സൈപ്രസിലെ ബ്രിട്ടീഷ് താവളങ്ങളുടെ കേന്ദ്രമായ അക്രോത്തിരി നഗരത്തിൽ സാമ്രാജ്യത്വവിരുദ്ധ സംഘടനകൾ ചേർന്ന് ജനുവരി 14ന് നടത്തിയ പ്രക്ഷോഭം വന്പിച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മെഡിറ്ററേനിയൻ പ്രദേശത്ത് വർധിച്ചുവരുന്ന സമ്രാജ്യത്വ യുദ്ധങ്ങളിലും സംഘർഷങ്ങളിലും സൈപ്രസിലെ ഈ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗപ്പെടുത്തുന്നതിനെതിരെയായിരുന്നു പ്രതിഷേധ പ്രക്ഷോഭം. പാൻസൈപ്രിയൻ സമാധാന കൗൺസിൽ ആഹ്വാനം ചെയ്‌ത പ്രക്ഷോഭത്തിൽ പ്രോഗ്രസീവ് പാർട്ടി ഓഫ് വർക്കിംഗ് പീപ്പിൾ, യുണൈറ്റഡ് ഡെമോക്രാറ്റിക് യൂത്ത് ഓർഗനൈസേഷൻ, കമ്യൂണിസ്റ്റ് ഇനിഷ്യേറ്റീവ് ഓഫ് പ്രൈസ് തുടങ്ങിയ രാഷ്‌ട്രീയ പാർട്ടികളും ഒട്ടേറെ യുദ്ധവിരുദ്ധ സംഘടനകളും പങ്കെടുത്തു. പ്രൈസിന്റെ മണ്ണിൽനിന്നും വിദേശ സൈനികത്താവളങ്ങൾ നീക്കംചെയ്യണമെന്ന് പ്രക്ഷോഭം ആവശ്യപ്പെട്ടു. അമേരിക്കയുടെ പിന്തുണയോടെ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കിരയാക്കപ്പെടുന്ന പലസ്‌തീൻ ജനതയോട് പ്രക്ഷോഭം ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്‌തു.
മെഡിറ്ററേനിയൻ ദ്വീപരാഷ്‌ട്രമായ സൈപ്രസ് 1960ലാണ് ബ്രിട്ടണിൽനിന്നും സ്വാതന്ത്ര്യം നേടിയത്. ആ രാജ്യത്തെയാകെ കൊളോണിയൽ നുകത്തിനു കീഴിൽ നിർത്തിയ ബ്രിട്ടൻ സൈപ്രസിലെ പ്രധാന നഗരങ്ങളായ അക്രോത്തിരിയിലും ധേക്കേലിയയിലുമുള്ള തങ്ങളുടെ സൈനികത്താവളങ്ങൾ അടച്ചുപൂട്ടാൻ തയ്യാറായില്ല. ഭീതിനിറഞ്ഞ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് ബ്രിട്ടന്റെ സൈനികത്താവളങ്ങളും ആയുധങ്ങളും യുദ്ധവിമാനങ്ങളും ഇന്നും സൈപ്രസിൽ നിലനിൽക്കുന്നു. പ്രക്ഷോഭത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് സമാധാന കൗൺസിൽ നേതാവ് ടസോസ് കോസ്‌തി പറഞ്ഞതുപോലെ, ‘‘പ്രശ്‌നങ്ങൾക്കു പരിഹാരമുണ്ടാവാതിരിക്കുന്നതിനും സുസ്ഥിരതയും സുരക്ഷയും സാധ്യമല്ലാതാക്കുന്നതിനും അതേസമയം നിരന്തരമായ സൈനികവൽക്കരണത്തിനും അസ്വസ്ഥത പടർത്തുന്നതിനും എങ്ങനെയാണ് സൈനികത്താവളങ്ങൾ കാരണമാകുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് സൈപ്രസ്.
ജനുവരി 12ന്, സൈപ്രസ് ദ്വീപിലെ അക്രോത്തിരിയിൽനിന്ന് ഉയർന്ന ബ്രിട്ടീഷ് യുദ്ധവിമാനങ്ങൾ അമേരിക്കൻ യുദ്ധവിമാനങ്ങളുമായി ചേർന്ന് യമനിലെ ഹൗത്തി മേഖലയെ ലക്ഷ്യം വെച്ചുകൊണ്ട് നിരവധി വ്യോമാക്രമണങ്ങൾ നടത്തുകയുണ്ടായി. ഇസ്രായേലിനെതിരായ ചെങ്കടൽ ഉപരോധത്തിന് നേതൃത്വം കൊടുക്കുന്ന രാജ്യമാണ് യമൻ. ഗാസയിൽ ഇസ്രായേൽ നടത്തുന്ന വെടിവെപ്പ് നിർത്തലാക്കാൻ ആ രാജ്യം തയ്യാറാകുന്നതുവരെ ചെങ്കടലിലൂടെ ഇസ്രായേലിലേക്ക് പോകുന്ന കപ്പലുകളെയൊന്നും കടത്തിവിടില്ലെന്ന് യമനിലെ നിർണായക രാഷ്‌ട്രീയ ശക്തിയായ അൻസർ അള്ളാഹ് പ്രഖ്യാപിക്കുകയുണ്ടായി. ചെങ്കടലിൽ ഇസ്രായേലിന് അൽസർ അള്ളാഹ് ഏർപ്പെടുത്തിയ ഉപരോധം ശക്തമാകുകയും അത് ഇസ്രായേലിന്റെ വ്യാപാരരംഗത്തെ ബാധിക്കുകയും ചെയ്‌തതോടെ ചെങ്കടൽ വ്യാപാരമാർഗം ‘‘സംരക്ഷിക്കുന്നതിന്’’ എന്ന പേരിൽ അമേരിക്ക ‘‘ഓപ്പറേഷൻ പ്രോസ്‌പരിറ്റി ഗ്വാർഡിയൻ’’ പ്രഖ്യാപിച്ചു. അതിന്റെ ഭാഗമായിരുന്നു അമേരിക്കയും ബ്രിട്ടനും ചേർന്ന് യമനെ ലക്ഷ്യംവെച്ചുകൊണ്ട് ജനുവരി 12ന് നടത്തിയ വ്യോമാക്രമണം. ഇത്തരത്തിൽ വിഭജിത സൈപ്രസിലെ സമാധാനപ്രക്രിയയ്‌ക്കുതന്നെ തുരങ്കംവെയ്‌ക്കുകയും ഈ മേഖലയിലെ സാമ്രാജ്യത്വ സംഘർഷങ്ങളിൽ സൈപ്രസിനെ ഭാഗഭാക്കുകയും ചെയ്യുന്നു എന്നതുകൊണ്ടുതന്നെയാണ് ബ്രിട്ടണും അവരുടെ സൈനികത്താവളങ്ങളും സൈപ്രസ് വിടണമെന്ന് അവിടത്തെ പുരോഗമന‐സാമ്രാജ്യത്വവിരുദ്ധ വിഭാഗങ്ങൾ ആവശ്യപ്പെടുന്നത്. സൈപ്രസിലെ ജനങ്ങൾ ശക്തമായും യോജിച്ചും പൊരുതുകയും അന്ത്യംകുറിക്കുകയും ചെയ്യേണ്ട കൊളോണിയലിസത്തിന്റെ അവശിഷ്ടമാണ് വിദേശ സൈനികത്താവളങ്ങൾ എന്നും അവ നിരന്തരമായ അസ്വസ്ഥതയും ഭീതിയും പടർത്തുമെന്നും പുരോഗമനവിഭാഗങ്ങൾ ആവർത്തിച്ചു പറയുന്നതും ഇതുകൊണ്ടാണ്. ♦