Friday, November 22, 2024

ad

Homeനിരീക്ഷണംലോക ഭിന്നശേഷി ദിനം ഓർമിപ്പിക്കുന്നത്

ലോക ഭിന്നശേഷി ദിനം ഓർമിപ്പിക്കുന്നത്

വി മുരളീധരൻ (സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം)

ഭിന്നശേഷിക്കാരുടെ അവകാശങ്ങളും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനായി, ഡിസംബർ 3 ഭിന്നശേഷിക്കാരുടെ അന്താരാഷ്ട്രദിനമായി 1992 മുതൽ ആചരിക്കപ്പെട്ടു വരുന്നു. അവരുടെ അസ്തിത്വം, ഉൾച്ചേർക്കൽ, അംഗീകാരം, പങ്കാളിത്തം എന്നിവയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്. ഈ വർഷത്തെ പ്രമേയം “ഭിന്നശേഷിക്കാർക്കായുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനും അവ സംരക്ഷിക്കുന്നതിനുമായുള്ള യോജിച്ച പ്രവർത്തനം” എന്നതാണ്. 2023 ഡിസംബർ 1 ന് ഐക്യരാഷ്ട്രസഭയിൽ നടന്ന അനുസ്മരണ പരിപാടിയിൽ അതിന്റെ അഞ്ച് സ്തംഭങ്ങളിലൊന്നായ “സമാധാന” ത്തിന് ആയിരുന്നു ഊന്നൽ നൽകിയത്. ഏതൊരു പുരോഗതിയിലേക്കുമുള്ള ഏതു സുസ്ഥിരവികസന ലക്ഷ്യവും കൈവരിക്കുന്നതിനുള്ള അനിവാര്യമായ മുന്നുപാധി സമാധാനം ആണെന്നത് അടിവരയിട്ടു പറയേണ്ടതാവശ്യമില്ലാ. ഇസ്രയേലിന്റെ രാജ്യാതിർത്തി വിപുലീകരണ നയങ്ങളും തുടർന്നുകൊണ്ടിരിക്കുന്ന പലസ്തീൻ അധിനിവേശവുമാണ് അവിടെ ദീർഘകാലമായി നിലനിൽക്കുന്ന സംഘർഷങ്ങൾക്കു നിദാനവും സമാധാനത്തിന് പ്രതിബന്ധമാകുന്നതു. 1919 ൽ ഒന്നാം ലോകയുദ്ധം അവസാനിച്ചയുടൻതന്നെ, അന്നത്തെ ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പലസ്തീന്റെ ഭരണമേറ്റെടുക്കുന്നതിനുള്ള ഒരു ഉത്തരവ് ലീഗ് ഓഫ് നേഷൻസിൽ നിന്ന് ബ്രിട്ടീഷുകാർ നേടിയെടുത്ത കാര്യം ഇവിടെ നാം ഓർക്കേണ്ടതുണ്ട്. ആ സമയത്ത് പലസ്തീനിൽ 60,000 ജൂതർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 750,000 മുസ്ലീങ്ങളുണ്ടായിരുന്നു. അതിൽ ഭൂരിഭാഗവും അറബികളായിരുന്നു (ഇസ്ലാമും ജിഹാദും, എജി നൂറാണി, 2022). എന്നാൽ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി എ ജെ ബാൽഫോർ, “നാല് വൻശക്തികൾ സയണിസത്തോട് പ്രതിജ്ഞാബദ്ധമാണ്” എന്നു പ്രഖ്യാപിക്കുകവഴി ഭാവി ഇസ്രയേലിന്റെ അടിത്തറ വിളംബരം ചെയ്യുകയായിരുന്നു.

1948 ൽ ഇസ്രയേൽ രാഷ്ട്രം സ്ഥാപിക്കുന്നതിനായി ലക്ഷക്കണക്കിന് ആദിമനിവാസികളെ അവിടെ നിന്നും ആട്ടിയോടിച്ചു. അധിനിവേശക്കാർ പലസ്തീൻ പ്രദേശത്തിന്റെ ഭൂരിപക്ഷവും നിഷ്ഠുരമാംവിധം കയ്യടക്കുക മാത്രമല്ല, പലസ്തീൻ ജനതയുടെ അടിസ്ഥാന ആവശ്യങ്ങളും അവകാശങ്ങളും അന്തസ്സും സ്വാതന്ത്ര്യങ്ങളും ഇല്ലാതാക്കിക്കൊണ്ട് പറഞ്ഞറിയിക്കാനാകാത്ത ദുരിതപർവങ്ങളിലേക്ക് അവരെ വലിച്ചെറിയുകയും ചെയ്തു. വർണവിവേചനത്തിന്റെ മറ്റൊരു രൂപം അവിടെ സ്ഥാനം പിടിച്ചു. ഈ വീക്ഷണത്തെ മൊസാദിന്റെ മുൻതലവനായ തമീർ പർദോയും അംഗീകരിച്ചിട്ടുണ്ട്. സമകാലിക സംഭവങ്ങൾ വീക്ഷിക്കുമ്പോൾ 1948 ലെ സംഭവങ്ങളെ ഇതിൽനിന്നും വേറിട്ടു കാണുന്നത് ചരിത്രത്തെ അപഹസിക്കലാകും. ഇസ്രയേൽ അധിനിവേശത്തിനെതിരെ ദീർഘനാൾ പൊരുതിയ പലസ്തീൻ ജനത തങ്ങളുടെ മാതൃഭൂമിയെ വീണ്ടെടുക്കുന്നതിനായി, ഒടുവിൽ അവർക്കുമേൽ അടിച്ചേൽപ്പിക്കപ്പെട്ട ദ്വിരാഷ്ട്രപരിഹാരത്തെ അംഗീകരിക്കുമ്പോഴും ഇന്ത്യയുൾപ്പെടെ ലോകത്തിന്റെയാകെ പിന്തുണ ലഭിച്ചിരുന്നു. മറ്റൊരു കാര്യം, അമേരിക്കയുടെയും അതിന്റെ പാശ്ചാത്യ സംഖ്യകക്ഷികളുടെയും ഭാഗത്തുനിന്നും വർധിതമായിക്കൊണ്ടിരിക്കുന്ന സമ്മർദ്ദത്തിൻകീഴിൽ അറബ് ഭരണകൂടങ്ങളുൾപ്പെടെ മിക്കവയും പിൽക്കാലത്ത് പലസ്തീൻ പ്രശ്നത്തെ കൈയൊഴിഞ്ഞത് ഭൗമരാഷ്ട്രീയത്തിലുണ്ടായ ഒരു വ്യതിയാനമാണെന്നു കാണാം.

ഇസ്രയേൽ ആക്രമണത്തെത്തുടർന്ന് നിരവധി പലസ്തീൻകാർ കൊല്ലപ്പെടുകയും നിരവധിപേർക്ക് മാരകമായി പരിക്കേൽക്കുകയും ചെയ്തു. ഇസ്രയേൽ നടത്തുന്ന വംശഹത്യയുടെ ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ക്രൂരത കൂടുതൽ വെളിവാക്കപ്പെടുകയാണ്. അമേരിക്കയുടെയും അതിന്റെ സംഖ്യകക്ഷികളുടെയും പിന്തുണയോടെ ഇസ്രയേൽ ഗാസയുടെ വലിയൊരുഭാഗവും തകർത്തുകഴിഞ്ഞു. 2023 ഒക്ടോബർ 7 ന് ഹമാസ് നടത്തിയ ആക്രമണത്തിനുള്ള മറുപടിയായി കണക്കാക്കിയാൽപ്പോലും ഇത് ഒട്ടും ആനുപാതികമല്ല. അതിനു ശേഷമുള്ള കണക്കെടുത്താൽ ഇതുവരെ 15,000 ലേറെ പേരെയെങ്കിലും ഇസ്രയേൽ നിഷ്ടകരുണം കൊന്നൊടുക്കിയിട്ടുണ്ട്.

ഭീകരമായ ഈ ക്രൂരത സ്ത്രീകളെയും കുട്ടികളെയും ശാരീരിക വൈകല്യമുള്ളവരെയും രോഗികളെയും വെറുതെവിട്ടില്ല. മരിച്ചവരിൽ 6,150 പേർ കുട്ടികളാണ്. അതിലേറെയും കൈക്കുഞ്ഞുങ്ങളാണ്. ഗാസാചീന്ത് “ കുട്ടികളുടെ ശവപ്പറമ്പായി” മാറുകയാണെന്നാണ് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞത്. അധിനിവേശ വെസ്റ്റ് ബാങ്കിൽ 242 പേർ (57 കുട്ടികളുൾപ്പെടെ) കൊല്ലപ്പെട്ടു. ഗാസയിൽ 36,000 പേർക്കും (ഇവരിൽ 75 ശതമാനവും കുട്ടികളും സ്ത്രീകളുമാണ്) അധിനിവേശ വെസ്റ്റ് ബാങ്കിൽ 2,750 പേർക്കും ഗുരുതരമായി പരിക്കേറ്റു. ഇത് അവരെ പൂർണമായ വൈകല്യത്തിലേക്ക് നയിച്ചേക്കാം.

എന്തായാലും പലസ്തീനിൽ നിന്നുള്ള ഈ കണക്കുകൾ ഭിന്നശേഷിക്കാരായവർക്കു നേരിടേണ്ടതായി വന്ന അത്യാഹിതങ്ങളെയോ ഒരു ജനതയെ ഒന്നാകെ ഉന്മൂലനം ചെയ്യാൻ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളുടെ അനന്തരഫലമായി വികലാംഗരാക്കപ്പെട്ടവരുടെ എണ്ണമോ രേഖപ്പെടുത്തുന്നില്ല. പലസ്തീനിൽ ഇതിനകംതന്നെ ഭിന്നശേഷിക്കാരായവരുടെ വലിയ ഒരു ജനസംഖ്യ ഉണ്ടായിരുന്നു. ഇസ്രയേലിന്റെ നിരന്തരമായ ആക്രമണങ്ങളും യുദ്ധകുറ്റകൃത്യങ്ങളും എണ്ണമറ്റ മനുഷ്യരെ അംഗവൈകല്യമുള്ളവരാക്കി. അവരുടെ എണ്ണവും ഇക്കൂട്ടത്തിൽ ചെറുതല്ലാത്ത പങ്കുവഹിക്കുന്നു. പലസ്തീൻ സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്സിന്റെ (പിസിബിഎസ്, 2020) കണക്കനുസരിച്ച് പ്രൈമറി സ്കൂൾ പ്രായത്തിലുള്ള (5–7 വയസ്സ്) 15 ശതമാനം കുട്ടികളും അംഗവൈകല്യമുള്ളവരാണ്. വെസ്റ്റ് ബാങ്കിലെ 17 ശതമാനം കുട്ടികളും ഗാസാചീന്തിലെ 13 ശതമാനം കുട്ടികളും അംഗവൈകല്യമുള്ളവരാണ്. ശ്രദ്ധിക്കേണ്ടത്, മാനസികവും സാമൂഹികവുമായവൈകല്യങ്ങൾ ഇതിൽ കണക്കാക്കിയിട്ടില്ലെന്നതാണ്. വലിയൊരു വിഭാഗം ജനങ്ങളെ ബാധിക്കുന്ന വ്യാപകമായൊരു പ്രശ്നമാണ് എന്നതുകൊണ്ടുതന്നെ അത് ഒഒഴിവാക്കുന്നതാണ് കണക്കെടുപ്പുകാരെ സംബന്ധിച്ച് സുരക്ഷിതം.

മറ്റുള്ളവരെ അപേക്ഷിച്ച് സംഘർഷങ്ങളുടെ പ്രത്യാഘാതം ഏറ്റവും കൂടുതൽ ബാധിച്ചത് ഭിന്നശേഷിക്കാരെയാണ്. സംഘർഷം തന്നെയാണ് അതിനുള്ള കാര്യ-കാരണ ഘടകം. അതിജീവനത്തിനായി രക്ഷപെടാനുള്ള കഴിവിനെ ഇത് തടസ്സപ്പെടുത്തും; അത് ശരീരത്തെ കൂടുതൽ തളർത്തുകയോ പുതിയ വൈകല്യങ്ങളിലേക്കു നയിക്കുകയോ ചെയ്യും. ഈ വൈകല്യം അന്യവൽക്കരണത്തിനും തിരസ്കരണത്തിനും ഇടയാക്കുന്നു. ഭിന്നശേഷിക്കാരല്ലാത്ത ജനങ്ങളുമായി താരതമ്യപ്പെടുത്തിയാൽ, അതിജീവനത്തിനായുള്ള പോരാട്ടത്തിൽ ഭിന്നശേഷിക്കാർക്ക് അനുഭവിക്കേണ്ടതായിവരുന്ന പശ്ചാത്തല, പാരിസ്ഥിതിക, മനോഭാവപരമായ പ്രതിബന്ധങ്ങൾ അവരിൽ മറ്റുള്ളവരേക്കാൾ പലമടങ്ങ് ആഘാതം സൃഷ്ടിക്കുന്നു.

ഗാസയിലെയും അധിനിവേശ വെസ്റ്റ് ബാങ്കിലെയും ഭിന്നശേഷിക്കാർ നേരിടുന്ന അടിച്ചമർത്തലുകൾ പലവിധമാണ്. ശാരീരിക വൈകല്യങ്ങളുടെ പേരിലുള്ള വിവേചനങ്ങളും ഭിന്നശേഷിക്കാരായവർക്ക് അന്താരാഷ്ട്ര നിയമങ്ങൾ മുന്നോട്ടുവെക്കുന്ന മനുഷ്യാവകാശങ്ങളെയാകെ ലംഘിച്ചുകൊണ്ട് സായുധസേന ഭിന്നശേഷിക്കാരായവരെ ടാർഗറ്റുചെയ്യുന്നതും അതിലുൾപ്പെടുന്നു. ഗാസയ്ക്കുമേലുള്ള 16 വർഷമായുള്ള ഉപരോധം അവിടത്തെ ജനങ്ങൾക്കുമേൽ, പ്രത്യേകിച്ച് ഭിന്നശേഷിക്കാരായവർക്കുമേൽ പറഞ്ഞറിയിക്കാനാകാത്ത വിധമുള്ള ദുരിതങ്ങളാണുണ്ടാക്കിയത്. ബോധപൂർവം ഭിന്നശേഷിക്കാരെ ലക്ഷ്യമിട്ടത് അങ്ങനെയല്ലാത്ത ജനങ്ങളിൽ ഭയം ജനിപ്പിക്കുവാൻ ഉദ്ദേശിച്ചാണ്.

അപ്രാപ്യമായ പശ്ചാത്തല സംവിധാനങ്ങൾ, പിന്തുണാ സഹായ സംവിധാനങ്ങളും ഉപകരണങ്ങളും ലഭ്യമല്ലാതിരിക്കൽ, അവശ്യംവേണ്ട സേവനങ്ങളും ഉപകരണങ്ങളുടെ കേടുപാടുകൾ തീർക്കലും, അതിന്റെ പരിപാലനവും തടസ്സപ്പെടുത്തൽ എന്നിവയെല്ലാം ഭിന്നശേഷിക്കാരെ വലിയ അളവിൽ ബാധിച്ചു. നിരന്തരം പ്രാണഭയത്താൽ കഴിയുന്ന ഇവർക്ക് സുരക്ഷിതമായ ഇടങ്ങളിലേക്ക് – അതായത് ഷെൽട്ടർ ഹോമുകളും ദുരിതാശ്വാസ ക്യാമ്പുകളും തുടങ്ങിയവ – നീങ്ങാൻ നിരവധി പ്രതിബന്ധങ്ങളെ നേരിടേണ്ടതായി വരുന്നു; കാരണം ഭിന്നശേഷിക്കാരുടെ ഇത്തരം ആവശ്യങ്ങൾ ഉൾപ്പെടുത്തലും അവ പ്രാപ്യമാക്കലും സാധാരണയായി നടക്കാറില്ല. കാഴ്ച, ശ്രവണ, ബുദ്ധി വൈകല്യമുള്ളവർ മുന്നറിയിപ്പ് സംവിധാനങ്ങൾ ഉൾപ്പെടെയുള്ള നിർണ്ണായക വിവരങ്ങൾ ലഭിക്കുന്നതിൽ കൂടുതൽ തടസ്സങ്ങൾ നേരിടുന്നു.

നിരന്തരമായുണ്ടാകുന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ടുള്ള വിവിധ ഘടകങ്ങൾ കാരണം മാനസിക-സാമൂഹിക വൈകല്യങ്ങളുള്ളവരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായതായി റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെടുത്തുന്നു. നിരന്തരമായ ബോംബിങ്ങിലും വ്യക്തപരമായ നഷ്ടങ്ങളിലുംപെട്ട് ഭയചകിതരായി വിറയ്ക്കുന്ന കുട്ടികളുടെ വീഡിയോകൾ ലഭ്യമാണ്. ഇത്തരം സംഭവങ്ങൾ സൃഷ്ടിക്കുന്ന മാനസികാഘാതം ജീവിതകാലം മുഴുവൻ അവരെ വിടാതെ പിന്തുടരും എന്നതിന്റെ ദൃഷ്ടാന്തമാണിത്. ഭിന്നശേഷിക്കാരായ ആളുകൾ അനുഭവിക്കുന്ന അപകടസാധ്യതകളെ തിരിച്ചറിഞ്ഞ് അവരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ട എല്ലാ നടപടികളും കൈക്കൊള്ളാൻ അംഗരാജ്യങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ട് യു എൻ പൊതുസഭ, “ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശങ്ങൾ സംബന്ധിച്ച കൺവെൻഷനും അതിനുള്ള ഓപ്ഷണൽ പ്രോട്ടോക്കോളും നടപ്പിലാക്കുക: അപകടസാധ്യതകളും മാനുഷികമായ അടിയന്തര സാഹചര്യങ്ങളും” എന്ന വിഷയത്തിലുള്ള കരട് പ്രമേയത്തിന് 2023 നവംബർ 8 ന് അംഗീകാരം നൽകി. സി ആർ പി ഡി (Convention on the Rights of Persons with Disabilities) ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്കും മനുഷ്യാവകാശ നിയമങ്ങൾക്കും കീഴിലുള്ള ചുമതലകളും സായുധ സംഘർഷങ്ങൾക്കിടെ അംഗവൈകല്യം ബാധിച്ച വ്യക്തികളുമായി ബന്ധപ്പെട്ടുള്ള യു എൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയം 2475 മാനിക്കപ്പെടുകയും അത് പാലിക്കപ്പെടുകയും ചെയ്യേണ്ടത് അത്യാന്താപേക്ഷിതമാണ്.

സി ആർ പി ഡിയുടെ ആർട്ടിക്കിൾ 11 ഇങ്ങനെ പറയുന്നു: “അന്താരാഷ്ട്ര മാനുഷിക നിയമവും അന്താരാഷ്ട്ര മനുഷ്യാവകാശനിയമവും ഉൾപ്പെടെയുള്ള അന്താരാഷ്ട്രനിയമത്തിൻ കീഴിൽ അംഗരാജ്യങ്ങൾ അവരുടെ ചുമതലകളനുസരിച്ച്, സായുധ സംഘർഷങ്ങൾ മാനുഷികമായ അടിയന്തര ഘട്ടങ്ങൾ, പ്രകൃതിദുരന്തങ്ങൾ എന്നിവയുൾപ്പെടെയുള്ള അപകട സാധ്യതയുള്ള സാഹചര്യങ്ങളിൽ ഭിന്നശേഷിക്കാരായവരുടെ സംരക്ഷണവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണം.”

യു എൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയം 2475 മറ്റു ചില കാര്യങ്ങളും അടിവരയിടുന്നു: “സായുധ സംഘർഷങ്ങൾമൂലം വൈകല്യങ്ങൾ സംഭവിച്ച സാധാരണക്കാർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും, സുസ്ഥിരവും സമയബന്ധിതവും അനുയോജ്യമായതും ഉൾച്ചേർക്കുന്നതും പ്രാപ്യവുമായ സഹായം നൽകുന്നതിന്റെ പ്രയോജനം ലഭിക്കണം. ഇവരുടെ ആവശ്യങ്ങൾ ഫലപ്രദമായി അഭിസംബോധന ചെയ്യപ്പെടുന്നത് ഉറപ്പാക്കാൻ പുനഃസംയോജനം, പുനരധിവാസം, മാനസികസാമൂഹിക പിന്തുണ എന്നിവയുൾപ്പെടെ ഉറപ്പാക്കണം.”

ലോകമെമ്പാടുമുള്ള നഗരങ്ങളിലും പട്ടണങ്ങളിലും ഭിന്നശേഷിക്കാരുൾപ്പെടെ പതിനായിരക്കണക്കിനുപേർ, പലസ്തീൻ ജനതയുടെ വേറിട്ടതും സ്വതന്ത്രവുമായ മാതൃരാജ്യം എന്ന ആവശ്യത്തെ പിന്തുണച്ചുകൊണ്ട് അണിനിരന്നത് ആവേശമുണർത്തുന്നു. എങ്കിലും നിർഭാഗ്യമെന്നു പറയട്ടെ, ലോകമെങ്ങും സ്വാധീനശക്തിയുള്ള ഭരണകൂടങ്ങൾ പലസ്തീൻകാരെ വംശീയ ഉൻമൂലനം ചെയ്യുന്നതിനെ പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണയ്ക്കുന്നതായാണ് കാണുന്നത്. യു എൻ പോലെയുള്ള സമിതികളുടെ പരിതാപകരമായ കാര്യക്ഷമതയില്ലായ്മയും അപഹാസ്യമായ പരാജയവും കൂടിയാണ് തുറന്നുകാട്ടപ്പെടുന്നത്. ഭിന്നശേഷിക്കാരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട മനുഷ്യാവകാശ കൺവെൻഷനുകളുടെ ഉത്തരവുകൾപോലും ശിക്ഷാഭയമേതുമില്ലാതെ ലംഘിക്കപ്പെടുകയാണ്.

ഇതിന്റെ വെളിച്ചത്തിലാണ്, യു എൻ പ്രമേയങ്ങൾ കർശനമായി പാലിക്കപ്പെടണമെന്നും സംഘർഷത്തിനിരയായി അംഗവൈകല്യം സംഭവിച്ചവർക്കും സംഘർഷം മൂലം ദുരിതമനുഭവിക്കുന്ന ഭിന്നശേഷിക്കാർക്കും ഉചിതമായതും അവശ്യംവേണ്ടതുമായ എല്ലാ പിന്തുണയും നൽകണമെന്നും എൻ പി ആർസി ആവശ്യപ്പെടുന്നത്.

പലസ്തീൻ ജനതയ്ക്കും അവരുടെ സ്വത്തുക്കൾക്കും മേൽ ഇസ്രയേൽ നടത്തുന്ന ആക്രമണം ഉടൻ നിർത്തണമെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ ആവശ്യപ്പെടുന്നു; അധിനിവേശപ്രദേശങ്ങളിൽനിന്നും ഇസ്രയേൽ പിൻവാങ്ങണം; 1967 നു മുമ്പുള്ള അതിർത്തികളെ മാനിക്കുക; ദ്വിരാഷ്ട്രപരിഹാരം നടപ്പിലാക്കുന്നതിനുള്ള വഴിയൊരുക്കുക.

ഭിന്നശേഷിക്കാരായവർക്കായുള്ള ഈ അന്താരാഷ്ട്ര ദിനത്തിൽ, സ്വാതന്ത്ര്യത്തിനും മാതൃരാജ്യത്തിനുമായുള്ള പലസ്തീൻ ജനതയുടെ നീതിയുക്തമായ പോരാട്ടത്തിന് എൻ പി ആർ ഡി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ ഈ പോരാട്ടത്തിലെ അനിഷേധ്യഭാഗമാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 + nineteen =

Most Popular