Wednesday, November 27, 2024

ad

Homeഇവർ നയിച്ചവർപി രാമമൂർത്തി: തമിഴ്‌നാട്ടിൽ കമ്യൂണിസ്റ്റ്‌ പാർട്ടി കെട്ടിപ്പടുത്ത ദേശീയനേതാവ്‌‐ 3

പി രാമമൂർത്തി: തമിഴ്‌നാട്ടിൽ കമ്യൂണിസ്റ്റ്‌ പാർട്ടി കെട്ടിപ്പടുത്ത ദേശീയനേതാവ്‌‐ 3

ഗിരീഷ്‌ ചേനപ്പാടി

നാടുകടത്തപ്പെട്ട പി ആറിനെ അവിടെനിന്ന്‌ രക്ഷപ്പെടുത്താൻ പാർട്ടി തീരുമാനിച്ചു. പി സുന്ദരയ്യയുടെ നേതൃത്വത്തിൽ അതിനുള്ള ആസൂത്രണം നടന്നു. സാഹസികമായിത്തന്നെ രാമമൂർത്തിയെ പാർട്ടി രക്ഷപ്പെടുത്തി. തുടർന്ന്‌ ഒളിവിലിരുന്ന്‌ പാർട്ടി പ്രവർത്തനങ്ങൾക്ക്‌ ഇരുനേതാക്കളും നേതൃത്വം നൽകി. സാമ്രാജ്യത്വവിരുദ്ധ പ്രചാരണത്തിനും പ്രക്ഷോഭത്തിനുമാണ്‌ അവർ കൂടുതൽ ഊന്നൽ നൽകിയത്‌. ഇത്‌ വളരെ വേഗം പൊലീസ്‌ മണത്തറിഞ്ഞു. അതേത്തുടർന്ന്‌ രാമമൂർത്തിയെയും മറ്റു ചില നേതാക്കളെയും ‘ആപൽക്കാരികൾ’ എന്ന്‌ ഗവൺമെന്റ്‌ മുദ്രകുത്തി. ഈ ആപൽക്കാരികളെ അറസ്റ്റു ചെയ്യാൻ പൊലീസിനെ സഹായിക്കുന്നവർക്ക്‌ വലിയ തുക സമ്മാനവും സർക്കാർ പ്രഖ്യാപിച്ചു.

കമ്യൂണിസ്റ്റുകാർ ഒളിവിലിരിക്കുന്ന സ്ഥലം കണ്ടുപിടിക്കാൻ പൊലീസ്‌ പരക്കംപാഞ്ഞു. 1940ൽ രാമമൂർത്തിയും മോഹൻ കുമാരമംഗലവും സി എസ്‌ സുബ്രഹ്മണ്യവും ആർ ഉമാനാഥും കെ എ കേരളീയനും ഹനുമന്ത റാവുവും സുബ്രഹ്മണ്യ ശർമയും ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഈ നേതാക്കൾക്കെതിരെ ഗൂഢാലോചനാ കേസ്‌ സർക്കാർ കെട്ടിച്ചമച്ചു. ബലപ്രയോഗത്തിലൂടെ ഗവൺമെന്റിനെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നതായിരുന്നു അവരുടെമേൽ ആരോപിക്കപ്പെട്ട കുറ്റം. പ്രതികൾക്കുവേണ്ടി പരമാവധി രേഖകൾ സമാഹരിച്ചാണ്‌ കേസ്‌ നടത്തിയത്‌. എന്നാൽ കോടതി രാമമൂർത്തിയുൾപ്പെടെയുള്ള നേതാക്കളെ കഠിനതടവിനാണ്‌ ശിക്ഷിച്ചത്‌.

1942ലാണ്‌ രാമമൂർത്തിയും മറ്റും ജയിൽമോചിതരായത്‌. ആ വർഷം ആഗസ്‌ത്‌ 7, 8 തീയതികളിലായി ബോംബെയിൽ ചേർന്ന എഐസിസി സമ്മേളനമാണ്‌ ‘ക്വിറ്റ്‌ ഇന്ത്യാ പ്രമേയം’ പാസാക്കിയത്‌. സമ്മേളനത്തിൽ പ്രതിനിധിയായിരുന്ന രാമമൂർത്തി ആ പ്രമേയത്തെക്കുറിച്ച്‌ ചില വിയോജിപ്പുകൾ അവതരിപ്പിക്കുകയുണ്ടായി. കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ അഭിപ്രായങ്ങളാണ്‌ അദ്ദേഹം അവതരിപ്പിച്ചത്‌. രാമമൂർത്തി അവതരിപ്പിച്ച ഭേദഗതി നിർദേശങ്ങൾ സമ്മേളനം അംഗീകരിച്ചില്ല.

തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ്‌ തുടർന്ന്‌ രാമമൂർത്തി മുഴുകിയത്‌. നിരവധി പണിമുടക്കുകൾക്കും പ്രക്ഷോഭങ്ങൾക്കും അദ്ദേഹം ഈ കാലയളവിൽ നേതൃത്വം നൽകി. 1946‐47 കാലത്ത്‌ മധുരയിലെ ഹാർവെമിൽ പി ആറിന്റെ നേതൃത്വത്തിൽ വൻ പ്രക്ഷോഭം നടന്നു. സമരം പരാജയപ്പെടുത്താൻ മാനേജ്‌മെന്റും ഗവൺമെന്റും പരമാവധി ശ്രമിച്ചു. മാനേജ്‌മെന്റിന്റെ ഗുണ്ടകൾ തൊഴിലാളികളെ ഭീകരമായി മർദിച്ചു. തൊഴിലാളികൾ തിരിച്ചടിച്ചപ്പോൾ പൊലീസ്‌ ഗുണ്ടകൾക്കൊപ്പം നിലകൊണ്ടു. രാമമൂർത്തി ഉൾപ്പെടെയുള്ള നേതാക്കൾക്കും സജീവ പ്രവർത്തകർക്കുമെതിരെ പൊലീസ്‌ കള്ളക്കേസുകൾ കെട്ടിച്ചമച്ചു. ഗൂഢാലോചനാ കേസാണ്‌ അവയിലൊന്ന്‌. നേതാക്കളിൽ മിക്കവരെയും പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. നേതാക്കൾ ജയിലിലടക്കപ്പെട്ടെങ്കിലും തൊഴിലാളികൾ തോറ്റുകൊടുക്കാൻ തയ്യാറായില്ല. ജനങ്ങളിൽനിന്ന്‌ വലിയ പിന്തുണയാണ്‌ പണിമുടക്കിയ തൊഴിലാളികൾക്ക്‌ ലഭിച്ചത്‌.

ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിക്കുമെന്ന്‌ അപ്പോഴേക്കും ഉറപ്പായിക്കഴിഞ്ഞിരുന്നു. ഗൂഢാലോചനാ കേസ്‌ അപ്പോഴും വിധിപറയാതെ മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു. 1947 ആഗസ്‌ത്‌ 14ന്‌ രാത്രി 7 മണിക്ക്‌ മജിസ്‌ട്രേട്ട്‌ ജയിലിലെത്തി വിധി പ്രഖ്യാപിച്ചു. തെളിവിന്റെ അഭാവത്തിൽ രാമമൂർത്തിയെയും മറ്റു നേതാക്കളെയും വെറുതെവിട്ടുകൊണ്ടുള്ള വിധിന്യായമായിരുന്നു മജിസ്‌ട്രേട്ട്‌ പുറപ്പെടുവിച്ചത്‌. ആ വിവരം മധുരയിലെ ജനങ്ങൾ ആഹ്ലാദത്തോടെയാണ്‌ സ്വീകരിച്ചത്‌. അവർ ആവേശത്തോടെയാണ്‌ തങ്ങളുടെ നേതാവിനെ വരവേറ്റത്‌.

1948ൽ കൽക്കട്ടയിൽ നടന്ന കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ രണ്ടാം കോൺഗ്രസ്‌ അംഗീകരിച്ച തീസിസിന്റെ പേരിൽ പാർട്ടി നിരോധിക്കപ്പെട്ടു. രാമമൂർത്തി ഉൾപ്പെടെയുള്ള നേതാക്കളും പ്രവർത്തകരും അതേത്തുടർന്ന്‌ ഒളിവിലാണ്‌ പ്രവർത്തിച്ചത്‌. ഈ കാലയളവിൽ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച്‌ അദ്ദേഹം പാർട്ടി പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകി. അതിനിടയിൽ പൊലീസിന്റെ പിടിയിൽപെടാതെ പലതവണ രക്ഷപ്പെട്ടു.

മദ്രാസ്‌ നിയമസഭയിലേക്ക്‌ 1952ൽ ആദ്യമായി പൊതുതിരഞ്ഞെടുപ്പ്‌ നടന്നു. ഒളിവിലിരുന്നുകൊണ്ട്‌ തിരഞ്ഞെടുപ്പിനെ നേരിട്ട രാമമൂർത്തി മധുര നോർത്ത്‌ നിയോജകമണ്ഡലത്തിൽനിന്ന്‌ ഉജ്വലവിജയം നേടി. മദ്രാസ്‌ നിയമസഭയിലെ ആദ്യ പ്രതിപക്ഷനേതാവും അദ്ദേഹമായിരുന്നു. ഗവൺമെന്റിനെയും പൊലീസിനെയുമൊക്കെ ഞെട്ടിച്ചുകൊണ്ടുള്ള വിജയമായിരുന്നു അത്‌. കോൺഗ്രസിനെ പ്രതിനിധീകരിച്ച്‌ സി രാജഗോപാലാചാരിയാണ്‌ മുഖ്യമന്ത്രിയായത്‌. 1957 വരെ രാമമൂർത്തി നിയമസഭാംഗമായി പ്രവർത്തിച്ചു.

കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ മൂന്നാം കോൺഗ്രസ്‌ 1952ൽ മധുരയിലാണ്‌ ചേർന്നത്‌. പാർട്ടി കോൺഗ്രസ്‌ വിജയിപ്പിക്കുന്നതിന്‌ രാമമൂർത്തി നേതൃത്വം നൽകി. മധുര കോൺഗ്രസിൽ രാമമൂർത്തി കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗമായും പൊളിറ്റ്‌ ബ്യൂറോ അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 1953 മുതൽ 56 വരെ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ മുഖപത്രമായ ന്യൂ ഏജിന്റെ പത്രാധിപരായി പ്രവർത്തിച്ചത്‌ അദ്ദേഹമാണ്‌. ഈ കാലയളവിൽ അദ്ദേഹം നിരവധി ലേഖനങ്ങളാണ്‌ ‘ന്യൂ ഏജിൽ’ എഴുതിയത്‌.

1960 മുതൽ 66 വരെ രാമമൂർത്തി രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1967ൽ അദ്ദേഹം മധുരയിൽനിന്ന്‌ ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1977 മുതൽ 1983 വരെ അദ്ദേഹം വീണ്ടും രാജ്യസഭാംഗമായി. അഞ്ചുവർഷക്കാലം നിയമസഭാംഗമായും അഞ്ചുവർഷം ലോക്‌സഭാംഗമായും പന്ത്രണ്ട്‌ വർഷക്കാലം രാജ്യസഭാംഗമായും പ്രവർത്തിച്ച അദ്ദേഹം മികച്ച പാർലമെന്റേറിയൻ എന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. നിയമസഭയിലായാലും രാജ്യസഭയിലായാലും ലോക്‌സഭയിലായാലും ജനങ്ങളുടെ പ്രശ്‌നങ്ങൾ പഠിച്ച്‌ അവതരിപ്പിക്കുന്നതിൽ അസാമാന്യമായ മികവാണ്‌ അദ്ദേഹം പ്രദർശിപ്പിച്ചത്‌. പാർലമെന്റിൽ രാമമൂർത്തി പ്രസംഗിക്കാൻ എഴുന്നേറ്റാൽ ഭരണ‐പ്രതിപക്ഷ ഭേദമന്യേ മറ്റംഗങ്ങൾ വളരെ ശ്രദ്ധാപൂർവമാണ്‌ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേട്ടത്‌.

മികച്ച ട്രേഡ്‌ യൂണിയൻ നേതാവായിരുന്ന രാമമൂർത്തി എഐടിയുസിയുടെ സമുന്നത നേതാക്കളിലൊരാളായിരുന്നു. 1970ൽ സിഐടിയു രൂപീകരിക്കപ്പെട്ടപ്പോൾ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്‌ പി രാമമൂർത്തിയായിരുന്നു. 1984 വരെ ആ സ്ഥാനത്ത്‌ അദ്ദേഹം തുടർന്നു. 1984 മുതൽ മരണംവരെ അദ്ദേഹം വൈസ്‌ പ്രസിഡന്റായാണ്‌ പ്രവർത്തിച്ചത്‌.

കമ്യൂണിസ്റ്റ്‌ പാർട്ടി ഭിന്നിക്കുന്നതിനു തൊട്ടുമുന്പായി നടന്ന കേന്ദ്രകമ്മിറ്റിയിൽനിന്ന്‌ ഇറങ്ങിവന്ന 32 നേതാക്കളിൽ ഒരാളാണ്‌ രാമമൂർത്തി. പാർട്ടി റിവിഷനിസത്തിനടിപ്പെട്ടപ്പോൾ അതിനെതിരെ ശക്തമായ ആശയസമരമാണ്‌ അദ്ദേഹം നടത്തിയത്‌. 1964ൽ കൽക്കത്തയിൽ ചേർന്ന ഏഴാം കോൺഗ്രസിലാണല്ലോ സിപിഐ എം രൂപീകരിക്കപ്പെട്ടത്‌. സിപിഐ എമ്മിന്റെ ആദ്യ കേന്ദ്രകമ്മിറ്റി അംഗമായും പൊളിറ്റ്‌ ബ്യൂറോ അംഗമായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. സിപിഐ എമ്മിന്റെ കേന്ദ്രകമ്മിറ്റി യോഗം തൃശൂരിൽ ചേരാനിരിക്കെ നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ചു. പതിനാറുമാസക്കാലം ജയിലിലടച്ചതിനുശേഷമാണ്‌ അദ്ദേഹത്തെ മോചിപ്പിച്ചത്‌. അതുൾപ്പെടെ എട്ടുവർഷക്കാലം അദ്ദേഹം ജയിൽവാസം അനുഷ്‌ഠിച്ചിട്ടുണ്ട്‌.
1987 ഡിസംബർ 15ന്‌ പി രാമമൂർത്തി അന്തരിച്ചു. അംബാൽ രാമമൂർത്തിയാണ്‌ ജീവിതപങ്കാളി. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 + six =

Most Popular