Friday, November 22, 2024

ad

Homeകവര്‍സ്റ്റോറിഗവർണർമാരുടെ 
ഏകാധിപത്യ പ്രവണത

ഗവർണർമാരുടെ 
ഏകാധിപത്യ പ്രവണത

ജി രാമകൃഷ്‌ണൻ (സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം)

നുഷ്യവിഭവശേഷി വികസനത്തിൽ ഒന്നാംസ്ഥാനത്ത്‌ കേരളവും രണ്ടാംസ്ഥാനത്ത്‌ തമിഴ്‌നാടും നിലകൊള്ളുന്നു. ഈ രണ്ടു സംസ്ഥാനങ്ങളിലും ബിജെപി തനിച്ച്‌ നിയമസഭയിലേക്കോ, പാർലമെന്റിലേക്കോ മത്സരിച്ചാൽ ഒരു സീറ്റിൽപോലും ജയിക്കില്ലെന്ന്‌ അവർക്കും ജനങ്ങൾക്കും നന്നായറിയാം. വർഷങ്ങളായി ഇതുതന്നെയാണ്‌ ബിജെപിയുടെ സ്ഥിതി. ഇത്‌ ബിജെപി നേതൃത്വത്തെ അലോസരപ്പെടുത്തുന്നു.

കേരളത്തിലും തമിഴ്‌നാട്ടിലും രണ്ടു സർക്കാരുകളേയും അസ്ഥിരപ്പെടുത്താൻ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിനായി കേന്ദ്ര ഏജൻസികളായ എൻഐഎ, സിബിഐ, ഇ ഡി തുടങ്ങിയവയെ രണ്ടുസംസ്ഥാനങ്ങളിലും കയറൂരിവിട്ട്‌ എന്തെങ്കിലും കിട്ടുമോ എന്നു നോക്കുകയാണ്‌. നേതാക്കളെ അഴിമതിക്കാരാക്കാൻ കിണഞ്ഞുശ്രമിക്കുന്നു.

കേരളത്തിൽ സ്വർണക്കടത്ത്‌ കേസിൽ കേന്ദ്ര ഏജൻസികൾ മാസങ്ങളോളം അന്വേഷണം നടത്തി. അന്വേഷണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഒരു തെളിവും ലഭിക്കാത്തതിനാൽ അദ്ദേഹത്തെ കേസിൽ പ്രതിചേർക്കാൻ കഴിഞ്ഞില്ല. കുറ്റപത്രം സമർപ്പിച്ചശേഷവും മുഖ്യമന്ത്രിയെ എങ്ങനെയെങ്കിലും പ്രതിചേർക്കാൻ പറ്റുമോ എന്നു പരിശ്രമിച്ച്‌ പരാജയപ്പെട്ടു.

തമിഴ്‌നാട്ടിലും മന്ത്രിമാരുടെ വീടുകളിലും ഓഫീസുകളിലും പരിശോധന നടത്തി കേസ്‌ എടുക്കാൻ പറ്റുമോ എന്ന് ഇ ഡി പരിശ്രമം നടത്തുന്നു. തമിഴ്‌നാടും കേരളവും കൂടാതെ ഡൽഹി, പഞ്ചാബ്‌ അടക്കമുള്ള ബിജെപി ഇതര സംസ്ഥാനങ്ങളിൽ കേന്ദ്രസർക്കാർ ഈ ഏജൻസികളെ ഉപയോഗിച്ച്‌ പ്രതിപക്ഷത്തെ നശിപ്പിക്കാൻ ശ്രമിക്കുകയാണ്‌.

മഹാരാഷ്‌ട്രയിൽ വിവിധങ്ങളായ കേസുകൾ രജിസ്‌റ്റർ ചെയ്‌ത്‌ അജിത്‌പവാറെ ബിജെപി തങ്ങളുടെ വർഗീയചേരിയിലാക്കി. എന്നാൽ കേരളത്തിലും തമിഴ്‌നാട്ടിലും അതുഫലിച്ചില്ല. അതിനാൽ തമിഴ്‌നാട്ടിലും കേരളത്തിലും ഗവർണർമാർ മുഖേന ഭരണപ്രതിസന്ധി സൃഷ്ടിക്കാനുള്ള നീക്കത്തിലാണ്‌. സംസ്ഥാന നിയമസഭ പാസാക്കി അംഗീകരിച്ച നിയമങ്ങൾക്ക്‌ അനുമതി നിഷേധിച്ച്‌ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയാണ്‌. സംസ്ഥാനങ്ങളുടെ സാമൂഹ്യ‐സാമ്പത്തിക വളർച്ച തടസപ്പെടുത്തുന്ന രീതിയിലാണ്‌ ഗവർണർമാരുടെ പ്രവർത്തനം. ഇത്‌ ജനക്ഷേമപ്രവർത്തനങ്ങൾ നടപ്പിൽവരുത്താനുള്ള സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള യാത്രയ്‌ക്ക്‌ തടസമാകുന്നു.

കേരളത്തിൽ മൂന്ന് വർഷത്തിലധികമായി സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾക്കും നിയമങ്ങൾക്കും ഗവർണർ അംഗീകാരം നൽകിയില്ല. തമിഴ്‌നാട്‌ നിയമസഭ പാസാക്കിയ 12 ബില്ലുകൾ ഗവർണർ ആർ എൻ രവി അംഗീകരിച്ചില്ല. ഗവർണർമാരുടെ ഇത്തരം ചെയ്‌തികൾക്കെതിരെ കേരളം, തമിഴ്‌നാട്‌, പഞ്ചാബ്‌ എന്നീ സംസ്ഥാനങ്ങൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്‌.

പഞ്ചാബ്‌ ഗവർണർ ബൻവാരിലാൽ പുരോഹിതിനോട് ‘‘ നിയമസഭ പാസാക്കിയ ബില്ലുകളും നിയമങ്ങളും ഒപ്പുവെക്കാതെ നിർത്തിവെക്കാൻ പാടില്ലെന്നും, ഒരു പക്ഷേ ബില്ലുകൾ ഒപ്പുവെക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അക്കാര്യത്തെക്കുറിച്ച്‌ കുറിപ്പെഴുതി ബില്ലുകൾ തിരിച്ചയക്കണമെന്നാണ് സീപ്രീംകോടതി പറഞ്ഞത്. നിയമസഭ വീണ്ടും അതേ ബില്ല്‌ പാസാക്കി അയച്ചാൽ ആ ബില്ലുകൾ ഗവർണർ നിർബന്ധമായും ഒപ്പുവെച്ചിരിക്കണം’’ എന്നും സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്‌.

കേന്ദ്രസർക്കാർ നോമിനേറ്റ്‌ ചെയ്യുന്ന ഗവർണർമാർ ജനങ്ങൾ തിരഞ്ഞെടുത്ത നിയമസഭയേക്കാൾ അധികാരം ഉള്ളവരല്ല എന്നും സുപ്രീംകോടതി പറഞ്ഞു. മാത്രമല്ല, കഴിഞ്ഞ മൂന്നു വർഷമായി തമിഴ്‌നാട്‌ ഗവർണർ എന്തെടുക്കുകയായിരുന്നുവെന്നും കോടതി ചോദിച്ചു. എന്തുകൊണ്ടാണ്‌ ബില്ലുകൾക്ക്‌ അംഗീകാരം നൽകാത്തതും ഒപ്പുവെക്കാത്തതുമെന്ന്‌ കോടതി ചോദ്യശരങ്ങൾ ഉയർത്തി. ഇതിനിടയിൽ ഗവർണർ ഒരു കുറിപ്പും എഴുതാതെ ബില്ലുകൾ നിയമസഭയിലേക്ക്‌ തിരിച്ചയച്ചു.

തുടർന്ന്‌ 2023 നവംബർ 18ന്‌ മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത്‌ ഗവർണർ തിരിച്ചയച്ച നിയമങ്ങളും ബില്ലുകളും വീണ്ടും പാസാക്കി ഗവർണർക്കയച്ചു. ആ സമ്മേളനത്തിൽ മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞു. ‘‘മരം തോരാൻ ആഗ്രഹിച്ചാലും, കാറ്റ്‌ വിടുന്നില്ല”എന്ന്‌ വിപ്ലവകാരി മൗ സേ ദുങ് പറഞ്ഞിട്ടുണ്ട്‌. പനി, ജലദോഷം എന്നിവ കാരണം കുറച്ചു ദിവസം അവധിയായിരുന്നു. എന്നാൽ എന്റെ ആരോഗ്യത്തേക്കാൾ എന്റെ സംസ്ഥാനത്തിലെ ജനങ്ങളുടെ നന്മയാണ്‌ വലുത്‌. മാതൃനാടായ തമിഴ്‌നാടിന്റെ ക്ഷേമം, നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഈ നിയമസഭയുടെ നന്മയാണ്‌ വലുത്‌ എന്നതുകൊണ്ടാണ്‌ ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്‌.

‘‘കോടിക്കണക്കിന്‌ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട നമ്മെ, ഇന്ത്യൻ ഭരണഘടന നൽകിയ അധികാരത്തിന്റെ കേന്ദ്രമായി നിയമങ്ങൾ പാസാക്കുന്ന ഈ നിയമസഭയെ തടയുന്ന ശക്തി ഒന്ന്‌ രൂപപ്പെട്ടുവന്നാൽ ഇന്ത്യൻ ജനാധിപത്യം തകർക്കപ്പെടുമെന്ന ആധിയുള്ളതുകൊണ്ടാണ്‌ ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്‌. നിയമസഭ പാസാക്കിയ ബില്ലുകൾക്ക്‌ ഗവർണർ അനുമതി നൽകാത്തത്‌ നിയമസഭയോടുള്ള അവഹേളനമാണ്’’. സ്‌റ്റാലിൻ പറഞ്ഞു.

ആരിഫ് മൊഹമ്മദ് ഖാൻ
ആർ എൻ രവി
ബൻവാരിലാൽ പുരോഹിത്

നവംബർ 10ന്‌ സുപ്രീംകോടതി ആർ എൻ രവിക്കെതിരെ ചോദ്യമുയർത്തിയതോടെ നവംബർ 13ന്‌ എല്ലാ ബില്ലുകളും അദ്ദേഹം തിരിച്ചയച്ചു. 18ന്‌ ആ ബില്ലുകൾ വീണ്ടും പാസാക്കി ഗവർണർക്ക്‌ അനുമതിക്കായി അയച്ചു. 20ന്‌ കേസ്‌ സുപ്രീംകോടതിയിൽ വിചാരണക്കെടുത്തപ്പോൾ തിരിച്ചയച്ച ബില്ലുകൾ നിയമസഭ വീണ്ടും പാസാക്കി അയച്ചാൽ ഗവർണർ ഒപ്പുവെക്കാൻ ബാധ്യസ്ഥനാണെന്ന്‌ കോടതി പറഞ്ഞു. എന്നാൽ ആർ എൻ രവി സുപ്രീം കോടതി വിധിയും അവഗണിച്ച്‌ ഒരെണ്ണം ഒഴികെയുള്ള ബില്ലുകൾ രാഷ്‌ട്രപതിക്കയച്ചു.

ചട്ടം 200 പ്രകാരം നിയമസഭ വീണ്ടും ചേർന്ന്‌ പാസാക്കിയ നിയമം ഗവർണർ രാഷ്‌ട്രപതിക്കയച്ചിരിക്കുന്നു എന്ന വിവരം ഡിസംബർ ഒന്നിന്‌ തമിഴ്‌നാട്‌ സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. അതിനു മറുപടി പറഞ്ഞ കോടതി ഗവർണറുടെ നടപടി തെറ്റാണെന്നും അതിനുള്ള അധികാരം ഗവർണർക്കില്ലെന്നും പറഞ്ഞു. ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സംസാരിച്ച്‌ പ്രശ്‌നം പരിഹരിക്കണമെന്ന നിർദേശവും ഉന്നയിച്ചു. എന്നാൽ ഗവർണർക്കുവേണ്ടി ഹാജരായ വക്കീൽ, വിളിച്ച്‌ സംസാരിക്കാൻ തക്കവണ്ണമുള്ള ബന്ധം മുഖ്യമന്ത്രിയുമായി ഗവർണർക്കില്ലെന്ന്‌ കോടതിയെ അറിയിച്ചു. തുടർന്ന്‌ ഡിസംബർ എട്ടിലേക്ക്‌ കേസ്‌ മാറ്റിവച്ചു.

ഡിസംബർ എട്ടിനകം രാഷ്‌ട്രപതി തീരുമാനമെടുത്താൽ എന്തുചെയ്യുമെന്നും കോടതിയിൽ ചോദ്യം വന്നപ്പോൾ കേസിനെക്കുറിച്ച്‌ രാഷ്‌ട്രപതി മനസിലാക്കിയിട്ടുണ്ടാവുമെന്ന്‌ കോടതി പറഞ്ഞു.

ബിജെപി ഇതരസംസ്ഥാനങ്ങളിൽ ആർഎസ്‌എസ്‌ പ്രവർത്തകരേയും ബിജെപി അനുഭാവികളേയുമാണ്‌ ഗവർണർമാരായി കേന്ദ്രസർക്കാർ നിയമിക്കുന്നത്‌. സംസ്ഥാന ഭരണം അനിശ്‌ചിതത്വത്തിലാക്കുകയാണ്‌ ഗവർണർമാരുടെ കടമയെന്നാണ്‌ ബിജെപിയും ആർഎസ്‌എസും പ്രതീക്ഷിക്കുന്നത്‌. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ തമിഴ്‌നാട്ടിൽ ഭരണഘടന തത്വങ്ങൾ കാറ്റിൽ പറത്തി ആർഎസ്‌എസ്‌ നേതാവായി ഗവർണർ ആർ എൻ രവി പ്രവർത്തിക്കുന്നത്‌.

നവംബർ 26ന്‌ തമിഴ്‌നാട്‌ അംബേദ്‌കർ നിയമ സർവകലാശാലയിൽ നടന്ന ചടങ്ങിൽ രവി പറഞ്ഞത്‌. ‘സ്വാതന്ത്ര്യത്തിനായി പോരാടിയ സമയത്ത്‌ നമ്മൾ ഒന്നായി നിന്നു. അതിനുശേഷം അവരവരുടെ മാതൃഭാഷ സംസ്ഥാനങ്ങളായി പിരിഞ്ഞു. നമ്മുടെ ഭരണഘടന വിവിധ വിദഗ്‌ധസമിതികൾ മുഖേന അഗാധമായ പഠനങ്ങൾക്ക് ശേഷം അംഗീകരിക്കപ്പെട്ടതാണ്‌. അതുകൊണ്ട്‌ അത്‌ ഇന്നും പൂർണതയില്ലാത്തതാണ്‌ ’.

ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളേയും കൂട്ടുകക്ഷി ഭരണത്തേയും അംഗീകരിക്കാത്തയാളാണ്‌ ആർഎസ്‌എസുകാരനായ ആർ എൻ രവി. മുകളിൽ ചൂണ്ടികാട്ടിയ പ്രസംഗത്തിൽനിന്ന്‌ അതു മനസിലാക്കാൻ കഴിയും. ബിജെപി ഇതര സംസ്ഥാനങ്ങളിലെ ഗവർണർമാരെ നിയന്ത്രിക്കുന്നത്‌ മോദിയും അമിത്‌ഷായുമാണ്‌. കൂട്ടുകക്ഷി ഭരണത്തിനും മതനിരപേക്ഷതയ്ക്കുമെതിരായ ഏകാധിപത്യപ്രവണതകളെ എതിർത്ത്‌ സമരം ശക്തമാക്കേണ്ടതിന്റെ ആവശ്യകതയാണ്‌ ആർഎസ്‌എസുകാരായ ഗവർണർമാരുടെ പ്രവർത്തനങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നത്‌. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

sixteen − fourteen =

Most Popular