ഇക്കണോമിക് നോട്ട്‌ബുക്ക്‐ 65
ഈസ്റ്റ് ഇന്ത്യ കമ്പനി 18ഉം 19ഉം നൂറ്റാണ്ടുകളിൽ നടത്തിയ നിർബന്ധിത വാണിജ്യ കൃഷിയും ഇന്ന് ജനാധിപത്യ ഭരണകൂടങ്ങൾ നിലവിൽ വന്നുകഴിഞ്ഞ ഇന്ത്യ പോലുള്ള പഴയ കോളനി രാജ്യങ്ങളിൽ അന്താരാഷ്ട്ര ഭക്ഷ്യോത്പന്ന കുത്തകകളുടെ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്ന കരാർ കൃഷിസമ്പ്രദായവും തമ്മിൽ പ്രയോഗത്തിൽ കാര്യമായ വ്യത്യാസങ്ങളൊന്നുമില്ല. ആദ്യത്തെ സാഹചര്യത്തിൽ, സൈനികമായി നമ്മുടെ മേൽ ആധിപത്യം സ്ഥാപിച്ച ഒരു ഭരണകൂടത്തിന്റെ ശാസനകളാൽ വാണിജ്യ കൃഷിയിലേർപ്പെടാൻ കർഷക ജനത നിർബന്ധിതരാകുന്നു. രണ്ടാമത്തെ സന്ദർഭത്തിലാകട്ടെ, കമ്പോളത്തിന്റെ ആധിപത്യത്തിൽ നിന്നും കുതറിമാറാൻ നിവൃത്തിയില്ലാത്ത പാവപ്പെട്ട കർഷകർ വാണിജ്യകൃഷിയിലേക്ക് തിരിയുന്നു. ഇവിടെ അധികാരപ്രയോഗത്തിന്റെ രൂപവും ഭാവവും വ്യത്യസ്‍തമാണ് എന്നുമാത്രം. ആധുനികകാലത്തെ കരാർകൃഷിയുടെ രൂപങ്ങൾ ആദ്യം പ്രത്യക്ഷപ്പെട്ടത് അമേരിക്കൻ സമൂഹത്തിലാണ്. ഇവിടെ കാർഷികരംഗത്തെ ഉല്പാദനവും വിതരണവുമെല്ലാം ഭീമൻ ബഹുരാഷ്ട്ര കുത്തകകൾ നേരിട്ട് ഏറ്റെടുത്തിരിക്കുകയാണ് .
കാർഗിൽ കമ്പനിയാണ് ഇതിൽ മുന്നിൽ. ധാന്യങ്ങൾ, പാം ഓയിൽ, കാലിത്തീറ്റ തുടങ്ങി നിരവധി കാർഷിക ഉല്പന്നങ്ങളുടെ ഉല്പാദനത്തിലും സംഭരണത്തിലും വിതരണത്തിലുമെല്ലാം നേരിട്ട് ഇടപെടുന്ന കമ്പനിയാണ് കാർഗിൽ. 165 ബില്യൺ ഡോളർ വാർഷിക വരുമാനമുള്ള, 90 ശതമാനം ഓഹരികളും ഒരു കുടുംബത്തിന്റെ കൈവശമുള്ള കാർഗിൽ കമ്പനിയുടെ സാമ്രാജ്യം 65 രാജ്യങ്ങളിലായി പരന്നുകിടക്കുന്നു. ഒന്നരലക്ഷത്തിലധികം തൊഴിലാളികൾ പണിയെടുക്കുന്ന ഈ കമ്പനി അമേരിക്കയിലെ 25 ശതമാനം ധാന്യ കയറ്റുമതിയും നിയന്ത്രിക്കുന്നു. അമേരിക്കയിലെ ഇറച്ചി വ്യാപാരത്തിന്റെ 22 ശതമാനവും കാർഗിലിന്റേതാണ്. ഈ ഭീമൻ കമ്പനിയാണ് ഇന്ന് തായ്‌ലൻഡിലെ ഏറ്റവും വലിയ പൗൾട്രി പ്രൊഡ്യൂസർ. ഒരു അവികസിത രാജ്യത്തെ കാർഷികമേഖലയിലേക്ക് ഇതുപോലൊരു കമ്പനി കടന്നുവന്നാൽ എന്താണ് സംഭവിക്കുക എന്നത് മനസിലാക്കാൻ അർത്ഥശാസ്‌ത്രത്തിന്റെ ഹരിശ്രീ പോലും അറിയണമെന്നില്ല. ഇതുപോലെ മറ്റൊരു ഭീമൻ കാർഷിക കമ്പനിയാണ് 101 ബില്യൺ ഡോളർ വാർഷികവരുമാനമുള്ള അർച്ചർ ഡാനിയേൽ മിഡ്ലാൻഡ് അഥവാ എഡിഎം. 270ലധികം സസ്യവിളകൾ കൈകാര്യം ചെയ്യുന്ന ഈ കമ്പനിക്ക് ലോകത്താകമാനം 420ൽപരം ഭക്ഷ്യ സംഭരണകേന്ദ്രങ്ങളുണ്ട്. പാരിസ്ഥിതിക മാനദണ്ഡങ്ങൾ തുടർച്ചയായി ലംഘിക്കുന്നതിന് ഈ കമ്പനി എണ്ണമറ്റ കേസുകളാണ് അമേരിക്കയിൽ നേരിടുന്നത്.
67 ബില്യൺ ഡോളർ വാർഷികവരുമാനമുള്ള ബഞ്ചേയാണ് ഇത്തരത്തിൽ പെടുന്ന മറ്റൊരു ഭീമൻ കമ്പനി. 40 രാജ്യങ്ങളിലായി പരന്നുകിടക്കുന്ന ഈ കമ്പനി അന്തരാഷ്ട്ര തലത്തിൽ സോയാബീൻസിന്റെയും ഭക്ഷ്യധാന്യങ്ങളുടെയും വളത്തിന്റെയുമെല്ലാം നിയന്ത്രണങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള അതിഭീമൻ കാർഷിക കന്പനികളാണ് അമേരിക്കയിലെ കാർഷികമേഖലയെ ഏതാണ്ട് പൂർണമായും നിയന്ത്രിക്കുന്നത്. ഇവരുടെ സ്വാധീനം അമേരിക്കയിൽ മാത്രം ഒതുങ്ങുന്നതല്ല. അത് അമേരിക്കയ്ക്ക് പ്രത്യക്ഷമായും പരോക്ഷമായും നിയന്ത്രണങ്ങളുള്ള രാജ്യങ്ങളിലൊക്കെ വ്യാപിച്ചുകിടക്കുന്നു. ഒരിക്കൽ തങ്ങൾക്ക് പ്രവേശനം കിട്ടിയാൽ ആ രാജ്യത്തിലെ കാർഷികമേഖലയെ ഒന്നാകെ തങ്ങളുടെ വരുതിയിലാക്കാൻ ആളും അർത്ഥവും ആവശ്യത്തിലധികമുള്ള ഈ കമ്പനികൾക്ക് നിസ്സാരമായി സാധിക്കും. ഇവർ വെച്ചുനീട്ടുന്ന പ്രലോഭനങ്ങളിൽ അകപ്പെടാതിരിക്കാൻ കമ്പോളങ്ങൾ കാർഷികമേഖലയുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്ന ഒരു രാജ്യത്തിലെ സാധാരണക്കാരായ കർഷകർക്ക് ഒരിക്കലും കഴിയില്ല. ആഗോളകമ്പോളങ്ങൾ ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമായി, 80കളുടെ ആദ്യം നമ്മുടെ നാട്ടിലേക്ക് കടന്നുവന്ന കൊക്കോ കൃഷിയെക്കുറിച്ച് ഈ സന്ദർഭത്തിൽ ഓർക്കാവുന്നതാണ്. വാഴയും ചേമ്പുമെല്ലാം പറിച്ചുകളഞ്ഞു കൊക്കോ നട്ട കർഷകർക്ക് ആദ്യം തരക്കേടില്ലാത്ത വില കിട്ടിയതും പൊടുന്നനെ ഒരു സുപ്രഭാതത്തിൽ വില കുത്തനെ ഇടിഞ്ഞതും കഷ്ടപ്പെട്ട് നനച്ചുവളർത്തിയ കൊക്കോ മരങ്ങൾ അതേപടി നമ്മുടെ കർഷകർ വെട്ടിക്കളഞ്ഞതും പലരും ഓർക്കുന്നുണ്ടാവുമല്ലോ. ഒരു ദേശത്തിന്റെ പാരിസ്ഥിതികസുരക്ഷയ്ക്കും ഭക്ഷ്യസുരക്ഷയ്ക്കും ഉതകുന്ന രീതിയിലാവണം, ദീർഘകാല താല്പര്യങ്ങൾ മുൻനിർത്തിയാകണം കാർഷികനയങ്ങൾ കരുപ്പിടിപ്പിക്കാൻ. അതല്ലാതെ അന്തരാഷ്ട്ര കർഷക കുത്തകകളുടെ ക്ഷണിക താല്പര്യങ്ങൾക്ക് നമ്മുടെ നാട്ടിലെ കർഷകർ വശംവദരാകുകയല്ല വേണ്ടത്.
കൃഷിയുടെ ഓരോ മേഖലയിലും ഓരോ വിളയുടെയും ഓരോ ഘട്ടത്തിലും താല്പര്യങ്ങളുള്ളവരാണ് ഈ കുത്തകക്കമ്പനികളെല്ലാം. ധന്യസംഭരണം പോലുള്ള പ്രക്രിയകളിൽ ഏർപ്പെടുന്ന ഈ കമ്പനികൾ തമ്മിലുള്ള മത്സരം കർഷകർക്ക് അവരുടെ ഉല്പന്നങ്ങൾക്ക് നല്ല വില നൽകില്ലേ എന്ന വാദം ഉയർത്തുന്നവരുണ്ട്. തത്വത്തിൽ ഇത് ശരിയാണ്, എന്നാൽ പ്രയോഗത്തിലോ? വൻതോതിലുള്ള കേന്ദ്രീകരണമാണ് കാർഷികമേഖലയിൽ ലോകത്തെമ്പാടും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മേൽസൂചിപ്പിച്ചവപോലുള്ള വിരലിലെണ്ണാവുന്ന കമ്പനികൾ കാർഷികമേഖലയുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്ന കാഴ്ച എവിടെയും കാണാൻ കഴിയും. ഈ ഭീമൻ കമ്പനികൾ അല്ലെങ്കിൽ അവരുടെ കൂട്ടായ്മകൾ പറയുന്ന വിലയ്ക്ക് തങ്ങളുടെ വിളകൾ നൽകാൻ കർഷകർ നിർബന്ധിതരാകുകയാണ്. താങ്ങുവില, സർക്കാരിന്റെ സംഭരണ കേന്ദ്രങ്ങൾ എന്നിവ ഏതാണ്ട് പൂർണമായും തള്ളിക്കളയുന്ന രീതിയിലേക്ക് വികസ്വര, അവികസിത രാജ്യങ്ങളിലെ സർക്കാരുകൾ നയങ്ങൾ തിരുത്തുകയാണ്.
കാർഷികമേഖലയിലെ തങ്ങളുടെ നിയന്ത്രണം സമ്പൂർണമാക്കാനുള്ള എല്ലാത്തരം ശ്രമങ്ങളും ഈ ഭീമൻ കമ്പനികൾ ചെയ്തു വരുന്നുണ്ട്. ഈ മേഖലയിലെ ഗവേഷണപ്രവർത്തനങ്ങൾ പോലും ഈ ദിശയിലാണ് മുന്നേറുന്നത്. കൃഷിക്കാർ സ്വന്തമായി വിത്തുകൾ ഉല്പാദിപ്പിക്കുന്നത് തടയുന്നതിനു വേണ്ടി നിർമ്മിക്കപ്പെട്ട അന്തക വിത്തുകൾ ഇതിനുദാഹരണം. ഭീമൻ കുത്തകകൾ നൽകുന്ന വിത്തുകൾ വാങ്ങാം, കൃഷി ചെയ്യാം, വിളവെടുക്കാം. പക്ഷേ ആ വിളകളിൽ ഒരു പങ്ക് അടുത്ത കൃഷിക്കായി കരുതിവെയ്ക്കുന്ന പരമ്പരാഗത സമ്പ്രദായം ഇവിടെ നടക്കില്ല. കാരണം രണ്ടാമതൊരു തവണ കൃഷിയിറക്കാൻ പറ്റാത്ത രീതിയിൽ ജനിതക എൻജിനീയറിങ്ങിലൂടെ പരിഷ്കരിച്ചാണ് ഇത്തരത്തിലുള്ള വിത്തുകൾ ഉല്പാദിപ്പിക്കുന്നത്. വിതയ്ക്കണമെങ്കിൽ വീണ്ടും കാശുകൊടുത്ത് തങ്ങളുടെ കയ്യിൽ നിന്നും വാങ്ങിക്കൊള്ളണം! l
(തുടരും )