകയുമാണ് അവ ചെയ്തിരുന്നത്. തൊഴിലാളികളെ ജോലിക്കെടുക്കുന്നതിലും അവരുടെ സേവന വേതന വ്യവസ്ഥകൾ നിർണയിക്കുന്നതിലും TVEകൾക്ക് ചൈനീസ് ഭരണകൂടം സ്വാതന്ത്ര്യം നൽകിയിരുന്നു. കാര്യക്ഷമായി പ്രവർത്തിച്ചില്ലെങ്കിൽ ഭരണകൂടത്തിന്റെയോ പൊതുമേഖലാ ബാങ്കുകളുടെയോ സഹായം ലഭിക്കില്ല എന്ന സാഹചര്യവും നിലനിന്നിരുന്നു. വ്യാവസായിക മേഖലയിലെ കാര്യക്ഷമതയിൽ വലിയൊരു കുതിച്ചുചാട്ടത്തിന് ഇത് സഹായിച്ചു.

OWNERSHIP STRUCTURE OF CHINEESE ENTERPRISES, 1995

Sector                                                                                  Gross industrial output
Value 100 million yuan Percentage of total %
Total 80519 100
State-owned enterprises 25890 32
Collective-owned enterprises 28541 35
Private-owned enterprises 2334 03
Individual-owned enterprises 9632 12
Joint-owned enterprises 652 01
Share-holding enterprises 2727 03
Foreign invested enterprises 10660 13
Others 78 00
of which
Township and village-owned enterprises of which
36257 45
    Township-owned enterprises 11682 15
    Village-owned enterprises 11906 15
    Rural joint/co-operative enterprises 1631 02
    Rural private-owned enterprises 2295 03
    Rural individual-owned enterprises 8742 11

Source: The third national industrial census of China, 1995

ചൈനീസ് സമ്പദ്‌വ്യവസ്ഥയുടെ പരിണാമഘട്ടത്തിൽ അതിനിർണായകമായ പങ്കുവഹിക്കാൻ TVEകൾക്ക് സാധിച്ചു എന്ന് നിസ്സംശയം പറയാം. സർക്കാരിന്റെ നിയന്ത്രണത്തിൽ കമ്പോളശക്തികളെ മിതമായ തോതിൽ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനും, പ്രാദേശികഭരണകൂടത്തിനും അധികാരവികേന്ദ്രീകരണത്തിനും ഇക്കാര്യത്തിൽ എത്രകണ്ട് നിർണായക പങ്കു വഹിക്കാനാവും എന്നതിനും TVEകളുടെ ചരിത്രം വിലപ്പെട്ട പാഠമാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fourteen + six =

Most Popular