Wednesday, November 27, 2024

ad

Homeഅന്തർദേശീയ വനിതാ പോരാളികൾഫാസിസത്തിനെതിരെ പൊരുതിയ ധീര കമ്യൂണിസ്റ്റ്‌

ഫാസിസത്തിനെതിരെ പൊരുതിയ ധീര കമ്യൂണിസ്റ്റ്‌

കെ ആർ മായ

‘‘മുട്ടുകുത്തി എക്കാലവും ജീവിക്കുന്നതിനേക്കാൾ സ്വന്തം കാലിൽ നിവർന്നുനിന്ന്‌ മരിക്കുന്നതാണ്‌ നല്ലത്‌’’. ‐ഡോളോറസ്‌ ഇബറൂറി

1936‐-39ലെ സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട റിപ്പബ്ലിക്കൻ ഗവൺമെന്റിനെതിരെ ജനറൽ ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ നേതൃത്വത്തിൽനടന്ന പട്ടാള അട്ടിമറിയെ ചെറുത്തുതോൽപ്പിക്കുന്നതിനായി പോരാട്ടം നടത്തിയ, റിപ്പബ്ലിക്കൻ ഇടതുപക്ഷത്തെ വിപ്ലവവീര്യത്താൽ ജ്വലിപ്പിച്ച ലാപാഷനാരിയ എന്ന ഡ്രീസ് ഡൊളോറസ് ഇബറൂറിയുടെ വാക്കുകളാണിത്.

രണ്ടാം ലോക യുദ്ധത്തിന്റെ ഡ്രസ് റിഹേഴ്സൽ എന്നു വിളിക്ക പ്പെടുന്ന, 20-‐ാം നൂറ്റാണ്ടിലെ രക്തരൂഷിത പോരാട്ടങ്ങളിലൊന്നായ സ്പെയിനിലെ ആഭ്യന്തരയുദ്ധത്തിന് കളമൊരുങ്ങുന്നതിനുപിന്നിൽ രണ്ടു പതിറ്റാണ്ടോളംനീണ്ടുനിന്ന സംഭവങ്ങളായിരുന്നു. 1920കളിൽ അൽഫോൺസോ പതിമൂന്നാമന്റെ രാജവാഴ്ചക്കാലത്താണ് സ്പെയിനിൽ ആഭ്യന്തരമായ അസ്വസ്ഥതകൾ ആരംഭിക്കുന്നത്. ഒന്നാം ലോകയുദ്ധാവസാനത്തോടെ ലോകം വലിയ സാമ്പത്തിക പ്രതിസന്ധിയിലായി. തൊഴിലെടുക്കുന്ന വർഗവും ഗ്രാമീണദരിദ്രരും കൂടുതൽ ദുരിതത്തിലായി. അവർ സംഘടിക്കാൻ തുടങ്ങി. സ്വാഭാവികമായും കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളും അനാർക്കിസ്റ്റുകളും അവരെ നയിക്കാൻ മുന്നിൽനിന്നു. സ്പെയിനിലെ ട്രേഡ് യൂണിയനുകൾ ശക്തിപ്രാപിക്കുകയും വ്യാപകമായ സമരങ്ങൾ ഉണ്ടാവുകയും ചെയ്തു. നാട്ടിൻപുറങ്ങളിലെ ദരിദ്രരായ കർഷകർ ഭൂമിപിടിച്ചെടുക്കാൻ തുടങ്ങി. രാജ്യം, റഷ്യയിലെപോലെ കമ്യൂണിസ്റ്റ് വിപ്ലവത്തിന്റെ പിടിയിലായി എന്ന് പ്രമാണിവർഗം ഭയപ്പെട്ടു. രാജവാഴ്ചയുടെയും സൈന്യത്തിന്റെയും പിന്തുണയോടെ, 1923ൽ അൽഫോൺസൊ, സ്പെയിനിന്റെ നിയന്ത്രണം ജനറൽ പ്രിമോ ഡി റിവേറയെ എൽപ്പിക്കുന്നതിന് ധാരണയായപ്പോൾ ഒരു രക്തരഹിത അട്ടിമറിക്കാണ് സ്‌പെയിൻ സാക്ഷ്യം വഹിച്ചത്. 1931 വരെ പട്ടാള സ്വേച്ഛാധിപതിയായി റിവേറ തുടർന്നു. എന്നാൽ 1930കളിൽ ഉണ്ടായ മഹാമാന്ദ്യം സ്‌പെയിനിനെ സാരമായി ബാധിച്ചു. തൊഴിലില്ലായ്മ കുതിച്ചുയർന്നു. സ്പെയിനിന്റെ സാമ്പത്തികാവശ്യങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള കഴിവ് റിവേറയ്ക്കില്ലായിരുന്നു. ഇത് സൈന്യം പിന്തുണ പിൻവലിക്കുന്നതിലേക്കും തുടർന്ന് റിവേറയുടെ രാജിയിലേക്കും നയിച്ചു. അതോടെ സ്പെയിനിൽ ഒരു പു തുയുഗപ്പിറവിക്ക് നാന്ദികുറിച്ചു. തിരഞ്ഞെടുപ്പിലൂടെ യഥാർഥ ജനാധിപത്യം സ്ഥാപിക്കപ്പെട്ടു. അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവും ഉറപ്പുനൽകുന്ന ഒരു ഭരണഘടന നിലവിൽവന്നു. അത് ചർച്ചിനെയും ഭരണകൂടത്തെയും വേർതിരിക്കുന്ന സെക്കുലർ ഭരണഘടനയായിരുന്നു. തിരഞ്ഞെടുപ്പിൽ സ്പെയിനിലെ എല്ലാ നഗരങ്ങളിലും ഇടതുപക്ഷത്തു നിലയുറപ്പിച്ച റിപ്പബ്ലിക്കന്മാർ വിജയം കൊയ്‌തു. ജനാധിപത്യം സ്ഥാപിക്കപ്പെട്ടിട്ടും അസ്ഥിരത നിലനിന്നു. വ്യവസായങ്ങളുടെ ദേശസാൽക്കരണവും ദരിദ്രർക്ക് ഭൂമിയുടെ പുനർവിതരണവും ഗവൺമെന്റ് നടപ്പാക്കിയിട്ടും ആഗോളതലത്തിലുണ്ടായ സാമ്പത്തികപ്രതിസന്ധി സ്‌പെയിനിൽ പ്രക്ഷോഭങ്ങൾക്കും കലാപങ്ങൾക്കുമിടയാക്കി. ഗവൺമെന്റ് ഇതിനെ സൈനികമായി നേരിടാൻ ശ്രമിച്ചത് പ്രശ്നം കൂടുതൽ രൂക്ഷമാക്കി. ദുർബലമായ ആ ഗവൺമെന്റ് തകരുകയും 1936ൽ നടന്ന അടുത്ത തിരഞ്ഞെടുപ്പിൽ വീണ്ടും കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരും അനാർക്കിസ്റ്റുകളുമടങ്ങുന്ന ഇടതുപക്ഷസഖ്യം‐പോപ്പുലർ ഫ്രണ്ട് (ജനകീയമുന്നണി) അധികാരത്തിൽ വരികയും ചെയ്തു.

നഗര‐ഗ്രാമീണ ദരിദ്രരുടെ പ്രതീക്ഷകൾ നടപ്പാക്കാൻ ഗവൺമെന്റ് തുനിഞ്ഞത് സ്പെയിനിലെ പ്രമാണിവർഗത്തെ ഭയപ്പെടുത്തി. ഈ അവസരം മുതലെടുത്ത് തീവ്ര ഇടതുപക്ഷവും സൈന്യത്തിൽ ഒരു വിഭാഗവും ഗവൺമെന്റിനെതിരെ അക്രമാസക്തമായ ക്യാന്പയിൻ അഴിച്ചുവിട്ടു. സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകാരുമടങ്ങുന്ന സെക്കുലർ ഗവൺമെന്റ് സ്പാനിഷ് സമൂഹത്തെ കത്തോലിക്കാപള്ളിയുടെ സ്വാധീനത്തിൽ നിന്നും മോചിപ്പിക്കാൻ ശ്രമിച്ചു.

സ്പെയിനിലെ ചെറിയൊരുവിഭാഗം, സമ്പത്തിന്റെ ഭൂരിഭാഗവും കയ്യടക്കിയിരുന്നു. ആ യാഥാസ്ഥിതിക പ്രമാണിവർഗവും മധ്യവർഗവും തങ്ങളുടെ ആസ്തികൾ കമ്യൂണിസ്റ്റുകാർ കണ്ടുകെട്ടുമെന്നു ഭയന്നു. അവർ സ്പെയിനിലെ ഭരണകൂടത്തെ പള്ളിയിൽനിന്നും വേർപ്പെടുത്തുന്നതിനെ എതിർത്തു. ഈ ലിബറൽ ഗവൺമെന്റ് മാർക്സിസ്റ്റ് വിപ്ലവത്തിന്റെ വഴിയേ പോകുമെന്ന് സംശയിച്ച് പട്ടാള ഓഫീസർമാർ ജനറൽ ഫ്രാങ്കോയുടെ നേതൃത്വത്തിൽ ഇടതുപക്ഷത്തെ അധികാരത്തിൽനിന്നും തുടച്ചുനീക്കാൻ ഗൂഢാലോചന നടത്തി. ഒരുവശത്ത് ഫാസിസ്റ്റ് ശക്തികളും‐- ദേശീയവാദികൾ, വലിയൊരു വിഭാഗം കത്തോലിക്കർ, സൈന്യത്തിന്റെ ഘടകങ്ങൾ, ഭൂവുടമകൾ, – മറുവശത്ത് റിപ്പബ്ലിക്കന്മാർ, നഗരതൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വിദ്യാസന്പന്നരായ മധ്യവർഗം എന്നിവരടങ്ങുന്ന വിഭാഗവും ഇരുചേരികളായി അണിനിരന്നു. കലാപം പൊട്ടിപ്പുറപ്പെടുമെന്നു മനസ്സിലാക്കിയ ഗവൺമെന്റ് അത് രാജ്യത്താകെ പടരാതിരിക്കാനുള്ള ശ്രമങ്ങൾ നടത്തി. മെലില്ല, സിയൂട്ട്, റ്റെറ്റുവാൻ എന്നിവിടങ്ങൾ വേഗം ഫാസിസ്റ്റുകളുടെ പിടിയിലായി. തൊഴിലാളികളും കർഷകരും പോരാട്ടത്തിനായി ഉയർത്തെഴുന്നേറ്റെങ്കിലും കലാപം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഗവൺമെന്റ് അവർക്ക് ആയുധം നൽകുന്നത് നിരസിച്ചു. അല്ലായിരുന്നെങ്കിൽ വിപ്ലവത്തിന്റെ ഗതിതന്നെ മാറിയേനെ; മറ്റൊരു ചരിത്രം രചിക്കപ്പെട്ടേനെ. ചില പ്രദേശങ്ങളുടെ നിയന്ത്രണം അതിവേഗം ഫാസിസ്റ്റുകൾ പിടിച്ചെടുത്തു. എന്നാൽ, അതു പൂർണമായും വിജയിച്ചില്ലെന്നു കണ്ടപ്പോഴാണ് ഫ്രാങ്കോ, ഇറ്റലിയുടെയും ജർമനിയുടെയും സഹായത്തോടെ ഫലാഞ്ചെ മിലിഷ്യക്ക്‌‐ -സ്പെയിനിലെ ഫാസിസ്റ്റ് പാർട്ടിക്ക്‐ രൂപംനൽകിയത്. ആ രാജ്യങ്ങൾ അവർക്ക് വിമാനങ്ങളും ടാങ്കറുകളും ആയുധങ്ങളും നൽകി. അതേ സമയം, റിപ്പബ്ലിക്കന്മാർ സോവിയറ്റ് യൂണിയന്റെ സഹായം തേടി. കൂടാതെ ഫ്രാൻസിൽനിന്നും റഷ്യയിൽനിന്നും അമേരിക്കയിൽ നിന്നുമുള്ള ആയിരക്കണക്കിനു കമ്യൂണിസ്റ്റുകാർ റിപ്പബ്ലിക്കൻ പക്ഷത്തുചേർന്ന് ഫാസിസ്റ്റുകൾക്കെതിരെ പൊരുതാൻ ഇന്റർനാഷണൽ ബ്രിഗേഡ് രൂപീകരിച്ചു.

ഫാസിസത്തിനെതിരായ പരാജയപ്പെട്ടുപോയ ഒരു വിപ്ലവമായിരുന്നു അതെങ്കിലും യുദ്ധാവസാനംവരെ മാഡ്രിഡിനെ വിജയകരമായി പ്രതിരോധിക്കാൻ ഈ വിദേശയൂണിറ്റുകൾക്ക് കഴിഞ്ഞു.

ഇവിടെയാണ്, സ്പെയിനിലെ മല്ലാർട്ടയിൽ ജനിച്ച ലാപാഷനാരിയ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഡൊളോറസ് ഇബറൂറിയുടെ പ്രസക്തി നാം തിരിച്ചറിയുന്നത്. വിപ്ലവത്തിന്റെ തീച്ചൂളയിലേക്ക് പാഷനാരിയ സ്വയം നടന്നടുക്കുകയായിരുന്നില്ല; മറിച്ച് വിപ്ലവത്തിന്റെ പാതയിലേക്ക് നയിക്കപ്പെടുംവിധമുള്ള സാമൂഹ്യസാഹചര്യങ്ങളിൽ അവർ പിറന്നുവീഴുകയായിരുന്നു.

1895 ഡിസംബർ 9ന് ഒരു തൊഴിലാളി കുടുംബത്തിൽ 12 മക്കളിൽ എട്ടാമത്തവളായി പാഷനാരിയ ജനിച്ചു. പിറന്നുവീണതുതന്നെ കൊടിയ ദാരിദ്ര്യത്തിന്റെ നടുവിലായിരുന്നു. ഖനിത്തൊഴിലാളി കുടുംബമായിരുന്നു അവളുടേത്. താരാട്ടുപാട്ടല്ല, വിപ്ലവഗാനങ്ങൾ കേട്ടാണ് അവൾ വളർന്നത്. ബാല്യത്തിലേ സമരത്തിന്റെ വീര്യമറിഞ്ഞിരുന്നു. ഖനിത്തൊഴിലാളികൾക്ക് ലഭിച്ചിരുന്ന തുച്ഛമായ കൂലിയിൽ ഒരു ചെറിയ വർധനയ്ക്കുവേണ്ടിപോലും വലിയ സമരപോരാട്ടങ്ങൾ നടന്നിരുന്നു. ദാരിദ്ര്യത്തിനിടയിലും 15 വയസ്സുവരെ വിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോയെങ്കിലും അവിടെവച്ച് അവൾക്ക്‌ അവസാനിപ്പിക്കേണ്ടിവന്നു. ഉപജീവനത്തിനായി തയ്യൽക്കാരിയായും വിട്ടുജോലിക്കാരിയായും പണിയെടുത്തു. ഹോട്ടലിൽ വെയിറ്ററായി. ആ കാലത്താണ് പാഷനാരിയ മാർക്സിന്റെ കൃതികളിൽ ആകൃഷ്ടയായത്. അതിന്റെ സ്വാധീനത്തിലാണ്, സംഭവബഹുലവും അപരസാമ്യങ്ങളില്ലാത്തതുമായ പാഷനാരിയയുടെ രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്.

ആ കാലത്തുതന്നെയാണ്, ആർബോലിഡ നഗരത്തിലെ അവൾ ജോലിചെയ്തിരുന്ന ഹോട്ടലിൽവച്ച് ട്രേഡ് യൂണിയൻ പ്രവർത്തകനും സോഷ്യലിസ്റ്റ് യൂത്ത് ഓഫ് സൊമോറോസ്ട്രോയുടെ സ്ഥാപകനുമായ റൂയ്സ് ഗാബിനയെ കണ്ടുമുട്ടുന്നതും സൗഹൃദത്തിലാകുന്നതും. 1915 അവസാനം, ആദ്യത്തെ കുട്ടി ജനിച്ച് രണ്ടുവർഷത്തിനുശേഷം അവർ ഔപചാരികമായി വിവാഹിതരായി. 1917ലെ പൊതുപണിമുടക്കിൽ ആ യുവദമ്പതികൾ പങ്കെടുത്തു. തുടർന്ന് റൂയ്‌സ് ജയിലിലായി. ഈ സമയം പാഷനാരിയ, സൊ മോറോസ്ട്രോയിലെ സോഷ്യലിസ്റ്റ് വർക്കേഴ്സ് സെന്ററിലെ ലൈബ്രറിയിൽനിന്നും കണ്ടെത്തിയ മാർക്സിന്റെ കൃതികളും മറ്റു കൃതികളും വായിച്ച് രാത്രികൾ ചെലവഴിച്ചു. 1918ലാണ് തൊഴിലാളി ദിനപത്രമായ “എൽ മിനെറോ വിസ്‌കെയ്നിയോയിൽ പാഷനാരിയയുടെ ആദ്യലേഖനം പ്രസിദ്ധീകരിക്കുന്നത്. കത്തോലിക്കാ പള്ളിയുടെ ഇരട്ടമുഖത്തെ തുറന്നുകാട്ടുന്നതായിരുന്നു ആ ലേഖനം. അത് വിശുദ്ധവാരത്തിൽ (Holy week) പ്രസിദ്ധീകരിച്ചതിനാൽ, വാക്ശരങ്ങളാൽ മതാത്മകസങ്കുചിതവാദത്തെ ആക്രമിക്കുന്നതായതിനാൽ ലാപാഷനാരിയ (Passion Flower) എന്ന തൂലികാനാമത്തിലായിരുന്നു പ്രസിദ്ധീകരിച്ചത്. പിന്നീട് ചരിത്രം എന്നും ഓർക്കുന്ന പേരായി അത് അവളിൽ മുദ്രചാർത്തപ്പെട്ടു. അവളെ സംബന്ധിച്ചിടത്തോളം ആ പേര് ശരിക്കും അന്വർത്ഥമായിരുന്നു. അടിമുടി സ്നേഹം തുളുമ്പുന്ന വ്യക്തിത്വമായതിനാലും, ആക്രമിക്കാൻ വരുന്നവരോടുള്ള അവളുടെ ചെറുത്തുനിൽപ്പിന്റെ സ്വരംപോലും മായികമായിരുന്നതിനാലും. എന്നാൽ ആ സ്വരം പിൽക്കാലത്ത് ഫാസിസ്റ്റ് ശക്തികളെ വിറകൊള്ളിച്ചുവെന്നതാണ് യാഥാർഥ്യം.

1920ൽ സ്പെയിനിൽ കമ്യൂണിസ്റ്റ് പാർടി രൂപംകൊണ്ടപ്പോൾത ന്നെ പാഷനാരിയ അതിൽ ചേർന്നു. അതോടൊപ്പം നിരവധി ഫാസിസ്റ്റുവിരുദ്ധ വനിതാഗ്രൂപ്പുകൾ ഉൾപ്പെടെയുള്ള ബഹുവിധ സംഘടനകളിലും ചേർന്ന് ഡൊളോറസ് പ്രവർത്തിച്ചു. തുടർന്ന് ബാസ്ക് കമ്യൂണിസ്റ്റ് പാർടിയുടെ പ്രൊവിൻഷ്യൻ കമ്മിറ്റിയിലേക്ക് അവർ നാമനിർദേശം ചെയ്യപ്പെട്ടു. പത്തുവർഷംനീണ്ട, തൃണമൂലതലത്തിലെ സമരോത്സുകമായ പ്രവർത്തനത്തിനുശേഷം 1930ൽ പിസിഇ (കമ്യൂണിസ്റ്റ് പാർടി ഓഫ് സ്പെയിൻ)യുടെ കേന്ദ്രകമ്മിറ്റിയിലേക്കു നിയോഗിക്കപ്പെട്ടു. ഇതിനിടയിൽ ആറു മക്കൾ ജനിച്ചു. അച്ഛനും അമ്മയും പലപ്പോഴും ജയിൽവാസത്തിലായിരുന്നതിനാൽ ദാരിദ്ര്യവും ആരോഗ്യരക്ഷ കിട്ടാത്തതുമൂലവും 5 പെൺമക്കളിൽ 4 പേരും മരിച്ചു. അവശേഷിച്ച രണ്ടുപേരിൽ ഒരു മകൻ, റൂബൻ ഇബ്റൂറി, 22-‐ാം വയസ്സിൽ സ്റ്റാലിൻഗ്രാഡിൽ ജർമൻ ഫാസിസ്റ്റുകൾക്കെതിരായ യുദ്ധത്തിൽ കൊല്ലപ്പെട്ടു. ശേഷിച്ച ഒരു മകൾ-‐ അമയ‐ മാത്രമാണ് അവർക്ക് അവസാനംവരെ കൂട്ടിനുണ്ടായിരുന്നത്. ഒരർഥത്തിൽ വിപ്ലവപോരാട്ടത്തിൽ ലാപാഷനാരിയയുടെ സ്വന്തം ജീവൻ ബലിയർപ്പിക്കപ്പെട്ടില്ലെങ്കിലും കുടുംബത്തിന്റെയാകെ ജീവിതം ബലിയർപ്പിക്കപ്പെടുകയായിരുന്നു.

1930കളിൽ പിസിഇയുടെ മുഖപത്രമായ മുണ്ഡ്രോ ഒബ്രെറോയിൽ അവർ എഴുതാൻ തുടങ്ങി. 1931ൽ രണ്ടാം റിപ്പബ്ലിക്കിന്റെ വരവോടെ, പാഷനാരിയയും കുടുംബവും മാഡ്രിഡിലേക്കു താമസം മാറ്റി. അവിടെ തൊഴിലാളി മുന്നേറ്റങ്ങൾ സംഘടിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു അത്. അതേ സെപ്തംബറിലാണ് സിവിൽ ഗാർഡിൽ നിന്നും ഒളിച്ചോടിപ്പോന്ന ഒരു കമ്യൂണിസ്റ്റ് സഖാവിനെ ഒളിവിൽ പാർപ്പിച്ചു എന്ന കുറ്റംചുമത്തി അറസ്റ്റുചെയ്തത്. സാധാരണ കുറ്റവാളികളോടൊപ്പം ജയിലിലടയ്ക്കപ്പെട്ട പാഷനാരിയ, രാഷ്ട്രീയതടവുകാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ജയിലിൽ നിരാഹാരസമരം സംഘടിപ്പിച്ചു. വിട്ടയയ്‌ക്കപ്പെട്ട ശേഷം 1931 മാർച്ചിൽ വീണ്ടും അറസ്റ്റുചെയ്യപ്പെട്ടു. ജയിലിൽ കൊണ്ടുവരവേ സന്ദർശകമുറിയിൽ അവളുടെ നേതൃത്വത്തിൽ ‘ദി ഇന്റർനാഷനൽ’ ആലപിച്ചു. ജയിൽ വളപ്പിൽ തുച്ഛമായ കൂലിക്ക് അടിമപ്പണി ചെയ്യുന്നതിൽനിന്നും പിന്തിരിയാൻ സഹതടവുകാർക്ക്‌ പാഷനാരിയ ധൈര്യംപകർന്നു. ജയിലിൽ വച്ചെഴുതിയ രണ്ടുലേഖനങ്ങളിൽ ഒന്ന്‌ പിസിഇയുടെ ആനുകാലിക പ്രസിദ്ധീകരണമായ ഫ്രെണ്ടെ റോജോയിലും മറ്റൊന്ന് മുണ്ഡ്രോ ഒബ്രെറോയിലും പ്രസിദ്ധീകരിക്കപ്പെട്ടു. ഇതിനിടയിൽ പത്രത്തിന്റെ എഡിറ്ററുമായി.

1932 മാർച്ചിൽ സെവില്ലയിൽ വച്ചുനടന്ന നാലാം പാർടി കോൺഗ്ര സിൽ പിസിഇ കേന്ദ്ര കമ്മിറ്റിയിലേക്ക് അവർ തിരഞ്ഞെടുക്കപ്പെട്ടു. 1933ൽ ഫാസിസത്തിനും യുദ്ധത്തിനുമെതിരെ സ്ത്രീകളുടെ സംഘട നയായ മുജിറിസ് ആന്റിഫാസിസ്റ്റ് സ്ഥാപിച്ചു. മോസ്കോയിൽ വച്ചു നടന്ന കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ മൂന്നാമത് പ്ലീനത്തിൽ പ്രതിനിധിയായി. ഫാസിസം ഉയർത്തുന്ന യുദ്ധഭീഷണി അതിൽ വിലയിരുത്തപ്പെടുകയുണ്ടായി. അവിടെ റഷ്യൻ തലസ്ഥാനത്തിന്റെ കാഴ്ച പാഷനാരിയയെ പുളകംകൊള്ളിച്ചു. ‘ആത്മാവിന്റെ കണ്ണുകളിലൂടെയാണ് താൻ റഷ്യയെ നോക്കിക്കണ്ടത്’ എന്നാണ് അതേപ്പറ്റി പാഷനാരിയ പറഞ്ഞത്. ആ അനുഭവത്തെക്കുറിച്ച് ആത്മകഥയിൽ അവർ എഴുതി‐ ‘‘ഈ ഭൂമിയിലെതന്നെ ഏറ്റവും അതിശയകരമായ നഗരമാണ് ഇത്. ഇവിടെ സോഷ്യലിസത്തിന്റെ നിർമിതി രൂപപ്പെടുകയാണ്. തലമുറകളായുള്ള അടിമകൾ, ബഹിഷ്കൃതർ, കുടിയാന്മാർ, തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങളുടെ ജീവിതസ്വപ്നങ്ങൾ സാക്ഷാത്‌കരിക്കപ്പെടുകയാണ്; ഇവിടെ ഏതൊരാൾക്കും മാനവികതയിൽനിന്നും കമ്യൂണിസത്തിലേക്കുള്ള പ്രയാണം ദർശിക്കാനാകും.’’

1984 അവസാനം, പാഷനാരിയയും മറ്റു രണ്ടുപേരും ചേർന്ന് ആസ്ട്രിയയിലെ ഖനിപ്രദേശത്തുനിന്ന് പട്ടിണികിടക്കുകയായിരുന്ന നൂറിലേറെ കുട്ടികളെ സുരക്ഷിതമായി അതിസാഹസികമായി മാഡ്രിഡിലേക്കു കൊണ്ടുവന്നു. 1934ൽ സ്പെയിനിലെ ഒക്ടോബർ വിപ്ലവത്തെതുടർന്ന് ജയിലിലടയ്ക്കപ്പെട്ടവരുടെ മക്കളായിരുന്നു അത്. താൻ രാഷ്ട്രീയ തടവുകാരി ആയിരുന്നപ്പോൾ നോക്കാനാരോരുമില്ലാതെ നാലുമക്കളെ തനിക്ക് നഷ്ടമായതിന്റെ ഓർമയാണ് ആ ചേതോ വികാരത്തിനുപിന്നിലുണ്ടായിരുന്നത്. അതിന്റെ പേരിൽ വീണ്ടും ജയിലിലടയ്ക്കപ്പെട്ടു. 1935ൽ അതീവരഹസ്യമായി സ്‌പെയിനിന്റെ അതിർത്തികടന്ന് മോസ്കോയിൽ നടന്ന കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ ഏഴാമത് കോൺഗ്രസിൽ പങ്കെടുത്തു. 1936ൽ വീണ്ടും ജയിലിലടയ്ക്കപ്പെടുമ്പോൾ ഓഫീസർമാരിൽനിന്ന്‌ കൊടിയ പീഡന ങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നു. ജയിൽമോചിതയായ ഉടൻതന്നെ പിസിഇയ്ക്കുവേണ്ടി തിരഞ്ഞെടുപ്പ് ക്യാമ്പയിൻ നടത്തുന്നതിനായി ആസ്ട്രിയയിലേക്കുപോയി. തിരഞ്ഞെടുപ്പിൽ മത്സരിച്ച പാഷനാരിയ പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബർ വിപ്ലവത്തിൽ പങ്കെടുത്ത് ഒവീഡോയിൽ തടവിലാക്കപ്പെട്ടവരോട് ജയിൽ ഡയറക്ടർ കുറ്റവാളികളോടെന്നപോലെയാണ് പെരുമാറിയിരുന്നത്. പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പാഷനാരിയ ആദ്യം ചെയ്തത് അവിടത്തെ അഡ്മിനിസ്ട്രേറ്ററോട് “ഇന്നുതന്നെ ത ടവുകാരെ വിട്ടയയ്ക്കണം; താക്കോൽ തരൂ’’ എന്ന് ആവശ്യപ്പെടുകയായിരുന്നു. അതിനുള്ള ഉത്തരവ് കിട്ടിയില്ലെന്നു പറഞ്ഞ അയാ ളോട്, “റിപ്പബ്ലിക്കുകളുടെ പാർലമെന്റിലെ ഒരംഗമാണ് ഞാൻ; തട വുകാരെ മോചിപ്പിക്കുന്നതിന് എത്രയുംപെട്ടെന്ന് താക്കോൽ കൈമാറണം എന്നുപറഞ്ഞു. അതൊരു ആജ്ഞയായിരുന്നു. താക്കോൽ കൈമാറിയ ഉടൻതന്നെ സെല്ലുകൾ ഓരോന്നായി തുറന്നു. “സഖാക്കളെ എല്ലാവരും പുറത്തിറങ്ങൂ’ എന്ന് അവർ ഉറക്കെ പറഞ്ഞു. ആവേശഭരിതമായിരുന്നു ആ നിമിഷം. അവരെ വിട്ടയയ്ക്കും വരെ പാർലമെന്റിൽ ഉറച്ചിരിക്കാനുള്ള ക്ഷമ പാഷനാരിയയ്ക്ക് ഇല്ലായിരുന്നു. വാഗ്ദാനം ചെയ്തിരുന്ന പോലെ സ്പെയിനിലെ വിപ്ലവത്തടവുകാരെ അവർ മോചിപ്പിക്കുക തന്നെ ചെയ്തു.

റിപ്പബ്ലിക്കൻ ഗവൺമെന്റ് അധികാരമേറ്റ് ഏറെത്താമസിയാതെതന്നെ ഇടത്‌‐-വലതുചേരികൾ തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിച്ചു. നേരത്തെതന്നെ അതിനുള്ള കളമൊരുങ്ങിയിരുന്നല്ലോ. ഇറ്റലിയുടെയും ജർമനിയുടെയും സഹായത്തോടെ ഫാസിസ്റ്റ് സൈന്യം കടുത്ത ആക്രമണമഴിച്ചുവിട്ടപ്പോൾ സാഹചര്യങ്ങൾക്കുമേലുള്ള നിയന്ത്രണം ഗവൺമെന്റിനു നഷ്ടമായി. ഫാസിസ്റ്റ് സൈന്യവും പൊലീസും പട്ടണങ്ങളിലും തെരുവുകളിലും ഏറ്റുമുട്ടി. നിരവധിപേർ കൊല്ലപ്പെട്ടു. ഫാസിസ്റ്റ് ശക്തികൾ മാഡ്രിഡിലും ബാർസലോണയിലും ആഞ്ഞടിക്കാൻ തുടങ്ങിയപ്പോൾ പാഷനാരിയ തന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി. അതിക്രൂരമായ ആക്രമണമാണ് ഫാസിസ്റ്റ് പട്ടാളത്തിൽനിന്ന് ബാസ്കിന് നേരിടേണ്ടിവന്നത്. നിണമണിഞ്ഞ നിഷ്ഠുരതകൾ ഹൃദയത്തിൽ തട്ടുന്ന വാക്കുകളിൽ പാഷനാരിയ ലോകത്തോട് വിളിച്ചുപറഞ്ഞു: “ഫാസിസ്റ്റ് കൊലയാളികളേ! ഞങ്ങൾ നിങ്ങളോട് അങ്ങേയറ്റം മനുഷ്യത്വമുള്ളവരാണ്. എന്നാൽ ക്ഷമയ്ക്ക് ഒരതിരുണ്ട്.’’

പാഷനാരിയയെ അനശ്വരയാക്കിയത് ഈ ആഭ്യന്തരയുദ്ധകാലത്ത് ഇടതു സൈന്യത്തെ ആവേശഭരിതമാക്കിയ റേഡിയോ പ്രഭാഷണങ്ങളാണ്. ഇടതുപക്ഷ സൈന്യം മാഡ്രിഡിലെത്തുമ്പോഴാണ്, 1936 ജൂലൈ 19ന് ഇടതുസേനയെയാകെ പ്രചോദിപ്പിച്ച, മരണമില്ലാത്ത ആ വാക്കുകൾ ഉരുവിടുന്നത്. “തൊഴിലാളികളേ, കർഷകരേ, ഫാസിസ്റ്റുവിരുദ്ധരേ, സ്പെയിനിലെ ദേശസ്നേഹികളേ’ എന്നുതുടങ്ങിയ ആ പ്രസംഗത്തിനിടയ്ക്കാണ് അവർ തന്റെ പ്രസിദ്ധമായ, ഫാസിസ്റ്റുകൾക്കെതിരായ മുദ്രാവാക്യം മുഴക്കിയത്. ‘‘നോ പസാരൻ’’ (They shall not pass)‐ – ഇല്ല, അവർ കടന്നുപോകില്ല, എന്ന ഇടിമുഴക്കംപോലെയുള്ള ആ സ്വരം ശക്തി ചോർന്നുപോയിക്കൊണ്ടിരുന്ന ഇടതുപക്ഷസഖ്യത്തിന് കരുത്തുനൽകി. ‘ഫാസിസം കടന്നുപോകില്ല, ഒക്ടോബറിന്റെ ആരാച്ചാരന്മാർ കടന്നുപോകില്ല’ എന്ന യുദ്ധകാഹളം കേട്ട് റിപബ്ലിക്കിന്റെ ശത്രുനിരയ്ക്കെതിരെ സ്പാനിഷ് പ്രവിശ്യകളിൽനിന്നും കൂടുതൽ തൊഴിലാളികളും കർഷകരും അണിനിരന്നു. കുതന്ത്രങ്ങളിലൂടെ വിജയം നേടിയ ഫാസിസ്റ്റ് ശക്തികളോടു പരാജയപ്പെട്ട ഇന്റർനാഷണൽ ബ്രിഗേഡുകളോട് ‘‘യുദ്ധത്തിന്റെ ഫലത്തെക്കുറിച്ചോർക്കണ്ട. സ്പെയിനിൽ നിങ്ങൾക്ക് ഒരു വാസഗൃഹമുണ്ടാകും’’ എന്നാണ് അവർ പറഞ്ഞത്. യുദ്ധവേളയിൽ അന്ത്യംവരെ മുഴങ്ങിക്കേട്ട “ഫാസിസ്റ്റ് വിരുദ്ധസഖ്യം നീണാൾ വാഴട്ടെ’’ എന്ന മുദ്രാവാക്യം നൂറ്റാണ്ടോളമടുക്കുന്ന ഇന്നും ഏറ്റുവാങ്ങേണ്ട സാഹചര്യം ലോകത്ത് നിലനിൽക്കുന്നു എന്നത് പ്രസക്തമാണ്.

യുദ്ധാനന്തരം, ഭരണത്തിലേറിയ ഫ്രാങ്കോയിസ്റ്റ് സ്വേച്ഛാധിപത്യം പാഷനാരിയയെ മോസ്കോയിലേക്ക് നാടുകടത്തി. അവിടെ മകളോടൊപ്പം താമസിച്ച് തന്റെ സജീവ രാഷ്ട്രീയപ്രവർത്തനം തുടർന്നു. ജനതതികൾക്ക് വിപ്ലവാശയങ്ങൾ പകർന്നുനൽകി. 1944 മേയിൽ കമ്യൂണിസ്റ്റ് പാർടിയുടെ (പിസിഇ) ജനറൽ സെക്രട്ടറിയായി അവർ തിരഞ്ഞെടുക്കപ്പെട്ടു. 1977ൽ സ്പെയിനിൽ തിരിച്ചെത്തിയ പാഷനാരിയ കോർട്ടിസിലെ ഡെപ്യൂട്ടിയായി തി രഞ്ഞെടുക്കപ്പെട്ടു. 1989 നവംബർ 12ന് 96‐-ാം വയസ്സിൽ ന്യുമോണിയ ബാധിതയായി ആ ധീര വിപ്ലവകാരി മരണമടഞ്ഞു.

ഇന്നും വിപ്ലവത്തിലേക്കു ക്ഷണിക്കുവാനെന്നപോലെ, ഇരുകൈകളും നീട്ടിനിൽക്കുന്ന പാഷനാരിയയുടെ പ്രതിമ ആവേശമായി സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ ഉയർന്നുനിൽക്കുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

15 − five =

Most Popular