Friday, November 22, 2024

ad

Homeകവര്‍സ്റ്റോറികണ്ണൂർ വിധി പരത്തുന്ന കരിമേഘം

കണ്ണൂർ വിധി പരത്തുന്ന കരിമേഘം

എം ഗോപകുമാർ

ണ്ണൂർ സർവ്വകലാശാലാ വൈസ് ചാൻസലറുടെ പുനർനിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി ദൗർഭാഗ്യകരമാണ്. ഗവർണറെ മുൻ നിർത്തി സർവ്വകലാശാലകളെ കാവി പുതപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നു എന്നതാണ് ഈ വിധിയുടെ രാഷ്ട്രീയ പ്രത്യാഘാതം. പുനർ നിയമനവുമായി ബന്ധപ്പെട്ട കാതലായ ചോദ്യങ്ങളിലെല്ലാം സുപ്രീം കോടതി പുനർനിയമനത്തെ സാധൂകരിക്കുന്ന നിലപാടാണ് കൈക്കൊണ്ടത്. എന്നാൽ പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെ ഒരു വട്ടം കൂടി തുടരാൻ അനുവദിക്കണം എന്നു സർവ്വകലാശാലയുടെ പ്രോ ചാൻസലറായ ഉന്നതവിദ്യാഭ്യാസ മന്ത്രി നിർദ്ദേശിച്ചത് വൈസ് ചാൻസലർ നിയമനത്തിലെ സർക്കാർ ഇടപെടലായി വ്യാഖ്യാനിച്ച് സുപ്രീം കോടതി നിയമനം റദ്ദു ചെയ്തു. ഗവർണർ സർവ്വകലാശാലാ ചാൻസലർ ആകുന്നത് നിയമസഭ പാസ്സാക്കിയ ഒരു നിയമം വഴിയാണ്. ഗവർണറായിരിക്കും ചാൻസലർ എന്നതാണ് വ്യവസ്ഥ. ഇതേ നിയമം തന്നെയാണ് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രിയെ സർവ്വകലാശാലയുടെ പ്രോ-ചാൻസലറായി നിശ്ചയിച്ചതും. രണ്ടും എക്സ് ഒഫിഷ്യോ അധികാര പദവികളാണ്. നിയമം പ്രോചാൻസലർക്കു നൽകിയിരിക്കുന്ന പദവി എന്താണ്? ചാൻസലറുടെ അഭാവത്തിൽ ചാൻസലറിൽ നിക്ഷിപ്തമായ എല്ലാ ചുമതലകളും നിർവ്വഹിക്കേണ്ട പദവിയാണത്. സർവ്വകലാശാലയിൽ നിയമ പ്രകാരം ഈ പദവി വഹിക്കുന്ന അധികാരി പുനർനിയമനവുമായി ബന്ധപ്പെട്ടു പറയുന്ന അഭിപ്രായം സംസ്ഥാന സർക്കാരിന്റെ അവിഹിതമായ ഇടപെടലായി (unwarranted intervention) വ്യാഖ്യാനിക്കുന്നത് തീർത്തും ദൗർഭാഗ്യകരമാണ്. നിയമനഉത്തരവ് ചാൻസലറുടേതാണ്. ആരുടെയെങ്കിലും സമ്മർദ്ദത്തിന് വഴങ്ങി ഉത്തരവാദിത്തം നിർവ്വഹിക്കുന്ന ഒരാൾ എങ്ങനെയാണ് ആ സ്ഥാനത്ത് തുടരാൻ യോഗ്യനാകുക? സ്വന്തം ഉത്തരവിനെ പിൽക്കാലത്ത് തള്ളിപ്പറയുന്ന ഗവർണർമാർ നടത്തുന്ന സങ്കുചിത രാഷ്ട്രീയ ഇടപെടലുകൾക്ക് വളംവെയ്ക്കുന്നു എന്നതാണ് ഈ വിധി പരത്തുന്ന കരിമേഘം.

ഗവർണർമാരും ഫെഡറലിസവും
ഗവർണർമാർ കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ഇംഗിതം മാത്രം നോക്കി നിയമിക്കപ്പെടുന്നവരാണ്. ഇവരുടെ രാഷ്ട്രീയ പക്ഷപാതിത്തം ഭരണഘടനാ വ്യവഹാരങ്ങളിലും ചർച്ചകളിലും പഠനങ്ങളിലും എല്ലാക്കാലത്തെയും ഗൗരവപ്പെട്ട ഒരു പ്രശ്നമായിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടന എന്നു പരമോന്നത കോടതിതന്നെ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുള്ള ഫെഡറൽ ഘടനയെ അപകടപ്പെടുത്തുന്ന പദവി ദുരുപയോഗമാണ് എല്ലാക്കാലവും ഗവർണർമാർ നിർവ്വഹിച്ചു പോന്നത്. അതാകട്ടെ, കേന്ദ്രഭരണ കക്ഷിയുടെ സങ്കുചിത രാഷ്ട്രീയ ഇംഗിതം നടപ്പിലാക്കിക്കൊടുക്കുക എന്ന ദുരുപദിഷ്ടിതമായ ഒന്നായിരുന്നു താനും . മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഗവർണർ എന്ന ഭരണഘടനാ പദവിയെ കേന്ദ്ര ഭരണകക്ഷിയുടെ രാഷ്ട്രീയക്കളികൾക്കായി ഉപയോഗപ്പെടുത്തിയ ചരിത്രമാണ് രാജ്യത്തിനു പറയാനുള്ളത്. അതിന്റെ ഏറ്റവും വഷളൻ ഏടുകൾ നടക്കുന്ന കാലമാണ് മോഡി ഭരണം എന്നതു തർക്കമറ്റ വസ്തുതയാണ്. സംസ്ഥാന അസംബ്ലികളുടെ നിയമ നിർമ്മാണ അധികാരം തന്നെ അസാധുവാക്കുന്ന ഒരുകൂട്ടം ഗവർണർമാരെയല്ലേ ബഹുമാനപ്പെട്ട സുപ്രീം കോടതി തന്നെ സമീപ കാലത്തു കാണുന്നത്.

ഭരണഘടനയുടെ അവലോകനം സംബന്ധിച്ച നിർദ്ദേശങ്ങൾ രൂപപ്പെടുത്താൻ നിയോഗിക്കപ്പെട്ട കമ്മീഷനുകളെല്ലാം ഫെഡറൽ ഘടനയെ അപകടപ്പെടുത്തുന്ന ഗവർണർമാരുടെ രീതികളും ചെയ്തികളും സംബന്ധിച്ച ആകുലതകളും ആശങ്കകളും രേഖപ്പെടുത്തിയിട്ടുണ്ട്. സർക്കാരിയ കമ്മീഷനും എം. എൻ. വെങ്കിടചെല്ലയ്യ കമ്മീഷനും (NATIONAL COMMISSION TO REVIEW THE WORKING OF THE CONSTITUTION) എം.എം.പൂഞ്ചികമ്മീഷനും ഇതു പങ്കു വെച്ചിട്ടുണ്ട്. ഈ കമ്മീഷൻ അദ്ധ്യക്ഷന്മാർ എല്ലാം സുപ്രീംകോടതിയിലെ പ്രമുഖ നിയമജ്ഞരായിരുന്നു. എം എൻ വെങ്കിടചെല്ലയ്യ കമ്മീഷനു ജസ്റ്റിസ് ജീവൻറെഡ്ഡി സമർപ്പിച്ച കൺസൾട്ടേഷൻ പേപ്പറിലെ ഗവർണർമാരുടെ പ്രവർത്തനം സംബന്ധിച്ച പരാമർശത്തിന്റെ ഉള്ളടക്കം ഇവിടെ പ്രസക്തമായിരിക്കും.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചു പ്രവർത്തിക്കുക എന്നതാണ് ഗവർണർമാർ ഇക്കാലമത്രയും ചെയ്തുകൊണ്ടിരിക്കുന്നത്. കേന്ദ്ര ഭരണകക്ഷി/ മുന്നണി ഒരു സംസ്ഥാനത്ത് പ്രതിപക്ഷത്തായിരിക്കുകയും അവർ ഒരു ബില്ലിനെ എതിർക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ മറ്റെന്തെങ്കിലും എതിർപ്പുകളുണ്ടെങ്കിൽ,നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചു വെയ്ക്കാനോ പ്രസിഡന്റിന് അയയ്ക്കാനോ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗവർണറോടു നിർദ്ദേശിക്കും.സഭയിലെ ബലാബലത്തിൽ തങ്ങൾക്കനുകൂലമായ മാറ്റംവരുന്ന ഘട്ടത്തിൽ ബില്ലുകൾ മടക്കി അയയ്ക്കാനും നിർദ്ദേശിക്കും.സംസ്ഥാന മന്ത്രിസഭയുടെ ഉപദേശ നിർദ്ദേശങ്ങൾ ഗൗനിക്കാതെ മിക്കപ്പോഴും ഗവർണർമാർ ഈ നിർദ്ദേശങ്ങൾക്കൊത്ത് പ്രവർത്തിക്കുന്നതാണ് അനുഭവം. ഗവർണർമാരുടെ ജനാധിപത്യവിരുദ്ധമായ അധികാര ദുർവിനിയോഗമാണിത്.-ഇതായിരുന്നു ആ പരാമർശത്തിന്റെ ഉള്ളടക്കം.

കാർഷികബന്ധ ബില്ലും, വദ്യാഭ്യാസബില്ലും ഒന്നാം കേരള മന്ത്രിസഭയുടെ പിരിച്ചുവിടലും എല്ലാം ഈ കമ്മീഷനുകളുടെ പരാമർശങ്ങൾക്കും നിരീക്ഷണങ്ങൾക്കും കാരണമായിട്ടുണ്ട് എന്നു വേണം മനസിലാക്കാൻ. നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ എത്രകാലവും പിടിച്ചു വെയ്ക്കാൻ ഗവർണർമാർക്ക് അധികാരമുണ്ട് എന്നു സ്ഥാപിക്കാനായി സംഘപരിവാറും ഇവിടെ യുഡിഎഫുമെല്ലാം ആധാരമാക്കിയ സുപ്രീംകോടതി വിധി കേരളത്തിലെ കാർഷികബന്ധ നിയമവുമായി ബന്ധപ്പെട്ട ഒരു കേസാണ്. Purushothaman Nambudiri vs The State of Kerala (1962 AIR 694) എന്ന കേസിലെ സുപ്രീം കോടതി വിധിയാണ് ഇങ്ങനെ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടത്. 1959 ജൂൺ 10 ന് കേരള നിയമസഭ കാർഷിക ബന്ധ ബില്ലു പാസ്സാക്കി. ഇതു പ്രസിഡന്റിന്റെ അംഗീകാരത്തിനായി അയച്ചു. ഇതിനിടയിൽ 1959 ജൂലൈ 31 ന് ആർട്ടിക്കിൾ 356 പ്രകാരം കേരള മന്ത്രിസഭയെ പുറത്താക്കുകയും നിയമസഭ പിരിച്ചു വിടുകയും ചെയ്തു. കേന്ദ്ര ഭരണ കക്ഷിയുടെ രാഷ്ട്രീയ ദുഷ്ടലാക്ക് വെച്ച് തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പിരിച്ചുവിടുന്നതിനായി ഗവർണർ പദവിയെ ദുരുപയോഗം ചെയ്ത കഥയാണല്ലോ അത്. ഇടക്കാല തിരഞ്ഞെടുപ്പ് നടന്നു. 1960 ജൂലൈ 27 ന് പുതിയ സർക്കാർ നിലവിൽ വന്നു. ഇതിനു ശേഷമാണ് പ്രസിഡന്റ് മുൻ സഭയുടെ കാലത്ത് അയച്ച കാർഷികബന്ധബില്ല് ഭേദഗതികൾ നിർദ്ദേശിച്ചുകൊണ്ടു തിരിച്ചുകൊടുത്തത്. അപ്പോൾ പുതിയ നിയമസഭയാണ് എന്നതോർക്കണം. സഭ ഭേദഗതികൾ അംഗീകരിച്ച് വീണ്ടും ബില്ലു പാസ്സാക്കി. ഇതിൽ പ്രസിഡന്റ് ഒപ്പിട്ടു, ബില്ലു നിയമമായി.കാർഷികബന്ധ നിയമം മൂലം ഭൂമി നഷ്ടപ്പെട്ട പുരുഷോത്തമൻ നമ്പൂതിരി എന്ന ജന്മി നിയമസഭ പിരിച്ചുവിട്ടതോടെ ഈ ബില്ല് ലാപ്സായി എന്നു വാദിച്ചു. ഗവർണറുടെയോ പ്രസിഡന്റിന്റേയോ ഒപ്പിനു സമയപരിധി നിർണ്ണയിച്ചിട്ടില്ല എന്നും അതിനാൽ ബില്ലു കാലഹരണപ്പെടില്ല എന്നുമായിരുന്നു കോടതി പറഞ്ഞത്. ഇതു വച്ചിട്ടാണ് ഈ ഗവർണർമാർ ബില്ലുകൾ ഒപ്പിടാൻ സമയ പരിധിയില്ല എന്നു പറഞ്ഞുകൊണ്ട് പിടിച്ചു വെച്ചിരുന്നത്. മുകളിൽ ഉദ്ധരിച്ച ജസ്റ്റിസ് ജീവൻ റെഡ്ഡിയുടെ പരാമർശം നമ്മുടെ സംസ്ഥാനത്തിന്റെ അനുഭവം പഠിച്ചുകൊണ്ടുകൂടിയാണ് എന്നു വ്യക്തമല്ലേ? ഇപ്പോൾ പഞ്ചാബ് കേസ് വിധിയിലൂടെ സുപ്രീം കോടതി ഈ വിതണ്ഡവാദത്തിന് ഏതായാലും അറുതി വരുത്തിയിട്ടുണ്ട്. അതിന്റെ വിശദാംശങ്ങളിലേക്ക് പുറകേ വരാം.

ഗവർണർ പദവി ഫെഡറൽ ഘടനയെ അപകടപ്പെടുത്തുന്നതിനും കേന്ദ്ര ഭരണ കക്ഷിയുടെ നിക്ഷിപ്ത രാഷ്ട്രീയ താൽപ്പര്യങ്ങൾ നടപ്പിലാക്കുന്നതിനുമുള്ള ഒരുപകരണമായിട്ടാണ് പൊതുവിൽ പ്രവർത്തിച്ചിട്ടുള്ളത്.ഈ പശ്ചാത്തലത്തിലാണ് സർക്കാരിയ കമ്മീഷനും വെങ്കിടചെല്ലയ്യ കമ്മീഷനും എം എം പൂഞ്ചി കമ്മീഷനും എല്ലാം ഗവർണർമാരുടെ നിയമനത്തിനും പ്രവർത്ത നത്തിനും കൂടുതൽ കർക്കശവും വ്യക്തവുമായ വ്യവസ്ഥകൾ വേണം എന്ന നിലപാട് സ്വീകരിച്ചത്. കോൺഗ്രസും ബി.ജെ.പിയും ഈ കമ്മീഷൻ ശുപാർശകൾ അവഗണിക്കുകയാണ് ചെയ്തത്. അതിന്റെ രാഷ്ട്രീയ കാരണങ്ങൾ വ്യക്തവുമാണല്ലോ?

ഇത്തരത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചു പ്രവർത്തിക്കുന്ന ഗവർണർമാർ എന്ന ജസ്റ്റിസ് ജീവൻറെഡ്ഡിയുടെ നിഗമനം അതിന്റെ അറുവഷളൻ രൂപത്തിൽ പ്രകടമാകുന്ന സ്ഥിതിയാണ് ഇപ്പോൾ കേരളം കാണുന്നത്.

ആർഎസ്എസ് ആജ്ഞ 
നടപ്പിലാക്കുന്ന രാജ്ഭവൻ
ഗവർണർമാരുടെ രാഷ്ട്രീയ നിയോഗം സംബന്ധിച്ച് വിവിധ ഔദ്യോഗിക കമ്മീഷനുകളും കോടതികളും തന്നെ പറഞ്ഞിട്ടുണ്ട്. ഇതിനെയെല്ലാം കവച്ചുവെയ്ക്കുന്ന അതിരുവിട്ട സമീപനമാണ് ഇപ്പോൾ കേരള രാജ്ഭവൻ സ്വീകരിക്കുന്നത് . കേന്ദ്ര സംസ്ഥാന ബന്ധങ്ങളിൽ കേന്ദ്ര ഭരണ കക്ഷിയുടെ ഇംഗിതം നടപ്പിലാക്കുക എന്നതിനുമപ്പുറം കടന്നാണ് കേരളത്തിലെ ഗവർണർ പെരുമാറുന്നത് . കേന്ദ്ര ഭരണ കക്ഷിയുടെ താൽപ്പര്യം നടത്തിക്കൊടുക്കുക എന്നതു മാത്രമല്ല, അവരുടെ പ്രത്യയശാസ്ത്രത്തിന്റെ പ്രചാരകനും പ്രയോക്താവുമായി ഗവർണർ മാറുന്ന അത്യന്തം അപകടകരമായ നിലയാണ് ഇവിടെ ഗവർണർ സ്വീകരിക്കുന്നത്. കേരളം പൊതുവിൽ സ്വീകരിക്കുന്ന മതനിരപേക്ഷ നിലപാടുകളെ അപകടപ്പെടുത്തുക, കേരളത്തിനെതിരെ ശത്രുതയോടെ വിദ്വേഷ പ്രചരണം നടത്തുക എന്നീ രീതികൾ ആർഎസ്എസും സംഘപരിവാറും സ്വീകരിക്കുന്ന സമീപനങ്ങളാണ്. ഈ രീതികൾ ഏറ്റുപറയുകയോ അവയ്ക്കു മേലൊപ്പു ചാർത്തുകയോ ചെയ്യുന്ന സമീപനമാണ് കേരള ഗവർണർ കൈക്കൊള്ളുന്നത്.ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് കണ്ണൂർ സർവ്വകലാശാലാ തർക്കത്തിന്റെ ഉദയം. പ്രൊഫ. ഗോപിനാഥ് രവീന്ദ്രനോട് ഗവർണർക്കുള്ളത് എന്തെങ്കിലും വ്യക്തി വിദ്വേഷമല്ല, മറിച്ച് ആർഎസ്എസ് പുലർത്തുന്ന വിദ്വേഷം അദ്ദേഹം ആന്തരികമായി പേറുകയാണ് ചെയ്യുന്നത്.

കണ്ണൂർ സർവ്വകലാശാലാ വി.സിയായിരുന്ന പ്രൊഫ.ഗോപിനാഥ് രവീന്ദ്രൻ ഈ ഗവർണറുടെ അനിഷ്ടത്തിനു പാത്രമായതെന്തുകൊണ്ടായിരുന്നു എന്നതു വളരെ പ്രസക്തമാണ്. സർവ്വകലാശാല ആതിഥ്യം വഹിച്ച ഹിസ്റ്ററി കോൺഗ്രസിൽ പൗരത്വ ഭേദഗതി നിയമത്തെ ആരിഫ് മുഹമ്മദ് ഖാൻ പ്രകീർത്തിക്കുന്നു. വിഭജനത്തോടെ മാലിന്യം നീങ്ങിയെന്നും എന്നാൽ അവശേഷിക്കുന്ന ചെളിക്കുണ്ടുകൾ ദുർഗന്ധം വമിപ്പിക്കുന്നു എന്നുമുള്ള ഒരു പ്രയോഗം തെറ്റായി ഉദ്ധരിക്കുന്നു. ഈ ഘട്ടത്തിലാണ് വന്ദ്യവയോധികനായ പണ്ഡിത ശ്രേഷ്ഠൻ പ്രൊഫ. ഇർഫാൻ ഹബീബ് പ്രതിഷേധമുയർത്തുന്നത്. ഇർഫാൻ ഹബീബ് ഗവർണ്ണറെ ആക്രമിക്കാൻ മുതിർന്നു,ഇത് പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ മാസ്റ്റർമൈൻഡ് ചെയ്തതാണ്,ഈ ഗുണ്ടാ എലമെന്റ്സിനെ കേരള സർക്കാർ സംരക്ഷിക്കുകയാണ് എന്നു പറഞ്ഞ് അദ്ദേഹം രാജ്യം മുഴുവൻ കേരളത്തിനും കേരളത്തിന്റെ മതേതര മൂല്യങ്ങൾക്കും എതിരായ വിദ്വേഷ പ്രചാരണം നടത്തി. പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെ ക്രിമിനൽ എന്നും പ്രൊഫ. ഇർഫാൻ ഹബീബിനെ തെരുവുഗുണ്ട എന്നുമാണ് ആരിഫ് മുഹമ്മദ്ഖാൻ വിളിച്ചത്. ഇതൊക്ക എന്തുകൊണ്ടാണ്? പൗരത്വ ഭേദഗതി നിയമത്തിനും മതേതര വിരുദ്ധനിലപാടുകൾക്കും എതിരെ കേരളം പൊതുവിൽ സ്വീകരിച്ച സമീപനങ്ങളോട് ആർഎസ്എസ് പുലർത്തുന്ന വിദ്വേഷത്തിന്റെയും വൈരാഗ്യത്തിന്റെയും പ്രതിഫലനം മാത്രമാണ് ഗവർണറിലൂടെ പുറത്തു വന്നത്. അതിനു ചൂട്ടുപിടിക്കാൻ സർക്കാർ നിന്നില്ല എന്നതാണ് ഒരു പ്രധാന വിദ്വേഷ കാരണം എന്നതും മനസിലാക്കണം.

ആർഎസ്എസ്സിന് അനഭിമതനും അവർ തങ്ങളുടെ ആശയപരമായ ഒന്നാമത്തെ ശത്രുവുമായി കാണുന്ന സാംസ്കാരിക ഇടതുപക്ഷത്തുള്ള ഗോപിനാഥ് രവീന്ദ്രനെതിരെ കോൺഗ്രസ് കോളേജ് അദ്ധ്യാപക സംഘടനാ നേതാവ് പ്രേമചന്ദ്രൻ കോടതിയിൽ പോകുന്നു. ടിയാൻ പറഞ്ഞ വാദങ്ങളെല്ലാം സുപ്രീം കോടതി ചുരുട്ടി എറിഞ്ഞെങ്കിലും ആരിഫ് മുഹമ്മദ്ഖാന്റെ അവസരവാദ അസംബന്ധം തെറ്റായി വ്യാഖ്യാനിച്ച് കോടതി ആർഎസ്എസ് ശത്രുവായ ഗോപിനാഥൻ രവീന്ദ്രനെ പുറത്താക്കി. കോൺഗ്രസ് ആഘോഷിക്കുകയാണ്. ഇന്ത്യൻ ചരിത്ര കോൺഗ്രസ്സിന്റെ മെമ്പർ സെക്രട്ടറിയായിരിക്കെ ആർഎസ്എസ്സിനോടു നേരിട്ട് ഏറ്റുമുട്ടിയ പ്രമുഖനായ ചരിത്ര പണ്ഡിതനെ ഇതാ ഞങ്ങൾ പുകച്ചേ എന്നു പറഞ്ഞാണ് ഇവിടെ കോൺഗ്രസിന്റെ ആഘോഷം എന്നതാണ് ഏറ്റവും വലിയ രാഷ്ട്രീയ ദുരന്തം.

കണ്ണൂർ സർവ്വകലാശാലാ വിധി ഒരുപക്ഷേ ബഹുമാനപ്പെട്ട സുപ്രീം കോടതി കരുതിയ ഫലങ്ങളോ അനുരണനങ്ങളോ അല്ല ഉണ്ടാക്കുന്നത് എന്നതു ദൗർഭാഗ്യകരമാണ്. തുടക്കത്തിൽ പറഞ്ഞതുപോലെ സർവ്വകലാശാലാ നിയമത്തിന്റെതന്നെ സൃഷ്ടിയായ, ചാൻസലറെ പോലെ തന്നെ മറ്റൊരു സ്റ്റാറ്റ്യൂട്ടറി അഥോറിറ്റിയായ പ്രോ-ചാൻസലറുടെ അഭിപ്രായം നിയമബാഹ്യവും അവിഹിതവുമായ ഇടപെടലായി വിലയിരുത്തിയ കോടതി വിധി എന്നും നിക്ഷിപ്ത രാഷ്ട്രീയ താൽപ്പര്യങ്ങളോടെ മാത്രം പ്രവർത്തിച്ച ചരിത്രമുള്ള ഗവർണറുടെ അധികാര ദുർവിനിയോഗത്തിന് അധിക ബലം പകരുകയാണ് ചെയ്തത്. ജനാധിപത്യ വ്യവസ്ഥയ്ക്ക് ഇതുണ്ടാക്കുന്ന മുറിവ് പരിശോധിക്കപ്പെടേണ്ടതാണ്. ഇതിലേക്ക് കടക്കുംമുൻപ് കണ്ണൂർ വി സി കേസിലെ സുപ്രീം കോടതി വിധിയെ ചുരുക്കി ഒന്നു മനസിലാക്കേണ്ടതുണ്ട്.

കണ്ണൂർ വിധിയുടെ 
അന്തഃസത്ത
സാങ്കേതികമായി പ്രൊഫ.ഗോപിനാഥ്രവീന്ദ്രന്റെ പുനർനിയമനം റദ്ദു ചെയ്തെങ്കിലും പുനർനിയമനം സംബന്ധിച്ച കേസിൽ ഉയർത്തപ്പെട്ട കാതലായ ആക്ഷേപങ്ങൾ കോടതി നിരാകരിക്കുകയാണ് ചെയ്തത്. സുപ്രീം കോടതി വിധി വാസ്തവത്തിൽ പ്രൊഫ.ഗോപിനാഥ് ര വീന്ദ്രന്റെയും സർവ്വകലാ ശാലയുടെയും ധാർമ്മികമായ വിജയമാണ്. സാങ്കേതികമായി പുനർനിയമനം റദ്ദു ചെയ്തതാകട്ടെ ചാൻസലർ ആയ ഗവർണറുടെ അങ്ങേയറ്റം അധാർമ്മികവും അവസരവാദപരവുമായ നിലപാടുകൊണ്ടാണു താനും. പ്രൊഫ.ഗോപിനാഥ് രവീന്ദ്രനെന്ന ഉന്നതനായ അക്കാദമിക പണ്ഡിതന്റെ യോഗ്യതയും സർവ്വകലാശാലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകളും കോടതി അംഗീകരിക്കുകയാണ് ചെയ്യുന്നത്.

നാലു കാര്യങ്ങളാണ് കോടതി വിശദമായി പരിശോധിച്ചത്. നിശ്ചിത കാലത്തേയ്ക്കുള്ള ഒരു നിയമനത്തിൽ(tenure post)പുനർനിയമനം സാദ്ധ്യമാണോ എന്നതായിരുന്നു പ്രധാന ചോദ്യം.പുനർ നിയമനം സാദ്ധ്യമാണ്,നിയമപരമാണ് എന്നാണ് സുപ്രീം കോടതിയുടെ കണ്ടെത്തൽ. ഈ തീരുമാനത്തിൽ എത്താനായി കോടതി നടത്തുന്ന ചർച്ച അതീവ പ്രധാനമാണ്. സർവ്വകലാശാലാ നിയമം പുനർനിയമനം അനുവദിക്കുന്നുണ്ട് എന്നു കണ്ടെത്തുന്ന പരമോന്നത കോടതി പുനർനിയമനത്തിന്റെ അന്തഃസത്ത എന്താണെന്നു പറയുന്നുണ്ട്. നിലവിൽ ചുമതല വഹിക്കുന്നയാളുടെ സംഭാവനകൾ അതുല്യവും അദ്ദേഹം സ്ഥാപനത്തിനു വലിയ സമ്പത്തായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുനർ നിയമനം വഴി അയാളെ തുടരാൻ (retain) അനുവദിക്കുന്നത് എന്നാണ് കോടതി പറഞ്ഞത്.ഈ നിരീക്ഷണത്തോടെയാണ് ഹർജ്ജിക്കാരുടെ പുനർ നിയമനത്തിനെതിരായ പ്രധാന വാദം കോടതി തള്ളിയത്. ഇവിടെ പ്രൊഫ.ഗോപിനാഥ് രവീന്ദ്രനെ തുടരാൻ അനുവദിക്കണം എന്ന പ്രോ-ചാൻസലറുടെ അഭിപ്രായത്തിന്റെ ഔചിത്യവും അതിന്റെ സദുദ്ദേശവും സുപ്രീം കോടതി അംഗീകരിക്കുകയല്ലേ ചെയ്യുന്നത്?

ഉയർന്ന പ്രായപരിധിയായ 60 വയസ് എന്നതു പുനർ നിയമനത്തിന് ബാധകമാണോ എന്ന ചോദ്യത്തിൽ ബാധകമല്ല എന്നാണ് സുപ്രീം കോടതി കണ്ടെത്തിയത്. അതായത് പ്രൊഫ .ഗോപിനാഥിനു അക്കാര്യത്തിലും യോഗ്യതയുണ്ട് എന്നർത്ഥം. ആദ്യ നിയമനത്തിലെന്ന പോലെ പുനർ നിയമനത്തിലും ഒരു സെലക്ഷൻ പാനൽ രൂപീകരിച്ച് അതേ നടപടികൾ ആവർത്തിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് കോടതിയുടെ കണ്ടെത്തൽ വേണ്ടതില്ല എന്നാണ്.

അപ്പോൾ കണ്ണൂർ വിസി നിയമനത്തിലെ പ്രശ്നങ്ങളായി ചൂണ്ടിക്കാണിക്കപ്പെട്ട കാതലായ കാര്യങ്ങളിൽ സുപ്രീം കോടതി സർവ്വകലാശാലയുടേയും സർക്കാരിന്റേയും നിലപാടുകൾ അംഗീകരിക്കുകയാണ് ചെയ്യുന്നത്.വി.സിയുടെ യോഗ്യത സംബന്ധിച്ചും കോടതിക്കു തർക്കമില്ല എന്നാണ് പറഞ്ഞത്.

പിന്നെങ്ങനെയാണ് പുനർ നിയമനം റദ്ദാക്കിയത്? നിയമന അധികാരി ബാഹ്യ സമ്മർദ്ദങ്ങൾക്കു വിധേയമായോ എന്നതാണ് നാലാമതായി കോടതി പരിഗണിച്ച വിഷയം. ഇതിൽ ഗവർണർ സ്വീകരിച്ച രാഷ്ട്രീയ ദുഷ്ട ലാക്കോടെയുള്ള അവസരവാദ നിലപാട് കോടതി മുഖവിലയ് ക്കെടുക്കുന്നു എന്നത് വാസ്തവത്തിൽ അത്ഭുതമുണ്ടാക്കുന്നതാണ്. പുനർ നിയമന ഉത്തരവിറക്കിയ ഗവർണർ കോൺഗ്രസ് അധ്യാപക സംഘടനാ നേതാവും കൂട്ടരും ഇത്തരമൊരു പരാതി ഉന്നയിക്കുമ്പോഴാണ് തന്റെ തന്നെ തീരുമാനത്തെ സമ്മർദ്ദ വിധേയം എന്നു വിലയിടിക്കുന്നത് എന്നു കാണണം.

ഗവർണർമാർ എക്സിക്യൂട്ടീവ് അധികാര വിനിയോഗത്തിലും ബില്ലുകൾ ഒപ്പിടുന്നതിലും സഭയിലെ പ്രസംഗത്തിലും വരെ മന്ത്രിസഭ പറയുന്നതു പോലെ പ്രവർത്തിക്കണം എന്നാണ് പൊതുവിൽ കോടതികൾ സ്വീകരിച്ചിട്ടുള്ള നിലപാട്. ഗവർണർ എല്ലാ കർത്തവ്യങ്ങളും മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചാണ് നിർവഹിക്കേണ്ടത് എന്നാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് Shamsher Singh vs State of Punjab (AIR 1974 SC 2192) കേസിൽ വ്യക്തമാക്കിയത്. “instead of surrendering it to a single summit soul whose deification is incompatible with the basics of our political architecture” എന്ന പദപ്രയോഗമാണ് കോടതി നടത്തുന്നത്.അതായത് ജനാധിപത്യത്തിനു കീഴ്പ്പെട്ടു വേണം കർത്തവ്യങ്ങൾ നിറവേറാൻ,അല്ലാതെ ബിംബങ്ങൾക്ക് ജനാധിപത്യത്തിൽ സ്ഥാനമില്ല എന്നാണ് കോടതി പറഞ്ഞത്. ഇതാണ് വ്യവസ്ഥാപിതമായ നിയമ വ്യാഖ്യാനം എന്നിരിക്കെ നിയസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടണം എന്ന മന്ത്രിസഭയുടെ ഉപദേശം സ്വീകരിക്കാൻ കൂട്ടാക്കാതെ നിയമ വിരുദ്ധമായി ബില്ലുകൾ വീറ്റോ ചെയ്യാൻ ഏതറ്റം വരെയും പോകുന്ന ഗവർണർ ഇവിടെ സമ്മർദ്ദത്തിന് അടിപ്പെട്ടു പോയി എന്ന നുണ പറഞ്ഞാൽ അതെങ്ങനെയാണ് മുഖവിലയ്ക്കെടുക്കുന്നത്?

പുനർ നിയമനം സാധ്യമാണ്, അതിൽ പ്രായ പരിധി ബാധകമല്ല, സെലക്ഷൻ പാനലോ ഫ്രഷ് സെലക്ഷനോ വേണ്ടതില്ല എന്നു കണ്ടു കഴിഞ്ഞാൽ പിന്നെ എന്തു കാതലായ പ്രശ്നമാണുള്ളത്?പുനർ നിയമനം എന്നതിനെ സുപ്രീം കോടതി തന്നെ വിലയിരുത്തുന്നത് നാം കണ്ടു.പ്രവർത്തന മികവും മിടുക്കുംകൊണ്ട് ഒരാളെ തുടരാൻ അനുവദിക്കുക. Retention എന്ന പദമാണ് കോടതി ഉപയോഗിക്കുന്നത്. നിലവിലുള്ളയാളെയല്ലേ ‘തുടരാൻ’ (retain) അനുവദിക്കാനാകൂ.

ഇയാൾ തുടരട്ടെ എന്നു അഭിപ്രായം പ്രോ ചാൻസലർ പറയുന്നു. ചാൻസലർ തീരുമാനം എടുത്ത് ഉത്തരവിറക്കിയല്ലേ നിയമനം നടന്നത് ? അതിനു ശേഷം ഈ തീരുമാനം എടുത്തയാൾ ഒരു പത്രക്കുറിപ്പിലൂടെ ഇത് താൻ initiate ചെയ്തതായിരുന്നില്ല എന്നു പറയുന്നത് പരിഗണിച്ച് അന്യഥാ പൂർണ്ണമായും ശരി എന്നു കണ്ടെത്തിയ ഒരു നിയമനം റദ്ദാക്കുന്നത് എത്രകണ്ട് യുക്തി ഭദ്രമാണ്. ഇതെങ്ങിനെയാന് അവിഹിത ഇടപെടലാകുന്നത്? താനല്ല ഉത്തരവിട്ടത് എന്ന ഒരു കേസ് ചാൻസലർക്കുണ്ടായിരുന്നില്ലല്ലോ?

സർവ്വകലാശാലാ നിയമം വഴി സ്ഥാപിതമായ പ്രോ ചാൻസലറുടെ അഭിപ്രായം അവിഹിത ഇടപെടലാണ് എന്നു കണ്ടെത്തുന്ന വിധിയുടെ മറവിൽ കേരളത്തിലെ ജനങ്ങൾ തിരസ്കരിച്ച ആർ.എസ്.എസിനെ സർവ്വകലാശാലകളിൽ പിൻവാതിലിലൂടെ കുടിയിരുത്തുകയാണ് ഇപ്പോൾ ഗവർണർ ചെയ്യുന്നത്. കോടതിയുടെ മനോഗതിക്കു കടകവിരുദ്ധമായാണ് ഗവർണർ വിധിയെ ഉപയോഗിക്കുന്നത് എന്നു പറയുന്നതിന്റെ കാരണമിതാണ് . അങ്ങേയറ്റത്തെ ജനാധിപത്യ ധ്വംസനമാണ് ഗവർണർ നടത്തുന്നത്.

ജനഹിതം അട്ടിമറിക്കുന്ന 
കാവിവൽക്കരണം
ജനങ്ങൾ അംഗീകരിക്കാത്ത ആർഎസ്എസ് പ്രതിനിധികളെ സർവ്വകലാശാലാ സെനറ്റിൽ കുത്തിത്തിരുകിയാണ് ആരിഫ് മുഹമ്മദ് ഖാൻ കോടതിയുടെ അയുക്തികമെങ്കിലും സദുദ്ദേശപരമായ വിധിയെ ദുരുപയോഗം ചെയ്യുന്നത്. കണ്ണൂർ വി.സി യെ തന്നിഷ്ട പ്രകാരം നിയമിക്കും എന്നും ഗവർണർ പ്രഖ്യാപിച്ചു. സ്റ്റാറ്റ്യൂട്ടറി അതോറിറ്റി എന്നാൽ തന്നിഷ്ടമെന്നു വ്യാഖ്യാനിച്ചു കൊണ്ടാണ് അദ്ദേഹം ഈ ആർഎസ്എസ് സേവ നടത്തുന്നത്.

സർവ്വകലാ ശാല എന്നാൽ നിയമപരമായി എന്താണ്? കണ്ണൂർ സർവ്വകലാശാലാ നിയമം പറയുന്നത് ഇതാണ്. “ The Chancellor, the Pro-Chancellor, the Vice Chancellor, the Pro-Vice-Chancellor and the members of the Senate, the Syndicate and the Academic Council, for the time being, shall constitute a body corporate by the name the “Kannur University” ഇതാണ് സർവ്വകലാശാല. പ്രോ- ചാൻസലർ കൂടി ചേരുന്നതാണ് സർവ്വകലാശാല എന്നു പ്രത്യേകം ശ്രദ്ധിക്കണം. ഇതിനുള്ളിൽ നടക്കുന്ന ആശയ വിനിമയം പുറം സമ്മർദ്ദമായി വ്യാഖ്യാനിക്കപ്പെടുമ്പോഴാണ് എവിടെ നിന്നോ കിട്ടുന്ന കാവിക്കാരെ ആരിഫ് മൊഹമ്മദ് ഖാൻ സെനറ്റിൽ കുത്തി നിറയ്ക്കുന്നത്. ചാൻസലർ എന്ന നിലയിൽ ഗവർണർ ആരെയാണ് സെനറ്റിൽ നോമിനേറ്റ് ചെയ്യേണ്ടത്? സർവ്വകലാ ശാല എന്നു നിയമം നിർവ്വചിച്ചിരിക്കുന്ന ഒരു ഓഫീസിനോടും ആലോചിക്കേണ്ടതില്ല എന്ന സ്ഥിതി എങ്ങനെയാണ് ജനാധിപത്യപരമാകുന്നത്?: എങ്ങനെയാണ് സ്വതന്ത്രമാകുന്നത്? ഗവർണറുടെ കൂറ് കേന്ദ്ര ഭരണ കക്ഷിയോടാണ് എന്നാണ് കമ്മീഷനുകൾ പറഞ്ഞതും അനുഭവം തെളിയിച്ചതും. ഇവിടെ ആരിഫ് മുഹമ്മദ് ഖാൻ അനിതരസാധാരണമാംവിധം ആർഎസ്എസ് വിധേയത്തം പ്രകടിപ്പിച്ചുകൊണ്ടു ചെയ്യുന്നതെന്താണ്? കേരളത്തിലെ ജനങ്ങൾ അംഗീകരിക്കാത്ത ഒരു രാഷ്ട്രീയ, പ്രത്യയശാസ്ത്ര ധാരയെ പിൻവാതിൽവഴി സർവ്വകലാശാലകളിൽ അവരോധിക്കുകയാണ് ചെയ്യുന്നത്. ഈ സ്ഥിതിക്ക് ആധാരമായ ചാൻസലർ സ്ഥാനം എടുത്തു മാറ്റുകയല്ലാതെ മറ്റെന്താണ് പോംവഴി?

നിയമനിർമ്മാണ 
അധികാരത്തിനും 
ഗവർണറുടെ വീറ്റോ
സങ്കുചിത രാഷ്ട്രീയ ദുഷ്ടലാക്കോടുള്ള ഗവർണറുടെ ഈ അധികാര ദുർവിനിയോഗമാണ് സർവ്വകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറെ ഒഴിവാക്കി പ്രമുഖരായ അക്കാദമിക വിദഗ്ധരെ കൊണ്ടുവരാൻ കേരളം തീരുമാനിക്കുന്നതിന്റെ പശ്ചാത്തലം. ഈ നിയമ നിർമ്മാണം വീറ്റോ ചെയ്യുകയാണ് ആരിഫ് മുഹമ്മദ് ഖാൻ ചെയ്തത്. നിയമസഭയുടെയും തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെയും അധികാരത്തെയും ചുമതലകളെയും അപ്രസക്തമാക്കിയും അസാധുവാക്കിയും നടക്കുന്ന ഈ നീക്കങ്ങളെ സർവ്വകലാശാലകളെ രക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ അവതാര ഉദ്ദേശ്യം എന്ന നിലയിൽ കൊണ്ടാടുന്ന കുറേ മാധ്യമങ്ങളുണ്ട്. ഈ ചാൻസലർ പദവികൊണ്ട് ഗവർണർമാരെ ബുദ്ധിമുട്ടിക്കുന്ന രീതി സംസ്ഥാന നിയമ സഭകൾ നിർത്തണം എന്നു പറഞ്ഞ എം എം പൂഞ്ചി കമ്മീഷന്റെ വാക്കുകൾ ഇവിടെ പ്രസക്തമാണ്. ഗവർണർമാരെ സർവ്വകലാശാലാ ചാൻസലർ ആക്കുന്ന രീതിയ്ക്കു പണ്ടുണ്ടായിരുന്ന പ്രസക്തി ഇല്ലാതായിരിക്കുന്നു എന്നാണ് പൂഞ്ചി കമ്മീഷൻ പറഞ്ഞത്. തെരഞ്ഞെടുക്കപ്പെട്ട മന്ത്രി സഭയ്ക്കും സർക്കാരിനും സർവ്വകലാശാലാ നടത്തിപ്പിൽ ഉള്ള താൽപ്പര്യമാണ് സ്വാഭാവികം എന്നും കമ്മീഷൻ പറഞ്ഞു വെച്ചു.

ഭരണഘടനയിലോ, യുജിസി നിയമത്തിലോ ചട്ടങ്ങളിലോ എവിടെയെങ്കിലും ചാൻസലർ ആരാകണം എന്നു പറയുന്നുണ്ടോ? സർവ്വകലാശാലകൾ രൂപീകരിക്കുന്നതും നിയന്ത്രിക്കുന്നതുമായ നിയമങ്ങൾ ഉണ്ടാക്കാനുള്ള അധികാരം സംസ്ഥാന നിയമ സഭയ്ക്കാണ് ഭരണഘടന നൽകുന്നത്. ഈ അധികാരം ഉപയോഗിച്ചാണ് നിയമസഭ വിവിധ സർവ്വകലാശാലാ നിയമങ്ങൾ നിർമ്മിക്കുന്നത്. ആ നിയമങ്ങളാണ് ബന്ധപ്പെട്ട സർവ്വകലാ ശാലയുടെ ചാൻസലർ ആര് എന്നു നിർണ്ണയിക്കുന്നത്. ഗവർണർ പറയുന്നതുപോലെ ഭരണഘടനയുടെ ഒരു സ്ഥലത്തും ഗവർണർ സർവ്വകലാശാലയുടെ ചാൻസലർ ആകണം എന്നു പറയുന്നതേയില്ല, അത്തരം എന്തെങ്കിലും കീഴ്-വഴക്കവുമില്ല. നിയമസഭ നിർമ്മിച്ച നിയമം അങ്ങനെ വ്യവസ്ഥ ചെയ്തിരിക്കുന്നതുകൊണ്ടാണ് ഇപ്പോൾ ഗവർണർ സർവ്വകലാശാലയുടെ ചാൻസലർ ആയിരിക്കുന്നത്. അതു മാറ്റാനുള്ള അധികാരവും നിയമസഭയ്ക്കുതന്നെയാണ്. ആ നിയമ നിർമ്മാണം വൈകിക്കാൻ മാത്രമേ ആരിഫ് മുഹമ്മദ് ഖാനും ആർഎസ്എസിനും കഴിയൂ. അതാണ് പഞ്ചാബ് കേസിലെ വിധി തെളിയിക്കുന്നത്. കണ്ണൂർ കേസിലെ ദൗർഭാഗ്യകരമായ വ്യാഖ്യാനം ഉപയോഗിച്ചുകൊണ്ടു ഗവർണർ നടത്തുന്ന കാവിവൽക്കരണ ശ്രമങ്ങൾക്ക് അധികം ആയുസ് ഉണ്ടാകാൻ വഴിയില്ല. ഒപ്പിടാത്ത ഗവർണറുടെ നടപടിയും അതുണ്ടാക്കിയ കോടതി വ്യവഹാരങ്ങളും പ്രത്യേക വിഷയമാണ്. അതിവിടെ വിശദമായി പറയുക സാധ്യമല്ല.

സർവ്വകലാശാലകളിൽ കാവിക്കാരെ കുടിയിരുത്താൻ ഗവർണർ നടത്തുന്ന നീക്കങ്ങൾക്ക് അരുനിൽക്കുന്നതിനു കിട്ടുന്ന അപ്പത്തുണ്ടുകൾ രുചിച്ചു സർവ്വകലാശാലാ ജനാധിപത്യം സംരക്ഷിക്കാൻ അക്ഷീണം യത്നിക്കുന്ന കോൺഗ്രസ് സുഹൃത്തുക്കളാണ് നമ്മുടെ ദുര്യോഗം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × 4 =

Most Popular