കടന്നുവന്നതോ കടന്നു പോയതോ ആയ ജീവിത പരിസരങ്ങളെ കഥാ പശ്ചാത്തലത്തോട് ചേർത്തുനിർത്തുക എന്നത് അത്രയെളുപ്പമല്ല. തന്റെ അനുഭവയാഥാർത്ഥ്യങ്ങളെ ഭാവനയോട് സന്തുലിതപ്പെടുത്തിയെഴുതുകയും ആഖ്യാനരീതികൊണ്ട് അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു എന്നതാണ് ഹരിത സാവിത്രിയുടെ രചനകളെ വേറിട്ടുനിർത്തുന്ന പ്രധാന ഘടകം. മനുഷ്യജീവിതങ്ങളിലേക്കുള്ള ആഴത്തിലുള്ള നോട്ടമാണത്. ചിന്ത പബ്ലിഷേഴ്‌സ് പുറത്തിറക്കിയ ‘കഥയമ്മ’ എന്ന സീരീസിലെ ‘ആകാശത്തിലെ മന്ത്രവാദിനികൾ’ എന്ന കഥാസമാഹാരം ഈവിധമുള്ള രണ്ട് കഥകൾ ചേർന്നതാണ്.
ആത്മകഥാംശമുള്ള കഥകളാണ് ആകാശത്തിലെ മന്ത്രവാദിനികൾ, അഭയാർത്ഥികളുടെ കടൽ എന്നീ കഥകൾ. മലയാളിക്ക് അത്ര സുപരിചിതമല്ലാത്ത പശ്ചാത്തലമാണ് ഹരിത സാവിത്രിയുടെ കഥകളുടെ ഭൂമിക. അരികുവൽക്കരിക്കപ്പെട്ട, കുടിയേറപ്പെട്ട, സ്വന്തം നാടും വീടും ഉപേക്ഷിച്ച് ജീവനും ജീവിതവും മാത്രം കയ്യിൽ പിടിച്ച് നാളെകളില്ലാതെ ഓടിപ്പോരുന്ന ഒരുപറ്റം മനുഷ്യരുടെ യാഥാർത്ഥ്യത്തിൽ നിന്നാണ് എഴുത്തുകാരി സംവേദനം സാധ്യമാക്കുന്നത്.
ആകാശത്തിനും കടലിനും മധ്യേ കെട്ടുപിണയുന്ന മനുഷ്യരുടെ കഥകളാണ് ഇവ. ഒരു യുദ്ധം നടക്കുമ്പോൾ അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് അവിടെയുള്ള സാധാരണ ജനതയെയാണ്. രാഷ്ട്രതന്ത്രങ്ങൾക്ക് വിധേയരായിക്കൊണ്ട് പലായനം ചെയ്യാൻ നിർബന്ധിതരാകുന്ന മനുഷ്യരുടെ പ്രതിനിധിയായിക്കൊണ്ട് ഒരു പെൺകുട്ടിയെ അവതരിപ്പിക്കുകയാണ് അഭയാർത്ഥികളുടെ കടൽ എന്ന കഥയിൽ. മീൻപിടുത്തക്കാരുടെ വലകളിൽ മനുഷ്യശരീരങ്ങൾ കുടുങ്ങുന്ന, ലൈഫ് ജാക്കറ്റുകളും റഫ്റ്റുകളുടെ കഷ്ണങ്ങളും ഒഴുകി നടക്കുന്ന മിക്കലി കടലിടുക്കിനോട് ചേർന്നുള്ള കടൽക്കര. അവിടെ കടൽ കാക്കകളെ സ്നേഹിക്കുന്ന, അവയോട് ചങ്ങാത്തം കൂടുന്ന ഒരു പെൺകുട്ടി. അഭയാർത്ഥികളായ ഒരുപറ്റം മനുഷ്യരുടെ പ്രതിനിധിയായിക്കൊണ്ടാണ് ദുനിയ എന്ന ഏഴ് വയസ്സുകാരിയെ അവതരിപ്പിക്കുന്നത്. കളിച്ചും ചിരിച്ചും സ്വാതന്ത്ര്യത്തോടെ നടക്കേണ്ട കുട്ടിക്കാലത്തിലേക്കാണ്, അടിവേര് ചോർന്നുപോയ മനുഷ്യരെ ചേർത്തുനിർത്തിക്കൊണ്ട് ദുനിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പ്രതീക്ഷകളറ്റ മനുഷ്യർക്കിടയിൽ ഭൂതകാലത്തെക്കുറിച്ചോ ഭാവിയെക്കുറിച്ചോ ചിന്തിക്കാൻ പോലുമാകാതെ നരകയാഥാർത്ഥ്യങ്ങൾക്കകത്ത് അകപ്പെട്ട മനുഷ്യരുടെ പ്രതീകമാണ് ദുനിയ. കുമിഞ്ഞുകൂടുന്ന മനുഷ്യജീവിതങ്ങളുടെ സങ്കീർണതകൾ യാഥാർത്ഥ്യത്തോട് നീതിപുലർത്തിയെഴുതുന്നു എന്നത് ഓരോ വായനയിലും കണ്ണ് നയിക്കുന്നു. ഒരു തണല് കിട്ടിയാൽ തലചായ്ക്കാമെന്നും ഒരു മറ കിട്ടിയാൽ നനയാതിരിക്കാമെന്നും മാത്രം കരുതുന്ന ഒരുപറ്റം മനുഷ്യർ. അവരുടെ നിസ്സഹായതകളുടെ, സ്വപ്നങ്ങളുടെ കഥാവിവരണം. അപ്രതീക്ഷിതമായി ആ ദേശത്ത് പടർന്നുപിടിക്കുന്ന ഒരു പകർച്ചവ്യാധി, കടല് കേറിയിറങ്ങിപ്പോകുന്നപോലെ മനുഷ്യ ജീവിതങ്ങളെയും അവരുടെ നിലയ്ക്കാത്ത പ്രതീക്ഷകളെയും കവർന്നെടുത്ത് തിരിച്ചുപോകുന്നിടത്ത് തരിച്ചുനിൽക്കാൻ മാത്രമേ ഓരോ വായനക്കാർക്കും കഴിയൂ. പലായനം ചെയ്യപ്പെടുന്ന മനുഷ്യർ, അവരിൽ അതിജീവിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ തോറ്റുപോകുന്നവരുടെ പ്രതീകം കൂടിയാണ് ഈ കഥ.
ചുവന്ന സീനിയകൾ നിറഞ്ഞുനിൽക്കുന്ന ഫ്രാൻസിലെ ഒരു നഗരമാണ് ആകാശത്തിലെ മന്ത്രവാദിനികൾ എന്ന കഥയുടെ പശ്ചാത്തലം. ലക്ഷ്യമില്ലാത്ത യാത്രക്കൊരുങ്ങിയ രണ്ടുപേർ. അവർ താമസത്തിനായി തിരഞ്ഞെടുത്ത പ്രദേശത്ത് ഒരാൾക്ക് മാത്രം താമസിക്കാൻ പാകത്തിന് ഒരു കാരവാൻ പാർക്ക് ചെയ്തിരിക്കുന്നു. വളരെ യാദൃച്ഛികമായി ആ കാരവാനിലെ യാത്രികയെ കണ്ടുമുട്ടുന്നതിലൂടെയാണ് കഥയിലേക്ക് കടക്കുന്നത്.
യുദ്ധമുഖത്ത് പരിഭ്രാന്തരായി കഴിഞ്ഞ സ്ത്രീകളുടെ ചിത്രങ്ങളും കഥകളും ചരിത്രത്തിൽ നിന്നും കണ്ടെടുക്കാൻ കഴിയും. എന്നാൽ ചരിത്രത്തിൽ യുദ്ധത്തോട് പൊരുതിയ, പടനയിച്ച സ്ത്രീകളെക്കുറിച്ചുള്ള വിവരങ്ങൾ വിരളവുമാകും. ഇവിടെയാണ് നാദിയ എന്ന റഷ്യൻ പെൺകുട്ടി പറഞ്ഞ കഥകൾ വഴി എഴുത്തുകാരി നമ്മെ അത്ഭുതപ്പെടുത്തുന്നത്. നാദിയയുടെ അമ്മൂമ്മ യൂലിയയും സുഹൃത്തായ കാത്യയും രണ്ടാംലോക യുദ്ധസമയത്ത് പൈലറ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. രണ്ടാം ലോകയുദ്ധ സമയത്ത് സ്ത്രീകളെ റഷ്യൻ വ്യോമസേന ക്ഷണിക്കുന്നു എന്ന വാർത്തയാണ് അവരെ യുദ്ധവിമാനങ്ങളുടെ തേര് പായിക്കാൻ സജ്ജരാക്കുന്നത്. സ്ത്രീകളെ വ്യോമസേനയിലേക്ക് ക്ഷണിച്ചെങ്കിലും പുരുഷന്മാർക്ക് ലഭിക്കുന്ന സൗകര്യങ്ങളുള്ള യുദ്ധവിമാനങ്ങൾ അവർക്ക് ലഭിച്ചിരുന്നില്ല. എന്നിട്ടും സ്ത്രീകൾ അവരുടെ ആകാശത്ത് വട്ടമിട്ടു പറന്നു. അവരുടെ പ്രത്യാക്രമണം ശത്രുസൈന്യത്തെപ്പോലും വിറപ്പിക്കുന്നതായിരുന്നു. ഏതൊരു യുദ്ധത്തിന്റെയും അന്ത്യം അതിന്റെ പാർശ്വഫലങ്ങൾക്ക് വിധേയരാവുന്നവരുടേത് കൂടിയാണ്. തോറ്റു കൊടുക്കാതെ മുന്നേറുന്നവരും യുദ്ധത്തിൽ തോറ്റു പോവുന്നവരും മനുഷ്യരാണ്. ഒരു രാത്രികൊണ്ട് രണ്ട് സ്ത്രീകളുടെ ജീവിത സമരത്തെ ആഖ്യാനം ചെയ്യാൻ നാദിയ എന്ന പെൺകുട്ടിയിലൂടെ എഴുത്തുകാരിക്ക് കഴിയുന്നു.
ആകാശത്തിനും കടലിനും മധ്യേ കെട്ടിപ്പിണയുന്ന മനുഷ്യരുടെ കഥകളാണിവ എന്ന് നിസംശയം പറയാം. ഒരുവശത്ത് രാജ്യത്തെ രക്ഷിക്കാൻ യുദ്ധവിമാനങ്ങളുയർത്തുന്നവർ, മറുവശത്ത് ജീവിതത്തിനും മരണത്തിനുമിടയിൽ സ്വാതന്ത്ര്യത്തിന്റെയും അവകാശത്തിന്റെയും പ്രതീക്ഷകൾക്കകത്ത് കുടുങ്ങിപ്പോകുന്നവർ. ചികഞ്ഞുപോകാൻ പലരും മടിക്കുന്ന യാഥാർത്ഥ്യങ്ങളുടെ കഥകളാണ് ‘ആകാശത്തിലെ മന്ത്രവാദിനികൾ’ എന്ന സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മനുഷ്യരെ കൊത്തിവലിക്കുന്ന അനുഭവങ്ങൾ ഇവിടെ കഥയുടെ രൂപം പ്രാപിക്കാനൊരുങ്ങുന്നു. യുദ്ധവും കുടിയേറ്റവും നേരിട്ട ശക്തരായ സ്ത്രീകൾ, മനുഷ്യരെ പൊള്ളിക്കുന്ന അനുഭവങ്ങൾ ഇവ കഥാകാരിയുടെ മനസ്സിൽ നിന്നും പൊക്കിൾക്കൊടി മുറിച്ചിറങ്ങുമ്പോൾ അനുഭവവിവരണത്തിന്റെയോ കഥ പറച്ചിലിന്റെയോ പൊള്ളുന്ന അനുഭവം വായനക്കാർക്ക് നൽകുന്നു. കഥയ്ക്കും അനുഭവത്തിനുമിടയിൽ മനുഷ്യരെ കുടുക്കിക്കളയുന്ന സ്ത്രീയാവിഷ്കാരത്തിന്റെ സാധ്യതയായി ഹരിത സാവിത്രിയുടെ കഥകളെ അടയാളപ്പെടുത്താം. l