Saturday, September 21, 2024

ad

Homeകവര്‍സ്റ്റോറിഗവർണർ ഉടക്കുപരിപാടികൾ നിർത്തണം

ഗവർണർ ഉടക്കുപരിപാടികൾ നിർത്തണം

കെ ജെ ജേക്കബ്

സംസ്‌ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകൾ ഒപ്പിട്ടു നിയമമാക്കുകയെന്നത് സംസ്‌ഥാന ഗവർണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. ഇത് സംബന്ധിച്ച് ഭരണഘടനയുടെ അനുച്ഛേദം 200 പ്രകാരം ഗവർണർമാർക്ക് മുന്നിൽ ഒരു കാര്യം ചെയ്യാം: ഒന്ന്, ബില്ലുകൾക്ക് അനുമതി നൽകാം, രണ്ട്, അനുമതി തടഞ്ഞുവയ്ക്കാം, മൂന്ന്; ചില പ്രത്യേക വിഷയങ്ങളിൽ പ്രസിഡന്റിന്റെ പരിഗണനയ്ക്കയക്കാം.

അനുമതി തടഞ്ഞുവച്ചാൽ പക്ഷേ അതിനുള്ള കാരണം സഹിതം എത്രയും പെട്ടെന്ന് ബിൽ നിയമസഭയ്ക്ക് തിരിച്ചയക്കണം.

അതിനപ്പുറത്തേക്കു ബില്ലുകളുടെമേൽ ഒരു തരത്തിലുള്ള വിധിനിർണയത്തിനുമുള്ള അധികാരം ഗവർണ്ണർക്കില്ല എന്നത് ഭരണഘടനയുടെ ഏറ്റവും ലളിതമായ വായനകൊണ്ടുപോലും ആർക്കും ബോധ്യമാവുന്നതാണ്. കാരണം നിയമം പാസാക്കുന്നതിനുള്ള ഉത്തരവാദിത്തവും അവകാശവും നിയമസഭയ്ക്കാണ്; അതിനു നിയതമായ ചട്ടക്കൂടും വിശദമായ പ്രക്രിയയും ആവശ്യമാണ്. അങ്ങനെ പാസാക്കപ്പെടുന്ന നിയമങ്ങൾ ഭരണഘടനാപരമായി ശരിയാണോ, നിലനിൽക്കുന്നതാണോ, ഭരണഘടനയിലെ ഏതെങ്കിലും വകുപ്പുകൾക്ക് വിപരീതമാണോ എന്നൊക്കെ പരിശോധിക്കേണ്ടത് ഹൈക്കോടതിയും സുപ്രീം കോടതിയുമാണ്; അവ നാടിനു ഗുണകരമാകുമോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളും.

സംസ്‌ഥാന സർക്കാരുമായി യാതൊരു കൂടിയാലോചനയും നടത്താതെ കേന്ദ്ര സർക്കാർ നിയമിക്കുന്ന ഗവർണ്ണർക്ക് ജനങ്ങൾ തിരഞ്ഞെടുത്ത നിയമസഭയുടെ തീരുമാനത്തിനുമേൽ തീർപ്പുകൽപ്പിക്കാനാവില്ല; പരമാവധി പോയാൽ ഒന്നുകൂടി പരിശോധിക്കൂ എന്ന് പറയുകയല്ലാതെ.

ഇവിടെ ഗവർണർ എന്ന സ്‌ഥാനത്തെപ്പറ്റി ഒരു കാര്യം പറയേണ്ടതുണ്ട്.

ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരിക്കെ 1935-ൽ ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ടിൽ ഗവർണർമാരെപ്പറ്റി പരാമർശിക്കുമ്പോഴും നമ്മുടെ ഭരണഘടന പരാമർശിക്കുമ്പോഴും പ്രയോഗിക്കുന്ന വാക്കുകൾ തമ്മിൽ ചില സാമ്യങ്ങളുണ്ട്. രണ്ടിലും ഒരു സംസ്‌ഥാനത്തിന്റെ ഭരണപരമായ അധികാരം ഗവർണ്ണർക്കായിരിക്കും എന്ന് പറയുന്നുണ്ട്. (GoI Act, 1935: The executive authority of a Province shall be exercised on behalf of His Majesty by the Governor, either directly or through officers subordinate to him.

നമ്മുടെ ഭരണഘടന: The executive power of the State shall be vested in the Governor and shall be exercised by him either directly or through officers subordinate to him in accordance with the Constitution of India).

ചില വാക്കുകൾക്കു സാമ്യമുണ്ടെങ്കിലും അർത്ഥത്തിൽ ബ്രിട്ടീഷ് ഇന്ത്യയും സ്വതന്ത്ര ഇന്ത്യയും തമ്മിലുള്ള വ്യത്യാസമുണ്ട്; പ്രജയും പൗരനും തമ്മിലുള്ള വ്യത്യാസം പോലെ.

തങ്ങൾ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിൽ പറഞ്ഞിരിക്കുന്ന ഗവർണ്ണർമാരാണ് എന്ന് വിചാരിക്കുന്ന, രാജ്യം സ്വതന്ത്രമായതറിയാത്ത ചില ഗവർണർമാരുണ്ട്; തിരഞ്ഞെടുക്കപ്പെട്ട നിയമസഭയ്ക്കും മന്ത്രിസഭയ്ക്കും മേലാണ് തങ്ങളുടെ അധികാരം എന്നു വിചാരിക്കുന്ന ഭരണഘടനാവിരുദ്ധന്മാർ.

അവരാണ് തങ്ങൾക്കിഷ്ടമുള്ള ബില്ലുകൾ തങ്ങൾക്കിഷ്ടമുള്ളപ്പോൾ പാസാക്കിയാൽ മതിയെന്നു പറയുന്നത്. തമിഴ്‌നാട് ഗവർണറാവട്ടെ ഒരു പടികൂടി കടന്ന് തങ്ങൾ അനുമതി തടഞ്ഞാൽ അത് ബില്ലിന്റെ മരണമാണ് എന്ന് പരസ്യമായി പറയാൻ ഔദ്ധത്യം കാണിക്കുകയുണ്ടായി.

ഗവർണർമാർ കേന്ദ്ര സർക്കാരിന്റെ ചട്ടുകങ്ങളായി സംസ്‌ഥാന ഭരണകൂടങ്ങളെ ഉപദ്രവിക്കാനും അട്ടിമറിക്കാനും തുടങ്ങിയത് പ്രധാനമായും ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി ആയിരുന്ന സമയത്താണ്. സ്വന്തം പാർട്ടിയിലെത്തന്നെ സംസ്‌ഥാന നേതാക്കളെ ഒതുക്കാനും നിയന്ത്രണത്തിൽ നിർത്താനും അവർ ഗവർണ്ണർ പദവി ഉപയോഗിച്ചു. അതുകൊണ്ടുതന്നെ കേന്ദ്ര-സംസ്‌ഥാന ബന്ധങ്ങളെക്കുറിച്ച് പഠിക്കാൻ നിയുക്തമായ ജസ്റ്റിസ് രജീന്ദർ സിംഗ് സർക്കാരിയാ കമ്മീഷൻ സജീവ രാഷ്ട്രീയത്തിലുള്ളവരെ ഗവർണർമാരായി നിയമിക്കുന്നത് നിരുത്സാഹപ്പെടുത്തണം എന്നാവശ്യപ്പെട്ടിരുന്നു.

2014-ൽ അധികാരത്തിൽ വന്ന നരേന്ദ്ര മോദി സർക്കാർ ഗവർണ്ണർ പദവിയുടെ എല്ലാ മാന്യതയും ഇല്ലാതാക്കി എന്നുമാത്രമല്ല, അടിസ്‌ഥാന ജനാധിപത്യ സമ്പ്രദായത്തെത്തന്നെ അട്ടിമറിക്കാൻ ഗവർണർമാരെ ഉപയോഗിച്ചുതുടങ്ങി. സജീവ രാഷ്ട്രീയത്തിൽ നിൽക്കുന്ന ആളുകളെ, അല്ലെങ്കിൽ ഭരണഘടനയെയും നിയമങ്ങളെയും അട്ടിമറിക്കാൻ കേന്ദ്രത്തിന്റെ കൈക്കോടാലിയായി നിന്നുകൊടുക്കാൻ താല്പര്യമുള്ള വ്യക്തികളെ തെരഞ്ഞുപിടിച്ച് പ്രതിപക്ഷം ഭരിക്കുന്ന സംസ്‌ഥാനങ്ങളിൽ ഗവർണർമാരായി നിയമിച്ചുകൊണ്ട് സംസ്‌ഥാനങ്ങളെ ദുർബലപ്പെടുത്താനും സംസ്‌ഥാന സർക്കാരുകളുടെ പ്രവർത്തനങ്ങൾക്ക് ഇടങ്കോലിടാനും കേന്ദ്ര സർക്കാർ ശ്രമം തുടങ്ങി.

ഒരു ആലങ്കാരിക പദവി എന്നതിൽക്കവിഞ്ഞു ഗവർണ്ണർ സ്‌ഥാനത്തിനു യാതൊരു അധികാരവുമില്ലെന്നു കോടതികൾ പലവട്ടം വ്യക്തമാക്കിയിട്ടും ഉത്തരവുകളും ബില്ലുകളും പിടിച്ചുവയ്ക്കുന്നതു പതിവായപ്പോഴാണ് ചില സംസ്‌ഥാനങ്ങൾ സുപ്രീം കോടതിയെ സമീപിച്ചത്. ആദ്യം ഇത്തരത്തിലൊരു നീക്കം നടത്തിയത് തെലങ്കാന സർക്കാർ ആണ്. ബിജെപിയുടെ തമിഴ്‍നാട് സംസ്‌ഥാന അധ്യക്ഷയായിരുന്ന തമിഴ് സായ് സൗന്ദരരാജൻ ഗവർണർ എന്ന നിലയിൽ ബില്ലുകൾ പിടിച്ചുവയ്ക്കുന്നതു പതിവാക്കിയപ്പോൾ തെലങ്കാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു; ഉടനെതന്നെ മിക്കവാറും ബില്ലുകൾ ഒപ്പിട്ടു നിയമമാക്കി അവർ കോടതിയുടെ ശകാരത്തിൽനിന്നു രക്ഷപ്പെട്ടു. പിറകെയാണ് പഞ്ചാബ് സർക്കാർ ഇതേ കാരണംകൊണ്ട് പരമോന്നത കോടതിയിലെത്തിയത്. ‘ഗവർണർ ശല്യം’ മൂലം ഭരണം ദുഷ്കരമായപ്പോൾ തമിഴ്‌നാടും കേരളവും കോടതിയിലെത്തി.

“ഗവർണർക്കു ബില്ലിന് അനുമതി തടഞ്ഞുവയ്ക്കാം’എന്ന ഭരണഘടനാ വ്യവസ്‌ഥ ദുരുപയോഗപ്പെടുത്തിയാണ് ഗവർണർമാർ നിയമനിർമ്മാണ പ്രക്രിയയെ അട്ടിമറിച്ചത്. ഒപ്പിടാനോ, തിരിച്ചയയ്ക്കാനോ ഇത്രകാലം എന്ന കാര്യത്തിൽ ഭരണഘടന ഒരു നിയതമായ കാലപരിധി പറഞ്ഞിട്ടില്ല എന്നത് വസ്തുതയാണ്. എന്നാൽ അത് ദുരുപയോഗപ്പെടുത്തി ഭരണസ്തംഭനം ഉണ്ടാക്കാൻ ഗവർണർമാർ മുതിരില്ല എന്ന ധാരണയുടെ പുറത്തായിരിക്കണം ഭരണഘടനാ നിർമ്മാതാക്കൾ ഒരു സമയപരിധി നിശ്ചയിക്കാതിരുന്നത്.

ഗവർണർമാർ ബില്ലുകളിൽ തീരുമാനമെടുക്കാതിരിക്കുമ്പോൾ ഉണ്ടാകുന്ന ഒരു സുപ്രധാന വിഷയം അത് ജനങ്ങളുടെ അവകാശനിഷേധമാണ് എന്നതാണ്. ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ ഉറപ്പുവരുത്തുന്നതിനാണ് നിയമങ്ങൾ നിർമ്മിക്കപ്പെടുന്നത്. അനാവശ്യമായി അവയുടെ കാര്യത്തിൽ അകാലതാമസം വരുമ്പോൾ ആ സേവനം ജനങ്ങൾക്ക് നിഷേധിക്കപ്പെടുകയാണ്. അതിനു ഗവർണർമാർക്ക് എന്താണധികാരം എന്ന ചോദ്യം ഉയർത്തപ്പെടേണ്ടതുണ്ട്.
ഗവർണർമാർ ഒരു ബില്ലിലും ഒപ്പിടുന്നില്ല എന്നല്ല, ഒപ്പിടേണ്ട ബില്ലുകൾ ഏതാണ് എന്ന് അവർ തെരഞ്ഞെടുക്കുന്നു എന്നതാണ് യഥാർത്ഥ പ്രശ്നം. അങ്ങനെ ചെയ്യുമ്പോൾ അവർ നിയമസഭയുടെ തീരുമാനങ്ങളുടെമേൽ ഒരു തരം വീറ്റോ പ്രയോഗിക്കുന്നു. ഇത് ഭരണഘടനാ നിർമ്മാതാക്കളുടെ ഉദ്ദേശ്യമേ ആയിരുന്നില്ല. ആ അധികാര കൈയേറ്റം അനുവദിച്ചാൽ അത് പ്രാതിനിധ്യ ജനാധിപത്യം എന്ന ആശയത്തെത്തന്നെ അപകടത്തിലാക്കും. നമ്മുടെ ജനാധിപത്യ സമ്പ്രദായത്തിന്റെ നിലനില്പിനെത്തന്നെ ചോദ്യം ചെയ്യുന്ന വിഷയമാണ് ഇത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സുപ്രീം കോടതി തന്നെയാണ്.

പഞ്ചാബ് സർക്കാരിന്റെ കേസിലാണ് ഇപ്പോൾ വിധിയുണ്ടായിരിക്കുന്നത്.

പഞ്ചാബ് സർക്കാർ നൽകിയ ഹർജിയിൽ സുപ്രീം കോടതി നവംബർ പത്താം തിയതി പുറപ്പെടുവിച്ച ഉത്തരവ് ഇക്കാര്യത്തിലുള്ള എല്ലാ അവ്യക്തതകളും നീക്കി. “ബില്ലിന് അനുമതി നല്കുന്നില്ലെങ്കിൽ അത് എത്രയും വേഗം നിയമസഭയ്ക്ക് തിരിച്ചയയ്ക്കണം’, എന്ന് നിഷ്കർഷിച്ചു കോടതി അതിനുള്ള കാരണം കൂടി വ്യക്തമാക്കി: “ബില്ലിന് അനുമതി നല്കുന്നില്ലെങ്കിൽ അത് അത്രയും വേഗം നിയമസഭയ്ക്ക് തിരിച്ചയക്കാതിരിക്കുക എന്നാൽ തിരഞ്ഞെടുക്കപ്പെടാത്ത ഗവർണർ തിരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ നിയമനിർമ്മാണ അവകാശത്തിനുമേൽ വീറ്റോ പ്രയോഗിക്കുന്നതിനു തുല്യമായിരിക്കും’.

സംസ്‌ഥാന ഭരണത്തലവൻ എന്ന നിലയിൽ ചില അധികാരങ്ങൾ ഗവർണർക്കുണ്ട് എന്ന് അംഗീകരിച്ച കോടതി പക്ഷേ അത് നിയമനിർമ്മാണത്തിനുള്ള നിയമസഭയുടെ അവകാശത്തെ അട്ടിമറിക്കാൻ ഉപയോഗിക്കുന്നതിനെതിരെ അതിശക്തമായ താക്കീതും നൽകി. ഒപ്പം, തിരിച്ചയച്ച ബില്ലുകൾ വീണ്ടും നിയമസഭ പാസാക്കിയാൽ അവയ്ക്കു പണ ബില്ലുകളുടെ സ്വഭാവമായിരിക്കും എന്നും കോടതി വിധിച്ചു. അതായതു അവയ്ക്കു ഗവർണറുടെ അനുമതിയുടെ ആവശ്യമില്ല. (ഭരണഘടന അത് വേറൊരു രൂപത്തിൽ പറയുന്നുണ്ട്. അത്തരം ബില്ലുകൾക്കു ഗവർണ്ണർ അനുമതി തടയാൻ പാടില്ല എന്നാണ് ഭരണഘടനാ വ്യവസ്‌ഥ.)

അതിനു പിന്നാലെയാണ് തമിഴ്നാടിന്റേയും കേരളത്തിന്റെയും കേസുകൾ സുപ്രീം കോടതി കേട്ടത്. വർഷങ്ങളോളം ബില്ലുകൾക്കുമേൽ അടയിരുന്ന ഗവർണർമാരോട് നിങ്ങൾ എന്തെടുക്കുകയായിരുന്നു ഇത്രയും കാലം എന്ന് ശാസനാപൂർവ്വം സുപ്രീംകോടതി ചോദിച്ചു. ഒപ്പം പഞ്ചാബ് സർക്കാരിന്റെ കേസിൽ പുറപ്പെടുവിച്ച വിധി വായിച്ചിട്ടുവരാൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിർദ്ദേശവും നൽകി.

വാദം കേൾക്കാൻ കോടതി വീണ്ടും കേസെടുക്കുന്നതിനു തൊട്ടുതലേദിവസം ഏഴു ബില്ലുകൾ രാഷ്ട്രപതിയ്ക്കയച്ചുകൊണ്ടു കോടതിയുടെ കണ്ണിൽ പൊടിയിടാനുള്ള ആരിഫ് മുഹമ്മദ് ഖാന്റെ ശ്രമം മറ്റൊരു സുപ്രധാന വിഷയത്തിലേക്കു കോടതിയുടെ കണ്ണെത്താൻ സഹായകമായി. ബില്ലുകളിൽ ഗവർണർ തീരുമാനമെടുത്തല്ലോ എന്ന ചോദ്യത്തോടെ കേരളത്തിന്റെ ഹർജി തീർപ്പാക്കാൻ കോടതി ശ്രമിച്ചപ്പോഴാണ് സംസ്‌ഥാന സർക്കാരിന്റെ അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായ കെ കെ വേണുഗോപാൽ എണീറ്റുനിന്ന് അത്തരമൊരു തീരുമാനത്തിന്റെ അപകടത്തെക്കുറിച്ച് ചൂണ്ടിക്കാട്ടിയത്. കുറേക്കാലം ബില്ലുകൾക്കുമേൽ തീരുമാനമെടുക്കാതെയിരിക്കുക, പിന്നെ അവ ഒന്നാകെ പ്രസിഡന്റിനയയ്ക്കുക എന്നതൊന്നും ശരിയായ കാര്യമല്ല എന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇക്കാര്യത്തിൽ സുപ്രീം കോടതി ഒരു മാർഗരേഖ തയ്യാറാക്കണമെന്നും ആവശ്യപ്പെട്ടു. വേണുഗോപാലിന്റെ വാദം അഗീകരിച്ച കോടതി ആ ആവശ്യം ഉൾക്കൊള്ളത്തക്കവിധം കേരളത്തിന്റെ ഹർജി പുതുക്കി സമർപ്പിക്കാൻ അനുവദിച്ചു. കേന്ദ്ര സർക്കാർ അഭിഭാഷകനായ സോളിസിറ്റർ ജനറലിന്റെ ശക്തമായ എതിർപ്പിനെ മറികടന്നാണ് ഏതൊക്കെ ബില്ലുകൾ രാഷ്ട്രപതിക്കയയ്ക്കണം എന്ന കാര്യത്തിൽ സുപ്രീം കോടതി മാർഗ്ഗരേഖയുണ്ടാക്കണമെന്ന കേരളത്തിന്റെ പരിഷ്കരിച്ച ഹർജി കോടതി അനുവദിച്ചത്.

ഇതോടെ ഒരു കാര്യത്തിൽ തീരുമാനമായി: ബില്ലുകൾക്കുമേൽ അനന്തകാലം അടയിരിക്കാൻ ഗവർണ്ണർക്ക് അധികാരമില്ല. അനുമതി നൽകുക, അല്ലെങ്കിൽ എത്രയും വേഗം നിയമസഭയ്ക്ക് തിരിച്ചയയ്ക്കുക; അല്ലെങ്കിൽ രാഷ്ട്രപതിക്ക് അയയ്ക്കുക. ഇനി രാഷ്ട്രപതിയ്ക്കു ബില്ലുകൾ അയയ്ക്കുന്ന കാര്യത്തിൽ ഒരു മാർഗ്ഗരേഖകൂടി സുപ്രീം കോടതി പുറപ്പെടുവിച്ചാൽ കേന്ദ്ര സർക്കാർ ഏജന്റായിരുന്നുകൊണ്ടു സംസ്‌ഥാന സർക്കാരുകളുടെ പ്രവർത്തനങ്ങളിൽ ഭരണഘടനാവിരുദ്ധമായി ഇടപെടുന്ന ഗവർണർമാരുടെ പ്രവർത്തനങ്ങൾക്ക് അന്ത്യമാകും. അക്കാര്യത്തിൽ ഒരു പങ്കുവഹിക്കാൻ സാധിച്ചതിൽ കേരള സർക്കാരിന് അഭിമാനിക്കാം.

**********

സർവ്വകലാശാലകളെ സ്വതന്ത്ര സ്‌ഥാപനങ്ങളായാണ് നമ്മുടെ സമൂഹം വിഭാവനം ചെയ്തിരിക്കുന്നത്. സ്വതന്ത്രം എന്നാൽ അക്കാദമികമായ കാര്യങ്ങളിൽ സർക്കാരിന്റെ നിയന്ത്രണത്തിൽനിന്നു വിമുക്തമായിരിക്കുക; എന്നാൽ കർശനമായ സാമൂഹ്യ നിയന്ത്രണം ഉണ്ടായിരിക്കുക. പ്രവർത്തിക്കുന്ന സമൂഹത്തിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞു ജ്ഞാനോൽപ്പാദനം നടത്താൻ ആവശ്യമായ സൗകര്യങ്ങളും സ്വാതന്ത്ര്യങ്ങളും ലഭിക്കുമെന്നുറപ്പുവരുത്തിയാണ് സമൂഹം ഓരോ സർവ്വകലാശാലയെയും സൃഷ്ടിക്കുന്നത്.

സാമൂഹ്യനിയന്ത്രണവും സ്വതന്ത്ര സ്വഭാവവും ഒരേ പോലെ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇന്ത്യൻ സംസ്‌ഥാനങ്ങളിലെ സർവ്വകലാശാലകൾ അവയുടെ ചാൻസലർ സ്‌ഥാനത്തേക്ക്‌ സംസ്‌ഥാന ഗവർണ്ണറെ നിയോഗിച്ചു നിയമം നിർമ്മിച്ചിരിക്കുന്നത്. സംസ്‌ഥാന ഗവർണർമാർ ഉയർന്ന സാമൂഹ്യ-–രാഷ്ട്രീയ ബോധ്യങ്ങളുള്ള, നമ്മുടെ ജനാധിപത്യ സമ്പ്രദായത്തെക്കുറിച്ച് ആഴത്തിലുള്ള ധാരണയുള്ള മുതിർന്ന രാഷ്ട്രതന്ത്രജ്ഞരായിരിക്കും എന്നതായിരുന്നു സ്വാതന്ത്ര്യത്തിനുശേഷമുള്ള ആദ്യനാളുകളിലെ സങ്കല്പം. പലപ്പോഴും വിദ്യാഭ്യാസ വിചക്ഷണരും പണ്ഡിതരുമൊക്കെ ഗവർണർമാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് നമ്മുടെ സംസ്‌ഥാനങ്ങളിൽ.

എന്നാൽ ഇപ്പോൾ നമ്മുടെ സംസ്‌ഥാനത്തു സർവകലാശാലകളുടെ ചാൻസലറായി പ്രവർത്തിക്കുന്ന ഗവർണ്ണർ അദ്ദേഹത്തിന്റെ ഭരണഘടനാവിരുദ്ധമായ നടപടികൾകൊണ്ട് സർക്കാരിനെ ബുദ്ധിമുട്ടിക്കുന്നതുപോലെ സർവകലാശാലകളെയും ദുർഘടത്തിലാക്കുകയാണ്. അത്തരം നിരന്തരമായ നടപടികൾ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായതുകൊണ്ടാണ് ചാൻസലർ സ്‌ഥാനത്തുനിന്നും ഗവർണറെ മാറ്റുന്നതിനാവശ്യമായ നിയമഭേദഗതി നിയമസഭ പാസാക്കിയത്.

ഏകദേശം രണ്ടു വർഷത്തോളം ആ ബില്ലിന്റെ കാര്യത്തിൽ തീരുമാനമെടുക്കാതെയിരുന്നതിനുശേഷം അദ്ദേഹം ഇപ്പോൾ അത് രാഷ്ട്രപതിയ്ക്കയച്ചിരിക്കുകയാണ്. അതിന് അദ്ദേഹം പറയുന്ന കാര്യങ്ങൾ പരിശോധിക്കപ്പെടേണ്ടതുണ്ട്.

ആ ബിൽ പ്രകാരം ഒരാളെ ചാൻസലറായി നിയമിച്ചാൽ അതിന്റെ പേരിൽ സർക്കാർ ഖജനാവിൽനിന്ന് എന്തെങ്കിലും ചെലവ് വേണ്ടിവരും. അങ്ങിനെ ചെലവ് വേണ്ടിവരുന്ന വിഷയങ്ങളുടെ കാര്യത്തിലുള്ള ബില്ലുകൾ പണ ബില്ലുകളാണ്. പണ ബില്ലുകൾ ഗവർണറുടെ മുൻകൂട്ടിയുള്ള അനുമതിയോടുകൂടി വേണം നിയമസഭയിൽ അവതരിപ്പിക്കാൻ. സർക്കാർ അത്തരമൊരു നടപടി ക്രമം പാലിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ആ ബിൽ ക്രമവിരുദ്ധമാണ്.

അദ്ദേഹം ഉത്തരം നൽകേണ്ട കാര്യങ്ങൾ ഇവയാണ്.

ചാൻസലർ പദവി പ്രതിഫലം പറ്റാതെയുള്ളതായിരിക്കും എന്ന് വ്യവസ്‌ഥ ചെയ്തിട്ടുള്ള ആ ബില്ലിൽ സർക്കാർ ചെലവിനെപ്പറ്റിയുള്ള പരാമർശം എവിടെയാണ്?

ഒരു ബിൽ പണബില്ലാണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് നിയമസഭാ സ്‌പീക്കറാണ്; ഗവർണറല്ല. എന്തടിസ്‌ഥാനത്തിലാണ് ആ ബിൽ പണബില്ലാണ്‌ എന്ന് ആരിഫ് മൊഹമ്മദ് ഖാൻ തീരുമാനിച്ചത്?

ഇനി അത് പണബില്ലാണെകിൽ, അത് പാസാക്കിയത് നടപടിക്രമം തെറ്റിച്ചാണെങ്കിൽ അത് നിയമസഭയ്ക്ക് തിരിച്ചയ്ക്കുകയല്ലേ വേണ്ടത്? അത് രാഷ്ട്രപതിയ്ക്കു അയക്കുന്നതെന്തിന്?

**********

ജനാധിപത്യത്തിൽ പരമാധികാരി ജനങ്ങളാണ്. അവർ തിരഞ്ഞെടുക്കുന്ന പ്രതിനിധികളാണ് അവർക്കുവേണ്ടി ഭരണം നടത്തുന്നതും നിയമം നിർമ്മിക്കുന്നതും. ജനങ്ങളോട് ഉത്തരവാദിത്തമുള്ളവരും അവരോട് ഉത്തരം പറയേണ്ടതും ജനപ്രതിനിധികളും സർക്കാരുമാണ്.

അതുകൊണ്ടുതന്നെ ജനങ്ങൾ തിരഞ്ഞെടുത്ത ജനങ്ങളുടെ സർക്കാരിന്റെ ഭരണം നടത്താനുള്ള അവകാശത്തെയും നിയമനിർമ്മാണം നടത്താനുള്ള നിയമസഭയുടെ അവകാശത്തെയും അംഗീകരിച്ചുകൊണ്ട് ഗവർണർ ഉടക്കുപരിപാടികൾ നിർത്തണം. അദ്ദേഹം അത് ചെയ്തില്ലെങ്കിൽ സുപ്രീം കോടതിവഴി അക്കാര്യം സർക്കാർ ഉറപ്പാക്കണം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × 3 =

Most Popular