Thursday, May 2, 2024

ad

Homeരാജ്യങ്ങളിലൂടെ‘‘ഒരടിപോലും പിന്നോട്ടില്ല’’: അർജന്റീനയിൽ ദേശീയ പണിമുടക്ക്‌

‘‘ഒരടിപോലും പിന്നോട്ടില്ല’’: അർജന്റീനയിൽ ദേശീയ പണിമുടക്ക്‌

ആര്യ ജിനദേവൻ

പ്രസിഡന്റ്‌ ഹാവേർ മിലിയുടെ തൊഴിലാളിവിരുദ്ധ ജനവിരുദ്ധ നിയമനിർമാണത്തിനെതിരായി അർജന്റീനയിലെ തൊഴിലാളിവർഗത്തിന്റെ നേതൃത്വത്തിൽ ജനുവരി 24ന്‌ നടത്തിയ ദേശീയ പൊതുപണിമുടക്ക്‌ ലക്ഷക്കണക്കിനാളുകളുടെ പങ്കാളിത്തംകൊണ്ടുതന്നെ ചരിത്രം സൃഷ്ടിച്ചു. തീവ്ര വലതുപക്ഷവാദിയായ ഹാവേർ മിലി 2023 ഡിസംബർ 20ന്‌ അധികാരത്തിലേറി പത്തുദിവസത്തിനുള്ളിൽ കൊണ്ടുവന്ന രണ്ട്‌ കരട്‌ നിയമങ്ങൾക്ക്‌, Decree of Necessity and Urgency (DNU), ഒമ്‌നിബസ്‌ നിയമം (Omnibus Law) എതിരായാണ്‌ ജനങ്ങൾ തെരുവിലിറങ്ങിയത്‌. അതിതീവ്രമായ സ്വകാര്യവൽക്കരണം, ചെലവുചുരുക്കൽ, തൊഴിലാളികളുടെ അവകാശങ്ങൾ വെട്ടിച്ചുരുക്കൽ, രാജ്യത്തിന്റെ ദേശീയ പരമാധികാരത്തെ അപകടത്തിലാക്കൽ, നിലവിലുള്ള നിയമപരമായ നിയന്ത്രണങ്ങൾ നീക്കംചെയ്യൽ എന്നിങ്ങനെ തികച്ചും കോർപറേറ്റനുകൂലവും അതേസമയം ജനവിരുദ്ധവുമായ നിയമങ്ങളാണ്‌ ഇവ രണ്ടും. തൊഴിലാളികളെ മാത്രമല്ല, സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന ഈ നിയമത്തിനെതിരെ ജനങ്ങൾ നിരന്തരം തെരുവിൽ പ്രക്ഷോഭത്തിലാണ്‌. കഴിഞ്ഞ ഏതാനും ആഴ്‌ചകളായി നൂറുകണക്കിന്‌ ട്രേഡ്‌ യൂണിയനുകൾ, ബഹുജനപ്രസ്ഥാനങ്ങൾ, സാംസ്‌കാരിക സംഘടനകൾ, ഇടതുപക്ഷവിഭാഗങ്ങൾ, സാമൂഹ്യസംഘടനകൾ, മനുഷ്യാവകാശ സംഘടനകൾ എന്നിവയെല്ലാം മിലിയുടെ കാടൻ നിയമപരിഷ്‌കാരങ്ങൾക്കെതിരായി തെരുവിലാണ്‌.

ദേശീയ പണിമുടക്കിൽ പങ്കെടുത്ത ജനങ്ങൾ തലസ്ഥാനമായ ബ്യൂണസ്‌ അയേഴ്‌സ്‌ വളഞ്ഞു. അഭൂതപൂർവമായ ജനപ്രളയത്തിനാണ്‌ ബ്യൂണസ്‌ അയേഴ്‌സ്‌ അന്ന്‌ സാക്ഷ്യംവഹിച്ചത്‌. സമാനമായ പ്രകടനങ്ങളും പ്രതിഷേധ കൂട്ടായ്‌മകളും അർജന്റീനയുശട പ്രധാന നഗരങ്ങളിലെല്ലാം നടക്കുകയുണ്ടായി. ജനറൽ കോൺഫെഡറേഷൻ ഓഫ്‌ ലേബർ (സിജിടി), അർജന്റൈൻ വർക്കേഴ്‌സ്‌ സെൻട്രൽ യുണിയൻ, അർജന്റൈൻ വർക്കേഴ്‌സ്‌ സെൻട്രൽ യൂണിയൻ (ആട്ടോണമസ്‌) എന്നീ പ്രസ്ഥാനങ്ങളാണ്‌ പണിമുടക്ക്‌ പ്രക്ഷോഭത്തിന്റെ നായകസ്ഥാനത്ത്‌ നിലകൊണ്ടത്‌. വിദ്യാഭ്യാസം, നിർമാണം, സിവിൽ സർവീസ്‌, ഭക്ഷ്യസംസ്‌കരണം, ആരോഗ്യസുരക്ഷ, ഖനനവും ലോഹപ്പണിയും, ഹോട്ടലുകൾ, വാണിജ്യ ഗതാഗതം (ട്രക്ക്‌, കപ്പൽ തുടങ്ങിയ), പൊതുഗതാഗതം (ബസുകൾ, ട്രെയിനുകൾ തുടങ്ങിയവ), സർക്കാർ ജീവനക്കാർ, ആട്ടോ വ്യവസായം, ടെക്‌സ്‌റ്റെൽ, റിയൽ എസ്‌റ്റേറ്റ്‌, കോടതികൾ, മ്യൂസിക്‌ വ്യവസായം, വിവരസാങ്കേതികവിദ്യ എന്നീ മേഖലകളിലെ തൊഴിലാളികളുടെ യൂണിയനുകളെയെല്ലാം പ്രതിനിധീകരിക്കുന്ന യൂണിയനുകളുടെ കോൺഫെഡറേഷനുകളാണിവ. എന്നുവെച്ചാൽ അർജന്റീനയിലെ തൊഴിലാളിവർഗം ഏതാണ്ട്‌ പൂർണമായും ഈ പണിമുടക്ക്‌ പ്രക്ഷോഭത്തിൽ ഭാഗമായി എന്നർഥം.

ഡിഎൻയു നിയമം
ഡിസംബർ 20ന്‌, അതായത്‌ അധികാരത്തിലേറി പത്താംദിവസമാണ്‌ മിലി ഡിക്രി ഓഫ്‌ നെസസിറ്റി ആന്റ്‌ അർജൻസി (DNU) 70/2023 നിയമത്തിന്റെ കരട്‌ അവതരിപ്പിച്ചത്‌. ‘‘അർജന്റീനയുശട സന്പദ്‌ഘടനയെ പുനർനിർമിക്കാനുള്ള അടിത്തറകൾ’’ എന്ന്‌ തലക്കെട്ടും നൽകിയിരിക്കുന്ന ഡിഎൻയു നിയമത്തിൽ 350ലേറെ ആർട്ടിക്കിളുകൾ അടങ്ങിയിട്ടുണ്ട്‌. നിലവിലുള്ള 70ലേറെ നിയമങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണ്‌ ഈ പുതിയ നിയമം. ഊർജം, കയറ്റുമതി, ക്രെഡിറ്റ്‌ കാർഡ്‌ വ്യവസായം, ഗതാഗതം, വ്യോമയാനമേഖല, ആരോഗ്യസുരക്ഷ, വിവരവിനിമയം, ടൂറിസം തുടങ്ങി അർജന്റൈൻ സന്പദ്‌ഘടനയിലെ സുപ്രധാന മേഖലകളിൽ നിലവിൽ ഗവൺമെന്റിനുള്ള നിയന്ത്രണം ഈ കരട്‌ നിയമം നീക്കംചെയ്യുന്നു. മാത്രമല്ല, മുഖ്യ സർക്കാർ കന്പനികളുടെയും ദേശീയ ബാങ്കിന്റെയും സ്വകാര്യവൽക്കരണവും ഈ നിയമം പ്രദാനം ചെയ്യുന്നു; വിദേശനിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഡിഎൻയു കരട്‌ നിയമം പണിമുടക്കുവാനുള്ള അവകാശം, ഓവർടൈം കൂലിക്കുള്ള അവകാശം തുടങ്ങി തൊഴിലാളികളുടെയും ട്രേഡ്‌ യൂണിയനുകളുടെയും അവകാശങ്ങൾക്കു തുരങ്കംവെയ്‌ക്കുകയും ചെയ്യുന്നു.

ഒമ്‌നിബസ്‌ നിയമം
മിലി മുന്നോട്ടുവച്ചിട്ടുള്ള ജനവിരുദ്ധ നിയമമായ ഒമ്‌നിബസ്‌ നിയമത്തിന്റെ ഔദ്യോഗിക നാമം, ‘അർജന്റീനക്കാരുടെ സ്വാതന്ത്ര്യത്തനുള്ള അടിത്തറയും ആരംഭബിന്ദുവും’ എന്നാണ്‌. 2023 ഡിസംബർ 27ന്‌ മിലി അർജന്റൈൻ കോൺഗ്രസിൽ വച്ച ഈ നിയമത്തിൽ 664ലേറെ ആർട്ടിക്കിളുകൾ അടങ്ങിയിരിക്കുന്നു. ആദ്യത്തെ കരട്‌ നിയമമായ ഡിഎൻയുവിൽ പറഞ്ഞിട്ടുള്ള ‘സർക്കാർ നിയന്ത്രണം നീക്കംചെയ്യൽ’ പരിപാടിയെ കൂടുതൽ ദ്രുതഗതിയിലാക്കുന്ന ഒമ്‌നിബസ്‌ നിയമം, ജീവിതത്തിന്റെ സുപ്രധാന മേഖലകളിലേക്ക്‌ ആ പരിപാടി വ്യാപിപ്പിക്കുന്നു. തൊഴിലാളികളുടെ അവകാശങ്ങളെയും പൗരരുടെ അവകാശങ്ങളെയും കടന്നാക്രമിക്കുന്ന ഈ നിയമം വഴി ‘‘തെരുവുകൾ നിയന്ത്രണത്തിലാക്കുന്നതിനുവേണ്ടി’’ എന്നു പറഞ്ഞ്‌ പീനൽ കോഡിൽ മാറ്റം വരുത്തി തെരുവിൽ പ്രതിഷേധിക്കുന്നവരെ ജാമ്യം നൽകാതെ ശിക്ഷിക്കാനുള്ള വകുപ്പ്‌ സാധ്യമാക്കുന്ന ഒന്നാണ്‌. അതുപോലെ വ്യോമമേഖല, സർക്കാർ ടെലികമ്യൂണിക്കേഷൻ കന്പനി, തീവണ്ടി, വാട്ടർ ആന്റ്‌ സീവേജ്‌ തുടങ്ങിയ മേഖലകളുടെ സ്വകാര്യവൽക്കരണവും കൂടി ഈ കരട്‌ നിയമം പ്രദാനം ചെയ്യുന്നു. വിദേശികൾക്കുള്ള സൗജന്യ ഉന്നതവിദ്യാഭ്യാസം നീക്കംചെയ്യുകയും ഒപ്പം എൻട്രൻസ്‌ പ്രവേശനത്തിൽ മാറ്റംവരുത്തിയും മൊത്തം ബജറ്റിലെ നീക്കിയിരിപ്പ്‌ വെട്ടിക്കുറച്ചും രാജ്യത്തെ പൊതുവിദ്യാഭ്യാസമേഖല തകർക്കുന്ന പരിഷ്‌കാരങ്ങളും ഈ നിയമത്തിലുണ്ട്‌. പെൻഷൻ പറ്റിയവരെയടക്കം കടന്നാക്രമിക്കുന്ന ഈ നിയമം സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ദ്രോഹിക്കുന്ന ഒന്നാണ്‌. അതുകൊണ്ടുതന്നെയാണ്‌ വിവിധ ജനവിഭാഗങ്ങൾ ഒന്നടങ്കം മിലിയുടെ പരിഷ്‌കാരങ്ങൾക്കെതിരെ തെരുവിലിറങ്ങിയത്‌.

അർജന്റീനിയൻ ജനതയുടെ ഈ പോരാട്ടത്തിന്‌ വ്യാപകമായ തോതിൽ അന്താരാഷ്‌ട്ര പിന്തുണയും ലഭിക്കുകയുണ്ടായി. ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും കരീബിയയിലുമുള്ള ട്രേഡ്‌ യൂണിയനുകളും ഒപ്പം പാകിസ്ഥാൻ, ഇറ്റലി, സ്വിറ്റ്‌സർലാൻഡ്‌, കാനഡ, നെതർലാൻഡ്‌, സ്‌പെയിൻ, ദക്ഷിണ കൊറിയ തുടങ്ങി വിവിധ രാജ്യങ്ങളിലെ ട്രേഡ്‌ യൂണിയനുകളും അർജന്റീനയിലെ പ്രക്ഷോഭങ്ങൾക്ക്‌ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്‌ അതത്‌ രാജ്യങ്ങളിലെ അർജന്റൈൻ എംബസികളിലേക്ക്‌ പ്രതിഷേധ മാർച്ചുകൾ നടത്തുകയുണ്ടായി. 163 രാജ്യങ്ങളിൽനിന്നായി 191 ദശലക്ഷം തൊഴിലാളികളെ ഒന്നിച്ചണിനിരത്തുന്ന ഇന്റർനാഷണൽ ട്രേഡ് യൂണിയൻ കോൺഫെഡറേഷൻ (ITUC) ‘‘മിലിയുടെ ഷോക്ക്‌ തെറാപ്പി’’ക്കെതിരായി അർജന്റീനയിലെ തൊഴിലാളികൾ നടത്തുന്ന ദേശീയ പണിമുടക്കിന്‌ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്‌ പ്രസ്‌താവന ഇറക്കുകയുണ്ടായി. ചുരുക്കത്തിൽ തീവ്ര വലതുപക്ഷ ആശയങ്ങളുമായി മുന്നോട്ടുപോകുന്ന മിലിയുടെ നയപരിഷ്‌കാരങ്ങൾക്കെതിരായി അർജന്റീനയിലെ ജനങ്ങൾ നടത്തുന്ന പോരാട്ടം സാർവദേശീയ ശ്രദ്ധയാകർഷിക്കുന്ന, ചരിത്രപ്ര‌ധാനമായ പോരാട്ടമായി മാറുകയാണ്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × two =

Most Popular