നവംബർ അവസാനം വോട്ടെടുപ്പ് നടന്ന തെലങ്കാന, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്താൻ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തെലങ്കാനയിൽ കോൺഗ്രസ് ബിആർഎസിനെ പരാജയപ്പെടുത്തി ഭൂരിപക്ഷം നേടി. മറ്റ് മൂന്നിടങ്ങളിലും ബിജെപി കോൺഗ്രസ്സിനെ പരാജയപ്പെടുത്തി അധികാരത്തിലെത്തി. തെലങ്കാനയിൽ ആ സംസ്ഥാന രൂപീകരണംമുതൽ രണ്ടുതവണ കോൺഗ്രസ്സിനെ തോൽപ്പിച്ച് തിരഞ്ഞെടുപ്പ് വിജയം നേടി അധികാരത്തിലെത്തിയ കെ ചന്ദ്രശേഖരറാവു നയിച്ച ബിആർഎസിനെ കോൺഗ്രസ് പരാജയപ്പെടുത്തി. കോൺഗ്രസ്സിനു 65ഉം ബിആർഎസിനു 39 ഉം ബിജെപിക്ക് 8 ഉം സീറ്റാണ് ഇവിടെ ലഭിച്ചത്. എന്നാൽ അവയ്ക്കു ലഭിച്ച വോട്ടിന്റെ ശതമാനം 39.7, 37.4, 14.2 എന്നിങ്ങനെയാണ്.
ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്താൻ എന്നീ സംസ്ഥാനങ്ങളിൽ വിജയിച്ച ബിജെപി യഥാക്രമം 54, 163, 115 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസ്സിനു ലഭിച്ചത് യഥാക്രമം 35, 66, 70 വീതമായിരുന്നു. എന്നാൽ അവയ്ക്കു ലഭിച്ച വോട്ടിന്റെ ശതമാനത്തിൽ ഇത്രയും വ്യത്യാസം ഇല്ല. ബിജെപിക്ക് ഈ സംസ്ഥാനങ്ങളിൽ 46.3, 48.6, 41.7 ശതമാനം ലഭിച്ചപ്പോൾ കോൺഗ്രസ്സിനു 42.2, 40.4, 39.7 ശതമാനം ലഭിച്ചു. മറ്റു പാർട്ടികൾക്ക് ലഭിച്ച വോട്ടെല്ലാം ഒന്നിച്ചാൽ ഈ സംസ്ഥാനങ്ങളിലെല്ലാം ബിജെപിയെ പരാജയപ്പെടുത്താമെന്നു വോട്ടിന്റെ ഈ കണക്കുകൾ വ്യക്തമാക്കുന്നു.
മധ്യപ്രദേശിൽ കോൺഗ്രസ് വാഴ്ചയെ തോൽപ്പിച്ച് 2003 മുതൽ 2018 വരെ ബിജെപിയാണ് തിരഞ്ഞെടുപ്പിൽ ജയം നേടിയിരുന്നത്. 2018ൽ ബിജെപിയെ തോൽപ്പിച്ച് കോൺഗ്രസ് വിജയം നേടി. കമൽനാഥ് മുഖ്യമന്ത്രിയായി അന്ന് ഭരണത്തിലെത്തി. കോൺഗ്രസ്സിനകത്തെ തൊഴുത്തിൽ കുത്തിനെ തുടർന്ന് ജേ-്യാതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ ഒരു വിഭാഗം കോൺഗ്രസ്സുകാർ ബിജെപിയിൽ ചേർന്നു. അവരെ ബിജെപി പാട്ടിലാക്കി എന്നു പറയുന്നതാകും കൂടുതൽ ശരി. അതേ തുടർന്നാണ് 2020ൽ കമൽനാഥ് മന്ത്രിസഭ വീണതും ശിവരാജ് സിങ് ചൗഹാൻ തന്നെ വീണ്ടും ബിജെപി മന്ത്രിസഭ രൂപീകരിച്ചതും. പ്രതിപക്ഷം ആകെ യോജിച്ചാൽ ബിജെപി തറപറ്റുമെന്നാണ് വിവിധ പാർട്ടികൾക്കു ലഭിച്ച വോട്ടിന്റെ കണക്ക് വെളിപ്പെടുത്തുന്നത്. ബിജെപി വലിയ തോതിൽ സോഷ്യൽ എൻജിനീയറിങ് നടത്തിയാണ് ഇൗ വിജയം നേടിയത് എന്നാണ് റിപ്പോർട്ടുകൾ.
ഛത്തീസ്ഗ–ഢ് കോൺഗ്രസ്സിന്റെ ഭരണത്തിലായിരുന്നു ആദ്യഘട്ടത്തിൽ. 2003ൽ രമൺസിങ്ങിന്റെ നേതൃത്വത്തിൽ മത്സരിച്ച ബിജെപി അവിടെ ഭൂരിപക്ഷം നേടി മന്ത്രിസഭ രൂപീകരിച്ചും 2018 വരെ രമൺസിങ് വാഴ്ച നിലനിന്നു. 2018ൽ തിരഞ്ഞെടുപ്പിൽ വിജയിച്ച് കോൺഗ്രസ് മന്ത്രിസഭ അധികാരത്തിലെത്തി, ഭൂപേശ് ഭാഗലിന്റെ നേതൃത്വത്തിൽ. ഇപ്പോൾ വീണ്ടും ബിജെപി വിജയിച്ചിരിക്കുന്നു അവിടെ.
രാജസ്താനിൽ മാറിമാറി കോൺഗ്രസ്സും ബിജെപിയും തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന വഴക്കമായിരുന്നു ഉണ്ടായിരുന്നത്. 2018ൽ അതുവരെ ഭരണത്തിലിരുന്ന ബിജെപിയെ പരാജയപ്പെടുത്തി അശോക് ഗെലോട്ടിന്റെ നേതൃത്വത്തിൽ കോൺഗ്രസ് മന്ത്രിസഭ നിലവിൽ വന്നു. അഞ്ചു വർഷം കഴിഞ്ഞപ്പോൾ തുടർഭരണം നേടിയേക്കും എന്ന പ്രതീതി പരത്തിയ ഗെലോട്ട് ഭരണത്തെ പരാജയപ്പെടുത്തി ബിജെപി വീണ്ടും അധികാരത്തിലെത്തി. സീറ്റിന്റെ എണ്ണത്തിൽ 115,70 എന്ന തോതിലുള്ള വ്യത്യാസമുണ്ടെങ്കിലും വോട്ടിന്റെ കാര്യത്തിൽ 2 ശതമാനത്തിന്റെ (41.7, 39.7) വ്യത്യാസമേ അവ തമ്മിലുള്ളൂ.
ഇതൊക്കെയാണ് വിശദാംശങ്ങൾ എങ്കിലും 2018ൽ നഷ്ടപ്പെട്ട ഈ മൂന്നു സംസ്ഥാനങ്ങളും കോൺഗ്രസ്സിൽ നിന്നു പിടിച്ചെടുത്തു എന്ന വിജയഭാവത്തിലാണ് ഇപ്പോൾ ബിജെപി. അത് തങ്ങൾ 2024ലെ ലോക്-സഭാ തിരഞ്ഞെടുപ്പിൽ തുടർച്ചയായ മൂന്നാം വിജയം നേടാൻ പോകുന്നതിന്റെ സൂചനയായി നരേന്ദ്രമോദി തന്നെ അവതരിപ്പിച്ചിരിക്കുന്നു.
എന്നാൽ, ഇതിനൊരു മറുവശമുണ്ട്. ഈ മൂന്നു സംസ്ഥാനങ്ങളിൽ എവിടെയും വോട്ടിന്റെ കാര്യത്തിൽ ബിജെപിക്ക് കേവലഭൂരിപക്ഷം നേടാൻ കഴിഞ്ഞിട്ടില്ല. കോൺഗ്രസ്സിതര പാർട്ടികളുടെ സാന്നിധ്യം പറയത്തക്ക തോതിൽ ഇക്കൂട്ടത്തിലുള്ളത് രാജസ്താനിൽ മാത്രമാണ്. അവിടെ ബിജെപിക്ക് 41.7 ശതമാനം വോട്ടുകൾ മാത്രമേയുള്ളൂ. കോൺഗ്രസ്സിനു 39.7 ശതമാനവും. 18.6 ശതമാനം വോട്ടുകൾ മറ്റു പാർട്ടികൾക്കാണ്. പല സംസ്ഥാനങ്ങളിലും അതാണ് സ്ഥിതി. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപിയുടെ സാന്നിധ്യം കർണാടകം ഒഴിച്ചാൽ, നാമമാത്രമാണ്. കിഴക്കേ ഇന്ത്യയിലും ത്രിപുരയും, അസമും ഒഴിച്ചാൽ ഏതാണ്ട് സമാനമാണ് സ്ഥിതി. ലോക്-സഭാ തിരഞ്ഞെടുപ്പിൽ മറ്റെല്ലാം കക്ഷികളും യോജിച്ചാൽ (അവയിൽ പ്രധാനപ്പെട്ടവ മാത്രമായാലും മതി) ബിജെപി വളരെ ദയനീയമായി തന്നെ പരാജയപ്പെടും. കാരണം ഇവിടെ പരാമർശിച്ച മൂന്നുസംസ്ഥാനങ്ങളിൽ മധ്യപ്രദേശിൽ പോലും 48 ശതമാനം വോട്ടാണ് അതിനുള്ളത്. എതിരാളികൾ ഒത്തുചേർന്നാൽ ബിജെപിക്ക് അവിടെപോലും വിജയം നേടുക എളുപ്പമാവില്ല. അത്രയൊന്നും ജനപിന്തുണ ഇല്ലാത്ത മറ്റു മിക്ക സംസ്ഥാനങ്ങളിലും മറ്റു പാർട്ടികളുടെ യോജിച്ചുള്ള ചെറുത്തുനിൽപ്പിനുമുന്നിൽ ബിജെപി അമ്പേ പരാജയപ്പെടും എന്നാണ് ഇത് നൽകുന്ന സൂചന.
അവിടെയാണ് ‘ഇന്ത്യ’ എന്ന കൂട്ടായ്മയുടെ പ്രസക്തി ഉയർന്നുവരുന്നത്. അത് ഓർക്കുമ്പോൾ തന്നെ ‘വന്നു, കണ്ടു, കീഴടക്കി’ എന്ന ശൗര്യത്തോടെ നിലകൊള്ളുന്ന നരേന്ദ്രമോദി പോലും കിടുങ്ങിപ്പോകുന്നു എന്ന് അദ്ദേഹത്തിന്റെ പ്രതികരണങ്ങളിൽ നിന്നുതന്നെ വ്യക്തമാണ്. ‘ഇന്ത്യ’ മുന്നണി രൂപം കൊള്ളാതാക്കാനായിരിക്കും ബിജെപിയുടെയും ആ പാർട്ടിക്ക് അതിനു ഓശാന പാടുന്ന മാധ്യമങ്ങളുടെയും ഇനിയുള്ള നീക്കം. അതിന്റെ സൂചനകൾ വന്നു കഴിഞ്ഞു. പക്ഷേ, മറ്റു പാർട്ടികൾക്ക് നിലനിൽക്കാനും അതിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഭരണത്തിൽ എത്താനും ഇപ്പോൾ കഴിയുക അവ ഒരു മുന്നണിയായി ഒന്നിച്ചുചേർന്ന് ബിജെപി ഉയർത്തുന്ന തിരഞ്ഞെടുപ്പു വെല്ലുവിളിയെ നേരിടുമ്പോഴാണ്.
കോൺഗ്രസ് ഏകപക്ഷീയമായി തീരുമാനങ്ങൾ കെെക്കൊള്ളുന്ന മുന്നണിയിൽ അംഗങ്ങളായിരിക്കാൻ തങ്ങൾ സന്നദ്ധമല്ല എന്ന സൂചന കോൺഗ്രസ് ഇതരപാർട്ടികൾ നൽകിക്കഴിഞ്ഞു. ഡൽഹിയിൽ ചേരാനിരുന്ന ‘ഇന്ത്യ’ കൂട്ടുകെട്ടിന്റെ പ്രഥമയോഗം നടക്കാതെ പോയത് അത് വിളിച്ചുകൂട്ടുന്നതിൽ കോൺഗ്രസ് നേതൃത്വം കാണിച്ച മേധാവിത്വ സമീപനം മൂലമാണ്. മുന്നണിയോടുള്ള സമീപനത്തിന്റെ കാര്യത്തിൽ കോൺഗ്രസ് മേധാവിത്വ നിലപാട് ഉപേക്ഷിക്കാത്തപക്ഷം വിവിധ കക്ഷി നേതാക്കൾ തമ്മിൽ പൂർണമായ മാനസികപ്പൊരുത്തമുള്ള മുന്നണിയായി ‘ഇന്ത്യ’ രൂപം കൊള്ളില്ല. എന്തിനാണോ മുന്നണി രൂപീകരിക്കുന്നത്, അതിനെ പരാജയപ്പെടുത്തുന്ന ഒന്നായി മാറും കോൺഗ്രസ് അതിനോട് കെെക്കൊള്ളുന്ന സമീപനം, കെെകാര്യം ചെയ്യുന്ന രീതിയും.
നവംബർ 7ന് വോട്ടെടുപ്പു നടന്ന സോറം പീപ്പിൾസ് മൂവ്മെന്റ് (ഇസഡ്പിഎം) എന്ന നാലുവർഷം മാത്രം പ്രായമായ പാർട്ടി മിസോറമിൽ വൻഭൂരിപക്ഷത്തോടെ മറ്റെല്ലാ പ്രമുഖ പാർട്ടികളെയും തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി അധികാരത്തിലെത്തിയിരിക്കുകയാണ്. മറ്റൊരു പാർട്ടിയുമായും കൂട്ടുകൂടില്ലെന്നാണ് ഇസഡ്പിഎം നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നത്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളോടും അവരുടെ രാഷ്ട്രീയ പാർട്ടികളോടും കോൺഗ്രസ്സായാലും ബിജെപിയായാലും സൗഹൃദസമീപനമല്ല കെെക്കൊള്ളാറുള്ളത്. ദാരിദ്ര്യവും കടുത്തവിവേചനവും ചൂഷണവും മറ്റും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾ നിരന്തരം നേരിടുന്ന പൊതു സാമൂഹ്യ–രാഷ്ട്രീയ വെല്ലുവിളികളാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ കോൺഗ്രസ് ദീർഘകാലം കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരത്തിലിരുന്ന കാലത്ത് രൂപപ്പെട്ടുവന്ന സമീപനമാണ് അത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ആ പ്രദേശത്ത് പുതിയ സംസ്ഥാനങ്ങളും ജനപ്രാതിനിധ്യമുള്ള സർക്കാരുകളും നിലവിൽവന്നപ്പോൾ, അതിനുമുമ്പു നിലനിന്ന ഭൂപ്രഭുക്കളുടെയും പ്ലാന്റേഷൻ ഉടമകളുടെയും മേധാവിത്വം അവസാനിപ്പിച്ച് ജനാധിപത്യഭരണരീതികളും മാനുഷിക ബന്ധങ്ങളും സ്ഥാപിക്കുന്നതിനു കോൺഗ്രസ് നേതൃത്വം ശ്രമിച്ചില്ല. വ്യത്യസ്ത രാഷ്ട്രീയ നേതൃത്വത്തിൻ കീഴിലാണെങ്കിലും,ആ വാഴ്ച തുടരുകയാണ്. ♦