ഗാസയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയ്‌ക്കെതിരായി ഇസ്രായേലിനെതിരെ വംശഹത്യാ കുറ്റത്തിന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക നൽകിയ പരാതിയിൽ അന്താരഷ്‌ട്ര നീതിന്യായ കോടതി ഇടക്കാല ഉത്തരവ് നടത്തിയിരുന്നുവല്ലോ. ഗാസയിൽ ഇസ്രായേൽ തുടരുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് ഒരുമാസത്തിനുള്ളിൽ സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്. അന്താരാഷ്‌ട്ര കോടതി. പക്ഷേ, അടിയന്തര വെടിനിർത്തലിന് ഉത്തവിട്ടില്ല. എങ്കിലും ഫലത്തിൽ, ഇസ്രായേൽ ഗാസയിൽ നടത്തുന്നത് സ്വയം പ്രതിരോധമല്ല, നിഷ്‌ഠുരമായ വംശഹത്യയാണെന്ന യാഥാർഥ്യം അന്താരാഷ്‌ട്ര കോടതി ശരിവെച്ചു. ഇസ്രായേലിനെതിരെ ദക്ഷിണാഫ്രിക്ക നൽകിയ ഈ കേസിൽ സ്ലൊവേനിയൻ സർക്കാരും കക്ഷിചേരണമെന്ന് ആവശ്യപ്പെട്ട് സ്ലൊവേനിയയിലെ ഇടതുപക്ഷമായ ലെവിക്ക മുന്നോട്ടുവന്നിരുന്നു.
ജനീയ കൺവെൻഷനിലും കൺവെൻഷൻ ഓൺ പ്രിവൻഷൻ ആന്റ് പണീഷ്‌മെന്റ് ഓഫ് ക്രൈം ഓഫ് ജെനോസിഡിലും ഒപ്പുവച്ച ഒരു രാജ്യമെന്ന നിലയ്‌ക്ക് വംശഹത്യ തടയാൻ സാധ്യമായതെല്ലാം സ്ലൊവേനിയ ചെയ്യണമെന്നും അല്ലാത്തപക്ഷം അന്താരാഷ്‌ട്ര നിലമലംഘനത്തിന് സ്ലൊവേനിയയും ഭാഗമാകുമെന്നും ലെവീക്ക പ്രസ്താവിച്ചു. പ്രധാനമന്ത്രി റോബർട്ട് ഗൊലോബിന്റെ നേതൃത്വത്തിലുള്ള സ്ലൊവേനിയയിലെ മധ്യ‐ഇടതുപക്ഷ കൂട്ടുമുന്നണി സർക്കരിൽ സോഷ്യൽ ഡെമോക്രാറ്റുകളോടൊപ്പം ലെവീക്കയും ഭാഗമാണ്. ♦