Sunday, May 26, 2024

ad

Homeപല രാജ്യങ്ങള്‍ പല കമ്യൂണിസ്റ്റു പാര്‍ടികള്‍അടിച്ചമർത്തലുകൾ നേരിട്ട് ഇറാഖി കമ്യൂണിസ്റ്റ് പാർട്ടി –2

അടിച്ചമർത്തലുകൾ നേരിട്ട് ഇറാഖി കമ്യൂണിസ്റ്റ് പാർട്ടി –2

എം എ ബേബി

1944–46 കാലത്ത് ഇറാഖിലെ എണ്ണമേഖലയിലെ തൊഴിലാളികളിലും റെയിൽവേ തൊഴിലാളികളിലും ബസ്ര തുറമുഖത്തിലെ തൊഴിലാളികളിലും 60% ത്തോളം പേരെയും സംഘടിപ്പിക്കാനും, ശക്തമായ ട്രേഡ് യൂണിയൻ കെട്ടിപ്പടുക്കാനും ഇറാഖി കമ്യൂണിസ്റ്റ് പാർട്ടിക്ക് കഴിഞ്ഞു. തൽഫലമായി 1945 – 47 കാലത്ത് വിവിധ വിഭാഗം തൊഴിലാളികളുടെ വമ്പിച്ച പണിമുടക്കുകൾക്ക് ഇറാഖ് സാക്ഷ്യംവഹിച്ചു. കൂലി വർദ്ധനയും സംഘടനയ്ക്ക് അംഗീകാരവും ആവശ്യപ്പെട്ടായിരുന്നു പണിമുടക്ക്. തുടർച്ചയായ പണിമുടക്കുകളെത്തുടർന്ന് വേതന വർദ്ധന നടപ്പാക്കാൻ ഗവൺമെന്റ് നിർബന്ധിതമായി; എന്നാൽ ഉടൻതന്നെ കമ്യൂണിസ്റ്റ് പാർട്ടിക്കുനേരെയുള്ള പ്രത്യാക്രമണവും ഗവൺമെന്റ് തുടങ്ങി. യൂണിയൻ നേതാക്കളെ, അതായത് കമ്യൂണിസ്റ്റ് നേതാക്കളെ കൂട്ടത്തോടെ അറസ്റ്റുചെയ്ത് ജയിലിലടച്ചു; യൂണിയനുകളെ അങ്ങനെ തകർത്തു. ഇത് ‘അൽ – വത്ബ’ (Al Wathba) എന്ന പേരിൽ അറിയപ്പെടുന്ന, 1948 ജനുവരി മുതൽ തുടക്കമിട്ട, ബാഗ്ദാദ് ഉൾപ്പെടെയുള്ള നഗരങ്ങളിലെ പ്രക്ഷോഭപരമ്പരകൾക്കിടയാക്കി.

ഈ കാലഘട്ടത്തിൽ പാർട്ടി അഭിമുഖീകരിച്ച ഒരു പ്രധാന പ്രശ്നം പലസ്തീനുമായി ബന്ധപ്പെട്ടതായിരുന്നു. പലസ്തീൻ ജനതയുടെ സ്വയംനിർണയാവകാശത്തെ അനുകൂലിച്ചും, പലസ്തീനിൽ ഇസ്രയേൽ എന്ന ജൂതരാഷ്ട്രം സ്ഥാപിക്കുന്നതിനെതിരെയും ഉറച്ച നിലപാടെടുത്തിരുന്നു ഇറാഖി കമ്യൂണിസ്റ്റ് പാർട്ടി. എന്നാൽ പലസ്തീനെ വിഭജിച്ച് ഇസ്രയേൽ സ്ഥാപിക്കാനുള്ള ഐക്യരാഷ്ട്ര സഭാ പ്രമേയത്തെ സോവിയറ്റ് യൂണിയൻ അനുകൂലിച്ചതോടെ ഇറാഖിലെ കമ്യൂണിസ്റ്റ് പാർട്ടി യാന്ത്രികമായി ആ നിലപാടിനെ അനുകൂലിച്ചു. ഇത് അറബ് വംശജർ പാർട്ടിയിൽനിന്ന് അകലുന്നതിനിടയാക്കി. അന്നത്തെ ലോക രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് നയതന്ത്രപരമായ തീരുമാനമാണ് സോവിയറ്റ് യൂണിയൻ കെെക്കൊണ്ടത് എന്ന് മനസ്സിലാക്കുന്നതിൽ വന്ന വീഴ്ചയാണ് ഇതിനിടയാക്കിയത്. എന്നിരുന്നാലും, അൽ വത്ബ പ്രക്ഷോഭങ്ങളിലൂടെ തൊഴിലാളിവർഗത്തെയും മർദ്ദിത ജനവിഭാഗങ്ങളെയും ഒരു പരിധിവരെ പാർട്ടിക്കുപിന്നിൽ ഉറപ്പിച്ചുനിർത്താൻ പാർട്ടിക്കു കഴിഞ്ഞു. കുപ്രസിദ്ധമായ ആംഗ്ലോ – ഇറാഖി ഉടമ്പടിക്കെതിരെ നടന്ന ഈ ദേശീയ വിപ്ലവ മുന്നേറ്റത്തിന്റെ നായകത്വം കമ്യൂണിസ്റ്റ് പാർട്ടിക്കായിരുന്നു. ഇറാഖിനുമേലുള്ള ബ്രിട്ടന്റെ നിയന്ത്രണം ഇരുപതു വർഷത്തേക്കുകൂടി തുടരാനുള്ള വ്യവസ്ഥയായിരുന്നു ഈ ഉടമ്പടി. ഈ കാലത്ത് പണിമുടക്കുകളുടെയും പ്രക്ഷോഭങ്ങളുടെയും ഭാഗമായി പ്രക്ഷോഭകരും പൊലീസുമായി ഏറ്റുമുട്ടലുകളുണ്ടായി. ഈ തെരുവുയുദ്ധങ്ങളിൽ നാനൂറോളംപേരെ പട്ടാളവും പൊലീസും ചേർന്ന് കശാപ്പു ചെയ്തു. ഇറാഖി കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്ന ഫഹദ് (യൂസഫ് സൽമാൻ യൂസഫ്) ഉൾപ്പെടെ മൂന്ന് കമ്യൂണിസ്റ്റുകാരെ പൊതുജനമധ്യത്തിൽ തൂക്കിക്കൊന്നത് ഈ കാലത്താണ്. ശക്തമായ അടിച്ചമർത്തലിന്റേതായ ഈ കാലഘട്ടത്തിൽനിന്ന് കരകയറാൻ പാർട്ടിക്കു കുറച്ചുകാലം വേണ്ടിവന്നു.

അടിച്ചമർത്തലിനെത്തുടർന്ന് ദുർബലമാക്കപ്പെട്ട പാർട്ടി സംഘടനയെ കരകയറ്റിയത് കുർദ്ദ് വംശജർക്കിടയിൽനിന്ന് ലഭിച്ച വർദ്ധിച്ച പിന്തുണയാണ്. 1949–50 കാലത്ത് പാർട്ടിയെ ശരിക്കും മുന്നോട്ടുകൊണ്ടുപോയത് കുർദ്ദിസ്ഥാനാണ്. ബാഗ്ദാദ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന നേതൃത്വവും കേഡർമാരും ഏറെക്കുറെ പൂർണ്ണമായി തന്നെ ജയിലിലടയ്ക്കപ്പെട്ടിരുന്നു. ആ വിടവ് നികത്തിയത് കുർദ്ദിസ്ഥാൻ പ്രദേശത്തെ കേഡർമാരായിരുന്നു. സംഘടനാപരമായി പാർട്ടി അഭിമുഖീകരിച്ച മറ്റൊരു പ്രശ്നം പാർട്ടിയിലെ ജൂത വിഭാഗത്തിൽപെട്ട അംഗങ്ങളുടെ എണ്ണത്തിലുണ്ടായ ഇടിവാണ്. ഇറാഖിൽനിന്ന് ജൂതർ കൂട്ടത്തോടെ ഇസ്രായേലിലേക്കു പലായനം ചെയ്തതിനെ തുടർന്നായിരുന്നു ഇങ്ങനെ സംഭവിച്ചത്.

1952–54 കാലത്ത് ജനകീയ പോരാട്ടങ്ങളുടെ പരമ്പരയ്ക്കുതന്നെ ഇറാഖ് സാക്ഷ്യംവഹിച്ചു. ഇതിനെ നേരിടാൻ രാജാവ് പട്ടാള നിയമം നടപ്പാക്കി; രാഷ്ട്രീയ പാർട്ടികളെയും സാംസ്കാരിക സംഘടനകളെയും ട്രേഡ് യൂണിയനുകളെയുമെല്ലാം നിരോധിച്ച ഭരണകൂടം മാധ്യമ സ്വാതന്ത്ര്യംവരെ കവർന്നെടുത്തു; രാഷ്ട്രീയ – ട്രേഡ് യൂണിയൻ നേതാക്കളെയും സാംസ്കാരിക നേതാക്കളെയുമെല്ലാം തടവിലാക്കി. ബ്രിട്ടന്റെ നേരിട്ടുള്ള ഭരണകാലത്തും രാജവാഴ്ചയിലും പ്രധാനമന്ത്രിയായിരുന്ന നൂറി അൽ – സെയ്ദിന്റെ (Nuri al – Said) ഉരുക്കുമുഷ്ടിയിലായിരുന്നു ഇക്കാലത്ത് ഇറാഖ്.

റയിദ് ഫഹമി

തുടക്കംമുതൽതന്നെ ഇറാഖി കമ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ട സംഘടനയായിരുന്നു. 1953ൽ പാർട്ടി ഒരു പുതിയ ദേശീയ ചാർട്ടർ അംഗീകരിച്ചു. 1944ലെ ചാർട്ടറിൽനിന്നും ഈ പുതിയ ചാർട്ടറിനെ വ്യത്യസ്തമാക്കുന്നത്, കുർദിഷ് ജനതയ്ക്കു വേറിട്ടുപോകാനുള്ള അവകാശം ഇത് അംഗീകരിക്കുന്നു എന്നതാണ്. ഈ കാലത്ത് പാർട്ടിക്ക് അഞ്ഞൂറോളം അംഗങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ് അനൗദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.

1953 ജൂണിലും സെപ്തംബറിലും ഇറാഖി ജയിലുകളിൽ കലാപം പൊട്ടിപ്പുറപ്പെട്ടു; ആദ്യം ബാഗ്ദാദിലും പിന്നീട് കുട്ടിലും (Kut) ആണ് കലാപം നടന്നത്. അതിഭീകരമായാണ് ഭരണകൂടം ഈ കലാപങ്ങളെ അടിച്ചമർത്തിയത്. ജയിലിൽ കഴിഞ്ഞിരുന്ന നിരവധി കമ്യൂണിസ്റ്റ് നേതാക്കളും കേഡർമാരും വധിക്കപ്പെട്ടു. ഭരണകൂടത്തിന്റെ ഈ ഭീകരതയ്ക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധം അലയടിച്ചു; തൽഫലമായി, കമ്യൂണിസ്റ്റുകാരോട് അനുഭാവം പുലർത്തുന്നവരുടെ എണ്ണം വർദ്ധിക്കുകയും ചെയ്തു.

ഇറാഖി കമ്യൂണിസ്റ്റു പാർട്ടിയുടെ രണ്ടാം കോൺഗ്രസ് 1956ൽ ചേർന്നു. ഈ പാർട്ടി കോൺഗ്രസിൽ അഖില അറബ് ദേശീയത ഔപചാരിക നിലപാടായി സ്വീകരിച്ചു. 1955 ജൂലെെയിൽ സോവിയറ്റ് യൂണിയനും ഇൗജിപ്തും തമ്മിൽ ഒപ്പുവെച്ച ആയുധക്കരാർ ഈ നിലപാടിന് പ്രചോദനമായിയെങ്കിലും അതിലും പ്രധാന ഘടകമായത് ഈജിപ്ത് 1956ൽ സൂയസ് കനാൽ ദേശസാൽക്കരിക്കുകയും ബ്രിട്ടൻ, ഫ്രാൻസ്, ഇസ്രയേൽ എന്നീ രാജ്യങ്ങളുമായുള്ള ഏറ്റുമുട്ടലിന് അത് വഴിയൊരുക്കുകയും ചെയ്തതാണ്. രാജവാഴ്ചയ്ക്ക് അന്ത്യംകുറിച്ച 1958ലെ വിപ്ലവത്തെത്തുടർന്ന് അറബ് ദേശീയത സംബന്ധിച്ച നാസറിന്റെ നിലപാടിനോടുള്ള വിയോജിപ്പ് പാർട്ടിക്കുള്ളിൽ ശക്തിപ്പെട്ടു.

ജൂലെെ 14 വിപ്ലവം
പത്തുവർഷത്തിലേറെ രൂക്ഷമായി നിലനിന്ന ഇറാഖിലെ വർഗവെെരുധ്യങ്ങൾ അനുദിനം മൂർച്ഛിക്കുകയായിരുന്നു. ഒടുവിൽ അത് വമ്പിച്ച വിപ്ലവ മുന്നേറ്റത്തിലും പൊട്ടിത്തെറിയിലുമാണ് കലാശിച്ചത്. 1958 ജൂലെെ 14ന് ജനറൽ അബ്ദുൽ സലാം ആരിഫിന്റെയും (Abd – al – Salam Arif) ജനറൽ അബ്ദുൽ – കരീം ഖാസിമിന്റെയും (Abd – al – Karim Qasim) നേതൃത്വത്തിൽ സുപ്രീം കമ്മിറ്റി ഓഫ് ഫ്രീ ഓഫീസേഴ്സ്, ബ്രിട്ടന്റെ ചരടുവലിക്കനുസരിച്ച് ചാടിക്കളിച്ചിരുന്ന ഫെെസൽ രണ്ടാമൻ രാജാവിന്റെ ഭരണത്തെ അട്ടിമറിച്ച് രാജ്യത്തിന്റെ ഭരണം പിടിച്ചെടുത്തു; അതോടെ ഇറാഖ് റിപ്പബ്ലിക്കായി. സെെന്യത്തിനുള്ളിലെ കമ്യൂണിസ്റ്റുകാരുൾപ്പെടെയുള്ള ഇടതുപക്ഷ – പുരോഗമനവാദികളായ ചെറുപ്പക്കാരുടെ സംഘമായിരുന്നു സുപ്രീം കമ്മിറ്റി ഒാഫ് ഫ്രീ ഓഫീസേഴ്സ്.

രാജവാഴ്ച അട്ടിമറിക്കപ്പെട്ടതോടെ അതേവരെ അടിച്ചമർത്തപ്പെട്ടിരുന്ന സാമൂഹ്യ ശക്തിയുടെ മഹാവിസ്ഫോടനംതന്നെ സംഭവിച്ചു. ബഹുജന സംഘടനകളും ട്രേഡ് യൂണിയനുകളും ജനകീയ ചെറുത്തുനിൽപ്പിനുള്ള സന്നദ്ധസേനകളുമെല്ലാം പെട്ടെന്നാണ് ഉയർന്നുവന്നത്. ക്രമേണ ഈ വിപ്ലവ മുന്നേറ്റത്തിന്റെ അംഗീകൃത നായകനായി ജനറൽ ഖാസിം മാറി.

വ്യത്യസ്തങ്ങളായ രണ്ട് സാമ്രാജ്യത്വവിരുദ്ധ ശക്തികളെ കൂട്ടിയോജിപ്പിക്കാൻ കഴിഞ്ഞതാണ് ഈ വിപ്ലവം വിജയിക്കുന്നതിനിടയാക്കിയ മുഖ്യഘടകം; ഒന്ന്, തൊഴിലാളിവർഗത്തിന്റെയും മറ്റു മർദ്ദിത ജനവിഭാഗങ്ങളുടെയും സാമൂഹികവും സാമ്പത്തികവുമായ അവസ്ഥ സാമൂഹിക മുന്നേറ്റത്തിനും ദേശീയ വിപ്ലവത്തിനും കളമൊരുക്കി. അതേസമയംതന്നെ, നഗരങ്ങളിൽ പുതുതായി ഉയർന്നുവന്ന ബൂർഷ്വാ – പെറ്റി ബൂർഷ്വാ വിഭാഗങ്ങളിൽ ശക്തിപ്രാപിച്ച ദേശീയവികാരം, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കളിപ്പാവയായി ഭരണം നടത്തിയിരുന്ന രാജവാഴ്ചക്കെതിരായി മാറി. എന്നാൽ, ഇറാഖിനെ ഒരു സോഷ്യലിസ്റ്റ് രാജ്യമാക്കിമാറ്റുന്നതിന് ഈ വിഭാഗം എതിരുമായിരുന്നു.

സമരോത്സുകമായ പാരമ്പര്യവും തൊഴിലാളിവർഗവുമായുള്ള ദൃഢബന്ധവും ഒളിവിൽ പ്രവർത്തിച്ചിരുന്ന ശക്തമായ സംഘടനാ സംവിധാനവും ഇറാഖി കമ്യൂണിസ്റ്റ് പാർട്ടിയെ ട്രേഡ് യൂണിയനുകളുടെയും ബഹുജന സംഘടനകളുടെയും നേതൃത്വത്തിലെത്തിച്ചു. വിപ്ലവത്തിന്റെ രക്ഷയ്ക്കായി സ്വന്തമായൊരു ജനകീയ സംഘത്തിനും കമ്യൂണിസ്റ്റു പാർട്ടി രൂപം നൽകി. വിദ്യാർത്ഥി യൂണിയൻ, യുവജന സംഘടന, വനിത സംഘടന എന്നിവയ്ക്കൊപ്പം എഞ്ചിനീയർമാർ, അഭിഭാഷകർ, അധ്യാപകർ എന്നീ വിഭാഗങ്ങളുടെയും നേതൃത്വം പാർട്ടി അംഗങ്ങൾക്ക് ലഭിച്ചു. 1959 ജനുവരിയിൽ അടിസ്ഥാനപരമായ സാമൂഹിക സാമ്പത്തിക മാറ്റങ്ങൾ, പ്രത്യേകിച്ചും സമഗ്രമായ ഭൂപരിഷ്കരണം, ആവശ്യപ്പെട്ട് പ്രക്ഷോഭമാരംഭിച്ചു; അഞ്ചു ലക്ഷത്തിലധികം ആളുകളാണ് ബാഗ്ദാദിലെ തെരുവുകളിൽ പ്രക്ഷോഭത്തിനിറങ്ങിയത്. ആ ദിവസങ്ങളിൽ ബാഗ്ദാദ് പൂർണമായും പാർട്ടിയുടെയും ബഹുജന പ്രസ്ഥാനങ്ങളുടെയും നിയന്ത്രണത്തിലായി എന്നുതന്നെ പറയാം.

ഹുസൈൻ അൽ റാസി

‘കമ്യൂണിസമെന്ന ഭൂതം’ ഈ നാളുകളിൽ സാമ്രാജ്യത്വ ശക്തികളുടെ ഉറക്കം കെടുത്തി. അക്കാലത്ത് സിഐഎ ഡയറക്ടറായിരുന്ന അലൻ ഡള്ളസ് പ്രസ്താവിച്ചത്, ഇറാഖിലെ സ്ഥിതി ‘‘ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായതാണ്’’ എന്നാണ്. യഥാർത്ഥ സാമൂഹ്യവിപ്ലവ മുന്നേറ്റം ഉണ്ടാകാനുള്ള സാധ്യത ഭരണം നടത്തിയിരുന്ന വിപ്ലവ സഖ്യത്തിൽ ഭിന്നത സൃഷ്ടിച്ചു. ഭരണതലത്തിൽ മുഖ്യമായും കമ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണയെ ആശ്രയിച്ചിരുന്ന അബ്ദുൽ കരീം ഖാസിമും കമ്യൂണിസ്റ്റുവിരുദ്ധ അറബ് ദേശീയതയുടെ വക്താവായിരുന്ന അബ്ദുൽ – സലാം – ആരിഫും തമ്മിലുള്ള ചേരിപ്പോരിലാണ് ഇത് കലാശിച്ചത്. അറബ് രാഷ്ട്രങ്ങളുടെയാകെ രാഷ്ട്രീയമായ കൂട്ടായ്മയുണ്ടാക്കുകയെന്നതായിരുന്നു അഖില അറബ് വാദത്തിന്റെ (Pan -– Arabism) പരിപാടി. ജനപ്രിയവും പുരോഗമനപരവുമായ വായ്ത്താരികൾ നടത്തിയിരുന്നുവെങ്കിലും ഈ വിഭാഗത്തിന്റെ യഥാർത്ഥ ലക്ഷ്യം അറബ് മേഖലയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ച തടയുകയെന്നതായിരുന്നു. അഖില അറബ് ദേശീയതയുടെ വക്താവായിരുന്ന ഈജ്പിതിലെ നാസർ 1958 അവസാനത്തോടെ കമ്യൂണിസ്റ്റ് പാർട്ടിക്കെതിരായി, പ്രത്യേകിച്ചും സിറിയയിലെയും ഇറാഖിലെയും കമ്യൂണിസ്റ്റ് പാർട്ടികൾക്കെതിരായി, ശക്തമായ ആക്രമണമഴിച്ചുവിടാൻ തുടങ്ങി. ഈജിപ്തുമായി കൂട്ടായ്മയുണ്ടാക്കണമെന്നു വാദിച്ചിരുന്ന ആരിഫും അനുയായികളും ഈജിപ്തിലേതുപോലുള്ള കമ്യൂണിസ്റ്റു വിരുദ്ധ നിയമങ്ങൾ ഇറാഖി കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെ പ്രയോഗിക്കണമെന്ന് താൽപര്യപ്പെട്ടിരുന്നു. കമ്യൂണിസ്റ്റുകാരെ അത്തരത്തിൽ ഒതുക്കുകയും കമ്യൂണിസ്റ്റുവിരുദ്ധരെ ശക്തിപ്പെടുത്തുകയും ചെയ്യുകയായിരുന്നു അവരുടെ ലക്ഷ്യം.

കമ്യൂണിസ്റ്റുകാരെ വകവരുത്താൻ ബാത്ത് പാർട്ടി

നസീബ അൽ ദുലൈമി

എന്നാൽ തങ്ങളുടെ ലക്ഷ്യവുമായി സുഗമമായി മുന്നോട്ടുപോകാൻ അവർക്ക് സാധിച്ചിരുന്നില്ല. കാരണം, തെരുവുകളുടെ നിയന്ത്രണം കമ്യൂണിസ്റ്റുകാരുടെ കെെയിലായിരുന്നു. അതിൽതന്നെ ഏറ്റവും പ്രധാനപ്പെട്ടതും നിർണായകവുമായ കാര്യം തൊഴിലാളിവർഗത്തിന്റെ ആവേശകരമായ മുന്നേറ്റമായിരുന്നു. ഇറാഖി ബൂർഷ്വാസിയുടെയും സാമ്രാജ്യത്വ ശക്തികളുടെയും ഇഷ്ടത്തിനനുസരിച്ച് ചുഴറ്റാനുള്ള വടിയായി ബാത്ത് പാർട്ടിയുടെ സജീവ സാന്നിധ്യവുമുണ്ടായിരുന്നു; മറ്റു ചില ചെറിയ സംഘടനകളും ഇക്കൂട്ടത്തിലുണ്ടായി. 1951ൽ രൂപീകരിക്കപ്പെട്ട ബാത്ത് പാർട്ടി വളർന്നത് സെെന്യത്തിനുള്ളിലെ കമ്യൂണിസ്റ്റുവിരുദ്ധ വിഭാഗത്തിന്റെ പിൻബലത്തിലാണ്. എങ്കിലും അക്കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയുമായി തുലനം ചെയ്യുമ്പോൾ, തീരെ ചെറിയൊരു സംഘടന മാത്രമായിരുന്നു ബാത്ത് പാർട്ടി. മാത്രവുമല്ല, കമ്യൂണിസ്റ്റു പാർട്ടിക്കുണ്ടായിരുന്ന ജനപിന്തുണ ബാത്ത് പാർട്ടിക്ക് ഉണ്ടായിരുന്നതുമില്ല. എന്നാൽ ബാത്ത് പാർട്ടിക്ക് ജനപിന്തുണയുടെ ആവശ്യമുണ്ടായിരുന്നില്ല. കാരണം, അതിന്റെ പ്രവർത്തനം സെെന്യത്തിന്റെ പിൻബലത്തെമാത്രം ആശ്രയിച്ചുള്ളതായിരുന്നു; ആ പാർട്ടിക്ക് ആകെ വേണ്ടത് ഗുണ്ടകളുടെയും കൊലയാളികളുടെയും സംഘങ്ങളെയായിരുന്നു. 1958 അവസാനം മുതൽ ബാത്തിസ്റ്റുകൾ പൊലീസിന്റെ സജീവ പിന്തുണയോടെ ഒട്ടേറെ കമ്യൂണിസ്റ്റുകാരെ കൊലപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

ബാത്ത് പാർട്ടിയുടെ ഒരു കൊലയാളി സംഘം 1959 ഒക്ടോബറിൽ ജനറൽ ഖാസിമിന്റെ ജീവനെടുക്കാൻ ഒരു വിഫലശ്രമം നടത്തി. ആ കൊലയാളി സംഘത്തിന്റെ തലവൻ പിൽക്കാലത്ത് ബാത്ത് പാർട്ടിയുടെ പരമോന്നത നേതാവും ഇറാഖിന്റെ പ്രസിഡന്റുമായ സദ്ദാം ഹുസെെനായിരുന്നു. 1961 ഓടുകൂടി കമ്യൂണിസ്റ്റു പാർട്ടിയുടെ ഉശിരന്മാരായ 286 അംഗങ്ങളും അനുഭാവികളുമാണ് കൊല്ലപ്പെട്ടത്; കൊലയാളികൾ ബാത്ത് പാർട്ടിക്കാരും. ഈ അക്രമിസംഘത്തിന്റെ പടയോട്ടം കാരണം ആയിരക്കണക്കിനുപേർക്ക് നാടും വീടുംവിട്ട് ഓടേണ്ടതായിവന്നു. ഇത്തരം നിഷ്ഠുരമായ നടപടികളിലൂടെയാണ് ബാത്തിസ്റ്റുകൾ കമ്യൂണിസ്റ്റുകാരെയും തൊഴിലാളികളെയും ഒതുക്കിയത്. എന്നാൽ ഈ നടപടികൾകൊണ്ടൊന്നും കമ്യൂണിസ്റ്റുകാരെ ഇല്ലായ്മ ചെയ്യാനോ തൊഴിലാളിവർഗ പ്രസ്ഥാനത്തെ തകർക്കാനോ ബാത്ത് പാർട്ടിക്ക് കഴിഞ്ഞില്ല. മാത്രമല്ല, 1959ൽ അബ്ദുൽ ഖരിം ഖാസിമിന്റെ മന്ത്രിസഭയിൽ കമ്യൂണിസ്റ്റ് പാർട്ടിയംഗമായ നസിഹ – അൽ –ദു ലെെമി (Naziha al Dulaimi) നഗരകാര്യമന്ത്രിയായി പ്രവർത്തിക്കുകയും ചെയ്തു. ആധുനിക ഇറാഖിന്റെ ചരിത്രത്തിൽ കാബിനറ്റ് അംഗമായ ആദ്യ വനിതയായിരുന്നു ഈ കമ്യൂണിസ്റ്റുകാരി. അറബ് ലോകത്തിലെതന്നെ ആദ്യത്തെ വനിതാ മന്ത്രിയായിരുന്നു ഇവർ.

ഇത്തരമൊരു പശ്ചാത്തലത്തിലാണ് കമ്യൂണിസ്റ്റുകാരെ പാടെ തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെ ബാത്ത് പാർട്ടി കരുനീക്കം ആരംഭിച്ചത്. ട്രേഡ് യൂണിയനുകളെ തകർക്കലും ബാത്തിസ്റ്റുകളുടെ ലക്ഷ്യമായിരുന്നു. ഒടുവിൽ 1963ൽ സെെന്യത്തിലെ കമ്യുണിസ്റ്റുവിരുദ്ധരെയാകെ കൂട്ടിയോജിപ്പിച്ച് രാജ്യത്ത് സെെനിക അട്ടിമറി നടത്തുന്നതിൽ ബാത്ത് പാർട്ടി വിജയിച്ചു. ഖാസിമിനെ വധിച്ച് അവർ അധികാരം പിടിച്ചെടുത്തു. ഈ അട്ടിമറിയെ പരാജയപ്പെടുത്താൻ കമ്യൂണിസ്റ്റു പാർട്ടി തെരുവിൽ അതിശക്തമായ പോരാട്ടമാണ് നടത്തിയത്. ബാഗ്ദാദിൽ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം മൂന്നു ദിവസത്തോളം പട്ടാളത്തെ ചെറുത്തുനിന്നു. മരിയോൺ ഫറൂക്ക് സ്ലഗ്-ലെറ്റും പീറ്റർ സ്ലഗ്-ലെറ്റുംകൂടി എഴുതിയ Iraq Since 1958: From Revolution to Dictatorship എന്ന കൃതിയിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:

‘‘1963 ഫെബ്രുവരിക്കും നവംബറിനും ഇടയ്ക്കുള്ള മാസങ്ങളിൽ, ലോകയുദ്ധാനന്തരകാലത്ത് മധ്യപൂർവ പ്രദേശത്തുണ്ടായതിൽ വെച്ചേറ്റവും ഭീകരമായ അക്രമരംഗങ്ങൾക്കാണ് ഇറാഖ് സാക്ഷ്യംവഹിച്ചത്. തങ്ങളുടെ രാഷ്-ട്രീയ എതിരാളികളെ ശാരീരികമായി ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബാത്ത് പാർട്ടിയും കൂട്ടാളികളും നീങ്ങിയത്; അതുകൊണ്ടാണ് അതിഭീകരമായ കാട്ടാളത്തവും നിഷ്ഠുരതയും അരങ്ങേറിയത്’’.

അസീസ് മുഹമ്മദ്‌

കമ്യൂണിസ്റ്റ് പാർട്ടി കേഡർമാരെ തെരുവിൽ വെടിവെച്ചു കൊല്ലുകയോ കൂട്ടത്തോടെ അറസ്റ്റുചെയ്ത് തടങ്കൽ പാളയങ്ങളിൽ തല്ലിക്കൊല്ലുകയോ, പിന്നെയും അവശേഷിച്ചവരെ വിചാരണ പ്രഹസനം നടത്തി കൊല്ലുകയോ ആണുണ്ടായത്. ബാത്ത് പാർട്ടിയുടെ നേതാവ് ജനറൽ അഹമ്മദ് ഹസ്സൻ അൽ ബക്കർ (Ahmed Hassan al -– Becker) പ്രധാനമന്ത്രിയും കേണൽ അബ്ദുൽ സലാം ആരിഫ് പ്രസിഡന്റുമായാണ് 1963 ഫെബ്രുവരിയിൽ ഭരണം സ്ഥാപിക്കപ്പെട്ടത്. ഒൻപതു മാസത്തിനുശേഷം ബാത്തിസ്റ്റുകളെ പുറത്താക്കിയ ആര-ിഫ് അധികാരം പൂർണമായും പിടിച്ചെടുത്തു. ബാത്തിസ്റ്റുകൾ അധികാരത്തിലിരുന്ന ഒൻപത് മാസവും കമ്യൂണിസ്റ്റുകാർക്കുനേരെയുള്ള കൊലപാതകവും മർദ്ദനവും തുടർന്നു. സിഐഎ കൊടുത്ത ലിസ്റ്റനുസരിച്ചായിരുന്നു ബാത്തിസ്റ്റുകൾ ഈ അരുംകൊലകൾ നടത്തിയത്. കവിയും ചിത്രകാരനും ഇറാഖി കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയുമായിരുന്ന ഹുസെെൻ അൽ – റാസി (Hussain al- Razi) ഉൾപ്പെടെ അസംഖ്യം കമ്യൂണിസ്റ്റ് നേതാക്കളും കേഡർമാരുമാണ് ഇങ്ങനെ കൊല്ലപ്പെട്ടത്. അറബ് ലോകത്തെ ഏറ്റവും ശക്തവും ജനസ്വാധീനമുള്ളതുമായ ഇറാഖിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ തകർച്ചയ്ക്ക് ഈ കൊലപാതക പരമ്പരകൾ വഴിയൊരുക്കി. അറബ് ലോകത്തെയാകെ സോഷ്യലിസത്തിലേക്ക് വഴിതെളിക്കാൻ കഴിയുന്നത്ര ശക്തമായിരുന്നു ഇറാഖിലെ കമ്യൂണിസ്റ്റു പാർട്ടി. 1959ൽ അധികാരം പിടിച്ചെടുക്കാതെ ഖാസിമിന് പിന്തുണ നൽകിയതും, സോവിയറ്റ് യൂണിയന്റെ വിദേശനയങ്ങൾക്കനുസരിച്ച് നയങ്ങൾക്ക് രൂപം നൽകിയതും (ഖാസിമിനെ പിന്തുണച്ചതും അങ്ങനെയാണ്) ഇറാഖി കമ്യൂണിസ്റ്റ് പാർട്ടിയെ ദുർബലമാക്കി. 1960കളുടെ മധ്യത്തിൽ ഇറാഖി കമ്യൂണിസ്റ്റ് പാർട്ടിയിൽ 15000 ത്തിലധികം അംഗങ്ങൾ ഉണ്ടായിരുന്നതായാണ് അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ കണക്ക്. ബാത്ത് പാർട്ടിയുടെ അക്രമവും കൂട്ടക്കുരുതിയും കമ്യൂണിസ്റ്റു പാർട്ടിയുടെ തകർച്ചയ്ക്കു വഴിതെളിച്ചു. 1968 ആയപ്പോൾ ബാത്ത് പാർട്ടി വീണ്ടും ഇറാഖിൽ അധികാരത്തിലെത്തി.

1967ൽ ഇറാഖി കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്നും അസിസ് അൽ – ഹജ്ജിന്റെ (Aziz – al – Hajj) ഒരു വിഭാഗം പാർട്ടി വിട്ട് ഇറാഖി കമ്യൂണിസ്റ്റ് പാർട്ടി – സെൻട്രൽ കമാൻഡ് എന്ന പേരിൽ പുതിയ പാർട്ടിക്കു രൂപംകൊടുത്തു. ഈ പാർട്ടി സായുധസമരത്തിന്റെ പാതയാണ് സ്വീകരിച്ചത്.

ഇറാഖി കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി അസിസ് മുഹമ്മദ് ഇറാഖ് പ്രസിഡന്റ് അഹമ്മദ് ഹസ്സൻ അൽ – ബക്കറുമായി 1973ൽ ഒരു കരാറിൽ ഏർപ്പെട്ടു. അതുപ്രകാരം കമ്യൂണിസ്റ്റ് പാർട്ടി ബാത്ത് പാർട്ടിയുമായി ചേർന്ന് ദേശീയ പുരോഗമന മുന്നണിക്ക് രൂപം നൽകി. ഇതോടെ ഇറാഖി കമ്യൂണിസ്റ്റ് പാർട്ടിക്ക് നിയമവിധേയമായി പ്രവർത്തിക്കാൻ അവസരം ലഭിച്ചു. പാർട്ടി പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കാനും സംഘടനയെ പുനരുജ്ജീവിപ്പിക്കാനും ഇതുവഴി സാധിച്ചു. സോവിയറ്റ് പ്രധാനമന്ത്രി അലക്സി കോസിജിന്റെ ഇറാഖ് സന്ദർശനം ബാത്ത് പാർട്ടിയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ഇറാഖി കമ്യൂണിസ്റ്റു പാർട്ടിയെ നിർബന്ധിതമാക്കി. തുടർന്ന് പാർട്ടിയുടെ രണ്ട് അംഗങ്ങൾ മന്ത്രിസഭയിൽ ചേർന്നു. അടിച്ചമർത്തലുകൾക്ക് താൽക്കാലിക വിരാമമായി.

എന്നാൽ 1978ൽ സദ്ദാം ഹുസെെൻ അധികാരത്തിലെത്തിയതോടെ കമ്യൂണിസ്റ്റുകാർക്കെതിരായ അടിച്ചമർത്തൽ വീണ്ടും ആരംഭിച്ചു. നിരവധി പാർട്ടി അംഗങ്ങളെയും പ്രവർത്തകരെയും കൊന്നൊടുക്കി. ഈ പശ്ചാത്തലത്തിൽ 1979ൽ കമ്യൂണിസ്റ്റു പാർട്ടി ഇറാഖി ഗവൺമെന്റുമായുള്ള ബന്ധം വിച്ഛേദിച്ചു.

1993ൽ ‘കമ്യൂണിസ്റ്റ് പാർട്ടി ഓഫ് കുർദിസ്ഥാൻ – ഇറാഖ്’ രൂപീകരിക്കപ്പെടുകയും, കുർദ് മേഖലയിലെ പാർട്ടി അംഗങ്ങളെ അതിനു കീഴിലാക്കുകയും ചെയ്തു. കുർദുകളുടെ സ്വയം നിർണയാവകാശം അംഗീകരിക്കുന്ന പാർട്ടിയാണ് ഇറാഖി കമ്യൂണിസ്റ്റ് പാർട്ടി. പ്രസ്ഥാനത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനാണ് ഇത്തരമൊരു വിഭജനം നടത്തിയത്. പൂർണമായും രണ്ടു പാർട്ടിയെന്ന നിലയിലല്ല, ഒരു പാർട്ടിയിലെ ഭാഗികമായി സ്വയംഭരണാവകാശമുള്ള പാർട്ടിയെന്ന നിലയിലാണ് കുർദിസ്ഥാൻ കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെട്ടത്.

2003ലെ അമേരിക്കൻ ആക്രമണത്തെയും അധിനിവേശത്തെയും തുടർന്ന് നിലവിൽ വന്ന രാഷ്ട്രീയ സംവിധാനത്തിനുള്ളിൽനിന്നു പ്രവർത്തിക്കാനാണ് ഇറാഖി കമ്യൂണിസ്റ്റ് പാർട്ടി തീരുമാനിച്ചത്. പാർട്ടി ജനറൽ സെക്രട്ടറി ഹമീദ് മജീദ് മൂസ ഇറാഖി ഗവേണിങ് കൗൺസിൽ അംഗമായി. 2005 ജനുവരി 20നു നടന്ന പൊതുതിരഞ്ഞെടുപ്പിൽ പീപ്പിൾസ് യൂണിയൻ (ഇറാഖ്) ലിസ്റ്റിലെ മുഖ്യ ഘടകമായിരുന്നു കമ്യൂണിസ്റ്റു പാർട്ടി. 2005 ഡിസംബറിൽ നടന്ന ഇറാഖി പാർലമെന്റ് തിരഞ്ഞെടുപ്പിൽ മറ്റു ചില സോഷ്യലിസ്റ്റ്, മതനിരപേക്ഷ പാർട്ടികൾക്കൊപ്പം അയാദ് അല്ലാവിയുടെ ഇറാഖി നാഷണൽ ലിസ്റ്റിന്റെ ഭാഗമായിട്ടാണ് കമ്യൂണിസ്റ്റ് പാർട്ടി മൽസരിച്ചത്. ഈ സഖ്യത്തിൽ ചില മിതവാദികളായ ഷിയ – സുന്നി ഗ്രൂപ്പുകളും ഉണ്ടായിരുന്നു. 2018ൽ നടന്ന തിരഞ്ഞെടുപ്പിൽ പരിഷ്കരണത്തിനായുള്ള സഖ്യത്തിന്റെ (Alliance towards Reforms) ഭാഗമായിട്ടായിരുന്നു കമ്യൂണിസ്റ്റ് പാർട്ടി മത്സരിച്ചത്. ഈ തിരഞ്ഞെടുപ്പിൽ സഖ്യത്തിന് ശ്രദ്ധേയമായ നേട്ടമുണ്ടാക്കാനായി. കമ്യൂണിസ്റ്റ് പാർട്ടിക്ക് 14.38 ശതമാനം വോട്ടും 329 അംഗ പാർലമെന്റിൽ 13 സീറ്റും ലഭിച്ചു.

2019–2021 കാലത്ത് ഇറാഖിൽ നടന്ന ജനകീയ പ്രതിഷേധ പ്രക്ഷോഭങ്ങളിൽ കമ്യൂണിസ്റ്റു പാർട്ടി സജീവ പങ്കാളിയായി. ഈ പ്രക്ഷോഭത്തിൽ പങ്കെടുത്ത 600 ലധികം ആളുകൾ കൊല്ലപ്പെട്ടു. 2021 ഒക്ടോബർ 10നു നടന്ന തിരഞ്ഞെടുപ്പ് പാർട്ടി ബഹിഷ്കരിച്ചു. രാജ്യത്ത് നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യം തിരഞ്ഞെടുപ്പിന് അനുയോജ്യമല്ല എന്ന വിലയിരുത്തലോടെയാണ് പാർട്ടി ഈ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. 2019 ഒക്ടോബർ മുതൽ രാജ്യത്തു നടന്നുകൊണ്ടിരുന്ന ജനകീയ പ്രക്ഷോഭങ്ങളിൽ ഉയർത്തപ്പെട്ട, രാഷ്ട്രീയ സംവിധാനത്തിലാകെ പൊളിച്ചെഴുത്ത് നടത്തണമെന്ന ആവശ്യം നടപ്പാക്കിയശേഷം തിരഞ്ഞെടുപ്പ് എന്നതായിരുന്നു പാർട്ടിയുടെ നിലപാട്. വ്യാപകമായ അഴിമതിയും കടുത്ത സാമ്പത്തിക പ്രയാസങ്ങളും നിലനിൽക്കെ അതിനു പരിഹാരം കാണാനാവാത്ത ഭരണസംവിധാനം കൊണ്ട് എന്തുഫലം എന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചത്. മുഖ്യ അധികാര സ്ഥാനങ്ങൾ വിവിധ വംശീയ – മതവിഭാഗങ്ങൾക്ക് വീതംവെച്ചു നൽകുന്ന 2005ലെ ഭരണഘടനാ വ്യവസ്ഥ റദ്ദു ചെയ്യണമെന്നും, 30 ശതമാനത്തിലധികം ജനങ്ങൾ കൊടിയ ദാരിദ്ര്യം അനുഭവിക്കുകയും വർധിച്ച തൊഴിലില്ലായ്മ നേരിട്ടുകൊണ്ടിരിക്കുകയും 12 ശതമാനത്തോളം ജനങ്ങൾ ചേരി പ്രദേശങ്ങളിൽ കഴിഞ്ഞുകൂടുകയും ചെയ്യുന്ന നിലവിലെ സാമൂഹ്യവ്യവസ്ഥ മാറ്റുന്നതിനുതകുന്നതാകണം ഭരണസംവിധാനമെന്നും ജനകീയ പ്രക്ഷോഭത്തിൽ പാർട്ടി ആവശ്യപ്പെട്ടു. ജനങ്ങളുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണാനാവുന്നതോ പ്രതീക്ഷകൾക്കൊത്തുയരുന്നതോ ആവില്ല 2021ലെ തിരഞ്ഞെടുപ്പിനുശേഷം നിലവിൽവരുന്ന സംവിധാനം എന്ന ഉറച്ച ബോധ്യമാണ് ഈ തിരഞ്ഞെടുപ്പ് ബഹിഷ‍്കരിക്കാൻ പാർട്ടിയെ പ്രേരിപ്പിച്ചത്. ജനകീയ സമരങ്ങളിലെ സജീവ സാന്നിധ്യമായി ഇറാഖി കമ്യൂണിസ്റ്റു പാർട്ടി ജനങ്ങൾക്കിടയിൽ അതിന്റെ പ്രവർത്തനം തുടരുന്നു.

‘‘സ്വതന്ത്രയായ മാതൃഭൂമിയും സന്തുഷ്ടരായ ജനതയും’’ എന്നതാണ് പാർട്ടിയുടെ മുദ്രാവാക്യം. 2016 ഡിസംബർ മുതൽ റയിദ് ഫഹമിയാണ് പാർട്ടി ജനറൽ സെക്രട്ടറി. താരിഖ് അഷ്ഷാബ് (ജനകീയ പാത) ആണ് പാർട്ടിയുടെ മുഖപത്രം. അൽ – തകഫ അൽ ജദിദ (നവ സംസ്കാരം) എന്ന ഒരു പ്രസിദ്ധീകരണവും പാർട്ടിയുടേതായുണ്ട്. ഇറാഖി ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷനാണ് പാർട്ടിയുടെ യുവജനവിഭാഗം. മത – വംശീയ ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും ജനാധിപത്യാവകാശങ്ങൾക്കായി വിട്ടുവീഴ്ചയില്ലാത്ത നിലപാട് കെെക്കൊണ്ടുകൊണ്ട്, അടിച്ചമർത്തലുകളെ നേരിട്ടുകൊണ്ട് ഇറാഖി കമ്യൂണിസ്റ്റ് പാർട്ടി ശക്തമായി നിലകൊള്ളുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × one =

Most Popular