Wednesday, May 8, 2024

ad

Homeപല രാജ്യങ്ങള്‍ പല കമ്യൂണിസ്റ്റു പാര്‍ടികള്‍പ്രതിസന്ധികളിൽ ഉലയാതെ ലബനീസ് കമ്യൂണിസ്റ്റ് പാർട്ടി മുന്നോട്ട്

പ്രതിസന്ധികളിൽ ഉലയാതെ ലബനീസ് കമ്യൂണിസ്റ്റ് പാർട്ടി മുന്നോട്ട്

എം എ ബേബി

തൊഴിലാളിവർഗത്തിനുമേലെ അടിച്ചേൽപിക്കപ്പെട്ടിട്ടുള്ള അനീതി ഇല്ലാതാക്കണമെന്ന് ലബനണിലെ തൊഴിലാളികളും കർഷകരും ചേർന്ന് സ്ഥാപിച്ച ലബനീസ് പീപ്പിൾസ് പാർട്ടി ആവശ്യപ്പെടുന്നു; ലോകത്താകെയുള്ള തൊഴിലാളികളുടെ ഒരേയൊരു ഔദ്യോഗിക അവധിദിനമായ മെയ് ഒന്നിന് നടക്കുന്ന പണിമുടക്കിൽ ഈ പാർട്ടിയിലെ അംഗങ്ങൾക്കൊപ്പം രാജ്യത്തെ തൊഴിലാളികളാകെ പങ്കാളികളാകണമെന്ന് പാർട്ടി ആഹ്വാനം ചെയ്യുന്നു’’. 1925 ഏപ്രിൽ 30ന് ലബനണിലെ ചെറുപട്ടണങ്ങളിലെയും നഗരങ്ങളിലെയും തെരുവുകളിൽ പ്രത്യക്ഷപ്പെട്ട ലഘുലേഖകളിലെ ആഹ്വാനമാണിത്; സമാനമായ ചുവരെഴുത്തുകളും പോസ്റ്ററുകളും നഗരവീഥികളിലാകെ പ്രത്യക്ഷപ്പെട്ടിരുന്നു. അടുത്തദിവസം, മെയ് ഒന്നിന് ബെയ്റൂട്ടിൽ ആയിരക്കണക്കിന് തൊഴിലാളികൾ പണിമുടക്കി; അറുനൂറോളം തൊഴിലാളി പ്രവർത്തകർ മെയ്ദിനം ആഘോഷിക്കാനായി ബെയ്റൂട്ടിന്റെ പ്രാന്തപ്രദേശത്തെ ക്രിസ്റ്റൽ തിയേറ്ററിൽ ഒത്തുകൂടി.

1924 മുതൽ സിറിയയിലും ലബനണിലുമായി പ്രവർത്തിച്ചിരുന്ന ലബനീസ് പീപ്പിൾസ് പാർട്ടി (ബോൾഷെവിക് പ്രവർത്തനങ്ങൾക്കേർപ്പെടുത്തിയിരുന്ന നിരോധനത്തെ മറികടക്കാനായിരുന്നു അക്കാലത്ത് ഫ്രഞ്ച് മാൻഡേറ്ററി പ്രദേശമായിരുന്ന ലബനണിലും സിറിയയിലും കമ്യൂണിസ്റ്റുകാർ പീപ്പിൾസ് പാർട്ടി എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് സിറിയൻ –ലബനീസ് കമ്യൂണിസ്റ്റുപാർട്ടി എന്ന് പേരുമാറ്റി)യുടെ പ്രവർത്തനം ആരംഭിച്ചതിന്റെ ആദ്യവിളംബരമായിരുന്നു 1925 ഏപ്രിൽ 30ന്റെ ലഘുലേഖയും ചുവരെഴുത്തും. പൊതുമണ്ഡലത്തിലെ ആദ്യ പ്രത്യക്ഷപ്പെടലായിരുന്നു മെയ്ദിനത്തിലെ ഒത്തുചേരൽ. ആ യോഗത്തെ അഭിസംബോധന ചെയ്ത പീപ്പിൾസ് പാർട്ടി പ്രവർത്തകർ തൊഴിലാളി സംഘടനയുടെ ശക്തിയെയും വർഗ വ്യത്യാസങ്ങളെയും മുതലാളിത്തത്തിന്റെ അപകടങ്ങളെയും തൊഴിലാളികളുടെ സാർവദേശീയ ഐക്യത്തിന്റെ പ്രാധാന്യത്തെയുംകുറിച്ചെല്ലാം സംസാരിച്ചു.

ഓട്ടോമൻ സാമ്രാജ്യത്തിന്റെ പതനത്തെ തുടർന്ന് ലെവന്ത് മേഖലയിൽ (കിഴക്കൻ മെഡിറ്ററേനിയൻ തീരത്തെ, ഇന്നത്തെ സിറിയ, ലബനൻ, ഇസ്രയേൽ, പലസ്തീൻ, ജോർദാൻ, തുർക്കിയുടെ ചില ഭാഗങ്ങൾ എന്നിവ ഉൾപ്പെടുന്ന പശ്ചിമേഷ്യൻ ഭൂപ്രദേശത്തെയാണ് ലെവന്ത് എന്ന് വിശേഷിപ്പിച്ചിരുന്ന്. ആഫ്രിക്കയെയും യൂറേഷ്യയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമായും ഇത് കരുതപ്പെടുന്നു) ഈ പ്രദേശത്ത് പലസ്തീൻ കമ്യൂണിസ്റ്റു പാർട്ടിക്കു പിന്നാലെ പ്രവർത്തനമാരംഭിച്ച രണ്ടാമത്തെ കമ്യൂണിസ്റ്റു പാർട്ടിയായിരുന്നു ലബനീസ് പീപ്പിൾസ് പാർട്ടി.

ഒന്നാം ലോകയുദ്ധത്തിനുമുൻപ് ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന സിറിയയിലും ലബനണിലും രാഷ്ട്രീയാഭിപ്രായ പ്രകടനത്തിന് ഇടമുണ്ടായിരുന്നില്ല; അതുകൊണ്ടുതന്നെ അക്കാലത്തെ സോഷ്യലിസ്റ്റ് – പുരോഗമന ചിന്താഗതിക്കാർ ഈജിപ്തിൽ നിന്നായിരുന്നു പ്രവർത്തിച്ചിരുന്നത്. ശിബിലി ശുമായിൽ (Shibli Shumayyil), ഫറ ആന്റൺ (Farah Anton), നിഖുല ഹദാദ് (Niqula Haddad) തുടങ്ങിയവരായിരുന്നു അക്കാലത്ത് ഈജിപ്തിൽനിന്ന് പ്രവർത്തിച്ചിരുന്ന പുരോഗമന ചിന്താഗതിക്കാർ. കൃത്യമായും സോഷ്യലിസ്റ്റ് ആശയങ്ങളായിരുന്നില്ല; മറിച്ച് സോഷ്യലിസ്റ്റ് ചിന്തയോടൊപ്പം ലിബറൽ പരിഷ്കരണവാദവും കലർന്ന ആശയങ്ങളായിരുന്നു അവർ പ്രചരിപ്പിച്ചത്. ഫ്രഞ്ച് വിപ്ലവത്തിന്റെ ആശയാവലികളിൽനിന്ന് ഊർജം ഉൾക്കൊണ്ട കാൽപനിക സോഷ്യലിസ്റ്റുകളായിരുന്നു ഇവർ. അറബ് മേഖലയിലെ മറ്റ് കമ്യൂണിസ്റ്റു പാർട്ടികളിൽനിന്നു വ്യത്യസ്തമായി അറബ് വംശജർ തന്നെ (ഇതിൽ മുസ്ലീങ്ങളും ക്രിസ്ത്യാനികളുമുൾപ്പെടും‍) യാണ് ലബനണിൽ കമ്യൂണിസത്തിന്റെ വിത്തു വിതച്ചത് (പലസ്തീനിൽ കമ്യൂണിസ്റ്റു പാർട്ടിക്ക് രൂപം നൽകിയത് ആദ്യകാലത്ത് പോളണ്ടിൽനിന്നും റഷ്യയിൽനിന്നും മറ്റും കുടിയേറിയ ഇടതുപക്ഷക്കാരായ ജൂതരായിരുന്നു. അവരാണ് അറബ് വംശജർക്കിടയിൽ പ്രവർത്തിച്ച് പലസ്തീൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ അടിത്തറ വികസിപ്പിച്ചത്). എന്നാൽ പലസ്തീൻ കമ്യൂണിസ്റ്റ് പാർട്ടിക്കും ജൂതരായിരുന്ന അക്കാലത്തെ അതിന്റെ നേതാക്കൾക്കും ലബനീസ് കമ്യൂണിസ്റ്റു പാർട്ടി കെട്ടിപ്പടുക്കുന്നതിൽ ചെറുതല്ലാത്ത പങ്കുണ്ടായിരുന്നുവെന്നതും വസ്തുതയാണ്.

അനത്തോൾ ഫ്രാൻസ്
സമീർ കാസ്സിർ
ഹന്ന ഗരീബ്

യൂസഫ് യസ്ബെക്കാണ് (Yusuf Yazbek) ലബനീസ് കമ്യൂണിസ്റ്റു പാർട്ടിയുടെ സ്ഥാപകരിൽ പ്രമുഖൻ. മറ്റൊരാൾ ഇൗജിപ്തിൽ ബീഡി – സിഗരറ്റ് നിർമാണ തൊഴിലിൽ ഏർപ്പെട്ടിരുന്ന ഫുവാദ് ഷിമാലി (Fu’ad Shimali) യാണ്. ഇൗജിപ്തിൽ ശക്തിപ്പെട്ടിരുന്ന ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ പ്രവർത്തകനായിരുന്ന ഷിമാലി അതിനകം കമ്യൂണിസ്റ്റ് ആശയങ്ങളുടെ ആകർഷണത്തിലായി കഴിഞ്ഞിരുന്നു. കമ്യൂണിസ്റ്റ് ആശയങ്ങൾ ഉൾക്കൊണ്ടിരുന്നുവെന്നത് അന്നത്തെ ഇൗജിപ്ഷ്യൻ ഭരണാധികാരികളെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തെ അനഭിലഷണീയനാക്കി. 1923 ആഗസ്തിൽ അദ്ദേഹത്തെ ഇൗജിപ്തിൽനിന്ന് ബെയ്റൂട്ടിലേക്ക് നാടുകടത്തി. ആ ഘട്ടത്തിലാണ് യൂസഫ് യസ്ബെക്കും ഫുവാദ് ഷിമാലിയും തമ്മിൽ കണ്ടുമുട്ടുന്നത്. തുടർന്ന് ഷിമാലി ലബനണിലെ പുകയില വ്യവസായ മേഖലയായ ബിക്ഭയ്യയിൽ (Bikfayya) തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ് യൂണിയനിൽ അണിനിരത്താൻ തുടങ്ങി. ആ തൊഴിലാളികളിൽ ചിലർ ഷിമാലിയുടെ കമ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടരാവുകയും കമ്യൂണിസ്റ്റ് അനുഭാവികളായി മാറുകയും ചെയ്തു.

എന്നാൽ ഈ കമ്യൂണിസ്റ്റ് ഗ്രൂപ്പിന് മോസ്കോയിലെ കമ്യൂണിസ്റ്റ് ഇന്റർനാഷണലുമായി ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഈ ബന്ധം സ്ഥാപിക്കപ്പെട്ടത് പലസ്തീൻ കമ്യൂണിസ്റ്റ് പാർട്ടിയിലൂടെയാണ്. പലസ്തീനിലെ കമ്യൂണിസ്റ്റ് നേതാക്കളിലൊരാളായ ജോസഫ് ബെർഗറെയാണ് അറബ് രാജ്യങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടികൾ കെട്ടിപ്പടുക്കുകയെന്ന ചുമതല കമ്യൂണിസ്റ്റ് ഇന്റർനാഷണൽ ഏൽപിച്ചത്. അക്കാലത്ത് യൂസഫ് യസ്ബെക്ക് ഫ്ര-ഞ്ച് സാഹിത്യകാരനായ അനത്തോൾ ഫ്രാൻസിന്റെ മരണത്തെക്കുറിച്ച് എഴുതിയ ഒരു ലേഖനത്തിൽ സോഷ്യലിസ്റ്റ് ആശയങ്ങളുടെ നിഴലാട്ടം ശ്രദ്ധയിൽപെട്ട ജോസഫ് ബെർഗർ ബെയ്റൂട്ടിലെത്തി യസ്ബെക്കിനെ കണ്ടു. യസ്ബെക്കിലൂടെയാണ് ബെർഗർ ഷിമാലിയുമായും കമ്യൂണിസ്റ്റ് അനുഭാവികളായ തൊഴിലാളികളുമായും ബന്ധം സ്ഥാപിച്ചത്. അങ്ങനെയാണ് 1924 ഒക്ടോബർ 24ന് ബെയ്റൂട്ടിനടുത്ത ഹദേത്തിൽ യോഗം ചേർന്ന ഇവർ നിയമവിധേയമായി പ്രവർത്തിക്കാൻ കഴിയുന്ന ഒരു പാർട്ടി രൂപീകരിക്കാൻ തീരുമാനിച്ചത്. അതാണ് പിൽക്കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയായി മാറിയ ലബനീസ് പീപ്പിൾസ് പാർട്ടി (എൽപിപി‍). പാർട്ടിയുടെ ആദ്യ പ്രസിഡന്റായിരുന്നു യസ്ബെക്ക്. പിന്നീട് ഷിമാലി ആ സ്ഥാനത്തെത്തി. ഈ പാർട്ടിയാണ് 1925 ഏപ്രിൽ 30ന് മെയ്ദിനാചരണത്തിന് ലബനണിലെ തൊഴിലാളികളോട് പരസ്യമായി ആഹ്വാനം ചെയ്തതും മെയ് ഒന്നിന് ക്രിസ്റ്റൽ തിയേറ്ററിൽ യോഗം സംഘടിപ്പിച്ചതും.

മതരാഷ്ട്രീയത്തിനും കൊളോണിയൽ മേധാവിത്വത്തിനുമെതിരെ പൊരുതുന്നതിനൊപ്പം വിശാലമായ അറബ് ദേശീയതയും ഉയർത്തിപ്പിടിച്ചാണ് ലബനീസ് കമ്യൂണിസ്റ്റ് പാർട്ടി മുന്നോട്ടുവന്നത്. മുതലാളിത്ത ചൂഷണത്തിനെതിരെ തൊഴിലാളികളെ സംഘടിപ്പിച്ചും സമരങ്ങൾ നടത്തിയും പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തി. വ്യത്യസ്ത മതങ്ങൾ നിലനിൽക്കുന്ന ഒരു സമൂഹത്തിൽ മതപരമായ വിഭാഗീയതയെയും വർഗീയതയെയും അടിസ്ഥാനമാക്കി പ്രവർത്തിക്കണമെന്ന ധാരണയ്ക്കെതിരെ വർഗപരമായ ഐക്യത്തെ അടിസ്ഥാനമാക്കിയുള്ള പ്രത്യയശാസ്ത്രം ഉയർത്തിപ്പിടിച്ചാണ് ലബനീസ് കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തിച്ചത്.

ഒന്നാം ലോക യുദ്ധാനന്തരം ലബനണിൽ ക്രമേണ വികസിച്ചുകൊണ്ടിരുന്ന വ്യവസായ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ പാർട്ടി ശ്രദ്ധിച്ചു, പ്രധാനമായും അച്ചടിശാലകളിലെയും ട്രാംവേകളിലെയും പുകയില വ്യവസായത്തിലെയും തൊഴിലാളികളെ സംഘടിപ്പിച്ചാണ് ബിക്ഭയ്യയിൽ ട്രേഡ് യൂണിയനും തുടർന്ന് കമ്യൂണിസ്റ്റ് ഘടകവും രൂപീകരിക്കപ്പെട്ടത്. പിന്നീട് മരപ്പണിക്കാർ, പാചകത്തൊഴിലാളികൾ, ഡ്രൈവർമാർ, ചെരുപ്പുകുത്തികൾ തുടങ്ങിയ തൊഴിലാളി വിഭാഗങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. ഈ പ്രവർത്തനത്തിന്റെ ഒരു ഘട്ടത്തിലാണ് 1925ലെ മെയ്ദിന റാലിയും സമ്മേളനവും നടത്തപ്പെട്ടത്. വർഗാടിസ്ഥാനത്തിൽ ശക്തിപ്പെട്ടുകൊണ്ടിരുന്ന തൊഴിലാളി സംഘടനകൾക്കുള്ളിൽ മതവിഭാഗീയതയുടെ ശക്തികൾ നുഴഞ്ഞുകയറാനും ആധിപത്യം സ്ഥാപിക്കാനും നടത്തിയ നീക്കങ്ങളെ ചെറുത്താണ് കമ്യൂണിസ്റ്റുകാർ സംഘടന ശക്തിപ്പെടുത്തിയത്.

1925 ഡിസംബറിൽ സിറിയയിലെയും ലബനണിലെയും കമ്യൂണിസ്റ്റു പ്രവർത്തകർ ചേർന്ന് ആദ്യ സമ്മേളനം നടത്തി. അതിനുമുൻപ്, ഫ്രഞ്ച് കൊളോണിയലിസത്തിനെതിരായി നടന്ന സിറിയൻ കലാപത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് 1925 ജൂലെെയിൽ കമ്യൂണിസ്റ്റു പാർട്ടിയുടെ പേരിലുള്ള ആദ്യ പൊതു പ്രസ്താവന പുറത്തുവന്നിരുന്നു. 1925 ഡിസംബറിലെ ഒന്നാം സമ്മേളനത്തിൽ സിറിയയിൽനിന്നും ലബനണിൽനിന്നുമുള്ള 15 പ്രതിനിധികളാണ് പങ്കെടുത്തത്. ആ സമ്മേളനം കെെക്കൊണ്ട ആദ്യ തീരുമാനം ഫ്രഞ്ച് കൊളോണിയലിസത്തിനെതിരായ സിറിയൻ കലാപത്തിനെ സർവവിധത്തിലും പിന്തുണയ്ക്കാനാണ്. ഒപ്പം ദേശീയ സ്വാതന്ത്ര്യവുമായും ജനാധിപത്യ അവകാശങ്ങളുമായും ബന്ധപ്പെട്ട മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ച് സാമ്രാജ്യത്വവിരുദ്ധ സമരങ്ങൾ ശക്തിപ്പെടുത്താനും തീരുമാനിച്ചു. ഇതിനെ തുടർന്ന് 1925 ഡിസംബറിനും 1926 ജനുവരിയ്ക്കും ഇടയ്ക്ക് കൊളോണിയൽ ഭരണാധികാരികൾ സിറിയൻ – ലബനീസ് കമ്യൂണിസ്റ്റു പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗങ്ങളെയാകെ അറസ്റ്റുചെയ്ത് തടവിലാക്കി. 1928നുശേഷം മാത്രമാണ് ഇവർ ജയിൽമോചിതരാക്കപ്പെട്ടത്.

ഒന്നാം ലോകയുദ്ധത്തിനും രണ്ടാം ലോകയുദ്ധത്തിനും ഇടയ്ക്കുള്ള കാലഘട്ടത്തിൽ അറബ് മേഖലയിലാകെ കൊളോണിയൽ വാഴ്ചയ്ക്കെതിരായ പോരാട്ടം ശക്തിപ്പെടുന്നതാണ് കാണാനാവുന്നത്. 1920ൽ ഇറാഖിലും 1925ൽ സിറിയയിലും 1936ൽ പലസ്തീനിലും കൊളോണിയൽ വാഴ്ചയ്ക്കെതിരായ മുന്നേറ്റങ്ങൾ നടന്നു. ഇത് ദേശീയതയെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയത്തിന്റെ വളർച്ചയ്ക്കും ഇടയാക്കി. യൂറോപ്പിൽ ഇതേ കാലഘട്ടത്തിൽ തന്നെയാണ് ഫാസിസം ഉയർന്നുവന്നത്. ഇതോടെ ദേശീയതയ്ക്ക് സങ്കുചിതമായ മറ്റൊരു വ്യാഖ്യാനം കൂടി ഉയർന്നുവന്നു. കോളനി വാഴ്ചയ്ക്കെതിരായ സമരവുമായി ബന്ധപ്പെടുത്തി ദേശീയതയ്ക്ക് വ്യക്തമായ നിർവചനം നൽകാനും കൊളോണിയൽവിരുദ്ധ സമരത്തിനൊപ്പം ഫാസിസ്റ്റുവിരുദ്ധ സമരവും നടത്താനാണ് സിറിയയിലെയും ലബനണിലെയും കമ്യൂണിസ്റ്റു പാർട്ടികൾ തീരുമാനിച്ചത്.

1935ൽ കമ്യൂണിസ്റ്റു പാർട്ടിയും ഇടതുപക്ഷ വിഭാഗങ്ങളും ചേർന്ന് സിറിയയിലും ലബനണിലും നാസിസത്തിനും -ഫാസിസത്തിനുമെതിരായ ലീഗിന് രൂപം നൽകി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എന്നപോലെ അറബ് മേഖലയിലും വളർന്നുകൊണ്ടിരുന്ന തീവ്ര ദേശീയതയ്ക്കും ഫാസിസ്റ്റ് രാഷ്ട്രീയത്തിനുമെതിരായ കമ്യൂണിസ്റ്റുകാരുടെ മറുപടിയായിരുന്നു അത്. ജോർഗി ദിമിത്രോവിന്റെ നേതൃത്വത്തിൽ കോമിന്റേണിന്റെ 7–ാം കോൺഗ്രസ് അംഗീകരിച്ച ഫാസിസത്തിനെതിരായ ഐക്യമുന്നണി എന്ന തന്ത്രത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രസ്തുത നയം. 1941ൽ ഫാസിസ്റ്റുവിരുദ്ധ ലീഗിന്റെ മുഖപത്രമായി അൽ – താരിഖ് പ്രസിദ്ധീകരിച്ചു തുടങ്ങി. കൊളോണിയൽ പ്രശ്നത്തിനു പരിഹാരം ഫാസിസ്റ്റു ശക്തികളെ പിന്തുണയ്ക്കുകയോ അവയ്ക്കൊപ്പം ചേരുകയോ അല്ലെന്നുമുള്ള ഉറച്ച നിലപാടാണ് സിറിയൻ – ലബനീസ് കമ്യൂണിസ്റ്റു പാർട്ടി സ്വീകരിച്ചത്.

ഫ്രാൻസിന്റെ അധീനതയിലായിരുന്ന ലബനണിൽ ഫ്രഞ്ച് ഭരണാധികാരികളുടെ മേൽനോട്ടത്തിൽ 1926ൽ ഒരു ഭരണഘടനയ്ക്ക് രൂപം നൽകിയെങ്കിലും 1941 ലാണത് പ്രാബല്യത്തിൽ വന്നത്. അപ്പോഴും കൊളോണിയൽ ആധിപത്യം അവസാനിച്ചിരുന്നില്ല. 1943 നവംബറിൽ കൊളോണിയൽ ഭരണാധികാരികൾ ഭരണഘടന സസ്-പെൻഡ് ചെയ്യുകയും പാർലമെന്റ് പിരിച്ചുവിടുകയും പ്രസിഡന്റ് ഉൾപ്പെടെയുള്ള ഗവൺമെന്റിലെ പ്രമുഖരെയാകെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ലബനനുമേൽ ഫ്രഞ്ച് കൊളോണിയൽ അധികൃതർ വച്ചു പുലർത്തിയിരുന്ന രാഷ്ട്രീയമായ സമഗ്രാധിപത്യം അവസാനിപ്പിക്കുന്നതുൾപ്പെടെയുള്ള ചില ഭരണഘടനാ ഭേദഗതികൾ നവംബർ 8നു ചേർന്ന ചേംബർ ഓഫ് ഡപ്യൂട്ടീസ് അംഗീകരിച്ചുകൊണ്ട് ഫ്രാൻസിന്റെ മേധാവിത്വത്തെ വെല്ലുവിളിച്ചു. ഫ്രഞ്ച് ഭരണാധികാരികളുടെ നടപടി ഫാസിസ്റ്റ് സ്വഭാവത്തിലുള്ളതാണെന്ന വിലയിരുത്തലോടുകൂടിയുള്ള, ഫ്രഞ്ച് ഭരണാധികാരികളുടെ നടപടികളെ അപലപിക്കുന്ന ഒരു പ്രസ്താവന ഫാസിസ്റ്റുവിരുദ്ധ ലീഗ് ഫ്രഞ്ച് ഹെെകമ്മീഷണർക്ക് നൽകി; അത് അൽ – താരിഖിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. നവംബറിലെ ചെറുത്തുനിൽപ്പോടെ ലബനണിൽനിന്ന് പിൻവാങ്ങാൻ ഫ്രഞ്ച് കൊളോണിയൽ ഭരണാധികാരികൾ നിർബന്ധിതരായി. അങ്ങനെ 1943 നവംബറിൽ ലബനൻ സ്വതന്ത്രമായി. ഇതിനെ വലിയൊരു വിജയമായാണ് കമ്യൂണിസ്റ്റു പാർട്ടി വിശേഷിപ്പിച്ചത്.

എന്നാൽ രാജ്യം സ്വതന്ത്രമായിട്ടും പഴയ ഭരണഘടന തന്നെ തുടർന്നു. 1943ൽ ഭേദഗതി വരുത്തിയപ്പോഴും 1926ലെ ഭരണഘടനയിലെ 9, 10, 95 വകുപ്പുകൾ നിലനിർത്തുകയായിരുന്നു. മത – വംശീയതകളെ അടിസ്ഥാനമാക്കി അധികാരം പങ്കിടുന്നതാണ് ഈ ഭരണഘടനാ വ്യവസ്ഥകളിൽ പറയുന്നത്. മറ്റൊരു കാര്യം, ലിംഗപരമായ അസമത്വം ഇല്ലാതാക്കുന്നതും ലിംഗനീതി ഉറപ്പാക്കുന്നതുമായ വ്യവസ്ഥകളും ഈ ഭരണഘടനയിൽ ഉണ്ടായിരുന്നില്ല. സ്ത്രീകൾക്ക് രാഷ്ട്രീയമായ അവകാശങ്ങളോ വ്യക്തിനിയമങ്ങളിൽ തുല്യപദവിയോ അനുവദിച്ചിരുന്നില്ല.

കമ്യൂണിസ്റ്റു പാർട്ടിയും ഈ വിഷയം ഗൗരവത്തിലെടുത്തിരുന്നില്ല. പാർട്ടിയിൽ ശ്രദ്ധേയമായവിധം സ്ത്രീകളുടെ അസാന്നിധ്യമുണ്ടായിരുന്നു. 1930കളുടെ മധ്യത്തിൽ സ്ത്രീകൾക്കായി ബഹുജന സംഘടന രൂപീകരിച്ചെങ്കിലും കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. 1943–44ൽ നടന്ന സിറിയൻ – ലബനൻ കമ്യൂണിസ്റ്റു പാർട്ടിയുടെ ഒന്നാമത്തെ കോൺഗ്രസ് സ്ത്രീ വിമോചനം പ്രധാന വിഷയമായി ചർച്ചയ്ക്കെടുത്തതുമില്ല. എന്നാൽ സ്ത്രീ വോട്ടവകാശം 1943നുശേഷം സജീവമായി ഉയർത്തപ്പെട്ടു. പത്തുവർഷത്തിനുശേഷം 1953ലെ പാർലമെന്റ് തിരഞ്ഞെടുപ്പോടെ സ്ത്രീകൾ വോട്ടു ചെയ്യാനും തിരഞ്ഞെടുപ്പിൽ മത്സരിക്കാനുമുള്ള അവകാശം നേടിയെടുത്തു.

ലബനൻ: നാടും ജനതയും

പശ്ചിമേഷ്യയിൽ മെഡിറ്ററേനിയൻ തീരത്തു സ്ഥിതിചെയ്യുന്ന രാജ്യമാണ് ലബനൻ. വടക്കും കിഴക്കും മേഖലകളിൽ സിറിയയുമായും തെക്ക് ഇസ്രയേലുമായും പടിഞ്ഞാറ് മെഡിറ്ററേനിയൻ സമുദ്രവുമായും അതിർത്തി പങ്കിടുന്നു. ബെയ്റൂട്ട് ആണ് തലസ്ഥാനം. മതപരമായ വെെവിധ്യങ്ങൾ നിറഞ്ഞ, സാംസ്കാരിക പ്രാധാന്യമേറെയുള്ള രാജ്യമാണിത്. ഇസ്ലാം, ക്രിസ്ത്യൻ, ഡ്രൂസ് എന്നീ മതവിഭാഗങ്ങളാണ് ഇവിടെയുള്ളത്. അതിൽതന്നെ ഇസ്ലാം വിഭാഗത്തിൽപ്പെടുന്ന സുന്നികളും (28.7%) ഷിയകളുമാണ് (28.4%) ഭൂരിപക്ഷം. 10,452 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ലബനണിലെ ആകെ ജനസംഖ്യ 53 ലക്ഷമാണ്. അറബി ഔദേ-്യാഗിക ഭാഷയായിട്ടുള്ള ഇവിടെ ഫ്രഞ്ചും ഇംഗ്ലീഷും ഉപയോഗിക്കപ്പെടുന്നു.

മലകൾ നിറഞ്ഞ ലബനണിലെ ഭൂപ്രദേശത്തിന്റെ മറ്റൊരു പ്രത്യേകത അവിടെ ഇടതൂർന്നു നിൽക്കുന്ന ദേവദാരു മരങ്ങളാണ്. വിശ്വസാഹിത്യകാരനായ ഖലീൽ ജിബ്രാന് ജന്മം നൽകി എന്ന നിലയിലും ഈ നാട് പ്രശസ്തമാണ്.

സ്വാതന്ത്ര്യാനന്തരം
1943–44ൽ ചേർന്ന ഒന്നാം പാർട്ടി കോൺഗ്രസ് സിറിയയിലും ലബനണിലുമായി പ്രത്യേകം പാർട്ടികളായി തുടർന്ന് പ്രവർത്തനം നടത്താൻ തീരുമാനിച്ചെങ്കിലും 1964ലാണ് അത് നടപ്പാക്കിയത്. അതുവരെ രണ്ട് രാജ്യങ്ങളിൽ പ്രത്യേകം പാർട്ടികളായി പ്രവർത്തിക്കുമ്പോഴും നേതൃത്വത്തിൽ ഒരു കേന്ദ്ര കമ്മിറ്റിയും ഒരു പൊളിറ്റ് ബ്യൂറോയും തന്നെയായിരുന്നു.

1943ൽ സ്വാതന്ത്ര്യാനന്തരം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ലബനീസ് കമ്യൂണിസ്റ്റു പാർട്ടി മത്സരിച്ചെങ്കിലും സീറ്റൊന്നും ലഭിച്ചില്ല. വീണ്ടും 1947ലും പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചുവെങ്കിലും അപ്പോഴും ഒരു സീറ്റും നേടാനായില്ല. എന്നാൽ 1943ലേതിനെക്കാൾ കൂടുതൽ വോട്ടു നേടാൻ കഴിഞ്ഞു; 1948ൽ പാർട്ടി നിയമവിരുദ്ധമാക്കപ്പെട്ടു.

കൗതുകകരമായി തോന്നാം, 1943ൽ സിപിഐയുടെ പ്രഥമ പാർട്ടി കോൺഗ്രസ് നടന്ന വർഷം തന്നെയാണ് ലെബനീസ് കമ്യൂണിസ്റ്റ് പാർട്ടിയും ആദ്യ പാർട്ടി കോൺഗ്രസ് നടത്തിയത്. അതുപോലെ തന്നെ രണ്ടു കമ്യൂണിസ്റ്റ് പാർട്ടികളും – സിപിഐയും എൽസിപിയും 1948ൽ നിരോധിക്കപ്പെട്ടു.

1950കളിൽ ഉയർന്നുവന്ന അറബ് ദേശീയതയോടും നാസറൈറ്റ് പ്രസ്ഥാനത്തോടും പുലർത്തിയ എതിർപ്പ് സിറിയൻ – ലബനീസ് കമ്യൂണിസ്റ്റു പാർട്ടിയുടെ സ്വാധീനത്തിൽ ഇടിവുണ്ടാക്കി. 1957 ജനുവരിയിൽ അമേരിക്കൻ പ്രസിഡന്റ് ഐസനോവർ ഒരു പ്രഖ്യാപനം നടത്തി; മധ്യപൂർവ മേഖലയിൽ കമ്യൂണിസത്തിന്റെ സ്വാധീനം ഇല്ലാതാക്കാൻ ആ മേഖലയിലെ രാജ്യങ്ങൾക്ക് സെെനികവും സാമ്പത്തികവുമായ സഹായം നൽകാനുള്ള തീരുമാനമായിരുന്നു അത്; അതിനെത്തുടർന്ന് ലബനണിൽ അമേരിക്കൻ സെെനിക ഇടപെടൽ പ്രസിഡഡന്റ് ചമൗണിനനുകൂലമായി ഉണ്ടായി; അതിലും അമേരിക്കയുടെ സാമ്പത്തിക സഹായം ഗവൺമെന്റ് സ്വീകരിച്ചതിലും പ്രതിഷേധിച്ച് 1958ൽ സർക്കാർവിരുദ്ധ കലാപമുണ്ടായി. അതിൽ കമ്യൂണിസ്റ്റു പാർട്ടി അണിചേരുകയും ഗവൺമെന്റിനെതിരെ ശക്തമായ നിലപാടെടുക്കുകയും ചെയ്തു. ആ പ്രക്ഷോഭത്തിൽ പാർട്ടി സജീവമായി രംഗത്തു വന്നത് പാർട്ടിയുടെ നഷ്ടപ്പെട്ട സ്വാധീനം കുറേയെങ്കിലും വീണ്ടെടുക്കുന്നതിന് സഹായകമായി. എന്നാലും പാർട്ടി നേരിട്ടിരുന്ന ഒറ്റപ്പെടൽ ഒരു പരിധിവരെ തുടർന്നു.

1965ൽ, ഒറ്റപ്പെടൽ അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ലബനീസ് കമ്യൂണിസ്റ്റു പാർട്ടി പുരോഗമന പാർട്ടികളുടെയും ദേശീയ ശക്തികളുടെയും മുന്നണിയിൽ അംഗമായി; ഈ മുന്നണി പിന്നീട് ലബനീസ് നാഷണൽ മൂവ്മെന്റായി (LNM) മാറി. ലബനനിലെ ന്യൂനപക്ഷ മതവിഭാഗമായ ഡ്രൂസ് (Druze) മതത്തിലെ ഇടതുപക്ഷ നേതാവായ കമാൽ ജുംബ്ലാറ്റ് (Kamal Jumblatt) ആയിരുന്നു ഈ പ്രസ്ഥാനത്തിന്റെ നേതാവ്. 1970കളിൽ വീണ്ടും ലബനീസ് കമ്യൂണിസ്റ്റ് പാർട്ടി പുനരുജ്ജീവിക്കപ്പെട്ടു. 1970ൽ കമാൽ ജുംബ്ലാറ്റ് ലബനൻ ആഭ്യന്തരമന്ത്രിയായതിനെ തുടർന്ന് കമ്യൂണിസ്റ്റ് പാർട്ടിക്കുമേലുണ്ടായിരുന്ന നിരോധനം പിൻവലിച്ചു. ഇതിനെ തുടർന്ന് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ആയിരുന്ന നിക്കോളാസ് ഷാവി ഉൾപ്പെടെ നിരവധി പാർട്ടി നേതാക്കൾക്ക് 1972ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിച്ചു. വലിയ തോതിൽ വോട്ടു നേടാനായെങ്കിലും ഈ പ്രാവശ്യവും ഒരു സീറ്റും നേടാനായില്ല.

1970കളിൽ നടന്ന ലബനീസ് ആഭ്യന്തര യുദ്ധത്തിലും കമ്യൂണിസ്റ്റ് പാർട്ടി പങ്കാളികളായി. 5000 അംഗങ്ങളുള്ള സുശിക്ഷിതരായ സായുധ മിലിഷ്യയാണ് അന്ന് പാർട്ടിയുടെ നിയന്ത്രണത്തിൽ ഉണ്ടായിരുന്നത്. പാർട്ടികൂടി ഉൾപ്പെട്ടിരുന്ന ലബനീസ് നാഷണൽ മൂവ്മെന്റ് പലസ്തീൻ വിമോചന സംഘടന (പിഎൽഒ)യുമായി സഖ്യമുണ്ടാക്കുകയും ചെയ്തു. 1975ൽ 40,000ത്തോളം പാർട്ടി അംഗങ്ങൾ ഉണ്ടായിരുന്നതായാണ് കണക്ക്. എന്നാൽ 1980കളിൽ പാർട്ടിയുടെ സ്വാധീനത്തിൽ ഇടിവുണ്ടായി തുടങ്ങി. 1983ൽ ട്രിപ്പോളി (ലിബിയയുടെ തലസ്ഥാനം) ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന തൗഹിദ് എന്ന സുന്നി ഇസ്ലാമിസ്റ്റ് തീവ്രവാദി സംഘടന 50 കമ്യൂണിസ്റ്റു പ്രവർത്തകരെ കൊലപ്പെടുത്തി. 1987ൽ ഡ്രൂസ് പ്രോഗ്രസീവ് സോഷ്യലിസ്റ്റ് പാർട്ടിയുമായി ചേർന്ന് കമ്യൂണിസ്റ്റു പാർട്ടി ഷിയ തീവ്രവാദികളുമായി ഏറ്റുമുട്ടി. ഒരാഴ്ച നീണ്ടുനിന്ന, പശ്ചിമ ബെയ്റൂട്ടിൽ നടന്ന ആ ഏറ്റുമുട്ടൽ അവസാനിച്ചത് സിറിയൻ സേനയുടെ ഇടപെടലോടെയാണ്. 1984നും 1987നുമിടയ്ക്ക് നിരവധി പാർട്ടി നേതാക്കളെ ഇസ്ലാമിസ്റ്റ് ഭീകരസംഘങ്ങൾ കൊന്നൊടുക്കി.

1980കളുടെ ഒടുവിൽ ലബനണിലെ ആഭ്യന്തര യുദ്ധം അവസാനിച്ചെങ്കിലും സോവിയറ്റ് യൂണിയന്റെ പതനത്തെ തുടർന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലാകെ നിഴലിച്ച ആശയക്കുഴപ്പം ലബനീസ് കമ്യൂണിസ്റ്റ് പാർട്ടിയെ പിടിച്ചുലച്ചു. അടുത്തടുത്ത് ചേർന്ന രണ്ട് പാർട്ടി കോൺഗ്രസ്സുകളിൽ പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന ജോർജ് ഹാവിയും (Jeorge Hawi) നേതൃനിരയിലുണ്ടായിരുന്ന കരിം മ്രൗ (Karim maroue) ഉൾപ്പെടെയുള്ളവരും മാറുകയും ഫറൂഖ് ദഹ്രൗജ് (Farouq Dahrouj) ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2005 ജൂണിൽ മുൻ പാർട്ടി ജനറൽ സെക്രട്ടറി ജോർജ് ഹാവി ബെയ്റൂട്ടിൽ നടന്ന ഒരു ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. സിറിയൻ സേനയുമായി ബന്ധമുള്ള ഷിയ ഇസ്ലാമിസ്റ്റ് തീവ്രവാദികളായിരുന്നു ഈ കൊലപാതകത്തിനു പിന്നിൽ എന്നാണ് കരുതപ്പെടുന്നത്. 2005ലെ തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുൻപാണ് ഈ കൊലപാതകം നടന്നത്. അതിനു തൊട്ടുമുൻപായി ലബനണിലെ പ്രമുഖ ഇടതുപക്ഷ മാധ്യമപ്രവർത്തകനായ സമീർ കാസിർ (Samir Kassir) മറ്റൊരു കാർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. മതതീവ്രവാദ സംഘടനകളുടെ നിരന്തരമായ ആക്രമണങ്ങൾക്ക് വിധേയമായാണ് കമ്യൂണിസ്റ്റു പാർട്ടി ഇന്നും ലബനണിൽ പ്രവർത്തിക്കുന്നത്.

2005 മുതലുള്ള പാർലമെന്ററി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നുണ്ടെങ്കിലും 2022ൽ മാത്രമാണ് പാർട്ടി ഉൾപ്പെടെ മുന്നണിക്ക് പാർലമെന്റിൽ പ്രാതിനിധ്യം ലഭിക്കുന്നത്. 2022ലെ തിരഞ്ഞെടുപ്പിൽ പാർട്ടി ഉൾപ്പെടുന്ന മതനിരപേക്ഷ ജനാധിപത്യമുന്നണിക്ക് 13 സീറ്റ് ലഭിച്ചുവെന്നു മാത്രമല്ല, ഷിയ മത തീവ്രവാദി സംഘടനയായ ഹിസ്ബൊള്ളയുടെ പാർലമെന്ററി ഭൂരിപക്ഷം നഷ്ടപ്പെടുകയും ചെയ്തു. ലബനണിലെ എല്ലാ മേഖലകളിലും എല്ലാ വിഭാഗങ്ങൾക്കിടയിലും ഒരേപോലെ സ്വാധീനമുള്ള അപൂർവം പാർട്ടികളിലൊന്നാണ് കമ്യൂണിസ്റ്റ് പാർട്ടി. ലബനണിലെ മിക്കവാറും എല്ലാ ജില്ലകളിലും പാർട്ടിയുടെ സാന്നിധ്യമുണ്ട്. എങ്കിലും തെക്കൻ ലബനണാണ് പാർട്ടിയുടെ മുഖ്യ സ്വാധീനമേഖല. അയ്യായിരത്തിലധികം അംഗങ്ങളാണ് ഇപ്പോൾ പാർട്ടിയിൽ ഉള്ളത്. ഇതിനുപുറമെ ലബനീസ് ഡമോക്രാറ്റിക് യൂത്ത്, കമ്മിറ്റി ഫോർ വിമൻസ് റൈറ്റ്സ്, പോപ്പുലർ എയ്ഡ് (ഹെൽത്ത്) ഓർഗനെെസേഷൻ, ജനറൽ യൂണിയൻ ഓഫ് വർക്കേഴ്സ് ആന്റ് എംപ്ലോയീസ് എന്നീ വർഗ – ബഹുജന സംഘടനകളിൽ അണിനിരന്നിട്ടുള്ള പതിനായിരക്കണക്കിനാളുകൾ അനുഭാവികളായുമുണ്ട്.വിദ്യാർഥി തിരഞ്ഞെടുപ്പുകളിലും പാർട്ടിക്കും ഈ പുരോഗമനചേരിക്കും നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. (ലെബനണിലെ ആകെ ജനസംഖ്യ 55 ലക്ഷം. അത് ഏതാണ്ട് തുല്യ അനുപാതത്തിൽ ഷിയ – സുന്നി – ക്രിസ്ത്യൻ വിഭാഗങ്ങളായി വിഭജിതമാണ‍്).

ഈ വർഷം ഒക്ടോബർ 3–ാം വാരത്തിൽ തുർക്കിയിലെ ഇസ്മിറിൽ (Ixmir) ചേർന്ന കമ്യൂണിസ്റ്റ് തൊഴിലാളിപ്പാർട്ടികളുടെ അന്താരാഷ്ട്ര സമ്മേളനം കെെക്കൊണ്ട ഒരു തീരുമാനം അടുത്ത വർഷം അവസാനം ഈ അന്താരാഷ്ട്ര സമ്മേളനം ലബനനിൽ വച്ച് സംഘടിപ്പിക്കണം എന്നാണ്. മധേ-്യഷ്യയിലെ പലസ്തീൻ പ്രശ്നം സ്ഫോടനാത്മകമായി മൂർച്ഛിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ഇസ്മിറിൽ വച്ച് ഇത്തരമൊരു തീരുമാനം സർവസമ്മതത്തോടെ സ്വീകരിച്ചത്. എന്നാൽ അടുത്തവർഷം നാലാം പാദമാകുമ്പോൾ ഒരു അന്താരാഷ്ട്ര സമ്മേളനത്തിന് വേദിയാകുന്നതിന് അനുയോജ്യമായ രാഷ്ട്രീയ അന്തരീക്ഷം ആ മേഖലയിൽ രൂപപ്പെടുമോ എന്ന് സസൂക്ഷ്മം നിരീക്ഷിക്കേണ്ടതുണ്ട്. 2024 – അടുത്ത വർഷം ലെബനണിൽ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപിതമായതിന്റെ ശതാബ്ദിയാണ്.

ലെബനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പി ബി അംഗവും, അന്താരാഷ്ട്ര വിഭാഗത്തിന്റെ ചുമതലക്കാരനുമായ സഖാവ് ഒമർ ഇൽ ദി ഈബുമായി ആ മേഖലയിലെ സംഭവവികാസങ്ങളെപ്പറ്റി വിശദമായി ഈ ലേഖകൻ ചർച്ച ചെയ്യുകയുണ്ടായി. സുശക്തമായ പലസ്തീൻ ഐക്യദാർഢ്യ പ്രസ്ഥാനത്തിനു രൂപം കൊടുക്കുവാനും, ഏതു സാഹചര്യത്തേയും നേരിടാൻ സുസജ്ജരായിരിക്കാനുമാണ് ലെബനണിലെ കമ്യൂണിസ്റ്റുകാർ നിശ്ചയിച്ചിട്ടുള്ളത് എന്ന് ഒമർ വ്യക്തമാക്കി. എന്തുമാത്രം മാറിമറിഞ്ഞ രാഷ്-ട്രീയ – ഭൗമ രാഷ്-ട്രീയ സാഹചര്യത്തിലാവും അടുത്ത (24–ാം) അന്താരാഷ്ട്ര കമ്യൂണിസ്റ്റ് – തൊഴിലാളി പാർട്ടി സമ്മേളനം നടക്കുക എന്ന കാര്യം കാത്തിരുന്നു കാണാം.

2011ലെയും 2019 ഒക്ടോബറിലെയും ജനകീയ പ്രക്ഷോഭങ്ങളിൽ കമ്യൂണിസ്റ്റു പാർട്ടിയും വർഗ-–ബഹുജന സംഘടനകളും പ്രമുഖ പങ്കുവഹിച്ചിരുന്നു. വിവിധ മത–വംശീയ വിഭാഗങ്ങൾ തമ്മിലുള്ള കലാപങ്ങൾ സർവസാധാരണമായ ലബനണിൽ എല്ലാ മതവിഭാഗങ്ങളെയും വർഗാടിസ്ഥാനത്തിൽ ഒരുമിപ്പിക്കുന്നതിനാണ് തുടക്കംമുതൽ കമ്യൂണിസ്റ്റു പാർട്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 2016 മുതൽ ജനറൽ സെക്രട്ടറിയെന്ന നിലയിൽ പാർട്ടിയെ നയിക്കുന്ന ഹന്ന ഘാരിബ് (Hanna Gharib) 2019 സെപ്തംബറിൽ നസ്രീൻ ഹമൗദുമായി (Nasrine Hammoud) നടത്തിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്, ‘‘ഇൗ രാജ്യത്ത് നിലനിൽക്കുന്ന മതവിഭാഗീയ വ്യവസ്ഥയുടെ ശവപ്പെട്ടിയിൽ അവസാനത്തെ ആണി അടിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്’’ എന്നാണ്. തൊഴിലാളികളെയും മറ്റ് ജനവിഭാഗങ്ങളെയും അണിനിരത്തി നടത്തുന്ന പോരാട്ടങ്ങൾക്കൊപ്പം, മതനിരപേക്ഷ ജനാധിപത്യശക്തികളുമായി ചേർന്ന് പാർലമെന്റിനുള്ളിലും പുറത്തും പോരാടുകയാണ് ലബനീസ് കമ്യൂണിസ്റ്റ് പാർട്ടി.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × 3 =

Most Popular