Monday, November 25, 2024

ad

Homeകവര്‍സ്റ്റോറിപ്രതിഭാശാലികൾക്കു പകരം സംഘികളെ കുടിയിരുത്താമോ?

പ്രതിഭാശാലികൾക്കു പകരം സംഘികളെ കുടിയിരുത്താമോ?

ജി വിജയകുമാർ

ജെ എസ് അടൂർ എന്ന ജോൺ സാമുവൽ കെപിസിസിയുടെ പബ്ലിക് പോളിസി ഗ്രൂപ്പിന്റെ ചെയർമാൻ പദം അലങ്കരിക്കുന്ന വിദ്വാനാണ്. ആള് ചില്ലറക്കാരനൊന്നുമല്ല. അങ്ങ് ന്യൂയോർക്കിലുള്ള ഐക്യരാഷ്ട്ര സഭയുടെ ഓഫീസിൽ വരെ പണിയെടുത്തിട്ടുള്ളയാളാണ്. പബ്ലിക് പോളിസി എക്സ്പെർട്ടും മനുഷ്യാവകാശ പ്രവർത്തകനുമൊക്കെയാണത്രെ! പോരെങ്കിൽ മഹാപണ്ഡിതനും! (അത് ഏത് മേഖലയിലാണാവോ?) വിദ്യാഭ്യാസ രംഗവുമായും ആധുനിക കേരള സമൂഹവുമായും രാഷ്ട്രീയവുമായും ബന്ധപ്പെട്ട് അയാളുടെ അറിവ് പരിമിതമെന്നല്ല, ശുദ്ധശൂന്യം എന്ന് തറപ്പിച്ചു പറയാൻ മുഖപുസ്തകത്തിലെ അയാളുടെ വാക്കുകൾ മാത്രം നോക്കിയാൽ മതി.

കഴിഞ്ഞ അഞ്ചാറു ദിവസമായി ജോൺ സാമുവൽ അത്യാഹ്ലാദത്തിലാണ്. എന്തെന്നല്ലേ? കണ്ണൂർ സർവകലാശാലയുടെ വെെസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന് സുപ്രീംകോടതി വിധിയെ തുടർന്ന് തൽസ്ഥാനം ഒഴിയേണ്ടതായി വന്നതിലാണ് അടൂരാന്റെ ആഹ്ലാദം. ഡിസംബർ ഒന്നിലെ ജെ എസ് അടൂരിന്റെ പോസ്റ്റ് തുടങ്ങുന്നതിങ്ങനെ: ‘‘കണ്ണൂർ വി സി താഴെപ്പോയത് ലക്ഷണമാണ്. പ്രശ്നം കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസം എത്തിയിരിക്കുന്ന പാർട്ടിവൽക്കരണത്തിന്റെ പടുകുഴിയാണ്’’. ഇതേ മാതിരി വഴിനീളെ ഒഴുകുന്ന കാളമൂത്രം ശെെലിയിലാണ് പ്രയോഗമാകെ. പറയുന്ന ഏതെങ്കിലും ഒരു കാര്യത്തിൽ ചൂണ്ടിക്കാണിക്കാൻ അയാൾക്ക് സത്യത്തിന്റെയോ വസ്തുതയുടെയോ പിൻബലമില്ലെന്നതോ പോകട്ടെ, മര്യാദയ്ക്ക് മനുഷ്യനു മനസ്സിലാകുന്ന ഭാഷയിൽ രണ്ട് വാക്യം എഴുതാൻപോലും കെപിസിസിയുടെ പൊതുനയ വക്താവായ ഈ ‘‘മഹാപണ്ഡിതന്’’ കഴിയില്ല എന്നു തെളിയിക്കുന്നതാണ് ഈ പോസ്റ്റ്. എഫ്ബി ഭാഷയാണെന്നു പോലും പറയാനാവാത്ത വിലക്ഷണമായ സാധനം.

സംഘികൾക്കും ക്രിസംഘികൾക്കുമൊന്നും വസ്തുത വേണ്ടല്ലോ, എന്തു പറയാനും! കെപിസിസിയിൽ കുടിയേറിയിട്ടുള്ള നല്ലൊന്നാന്തരം ക്രിസംഘിയാണ് ജോൺ സാമുവൽ എന്ന് തെളിയിക്കുന്നതാണ് അയാളുടെ സോഷ്യൽ മീഡിയ കമന്റുകൾ. കണ്ണൂർ വിസി ‘‘താഴെ പോയ’’ തിൽ ആഹ്ലാദം കൊണ്ട് ഇരിക്കപ്പൊറുതി നഷ്ടപ്പെട്ട ജോൺ സാമുവൽ പക്ഷേ, ഡോ. ഗോപിനാഥ് രവീന്ദ്രന് തൽസ്ഥാനത്തിരിക്കാൻ എന്ത് അയോഗ്യതയാണ് ഉള്ളത് എന്ന് പറയുന്നതേയില്ല. ഡോ. ഗോപിനാഥിന് എന്തെങ്കിലും അയോഗ്യതയുള്ളതായി സുപ്രീംകോടതി കണ്ടെത്തിയോ? ഇല്ലല്ലോ. മാത്രമല്ല അദ്ദേഹത്തിന് പുനർനിയമനം നൽകിയതിനെ ശരിവെച്ചു സുപ്രീംകോടതി അതിന് സെർച്ച് കമ്മിറ്റി രൂപീകരിക്കേണ്ടതില്ല എന്നു കൂടി പറയുമ്പോൾ ഗവർണർ എന്ന സർവകലാശാല ചാൻസലറും ജെ എസ് അടൂരിനെയും യുഡിഎഫ് ബിജെപി നേതാക്കളെയും പോലുള്ളവരുമാണ് നിരായുധരാകുന്നത്. കണ്ണൂർ വിസിക്കെതിരായ അവരുടെ വിമർശനമാണ്, അർത്ഥശൂന്യമാകുന്നത്.

ജെഎൻയുവിൽ നിന്നുള്ള എംഫിൽ, പിഎച്ച്ഡി ബിരുദങ്ങളും ജാമിയ മിലിയ സർവകലാശാലയിൽ മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തെ അധ്യാപന പരിചയവും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് ആന്റ് പൊളിറ്റിക്കൽ സയൻസിൽ അക്കാദമിക് വിസിറ്ററും അവിടെ നിന്നുള്ള പോസ്റ്റ് ഡോക്ടറൽ ഗവേഷണ ബിരുദവും ലഭിച്ചിട്ടുള്ള ജാമിയ മിലിയയിലെ വകുപ്പ് അധ്യക്ഷൻ, യുജിസി കോ–ഓർഡിനേറ്റർ, ഐസിഎച്ച്ആറിൽ മെമ്പർ സെക്രട്ടറി എന്നീ നിലകളിലുള്ള ഭരണപരിചയവും ഇരുപതിലേറെ ഗവേഷണ പ്രബന്ധങ്ങളുടെ ഉടമയും അതിലേറെ, ലോകത്തിലെ ഒന്നാം നിരയിലുള്ള വിവിധ സർവകലാശാലകളിൽ നടത്തിയ പ്രഭാഷണങ്ങളുടെ പാരമ്പര്യവുമുള്ള ഡോ. ഗോപിനാഥ് രവീന്ദ്രന് ജോൺ സാമുവൽ കാണുന്ന അയോഗ്യത എന്താണാവോ? വിദ്യാഭ്യാസ – ചരിത്ര വിഷയങ്ങളിലെ പുരോഗമന കാഴ്ചപ്പാടും ഐസിഎച്ച്ആർ മെമ്പർ സെക്രട്ടറി ആയിരിക്കെ സംഘപരിവാറിന്റെ താളത്തിനു തുള്ളാൻ തയ്യാറാകാത്തതും ജോൺ സാമുവൽമാർക്ക് അയോഗ്യതയാകും. ഡോ. ഗോപിനാഥിനെ പോലെയുള്ള ഒരു പ്രതിഭാശാലിയുടെ സേവനം ഒരു തവണകൂടി കണ്ണൂർ സർവകലാശാലയ്ക്ക് ലഭിക്കണമെന്നത് നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗം മികച്ചതാകണമെന്ന് കരുതുന്ന ആരുടെയും താൽപര്യം മാത്രമാണ്. മുഖ്യമന്ത്രിയോ ഉന്നത വിദ്യാഭ്യാസ മന്ത്രിയോ ഇദ്ദേഹത്തിനായി വാദിച്ചിട്ടുണ്ടെങ്കിൽ അത് കേരളത്തിന്റെ താൽപര്യം കണക്കിലെടുത്ത് മാത്രമാണ്.

ഡോ. പ്രിയ വർഗീസിനെ സർവകലാശാലയിൽ പ്രൊഫസറായി നിയമിച്ചതാണല്ലോ അദ്ദേഹത്തിനെതിരായി ഉയർത്തിക്കൊണ്ടുവന്ന വലിയൊരാരോപണം. ഒടുവിൽ ഈ ആരോപണത്തെ സുപ്രീംകോടതി തന്നെ ചവറ്റുകുട്ടയിൽ എറിയുകയായിരുന്നല്ലോ. എന്നാൽ ഇത്തരം വില കുറഞ്ഞ ആരോപണങ്ങളുയർത്തി അന്തരീക്ഷ മലിനീകരണം നടത്തുന്ന, യുഡിഎഫുകാരുടെ ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതിയെ നയിക്കുന്ന ഒരു പ്രമാണി അയോഗ്യനാക്കപ്പെട്ട് പുറത്തുപോകേണ്ടിവന്ന യുഡിഎഫ് കാലത്തെ ഒരു വിസിയാണല്ലോ. അക്കൂട്ടത്തിൽ ഒരാൾപോലും ഉന്നത വിദ്യാഭ്യാസ രംഗത്തെക്കുറിച്ചു മാത്രമല്ല, പൊതുവിദ്യാഭ്യാസത്തെക്കുറിച്ചുപോലും ആധികാരികമായി എന്തെങ്കിലും പറയാൻ യോഗ്യതയുള്ളവരല്ല എന്നതും സത്യമല്ലേ.

ഡോ. എം കെ ജയരാജ്

ജെ എസ് അടൂർ യുഡിഎഫ് കാലത്തെയും എൽഡിഎഫ് കാലത്തെയും സമീകരിക്കാൻ ശ്രമിക്കുമ്പോൾ യുഡിഎഫ് കാലത്ത് ഇതേ കണ്ണൂർ സർവകലാശാലയിൽ വിസിയായി സേവനമനുഷ്ഠിച്ചത് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായിരുന്ന, സ്വകാര്യ കോളേജിൽ ബിരുദതലത്തിലെ അധ്യാപന പരിചയത്തിനപ്പുറം കാര്യമായ യോഗ്യതയൊന്നുമില്ലാത്ത ഖാദർ മാങ്ങാടായിരുന്നുവെന്ന് ഓർമിക്കുന്നതേയില്ല. അപ്പോൾ ജെ എസ് അടൂരിനെയും മറ്റും പോലെയുള്ളവരുടെ പ്രശ്നം ഉന്നത വിദ്യാഭ്യാസരംഗത്തെ മികവുറ്റതാക്കലല്ല, മറിച്ച് കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ അറുപിന്തിരിപ്പൻ കോമാളികളുടെ കൂത്തരങ്ങാക്കലാണെന്നു പറഞ്ഞാൽ ആർക്കും നിഷേധിക്കാനാവില്ല. അങ്ങനെയാകുമ്പോഴാണല്ലോ ജോൺ സാമുവൽമാരെപോലെ ഐക്യരാഷ്ട്ര സഭയുടെ തിണ്ണ നിരങ്ങി പരിചയമുള്ളവർക്കുപോലും സർവകലാശാലകളിൽ കയറി നിരങ്ങാനാകൂ. ഇന്ത്യയിലാകെയുള്ള സർവകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വെെസ് ചാൻസലർമാരായി സംഘപരിവാറിന്റെ നാഗ്പ്പൂർ ആസ്ഥാനത്തുനിന്നുള്ള ചിറ്റിന്റെ ബലത്തിൽ കുടിയിരുത്തി, കാവിവൽക്കരിക്കുന്നതാണ് സംഘികൾക്കും ക്രിസംഘികൾക്കും പഥ്യം.

‘‘ബാഹ്യ ഇടപെടൽ’’ കൂടാതെ ചാൻസലറായ ഗവർണർ നടത്തിയ ഒരു വിസി നിയമനമുണ്ടല്ലോ, അതിലെ ഗുണഗണങ്ങളും വിദ്യാഭ്യാസ പരിഗണനകളുമെന്തെന്ന് കൂടി നോക്കാം. മെഡിക്കൽ കോളേജിലെ അധ്യാപന – ചികിത്സാ പരിചയത്തിനപ്പുറം കാര്യമായ യോഗ്യതയൊന്നുമില്ലാത്തയാളെ ആരോഗ്യ സർവകലാശാലയുടെ വിസിയായി നിയമിച്ചത് സംസ്ഥാന സർക്കാരിന്റെ അഭിപ്രായത്തെ അവഗണിച്ചായിരുന്നല്ലോ. ഡോ. മോഹൻ കുന്നുമ്മലിനെ എന്ത് സവിശേഷ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ചാൻസലർ ആയ ആരിഫ് ഖാൻ ആരോഗ്യ സർവകലാശാലയുടെ വിസിയായി നിയമിച്ചത്? ഇപ്പോൾ അയാളെത്തന്നെ കേരള സർവകലാശാലയുടെ വിസിയുടെ അധിക ചുമതല കൂടി ഏൽപിച്ചത്? ഒരു സവിശേഷ യോഗ്യത ഉണ്ടെന്ന് പറയാതെ വയ്യ. ചെറുപ്പകാലത്ത് ആർഎസ്എസിന്റെ ശാഖയിൽ പോയിട്ടുണ്ടെന്നുള്ളതും ബിജെപി ആസ്ഥാനത്തുനിന്നുള്ള ശുപാർശയുമാണ് സംഘപരിവാറിന്റെ ചെല്ലപ്പിള്ളയായ ആരിഫ് ഖാനും ഒത്താശക്കാരുമെല്ലാം അയാളിൽ കാണുന്ന സവിശേഷ യോഗ്യത.

യുഡിഎഫ് ഭരണകാലത്ത് കാലിക്കറ്റ് സർവകലാശാലയിൽ വിസിയായി. മുസ്ലിംലീഗ് സ്ഥാനാർഥിയായി പഞ്ചായത്ത് പ്രസിഡന്റായ, സ്വകാര്യ സ്കൂൾ അധ്യാപകനെ നിയമിച്ചതും എതിർപ്പിനെ തുടർന്ന് പിൻവലിച്ചതും മറക്കാനാവില്ലല്ലോ മലയാളികൾക്ക്? എന്നിട്ട് പകരം നിയമിച്ചതാകട്ടെ കാർഷിക സർവകലാശാലയിലെ ഒരു സാധാരണ അധ്യാപകനെയും. ഇതുമായിട്ടാണോ ഇപ്പോൾ ഇതേ കാലിക്കറ്റ് സർവകലാശാലയിൽ വിസിയായിരിക്കുന്ന പ്രൊ-ഫ. ഡോ. എം കെ ജയരാജിനെ തുല്യതപ്പെടുത്താൻ നോക്കുന്നത്? കൊച്ചിൻ സർവകലാശാലയിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റ് തലവനും എൻവയോൺമെന്റ് സ്റ്റഡീസിലെ ഡീനും സർവകലാശാല സിൻഡിക്കേറ്റംഗവും നിരവധി ശാസ്ത്ര ഗവേഷണ പ്രബന്ധങ്ങളുടെ ഉടമയുമെല്ലാമായ പ്രതിഭാശാലിയായ ഡോ. ജയരാജിനെപോലെയുള്ളവരെയാണ് എൽഡിഎഫ് വിസിയായി നിയമിച്ചത്. എൽഡിഎ-ഫ് കാലത്ത് എപ്പോഴെങ്കിലും കൊടിപിടിച്ച പാരമ്പര്യവും തഴമ്പും നോക്കി അനർഹരെ വിസിമാരായി നിയമിച്ചതിന്റെ ഉദാഹരണമെന്തെങ്കിലും ചൂണ്ടിക്കാണിക്കാനുണ്ടോ, മി. ജോൺ സാമുവൽ?

ശ്രീ ശങ്കര സംസ്കൃത സർവകലാശാലയിലെ ഇപ്പോഴത്തെ വെെസ് ചാൻസലർ പ്രൊഫ. എം വി നാരായണൻ കേരള സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ നിന്ന് രണ്ടാം റാങ്കോടെ ബിരുദാനന്തര ബിരുദവും ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റി ഓഫ് എക്സെറ്ററിൽനിന്ന് ഗവേഷണ ബിരുദവും നേടിയ ആളാണദ്ദേഹം. ജപ്പാനിലെ മിയാസാക്കി ഇന്റർനാഷണൽ കോളേജിൽ 8 വർഷവും യുഎഇയിലെ യൂണിവേഴ്സിറ്റി ഓഫ് ഷാർജയിൽ ഒരു വർഷത്തിലേറെയും കാലിക്കറ്റ് സർവകലാശാലയിൽ ഇരുപത് വർഷത്തിലേറെയും അധ്യാപന പരിചയവും ഹെെദ്രാബാദ് കേന്ദ്ര സർവകലാശാലയിൽ വിസിറ്റിങ് പ്രൊഫസർ, കാലിക്കറ്റ് സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ മേധാവി എന്നിങ്ങനെ വിവിധ തലങ്ങളിലെ ഭരണപരിചയവുമുള്ള പ്രൊ-ഫ. എം വി നാരായണന് നിയമന ഉത്തരവ് നൽകുന്നത് ഒഴിവാക്കാൻ ചാൻസലറായ ആരിഫ്ഖാൻ നീക്കം നടത്തിയത് സംഘപരിവാർ ഓഫീസിൽനിന്ന് ലഭിച്ച ചിറ്റു പ്രകാരമുള്ള ഏതോ ഒരു സംഘിക്ക് നിയമനം നൽകാനായിരുന്നല്ലോ. അന്താരാഷ്ട്ര പ്രശസ്തനായ ചരിത്രപണ്ഡിതൻ ഡോ. കെ എൻ പണിക്കരെ സംസ്കൃത സർവകലാശാലയുടെ വിസിയാക്കിയപ്പോഴും സംഘികൾക്കൊപ്പം ചേർന്ന് യുഡിഎഫുകാർ പ്രതിഷേധം സംഘടിപ്പിച്ചതാണല്ലോ.

മഹാത്മാഗാന്ധി സർവകലാശാലയിൽനിന്ന് വിരമിച്ച വെെസ് ചാൻസലർ പ്രൊ-. ഡോ. സാബു തോമസ് അന്താരാഷ്ട്ര പ്രശസ്തനായ ശാസ്ത്രജ്ഞനാണ്. ഖരഗ്പ്പൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്നും ഗവേഷണ ബിരുദവും കാനഡയിലെ ക്യൂബെക് സർവകലാശാലയിലും ബെൽജിയം സർവകലാശാലയിലുമെല്ലാം പോസ്റ്റ് ഡോക്ടറൽ ഫെലോയുമായ അദ്ദേഹം നിരവധി അന്താരാഷ്ട്ര പ്രശസ്ത സർവകലാശാലകളിൽ വിസിറ്റിങ് പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാനോടെക്നോളജിയിൽ ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. വർഷങ്ങളുടെ ഭരണപരിചയവുമുള്ള അദ്ദേഹത്തിന്റെ സ്ഥാനത്ത് ഏതോ ഒരു സംഘപരിവാറുകാരനെ പ്രതിഷ്ഠിക്കാനാണ് ഗവർണർ ഒരുങ്ങിയിരിക്കുന്നത്. ഡോ. യു ആർ അനന്തമൂർത്തിയെപോലെ അന്താരാഷ്ട്ര പ്രശസ്തനായ ഒരു വിദ്യാഭ്യാസ വിദഗ്ദ്ധനും മഹാസാഹിത്യകാരനും ഇതേ സർവകലാശാലയിലെ വെെസ് ചാൻസലറായിരുന്നു മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് എന്നും ഓർക്കണം. യുഡിഎഫ് കാലത്ത് ഈ സർവകലാശാലയിൽ വിസിയായി നിയമിക്കപ്പെട്ട ഒരാൾ. അയോഗ്യനാക്കപ്പെട്ട് പുറത്തുപോയതും ഓർക്കേണ്ടതാണ്. വിദേശത്തുനിന്ന് വ്യാജ വിരുദം നേടിയ ജെ വി വിളനിലത്തെ വിസിയാക്കി നിയമിച്ചതും യുഡിഎഫിന്റെ കാലത്താണല്ലോ.

കേരള സർവകലാശാലയുടെ വെെസ് ചാൻസലർ സ്ഥാനത്തുനിന്ന് അധികാരമൊഴിഞ്ഞ ഡോ. വി പി മഹാദേവൻ പിള്ളയാകട്ടെ കേരള സർവകലാശാലയിൽനിന്നു തന്നെ ഉന്നത നിലയിൽ ഫിസിക്സിൽ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും എംഫിലും നേടി അധ്യാപകനായും വകുപ്പധ്യക്ഷനായുമെല്ലാം മുപ്പതുവർഷത്തിലേറെ കാലം സേവനമനുഷ്ഠിക്കുകയും 26 വർഷത്തെ ഗവേഷണ പരിചയവുമുള്ള, വിവിധ അക്കാദമിക രംഗങ്ങളിൽ വർഷങ്ങളുടെ ഭരണപരിചയവുമുള്ളയാളാണ്. അദ്ദേഹത്തിന്റെ സ്ഥാനത്താണ് സാധാരണയൊരു മെഡിക്കൽ ഡോക്ടറെ ഗവർണർ താൽകാലികമായി നിയമിച്ചത്. മറ്റൊരു സംഘപരിവാറുകാരനെ കണ്ടെത്താനുള്ള തത്രപ്പാടിലാണ് ഖാൻ ഇപ്പോൾ.

സർവകലാശാല ഭരണസമിതികളിലേക്കും വിദ്യാഭ്യാസ മേഖലയിലോ സമൂഹത്തിലോ അംഗീകാരമൊന്നുമില്ലാത്ത സംഘപരിവാറുകാരെ തന്നെയാണ് ഗവർണർ തന്നിഷ്ടം പോലെ നിയമിച്ചിരിക്കുന്നത്. കാലിക്കറ്റ് – കേരള സർവകലാശാലകളിലെ സെനറ്റിൽ ഗവർണർ നടത്തിയ നിയമനത്തിൽ അധ്യാപക പരിഷത്തുകാരെയും എബിവിപിക്കാരെയും (കാലിക്കറ്റിൽ ചില യുഡിഎഫുകാരെയും) ഗവർണർ കുത്തിനിറച്ചത് ആരിൽനിന്ന് ലഭിച്ച ലിസ്റ്റു പ്രകാരമാണെന്ന് അറിയാനുള്ള അവകാശം നമുക്കുണ്ട്. ജനാധിപത്യപരമായി മഹാഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിന്റെ നിർദ്ദേശങ്ങൾ കാറ്റിൽപറത്തി നിയമസഭാ പ്രാതിനിധ്യം പോലുമില്ലാത്ത ഒരു ചെറുന്യൂനപക്ഷത്തിന്റെ മാത്രം പിന്തുണയുള്ള ബിജെപിയുടെ ഓഫീസിൽനിന്നും കൊടുക്കുന്ന ലിസ്റ്റുപ്രകാരം ഗവർണർ നടത്തുന്ന നിയമനങ്ങൾക്ക് ഹല്ലേലുയ്യ പറയാൻ ജനാധിപത്യബോധമുള്ള ഒരാൾക്കും കഴിയില്ലല്ലോ. എന്നാൽ അതാണ് നമ്മുടെ മാധ്യമങ്ങളും ജെ എസ് അടൂരിനെ പോലെയുള്ള വലതുപക്ഷ ‘ചിന്തകരും’ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

8 + nine =

Most Popular