Wednesday, May 8, 2024

ad

Homeഇക്കണോമിക് നോട്ടുബുക്ക്നോർഡിക് രാജ്യങ്ങളിലെ സാമൂഹികക്ഷേമ സംവിധാനങ്ങൾ: ചരിത്രവും വർത്തമാനവും

നോർഡിക് രാജ്യങ്ങളിലെ സാമൂഹികക്ഷേമ സംവിധാനങ്ങൾ: ചരിത്രവും വർത്തമാനവും

കെ എസ്‌ രഞ്‌ജിത്ത്‌

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌ ‐ 24

സാമൂഹികക്ഷേമപദ്ധതികൾ വ്യാപകമായി വെട്ടികുറയ്ക്കപ്പെടുന്ന വർത്തമാനകാല ലോകത്ത്, ഉയർന്ന സാമൂഹികക്ഷേമ സംവിധാനങ്ങൾക്ക് തുടക്കംകുറിച്ച ഫിൻലൻഡ്, ഐസ്‌ലാൻഡ്, ഡെൻമാർക്ക്, സ്വീഡൻ, നോർവേ തുടങ്ങിയ നോർഡിക് രാജ്യങ്ങൾ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ് എന്നത് ലോകം കൗതുകപൂർവ്വം നിരീക്ഷിക്കുന്ന ഒരു വസ്തുതയാണ്. സോഷ്യൽ ഡെമോക്രസിക്ക് ശക്തമായ വേരുകളുള്ള രാജ്യങ്ങളാണ് നോർഡിക് രാജ്യങ്ങൾ. അതുകൊണ്ടുതന്നെ പൊതുവെ പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളിൽനിന്നും വിഭിന്നമായി, സാമൂഹിക സാമ്പത്തിക കാര്യങ്ങളിലുള്ള ഇടപെടലുകളിൽ ഗവൺമെന്റുകൾക്ക് വലിയ സ്വാധീനം ഇവിടങ്ങളിൽ ചരിത്രപരമായിത്തന്നെ ഉണ്ട്. നിയോലിബറൽ സ്വാധീനം അതിശക്തമായ എൺപതുകൾക്ക് ശേഷവും, ‘എല്ലാം കമ്പോളം നിശ്ചയിക്കട്ടെ’ എന്ന സ്ഥിതിയിലേക്ക് ഈ രാജ്യങ്ങൾ എത്തിപ്പെട്ടിട്ടില്ല. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലുള്ള സർക്കാർ നിക്ഷേപങ്ങളും പഴയപോലെ നിലനിർത്തപ്പെടുന്നുണ്ട്. തൊഴിൽ കമ്പോളത്തിലെ കാര്യങ്ങൾ നിർണയിക്കുന്നതിൽ തൊഴിലാളി യൂണിയനുകളുടെ ശക്തമായ സ്വാധീനവും ഇപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. ലിബറൽ മുതലാളിത്ത ചിന്തകരുടെ ഏറ്റവും വലിയ താല്പര്യമേഖലകളിലൊന്നായി യൂറോപ്പിലെ ഈ ചെറിയ രാജ്യങ്ങളിലെ സാമൂഹിക സാമ്പത്തിക സ്ഥിതി നിലനിൽക്കുന്നത് ഇക്കാരണങ്ങളാലാണ്. ഉയർന്ന ജീവിത ഗുണമേന്മയിൽ പേരുകേട്ട നോർഡിക് രാജ്യങ്ങളിലെ സ്ഥിതിഗതികൾ ഏകമാനസ്വഭാവമുള്ളവയാണോ? അവ നിലനിൽക്കുമോ? മറ്റ് രാജ്യങ്ങളിലേക്ക് ഈ മാതൃക പകർത്തുക സാധ്യമാണോ? ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുകയാണ് ഈ കുറിപ്പിന്റെ ഉദ്ദേശം.

നോർഡിക് രാജ്യങ്ങളിലെ സ്ഥിതിഗതികളെ സംബന്ധിച്ച് വസ്തുതാപരമായ കുറച്ചു വിവരങ്ങൾ നാം ആദ്യംതന്നെ മനസ്സിലാക്കേണ്ടതുണ്ട്. മറ്റു രാജ്യങ്ങളുമായി സ്ഥിതിവിവരക്കണക്കുകൾ വെച്ച് താരതമ്യം ചെയ്യുമ്പോൾ ഇവ എവിടെ നിൽക്കുന്നു എന്ന് പരിശോധിക്കേണ്ടതുണ്ട്. സാമൂഹിക സാമ്പത്തിക വ്യത്യാസങ്ങളില്ലാതെ എല്ലാവിധ സാമൂഹിക സേവനങ്ങളും എല്ലാ പൗരർക്കും ഉറപ്പുനൽകുന്നു എന്നതാണ് നോർഡിക് രാജ്യങ്ങളെക്കുറിച്ച് ഏറ്റവുമധികം പറഞ്ഞുകേൾക്കപ്പെടുന്ന ഒരു സുപ്രധാന വസ്തുത. ഇവിടെ പ്രാഥമികമായി ഓർക്കേണ്ട ഒരു വസ്തുത ഈ രാജ്യങ്ങളെ അതിനു പ്രാപ്തമാക്കുന്നത്, പൗരരുടെ വരുമാനത്തിന്റെ പകുതിയോളം നികുതിയിനത്തിൽ സർക്കാർ ഈടാക്കുന്നുണ്ട് എന്നതാണ്. പൊതുമേഖലയെ കാര്യക്ഷമമായി പ്രവർത്തിപ്പിക്കാനും സാമൂഹികക്ഷേമ സംവിധാനങ്ങൾ ശക്തമായി നിലനിർത്താനും സർക്കാരിന് സാമ്പത്തിക കരുത്തുനൽകുന്നത് ഇതാണ്. സമ്പദ്‌വ്യവസ്ഥയെ ശക്തമായി നിലനിർത്താനും അതേസമയം ഉയർന്ന സാമൂഹികക്ഷേമപദ്ധതികൾ നിലനിർത്തുവാനും ഒരേസമയം സാധ്യമാണോ എന്ന ചോദ്യവും പല കോണുകളിൽനിന്നും ഉയരുന്ന ഒന്നാണ്. ഈ രാജ്യങ്ങളെ സംബന്ധിച്ച പൊതുവായ ചില വിവരങ്ങൾ മനസിലാക്കിക്കൊണ്ടുമാത്രമേ ഈ ചർച്ച തുടരാനാവൂ. ഇത് സംബന്ധിച്ച്

പട്ടിക 1 നോക്കുക

Geography Denmark Finland Iceland Norway Sweden
Population 5,789,957 5,515,525 352,722 5,311,916 10,175,214
Area (Km2) 41,990 303,910 100,250 365,123 407,310
Population Density (People/Km2) 138.1 18.2 3.5 14.6 25.0
Economy
GDP Per capita (s)
55.138 47.946 57.453 65.603 52.767
GNI Per capita (s) 56.410 47.970 55.190 68.310 53.560
Inflation rate 0.8% 1.1% 2.7% 2.8% 2.0%
Employment Rate* 75.4% 72.1% 85.1% 74.8% 77.5%
Public spending as % of GDP 51.5% 53.1% 41.7% 48.7% 49.9%
Export as % of GDP 55.6% 38.6% 47.2% 38.4% 45.7%
Public debt as % of GDP 48.0% 69.2% 45.5% 58.4%
Employment in public sector as % of total employment 28.0% 24.3% 30.3% 28.8

കേരളത്തിലെ സമാനമായ വിവരങ്ങൾ ഇതിനോട് താരതമ്യം ചെയ്യുന്നത് കാര്യങ്ങൾ മനസിലാക്കാൻ കൂടുതൽ സഹായിക്കും. ഡെന്മാർക്കിൽ 57 ലക്ഷം, പോളണ്ടിൽ 55 ലക്ഷം, ഐസ്‌ലാൻഡിൽ 35 ലക്ഷം, നോർവേയിൽ 53 ലക്ഷം, സ്വീഡനിൽ ഒരു കോടി എന്നിങ്ങനെ ജനസംഖ്യ വരുന്ന നോർഡിക് രാജ്യങ്ങളിലെ ജനസംഖ്യ മൊത്തത്തിലെടുത്താലും കേരളത്തിന്റെയത്ര വരില്ല. താരതമ്യേന എത്രയോ ചെറിയ രാജ്യങ്ങളാണിവ എന്നും ഇന്ത്യയോടോ ചൈനയോടോ ഇവയെ താരതമ്യം ചെയ്യുന്നത് തീർത്തും യുക്തിരഹിതമാണ് എന്നും മനസിലാക്കാൻ ഇത് മാത്രം മതി. ജനസാന്ദ്രതയിലും ഒരുതരത്തിലുമുള്ള താരതമ്യം നോർഡിക് പ്രദേശങ്ങളും കേരളവുമായില്ല. കേരളത്തിന്റെ ജനസാന്ദ്രത 860 ആണെങ്കിൽ ഡെന്മാർക്ക് ഒഴികെയുള്ള നോർഡിക് രാജ്യങ്ങളിൽ അത് 30ൽ താഴെയാണ്. ഡെന്മാർക്കിലാകട്ടെ കേവലം 138ഉം. പ്രതിശീർഷ വരുമാനമാകട്ടെ ഏതാണ്ട് 50 ഇരട്ടിയോളവും. അതേസമയം സർക്കാരിന്റെ പൊതുചിലവ് 2023‐-24ൽ ഇന്ത്യയിൽ 14.89 ശതമാനമാണെങ്കിൽ നോർഡിക് രാജ്യങ്ങളിൽ മിക്കവയിലും 50 ശതമാനത്തിനടുത്താണ്.

അതേസമയം ദ്രുതഗതിയിൽ സാങ്കേതിക മാറ്റങ്ങൾക്കും ആഗോളവൽക്കരണ നടപടികൾക്കും വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു ലോകത്ത് നോർഡിക് രാജ്യങ്ങളുടെ സാമൂഹിക സാമ്പത്തിക ഘടനകൾ മാറ്റമില്ലാതെ നിലകൊള്ളുന്നവയാണ് എന്ന ധാരണയും ശരിയല്ല. 1970‐90 കാലയളവിൽ ഈ രാജ്യങ്ങൾ പലതും സാമ്പത്തിക പ്രതിസന്ധികളിൽ കൂടെ കടന്നുപോകുകയും അതിനെ നേരിടാനാവശ്യമായ ഘടനാപരമായ മാറ്റങ്ങൾക്ക് വിധേയമാവുകയും ചെയ്തിട്ടുണ്ട്.

എല്ലാവിധത്തിലുള്ള പരിണാമങ്ങൾക്കിടയിലും നോർഡിക് രാജ്യങ്ങളെ പൊതുവെ മാറ്റിനിർത്തുന്ന പ്രധാനഘടകങ്ങൾ വളരെ ഉയർന്ന നികുതി നിരക്കുകളും ശക്തമായ പൊതുമേഖലയുമാണ്. പല യൂറോപ്യൻ രാജ്യങ്ങളും ഗുരുതരമായ സാമ്പത്തിക കയറ്റിറക്കങ്ങൾക്ക് വിധേയമായപ്പോഴും പൊതുമേഖലയുടെ ശക്തമായ സാന്നിധ്യമാണ് നോർഡിക് രാജ്യങ്ങളെ അതിൽനിന്നും രക്ഷപെടുത്തി നിർത്തിയത്. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലും തൊഴിൽ പരിശീലനങ്ങളിലും പൂർണമായും സർക്കാർ നടത്തുന്ന നിക്ഷേപങ്ങൾ സാമൂഹികാസമത്വങ്ങളെ ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്ന സുപ്രധാന ഘടകം കൂടിയാണ്. ഒരു വ്യക്തിയുടെ വരുമാനത്തിന്റെ പകുതി, ഏതാണ്ട് 55 ശതമാനം വരെ, നികുതിയിനത്തിൽ പിടിക്കുന്ന രാജ്യങ്ങളാണിവ. നികുതി നിരക്കുകൾ സംബന്ധിച്ച വിവിധ രാജ്യങ്ങളിലെ കണക്കുകൾ താഴെ കൊടുത്തിരിക്കുന്നു.

ഇന്ത്യയിലെ ശരാശരി നികുതി നിരക്കുകൾ ഇതിന്റെ പകുതിയേ വരൂ. സർക്കാർ നടത്തുന്ന പൊതുചെലവിന്റെ കാര്യത്തിലും നോർഡിക് രാജ്യങ്ങൾ ഏറെ മുകളിലാണെന്നു താഴെക്കൊടുത്തിരിക്കുന്ന പട്ടിക വ്യക്തമാക്കുന്നു.

കമ്പോളത്തിന്റെ എല്ലാവിധ ഇടപെടലുകളും ഒഴിവാക്കിക്കൊണ്ട് മുഴുവൻ പൗരർക്കും സൗജന്യമായി, അല്ലെങ്കിൽ കുറഞ്ഞ നിരക്കിൽ സാമൂഹികക്ഷേമ സൗകര്യങ്ങൾ നോർഡിക്ക് രാജ്യങ്ങൾ ഉറപ്പുവരുത്തുന്നുണ്ട്. ഇത് സംബന്ധിച്ച വിശദമായ പട്ടിക താഴെ കൊടുത്തിട്ടുണ്ട്. ഗുണനിലവാരമുള്ള മനുഷ്യവിഭവശേഷി ഉറപ്പുവരുത്തുവാൻ ഇത് സഹായകമാകുന്നുണ്ട്. ആഭ്യന്തരോത്പാദനത്തിന്റെ 12 ശതമാനമാണ് വിദ്യാഭ്യാസത്തിൽ സർക്കാർ ചെലവ് ചെയ്യുന്നത്. ഇന്ത്യയിലിത് 2 .9 ശതമാനം മാത്രമാണെന്നോർക്കുക. തൊഴിൽ ലഭിക്കുന്നവരുടെ നിരക്കും 80 ശതമാനമാണ്. സ്ത്രീകളുടെ തൊഴിൽ നിരക്കും ഏതാണ്ട് പുരുഷന്മാരുടേതിന് തുല്യമാണ്. ഇന്ത്യയിൽ തൊഴിൽ ലഭിക്കുന്നവരുടെനിരക്ക് 46 ശതമാനം മാത്രമാണ്.

Denmark Finland Iceland Norway Sweden
Examples of Services
Child care Parental fee of  up to 25% of cost decided at municipal level Parental fee to a certain level dependent on household income Municipality decides applicable fee Parental fee of an average of 15% of cost Parental fee to a certain level dependent on household income
Education Free Free Free Free Free
Health care Free Free Partially Free: patient fee applies to primary and secondary health care Partially Free: basic flat fee applies to primary health care Partially Free: basic flat fee applies to primary health care
Example of benefits
unemployment insurance Voluntary/Mandatory Voluntary Voluntary Mandatory Mandatory Both
Coverage period 24 months 18 months 30 months 12-24 months, depending on previous income 11 months
Compensation level Up to 90% of previous salary, capped at a certain amount 48%-69%, depending on previous salary level 70% of previous salary, capped at a certain level 62.4% of previous salary, capped at a certain amount Up to 80% of previous salary, capped at a certain amount
Old-age pension
Basic pension as percentage of average pay, after tax
44% 26% 55% 41% 28%
Pension age
65 63 67 67 65

 

ഉയർന്ന ഉൽപാദനക്ഷമതയുള്ള തൊഴിൽശക്തി, വളരെ താഴ്ന്ന അസമത്വനിരക്ക് എന്നിവയാണ് മറ്റൊരു പൊതു സവിശേഷത. വിവിധ രാജ്യങ്ങളിലെ വരുമാനത്തിലെ അസമത്വനിരക്ക് സൂചിപ്പിക്കുന്ന ഗ്രാഫ് ഇത് വിശദമാക്കുന്നു.

മൊത്തം ജനതയുടെ സന്തോഷത്തിന്റെ സൂചിക (Happiness Index) ഇന്നത്തെ കാലത്ത് സമൂഹത്തിന്റെ മൊത്തത്തിലുള്ള അവസ്ഥയുടെ സൂചികയായി കരുതാറുണ്ട്. ലോകത്ത് ഏറ്റവും സന്തോഷമുള്ള ജനങ്ങൾ അധിവസിക്കുന്ന പ്രദേശമായി നോർഡിക്‌ രാജ്യങ്ങൾ കരുതപ്പെടുന്നുണ്ട്. ഇത് സംബന്ധിച്ച ചിത്രം നോക്കുക

ഇത്തരമൊരു അവസ്ഥ തുടർന്നുകൊണ്ടുപോകാൻ നോർഡിക്ക് രാജ്യങ്ങൾക്ക് കഴിയുമോ എന്നതാണ് ഏറ്റവും സുപ്രധാനമായ ചോദ്യം. പല രീതിയിലുള്ള വെല്ലുവിളികൾ ഈ രാജ്യങ്ങളിൽ ഇന്ന് ഉയർന്നുവരുന്നുണ്ട്. യൂറോപ്പിലാകെ വർദ്ധിച്ചുവരുന്ന വംശീയ വിദ്വേഷങ്ങൾ പലപ്പോഴും സംഘർഷങ്ങളിലേക്കുപോലും നയിക്കാറുണ്ട്. ലോകമുതലാളിത്തം നേരിടുന്ന അസ്ഥിരതയാണ് ഇതിന്റെ അടിസ്ഥാന കാരണങ്ങളിലൊന്ന്. സാമൂഹിക സുരക്ഷാ സൗകര്യങ്ങളെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകുന്നതിൽ പുതിയ തലമുറയ്ക്കെങ്കിലും ഭാവിയിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ ഇടയുണ്ട്. അഭയാർഥികളെയും വിദേശികളെയും മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള പല നടപടികളിലേക്കും 2016ൽ ഡെന്മാർക്ക് പ്രവേശിച്ചത് ഇതിനൊരുദാഹരണമാണ്. നിയോലിബറൽ പരിഷ്‌കാരങ്ങളിൽ പെട്ട് പൊതുമേഖലാസ്ഥാപനങ്ങൾ തകരാതെ നോക്കുക എന്നതും വലിയൊരു വെല്ലുവിളിയായി ഇന്ന് കണ്ടുവരുന്നുണ്ട്.

കേവലമായ വാഴ്ത്തുപാട്ടുകളല്ലാതെ, നോർഡിക് രാജ്യങ്ങളുടെ മൂർത്ത സാഹചര്യങ്ങൾ, ഒരു മാതൃക എന്ന നിലയിൽ പഠിക്കപ്പെടേണ്ടിയിരിക്കുന്നു. നിയോ ലിബറൽ ബുൾഡോസറുകൾക്കടിയിൽ പെട്ട് തകർന്നടിയുന്ന പൊതുമേഖലസൗകര്യങ്ങളും സാമൂഹിക ക്ഷേമ സംവിധാനങ്ങളുമുള്ള വികസ്വര രാജ്യങ്ങൾക്ക് ഇതിൽനിന്നും പലതും പഠിക്കാനുണ്ട്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × 2 =

Most Popular