പുതിയ കുപ്പിയിൽ
പഴയ വീഞ്ഞ്
ഒപ്പം കുറച്ച് വിഷവും ‐ 2
ക്രിമിനൽ നടപടിക്രമത്തിനു പകരമായി പാർലമെന്റ് പാസാക്കിയ ഭാരതീയ നാഗരിക് സുരക്ഷ സംഹിത പൗരരുടെ വ്യക്തിസ്വാതന്ത്ര്യത്തെ വെട്ടിച്ചുരുക്കുന്നതും പൊലീസ് രാജിന് വഴിയൊരുക്കുന്നതുമാണ്. 1973 ലെ ക്രിമിനൽ നടപടിക്രമങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്താതെ ജനാധിപത്യവിരുദ്ധവും പൗരാവകാശങ്ങളെ അടിച്ചർത്തുന്നതുമായ വകുപ്പുകൾ ഉൾപ്പെടുത്തുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്. ക്രിമിനൽ കേസുകളുടെ വിചാരണകൾ വേഗത്തിലാക്കാനും, ഇരകൾക്ക് വേഗത്തിൽ നീതി ഉറപ്പുവരുത്താനും സാക്ഷികൾക്ക് സംരക്ഷണം ഉറപ്പുവരുത്താനും ഉള്ള നിർദ്ദേശങ്ങൾ ഭാരതീയ നാഗരിക് സുരക്ഷ സംഹിതയിൽ ഇല്ലെന്നു മാത്രമല്ല സാങ്കേതികവിദ്യയുടെ നേട്ടങ്ങളെ കോടതി നടപടികളിൽ പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമം നടത്തിയിട്ടുമില്ല.
ഭാരതീയ നാഗരിക് സുരക്ഷ സംഹിതയിൽ ഒട്ടും വ്യക്തതയില്ലാത്തതും ഒരു കുറ്റവാളിയായി സംശയിച്ച് അറസ്റ്റുചെയ്യപ്പെടുന്ന വ്യക്തികളുടെ അവകാശങ്ങളെ ഹനിക്കുന്നതുമായ ഭാഗമാണ് പ്രതികളുടെ പൊലീസ് കസ്റ്റഡിയുമായി ബന്ധപ്പെട്ട 187-–ാം വകുപ്പ്. ജുഡീഷ്യൽ കസ്റ്റഡിയും പൊലീസ് കസ്റ്റഡിയും തമ്മിൽ ഉള്ള വ്യത്യാസം നിർവ്വചിക്കാതെ തടവിനെക്കുറിച്ച് മാത്രമാണ് ഈ വകുപ്പിൽ വ്യക്തമാക്കുന്നത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 167 പ്രകാരം ഒരു പ്രതി അറസ്റ്റ് ചെയ്യപ്പെട്ടാൽ ആദ്യ 15 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ട് മജിസ്ട്രേട്ടിനു മുമ്പാകെ അപേക്ഷ നൽകാം. എന്നാൽ ഭാരതീയ നാഗരിക് സുരക്ഷ സംഹിത വകുപ്പ് 187 പ്രകാരം ഒരു പ്രതി 10 വർഷത്തിന് താഴെയുള്ള ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന്റെ പേരിലാണ് അറസ്റ്റുചെയ്യപ്പെടുന്നതെങ്കിൽ 40 ദിവസത്തിനകവും 10 വർഷത്തിനു മുകളിൽ ശിക്ഷ കിട്ടുന്ന കുറ്റകൃത്യത്തിനാണ് അറസ്റ്റുചെയ്യപ്പെടുന്നതെങ്കിൽ ആദ്യ അറുപത് ദിവസത്തിനകവും പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയാൽ മതി. മാത്രമല്ല ആദ്യ 40/60 ദിവസ കാലാവധിക്കുള്ളിൽ മസ്ജിസ്ട്രേട്ടിന് എത്ര ദിവസം വേണമെങ്കിലും പൊലീസ് കസ്റ്റഡിക്ക് ഉത്തരവിടാം എന്നത് പരമാവധി 15 ദിവസം വരെ പൊലീസ് കസ്റ്റഡി എന്ന ക്രിമിനൽ നടപടിക്രമത്തിലെ വകുപ്പുകൾക്ക് കടകവിരുദ്ധമാണ്. ഇത് വെറും സംശയത്തിന്റെ പേരിൽ വരെ അറസ്റ്റുചെയ്യപ്പെടുന്ന പ്രതികളെ സംബന്ധിച്ച് സാമൂഹ്യനീതിയുടെ നിഷേധവും വ്യക്തികളുടെ ആത്മധൈര്യത്തെ തകർക്കുന്നതും ആണ്.
ഭാരതീയ നാഗരിക് സുരക്ഷ സംഹിതയിലെ പൊലീസിന് അമിതാധികാരം നൽകുന്ന വകുപ്പാണ് 173. മൂന്നു വർഷത്തിനും ഏഴ് വർഷത്തിനും ഇടയിൽ ശിക്ഷ കിട്ടാവുന്ന ഒരു കേസിനെക്കുറിച്ച് പരാതി ലഭിച്ചാൽ ഒരു പൊലീസ് ഓഫീസർക്ക് പെട്ടെന്ന് കേസ് രജിസ്റ്റർ ചെയ്യേണ്ടതില്ല. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം ഒരു ഡി.വൈ.എസ്.പി യിൽ താഴെയല്ലാത്ത പൊലീസ് ഉദ്യോഗസ്ഥന്റെ അനുവാദം തേടിയശേഷം പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെന്ന് തോന്നിയാൽ മാത്രം പതിനാല് ദിവസത്തിനകം കേസ് രജിസ്റ്റർ ചെയ്താൽ മതി. ഒരു പരാതി ലഭിച്ചാൽ അത് രജിസ്റ്റർ ചെയ്യുന്നതിലുള്ള ഈ നീണ്ട കാലതാമസം തെളിവുകൾ നശിപ്പിക്കുന്നതിനും സാക്ഷികളെ സ്വാധീനിക്കുന്നതിനും ഇരകൾക്ക് വിവിധ തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതിനും കാരണമാകും. ഒരു പരാതി ലഭിച്ചാൽ കേസ് രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട ലളിതകുമാരി കേസിലെ സുപ്രീം കോടതി വിധിക്ക് വിരുദ്ധമാണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 173 -–ാം വകുപ്പ്. മാത്രമല്ല 10 വർഷത്തിനു താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളെ സംബന്ധിച്ച കേസുകളിൽ 60 ദിവസത്തിനുള്ളിലും 10 വർഷത്തിനു മുകളിൽ ശിക്ഷ കിട്ടുന്ന കുറ്റകൃത്യവുമായി ബന്ധപ്പെട്ട കേസുകളിൽ 90 ദിവസത്തിനുള്ളിലും കുറ്റപത്രം സമർപ്പിക്കണമെന്ന ക്രിമിനൽ നടപടി ക്രമത്തിലെ നിർബന്ധിത നിർദ്ദേശം ഭാരതീയ നാഗരിക് സുരക്ഷ സംഹിതയിലില്ല. അസാധാരണ കാലതാമസം ഇല്ലാതെ അന്വേഷണം പൂർത്തീകരിക്കണം എന്നു മാത്രമാണ് പുതിയ സംഹിതയിലുള്ളത്. ഇതും ഇരകൾക്ക് വേഗത്തിൽ നീതി ലഭിക്കുന്നതിന് തടസമാകും.
അറസ്റ്റുമായി ബന്ധപ്പെട്ട വകുപ്പ് 43 മനുഷ്യാവകാശങ്ങളെ ലംഘിക്കുന്നതും ശക്തമായ എതിർപ്പ് വിളിച്ചുവരുത്തുന്നതുമാണ്. ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഒരു വ്യക്തിയെ അറസ്റ്റുചെയ്യുമ്പോൾ അയാൾ അറസ്റ്റിനെ എതിർത്താലും അയാളുടെ മരണം സംഭവിക്കുന്ന തരത്തിലുള്ള പ്രവൃത്തികൾ ചെയ്യാൻ പാടില്ല എന്നാണ് 43 –ാം വകുപ്പിൽ നിർദ്ദേശിക്കുന്നത്. എന്നാൽ വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കുന്ന കുറ്റകൃത്യത്തിൽ ഉൾപ്പെടുന്നവരൊഴികെയുള്ളവരുടെ മരണം സംഭവിക്കാൻ പാടില്ല എന്ന 43 (4 ) ഉപവകുപ്പിൽ പ്രത്യേകം എടുത്തുപറയുന്നത് എക്സ്ട്രാ ജുഡീഷ്യൽ ഏറ്റുമുട്ടൽ കൊലപാതകങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും അവയ്-ക്ക് നിയമ സാധൂകരണം നൽകുന്നതുമാണ്.
ക്രിമിനൽ നടപടിക്രമങ്ങളിലെ ഭാര്യക്കും കുട്ടികൾക്കും മാതാപിതാക്കൾക്കും പരിപാലനത്തുക നൽകാനുള്ള 125 –ാം വകുപ്പിനു പകരമായി ഭാരതീയ നാഗരിക് സുരക്ഷ സംഹിതയിൽ ഉൾപ്പെടുത്തിയ വകുപ്പ് 144- പൂർണ്ണമായും സ്ത്രീവിരുദ്ധമാണ്. ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട സ്ത്രീക്കും കുട്ടികൾക്കും പരിപാലനത്തുക നൽകുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ വിധിന്യായങ്ങൾക്ക് എതിരാണ് വകുപ്പ് 144 (4). പരപുരുഷ ബന്ധം ആരോപിച്ച് ഭർത്താവിന് ഭാര്യക്ക് നിയമപരമായി നൽകേണ്ട പരിപാലനത്തുക നിരസിക്കാം എന്ന 144 (4) ഉപവകുപ്പ് സ്ത്രീവിരുദ്ധവും അപരിഷ്കൃതവുമാണ്.
ക്രിമിനൽ നടപടിക്രമപ്രകാരം ഒരു കേസിന്റെ കുറ്റപത്രം സമർപ്പിച്ചു കഴിഞ്ഞാൽ പ്രതിക്ക് എപ്പോൾ വേണമെങ്കിലും ഡിസ്ചാർജ്ജിന് അപേക്ഷ സമർപ്പിക്കാവുന്നതാണ്. എന്നാൽ ഇതിനുപകരമായി ഭാരതീയ നാഗരിക് സുരക്ഷ സംഹിതയുടെ വകുപ്പ് 262 പ്രകാരം അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിക്കുന്ന ഒരു കേസിലെ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ കോടതി കുറ്റപത്രം തയ്യാറാക്കി വായിച്ചതിനു ശേഷം 60 ദിവസത്തിനുള്ളിൽ ഡിസ്ചാർജ് അപേക്ഷ സമർപ്പിക്കണം. കോടതി കറ്റപത്രം വായിക്കുമ്പോൾ തന്നെ പ്രതി കുറ്റം നിഷേധിക്കുകയോ കുറ്റം സമ്മതിക്കുകയോ ചെയ്യും. അതിനുശേഷം ഡിസ്ചാർജ് അപേക്ഷ സമർപ്പിക്കുക എന്നത് അസംബന്ധ സാഹചര്യങ്ങൾ സൃഷ്ടിക്കുമെന്ന് മാത്രമല്ല അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിക്കുന്ന കുറ്റപത്രത്തിൽ യാതൊരു തെളിവും ഇല്ലെങ്കിലും കുറ്റാരോപണത്തിൽ നിന്നും ഡിസ്ചാർജ് ചെയ്യാനുള്ള പ്രതികളുടെ അവകാശം നിഷേധിക്കപ്പെടും.
ഏറെ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തുകയും സുപ്രീം കോടതി വിവിധ ഘട്ടങ്ങളിൽ ഇടപെടുകയും ചെയ്ത വകുപ്പായിരുന്നു ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 A – രാജ്യദ്രോഹ കുറ്റവും ക്രിമിനൽ നടപടിക്രമത്തിലെ വകുപ്പ് 108 ഉം. 124 A വകുപ്പിനു പകരം ഭാരതീയ ന്യായ സംഹിതയിൽ വകുപ്പ് 152 ഉൾപ്പെടുത്തിയിരിക്കുന്നത് രാജ്യദ്രോഹ കുറ്റത്തിന്റെ കൂടുതൽ കഠിനമായ മറ്റൊരു മുഖമാണ്. ഇതുതന്നെയാണ് ഭാരതീയ നാഗരിക് സുരക്ഷ സംഹിതയുടെ വകുപ്പ് 127 ൽ ക്രിമിനൽ നടപടിക്രമത്തിലെ വകുപ്പ് 108 ന് പകരമായി ഉൾപ്പെടുത്തിയിരിക്കുന്നതും.
രാജ്യത്തിന്റെ പരമാധികാരത്തിനും ഐക്യത്തിനും അഖണ്ഡതയ്-ക്കും എതിരെ എന്ന് മുദ്രകുത്തി വാക്കാലോ എഴുതപ്പെട്ടതോ ആയ അഭിപ്രായപ്രകടനങ്ങളെയോ ലേഖനങ്ങൾ, പ്രസംഗങ്ങൾ, കലാ സാഹിത്യ സൃഷ്ടികൾ എന്നിവയോ ഒക്കെ ഭരണാധികാരികൾക്ക് രാജ്യദ്രോഹമാക്കി മാറ്റിത്തീർക്കാൻ കഴിയും. ഭാരതീയ ന്യായസംഹിതയിൽ വകുപ്പ് 152 ഉം ഭാരതീയ നാഗരിക് സുരക്ഷ സംഹിതയിലെ വകുപ്പ് 127 ഉം പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ ഭരണഘടനാ വിരുദ്ധവും മൗലികാവകാശവിരുദ്ധവുമായ വകുപ്പുകളാണ് 349,107 എന്നിവ. യാതൊരു ക്രിമിനൽ കേസിലും പ്രതിയല്ലെങ്കിലും ഒരു വ്യക്തിയുടെ വിരലടയാളമോ ശബ്ദ സാമ്പിളോ കൈയക്ഷരമോ നൽകാൻ ആ വ്യക്തിയോട് ഉത്തരവിടാൻ മജിസ്ട്രേട്ടിന് അധികാരം നൽകുന്നതാണ് വകുപ്പ് 349. ഇത് സ്വകാര്യതാ നിയമത്തിന്റെ പൂർണ്ണമായ ലംഘനമാണ്. ക്രിമിനൽ നടപടിക്രമത്തിലെ സമാന വകുപ്പായ 311 A പ്രകാരം ഒരാൾ ഒരു ക്രിമിനൽ കേസിൽ അറസ്റ്റുചെയ്യപ്പെട്ടാലല്ലാതെ മേൽകാര്യങ്ങൾക്ക് ഉത്തരവിടാൻ മജിസ്ട്രേട്ടിന് അധികാരമില്ല. വകുപ്പ് 107 പ്രകാരം ഒരു കേസിന്റെ അന്വേഷണമദ്ധ്യേ തന്നെ ഏതെങ്കിലും വ്യക്തിയുടെ ഭൂമികൾ അറ്റാച്ചുചെയ്യാൻ ഉത്തരവിടാനായി പൊലീസിന് മജിസ്ട്രേട്ട് കോടതിയെ സമീപിക്കാവുന്നതാണ്. കേസിന്റെ വിചാരണ ആരംഭിക്കുന്നതിനു മുൻപ് വെറും സംശയത്തിന്റെ പേരിൽ ഇത്തരം ഉത്തരവിനായി പൊലീസ് ആവശ്യപ്പെടുന്നതും ഭൂമി കണ്ടുകെട്ടുന്നതും ഏകപക്ഷീയവും സാമൂഹിക നീതിയുടെ നിഷേധവും നിയമവിരുദ്ധവുമാണ്.
ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരുടെ ശിക്ഷാ കാലയളവ് ഇളവു ചെയ്തു കൊടുക്കാൻ സംസ്ഥാന ഗവൺമെന്റുകൾക്കുള്ള അധികാരങ്ങളെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ വകുപ്പ് 475 പ്രകാരം പരിമിതപ്പെടുത്തിയിരിക്കുകയാണ്. കേന്ദ്ര സർക്കാരുമായി കൂടിയാലോചിച്ച് ചെയ്യാവുന്ന ശിക്ഷായിളവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം കേന്ദ്ര ഗവൺമെന്റിന്റെ സമ്മതത്തോടെ മാത്രമേ നടപ്പിലാക്കാവു എന്നാക്കി മാറ്റിയത് ഫെഡറലിസത്തിന് എതിരാണ്.
ഒരു ആൾക്കൂട്ടത്തെ പിരിച്ചുവിടാനായി ആയുധം പ്രയോഗിക്കാൻ സേനയ്ക്ക് അധികാരം നൽകുന്ന ക്രിമിനൽ നടപടിക്രമത്തിലെ വകുപ്പ് 130 (1) ൽ വന്ന മാറ്റവും ഗൗരവതരമാണ്. ഉയർന്ന പദവിയുള്ള എക്സിക്യൂട്ടിവ് മജിസ്ട്രേട്ടിനു മാത്രം ഉള്ള അധികാരം എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് നിർദ്ദേശിക്കുന്നയാൾ എന്നാക്കി മാറ്റിയത് ജനാധിപത്യ പ്രതിഷേധങ്ങളെ തകർക്കാൻ സായുധസേനയെ ഉപയോഗിക്കാനായി അമിതാധികാരം നൽകുന്നതാണ്. അതുകൊണ്ടുതന്നെ അത് തികച്ചും ജനാധിപത്യവിരുദ്ധമായ ഒരു ഭേദഗതിയാണ്. ഭാരതീയ നാഗരിക് സുരക്ഷ സംഹിതയിലെ വകുപ്പ് 149 (1) വൻതോതിൽ ദുരുപയോഗപ്പെട്ടേക്കാം.
ഭാരതീയ സാക്ഷ്യ അധിനിയം 2023 ഇന്ത്യൻ തെളിവു നിയമത്തിൽ വന്ന പ്രധാന മാറ്റം വിവര സാങ്കേതികവിദ്യയുടെ നേട്ടങ്ങളെ തെളിവു ശേഖരണത്തിലും വിചാരണ ഘട്ടത്തിലും പ്രയോജനപ്പെടുത്തുന്നതിനു വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായി ചില ചെറിയ വകുപ്പുകൾ കൂട്ടിച്ചേർത്തു എന്നതാണ്. ഇലക്ട്രോണിക് തെളിവിന്റെ വിവിധ അനുമാനങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യൻ തെളിവു നിയമത്തിലെ വിവിധ വകുപ്പുകളിൽ ചില ഭേദഗതികളോടെ ഭാരതീയ സാക്ഷ്യ അധിനിയത്തിൽ വകുപ്പുകൾ 81, 85, 86, 90 എന്നിവ ഉൾപ്പെടുത്തി. എന്നാൽ അടുത്ത കാലത്ത് അജ്ഞാത സോഫ്റ്റ് വെയർ ഉപയോഗിച്ച് കമ്പ്യൂട്ടറിലും ലാപ്ടോപ്പിലും മൊബെലിലും നടത്തുന്ന ചാരപ്രവർത്തനങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇലക്ട്രോണിക് ഡിവൈസുകളിൽ കൃത്രിമം കാണിക്കുക, അന്വേഷണ ഏജൻസികൾ തന്നെ പ്രതികൾക്കെതിരെ കൃത്രിമ തെളിവുകൾ ഉണ്ടാക്കി കോടതിയിൽ ഹാജരാക്കുക എന്നിങ്ങനെയുള്ള സാഹചര്യങ്ങളെ ഫലപ്രദമായി ചെറുക്കാൻ ശക്തമായ മാർഗ്ഗ നിർദ്ദേശങ്ങൾ കൊണ്ടുവരാൻ ഭാരതീയ സാക്ഷ്യ അധിനിയത്തിനും സാധിച്ചിട്ടില്ല. രാജ്യത്ത് സ്വകാര്യതയെ സംരക്ഷിക്കുന്ന ശക്തമായ നിയമമില്ല. ഭാരതീയ നാഗരിക് സുരക്ഷ സംഹിതയിലും കേസുകളുടെ അന്വേഷണഘട്ടത്തിലും വിചാരണ ഘട്ടത്തിലും ഇലക്ടോണിക് മാധ്യമങ്ങളിലൂടെ പൗരരുടെ സ്വകാര്യത ലംഘിക്കുന്നതിനെ നേരിടാനുതകുന്ന വകുപ്പുകൾ ഉൾപ്പെട്ടിട്ടില്ല. സ്വകാര്യതയുമായി ബന്ധപ്പെട്ട സമീപകാല സുപ്രീം കോടതി വിധികളെ അർത്ഥപൂർണമാക്കുന്ന രൂപത്തിൽ ഉള്ള ദേദഗതികൾ ഭാരതീയ സാക്ഷ്യ അധിനിയത്തിലും ഇല്ല. തെളിവു നിയമത്തിന്റെ വകുപ്പ് 3-ൽ കോടതിയിൽ ഹാജരാക്കിയ തെളിവുകളുടെ വിലയിരുത്തലുമായി ബന്ധപ്പെട്ട് തെളിയിക്കപ്പെട്ടു, (Proved) തെളിയിക്കപ്പെട്ടില്ല (Not proved), നിരാകരിച്ചു ( Disproved) എന്നി മൂന്ന് വ്യാഖ്യാനങ്ങളാണ് ഉള്ളത്. എന്നാൽ നിരാകരിച്ചു (Disproved) എന്നത് ഭാരതീയ സാക്ഷ്യ അധിനിയത്തിൽ നിന്നും ഒഴിവാക്കി. തെളിവുനിയമത്തിൽ ശക്തമായ പ്രാധാന്യവും അർത്ഥവും ഉള്ള ഭാഗം ഒഴിവാക്കപ്പെട്ടത് ഒരു കേസിൽ നിതീപൂർവമായ തീരുമാനമെടുക്കാൻ ബുദ്ധിമുട്ടുണ്ടാക്കും. തെളിവുനിയമത്തിന്റെ പേരിൽ മാറ്റം വരുത്തി എന്നല്ലാതെ എടുത്തു പറയത്തക്ക മാറ്റങ്ങൾ ഭാരതീയ സാക്ഷ്യ അധിനിയത്തിൽ ഇല്ല. |
അറസ്റ്റുചെയ്യപ്പെടുന്ന വ്യക്തിയെ 24 മണിക്കൂറിനകം മജിസ്ട്രേട്ടിന് മുന്നിൽ പൊലീസ് ഹാജരാക്കണമെന്ന വ്യവസ്ഥയിൽ 24 മണിക്കൂർ എന്നത് ഒഴിവാക്കിയത് വളരെ ഗുരുതരമായ പൗരാവകാശ ലംഘനമാണ്. എന്നു മാത്രമല്ല ഭരണഘടനാവിരുദ്ധവുമാണ്. പൊലീസ് ആവശ്യപ്പെടുന്ന പക്ഷം ഏതൊരു സാക്ഷിയും ഏതു സമയത്തും പൊലീസ് സ്‌റ്റേഷനിൽ ഹാജരാകണം എന്ന വകുപ്പ് 179 (1) ഉം ഭരണഘടനയിലെ അനുച്ഛേദം 22 ന് വിരുദ്ധമാണ്.
ഒരു സർക്കാർ ഉദ്യോഗസ്ഥനോ അന്വേഷണ ഉദ്യോഗസ്ഥനോ ഒരു കേസിന്റെ വിചാരണ ഘട്ടത്തിൽ ഹാജരായി തെളിവുകൾ നൽകാൻ കഴിയാതെ വന്നാൽ അത്തരം ഉദ്യോഗസ്ഥരുടെ പിൻതുടർച്ചയിൽ വരുന്ന ഉദ്യോഗസ്ഥർക്ക് തെളിവു നൽകാൻ അനുവദിക്കുന്ന വകുപ്പ് 336 നീതിയുക്തമായ വിചാരണ എന്ന പ്രതികളുടെ മൗലികാവകാശങ്ങൾക്ക് എതിരാണ്. മാത്രമല്ല കേസന്വേഷണം നടത്തിയ അന്വേഷണ ഉദ്യോഗസ്ഥനെ എതിർ വിസ്താരം നടത്തുക എന്നത് പ്രതികളുടെ അവകാശമാണ്. വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി യഥാർത്ഥ അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ വരാതിരിക്കുകയും കേസുമായി യാതൊരു ബന്ധവുമില്ലാത്ത ഉദ്യോഗസ്ഥർ പ്രതികൾക്കെതിരെ മൊഴി നൽകുന്നത് സത്യം കണ്ടെത്താനുള്ള കോടതികളുടെ പരിശ്രമങ്ങളെ തടയുകയും ചെയ്യും. കേസ് വിചാരണ നടപടിക്രമങ്ങൾക്ക് കാലതാമസം വരും എന്നു കരുതി ക്രിമിനൽ കേസിലെ പ്രതികളുടെ അവകാശങ്ങൾ നിക്ഷേധിക്കുന്നത് മൗലികാവകാശ ലംഘനവും ഭാരതീയ സാക്ഷ്യ നിയമത്തിന് വിരുദ്ധവുമാണ്.
മുൻകൂർ ജാമ്യവുമായി ബന്ധപ്പെട്ട ഭാരതീയ നാഗരിക് സുരക്ഷ സംഹിതയിലെ വകുപ്പ് 482 ൽ ജാമ്യാപേക്ഷകൾ വാദത്തിനുവരുമ്പോൾ ജഡ്ജിമാർ പരിഗണിക്കേണ്ട മാർഗരേഖകൾ ഒഴിവാക്കിയത് ഗൗരവതരമാണ്. കുറ്റാരോപണത്തിന്റെ തീവ്രത, കുറ്റാരോപിതൻ നേരത്തെ ക്രിമിനൽ കേസുകളിൽ പ്രതിയാണോ എന്നത്, പ്രതി നിയമത്തിൽ നിന്നും ഒളിച്ചോടാനുള്ള സാധ്യത ഉൾപ്പെടെ മുൻകൂർ ജാമ്യാപേക്ഷ സമയത്ത് പരിഗണിക്കേണ്ട മാർഗരേഖകൾ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 438 ൽ വ്യക്തമാക്കിയിരുന്നു. അതാണ് ഭാരതീയ നാഗരിക് സുരക്ഷ സംഹിതയിൽ ഒഴിവാക്കിയത്.
വിചാരണതടവുകാരുമായി ബന്ധപ്പെട്ട് ഭാരതീയ നാഗരിക് സുരക്ഷ സംഹിതയിൽ വന്ന ഭേദഗതി, നിയമവിരുദ്ധവും വിചാരണത്തടവുകാരെ സംബന്ധിച്ച് പൂർണമായും നീതി നിഷേധവുമാണ്. വകുപ്പ് 479 പ്രകാരം വിചാരണ തടവുകാർ അവർക്കെതിരെ ആരോപിക്കപ്പെട്ട കുറ്റത്തിന്റെ ആകെ ശിക്ഷയുടെ പകുതിയിലധികം അനുഭവിച്ചാൽ അവർക്ക് വിചാരണ കോടതിക്ക് ജാമ്യം നൽകാം എന്ന് വ്യവസ്ഥ ചെയ്യുന്നു. എന്നാൽ പ്രതിക്കെതിരെ ഒന്നിലധികം കേസുകൾ ഉണ്ടായിരിക്കുകയോ ഒന്നിലധികം കേസുകളിൽ ഒന്നിച്ച് വിചാരണ നേരിടുകയോ ചെയ്താൽ ശിക്ഷാ കാലാവധിയുടെ പകുതിയിലധികം അനുഭവിച്ചു കഴിഞ്ഞാലും ജാമ്യത്തിനർഹനല്ല എന്ന നാഗരിക് സുരക്ഷ നിയമത്തിലെ 479 (2) വകുപ്പ് സാമാന്യ നീതിയുടെ നിഷേധവും ജാമ്യ തത്വങ്ങൾക്ക് പൂർണ്ണമായും എതിരും ഭരണഘടനാവിരുദ്ധവുമാണ്. ഇത് രാഷ്ട്രീയ എതിരാളികൾക്കെതിരെയും വ്യത്യസ്ത കാഴ്ചപ്പാടുകൾ മുന്നോട്ടുവെക്കുന്നവർക്കെതിരെയും മറ്റും വൻതോതിൽ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതാണ്.
ഡയറക്ടർ ഓഫ് പ്രോസിക്യൂഷന്റെ നിയമനവുമായി ബന്ധപ്പെട്ടും വലിയ മാറ്റമാണ് ഭാരതീയ നാഗരിക് സുരക്ഷ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പതിനഞ്ച് വർഷത്തിലധികം പ്രാക്ടീസുള്ള അഭിഭാഷകരും സെഷൻസ് ജഡ്ജിമാരും ഡയറക്ടർ ഓഫ് പ്രോസിക്യൂഷനായി നിയമിക്കപ്പെടാം എന്ന നിർദ്ദേശം ക്രിമിനൽ നടപടിക്രമത്തിലെ വകുപ്പ് 25 A യിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അനുമതിയോടുകൂടി മാത്രമേ ഡയറക്ടർ ഓഫ് പ്രോസിക്യൂഷനെ നിയമിക്കാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ ഭാരതീയ നാഗരിക് സുരക്ഷ നിയമത്തിന്റെ വകുപ്പ് 20 അനുസരിച്ച് ഡയറക്ടർ ഓഫ് പ്രോസിക്യൂഷന്റെ നിയമനത്തിന് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ സമ്മതം ആവശ്യമില്ല, കൂടിയാലോചന മാത്രം മതിയാകും.
രാജ്യത്തെ ക്രിമിനൽ കോടതികളുടെ പ്രവർത്തനങ്ങളെയാകെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്തിരുന്ന ക്രിമിനൽ നടപടിക്രമങ്ങളിൽ ചില ഏകപക്ഷീയമായ മാറ്റങ്ങൾ മാത്രം വരുത്തി പാർലമെന്റ് പാസാക്കിയ ഭാരതീയ നാഗരിക് സുരക്ഷ നിയമം രാജ്യത്തിന്റെ നീതിന്യായ പ്രക്രിയക്ക് ഗുണപരമായ മാറ്റങ്ങൾ ഒന്നും നിർദ്ദേശിക്കുന്നില്ല. ഇരകൾക്ക് വേഗത്തിൽ നീതി ലഭിക്കാനും പ്രതികൾക്ക് നീതിയുക്തമായ വിചാരണ ഉറപ്പുവരുത്താനും സാങ്കേതികവിദ്യകളുടെ നേട്ടങ്ങളെ പ്രയോജനപ്പെടുത്തി കോടതി നടപടികളെ ആധുനികവത്കരിക്കാനും നാം ഇനിയും കാത്തിരിക്കണം. ♦