Tuesday, May 21, 2024

ad

Homeകവര്‍സ്റ്റോറിബിജെപി ഭരണത്തിന്റെ പത്തു വർഷവും ഇന്ത്യൻ വിദ്യാഭ്യാസ രംഗവും

ബിജെപി ഭരണത്തിന്റെ പത്തു വർഷവും ഇന്ത്യൻ വിദ്യാഭ്യാസ രംഗവും

സഹാന പ്രദീപ്

2014ൽ അധികാരത്തിലെത്തിയതു മുതൽ എൻ ഡി എ ഗവൺമെന്റ് പൊതുവിദ്യാഭ്യാസ രംഗത്തെ കച്ചവട വൽക്കരിക്കാനും കേന്ദ്രവൽക്കരിക്കാനും കാവി വൽക്കരിക്കാനുമുള്ള ശ്രമങ്ങൾ ഊർജിതമാക്കുകയാണുണ്ടായത്. യു പി എ ഗവൺമെന്റിന്റെ നവലിബറൽ നയങ്ങളെ കൂടുതൽ ആക്രമണാത്മകമായി നടപ്പിലാക്കുകയും സ്വകാര്യവത്കരണത്തിനു സാധ്യമായ എല്ലാ വാതിലുകളും തുറന്നിടുകയുമാണ് പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുന്നതിനും കൂടുതൽ പ്രാപ്യമാക്കുന്നതിനും പകരം ബിജെപി ഗവൺമെന്റ് ചെയ്തുവരുന്നത്. ഭരണഘടനയുടെ ഫെഡറൽ മൂല്യങ്ങളെ പാടെ നശിപ്പിക്കുകയും വിദ്യാഭ്യാസമേഖലയുടെ എല്ലാ വശങ്ങളെയും കേന്ദ്രീകരിക്കുകയും അതിലൂടെ തങ്ങളുടെ ഹിന്ദുത്വ അജൻഡകൾ വ്യാപിപ്പിക്കുകയുമാണ് അധികാരത്തിലേറിയതുമുതൽ ഗവണ്മെന്റ് ചെയ്തുകൊണ്ടിരിക്കുന്നത്. ആർ എസ് എസ് പ്രതിനിധികളെ സർവകലാശാലകളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അമരത്ത് അവരോധിക്കുക, ചരിത്രത്തെ അപനിർമ്മിച്ചുകൊണ്ടുള്ള സിലബസ് അവതരിപ്പിക്കുക, കപടശാസ്ത്രത്തിനും അശാസ്ത്രീയതക്കും നിലമൊരുക്കുക, വിമർശനങ്ങളെയും ചോദ്യങ്ങളേയും സംവാദങ്ങളെയും രാജ്യദ്രോഹമായി ചാപ്പയടിക്കുക തുടങ്ങിയവ ഹിന്ദുരാഷ്ട്ര നിർമ്മിതിയിലേക്കുള്ള ചുവടുവെപ്പുകളാണ്. ഈ നയങ്ങളുടെയും പ്രാഥമിക ഇരകൾ അരികുവൽക്കരിക്കപ്പെട്ട ചുറ്റുപാടുകളിൽ നിന്ന് പഠിക്കാനെത്തുന്ന വിദ്യാർത്ഥികളാണ്. ഇത്തരം നയങ്ങൾ കൂടുതൽ കൂടുതൽ അടിച്ചേല്പിക്കുന്നതിലൂടെ തങ്ങളുടെ കൂറ് വിദ്യാഭ്യാസത്തോടല്ല മറിച്ച് സവർണാധിപത്യത്തോടും ആഗോള ധനമൂലധനത്തോടുമാണെന്ന് നിരന്തരം പ്രഖ്യാപിക്കുകയാണ് കേന്ദ്ര സർക്കാർ.

പുതിയ വിദ്യാഭ്യാസ നയം (NEP) 2020
കോവിഡ് 19 മഹാമാരിയെ ഒരു സുവർണാവസരമായി കണ്ടുകൊണ്ട്, പാർലമെന്റിൽ ഒരു ചർച്ചക്കുപോലും അവസരം നൽകാതെയാണ് പുതിയ വിദ്യാഭ്യാസ നയം കേന്ദ്ര സർക്കാർ നടപ്പിൽ വരുത്തിയത്. എൻഇപി അതിന്റെ രൂപരേഖാ ഘട്ടത്തിൽ തന്നെ നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. 2019ൽ എസ്എഫ്ഐയും മറ്റു പുരോഗമന വിദ്യാർത്ഥി സംഘടനകളും എൻഇപിയ്ക്കെതിരെ സമരം ആരംഭിച്ചു കഴിഞ്ഞിരുന്നു. 2019 ജൂണിൽ ഹൈദ്രബാദ് സർവ്വകലാശാലയിൽ എൻഇപിയുമായി ബന്ധപ്പെട്ട സെമിനാറിൽ സംബന്ധിക്കാൻ എത്തിയ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാൻ ഡോ. കസ്തുരി രംഗൻ, സദസ്സിനോട് ചോദ്യങ്ങൾ പാടില്ല എന്നു നിഷ്കർഷിച്ചത് വലിയ വിവാദത്തിനിടയാക്കി. ഒരു നിയമനിർമ്മാണ സഭയുടെയോ പൊതുജനത്തിന്റെയോ പരിശോധനക്ക് വിധേയമാകാതെ അങ്ങേയറ്റം ഏകപക്ഷീയമായാണ് വിദ്യാഭ്യാസ നയം കോവിഡ് –19 ലോക്ഡൗണിൽ കേന്ദ്രം നിയമമാക്കി മാറ്റുന്നത്. വിദ്യാഭ്യാസത്തിന്റെ വിമോചനസ്വഭാവത്തെ പൂർണ്ണമായും അവഗണിക്കുന്ന എൻഇപി, ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ മതനിരപേക്ഷത, ജനാധിപത്യം തുടങ്ങിയ മൂല്യങ്ങളെക്കുറിച്ചും നിശ്ശബ്ദമാണ്. എൻ ഇ പിയുടെ പ്രധാന ഊന്നൽ സ്വകാര്യ മൂലധനത്തെ എങ്ങനെ വിദ്യാഭ്യാസ മേഖലയിലേക്ക് കൂടുതൽ കൊണ്ടുവരാം എന്നതാണ്. അതിനായി സംസ്ഥാന വിഷയമായ വിദ്യാഭ്യാസത്തെ കൂടുതൽ കേന്ദ്രവൽക്കരിക്കാനുള്ള നിർദ്ദേശങ്ങൾ നയം മുന്നോട്ട് വെക്കുന്നു. പൊതു വിദ്യാഭ്യാസത്തിനായി വിനിയോഗിക്കുന്ന വിഹിതത്തിൽ വലിയ ഇടിവ് ഉണ്ടാകുന്നു. നിരന്തരമായി ഫണ്ട് വെട്ടിക്കുറയ്ക്കുന്നതിലൂടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പൊതു സർവകലാശാലകളെയും സ്വാശ്രയ വിദ്യാഭ്യാസം തെരഞ്ഞെടുക്കുന്നതിലേക്ക് തള്ളിവിടുന്നു.

ഒരു രാജ്യം, ഒരു പരീക്ഷ, ഒരു അപ്ലിക്കേഷൻ ഫീസ് എന്ന വാഗ്ദാനവുമായാണ് എൻ ഇ പിയിലൂടെ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET) കേന്ദ്രം അവതരിപ്പിച്ചത്. എന്നാൽ എൻട്രൻസ് പരീക്ഷക്ക് ശേഷം വിവിധ യൂണിവേഴ്സിറ്റികളിൽ അപേക്ഷിക്കാൻ അതാത് സ്ഥാപനങ്ങൾക്ക് ഇഷ്ടമുള്ള ഫീസ് നിർണയിക്കാനുള്ള അവകാശം നൽകിയത് കേന്ദ്രം മറച്ചു വെച്ചു. പല കേന്ദ്ര സർവ്വകലാശാലകളും CUET അപ്ലിക്കേഷൻ ഫീസിനു പുറമെ ആയിരങ്ങളാണ് തങ്ങളുടെ സ്ഥാപനത്തിലേക്കുള്ള അപേക്ഷകൾക്ക് ആവശ്യപ്പെടുന്നത്. പ്രവേശന പരീക്ഷ മൾട്ടിപ്പിൾ ചോയിസ് ചോദ്യങ്ങൾ ആയതോടെ CUETക്കായി പരിശീലനം നൽകുന്ന കോച്ചിങ് സ്ഥാപനങ്ങളും പ്രവർത്തിച്ചു തുടങ്ങി. സമീപഭാവിയിൽ തന്നെ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് CUET അപ്രാപ്യമാവുകയും ഉന്നത വിദ്യാഭ്യാസത്തിൽ നിന്ന് അവർ പുറംതള്ളപ്പെടുകയും ചെയ്യും.

വിദ്യാർത്ഥി യൂണിയനെക്കുറിച്ചോ ജൻഡർ ബോധവൽക്കരണത്തെക്കുറിച്ചോ ലൈംഗികചൂഷത്തിനും വിവേചനങ്ങൾക്കും പീഡനങ്ങൾക്കുമെതിരെ ജനാധിപത്യപരമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ സർവകലാശാലകളിൽ ഉണ്ടാവേണ്ടതിനെക്കുറിച്ചോ എൻ ഇ പി സംസാരിക്കുന്നതേയില്ല. ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ വന്നത് മുതൽ എങ്ങനെയാണ് സർവ്വകലാശാലകളിലെ മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇടപെട്ടിട്ടുള്ളത് എന്നും പുരോഗമന വിദ്യാർത്ഥി സമൂഹം ആ ഇടപെടലുകളോട് എങ്ങനെയാണ് പ്രതികരിച്ചിട്ടുള്ളത് എന്നും പരിശോധിച്ചാൽ എന്തുകൊണ്ട് ദേശീയ വിദ്യാഭ്യാസ നയം വിദ്യാർത്ഥികളുടെ സംഘടിക്കാനുള്ള അവകാശത്തെക്കുറിച്ചും ജനാധിപത്യസംവിധാനങ്ങളെക്കുറിച്ചും നിശ്ശബദത പാലിക്കുന്നു എന്നതിന്റെ ഉത്തരം കണ്ടെത്താം.

2015 ജൂണിൽ പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഡയറക്ടറായി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ഗജേന്ദ്ര ചൗഹാൻ എന്ന ടെലിവിഷൻ നടനെ അവരോധിക്കുകയുണ്ടായി. 1988-–90ൽ സംപ്രേഷണം ചെയ്തിരുന്ന മഹാഭാരത എന്ന സീരിയലിൽ യുധിഷ്ഠിരന്റെ വേഷം ചെയ്തതായിരുന്നു കേന്ദ്രം അദ്ദേഹത്തിൽ കണ്ട സവിശേഷത. പ്രഗത്ഭരായ ചലച്ചിത്രകാർ തലപ്പത്തിരുന്ന പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനെ സംബന്ധിച്ചെടത്തോളം ചൗഹാന്റെ നിയമനം കേന്ദ്രത്തിന്റെ കാവിവൽക്കരണ അജൻഡയുടെ ഭാഗമായിരുന്നു. അതിനെതിരെ വലിയ പ്രക്ഷോഭം അവിടെ രൂപപ്പെടുകയും 140ഓളം ദിവസം സമരം നീണ്ടുനിൽക്കുകയും ചെയ്തു. വീണ്ടും 2023ൽ സമാന അജൻഡയുമായി മലയാളം നടനും എം പിയുമായ സുരേഷ് ഗോപിയെ കേന്ദ്രം കൊൽക്കത്ത ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സ്ഥാനത്തേക്ക് നിർദ്ദേശിച്ചിരിക്കുകയാണ്. പൂർണ്ണമായും രാഷ്ട്രീയ താല്പര്യം പേറുന്ന ഈ നിയമനത്തിനെതിരെയും ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾ രംഗത്തെത്തിയിട്ടുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യത്തെയും സാംസ്കാരിക വൈവിധ്യത്തെയും അസഹിഷ്ണുതയോടെ മാത്രം കാണുന്ന സംഘപരിവാർ രാഷ്ട്രീയത്തിനു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കാവിവൽക്കരണം വളരെ പ്രധാനമാണ്. ബഹുജന മാധ്യമങ്ങളിലേക്ക് തങ്ങളുടെ ഏജന്റുകളെ സൃഷ്ടിച്ച് നിയമിക്കാൻ സാധിച്ചാൽ പൊതുബോധ സ്വാധീനിക്കാൻ വളരെ എളുപ്പമായിരിക്കുമെന്ന് ആർ എസ് എസ്സിന് അറിയാം.

ഇതേ കാലഘട്ടത്തിൽ തന്നെ രാജ്യത്തെ ഏറ്റവും മികച്ചതും ഏറ്റവും സാമ്പത്തികമായി പ്രാപ്യവുമായ ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ഫീസ് ഉയർത്താനുള്ള ശ്രമങ്ങളുണ്ടായി. ഫീസ് മസ്റ്റ് ഫാൾ എന്ന പേരിൽ വിദ്യാർത്ഥി യൂണിയൻ സംഘടിപ്പിച്ച പ്രതിഷേധ പ്രക്ഷോഭത്തെ എ ബി വി പിയെയും ഗുണ്ടാ സംഘത്തെയും ഉപയോഗിച്ച് കാളയികമായി നേരിട്ടുകായാണുണ്ടായത്. യൂണിയൻ അധ്യക്ഷ ഐശീ ഘോഷ് അടക്കം നിരവധി വിദ്യാർത്ഥികൾക്ക് മാരകമായി പരിക്കേറ്റു. എങ്കിലും സമരം നിർത്താൻ വിദ്യാർത്ഥി യൂണിയൻ തയ്യാറായില്ല.

സി എ എക്ക് എതിരായ ബഹുജന പ്രക്ഷോഭവും കർഷക ബില്ലുകൾക്കെതിരെയുള്ള സംഘർഷവും ശക്തി പ്രാപിക്കുമ്പോഴാണ് കോവിഡ് 19 മഹാമാരി ആഞ്ഞടിക്കുന്നതും ലോകം മുഴുവൻ ലോക്‌ഡോണിലേക്ക് പോകുന്നതും. കേന്ദ്ര സർക്കാരിനെ സംബന്ധിച്ചേടത്തോളം ഇത് ഒരു അവസരമായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും സർവ്വകലാശാലകളും രണ്ടു വർഷത്തോളം അടഞ്ഞു കിടന്നു. ഈ ഘട്ടത്തിൽ പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുകയും സർവ്വകലാശാലകൾ എത്രയും വേഗം എൻഇപി നടപ്പിലാക്കാൻ നിർബ്ബന്ധിച്ചുകൊണ്ട് ഉത്തരവിറക്കുകയും ചെയ്തു. കോവിഡിന് ശേഷം രാജ്യത്തെ ഹൈദരാബാദ് യൂണിവേഴ്സിറ്റിയൊഴികെ മറ്റു പ്രധാന സർവ്വകലാശാലകളിലൊന്നും വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പുകൾ നടക്കുകയോ വിദ്യാര്തഥി ശബ്ധങ്ങൾക്ക് പ്രാധാന്യം കല്പിക്കുകയോ ചെയ്യാത്ത അവസ്ഥാ വിശേഷം ഉണ്ടായി.

സാമൂഹികമായി അരികുവൽക്കരിക്കപ്പെട്ട ചുറ്റുപാടിൽ നിന്നുള്ള വിദ്യാർത്ഥികൾക്കുവേണ്ടി രൂപകൽപന ചെയ്ത നിരവധി ഫെല്ലോഷിപ്പുകൾ കേന്ദ്രം നിർത്തലാക്കി. മൗലാന ആസാദ് ഫെലോഷിപ്പ് റദ്ദാക്കിയത് വലിയ ജനരോഷത്തിനിടയാക്കിയെങ്കിലും കേന്ദ്രം കുലുങ്ങിയില്ല. കേന്ദ്ര സർവകലാശാലകളുടെ ഗവേഷണ സീറ്റുകൾ വെട്ടിക്കുറച്ചും സംവരണ സീറ്റുകൾ പൂർണ്ണമായി നിറയ്ക്കാതെയും സർവകലാശാലകൾക്ക് ആവശ്യത്തിന് ഫണ്ട് നൽകാതെയും പൊതുവിദ്യാഭ്യാസത്തോട് കേന്ദ്രം വിനാശകരമായ സമീപനമാണ് സ്വീകരിക്കുന്നത്.

ബി ജെ പി ഗവണ്മെന്റ് അധികാരത്തിൽ വന്നതിൽപിന്നെ പൊതു വിദ്യാഭ്യാസത്തിനായുള്ള ഗവണ്മെന്റ് വിഹിതം നിരന്തരമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2014–-15ൽ 0.63 % ആയിരുന്ന ജിഡിപി തുടർ വർഷങ്ങളിൽ ഗണ്യമായി കുറഞ്ഞ് 2021 -– 22 ൽ വെറും 0.34 % ആയി മാറി. സർവ്വകലാശാലകൾക്ക് കേന്ദ്രത്തിന്റെ ഏറ്റവും കൂടുതൽ സഹായം ആവശ്യമായിരുന്ന ഘട്ടത്തിലാണ് ഏറ്റവും കുറവ് ജി ഡി പി എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഈ വെട്ടിക്കുറയ്ക്കൽ സർവകലാശാലകളുടെ അക്കാഡമിക മികവിനെ വളരെയധികം ബാധിക്കുകയും ചെയ്തതായി കാണാം. നിലവിൽ 78.6 % കോളേജുകൾ സ്വകാര്യ ഉടമസ്ഥതയിലാണ്.

നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന കണക്കു പ്രകാരം 2019 മുതൽ 2021 വരെയുള്ള കാലയളവിൽ 3500ലേ വിദ്യാർത്ഥികളാണ് ഇന്ത്യയിൽ ആത്‍മഹത്യ ചെയ്തിരിക്കുന്നത്. വിവേചനത്തെയും സ്വകാര്യവത്കരണത്തെയും കച്ചവട താല്പര്യങ്ങളെയും വ്യവസ്ഥാപിതവൽക്കരിക്കുന്ന ദേശീയ വിദ്യാഭ്യാസ നയം 2020 പൂർണ്ണമായ രൂപത്തിൽ നടപ്പിൽ വന്നാൽ രാജ്യത്തെ സാമ്പത്തികവും സാമൂഹികവുമായ വിവേചനം അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം അപ്രാപ്യമാവും. സ്വകാര്യ സർവ്വകലാശാലകൾ ആകർഷണീയമായ ഫെല്ലോഷിപ്പ് പാക്കേജുകളും കോർപറേറ്റ് തൊഴിൽസാധ്യതകളും കാണിച്ച് വരേണ്യ വിഭാഗത്തെ അവരിലേക്കെത്തിക്കുമ്പോൾ നിലവാരമുള്ളതും സാമ്പത്തികമായി താങ്ങാനാവുന്നതുമായ വിദ്യാഭ്യാസം ഇന്ത്യയിൽ വ്യവസ്ഥാപരമായ നശീകരണത്തിനു വിധേയമാവുകയാണ്. സമീപ ഭാവിയിൽ തന്നെ വിദ്യാഭ്യാസം പണവും അധികാരവുമുള്ള വർഗ്ഗത്തിനു മാത്രം പ്രാപ്യമായ ഒന്നായി മാറും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

thirteen − one =

Most Popular