Tuesday, April 30, 2024

ad

Homeപ്രതികരണംതദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തും

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തും

പിണറായി വിജയൻ

ദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് ജനാധിപത്യപ്രക്രിയയിൽ വലിയ പങ്കാണ് വഹിക്കാനുള്ളത്. നാടിന്റെ വികസനത്തിലും പുരോഗതിയിലും ജനപങ്കാളിത്തം ഉറപ്പുവരുത്താൻ അത് അനിവാര്യമാണ്. ഇടതുപക്ഷം എക്കാലവും വിട്ടുവീഴ്ചയില്ലാതെ ഉയർത്തിപ്പിടിക്കുകയും പ്രയോഗവൽക്കരിക്കുകയും ചെയ്യുന്ന ഒന്നാണ് ഈ ആശയം. അതിന്റെ ഭാഗമായി 2016-ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ കൂടുതൽ ശാക്തീകരിക്കുന്ന നയമാണ് കൈക്കൊണ്ടത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്ന തരത്തിൽ കാലികമായ മാറ്റങ്ങൾ മുനിസിപ്പാലിറ്റി ആക്ടിലും പഞ്ചായത്ത് രാജ് ആക്ടിലും വരുത്തുന്നതിനും സർക്കാർ ശ്രദ്ധ നൽകി.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രധാന ചുമതലകളിൽ ഒന്നായ മാലിന്യ സംസ്കരണത്തിൽ ഫലപ്രദമായ ഇടപെടലിനുവേണ്ടി വിപുലമായ ഭേദഗതികളാണ് നിർദ്ദേശിച്ചിട്ടുള്ളത്. അത് ഓർഡിനൻസായി ഗവർണർ മുമ്പാകെ നൽകിയിട്ടുണ്ടെങ്കിലും ഒപ്പിടാതെ പിടിച്ചുവച്ചിരിക്കയാണ്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം നഗരപ്രദേശങ്ങളിലും ചേർന്നുനിൽക്കുന്ന നഗര സ്വഭാവമുള്ള ഗ്രാമപഞ്ചായത്തുകളിലും ഭാവി വികസനം കൂടി മുന്നിൽ കണ്ടുകൊണ്ടുള്ള മാസ്റ്റർ പ്ലാനുകൾ നടപ്പാക്കുന്നതിനു വേണ്ടി ഗ്രാമ നഗരാസൂത്രണ നിയമത്തിലും കാലികമായ മാറ്റങ്ങൾ കൊണ്ടുവന്നു. തീരദേശ നിയന്ത്രണ വിജ്ഞാപനത്തിന്റെ ആനുകൂല്യങ്ങൾ പരമാവധി പ്രദേശത്ത് ലഭ്യമാക്കുന്നതിന് ഗ്രാമ പഞ്ചായത്തുകളെ തരംതിരിച്ച് വിജ്ഞാപനം നടത്തി.

ഒപ്പം തന്നെ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന സൂചികകളെ അടിസ്ഥാനമാക്കി പദ്ധതി പ്രവർത്തനങ്ങളെ രൂപപ്പെടുത്താനുള്ള നടപടിയും സർക്കാർ സ്വീകരിച്ചു. ഇതിനായി പ്രാദേശിക സൂചികകൾ തയ്യാറാക്കി.

സേവന പ്രദാന രംഗത്ത് അക്കൗണ്ടബിലിറ്റി ഉറപ്പാക്കിക്കൊണ്ട് 941 ഗ്രാമ പഞ്ചായത്തുകളിലും ഐഎൽ ജിഎംഎസ് (ILGMS) ഓൺലൈൻ ഫയൽ സംവിധാനം ഏർപ്പെടുത്തി. 270 ഓളം സേവനങ്ങൾ പൂർണമായും ഓൺലൈനാക്കി. എല്ലാ ഗ്രാമ പഞ്ചായത്തുകളിലും സിറ്റിസൺ ഫെസിലിറ്റേഷൻ സെന്ററുകൾ ആരംഭിച്ചു. നഗരസഭകൾക്കുവേണ്ടി കെ- സ്മാർട്ട് ഓൺലൈൻ സംവിധാനം ജനുവരി ഒന്നിന് ആരംഭിക്കും. പരാതികൾ തീർപ്പാക്കുന്നതിന് ഉപജില്ലാ തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും സ്ഥിരം അദാലത്ത് സംവിധാനം ആരംഭിച്ചു. ഏകീകൃത വകുപ്പ് ഏർപ്പെടുത്തി. ജീവനക്കാരുടെ ട്രാൻസ്ഫർ പൂർണമായും ഓൺലൈനാക്കി. സംരംഭക സൗഹൃദ സംസ്ഥാനം എന്ന നിലയിൽ പ്രാദേശിക സാമ്പത്തിക വികസനത്തിനു വേണ്ടി പ്രത്യേകം മാർഗനിർദ്ദേശങ്ങൾ തന്നെ പുറപ്പെടുവിച്ചു.

ഇന്ത്യയിൽ ഏറ്റവുമധികം ശതമാനം തുക തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന സംസ്ഥാനമാണ് കേരളം. മറ്റു സംസ്ഥാനങ്ങൾ നാമമാത്രമായ തുകയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നീക്കിവെക്കുന്നത്. 2021–-22 സാമ്പത്തിക വർഷത്തിൽ സംസ്ഥാന വാർഷിക പദ്ധതിയുടെ 26 ശതമാനമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയിരുന്നത്. 2022-–23 ൽ അത് 26.5 ശതമാനമായും 2023–-24 ൽ അത് 27.14 ശതമാനമായും വർദ്ധിപ്പിച്ചു. ഇതിനു പുറമേയാണ് മെയിന്റനൻസ് ഫണ്ടും പൊതു ആവശ്യ ഫണ്ടും കൃത്യമായി നൽകിവരുന്നത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് തനത് ഫണ്ട് ആയി ഉപയോഗിക്കാൻ അധികാരമുള്ള പൊതു ആവശ്യ ഗ്രാൻഡ് എന്ന ജനറൽ പർപ്പസ് ഫണ്ടിന്റെ ഏപ്രിൽ മുതൽ നവംബർ മാസം വരെയുള്ള പ്രതിമാസ ഗഡുക്കൾ കൃത്യമായി നൽകിക്കഴിഞ്ഞു. മൂന്ന് ഗഡുക്കളായി നൽകേണ്ട മെയിന്റനൻസ് ഫണ്ടിന്റെ രണ്ടു ഗഡുക്കൾ കൃത്യമായി നൽകി. അടുത്ത ഗഡുവും കൃത്യസമയത്ത് നൽകും. പദ്ധതിവിഹിതം വികസന ഫണ്ട് ഇനത്തിലുള്ള തുകയും 3 ഗഡു നൽകേണ്ടതിൽ രണ്ടു ഗഡുക്കളും നൽകിക്കഴിഞ്ഞു.

വാർഷിക പദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമായി നടത്തിക്കൊണ്ടുപോകുന്നതിനാവശ്യമായ എല്ലാ പിന്തുണയും സർക്കാർ നൽകിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടുകണ്ട് അറിയുന്നതിനും അവരോട് സംവദിക്കുന്നതിനായി നവകേരള തദ്ദേശകം എന്ന പേരിൽ എല്ലാ ജില്ലകളിലും പ്രത്യേക സംവാദ സദസ്സുകൾ തന്നെ നടത്തുകയുണ്ടായി. ഈ രീതിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി നിരന്തരം സംവദിച്ചും അവർക്ക് പിന്തുണ നൽകിയുമാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.

തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകേണ്ട കേന്ദ്ര ധനകാര്യ കമ്മീഷൻ ഫണ്ട് കേരളത്തിനു കൃത്യമായി ലഭിക്കാത്ത സ്ഥിതിയാണുള്ളത്. കേരളത്തിന്റെ ഉയർന്ന ജീവിത നിലവാര സൂചികകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിന് കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റ് ശുപാർശ ചെയ്തതുതന്നെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിലാണ്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് യോജിക്കുന്നതും കേരളത്തിന്റെ സാഹചര്യത്തിൽ അനുയോജ്യമല്ലാത്തതുമായ പല നിബന്ധനകളും ഉൾപ്പെടുത്തിയാണ് ഗ്രാന്റ് അനുവദിക്കുന്നത്.

പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റ് ഉപയോഗിച്ച് ഒരു സാമ്പത്തിക വർഷത്തേക്കുള്ള പ്രൊജക്ടുകൾ തൊട്ടു മുൻ സാമ്പത്തിക വർഷം ജനുവരിയിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ തയ്യാറാക്കി ഇതിനായുള്ള സോഫ്റ്റ്-വെയറിൽ ചേർത്ത് നൽകുന്നുണ്ട്. ഈ സാഹചര്യത്തിലും കേന്ദ്ര ഗ്രാന്റിന്റെ വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. 2022-–23 സാമ്പത്തിക വർഷത്തെ നഗര തദ്ദേശ സ്‌ഥാപനങ്ങൾക്കുള്ള മില്യൺ പ്ലസ് സിറ്റീസ് ഇനത്തിൽ പെട്ട 51.55 കോടി രൂപയും ആരോഗ്യ ഗ്രാന്റ് ഇനത്തിൽ 137.16 കോടി രൂപയും 2023–24 ലെ 8 മാസം കഴിഞ്ഞിട്ടും ലഭിച്ചിട്ടില്ല.

2023–24 വർഷം ഗ്രാമ മേഖലയിൽ 1260 കോടി രൂപയും നഗര മേഖലയിൽ മില്യൺ പ്ലസ് സിറ്റീസ് ന് 281 കോടിയും നോൺ മില്യൺ പ്ലസ് സിറ്റീസ് ന് 368 കോടിയും ചേർന്ന് ആകെ 1260 + 649 = 1909 കോടി രൂപ ലഭിക്കണം. ഇതിൽ ഒന്നാം ഗഡുവായി 1260 ന്റെ പകുതി 630 കോടി രൂപയും 368 ന്റെ പകുതി 184 കോടി രൂപയും ചേർന്ന് 814 കോടി രൂപ ഈ വർഷമാദ്യം ലഭിക്കേണ്ടതാണ്. അത് യഥാസമയം തന്നില്ല എന്ന് മാത്രമല്ല, നിരന്തര സമ്മർദ്ദത്തിനൊടുവിൽ ഗ്രാമ മേഖലയിലേക്കായി 252 കോടി രൂപ മാത്രമാണ് ഈ നവംബർ 20ന് അനുവദിച്ചിട്ടുള്ളത്.

ഒപ്പം നാളിതു വരെയില്ലാത്ത പുതിയ നിബന്ധനയും ചേർത്തു. ധനമന്ത്രാലയം വഴി അടുത്തതായി വിതരണം ചെയ്യേണ്ട തുക എത്രയാണോ അതിന്റെ 10 ശതമാനത്തിൽ കൂടുതൽ തുക തദ്ദേശ സ്വയംഭരണ സ്‌ഥാപന തലത്തിൽ നൽകിയ പതിനാലാം ധനകാര്യ കമ്മീഷൻ ഗ്രാന്റിനത്തിൽ ബാക്കി അവശേഷിക്കാൻ പാടില്ല എന്നതാണ് ഈ പുതിയ നിബന്ധന. ഇങ്ങനെ ഒരു നിബന്ധന പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഏർപ്പെടുത്തിയിട്ടില്ല. മറിച്ച് കേന്ദ്ര ധനകാര്യ വകുപ്പ് ഏകപക്ഷീയമായി ഏർപ്പെടുത്തിയ നിബന്ധനയാണിത്. ഈ നിബന്ധന പ്രകാരം തദ്ദേശ സ്‌ഥാപനങ്ങൾക്ക് പണം കിട്ടുന്നില്ല.

കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റ് എന്നത് സംസ്ഥാനങ്ങളുടെയും അതു വഴി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും ഭരണഘടനാപരമായ അവകാശമാണ്. തങ്ങൾക്ക് കിട്ടാൻ അവകാശമുള്ള ഫണ്ട് ലഭിക്കാത്തതിനാൽ തദ്ദേശ തലത്തിൽപ്രൊജക്ടുകൾ മുടങ്ങുകയാണ്. ഭരണഘടനയുടെ അനുഛേദം 280 പ്രകാരം ഇത്തരം ഏതെങ്കിലും നിബന്ധനകൾ നൽകാൻ ധനകാര്യ കമ്മീഷന് മാത്രമാണ് അധികാരം. ആ നിലയ്ക്ക് കേന്ദ്ര ധനകാര്യ വകുപ്പിന്റെ പുതിയ നിബന്ധന ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടനാ നടപടികൾക്കുമേലുള്ള എക്സിക്യുട്ടീവിന്റെ കടന്നുകയറ്റമാണിത്.

ധനകാര്യ കമ്മീഷൻ പറയാത്തതും ധനകാര്യ കമ്മീഷനെ സംബന്ധിച്ച കേന്ദ്ര ഗവണ്മെന്റിന്റെ ഓപ്പറേഷണൽ ഗൈഡ്ലൈൻസിൽ ഇല്ലാത്തതുമായ കാര്യം കേന്ദ്ര ധനമന്ത്രാലയം അടിച്ചേൽപ്പിച്ചത് ഗൗരവകരമായ കാര്യമാണ്. പഞ്ചായത്ത്‌, അർബൻ വകുപ്പുകളുടെ കേന്ദ്ര മന്ത്രിമാർ പോലും പുതിയ നിബന്ധന വന്ന വഴി അറിഞ്ഞിരുന്നോ എന്ന് സംശയമാണ്.

കേന്ദ്ര ധനകാര്യ വകുപ്പ് അടിച്ചേൽപ്പിച്ച ഇത്തരം ബാഹ്യ നിബന്ധനകൾ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.

നവകേരള സദസ്സിന്റെ നടത്തിപ്പിനാവശ്യമായ തുകയിൽ ഒരു ചെറിയ വിഹിതം തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ നൽകുന്നുണ്ട്. നവകേരള സദസ്സ് സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന ഔദ്യോഗിക സർക്കാർ പരിപാടിയാണ്. മന്ത്രിസഭ ഒന്നാകെ നേരിട്ട് ജനങ്ങളുമായി ആ നാട്ടിലെ വികസന പ്രശ്നങ്ങളെ സംബന്ധിച്ചും ക്ഷേമപ്രവർത്തനങ്ങൾ സംബന്ധിച്ചു ചർച്ച ചെയ്യാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കാനും ഉള്ള അവസരമാണ് നവകേരള സദസ്സ് ഒരുക്കുന്നത്.

സ്വാഭാവികമായിട്ടും സംഘാടനത്തിന്റെ ഭാഗമായിട്ടുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നവകേരള സദസിന് ആവശ്യമായ ചെലവുകൾ ക്ക് അവരുടെ വിഹിതം നൽകുന്നതിനു സർക്കാർ അനുമതി ആവശ്യമാണ് . നവ കേരള സദസ് മുൻമാതൃകകളില്ലാത്ത ഒരു പരിപാടിയാണ്. അതുകൊണ്ടുതന്നെ മുൻകൂട്ടി പഞ്ചായത്ത് രാജ് നിയമത്തിലോ മുൻസിപ്പാലിറ്റി നിയമത്തിലോ ഇത്തരമൊരു പരിപാടിയെക്കുറിച്ച് സൂചിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ കൂടി ഏറ്റെടുത്തു നടത്തുന്ന ഈ പരിപാടിയുടെ വിജയത്തിന് വേണ്ടിയുള്ള അനുമതിയാണ് സർക്കാർ നൽകിയിരിക്കുന്നത്. അതിന് ഒരു പരിധിയും സർക്കാർ നിശ്ചയിച്ച നൽകിയിട്ടുണ്ട്.

ഇതിനെതിരെ ആദ്യം പണം നൽകുന്നതിനുവേണ്ടി തീരുമാനിച്ച ഒരു നഗരസഭ, പ്രതിപക്ഷ നേതാവിന്റെ തെറ്റായ ഉപദേശം നിമിത്തം കോടതിയിൽ പോകുന്ന സാഹചര്യമുണ്ടായി. എന്നാൽ കോടതി ആ ഉത്തരവിനെ റദ്ദാക്കുന്നതിനുള്ള യാതൊരു നടപടിയും സ്വീകരിച്ചില്ല. എംഎൽഎമാർ വിവിധ പരിപാടികൾക്കു വേണ്ടി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ തുക ഉപയോഗിക്കുന്നതിനുള്ള അനുമതി ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കാറുണ്ട്. പലതിനും ഈ എംഎൽഎമാരുടെ അഭ്യർത്ഥന മാനിച്ചുകൊണ്ട് സർക്കാർ അനുമതി നൽകിയിട്ടുമുണ്ട്. അതുപോലെ സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും യോജിച്ച് നടപ്പാക്കുന്ന ഒരു പരിപാടിയിൽ പണം ചെലവഴിക്കേണ്ടി വരിക എന്നുള്ളത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പ്രാഥമികമായ ഒരു ഉത്തരവാദിത്വം ആണ് എന്നു കൂടി നാം ഓർക്കണം. നവകേരളത്തിനായി എൽ ഡി എഫ് സർക്കാർ നടപ്പാക്കി വരുന്ന സമഗ്രവും സർവ്വതലസ്പർശിയുമായ വികസനനയത്തിലെ അവിഭാജ്യവും അതിപ്രധാനവുമായ ഘടകമാണ് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾ. അവയുടെ പ്രവർത്തനങ്ങളെ കൂടുതൽ ശക്തവും വിപുലവും ഫലപ്രദവുമാക്കുന്ന നയങ്ങളുമായി സർക്കാർ മുന്നോട്ടു പോകും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

12 − ten =

Most Popular