Sunday, May 19, 2024

ad

Homeകവര്‍സ്റ്റോറിപുറത്താക്കേണ്ടത് ചാൻസലറെ

പുറത്താക്കേണ്ടത് ചാൻസലറെ

എസ് സുദീപ്

ഡോക്ടർ ഗോപിനാഥ് രവീന്ദ്രനു കണ്ണൂർ സർവകലാശാലയുടെ വൈസ് ചാൻസലറായി തുടർ നിയമനം നൽകിക്കൊണ്ട് ചാൻസലർ ആരിഫ് മൊഹമ്മദ് ഖാൻ ഉത്തരവിറക്കുന്നത് 23.11.2021 -ലാണ്.

2021 ഡിസംബറിൽ രവീന്ദ്രന്റെ തുടർ നിയമനം കേരള ഹൈക്കോടതി സിംഗിൾ ബഞ്ച് ശരിവയ്ക്കുന്നു.

അതിനു ശേഷം, 2022 ഫെബ്രുവരി മൂന്നിന് ചാൻസലർ ആരിഫ് ഖാൻ ഒരു പത്രക്കുറിപ്പ് ഇറക്കുന്നു: ‘‘കണ്ണൂർ വി സി ആയി ഗോപിനാഥ് രവീന്ദ്രന്റെ പേര് തുടർനിയമനത്തിനു നിർദ്ദേശിച്ചത് ഗവർണറാണെന്ന ചില വാർത്തകൾ ശക്തമായി നിഷേധിക്കുന്നു. അതിനു തുടക്കമിട്ടത് മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമാണെന്നതാണ് സത്യം’’.

ഈ വാർത്താക്കുറിപ്പിനു മുമ്പ് യു ഡി എഫിന്റെയും സംഘപരിവാറിന്റെയും നേതാക്കൾ ചാൻസലറായ ആരിഫ് മൊഹമ്മദ് ഖാനെ ബന്ധപ്പെട്ടിരുന്നു എന്നതും പരസ്യമാണ്.

2022 ഫെബ്രുവരിയിൽ ഹൈക്കോടതി ഡിവിഷൻ ബഞ്ചും വി സി നിയമനം ശരിവച്ചു. പിന്നീടു സുപ്രീം കോടതിയിൽ കേസെത്തുന്നു.
താഴെപ്പറയുന്ന നാലു ചോദ്യങ്ങൾക്കാണ് സുപ്രീം കോടതി അക്കമിട്ടു മറുപടി നൽകിയത്:

1. തുടർ നിയമനം അനുവദനീയമാണോ?
2. അറുപതു വയസ്സെന്ന മേൽ പ്രായപരിധി തുടർ നിയമനത്തിനു ബാധകമാണോ?
3. തുടർ നിയമനത്തിന്റെ കാര്യത്തിൽ പാനൽ രൂപീകരിക്കേണ്ടതുണ്ടോ?
4. ചാൻസലർ ബാഹ്യസമ്മർദ്ദങ്ങൾക്കു വഴങ്ങിയോ?

ആദ്യത്തേതു മൂന്നും നിയമപ്രശ്നങ്ങളാണ്. ഗോപിനാഥ് രവീന്ദ്രന്റെ നിയമനത്തെ സംബന്ധിച്ച മൂന്നു നിയമപ്രശ്നങ്ങളിലും സുപ്രീം കോടതി, രവീന്ദ്രന് അനുകൂലമായി തീരുമാനമെടുക്കുന്നു. വി സി ആയി തുടർ നിയമനത്തിന് രവീന്ദ്രൻ അർഹനാണെന്നും സുപ്രീം കോടതി കാണുന്നു. രവീന്ദ്രനെ നിയമിക്കാമെന്നു പറഞ്ഞ് അഡ്വക്കേറ്റ് ജനറൽ നൽകിയ നിയമോപദേശവും സുപ്രീം കോടതി ശരിവയ്ക്കുന്നു.

പക്ഷേ നിയമനത്തിനും സിംഗിൾ ബഞ്ച് വിധിക്കും ശേഷം അടുത്ത വർഷം മാത്രം ചാൻസലർ ആരിഫ് ഖാൻ ഇറക്കിയ മുൻപറഞ്ഞ പത്രക്കുറിപ്പിനെ മാത്രം ആധാരമാക്കി, രവീന്ദ്രന്റെ നിയമനം ചാൻസലറുടെ സ്വതന്ത്രമായ തീരുമാനമല്ലെന്നും ചാൻസലർ ബാഹ്യസമ്മർദ്ദങ്ങൾക്കു വഴങ്ങിയെന്നും കണ്ടെത്തി, നാലാമത്തെ ചോദ്യത്തിനുത്തരമായി രവീന്ദ്രന്റെ നിയമനം സുപ്രീം കോടതി റദ്ദാക്കുന്നു! മുഖ്യമന്ത്രിയെയും ഉന്നതവിദ്യാഭ്യാസ മന്ത്രിയെയും സുപ്രീം കോടതി കേട്ടിട്ടുമില്ല!

ആവർത്തിക്കട്ടെ, വി സി തുടർ നിയമനവും അതു ശരിവച്ച സിംഗിൾ ബഞ്ച് വിധിയും കഴിഞ്ഞ് അടുത്ത കൊല്ലമാണ് ചാൻസലർ പത്രക്കുറിപ്പിറക്കിയത്! അതും യുഡിഎഫ്/സംഘപരിവാർ നേതാക്കൾ ചാൻസലറെ ബന്ധപ്പെട്ടശേഷം!

നിയമനത്തോടൊപ്പം, നിയമന ഉത്തരവിൽ തന്നെയോ അല്ലാതെയോ, താൻ ബാഹ്യസമ്മർദ്ദങ്ങൾക്കു വഴങ്ങിയാണ് ഇങ്ങനെ ചെയ്യുന്നതെന്നു ചാൻസലർ പറഞ്ഞിരുന്നെങ്കിൽ മനസിലാക്കാം. പക്ഷേ അടുത്ത വർഷമാണ് ചാൻസലർ അങ്ങനെയൊരു കഥ സൃഷ്ടിച്ചു പറയുന്നത്!അതിന്റെ പിന്നിലെന്താണെന്ന് അരിയാഹാരം കഴിക്കുന്നവർക്കു മാത്രമല്ല, ചപ്പാത്തിയും ദാലും കഴിക്കുന്നവർക്കും മനസിലാക്കാൻ കഴിയും.

ബാഹ്യസമ്മർദ്ദങ്ങൾ ഉണ്ടായി എന്നത് ചാൻസലർ പിന്നീടു കെട്ടിച്ചമച്ച ആരോപണമാണ്. ബാഹ്യസമ്മർദ്ദങ്ങൾക്കു വഴിപ്പെട്ടു എന്നു പിന്നീടു കെട്ടിച്ചമച്ചു പറയുന്നയാൾ ഒരു നിമിഷം പോലും ചാൻസലർ സ്ഥാനത്തു തുടരാൻ അർഹനല്ല. അങ്ങനെ തന്നെയാണു കോടതിയും പറയേണ്ടിയിരുന്നത്.

ബാഹ്യസമ്മർദ്ദങ്ങൾക്കു വഴങ്ങേണ്ട ഒരാളല്ല ചാൻസലർ. അപ്രകാരം വഴങ്ങാൻ കാര്യവും കാരണവുമില്ല. വെറും രാഷ്ട്രീയക്കാരനും സംഘപരിവാറുകാരനുമായി, പ്രതിപക്ഷ സ്വാധീനത്തിനു വിധേയനായി മാത്രം പ്രവർത്തിക്കുകയായിരുന്നു ചാൻസലർ ആരിഫ് മൊഹമ്മദ് ഖാൻ. ഇക്കാര്യങ്ങൾ പകൽ പോലെ വ്യക്തമാണ്. ഇതായിരുന്നു സുപ്രീം കോടതി കണ്ടെത്തേണ്ടിയിരുന്നത്.

നേർവിപരീതമായി, ഗോപിനാഥ് രവീന്ദ്രന്റെ തുടർ നിയമനത്തിൽ നിയമപരമായി യാതൊരു തെറ്റുമില്ലെന്നും എല്ലാ നിയമവശങ്ങളും രവീന്ദ്രന്റെ തുടർ നിയമനത്തെ പിന്തുണയ്ക്കുന്നുവെന്നും കണ്ടെത്തിയ ശേഷം, തുടർ നിയമനത്തിന്റെ പിറ്റേ വർഷം ചാൻസലർ ഇറക്കിയ അതിവിചിത്രമായ പത്രക്കുറിപ്പിനെ ആധാരമാക്കി, രവീന്ദ്രനെ പുറത്താക്കിയ സുപ്രീം കോടതി വിധി നീതീകരിക്കത്തക്കതല്ല.

സുപ്രീം കോടതി പുറത്താക്കേണ്ടത് ചാൻസലറായ ആരിഫ് മൊഹമ്മദ് ഖാനെയാണ്. ഏതൊരു പൗരനും വൈസ് ചാൻസലർ സ്ഥാനത്തേയ്ക്ക് മറ്റൊരാളെ നിർദ്ദേശിച്ചു ചാൻസലർക്കു കത്തെഴുതാനുള്ള അവകാശമുണ്ട്. ഇന്ത്യൻ പൗരനെന്ന നിലയിൽ ഈ ലേഖകനും വായനക്കാരായ നിങ്ങൾക്കും ഒരുപോലെയുള്ള ആ അവകാശം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ആർ ബിന്ദുവിനും നിഷേധിക്കപ്പെടുന്നില്ല. സർവകലാശാലയുടെ പ്രോ-ചാൻസലർ കൂടിയായ ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ആർ ബിന്ദു ഒരു നിർദ്ദേശം മാത്രമാണ് ചാൻസലർ മുമ്പാകെ രേഖാമൂലം വച്ചത്. ആ നിർദ്ദേശം ചാൻസലർക്കു തള്ളാം, കൊള്ളാം. നിർദ്ദേശം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ചാൻസലർ സ്വീകരിച്ചതിനും, ഹൈക്കോടതി സിംഗിൾ ബഞ്ച് വൈസ് ചാൻസലറുടെ തുടർ നിയമനം ശരിച്ചതിനും ശേഷം അടുത്ത വർഷം മാത്രം ഒരു പത്രക്കുറിപ്പിറക്കി ചാൻസലർ കളവു പറയുന്നിടത്താണു ബാഹ്യസമ്മർദ്ദം. ചാൻസലർക്കു പിന്നിൽ പ്രവർത്തിച്ച ആ ബാഹ്യശക്തികൾ യുഡിഎഫും സംഘപരിവാറുമാണ്.

മുഖ്യമന്ത്രി ഈ വിഷയത്തിൽ ചാൻസലർക്ക് ഒരു കത്തുപോലും എഴുതിയിട്ടില്ല എന്നു കൂടി ഓർക്കണം. അങ്ങനെയിരിക്കെ മുഖ്യമന്ത്രിയെ ഈ വിഷയത്തിലേയ്ക്കു വലിച്ചിഴച്ചിരിക്കുന്നത് അടിസ്ഥാനരഹിതവുമാണ്.

ഒരു ജഡ്ജി തീർത്തും നിയമപരമായി വാദിക്കനുകൂലമായി വിധി പറയുന്നു എന്നും അതിനു ശേഷം പ്രതി ആ ജഡ്ജിയെ വേണ്ടവിധത്തിൽ വന്നു കാണുന്നുവെന്നും കരുതുക. അതിനു ശേഷം, താൻ സ്വന്തം തീരുമാനപ്രകാരമോ നിയമപരമായോ അല്ല വാദിക്കനുകൂലമായി വിധി പറഞ്ഞത്, വാദിയല്ലാത്ത മറ്റു രണ്ടുപേരുടെ സമ്മർദ്ദത്തിനു വഴങ്ങിയാണ് കേസു തീരുമാനിച്ചത് എന്ന് ആ ജഡ്ജി പിന്നീട് എഴുതിച്ചേർത്താൽ എങ്ങനെയിരിക്കും? അതുതന്നെയാണ് ചാൻസലർ ആരിഫ് ഖാൻ ചെയ്തത്. ബാഹ്യസമ്മർദ്ദങ്ങൾക്കു വഴങ്ങിയാണു താൻ വിധിയെഴുതിയതെന്ന് ഒരു വിചാരണക്കോടതി ജഡ്ജി പറഞ്ഞിരുന്നെങ്കിൽ അയാളെ ഉടനടി സുപ്രീം കോടതി പിരിച്ചുവിടുമായിരുന്നില്ലേ? എന്നാലിവിടെ ബാഹ്യസമ്മർദ്ദങ്ങൾക്കു വിധേയനായി എന്നു സ്വയം കള്ളക്കഥ സൃഷ്ടിച്ച ചാൻസലർ ആരിഫ് ഖാൻ തൽസ്ഥാനത്തു തുടരുകയും, തുടർനിയമനത്തിനു സർവ്വഥാ യോഗ്യനെന്നു സുപ്രീം കോടതി കണ്ട ഗോപിനാഥ് രവീന്ദ്രൻ പുറത്താക്കപ്പെടുന്നതുമായ അതിവിചിത്രമായ സ്ഥിതിവിശേഷമാണുണ്ടായത്. ഗോപിനാഥ് രവീന്ദ്രന്റെ പുറത്താക്കലിന്റെ ഏക കാരണം, ചാൻസലർ പിന്നീടു സൃഷ്ടിച്ചതും പുറത്തിറക്കിയതുമായ ബാഹ്യസമ്മർദ്ദത്തിന്റെ കള്ളക്കഥയടങ്ങിയ പത്രക്കുറിപ്പു മാത്രമാണ്!

കോടതികൾ വിധിയെഴുതുന്നത് വാദി കോടതിയിൽ എഴുതി നൽകുന്ന അന്യായം, അതിനു മറുപടിയായി പ്രതി എഴുതിയിടുന്ന പത്രിക എന്നിവയെ അടിസ്ഥാനമാക്കിയാണ്. നിയമപരമായി വാദിക്ക് അനുകൂലമായി മാത്രം ഏതു കോടതിയും തീരുമാനിക്കുന്ന ഒരു കേസിൽ, വാദി എഴുതിയിട്ട അന്യായം ജഡ്ജി വായിച്ചു നോക്കി എന്നതുകൊണ്ട് വാദിക്കനുകൂലമാകേണ്ട വിധി റദ്ദാക്കി, പ്രതിക്കനുകൂലമായി കേസു വിധിച്ചാൽ എങ്ങനെയിരിക്കും? ഗോപിനാഥ് രവീന്ദ്രൻ തുടർ നിയമനത്തിനു സർവഥാ യോഗ്യനാണ്, പക്ഷേ യോഗ്യനായ ഗോപിനാഥ് രവീന്ദ്രനെ നിർദ്ദേശിക്കുന്ന ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ കത്ത് സമ്മർദ്ദമാണെന്ന് ഹൈക്കോടതിയിലെ കേസിനും ശേഷം ചാൻസലർ പത്രക്കുറിപ്പിറക്കി, അതുകൊണ്ട് യോഗ്യനായ രവീന്ദ്രൻ പുറത്തിരിക്കണം!

മറ്റെല്ലാ വിഷയത്തിലുമെന്നതുപോലെ ഇവിടെയും ചാൻസലർ കക്ഷി രാഷ്ട്രീയം കളിക്കുകയാണ്. അതു തന്നെയായിരുന്നു സുപ്രീം കോടതി കണ്ടെത്തേണ്ടിയിരുന്നത്. പുറത്തു പോകേണ്ടത് നിയമപരമായും അക്കാദമികമായും നിയമനത്തിനും തുടർനിയമനത്തിനും സർവ്വഥാ യോഗ്യനെന്നു സുപ്രീം കോടതിയടക്കം കണ്ട ഡോക്ടർ ഗോപിനാഥ് രവീന്ദ്രനല്ല. മറിച്ച് ബാഹ്യസമ്മർദ്ദത്തിന്റെ കള്ളക്കഥ പിന്നീടു മെനഞ്ഞുണ്ടാക്കിയ അയോഗ്യനായ ചാൻസലർ ആരിഫ് മൊഹമ്മദ് ഖാനാണ്.

യുഡിഎഫ്/സംഘപരിവാർ സമ്മർദ്ദങ്ങൾക്കു വഴങ്ങി രാഷ്ട്രീയം കളിക്കുന്ന ആരിഫ് ഖാൻ ഉടനടി ചാൻസലർ സ്ഥാനം ഒഴിയണം. ഇല്ലെങ്കിൽ അയാളെ പുറത്താക്കണം. ഒരു നിമിഷം പോലും ചാൻസലർ സ്ഥാനത്തു തുടരാൻ ആരിഫ് ഖാൻ അർഹനല്ല.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

14 − six =

Most Popular